Test Ride: Honda SP125
June 27, 2020
Test Ride: Honda DIO 2020
June 27, 2020

Online Sales of cars & exciting offers!

കോവിഡ് 19 വാഹന വിപണിയിൽ പുതിയ ചലനങ്ങൾക്കും മാറ്റങ്ങൾക്കും വഴിവയ്ക്കുകയാണ്. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള വിൽപന സാധ്യമാക്കുന്നതിനായി വിവിധ കമ്പനികൾ കാറുകളുടെ ഓൺലൈൻ വിൽപന ആരംഭിച്ചപ്പോൾ മറ്റു ചില കമ്പനികൾ ഇ എം ഐ റിലാക്‌സേഷൻ അടക്കമുള്ള ഇളവുകൾ പ്രഖ്യാപിച്ചു.

എഴുത്ത്: ജെ ബിന്ദുരാജ്‌

ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണമുള്ള കേരളം വാഹനങ്ങളുടെ കാര്യത്തിൽ അത്യാധുനിക സംവിധാനങ്ങളുള്ള, ആഡംബര ഡീലർഷിപ്പുകളുടെ കൂടി നാടാണ്. ഏറ്റവും മുന്തിയ സംവിധാനങ്ങളോടു കൂടിയ ഈ ഡീലർഷിപ്പുകൾ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം അവർക്കൊരു രണ്ടാം വീടു പോലെ തന്നെയാണ്. ഉപഭോക്താവിനെ രാജാവിനെപ്പോലെ കണക്കാക്കി പരിചരിക്കുന്ന കാര്യത്തിലുമുണ്ട് ഡീലർഷിപ്പുകൾക്ക് ഈ ശ്രദ്ധ. വെൽകം ഡ്രിങ്ക്‌സ് നൽകി ഷോറൂമിലേക്ക് എതിരേറ്റാലുടനെ തന്നെ ആഡംബരസദൃശ്യമായ കസ്റ്റമർ ലോഞ്ചിലേക്ക് നയിച്ച് വാഹനത്തിന്റെ ഫീച്ചറുകൾ എല്ലാം പരിചയപ്പെടുത്തുകയും പഴയ വാഹനം എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള സൗകര്യവും പുതിയ വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവും അതിനുശേഷം ഇൻഷുറൻസും ഫിനാൻസുമടക്കമുള്ള കാര്യങ്ങളുമെല്ലാം ഉപഭോക്താവിന് പരിചയപ്പെടുത്തി നൽകുന്നു ഡീലർഷിപ്പുകളിലെ എക്‌സിക്യൂട്ടീവുകൾ. പലപ്പോഴും ഉപഭോക്താവിനെ ഒരേ ഡീലർഷിപ്പിലേക്ക് തന്നെ പിടിച്ചു നിർത്തുന്നതിൽ എക്‌സിക്യൂട്ടീവുകളുടെ സ്‌നേഹമസൃണമായ പെരുമാറ്റവും സൗഹാർദ്ദപരമായ സമീപനവും വലിയൊരു പങ്കുതന്നെ വഹിക്കുന്നുണ്ട്.

പക്ഷേ കോവിഡ് 19 എന്ന മഹാമാരി ഉപഭോക്താക്കളുടെ വാഹനം വാങ്ങൽ ശീലങ്ങളിൽ വലിയൊരളവു വരെ മാറ്റങ്ങൾ വരുത്തുമെന്ന കാര്യത്തിൽ സംശയമില്ല. കോവിഡിന് സമീപകാലത്തൊന്നും വാക്‌സിൻ നിർമ്മിക്കാൻ ഇടയില്ലെന്ന സൂചന ലോകാരോഗ്യസംഘടന നൽകിയിരിക്കുന്നതു കൊണ്ട് സാമൂഹിക അകലം പാലിച്ച് രോഗത്തെ പ്രതിരോധിക്കുകയെന്ന നിലപാട് സർക്കാരുകളും സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. ദീർഘകാലത്തെ ലോക് ഡൗണിനെത്തുടർന്ന്, ലോകത്തെമ്പാടുമുള്ള വ്യവസായങ്ങൾ തളർന്നിരിക്കുന്ന ഒരു കാലഘട്ടത്തിൽ, ലോക്ഡൗണിനുശേഷവും സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഇടപെടലുകൾ മാത്രമേ നടത്താവൂ എന്ന് ഭരണകൂടങ്ങൾ നിഷ്‌ക്കർഷിച്ചിരിക്കേ, വാഹനവിപണിയും ഇത്തരത്തിലുള്ള വിപണനശൃംഖലയൊരുക്കാനാണ് ഇപ്പോൾ താൽപര്യപ്പെട്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പല വാഹന നിർമ്മാതാക്കളും വാഹനം ഓൺലൈനിലൂടെ ബുക്ക് ചെയ്യാനുള്ള അവസരം ഇപ്പോൾ ഉപഭോക്താവിന് നൽകിയിരിക്കുന്നത്. ഡീലർഷിപ്പുകൾ സന്ദർശിക്കാതെ തന്നെ, നിമിഷനേരങ്ങൾക്കുള്ളിൽ തങ്ങൾക്കാവശ്യമായ വാഹനം ഓൺലൈ നിലൂടെ തെരഞ്ഞെടുത്ത്, തങ്ങളുടെ കൈവശമുള്ള വാഹനം എക്‌സ്‌ചേഞ്ചിലൂടെ കൈമാറിക്കൊണ്ട്, ഇൻഷുറൻസും ഫിനാൻസുമടക്കം വാഹന കമ്പനിയുടെ വെബ്‌സൈറ്റിലൂടെ തന്നെ സാധ്യമാക്കി വാഹനം പൂർണമായും സാനിറ്റൈസ് ചെയ്ത് വാഹനം വീട്ടുപടിക്കൽ ഡെലിവർ ചെയ്യുന്ന സംവിധാനമാണ് പലരും ഒരുക്കിയിട്ടുള്ളത്.

ഹ്യുണ്ടായ്, മഹീന്ദ്ര, ഫോക്‌സ് വാഗൺ, ടാറ്റ തുടങ്ങിയ പ്രമുഖ വാഹന കമ്പനികളെല്ലാം തന്നെ ഓൺലൈനിലൂടെ വാഹന വിൽപന ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. പ്രമുഖ ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര Mahindrsayouv.comഎന്ന വെബ് സൈറ്റിലൂടെ Mahindra OwnOnline എന്ന പുതിയ വിപണന സംവിധാനം ഉപഭോക്താക്കൾക്കായി ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഓൺലൈനിലൂടെ ഒരു എസ് യുവിയുടെ ഉടമയാകൂ, ഉടനടി എന്ന ആപ്തവാക്യത്തോടെയാണ് ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനം. ലോകത്ത് മുൻകാലങ്ങളിൽ തന്നെ പല രാജ്യങ്ങളിലും വാഹനങ്ങൾ ഓൺലൈനിലൂടെ ബുക്ക് ചെയ്ത് വാങ്ങാൻ അവസരമുണ്ടായിരുന്നുവെങ്കിലും ഇന്ത്യയിൽ ഇത് വ്യാപകമാകാൻ പോകുന്നത് കോവിഡ് 19 മഹാമാരിയോടെയാണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ വാഹനപ്രേമികൾ ആദ്യമൊക്കെ അൽപം ശങ്കിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം ഇതുവരേയ്ക്കും അവർ പരിചയിച്ചുപോന്ന പരമ്പരാഗത വാഹനം വാങ്ങൽ രീതികളിൽ നിന്നും തീർത്തും വിഭിന്നമാണ് ഈ ഓൺലൈൻ പർച്ചേസ് എന്നതാണ് അതിനു കാരണം. അത്യാധുനിക ഷോറൂമുകളിലെത്തി, എക്‌സിക്യൂട്ടീവുകളുമായി സംശയനിവാരണം നടത്തി, വാഹനം പൂർണമായും നോക്കിനടന്ന് കണ്ട്, ടെസ്റ്റ് ഡ്രൈവ് അടക്കമുള്ള പൂർത്തിയാക്കി വാഹനം ബുക്ക് ചെയ്തിരുന്ന രീതിയിൽ നിന്നുള്ള മാറ്റം ആദ്യമൊന്നും ഉപഭോക്താവിന് ഉൾക്കൊള്ളാനായെന്ന് വരില്ല. എന്നാൽ മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഇപ്പോൾ ക്യാമറയും വീട്ടുപകരണങ്ങളുമെല്ലാമടക്കമുള്ള സാമഗ്രികൾ ഇന്ന് ഓൺലൈനിലൂടെ വാങ്ങാൻ തുടങ്ങിയിരിക്കുന്ന ന്യൂജെൻ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അവർ വാഹനങ്ങളുടെ ഓൺലൈൻ പർച്ചേസ് താൽപര്യപ്പെടുമെന്നു തന്നെയാണ് കമ്പനികളുടെ വിലയിരുത്തൽ.

