കാർ കൗതുകങ്ങൾ- ബൈജു എൻ നായർ
October 19, 2018
Sports Star: Skoda Octavia vRS 230
October 23, 2018

Marazzo Man!

മനുഷ്യസ്‌നേഹത്തിന് ഇറാം മോട്ടോഴ്‌സും മഹീന്ദ്രയും നൽകിയ സമ്മാനമാണ് പ്രളയത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയ കെ പി ജൈസലിന് നൽകപ്പെട്ട മഹീന്ദ്ര മരാസോ. ഏഴു സീറ്റുള്ള ഈ വാഹനം ട്രോമ കെയറിനായി കൂട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് ജൈസൽ പറയുന്നു.

 

കോഴിക്കോട്ടെ ഇറാം മോട്ടോഴ്‌സ് ഉടമ ഡോക്ടർ സിദ്ധിക് അഹമ്മദും മറ്റുള്ളവരെപ്പോലെ ആ വാർത്ത ചാനലുകളിലും സമൂഹമാധ്യമങ്ങളിലും കണ്ടിരുന്നു. മലപ്പുറം താനൂർ സ്വദേശിയായ കെ പി ജൈസൽ എന്ന മത്സ്യബന്ധനത്തൊഴിലാളി തന്റെ ശരീരം ചവിട്ടുപടിയാക്കി സ്ത്രീകളെ റബ്ബർ ബോട്ടിലേക്ക് കയറാൻ സഹായിക്കുന്ന ദൃശ്യമായിരുന്നു അത്. ചെളിവെള്ളത്തിൽ കൈകുത്തി നിൽക്കുന്ന ആ ദൃശ്യം ഡോക്ടർ സിദ്ധിക് അഹമ്മദിന്റെ കരളലിയിച്ചു. ജൈസലിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് അദ്ദേഹം ജൈസലിനെ വിളിച്ചു. ഇഷ്ടപ്പെട്ട ഒരു വാഹനം തന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര വാഹനഡീലർഷിപ്പായ ഇറാം മോട്ടോഴ്‌സിൽ നിന്നും തെരഞ്ഞെടുത്തുകൊള്ളാൻ അദ്ദേഹം ജൈസലിനോട് ആവശ്യപ്പെട്ടു.
”രക്ഷാപ്രവർത്തനങ്ങൾക്ക് സുഹൃത്തുക്കൾക്കൊപ്പം പോകാനാകുന്ന ഏഴു സീറ്റുള്ള ഒരു വാഹനം കിട്ടിയാൽ നന്നായിരിക്കുമെന്ന് ഞാൻ പറഞ്ഞു. സിദ്ധിക് സാർ അതേപ്പറ്റി ആലോചിക്കാമെന്ന് എന്നോട് പറഞ്ഞു. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് മഹീന്ദ്രയുടെ ഏറ്റവും പുതിയ കാറായ മരാസോ എനിക്ക് നൽകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു,” പുത്തൻ മരാസോയിൽ ഷൊർണൂരിലേക്ക് ട്രോമ കെയറിന്റെ പ്രവർത്തനങ്ങൾക്കായി പൊയ്‌ക്കൊണ്ടിരിക്കേ ജൈസൽ സന്തോഷത്തോടെ സ്മാർട്ട് ഡ്രൈവിനോട് സംസാരിച്ചു. മത്സ്യബന്ധത്തൊഴിലാളിയായ ജൈസൽ കോഴിക്കോട്ടെ ട്രോമ കെയറിൽ വോളണ്ടിയറായി പ്രവർത്തനം ആരംഭിച്ചത് 2002ലായിരുന്നു. സന്നദ്ധ സംഘടനകളായ റോട്ടറി ക്ലബും ലയൺസ് ക്ലബ് ഇന്റർനാഷണലും ഐ എം എയും ചേർന്നാണ് ട്രോമ കെയറിന് ചുക്കാൻ പിടിക്കുന്നത്.

