Travel to Ilaveezhapoonchira in a Discovery Sport HSE
May 13, 2019
All in One: Success story of V A Ajmal and his Ajmal Bismi Enterprise
May 22, 2019

My Own: Meera Nandan & her Tata Harrier

Meera Nandan and her Tata Harrier

എന്തുകൊണ്ടാണ് നടി മീരാ നന്ദൻ ടാറ്റ ഹാരിയർ തെരഞ്ഞെടുത്തത്? സുരക്ഷിതത്വത്തിനും പെർഫോമൻസിനും ആഡംബരത്തിനും ഇത്രയേറെ പ്രാമുഖ്യം നൽകുന്ന, നിരവധി ഫീച്ചറുകളുള്ള ഒരു വാഹനം എങ്ങനെ തെരഞ്ഞെടുക്കാതിരിക്കും എന്ന മറുചോദ്യമാണ് മീരയ്ക്കുള്ളത്.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോകൾ: അഖിൽ പി അപ്പുക്കുട്ടൻ

സുരക്ഷിതത്വത്തിനും സ്വാതന്ത്ര്യത്തിനും ജീവിതത്തിൽ പരമപ്രധാനമായ സ്ഥാനം നൽകുന്നയാളാണ് നടി മീരാ നന്ദൻ. കുറെയേറെ വർഷങ്ങൾക്കു മുമ്പ് ചെന്നൈയിൽ തമിഴ് ചിത്രത്തിൽ ആദ്യമായി വേഷമിടാനെത്തിയ സമയത്ത് വടപളനിയിലെ മൗര്യാ ഇന്റർനാഷണൽ ഹോട്ടലിൽ വച്ചു കാണുമ്പോൾ അന്ന് പതിനേഴോ പതിനെട്ടോ വയസ്സു പ്രായമുള്ള മീര സംസാരിച്ചത് ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ ബോൾഡ്‌നെസിനെപ്പറ്റിയും പ്രൊഫഷണലിസത്തെപ്പറ്റിയുമൊക്കെയായിരുന്നു. പ്രായത്തിൽ ചെറുതായ ഒരാളിൽ നിന്നും പ്രായത്തെ വെല്ലുന്ന വർത്തമാനം കേട്ടപ്പോൾ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് മീര വാർത്തെടുക്കപ്പെട്ടിരിക്കുന്ന അച്ച് അതു തന്നെയാണെന്ന് ബോധ്യപ്പെട്ടു. ഏതാണ്ട് പത്തുവർഷങ്ങൾക്കുശേഷം മീരാ നന്ദനെ കാണാൻ എളമക്കരയിൽ പേരണ്ടൂർ ഭഗവതി ക്ഷേത്രത്തിനടുത്തുള്ള വീട്ടിലേക്ക് പോകാൻ തീരുമാനിച്ചതിനു കാരണം സുരക്ഷിതത്വത്തിനും പെർഫോമൻസിനും നിറഞ്ഞ ഫീച്ചറുകൾക്കും പേരുകേട്ട ഒരു വാഹനം മീര സ്വന്തമാക്കിയതായിരുന്നു. ഏതാണ് വാഹനമെന്നല്ലേ? ടാറ്റയുടെ ഏറ്റവും പുതിയ പ്രീമിയം എസ് യു വിയായ ഹാരിയറാണ് അത്. ചലച്ചിത്ര സംവിധായകൻ ശ്യാംധർ വാങ്ങിയതിനു ശേഷം മീരാ നന്ദൻ കൂടി ഹാരിയർ സ്വന്തമാക്കിയതോടെ സെലിബ്രിറ്റി കളുടെ ഇഷ്ട വാഹനം എന്ന തലത്തിലേക്കാണ് ഹാരിയർ ഉയർന്നിരിക്കുന്നത്.
ഓർക്കസ് വൈറ്റ് നിറമുള്ള ടാറ്റ ഹാരിയർ എക്‌സ് ഇസഡ് മീരയുടെ വസതിക്കു മുന്നിൽ തന്നെ ഘനഗംഭീരവാനായ ഒരു യുവാവിനെപ്പോലെ നിലകൊള്ളുന്നുണ്ടായിരുന്നു. അതിനടുത്ത് വാഹനത്തെ തൊട്ടു തഴുകിക്കൊണ്ട് അഭിമാനത്തോടെ മീരാ നന്ദനും.