ഓരോ പുതിയ സാഹചര്യവും ഓരോ പുതിയ പുതിയ അവസരങ്ങളൊരുക്കുമെന്നതാണ് പ്രകൃതിയുടെ നിയമം. പരിണാമസിദ്ധാന്തം പോലും പുതിയ സാഹചര്യങ്ങളോട് ഇണങ്ങി ജീവിക്കുന്ന ജീവജാലങ്ങൾക്കു മാത്രമേ നിലനിൽപുണ്ടാകുകയുള്ളുവെന്നാണ് പറയുന്നത്. അതിജീവനം ഒരു പുതിയ മന്ത്രമായിരിക്കുന്ന സമയത്ത് മഹീന്ദ്രയെപ്പോലുള്ള കമ്പനികൾ ഓൺലൈൻ വിപണനത്തിലേക്ക് കടന്നത് കാലത്തിനൊത്ത മാറ്റം തന്നെയാണെന്ന് പറയാതെ വയ്യ. ”ഒരു പിസ ഡെലിവറി ലഭിക്കുന്നതിലും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു മഹീന്ദ്ര വാഹനം സ്വന്തമാക്കാൻ വഴിയൊരുക്കുന്നതാണ് പുതിയ സംവിധാനം,” മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടോമൊബൈൽ ഡിവിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വീജേ നക്ര പറയുന്നു. വീട്ടിലിരുന്നുകൊണ്ട് നാല് ലളിതമായ ഘട്ടങ്ങളിലൂടെ വാഹനം സ്വന്തമാക്കാനാകു ന്ന പ്രക്രിയ അതിവേഗം ജനകീയമാകുമെന്നാണ് അവർ കരുതുന്നത്. ഡീലർഷിപ്പുകളെ ഓഴിവാക്കിക്കൊണ്ടല്ല മറിച്ച്, ഏതു ഡീലർഷിപ്പിൽ നിന്നും വാഹനം വാങ്ങണമെന്നു കൂടി ഉപഭോക്താവിന് തെരഞ്ഞെടുപ്പിനുള്ള അവകാശം നൽകിക്കൊണ്ടും വാഹനം വിവിധ കിറ്റുകളിലൂടെ ആവശ്യാനുസരണം പേഴ്‌സണലൈസ് ചെയ്യാൻ അവസരം നൽകിക്കൊണ്ടും പഴയ കാറിന്റെ എക്‌സ്‌ചേഞ്ച് വില വിലയിൽ നിന്നും കിഴിച്ച് അവസാന വില രേഖപ്പെടുത്തി നൽകിയുമാണ് ഇത് സാധിക്കുന്നത്. വാഹന വായ്പയും ഇൻഷുറൻസും ആവശ്യമുള്ളവർക്ക് അതും ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ തന്നെ തെരഞ്ഞെടുക്കാൻ അവസരം നൽകുന്നതു കൊണ്ട് ഡെലിവറിയുടെ കാലതാമസം ഒഴിവാക്കാനും സാധിക്കുന്നു.

മഹീന്ദ്രയുടെ 270ൽ അധികം ഡീലർഷിപ്പുകളേയും 900ത്തിലധികം ടച്ച് പോയിന്റുകളേയും സമന്വയിപ്പിച്ചു കൊണ്ടാണ് ഓൺ ഓൺലൈൻ സംവിധാനം അവർ ഒരുക്കിയിട്ടുള്ളത്. തീർത്തും ആരോഗ്യകരമായ രീതിയിൽ, പരമാവധി ശുചിത്വം പാലിച്ചുകൊണ്ട് ഉപഭോക്താവിന്റെ വീടുകളിൽ വാഹനം എത്തിച്ച് ടെസ്റ്റ് ഡ്രൈവ് സാധ്യമാക്കാനും വാഹനം വീട്ടിൽ ഡെലിവർ ചെയ്യാനും പുതിയ സംരംഭത്തിലൂടെ സാധിക്കുന്നു. ഇനി നമുക്ക് മഹീന്ദ്രയുടെ മേൽപറഞ്ഞ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ഒരു വാഹനം ബുക്ക് ചെയ്യേണ്ട രീതി എന്താണെന്നു പരിശോധിക്കാം.

നിലവിൽ മഹീന്ദ്രയുടെ എസ് യു വി മോഡലുകൾക്ക് മാത്രമാണ് ഓൺലൈൻ വിൽപന പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുള്ളതെങ്കിലും വൈകാതെ മറ്റു വാഹനങ്ങൾക്കുമായും ഓൺലൈൻ പ്ലാറ്റ്‌ഫോം തങ്ങൾ ഒരുക്കെമന്നാണ് അവർ പറയുന്നത്. മഹീന്ദ്ര എക്‌സ് യു വി 300, മഹീന്ദ്ര എക്‌സ് യു വി 500, അൽട്ടൂരാസ് ജി 4 എന്നിങ്ങനെയുള്ള മൂന്ന് മോഡലുകളാണ് നിലവിൽ ലഭ്യമാക്കിയിരിക്കുന്നത്. നാല് ഘട്ടങ്ങളായാണ് ഈ മോഡലുകളുടെ ബുക്കിങ് നടത്തപ്പെടുന്നത്. ആദ്യഘട്ടത്തിൽ ഉപഭോക്താവ് ഏത് എസ് യു വിയാണോ ആഗ്രഹിക്കുന്നത്, അത് തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കപ്പെടുന്നത്. വാഹനത്തിന്റെ വേരിയന്റും നിറവുമെല്ലാം തെരഞ്ഞെടുത്തശേഷം ആവശ്യമെങ്കിൽ ഉപഭോക്താവിന് ആക്‌സസറികളും എക്സ്റ്റൻഡ് വാറന്റിയും തെരഞ്ഞെടുക്കുകയുമാകാം. അതിനുശേഷം ഏത് ഡീലറിൽ നിന്നാണോ താങ്കൾ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നത്, ആ ഡീലറെ തെരഞ്ഞെടുക്കുകയുമാകാം. താങ്കളുടെ എല്ലാ ആവശ്യങ്ങളും മുൻനിർത്തി ഓൺറോഡ് വില പ്ലാറ്റ്‌ഫോമിൽ താങ്കൾക്ക് കാണാനാകും.

രണ്ടാം ഘട്ടത്തിൽ താങ്കളുടെ പഴയ കാറിനുള്ള ഇൻസ്റ്റന്റ് എക്‌സ്‌ചേഞ്ച് വിലയും താങ്കൾക്ക് പരിശോധിക്കാൻ അവസരം ലഭിക്കുന്നു. മഹീന്ദ്ര ഫസ്റ്റ് ചോയിസ് എന്ന മഹീന്ദ്രയുടെ യൂസ്ഡ് കാർ വിഭാഗമാണ് അത് കൈകാര്യം ചെയ്യുന്നത്. താങ്കളുടെ വാഹനത്തിന്റെ നിർമ്മാതാവ്, മോഡൽ, എത്ര കിലോമീറ്റർ ഇതിനകം പിന്നിട്ടു കഴിഞ്ഞു, വാഹനത്തിന്റെ നിലവിലെ ഫോട്ടോകൾ എന്നിവ നൽകിയശേഷം പഴയ വാഹനത്തിന് എത്ര മൂല്യം ലഭിക്കുമെന്ന് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സിൽ നിന്നും താങ്കൾക്ക് ക്വാട്ട് ലഭിക്കും.