Jaisel with Eram Group chairmen Dr Siddeek Ahmed

മലപ്പുറത്ത് പരപ്പനങ്ങാടിയിൽ കടൽത്തീരത്തുള്ള ഒറ്റമുറി വീട്ടിലേക്ക് അങ്ങനെയാണ് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനമായ മരാസോ എത്തുന്നത്. 1497 സിസിയുടെ ഈ ഡീസൽ കാറിന് 3500 ആർ പി എമ്മിൽ 121 ബി എച്ച് പി ശേഷിയാണുള്ളത്. 1750 ആർ പി എമ്മിൽ 300 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. ”വാഹനത്തിന്റെ ഫീച്ചറുകളെല്ലാം ഞാൻ പഠിച്ചു വരുന്നതേയുള്ളു. വാഹനം പൂർണമായും രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണ് എന്റെ തീരുമാനം. ഇറാം മോട്ടോഴ്‌സ് ഉടമയായ സിദ്ധിക് അഹമ്മദ് സാറിന്റെ വലിയ മനസ്സിന് ഞാൻ ഒരുപാട് നന്ദിയുള്ളവനാണ്,” ജൈസൽ പറയുന്നു.

പക്ഷേ കേരളം നന്ദി പറയുന്നത് ജൈസലിന്റെ നന്മ നിറഞ്ഞ മനസ്സിനാണ്. കേരളത്തിന്റെ ആ മനസ്സ് വെളിപ്പെട്ടത് ഡോക്ടർ സിദ്ധിക് അഹമ്മദ് നൽകിയ മരാസോയിലൂടെയുമാണെന്നതാണ് വാസ്തവം. പത്തു ലക്ഷത്തിനുമേൽ വിലയുള്ള ഒരു കാർ അതിന്റെ അവതരണ ദിവസം തന്നെ മനുഷ്യസ്‌നേഹിയായ ഒരാൾക്ക് കൈമാറണമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരു ന്നു. ”ജൈസലിനെപ്പോലുള്ള മനുഷ്യസ്‌നേഹികൾ കേരളത്തിന് ആവശ്യമാണ്. സഹജീവികളോടുള്ള ജൈസലിന്റെ കാരുണ്യത്തിന് പകരം വയ്ക്കാനാകില്ലെങ്കിലും ഈ പാരിതോഷികം നന്മ നിറഞ്ഞവർക്ക് ഒരു പ്രോത്സാഹനമാകുമെന്നാണ് എനിക്ക് തോന്നുന്നത്. സമൂഹത്തിന് നന്മ ചെയ്ത ഒരാൾക്ക് മഹീന്ദ്രയുടെ ഏറ്റവും മികച്ച ഒരു വാഹനം നൽകുന്നതിൽ ഞങ്ങൾക്ക് അഭിമാനമേയുള്ളു,” ഡോക്ടർ സിദ്ധിക് അഹമ്മദ് പറയുന്നു.