”സുരക്ഷിതത്വവും പെർഫോമൻസും ഫീച്ചറുകളും തന്നെയാണ് ടാറ്റാ ഹാരിയർ വാങ്ങാൻ ഞാൻ തീരുമാനിച്ചതിനു കാരണം. ഗൾഫിൽ ഞാൻ ഉപയോഗിക്കുന്നത് ലെക്‌സസ് ആയതിനാൽ നാട്ടിൽ വരുമ്പോൾ ഉപയോഗിക്കാൻ അതീവ സുരക്ഷിതമായ ഒരു വാഹനം വേണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. വാഹന പ്രേമിയായ അച്ഛനോട് ഏറ്റവും മികച്ച ഒരു എസ് യു വി തന്നെ തെരഞ്ഞെടുക്കാൻ ഞാൻ ആവശ്യപ്പെട്ടതു പ്രകാരമാണ് അച്ഛന്റെ അന്വേഷണം ഹാരിയറിൽ ചെന്നെത്തി നിന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓഫ്‌റോഡിങ് വാഹനമായ ലാൻഡ് റോവർ ഡിസ്‌ക്കവറി സ്‌പോർട്ടിന്റെ പ്ലാറ്റ്‌ഫോമിലാണ് ടാറ്റ ഹാരിയർ എന്ന പ്രീമിയം എസ് യു വി നിർമ്മിച്ചിട്ടുള്ളത്. ലാൻഡ് റോവറിന്റെ സാേങ്കതിക സഹായത്തോടെയായിരുന്നു ഡിസൈനിങ്. ഹാൻഡ്‌ലിങ് മികവിനായി സമീപിച്ചതാകട്ടെ ലോകപ്രശസ്ത സ്‌പോർട്ട്‌സ് കാർ നിർമ്മാതാക്കളായ ബ്രിട്ടനിലെ ലോട്ടസ് എഞ്ചിനീയറിങ്ങിനേയും. അങ്ങനെ ലാൻഡ് റോവറിന്റേയും ലോട്ടസിന്റേയും ടാറ്റാ മോട്ടോഴ്‌സിലെ സമർത്ഥരായ ഡിസൈനർമാരുടേയും ശ്രമഫലമായി ജനിച്ച ഒരു തകർപ്പൻ മോഡലാണ് ഹാരിയർ. ഈ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ അച്ഛനെ ഞാൻ സമ്മതിച്ചു,” മീരാ നന്ദന്റെ സാക്ഷ്യപത്രം. ആലമ്പിക് ഫാർമസ്യൂട്ടിക്കൽസിന്റെ സോണൽ മാനേജറായ അച്ഛൻ നന്ദകുമാറിന്റെ മുഖത്ത് മീരയുടെ അഭിനന്ദനത്തിന്റെ ആഹ്ലാദത്തിളക്കം.


സുരക്ഷിതത്വത്തെപ്പറ്റി എന്തുകൊണ്ടാണ് മീരാ നന്ദനും അച്ഛൻ നന്ദകുമാറും ഇത്രത്തോളം ചിന്തിക്കുന്നതെന്നതിനുമുണ്ട് ഉത്തരം. കഴിഞ്ഞ 2018 നവംബറിൽ ഒരു വാഹനാപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് മീരയുടെ അച്ഛനും അമ്മയും രക്ഷപ്പെട്ടത്. അവർ ഉപയോഗിച്ചുകൊണ്ടിരുന്ന എം പി വി അപകടത്തിൽപ്പെട്ട് ടോട്ടൽലോസായെങ്കിലും കൃത്യസമയത്ത് എയർബാഗുകൾ പ്രവർത്തിച്ചതുകൊണ്ട് ജീവാപായം ഉണ്ടാകാതെ കഴിഞ്ഞു. എന്നിരുന്നാലും ദേഹമാസകലം മുറിവുകളും തലയിൽ അച്ഛന് ഒമ്പത് സ്റ്റിച്ചുകളും അമ്മയ്ക്ക് 12 സ്റ്റിച്ചുകളുമിടേണ്ടി വന്നു.”ആ വാഹനം ഇടിയിൽ പപ്പടം പോലെയായതിനാലാണ് കുറെക്കൂടി കരുത്തുറ്റ സ്റ്റീലും അഡ്വാൻസ് സേഫ്റ്റി ഫീച്ചറുകളുമുള്ള മറ്റൊരു വാഹനത്തിനായി ഞാൻ അന്വേഷണം തുടങ്ങിയത്. ഹാരിയറിന് ആറ് എയർ ബാഗുകളും എ ബി എസ്, ഇ ബി ഡി, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസെന്റ് കൺട്രോൾ, റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്‌സ് ക്യാമറ തുടങ്ങി എല്ലാ സുരക്ഷിതത്വ സംവിധാനങ്ങളുമുണ്ട്. വലിയ വാഹനമാണെങ്കിലും അനായാസകരമായി ഡ്രൈവ് ചെയ്യാനുമാകും,” മീരയുടെ അച്ഛൻ നന്ദകുമാർ പറയുന്നു.