മൂന്നാം ഘട്ടത്തിൽ, വാഹനവായ്പ താങ്കൾക്ക് ലഭ്യമാക്കാനുള്ള പ്രക്രിയയാണുള്ളത്. വായ്പ ആവശ്യമാണെങ്കിൽ താങ്കളുടെ വ്യക്തിഗത വിവരങ്ങൾ നൽകിയശേഷം എത്രയാണ് താങ്കൾക്ക് ആവശ്യമായ വായ്പയെന്നും അത് ഏത് ബാങ്കിലൂടെ വേണമെന്നും താങ്കൾക്ക് തീരുമാനിക്കാം. ഓൺലൈനിലൂടെ തന്നെ വായ്പ അനുവദിച്ചുകൊണ്ടുള്ള സാങ്ഷൻ ലൈറ്റർ താങ്കൾക്ക് ലഭിക്കുകയും ചെയ്യും.ഇന്ത്യയിലെ പ്രമുഖ വാഹന ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള ഇൻഷുറൻസുകളും താങ്കൾക്ക് അപേക്ഷിക്കാം. താങ്കൾക്ക് ഇവയിൽ ഏതെങ്കിലും കാര്യങ്ങളെപ്പറ്റി സംശയങ്ങളുണ്ടെങ്കിൽ കസ്റ്റമർ എക്‌സിക്യൂട്ടീവുമായി വിവരങ്ങൾ ഫോണിൽ ചോദിച്ചറിയാനും സംശയങ്ങൾ ദൂരീകരിക്കാനും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ തന്നെ അവസരങ്ങളുമുണ്ട്.നാലാംഘട്ടത്തിൽ താങ്കളുടെ വാഹനം വാങ്ങലിനെപ്പറ്റിയുള്ള വിവരങ്ങൾ താങ്കൾക്ക് കാണാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും സാധിക്കും. ബുക്കിങ് തുക ഓൺലൈനായി കൈമാറിയാൽപ്പിന്നെ വാഹനം താങ്കൾ ബുക്ക് ചെയ്തു കഴിഞ്ഞു. താങ്കളുടെ കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ് താങ്കളുമായി പിന്നീട് ബന്ധപ്പെടുകയും ഡോക്യുമെന്റേഷൻ പ്രക്രിയകൾ പൂർത്തിയായശേഷം താങ്കളുടെ മഹീന്ദ്ര എസ് യു വി ശരിയായവിധത്തിൽ പരിശോധിക്കപ്പെടുകയും അണുവിമുക്തമാക്കുകയും ചെയ്തശേഷം താങ്കളുടെ വീട്ടുപടിക്കൽ എത്തിക്കപ്പെടുകയും ചെയ്യും.

”വാഹനവിൽപനയിൽ ഉപഭോക്താക്കൾക്കായി പല സംവിധാനങ്ങളും ആദ്യമായി ഒരുക്കിയിട്ടുള്ള കമ്പനിയാണ് മഹീന്ദ്ര. മഹീന്ദ്ര വാഹനങ്ങൾ വാങ്ങുന്നതിനായി നേരത്തെ തന്നെ പ്രീ പർച്ചേസ്, പോസ്റ്റ് പർച്ചേസ് ഓൺലൈൻ സെല്യൂഷനുകൾ നേരത്തെ തന്നെ വിപണിയിലുള്ളതിനാൽ ഓൺലൈനിലൂടെ കാർ വിൽക്കുകയെന്ന പുതിയ മേഖല കൂടി ഞങ്ങൾ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുകയാണ്. വിവിധ സമാഗ്രികൾ വാങ്ങിക്കുന്നതിന് ഇപ്പോൾ തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ജനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നതിനാൽ ഓൺലൈനിലൂടെയുള്ള വാഹനവിൽപനയും അതിവേഗം പ്രചാരത്തിലാകുമെന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസം,” വീജേ നക്ര പറയുന്നു.
കോവിഡ് പോലുള്ള മഹാമാരിയുടെ കാലഘട്ടത്തിൽ പരമാവധി സാമൂഹിക അകലം പാലിക്കുകയും സമ്പർക്കം ഒഴിവാക്കുകയും ചെയ്യുന്നതാണ് രോഗവ്യാപനം ഒഴിവാക്കാനുള്ള പ്രധാന മാർഗം. ഡീലർഷിപ്പുകളാകട്ടെ തങ്ങളുടെ വിൽപന പ്രക്രിയകൾ ഈ കാലത്തിന് അനുസൃതമായി മാറ്റുകയും പരമാവധി ശാരീരിക അകലം പാലിച്ചുകൊണ്ട് ഉപഭോക്താക്കളെ സ്വീകരിക്കുന്ന രീതിയിലേക്ക് മാറ്റിയിട്ടുമുണ്ട്. ഓൺ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ഉപഭോക്താവിന് മഹീന്ദ്രയുടെ ഡീലർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്ന ഓൺറോഡ് വിലയും ആ വിലയിൽ രജിസ്‌ട്രേഷനും റോഡ് ടാക്‌സുകളും ഇൻഷുറൻസുകളും എത്രയുണ്ടെന്നും എന്തെല്ലാം ഡിസ്‌കൗണ്ടുകളും ഓഫറുകളും ലഭിക്കുമെന്നും ഉപഭോക്താവിന് വേർതിരിച്ച് കാണുകയും ചെയ്യാനാകു മെന്നത് ഈ പ്രക്രിയയെ ഏറെ സുതാര്യമാക്കുകയും ചെയ്യുന്നു. അതേ സമയം പർച്ചേസിനുശേഷമുള്ള മഹീന്ദ്രയുടെ വിത്ത് യു ഹമേശ എന്ന ഓൺലൈനിലൂ ടെ സർവീസ് ബുക്ക് ചെയ്യാനാകുന്ന സംവിധാനം വിൽപനാനന്തര സേവനം സംബന്ധിച്ച കാര്യങ്ങൾക്കും പരിഹാരമാണ്.

മഹീന്ദ്ര മാത്രമല്ല വാഹനവിൽപനയ്ക്കായി ഓൺലൈൻ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്. ഹ്യുണ്ടായ്‌യും ടാറ്റാ മോട്ടോഴ്‌സും ഓഡിയും ഫോക്‌സ് വാഗണും ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയുള്ള വിൽപന ആരംഭിച്ചു കഴിഞ്ഞു. ഹ്യുണ്ടായ് രണ്ടു വർഷം മുമ്പേ തന്നെ ഓൺലൈനിലൂടെയുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞിരുന്നുവെങ്കിലും ഇപ്പോഴാണ് ഓൺലൈൻ വിൽപന പൂർണമായ രീതിയിൽ സജ്ജമാക്കിയിട്ടുള്ളത്. ഹ്യുണ്ടായ് യുടെ ഏതൊരു കാറും മുഴുവൻ തുകയും ഓൺലൈൻ തന്നെ അടച്ചുകൊണ്ട് ഉപഭോക്താവിന് അനായസേനെ വാങ്ങാനാകും. www.hyundai.com/in/en/click-to-buy/buy-car-online എന്നതാണ് ഹ്യുണ്ടായ് ഓൺലൈൻ വിപണിയുടെ സൈറ്റ്. വെബ് സൈറ്റിൽ കാർ തെരഞ്ഞെടുത്തു കഴിഞ്ഞാൽ പിന്നെ നിറം ഏതെന്ന് തെരഞ്ഞെടുക്കുകയും കാറിന്റെ 360 ഡിഗ്രി വ്യൂ ഉപഭോക്താവിന് കാണുകയും ചെയ്യാം. മൂന്നാമത്തെ ഘട്ടത്തിലാണ് ഏതു മട്ടിലാണ് വാഹനം വാങ്ങേണ്ടതെന്ന് ഉപഭോക്താവിന് തീരുമാനിക്കാനാകുക. ഫുൾ ഓൺലൈൻ പർച്ചേസോ ബുക്ക് ഓൺലൈനോ ഓപ്ഷനുകൾ ഉപഭോക്താവിന് സ്വീകരിക്കാം. മുഴുവൻ പേയ്‌മെന്റും ഓൺലൈനിലൂടെ നൽകുകയാണെങ്കിൽ താങ്കൾക്ക് ആക്‌സസറികളും ഡീലർഷിപ്പ് ഡെലിവറിയാണോ ഹോം ഡെലിവറിയാണോ വേണ്ടതെന്ന കാര്യവും തീരുമാനിക്കാം. നാലാം ഘട്ടത്തിൽ വാഹനത്തിന്റെ പൂർണമായ സമഗ്ര വിവരങ്ങളും വാഹനത്തിന് ഓൺവിലയുടെ എസ്റ്റിമേറ്റും ഡീൽ കോഡ് വഴി ലഭ്യമാകുന്ന ഡിസ്‌കൗണ്ടും മനസ്സിലാക്കാം. അടുത്ത ഘട്ടത്തിൽ വായ്പ സംബന്ധിച്ച കണക്കുകൂട്ടലുകൾക്കുള്ളതാണ്. വായ്പാ കാൽക്കുലേറ്ററിലൂടെ ഇതു സംബന്ധിച്ച ധാരണ ഉപഭോക്താവിന് ലഭിക്കും. ആറാം ഘട്ടത്തിൽ വാഹനത്തിനായുള്ള താങ്കളുടെ ഓർഡർ പ്രോസസ് ചെയ്തതായുള്ള അറിയിപ്പ് സൈറ്റ് നൽകും. മൈ പ്രൊഫൈൽ ക്ലിക്ക് ചെയ്യുകവഴി താങ്കളുടെ ഓർഡർ വിവരങ്ങൾക്ക് താങ്കൾക്ക് കാണാനുമാകും. വാഹനം സാനിറ്റെസ് ചെയ്ത് താങ്കളുടെ വീട്ടുപടിക്കൽ ഹ്യുണ്ടായ് എത്തിക്കുമെന്നതാണ് ഓൺലൈൻ വാങ്ങലിന്റെ മെച്ചം.