Excise minister T P ramakrishnan with Jaisel in Mahindra Marazzo

രക്ഷാപ്രവർത്തനത്തിനിറങ്ങുന്ന സമയേത്താ മുന്നും പിന്നും നോക്കാതെ ആളുകളെ രക്ഷിക്കുന്ന സമയത്തോ തന്റെ പ്രവർത്തനങ്ങൾക്ക് ആരെങ്കിലും പാരിതോഷികം നൽകുമെന്നൊന്നും ഒരിക്കലും ജൈസൽ ചിന്തിച്ചിരുന്നില്ല. കാരണം കാലങ്ങളായി ട്രോമ കെയറിന്റെ ഭാഗമായി പ്രവർത്തിച്ചുകൊണ്ട്, യാതൊരു പ്രതിഫലവും വാങ്ങാതെ ഇത്തരം പ്രവർത്തനങ്ങൾ ഏർപ്പെട്ടുപോരുന്ന ആളാണ് ജൈസൽ. വൈറലായ വീഡിയോയ്ക്കിടയാക്കിയത് ഗർഭിണിയായ ഒരു സ്ത്രീയ്ക്ക് ബ്ലീഡിങ് ഉണ്ടായെന്നും അവരെ ഉടനടി ആശുപത്രിയിലെത്തിക്കണമെന്നുമുള്ള ഒരു സന്ദേശമായിരുന്നു. നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ ഒരു റബ്ബർ ബോട്ടിലേക്ക് വേങ്ങര പ്രദേശത്തു നിന്നും അവരെ രക്ഷിക്കുന്നതിനിടെയാണ് ജൈസൽ ബോട്ടിലേക്ക് സ്ത്രീകൾക്ക് കയറുന്നതിനായി സ്വന്തം ശരീരം വെള്ളത്തിൽ പടിയായി സ്ഥാപിച്ചത്. കരാട്ടേയിലും തെയ്ക്കുവുണ്ടോയിലുമൊക്കെ പരിശീലനം സിദ്ധിച്ച ജൈസലിന്റെ ഉരുക്കു ശരീരത്തിനു മേൽ ജനങ്ങളുടെ കാലുകൾ പതിഞ്ഞു. ബോട്ടിലേക്ക് സുരക്ഷിതരായി ആ സ്ത്രീകൾ കയറി. ഇരുമ്പിന്റെ ശരീരമുള്ള ആ യുവാവിന് ഉരുക്കിന്റെ കരുത്തും ശേഷിയുമുള്ള മഹീന്ദ്ര മരാസോ ഇറാം മോട്ടോഴ്‌സ് സമ്മാനിച്ചത് സമാനതകളില്ലാത്ത സ്‌നേഹത്തിന്റെ ഒരു പാരസ്പര്യപൂരണവുമായിത്തീർന്നു.

സുരക്ഷിതത്വത്തിനുള്ള ഉപകരണങ്ങളൊന്നും കൂടാതെ ജനങ്ങളെ രക്ഷിക്കാൻ ധൈര്യത്തിന്റെ ബലത്തിൽ മാത്രം പ്രളയസ്ഥലങ്ങളിലേക്ക് മലമ്പാമ്പുകളേയും തേളുകളേയും മറ്റ് ഇഴജന്തുക്കളേയുമൊന്നും വകവയ്ക്കാതെ നീങ്ങിയ ജൈസലും കൂട്ടുകാരും മൊത്തം 250ലേറെപ്പേരെയാണ് ഇക്കഴിഞ്ഞ പ്രളയസമയത്ത് രക്ഷപ്പെടുത്തിയത്. പത്തിലധികം മൃതദേഹങ്ങളും അതിസാഹസികമായി വീണ്ടെടുക്കാൻ അവർക്കായി. സേഫ്റ്റി ജാക്കറ്റുകളോ യന്ത്രങ്ങളോ ബോട്ടുകളോ ഇല്ലാതെ, ബോട്ടുകൾക്ക് എത്തപ്പെടാൻ പോലുമാകാത്തയിടങ്ങളിലേക്ക് ഈ ചെറുപ്പക്കാരനും സംഘവും നീന്തി ചെന്നാണ് ഒരുപാടു പേരെ രക്ഷിച്ചത്. ”എനിക്കൊപ്പം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ട് ഒരുപാട് പേർ പ്രവർത്തിക്കുകയുണ്ടായി. എന്റെ ആ ദൃശ്യം ഞാൻ പോലുമറിയാതെ ചിലർ പകർത്തി ഫേസ്ബുക്കിലിട്ടതോടെയാണ് അത് വൈറലായത്. കൂടുതൽ പേർ രക്ഷാപ്രവർത്തനങ്ങൾക്ക് എത്താൻ ആ ദൃശ്യം സഹായകമായതിൽ എനിക്ക് വലിയ സന്തോഷമുണ്ട്,” ജൈസൽ മരാസോയുടെ സ്റ്റീയറിങ് വീൽ അനായാസേന ചലിപ്പിച്ചുകൊണ്ടാണ് യാത്രയ്ക്കിടയിൽ സംസാരം.