3750 ആർ പി എമ്മിൽ 138 ബി എച്ച് പി കരുത്തും 1750 ആർ പി എമ്മിൽ 350 ന്യൂട്ടൺ മീറ്റർ ടോർക്കും വാഗ്ദാനം ചെയ്യുന്ന 1956 സി സിയുടെ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഡീസൽ വാഹനമാണ് ഹാരിയർ എക്‌സ് ഇസഡ്. മുന്നിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ഹാരിയറിനുള്ളത്. ”ജീപ്പ് കോംപസ്സിൽ കാണുന്ന ഫിയറ്റിന്റെ മൾട്ടിജെറ്റ് എഞ്ചിന്റെ വകഭേദം തന്നെയാണ് ഈ എഞ്ചിൻ. വളരെ റിഫൈൻഡ് ആണിത്. മികച്ച മിഡ് റേഞ്ചുള്ളതുകൊണ്ട് നഗരത്തിലും ഹൈവേയിലും ഡ്രൈവിങ് കംഫർട്ട് ലഭിക്കുന്നുമുണ്ട്. സ്‌പോർട്ട്, ഇക്കോ, സിറ്റി ഡ്രൈവ് മോഡുകളുണ്ട് ഹാരിയറിന്. റഫ്, നോർമൽ, വെറ്റ് എന്നീ ട്രാക്ഷൻ മോഡുകളും ടെറെയ്‌നനുസരിച്ച മാറ്റിയിടാം. ഓരോ പ്രതലത്തിലും വേണ്ട ഗ്രിപ്പ് ഈ മോഡുകൾ നൽകുന്നുണ്ട്,” മീര നന്ദൻ എഞ്ചിന്റെ സവിശേഷതകൾ ഒരു ഓട്ടോമൊബൈൽ ജേണലിസ്റ്റിനെപ്പോലെ വർണിച്ചു. ”സ്‌പോർട് മോഡിൽ വാഹനമോടിക്കുമ്പോൾ എഞ്ചിന്റെ കരുത്ത് ശരിക്കും അനുഭവിച്ചറിയാം,” മീര കൂട്ടിച്ചേർക്കുന്നു. ദുബായിൽ അജ്മാനിൽ ഗോൾഡ് 101.3
എഫ്എമ്മിലെ ഹോം റൺ എന്ന പരിപാടിയുടെ അവതാരകയാണ് റേഡിയോ ജോക്കിയായി തൊഴിലെടുക്കുന്ന ഈ താരം എന്നതിനാൽ എന്തിനേയും കുറിച്ച് വ്യക്തമായി പഠിച്ച് സംസാരിക്കുന്ന പ്രകൃതമാണുള്ളത്.