ടാറ്റ മോട്ടോഴ്‌സിന് രാജ്യത്തുള്ള 750ൽ അധികം ഔട്ട്‌ലെറ്റുകളുമായി ബന്ധിപ്പിച്ചുകൊണ്ടാണ് അവർ ക്ലിക്ക് ടു ഡ്രൈവ് എന്ന് പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുള്ളത്. https://cars.tatamotors.com/clicktodriveഎന്നാണ് അവരുടെ സൈറ്റിന്റെ വിലാസം. ടിയാഗോ, ആൾട്രോസ്, ടിഗോർ, നെക്‌സോൺ, ഹാരിയർ തുടങ്ങിയ ടാറ്റാ കാറുകളാണ് ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ വാങ്ങാനാകുന്നത്.
ആഡംബര കാർ നിർമ്മാതാക്കളായ ഓഡിയും ഇന്ത്യയിൽ ഡിജിറ്റൽ വിൽപനയും വിൽപനാനന്തര സേവനങ്ങളും വാഗ്ദാനം ചെയ്തു കഴിഞ്ഞു. ഓഡി ഇന്ത്യ വെബ്‌സൈറ്റിൽ കാറുകളുടെ 360 ഡിഗ്രിയിലുള്ള ഓഗ്മെന്റ്ഡ് വിർച്വൽ റിയാലിറ്റി ഘടകങ്ങൾ സംയോജിപ്പിച്ചിരിക്കുന്നതിനാൽ ഉപഭോക്താവിന് കാറിന്റെ ഫീച്ചറുകളും രൂപവുമെല്ലാം വീട്ടിലിരുന്നു കൊണ്ടു തന്നെ അനുഭവിച്ചറിയാനാകും. വിർച്വൽ റിയാലിറ്റിയെ കാർ വിൽപനയുടെ കാര്യത്തിൽ ആദ്യമായി ഉപയോഗിച്ചത് തങ്ങളാണെന്നാണ് ഓഡി ഇന്ത്യ അവകാശപ്പെടുന്നത്. ഓഡി കാറുകൾ ആവശ്യാനുസരണം കോൺഫിഗർ ചെയ്യാനും ഫിനാൻസ് ഓപ്ഷനുകൾ മനസ്സിലാക്കി തെരഞ്ഞെടുക്കാനും ഓർഡർ വയ്ക്കാനുമെല്ലാം ഈ സൈറ്റിൽ അവസരമുണ്ട്.

”ഇന്ത്യയിൽ ഓഡി ഡിജിറ്റൽ കസ്റ്റമർ കേന്ദ്രീകൃത സംരംഭങ്ങൾക്ക് വലിയ പ്രാമുഖ്യമാണ് നൽകി വരുന്നത്. കോവിഡ് 19ന്റെ വരവോടെ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ഉപഭോക്താവുമായി ഇടപഴകുന്നതിൽ പുതിയ മാനങ്ങൾ സൃഷ്ടിക്കാനാണ് ഓഡിയുടെ നീക്കം. നേരത്തെ തന്നെ പൂർണസജ്ജമായിരുന്ന ഞങ്ങളുടെ ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഓഡി വാഹനങ്ങൾ വാങ്ങാനും സർവീസിന് അവ നൽകാനും ഉപഭോക്താവിനു കഴിയും,” ഓഡി ഇന്ത്യയുടെ മേധാവി ബൽബീർസിംഗ് ധില്ലൺ പറയുന്നു.

ഫോക്‌സ് വാഗൺ ഇന്ത്യയും തങ്ങളുടെ പോളോ, വെന്റോ, ടി റോക്, ടിഗ്വാൻ ആൾസ്‌പേസ്, പോളോ ടി എസ് ഐ എഡിഷൻ, വെന്റോ ടി എസ് ഐ എഡിഷൻ എന്നിവ ബുക്ക് ചെയ്യാൻ https://www.volkswagen.co.in/app/site/onlinebooking/തങ്ങളുടെ സൈറ്റിൽ അവസരമൊരുക്കിയിട്ടുണ്ട്.
കോവിഡ് വെല്ലുവിളി നേരിടുന്ന അവസ്ഥയിൽ പുതിയ പല സ്‌കീമുകളുമായും വാഹന കമ്പനികൾ രംഗത്തു വന്നിട്ടുണ്ട്. ഫോക്‌സ് വാഗൺ ആണ് ഇക്കാര്യത്തിൽ മറ്റു പല കമ്പനികളേയും അമ്പരപ്പിച്ചുകൊണ്ടുള്ള ഒരു സ്‌കീമിന് തുടക്കമിട്ടിരിക്കുന്നത്. പോളോ, വെന്റോ പോലുള്ള കാറുകൾക്ക് നൽകപ്പെടുന്ന സ്ഥിരം വിലക്കിഴിവുകൾക്കു പുറമേ, 12 മാസത്തെ ഇ എം ഐ അവധിയാണ് ഉപഭോക്താക്കൾക്കായി അവർ വാഗ്ദാനം ചെയ്തിരിക്കുന്നത്. അതായത് കാർ വാങ്ങിയശേഷം ഒരു വർഷത്തിനുശേഷം മാത്രമേ ഉപഭോക്താവിന് ഇ എം ഐ അടച്ചു തുടങ്ങേണ്ടതായിട്ടുള്ളു. ഗ്രൂപ്പ് കമ്പനിയായ സ്‌കോഡ ഓട്ടോയും സൂപ്പർബും കോഡിയാഡിയാക്കുമടക്കമുള്ള എല്ലാ മോഡലുകൾക്കും ഈ സ്‌കീമുകൾ തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലോക്ഡൗണിനെ തുടർന്ന് ഹ്യുണ്ടായ് ഇ എം ഐ അഷ്വറൻസ് എന്ന സ്‌കീമും ആരംഭിച്ചിട്ടുണ്ട്. ലോക്ക്ഡൗണിനുശേഷം വാങ്ങുന്ന ഹ്യുണ്ടായ് കാറുകൾക്ക് മൂന്നു മാസം ഇ എം ഐ അടയ്ക്കുകയാണെങ്കിൽ അതിനുശേഷം ഉടമയ്ക്ക് തൊഴിൽ നഷ്ടപ്പെട്ടാൽ പിന്നീടുള്ള മൂന്നു മാസക്കാലം ഹ്യുണ്ടായ് ഇ എം ഐ അടയ്ക്കുമെന്ന് വാഗ്ദാനം നൽകിയിട്ടുള്ളതാണ് അത്. സ്വകാര്യ കമ്പനി ജീവനക്കാർക്കായി മാത്രം നിജപ്പെടുത്തിയിട്ടുള്ള ഒരു പദ്ധതിയാണിത്. ഉപഭോക്താവിനാ യി ഒരു ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചുകൊണ്ട് ഹ്യുണ്ടായ് സ്വന്തം കീശയിൽ നിന്നും പണം മുടക്കിയാണ് ഇതിനാവശ്യമായ ഇൻഷുറൻസ് എടുത്തിട്ടുള്ളത്. ഇതിനു പുറമേ, കുറഞ്ഞ ഇ എം ഐയും കുറഞ്ഞ ഡൗൺ പേയ്‌മെന്റുമുള്ള സ്‌കീമുകളും ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്നുണ്ട്. വാഹനം വാങ്ങി ആദ്യത്തെ മൂന്നു മാസക്കാലം കുറഞ്ഞ ഇ എം ഐ നൽകുകയും പിന്നീട് റീപേയ്‌മെന്റിന് മൂന്ന്, നാല്, അഞ്ച് വർഷങ്ങൾ വരെ നൽകുകയും ചെയ്യാം. ആക്‌സിസ് ബാങ്കുമായി സഹകരിച്ചുകൊണ്ട് എട്ടു കൊല്ലം വരെ വായ്പാ തിരിച്ചടവ് സാധ്യമാക്കുന്ന ഒരു സ്‌കീമും ഹ്യുണ്ടായ് ഇതാദ്യമായി വാഗ്ദാനം ചെയ്തിരിക്കുന്നു. എക്‌സ്‌ചേഞ്ച് ബോണസുകൾക്കു പുറമേ, 10,000 രൂപ മുതൽ 40,000 വരെ കാഷ് ഡിസ്‌കൗണ്ടുകളും ഹ്യുണ്ടായ് നൽകുന്നുണ്ട്.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ അക്ഷീണം പ്രവർത്തിച്ചുവരുന്ന ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കുള്ള ആദരസൂചകമായി ഹ്യുണ്ടായ് നിരവധി ആനുകൂല്യ ങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മഹീന്ദ്രയും കോവിഡ് പോരാളികൾക്ക് വാഹനം വാങ്ങുവാൻ പ്രത്യേക വായ്പാ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് വാഹനം വാങ്ങുമ്പോൾ 66,500 രൂപയുടെ വരെ ആനുകൂല്യം ലഭിക്കുന്ന വിധത്തിലുള്ള പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. വായ്പയെടുത്തു ഇപ്പോൾ വാഹനം വാങ്ങുന്നവർ 2021 മുതൽ തിരിച്ചടവു തുടങ്ങിയാൽ മതി. എട്ടുവർഷ കാലാവധിയാ ണ് വായ്പയ്ക്കുള്ളത്. 100 ശതമാനം വായ്പയും കിട്ടും. തിരിച്ചടവിന് 90 ദിവസത്തെ മോറട്ടോറിയമുണ്ട്. ഡോക്ടർമാർക്ക് പ്രോസസിംഗ് ഫീസിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