Mahindra Kerala head Suresh Kumar (extreme right) with Dr Siddeek Ahmed and Jaisel

വേങ്ങരയിൽ നിന്നും പിറ്റേന്ന് തൃശ്ശൂരിലെ മാളയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ ചാനൽ പ്രവർത്തകർ വളഞ്ഞപ്പോഴാണ് തന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായ വിവരം ജൈസൽ അറിയുന്നതു തന്നെ.
രക്ഷാപ്രവർത്തനങ്ങളിൽ സുരക്ഷിതത്വമില്ലെങ്കിലും മഹീന്ദ്ര മരാസോ ജൈസലിന് പൂർണ സുരക്ഷിതത്വം തന്നെ ഒരുക്കുന്നുണ്ട്. അദ്ദേഹത്തിന് ലഭിച്ച മരാസോ എം 2 വിൽ രണ്ട് എയർബാഗുകൾക്കു പുറമേ, സീറ്റ് ബൈൽട്ട് വാണിങ്ങും എ ബി എസും ഇ ബി ഡിയുമൊക്കെയുണ്ട്. 190 ലിറ്റർ ബൂട്ട്‌സ്‌പേസുള്ളതിനാൽ ധാരാളം സാമഗ്രികൾ യാത്രാ സമയത്ത് അതിൽ വയ്ക്കാനാകും. ഡീസൽ വാഹനമായ മരാസോ ലിറ്ററിന് 17.6 കിലോമീറ്റർ മൈലേജും നൽകുന്നുണ്ട്. മരാസോയിലുള്ള യാത്ര ഏറെ സുഖകരമാണെന്ന് ജൈസൽ പറയുന്നു. ”പക്ഷേ എന്റെ ആത്യന്തികമായ സുഖം മറ്റുള്ളവർക്ക് നന്മ ചെയ്യുമ്പോഴാണ്. മരാസോ ആ പ്രവൃത്തികൾക്ക് എന്റെയൊപ്പം എന്നുമുണ്ടാകും. ഇറാം മോട്ടോഴ്‌സിന്റെ ഉടമയായ ഡോക്ടർ സിദ്ധിക് അഹമ്മദിന്റെ ആ വലിയ മനസ്സിന് ഞാൻ നന്ദി പറയുന്നു.”

Excise minister T P Ramakrishnan handing over the key of Mahindra Marazzo to Jaisel

പാവങ്ങാട് ഇറാം മഹീന്ദ്ര ഷോറൂമിൽ നടന്ന ചടങ്ങിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനാണ് ജൈസലിന് മരാസോ സമ്മാനിച്ചത്. ഇറാം മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടർ ഡോക്ടർ സിദ്ധിക് അഹമ്മദിനു പുറമേ, മഹീന്ദ്ര കേരളാ മേധാവി സുരേഷ് കുമാർ, കോഴിക്കോട് എം എൽ എ എ പ്രദീപ് കുമാർ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാകളക്ടർ യു വി ജോസ് എന്നിവർ പങ്കെടുത്തു.
നന്മ ചെയ്യുന്നവരെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് വാസ്തവത്തിൽ മനുഷ്യത്വത്തിന് വലിയ മാനങ്ങളും അർത്ഥതലങ്ങളുമുണ്ടാകുന്നത്. അത്തരമൊരു പ്രവൃത്തിക്ക് സമ്മാനമായി മഹീന്ദ്രയുടെ മരാസോ നൽകിയതിലൂടെ വാസ്തവത്തിൽ മഹീന്ദ്രയും ആദരിക്കപ്പെട്ടിരിക്കുകയാണ്$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>