”ദുബായിൽ എന്റെ ഓട്ടോമാറ്റിക് കാറിൽ ഞാൻ 140 കിലോമീറ്റർ വേഗത്തിലാണ് സാധാരണ പോകാറുള്ളത്. കേരളത്തിലെപ്പോലെ ദുർഘടമായ പാതകളല്ലല്ലോ അവിടെയുള്ളത്. ഒരിക്കൽ മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ എന്റെ കാർ അതിൽ ചെന്നിടിച്ച് മുന്നിലെ ബമ്പർ മേലോട്ട് ഉയർന്നുപൊങ്ങി. കാറിൽ നിന്നിറങ്ങി മുന്നിലെ ഡ്രൈവറോട് ഞാൻ ഇംഗ്ലീഷിൽ ചീത്ത പറയാൻ ചെന്നപ്പോൾ അയാളൊരു മലയാളി. എന്തായാലും എന്നെ തിരിച്ചറിഞ്ഞതുകൊണ്ട് കേസ്സും പൊല്ലാപ്പുമൊന്നുമില്ലാതെ പ്രശ്‌നം ഒത്തുതീർന്നു,” മീര അതിനിടെ തന്റെ ഒരു ഡ്രൈവിങ് അപകടാനുഭവം പങ്കുവച്ചു. തന്റെ പോലെ തന്നെ റെസ്റ്റ്‌ലെസ് ആയ സ്വഭാവമാണ് മീരയ്ക്കും ലഭിച്ചിട്ടുള്ളതെന്ന് അതിനിടെ അച്ഛന്റെ കൂട്ടിച്ചേർക്കൽ.
കുട്ടിക്കാലം മുതൽ വാഹനങ്ങൾ മീരയുടെ വീട്ടിലുണ്ടായിരുന്നുവെങ്കിലും അച്ഛന്റെ കസ്റ്റഡിയിലായിരുന്നു അവയൊക്കെ തന്നെയുമെന്നതിനാൽ ഡ്രൈവിങ് സീറ്റിലിരിക്കാൻ കഴിഞ്ഞത് ദുബായിൽ 2016ൽ മാത്രമാണ്. ഡ്രൈവിങ് പഠിച്ചതാകട്ടെ നിസ്സാൻ സണ്ണിയിലും. ”ഞാൻ ജനിക്കുന്ന സമയത്ത് അച്ഛന് ഒരു ബുള്ളറ്റാണ് ഉണ്ടായിരുന്നത്. അതിനു മുമ്പ് ഒരു യെസ്ഡി. കൊച്ചിയിൽ നിന്നും കോഴിക്കോടു വരെയൊക്കെ രണ്ടര മണിക്കൂർ നേരം കൊണ്ട് ബുള്ളറ്റ് പറപ്പിക്കുമായിരുന്നു അച്ഛൻ. പിന്നെ മാരുതി 800, മാരുതി ഓമ്‌നി, ഹ്യുണ്ടായ് സാൻട്രോ, ഫിയറ്റ് പാലിയോ, ഹ്യുണ്ടായ് വെർന, ഇന്നോവ എന്നിങ്ങനെ വാഹനങ്ങൾ മാറിമാറി വന്നു. പക്ഷേ ഇതുവരെ വാങ്ങിയ വാഹനങ്ങളിൽ വച്ചേറ്റവും സുന്ദരവും പ്രൗഢവും സുരക്ഷിതത്വമുള്ളതും ഫീച്ചറുകൾ ധാരാളമായുള്ളതുമായ വാഹനമാണ് ഹാരിയർ,” മീര പറയുന്നു. എളമക്കരയിലെ ഭാരതീയ വിദ്യാ മന്ദിറിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് സ്‌കൂളിലേക്ക് സൈക്കിളിൽ യാത്ര ചെയ്തിരുന്നതിനാൽ ഒരു ദിവസം അമ്മ മായയുടെ ഹോണ്ട ആക്ടിവയെടുത്ത് ഓടിച്ചാണ് സ്‌കൂട്ടർ സവാരി മീര തുടങ്ങിയത്. ”സൈക്കിൾ ബാലൻസ് നന്നായുള്ള എനിക്ക് സ്‌കൂട്ടർ പഠിക്കേണ്ടതായൊന്നും വന്നില്ല.”
ഇതിനകം 35 സിനിമകളിൽ വേഷമിട്ടിട്ടുണ്ട് മീരാ നന്ദൻ. ഇവയിൽ ചില തമിഴ് ചിത്രങ്ങളിലും മലയാളത്തിൽ മോഹൻ ലാലിനൊപ്പമുള്ള ലോക്പാലിലും സ്‌കൂട്ടർ ഓടിക്കുന്ന രംഗങ്ങളുണ്ടെന്നതൊഴിച്ചാൽ സിനിമയിൽ കാറോടിക്കുന്ന രംഗങ്ങളിലൊന്നും ഇതുവരേയും മീര അഭിനയിച്ചിട്ടില്ല. ”ഗൾഫിൽ കാറിൽ ബന്ധുക്കളുടെ വീടുകളിലേക്ക് ദീർഘദൂരം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോകാറുണ്ട് ഞാൻ. ഞാൻ താമസിക്കുന്ന അജ്മാനിൽ നിന്നും റാസൽ ഖൈമയിലേക്കും അബുദാബി യിലേക്കുമൊക്കെ നീളും ഈ യാത്രകൾ. അജ്മാനിൽ നിന്നും രണ്ടമര മണിക്കൂറിൽ ഞാൻ അബുദാബിയിൽ എത്താറുണ്ട്. റേഡിയോയിലെ പ്രോഗ്രാമിന് കൃത്യസമയത്ത് അവതരണത്തിനെത്താൻ പലപ്പോഴും എന്റെ ഡ്രൈവിങ് തന്നെയാണ് എന്നെ സഹായിച്ചിട്ടുള്ളത്,” മീരാ നന്ദൻ പറയുന്നു.