ആഡംബര കാർ നിർമ്മാതാക്കളായ മെർസിഡസ് ബെൻസും ബി എം ഡബ്ല്യുവും ഓൺലൈൻ വിൽപന രംഗത്ത് മുന്നിൽ തന്നെയുണ്ട്. മെർസിഡസ് ബെൻസിന്റെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ വീട്ടിലിരുന്നു കൊണ്ടു തന്നെ ഒരു ബെൻസ് ഇന്ന് ഉപഭോക്താവിന് വാങ്ങാനാകും. MercFromHome എന്ന പേരിൽ ഒരു പ്രചാരണത്തിന് അവർ തുടക്കം കുറിച്ചിരിക്കുന്നു. വീട്ടിലിരുന്നു കൊണ്ടു തന്നെ പുതിയ വാഹനം വാങ്ങാനും യൂസ്ഡ് കാറുകൾ വാങ്ങാനും ബെൻസിന്റെ ഓൺലൈൻ സൈറ്റ് സഹായിക്കുന്നു. https://www.shopmercedesbenz.co.in/ എന്ന സൈറ്റിലൂടെ മോഡൽ തെരഞ്ഞെടുക്കാനും ഫിനാൻസ് ആവശ്യമെങ്കിൽ അത് തെരഞ്ഞെടുക്കാനും കാർ ഓൺലൈനിലൂടെ തന്നെ ബുക്ക് ചെയ്യാനും ഉപഭോക്താവിനു കഴിയുന്നു. ലൈവ് മെർസിഡസ് ബെൻസ് വീഡിയോ കൺസൾട്ടേഷൻ സ്റ്റുഡിയോ ഉപഭോക്താവിന് ഒരു ഇ-ഡെമോ നൽകുന്നു. സർവീസ് ആവശ്യമായ കസ്റ്റമർമാർക്കും വീട്ടിൽ നിന്നു തന്നെ അതാകാം. ഏതെങ്കിലും സർവീസിന് കസ്റ്റമറുടെ ഒപ്പ് ആവശ്യമുണ്ടെങ്കിലും അതും വീട്ടിൽ നിന്നു തന്നെയാകാം.

ബി എം ഡബ്ല്യു https://bmw-contactless.in/എന്ന വെബ് സൈറ്റിലൂടെയാണ് ഓൺലൈൻ വിൽപന ആരംഭിച്ചിരിക്കുന്നത്. നേരിട്ടുള്ള സമ്പർക്കമില്ലാതെ തന്നെ വിൽപനയും സർവീസും സാധ്യമാക്കുന്നുണ്ട് ബി എം ഡബ്ല്യു കോൺടാക്റ്റ്‌ലെസ് എക്‌സ്പീരീയൻസിൽ. ഈ സൈറ്റിൽ നിന്നും ഓൺലൈൻ വിൽപനയ്ക്കായി നൽകിയിട്ടുള്ള ലിങ്ക്(www.bmw.in) ക്ലിക്ക് ചെയ്ത്, ഇഷ്ടപ്പെട്ട മോഡൽ തെരഞ്ഞെടുത്തശേഷം അത് കസ്റ്റമൈസ് ചെയ്ത് താങ്കളുടെ ഏറ്റവുമടുത്തുള്ള ഡീലർഷിപ്പ് തെരഞ്ഞെടുക്കുകയും അതുവഴി കാറിനെപ്പറ്റിയുള്ള താങ്കളുടെ സംശയങ്ങൾ പരിഹരിക്കുകയും പിന്നീട് ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്തശേഷം ഓൺലൈനിലൂടെ വാങ്ങാനുള്ള ബട്ടൺ ക്ലിക്ക് ചെയ്യുകയും ചെയ്താൽ ബി എം ഡബ്ല്യു താങ്കളുടെ വീട്ടുപടിക്കൽ ഡെലിവർ ചെയ്യുന്ന രീതിയാണ് അവർ അവലംബിച്ചിട്ടുള്ളത്.

2016ൽ തന്നെ ഓൺലൈനിലൂടെ വാഹനം വാങ്ങുന്നതിനും സർവീസ് ചെയ്യുന്നതിനുമുള്ള സൗകര്യം ജാഗ്വർ ലാൻഡ് റോവർ തങ്ങളുടെ സവിശേഷമായ പ്ലാറ്റ്‌ഫോമുകളിലൂടെ ഏർപ്പെടുത്തിയിരുന്നതായതിനാൽ കോവിഡ് കാലത്ത് അതിനായി പ്രത്യേക സജ്ജീകരണമൊന്നും അവർക്ക് ഒരുക്കേണ്ടതായി വന്നില്ല. ജാഗ്വറിന്റെ https://www.findmeacar.in/ എന്ന സൈറ്റും ലാൻഡ് റോവറിന്റെ https://www.findmeasuv.in/ കാലങ്ങളായി ഉള്ളതാണെങ്കിലും ഇന്ത്യക്കാർ ഇപ്പോഴാണത് കാര്യമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നത്. താരതമ്യം ചെയ്യാനുള്ള സവിശേഷമായ ഫീച്ചർ, ഓൺലൈൻ ചാറ്റ്, ക്ലിക്ക് ടു കോൾ തുടങ്ങിയ സൗകര്യങ്ങളിലൂടെ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്ക് വിവേകപൂർവമായ തീരുമാനങ്ങളെടുക്കുന്നതിന് സഹായകരമാകുന്നു. ഉപഭോക്താവ് ഒരു പുതിയ കാർ വാങ്ങാൻ തീരുമാനിക്കുമ്പോൾ, അവർക്ക് ഒരു റെഡി ഡെലിവറി വാഹനം തിരഞ്ഞെടുക്കുകയോ പിന്നീടുള്ള തീയതിയിൽ ഡെലിവറി ആവശ്യകത അനുസരിച്ച് ഓർഡർ ചെയ്യുകയോ ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം. അവരുടെ നിലവിലുള്ള വാഹനം വില്ക്കുന്നതിന്, ജാഗ്വർ ലാൻഡ് റോവര് ഇന്ത്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ അതിന് ലഭിക്കാവുന്ന മൂല്യം അറിയാനും വിൽക്കാനും കഴിയും.

”തടസരഹിതവും സുതാര്യവുമായ വിപണനവും സർവീസ് അനുഭവവും ഉപഭോക്താക്കൾക്ക് എല്ലായ്‌പ്പോഴും ലഭ്യമാക്കുകയാണ് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യയുടെ ലക്ഷ്യം” ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രോഹിത് സൂരി പറയുന്നു. അപ്‌ഡേറ്റ് ചെയ്ത കൂടുതൽ മെച്ചപ്പെടുത്തിയ വിപണന, സർവീസ് പോർട്ടലുകൾക്കൊപ്പം ഉപഭോക്താക്കൾക്ക് ജാഗ്വാർ ലാൻഡ് റോവർ അനുഭവം പൂർണ്ണമായും ആസ്വദിക്കാവുന്ന സമ്പർക്കരഹിതവും സുരക്ഷിതത്വവുമുള്ള സാഹചര്യത്തിന്റെ അധിക ആനുകൂല്യം ലഭ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജാഗ്വർ, ലാൻഡ് റോവർ ഉപഭോക്താക്കൾ യഥാക്രമം ‘jaguar.in’, ‘landrover.in’ എന്നിവയിൽ ലോഗിൻ ചെയ്ത് വാഹനം സർവീസിനായി ബുക്ക് ചെയ്യാം. വാഹനത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്താനും സർ വീസ് വിഭാഗവും അനുയോജ്യമായ സമയം തീയതി, സൗകര്യപ്രദമായ റീട്ടെയ്‌ലർ എന്നിവ തിരഞ്ഞെടുക്കാന് ഈ ലളിതമായ സംവിധാനം വഴി കഴിയും. തുടർന്ന് അപ്പോയ്‌മെന്റ് സ്ഥിരീകരിച്ചുകൊണ്ടുള്ള ഇമെയിലിൽ ഉപഭോക്താവിന് ലഭിക്കും. ഉപഭോക്താവ് തിരഞ്ഞെടുക്കുകയാണെങ്കിൽ, സമ്പർക്കരഹിതമായി വാഹനത്തിന്റെ പിക്ക്അപ്പ്, ഡ്രോപ്പ് സൗകര്യവും ലഭിക്കും. ഉപഭോക്താവ് വർക്ക് ഓർഡർ സ്ഥിരീകരിച്ച് കഴിഞ്ഞാൽ, വീട്ടിലിരുന്ന് കൊണ്ട് തന്നെ ജോലിയുടെ പുരോഗതി അറിയാൻ കഴിയും. ഇലക്ട്രോണിക് വെഹിക്കിൾ ഹെൽത്ത് ചെക്ക് അപ്പിന്റെ ഫോട്ടോകളും വീഡിയോകളും ഇമെയിൽ വഴി ലഭിക്കും. ജോലികൾ പൂർത്തിയാകുമ്പോൾ, ഉപഭോക്താവിന് ഒരു ഇ-ഇൻവോയ്‌സ് നൽകുകയും വിവിധ ഓൺലൈൻ പെയ്‌മെന്റ് ഓപ്ഷനുക ളിൽ നിന്ന് പണം അടയ്ക്കുകയും സമ്പർക്ക രഹിതമായി കാർ സ്വീകരിക്കുകയും ചെയ്യാം. ഹോണ്ട ഫ്രം ഹോം എന്ന പേരിലാണ് ഹോണ്ട കാറുകൾ ഓൺലൈൻ വിൽപന ആരംഭിച്ചിരിക്കുന്നത്. https://www.hondacarindia.com/new-car-booking-online/honda-from-home എന്നതാണ് വെബ്‌സൈറ്റ് വിലാസം. അഞ്ച് നിസ്സാരമായ സ്‌റ്റൈപ്പുകളിലൂടെ വാഹനം ഈ സൈറ്റിൽ ബുക്ക് ചെയ്യാനാകും. ”ഉപഭോക്താവിന് ഏറെ സൗകര്യപ്രദമാണിതെന്നതിനു പുറമേ, കൂടുതൽ കാര്യക്ഷമതയും ഡിജിറ്റിലൈസ്ഡ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു,” ഹോണ്ട കാർസ് ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റും ഡയറക്ടർ ഓഫ് സെയിൽസ് ആന്റ് മാർക്കറ്റിങ്ങുമായ രാജേഷ് ഗോയൽ പറയുന്നു.

ഫോർഡ് ഇന്ത്യ Dial-A-Ford എന്ന സംരംഭത്തിലൂടെയാണ് ഓൺലൈൻ വിൽപനയും സർവീസും സാധ്യമാക്കിയിരിക്കുന്നത്. പുതിയ ഉപഭോക്താക്കളേയും നിലവിലുള്ള കസ്റ്റമർമാരേയും ഒരുപോലെ സേവിക്കുന്നതിനായിട്ടാണ് ഇത്. ഈ സേവനത്തിലൂടെ ഉപഭോക്താവിന് വാഹനം ടെസ്റ്റ് ഡ്രൈവിനായി ബുക്ക് ചെയ്യുന്നതിനും ഓൺലൈനിലൂടെ വാഹനം വാങ്ങുന്നതിനാ യി ബുക്ക് ചെയ്യുന്നതിനും വാഹനം വീട്ടുപടിക്കൽ ഡെലിവർ ചെയ്യുന്നതിനും സഹായിക്കും. നിലവിലുള്ള കസ്റ്റമർമാർക്ക് ഈ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് സർവീസിനായി പിക്ക് അപ്പ് ആന്റ് ഡ്രോപ്പ് സൗകര്യവും കമ്പനി നൽകുന്നുണ്ട്.

നിസ്സാൻ കോവിഡ് കാലത്ത് വിർച്വൽ ഷോറൂം (https://virtualshowroom.nissan.in/) തന്നെ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. വാഹനത്തിന്റെ ദൃശ്യവും വിവിധ നിറങ്ങളും ഫീച്ചറുകളുമെല്ലാം ഇവിടെ ഷോറൂമിലെന്നപോലെ കാണാം. കാർ ബുക്ക് ചെയ്യാനുള്ള പ്രക്രിയ ഇവിടേയും വളരെ ലളിതമാണ്. കാറും വേരിയന്റും നിറവും തെരഞ്ഞെടുത്തശേഷം ഉപഭോക്താവിനെപ്പറ്റിയുള്ള വിവരങ്ങൾ നൽകിയശേഷം ഡീലറെ നിശ്ചയിച്ചശേഷം ക്ലിക്ക് ചെയ്താൽ ബുക്കിങ് പൂർത്തിയാകും. അതേപോലെ ഡാട്‌സൺ ഗോയ്ക്കും ഡാട്‌സൺ ഗോ പ്ലസിനും സവിശേഷമായ ഇ എം ഐ സ്‌കീമും ഇ എം ഐ അഷ്വറൻസും അവർ ഒരുക്കിയിരുന്നു. തൊഴിൽ നഷ്ടപ്പെടുകയാണെങ്കിൽ മൂന്നുമാസത്തെ ഇ എം ഐ പ്രൊട്ടക്ഷൻ നൽകുന്ന സ്‌കീമും ഡാട്‌സൺ വാഗ്ദാനം ചെയ്തു. 2020ൽ വാഹനം വാങ്ങിയാൽ 2021ൽ ഇ എം ഐ അടച്ചുതുടങ്ങിയാൽ മതിയെന്ന സ്‌കീമും 36 മാസത്തേക്ക് 6.99 ശതമാനം പലിശ മാത്രം നൽകിയാൽ മതിയെന്ന ഓപ്ഷനും 100 ശതമാനം വായ്പ ഓപ്ഷനുമൊക്കെ ഡാട്‌സൺ നൽകുന്നുണ്ട്.

റെനോ ഇന്ത്യ ‘ഇപ്പോൾ വാങ്ങൂ, പിന്നീട് പണം അടയ്ക്കൂ’ എന്നാണ് സ്‌കീമാണ് അവതരിപ്പിട്ടുള്ളത്. സ്‌കീം അനുസരിച്ച് റെനോ വാങ്ങുന്ന ഉപഭോക്താക്കൾ മൂന്നു മാസത്തിനുശേഷം ഇഎംഐ അടച്ചു തുടങ്ങിയാൽ മതി. റെനോ ഡീലർമാരിലും വെബ്‌സൈറ്റിലും മൈ റെനോ ആപ്പിലും ഓഫർ ലഭ്യമാണ്. കാഷ് ഓഫർ, എക്‌സ്‌ചേഞ്ച്, 8.99 ശതമാനം നിരക്കിൽ ഫൈനാൻസ് തുടങ്ങിയ ഓഫറുകൾ എല്ലാ ഉൽപ്പന്നങ്ങൾക്കുമുണ്ട്. കൂടാതെ നിലവിലെ ഉപഭോക്താക്കൾക്ക് അധികമായി ലോയൽറ്റി ഓഫറുകളും ലഭ്യമാണ്. സർവീസ് തലത്തിൽ റെനോ വാറണ്ടി നീട്ടിയിട്ടുണ്ട്. ആദ്യ സൗജന്യ സർവീസും നീട്ടിയിട്ടുണ്ട്. വാറണ്ടിയിലും തുടർച്ചയായുള്ള സർവീസ് ഷെഡ്യൂളുകളിലും ലോക്ക്ഡൗൺ കാലത്ത് റെനോ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ 24 മണിക്കൂർ റോഡ്‌സൈഡ് അസിസ്റ്റൻസ് തുടരും. റെനോ ക്വിഡിന്റെ വില 3.02 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്. 35,000 രൂപയുടെ അധിക നേട്ടങ്ങളും ക്വിഡിനുണ്ട്. ട്രൈബറിന്റെ വില 4.99 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്. 30,000 രൂപയുടെ അധിക നേട്ടങ്ങളുമുണ്ട്. ഗ്രാമീണ സ്‌കീം പ്രകാരം പഞ്ചായത്ത് പ്രസിഡന്റിനും കർഷകർക്കും പ്രത്യേക ആനുകൂല്യങ്ങളും നൽകുന്നു. ക്വിഡിനും ട്രൈബറിനും 4000 രൂപയുടെ അധിക ഓഫറും ഡസ്റ്ററിന് 10,000 രൂപയുടെ കിഴിവും ഇതിലൂടെ നൽകുന്നുണ്ട്. കോവിഡ് പോരാളികളായ ഡോക്ടർമാർക്കും പൊലീസുകാർക്കും ക്വിഡിന് 7000 രൂപയും ഡസ്റ്ററിന് 15,000 രൂപയും അധിക വിലക്കിഴിവും നൽകുന്നുണ്ട്.