റേഡിയോ ജോക്കിയായാണ് പ്രവർത്തിക്കുന്നതെന്നതിനാൽ സംഗീതം ഇതിനകം തന്നെ മീരയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. വി കെ പ്രകാശിന്റെ സൈലൻസ് എന്ന ചിത്രത്തിൽ രതീഷ് വേഗയുടെ ‘മഴയായ് ഓർമ്മകൾ വിലോലം പെയ്തുവോ’ എന്ന ഗാനം പാടിയത് മീരാ നന്ദനാണെന്ന് പലർക്കുമറിയില്ലെന്നതാണ് വാസ്തവം. അഭിനേത്രിയെന്നതിനപ്പുറം ഗായിക എന്ന നിലയിലും മീര എത്രയോ ഉയരത്തിലാണെന്ന് തെളിയിച്ചു ആ ഗാനം. അതിനുശേഷം സിനിമയിൽ പാടിയിട്ടില്ലെങ്കിലും ആർജെ എന്ന നിലയിൽ പല സിനിമകളുടേയും കവർവേർഷൻ മീര ചെയ്തിരുന്നു. ഏറ്റവുമൊടുവിൽ കുമ്പളങ്ങി നൈറ്റ്‌സിലെ ചെരാതുകൾ എന്ന ഗാനമാണ് ചെയ്തത്. ”ഹാരിയറിൽ സഞ്ചരിക്കുമ്പോൾ സംഗീതം കേൾക്കുന്നത് അതിസുന്ദരമാണ്. 9 സ്പീക്കറുകളും നാല് ട്വീറ്ററുകളും ആംപ്ലിഫയറുമുള്ള 350 വാട്ട് ജെ ബി എൽ മ്യൂസിക് സിസ്റ്റമാണ് ഇതിലുള്ളത്. നേർത്ത സംഗീതം പോലും ഇതിൽ കേൾക്കാനാകും. ഉറക്കം വരാതിരിക്കാൻ പലപ്പോഴും അടിപൊളി ഗാനങ്ങളിട്ടാണ് ഞാൻ ഡ്രൈവ് ചെയ്യാറുള്ളത്,” മീര നന്ദൻ പറയുന്നു. 8.8 ഇഞ്ച് ഇൻഫോടെയ്‌മെന്റ് ടച്ച് സ്‌ക്രീനിൽ നാവിഗേഷൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, റിവേഴ്‌സ് പാർക്കിങ് ക്യാമറ എന്നിവയൊക്കെ ഏകോപിപ്പിച്ചിട്ടുണ്ട് ഹാരിയറിൽ.