ഹോണ്ട കാർസ് ഇന്ത്യ ഹോണ്ട അമേസ് കോംപാക്ട് സെഡാന് 32,000 രൂപയുടെ വിലക്കിഴിവും അഞ്ചും ആറും വർഷത്തേക്ക എക്സ്റ്റൻഡഡ് വാറന്റിയും നൽകുന്നുണ്ട്. ഹോണ്ട സിറ്റിക്ക് ഒരു ലക്ഷം രൂപ വരെ ഉപഭോക്താവിന് ലാഭിക്കാനാകും. 50,000 രൂപയുടെ കാഷ് ഡിസ്‌കൗണ്ടും കമ്പനി നൽകുന്നുണ്ട്. വിപണിയിലെ ലീഡറായ മാരുതി സുസുക്കി ഓൺലൈനിലൂടെ മാത്രം മെയ് മധ്യത്തോടെ 5000 ത്തിലധികം ബുക്കിങ്ങുകൾ നേടിയെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ ആർ സി ഭാർഗവ പറയുന്നു. 10,000 രൂപ മുതൽ 45,000 രൂപ വരെ വിലക്കിഴിവ് തങ്ങളുടെ കാറുകൾക്ക് നൽകുമെന്നും മാരുതി അറിയിച്ചിട്ടുണ്ട്. വാഹനങ്ങൾ ഷോറൂമിലെത്താതെ വാങ്ങുന്നതിനായി കമ്പനി ഓൺലൈൻ ഡിജിറ്റൽ പ്രോസസിങ് സംവിധാനത്തിനും രൂപം കൊടുത്തിട്ടുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിങ് ഡയറക്ടറും സി ഇ ഒയുമായി കെനിചി അയുകാവാ പറയുന്നു. കാറുകൾ വീട്ടുപടിക്കൽ ഡെലിവറി ചെയ്യുമെന്നതിനു പുറമേ, ഡീലർഷിപ്പുകളിൽ സാനിറ്റൈസേഷനും കൃത്യമായി നടത്തി വരുന്നുണ്ട്. മാരുതി സുസുക്കി എരീനയിൽ മാരുതി കാറുകൾ ഇബുക്ക് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ ഒരുക്കിയിട്ടുണ്ട്.
https://www.marutisuzuki.com/channels/arena/service/ebookcar എന്നതാണ് വെബ് സൈറ്റ് വിലാസം. തങ്ങളുടെ ഔട്ട്‌ലെറ്റുകളും ടെസ്റ്റ് ഡ്രൈവ് കാറുകളും ഡെലിവറി വാഹനങ്ങളും ദിവസവും അണുവിമുക്തമാക്കപ്പെടുന്നതിനു പുറമേ, വെബ്‌സൈറ്റിലൂടെ പൂർണമായും സമ്പർക്കരഹിതമായി വിവരങ്ങൾ നൽകാനും എറീനയിൽ അവസരമുണ്ട്. സ്റ്റെപ് അപ്പ് സ്‌കീം, ബലൂൺ സ്‌കീം, ഫ്‌ളെക്‌സി ഇ എം ഐ സ്‌കീം എന്നിങ്ങനെ ആകർഷകമായ ഓഫറുകളും പ്രാരംഭ ഇ എം ഐ ഓരോ ലക്ഷത്തിനും 899 രൂപ വരെ താഴ്ന്ന നിരക്കും അവർ വാഗ്ദാനം ചെയ്യുന്നുണ്ട്.

മാരുതി സുസുക്കി തങ്ങളുടെ www.marutisuzuki.com ൽ ബ്രാൻഡിന്റെ കാറുകൾ കാണാനും ബുക്കിങ് തുക ഓൺലൈനിലൂടെ നൽകാനും അവസരമൊരുക്കിയിട്ടുണ്ട്. carconfigurator.marutisuzuki.com എന്ന ലിങ്ക് ആകട്ടെ ഉപഭോക്താവിനെ മൂന്ന് ലളിതമായ സ്‌റ്റൈപ്പുകളിലൂടെ ആക്‌സസറികൾ തെരഞ്ഞെടുക്കാനും അവ കാറിൽ 360 ഡിഗ്രി ആംഗിളിൽ ഫിറ്റ് ചെയ്തത് കാണുന്നതിനും സഹായിക്കുന്നു. മാരുതി സുസുക്കി ‘ഇപ്പോൾ വാങ്ങൂ, പണം പിന്നീട്’ എന്ന പേരിൽ ചോളമണ്ഡലം ഫിനാൻസുമായി ചേർന്ന് ജൂൺ 30 വരെ ഒരു പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ‘ബൈ നൗ പേ ലേറ്റർ’ പദ്ധതി പ്രകാരം ഉപഭോക്താവിന് വായ്പ ലഭിച്ച് 60 ദിവസത്തിനുശേഷം മാത്രം വായ്പ തിരിച്ചടയ്ക്കൽ ആരംഭിച്ചാൽ മതിയാകും. ഓൺറോഡ് വിലയുടെ 90 ശതമാനം വരുന്ന വായ്പയും നീണ്ട പണം തിരിച്ചടയ്ക്കൽ കാലാവധിയും ഉപഭോക്താവിന് ലഭ്യമാകുകയും ചെയ്യും.

ഉപഭോക്താവിന്റെ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുന്നതിനുവേണ്ട നടപടികളെല്ലാം ടച്ച്‌പോയിന്റുകളിൽ വാഹന കമ്പനികൾ സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാ പ്രോട്ടോക്കോളിനു വിധേയമായി റെനോയുടെ 194 ഷോറൂമുകളും വർക്ക്‌ഷോപ്പുകളുമാണ് തുറന്നിട്ടുള്ളത്. ബാക്കിയുളള ടച്ച് പോയിന്റുകൾ പ്രാദേശിക അധികൃതരുടെ അനുമതിയോടെ ഘട്ടം ഘട്ടമായി തുറക്കും. സൗകര്യങ്ങളും ടെസ്റ്റ് കാറുകളും സാനിറ്റൈസ് ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധ നൽകിയിട്ടുണ്ട്. ഉപഭോക്താക്കളെ ‘സ്വാഗതം’ ചെയ്യുന്നതിന്റെ ഭാഗമായി റെനോ ടീമിന് പ്രോട്ടോക്കൾ നടപടികളിൽ പ്രത്യേകം പരിശീലനം നൽകുന്നുണ്ട്.

ആദ്യ ഘട്ടമായി, എല്ലാ ഡീലർഷിപ്പുകളും ഷോറൂമുകളും വർക്ക്‌ഷോപ്പുകളും ഉപഭോക്താക്കൾക്കായി തുറക്കും മുമ്പ് അണുമുക്തമാക്കിയിരുന്നു. ഡീലർഷിപ്പ് ജീവനക്കാരെ മുഴുവൻ ആരോഗ്യ സ്‌ക്രീനിങിനു വിധേയമാക്കിയ ശേഷമാണ് ജോലി ആരംഭിക്കാൻ അനുവദിച്ചത്. സാമൂഹ്യ അകലം പാലിക്കുകയും ആവശ്യമായ സുരക്ഷാ നടപടികളും കൈക്കൊളളുകയും ചെയ്തശേഷമായിരുന്നു പ്രവർത്തനം. ഡിസ്‌പ്ലേയ്ക്കും ടെസ്റ്റ് ഡ്രൈവിനുമുള്ള കാറുകൾ ഡീലർമാരുടെ പക്കലായാലും ഉപഭോക്താവിന്റെ വീട്ടിലായാലും ഓരോരുത്തരുടെയും വിനിമയം കഴിയുമ്പോൾ സാനിറ്റൈസ് ചെയ്യുന്ന രീതിയും റെനോ അവലംബിക്കുന്നുണ്ട്. സർവീസിനു വരുന്ന കാറുകളും സാനിറ്റൈസ് ചെയ്താണ് സർവീസ് ചെയ്യുന്നതും തിരികെ വീട്ടിലെത്തിക്കുന്നതും.
സർവീസ് രംഗത്ത് പരമാവധി സുരക്ഷിതത്വം ഉറപ്പാക്കാനും വാഹനകമ്പനികൾ പരമാവധി ശ്രദ്ധ പതിപ്പിക്കുന്ന കാലം കൂടിയാണിത്. റെനോയെപ്പോലെ തന്നെ മഹീന്ദ്രയും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധയാണ് നൽകുന്നത്. വാഹന ഉടമകൾക്കായി കോൺടാക്റ്റ്‌ലെസ് സർവീസ് എക്‌സ്പീരിയൻസാണ് മഹീന്ദ്ര പ്രഖ്യാ പിച്ചിട്ടുള്ളത്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഈ രംഗത്ത് ആദ്യമായി സ്പർശനരഹിത സർവീസ് അനുഭവം ഉപഭോക്താക്കൾക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതുവഴി ഉടമകൾക്ക് അവരുടെ വാഹനം സർവീസ് ചെയ്യുമ്പോൾ ഏതെങ്കിലും പേപ്പർ രേഖകളുമായി ഷോറൂമിൽ നേരിട്ട് ബന്ധപ്പെട്ടുന്നതും പണമിടപാടുകൾ നേരിട്ട് നടത്തുന്നതും ഒഴിവാക്കാനാവും.

സർവീസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖകളും കമ്പനിയുടെ വിത്ത് യു ഹമേശ മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭ്യമാക്കും. സർവീസ് ബേയിൽ നിന്നുള്ള അറ്റകുറ്റപ്പണികളുടെ തത്സമയ വീഡിയോ സ്ട്രീമിങ് ഉടമകൾക്ക് ലഭ്യമാക്കുന്ന കസ്റ്റമർ ലൈവ് സേവനവും ഇന്ത്യയിൽ ഇതാദ്യമായി മഹീന്ദ്ര അവതരിപ്പിച്ചു. ആവശ്യമുള്ളപ്പോഴെല്ലാം വർക്ക്‌ഷോപ്പിലെ അറ്റകുറ്റപ്പണികൾ തത്സമയം ത്രീഡി ഇമേജ് വഴി വിശദീകരിക്കാൻ സർവീസ് കേന്ദ്രങ്ങൾ സജ്ജമായിരിക്കും. ഇതിന് പുറമെ മഹീന്ദ്ര ഉപഭോക്താക്കൾക്ക് അവരുടെ സേവനവുമായി ബന്ധപ്പെട്ട രേഖകളും ഏറ്റവും പുതിയ വിവരങ്ങളും വിത്ത് യു ഹമേശ വാട്ട്‌സ്ആപ്പ് അക്കൗണ്ട് (72080 71495) നമ്പർ വഴി വാട്ട്‌സ്ആപ്പിൽ എളുപ്പത്തിൽ നേടാനും കഴിയും.
ബൈക്ക് നിർമ്മാതാക്കളായ ഹാർലി ഡേവിഡ്‌സൺ അടക്കം കോവിഡ് കാലത്ത് ബൈക്കുകളുടെ ഹോം ഡെലിവറി സാധ്യമാക്കുന്നുണ്ട്. H-D.com ഹാർലി മോഡലുകളെ പരിചയപ്പെട്ടശേഷം ഡീലർ ലൊക്കേറ്റർ വഴി ഡീലർ എക്‌സ്പർട്ടിനെ ബന്ധപ്പെട്ടശേഷം വാഹനം വാങ്ങുന്നതും പേയ്‌മെന്റ് നൽകുന്നതടക്കവുമുള്ള കാര്യങ്ങൾ ചർച്ച ചെയ്തശേഷം 40 കിലോമീറ്ററിനുള്ളിലാണെങ്കിൽ വാഹനം സൗജന്യമായി വീട്ടിൽ ഡെലിവറി നടത്തുന്ന പദ്ധതിയാണ് അവർ ആവിഷ്‌ക്കരിച്ചത്. ലോക്ഡൗൺ കാലത്ത് പ്രോഡക്ട് വാറന്റി അവസാനിക്കുന്നവർക്കായി 30 ദിവസത്തെ വാറന്റി എക്സ്റ്റൻഷനും അവർ നൽകി. ഹാർലി ഡേവിഡ്‌സൺ ഫിനാൻഷ്യൽ സർവീസസിന് കീഴിൽ വരുന്ന കസ്റ്റമർമാർക്ക് 60 ദിവസത്തെ എക്സ്റ്റൻഷനും മെയിന്റനൻസ് പ്രോഗ്രാമിൽ ഹാർലി നൽകും. കൂടുതൽ വിവരങ്ങൾക്കായി കസ്റ്റമർമാർക്ക് 18001026180 ൽ ബന്ധപ്പെടുകയുമാകാം.

പ്രമുഖ മോട്ടോർ സൈക്കിൾ ബ്രാൻഡായ ജാവയും ഉപഭോക്താക്കൾക്കായി വീട്ടിലെത്തി ടെസ്റ്റ് ഡ്രൈവ് നൽകുന്ന രീതിയും ഹോം ഡെലിവറിയും അവലംബിച്ചു കഴിഞ്ഞു. തങ്ങളുടെ മൊത്തം 105 ഡീലർഷിപ്പുകളിൽ ഗ്രീൻ സോണിലുള്ള 46 ഡീലർഷിപ്പുകൾ അവർ തുറക്കുകയും ചെയ്തിരിക്കുന്നു. ഡീലർഷിപ്പുകൾക്കായി ഏഴിന സുരക്ഷാ മാർഗനിർദ്ദേശങ്ങളും അവർ പുറത്തിറക്കിയിട്ടുണ്ട്. ഡീലർഷിപ്പിലെത്തുന്ന കസ്റ്റമറേയും ജീവനക്കാരനേയും തെർമൽ സ്‌കാനിങ്ങിനു വിധേയമാക്കുകയും ഓരോ മണിക്കൂറിലും ഡീലർഷിപ്പും ടെസ്റ്റ് ഡ്രൈവ് വാഹനങ്ങളും മറ്റു വാഹനങ്ങളും സാനിറ്റൈസ് ചെയ്യുകയും ചെയ്യും. ഡിജിറ്റൽ ഡോക്യുമെന്റേഷൻ പ്രക്രിയയും ഫോൺ കോളിലൂടെയോ ഇമെയിലിലൂടെയോ വാട്ട്‌സാപ്പിലൂടെയോ ഉള്ള ഡിജിറ്റൽ ഇടപാടുകളുമാകും കമ്പനി പ്രോത്സാഹിപ്പിക്കുക. റോയൽ എൻഫീൽഡും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ടെസ്റ്റ് റൈഡ് വീട്ടിൽ ബുക്ക് ചെയ്യാനും വാഹനം ബുക്ക് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. സർവീസ് ഓൺ വീൽസും അവർക്കുണ്ട്.

കൊറോണക്കാലം വാഹനവിപണിയെ ഇപ്പോൾ ഒന്നു മന്ദീഭവിപ്പിച്ചിട്ടുണ്ടെങ്കിൽ തന്നെയും ലോക്ഡൗൺ കാലത്ത് പൊതു ഗതാഗതം ഇല്ലാതിരുന്നത് വലിയ തോതിൽ സ്വകാര്യ വാഹനങ്ങൾ സ്വന്തമായി ഇല്ലാത്തവരെ ബുദ്ധിമുട്ടിച്ചതിനാൽ സ്വകാര്യ വാഹനങ്ങൾക്ക് ഡിമാൻഡ് വർധിപ്പിക്കുമെന്ന് വിപണി വിദഗ്ധർ പറയുന്നുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ വാഹന വിൽപന വരുംകാലത്ത് കുതിച്ചുയരാനുള്ള സാധ്യതകളാണ് കാണുന്നത്$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>