”ഹാരിയറിന് നല്ല ഉയരവും ഗ്രൗണ്ട് ക്ലിയറൻസും വിസിബിലിറ്റിയുമുള്ളതിനാൽ ഡ്രൈവിങ് അനായാസ കരമാണ്. ഉയർന്ന ബോണറ്റും മസിൽപവറുള്ള ബോഡി ലൈനുകളുമാണ് ഹാരിയറിനുള്ളതെന്നതിനാൽ കാഴ്ചയിലും സുന്ദരൻ തന്നെ. വലിയ വീൽ ആർച്ചുകൾ. ആരും നോക്കി നിന്നുപോകുന്നു രൂപം. ഗൗരവവും സൗന്ദര്യവും ഇഴ ചേരുന്നു, ഈ ഡിസൈനിൽ,” മീര സാക്ഷ്യപ്പെടുത്തുന്നു. ഗുരുവായൂരിലേക്കായിരുന്നു ഹാരിയറിന്റെ ആദ്യ യാത്ര. ഹാരിയറിന്റെ അകംസൗന്ദര്യം ശരിക്കും ആസ്വദിച്ചത് അപ്പോഴാണെന്ന് മീര പറയുന്നു. ”സ്ഥലസൗകര്യം ഇഷ്ടം പോലെയുണ്ട് ഇതിൽ. വീതിയുള്ള സീറ്റുകൾ. ഡ്രൈവർ സീറ്റിന്റെ ഉയരമടക്കം മാനുവലി അഡ്ജസ്റ്റ് ചെയ്യാം. ഉയർന്ന സീറ്റിങ് പൊസിഷനും വലിയ ഗ്ലാസ് ഏരിയയും വിസിബിലിറ്റി നൽകുന്നുണ്ട്. സീറ്റുകളുടെ അപ്‌ഹോൾസ്റ്ററിയും മികച്ചതു തന്നെ. സ്റ്റിയറിങ് വീലിൽ ക്രൂസ് കൺട്രോൾ ഉൾപ്പെടെയുള്ള സ്വിച്ചുകളുണ്ട്. മീറ്റർ കൺസോളിൽ വെഹിക്കിൾ ഇൻഫർമേഷനുകൾ തരുന്ന ടി എഫ് ടി സ്‌ക്രീനും,” നന്ദകുമാർ കൂട്ടിച്ചേർത്തു.


ദൂരയാത്രയ്ക്ക് പോകുമ്പോൾ സാമഗ്രികൾ വയ്ക്കാൻ ധാരാളം സ്‌പേസുണ്ട് ഹാരിയറിന്. 28 സ്റ്റോറേജ് സ്‌പേസുകൾ ഹാരിയറിലുണ്ടെന്നാണ് അമ്പരപ്പിക്കുന്ന കാര്യം. ഇതിൽ ചിൽഡ് ഗ്ലോബോക്‌സും മൊബൈ ൽ ഫോൺ സൂക്ഷിക്കാനുള്ള പാഡുകളും പെടുന്നു. എയർ കണ്ടീഷനിങ് മികവുറ്റതാണ്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളാണ് വാഹനത്തിനുള്ളത്. ബി പില്ലറിൽ എ സി വെന്റുകളും കൊടുത്തിരിക്കുന്നു. താഴ്ന്ന വിൻഡോ ലൈൻമൂലം വെളിയിലെ കാഴ്ചകൾ കണ്ട് സുഖമായി യാത്ര ചെയ്യാം. ”കേരളത്തിലൂടെയാണ് ഈ വാഹനം ഓടിക്കുന്നതെന്ന പ്രശ്‌നം മാത്രമേയുള്ളു. ഇവിടത്തെ ഡ്രൈവർമാർ ഡിറ്റക്ടീവുകളെപ്പോലെയായിരിക്കണമെന്ന് പണ്ടൊരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്. ഏതു വശത്തു നിന്നും എപ്പോഴാണ് മറ്റൊരു വാഹനം കയറിവരുന്നതെന്ന് അറിയാൻ പറ്റില്ല. ട്രാഫിക് സെൻസിന്റെ കാര്യത്തിൽ മലയാളിയുടെ അവസ്ഥ ദയനീയമാണ്. നമുക്ക് കാണാൻ പറ്റാത്തതു കൂടി കാണുകയും സ്വയം നിയന്ത്രിക്കുകയുമൊക്കെ ചെയ്യുന്ന ഹാരിയർ അതുകൊണ്ടു തന്നെയാണ് ഞാൻ തെരഞ്ഞെടുത്തത്.”
ഇതിനേക്കാൾ മെച്ചപ്പെട്ട ഒരു സാക്ഷ്യപത്രം ടാറ്റാ ഹാരിയറിന് വേറെ ലഭിക്കാനില്ലെന്നതാണ് സത്യം$

Copyright: Smartdrive magazine- May 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>