Test drive: Mercedes Benz C43 AMG
September 15, 2018
Test ride: Honda Goldwing
September 18, 2018

Mahindra’s Amphibian: Kalidas Jayaram on Mahindra Thar

യുവ നായകനടൻ കാളിദാസന് പ്രളയദിനങ്ങളിൽ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തുണയായത് മഹീന്ദ്ര താർ ആണ്. എല്ലാ ദുർഘട സാഹചര്യങ്ങളിലും താറിന്റെ കരുത്തും കഴിവുകളും തന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചുവെന്ന് കാളിദാസ് സാക്ഷ്യപ്പെടുത്തുന്നു.

എഴുത്ത്: ബൈജു എൻ നായർ

കേരളത്തെ അടിമുടി ഉലച്ചു കളഞ്ഞ പ്രളയദിനങ്ങളിൽ താരപരിവേഷം ഉപേക്ഷിച്ച് നിരവധി സിനിമാ നടീനടന്മാർ റിലീഫ് ക്യാമ്പുകളിൽ അഹോരാത്രം ജോലി ചെയ്തു. ദുരന്തങ്ങൾക്കു മുന്നിൽ എല്ലാവരും സമന്മാരാണെന്ന സന്ദേശമാണ് അതുവഴി നമ്മുടെ താരരാജാക്കന്മാരും റാണിമാരും നൽകിയത്. ഇക്കൂട്ടത്തിൽ ഒരു താരകുടുംബം സവിശേഷ ശ്രദ്ധയാകർഷിച്ചു. പ്രിയനടൻ ജയറാമും ഭാര്യയും നടിയുമായ പാർവതിയും മക്കളായ കാളിദാസും മാളവികയുമായിരുന്നു, അവർ. ചെന്നൈയിലാണ് സ്ഥിരതാമസമെങ്കിലും ദുരന്തം കനക്കുന്നതിനു മുമ്പു തന്നെ അവർ കേരളത്തിലെത്തി, എല്ലാ സഹജീവികൾക്കും സാന്ത്വനമേകി. ഇതിനിടെ ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടയിൽ ജയറാമും പാർവതിയും മാളവികയും സഞ്ചരിച്ച വാഹനം കുതിരാനിലെ മലയിടിച്ചിലിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മലയിടിയുമ്പോൾ തൊട്ടുപിന്നിലായി അവരുടെ വാഹനവുമുണ്ടായിരുന്നു. മുന്നിൽ പോയ കാറിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് ഒരാൾ മരിക്കുകയും ചെയ്തു. പിന്നീടുണ്ടായ ഗതാഗതക്കുരുക്കിൽ 16 മണിക്കൂറോളം ജയറാമും കുടുംബവും കുതിരാനിൽ അകപ്പെട്ടു പോയി. ഒടുവിൽ കേരള പോലീസ്, അവരുടെ വാഹനത്തിൽ വന്ന് രക്ഷപ്പെടുത്തി പോലീസ് ക്വാർട്ടേഴ്‌സിൽ മൂന്നുദിവസം ഭക്ഷണവും സുരക്ഷയും നൽകി താമസിപ്പിച്ചു. അങ്ങനെ, പ്രളയത്തിന്റെ ദുരിതങ്ങളെല്ലാം അനുഭവിച്ചു തന്നെയാണ് ജയറാമും പാർവതിയും മകൾ മാളവികയും കൊച്ചിയിൽ എത്തിച്ചേർന്നത്.

Kalidas Jayaram with Mahindra Thar

ഈ സമയത്ത് ജയറാമിന്റെ മകനും ‘പൂമര’ത്തിലൂടെ നമ്മുടെ മനം കവർന്ന യുവനായകനുമായ കാളിദാസ് ചെന്നൈയിലായിരുന്നു. അവിടെ, തന്റെ ജീവിതത്തിലേക്ക് ഒരു പുതിയ കൂട്ടുകാരൻ കടന്നുവരുന്നതിനായി കാത്തിരിക്കുകയായിരുന്നു, നായകൻ. ഒടുവിൽ, കേരളത്തിൽ മഴ പ്രളയം വിതയ്ക്കുന്നതിന് ഏതാനും ദിവസം മുമ്പ് ആ കൂട്ടുകാരൻ കാളിദാസിന്റെ ജീവിതത്തിലേക്ക് ഇരച്ചുകയറി വന്നു- ഒരു മഹീന്ദ്ര താർ സിആർഡിഇ.

ഇനി കാളിദാസിന്റെ വാക്കുകളിലേക്ക്. ”കൃത്യസമയത്തു തന്നെയാണ് താർ വാങ്ങിയതെന്ന് തുടർന്നുള്ള ദിവസങ്ങൾ തെളിയിച്ചു. ഏതു വെള്ളപ്പൊക്കത്തിലും ഓടിച്ചു കയറ്റാവുന്ന എന്റെ താർ പിന്നെ പത്തുദിവസത്തോളം സിനിമാ കഥകളെപ്പോലും വെല്ലുന്ന നായകനായി. നിരവധി റിലീഫ് ക്യാമ്പുകളിൽ താർ യാതൊരു ക്ലേശവും കൂടാതെ ഓടിയെത്തി.”
പുതിയ താർ വീട്ടിലെത്തുന്നതിനു മുമ്പു തന്നെ കേരളത്തിൽ കനത്ത മഴ ആരംഭിച്ചിരുന്നു. എന്നാൽ മഴ കൊടും പ്രളയത്തിന്റെ രൂപമാർജ്ജിച്ചത് ഏതാനും ദിവസങ്ങൾക്കു ശേഷമാണ്. ഇതേ സമയത്താണ് കാളിദാസിന്റെ രണ്ടാമത്തെ മലയാള ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.

”ജിത്തു ജോസഫിന്റെ പുതിയ സിനിമയുടെ ഷൂട്ട് തുടങ്ങുമ്പോൾ മഴയും തുടങ്ങിയിരുന്നു. ഷൂട്ടിങ്ങിനായി കൊച്ചിയിലേക്ക് താർ ഓടിച്ചു പോകാനാണ് ഞാൻ
തീരുമാനിച്ചത്. കൊച്ചിയിൽ എത്തിയപ്പോഴേക്കും മഴ ശക്തമായി ഷൂട്ടിങ് നിർത്തിവെച്ചു. പിന്നെ, കാണെക്കാണെ മഴ പ്രളയമായി. റോഡുകൾ നിറഞ്ഞു. പുഴകളും നിറഞ്ഞു,”കാളിദാസ് ഓർമ്മിക്കുന്നു. കാളിദാസ് കൊച്ചിയിൽ കണ്ട കാഴ്ച സെഡാനുകളും ഹാച്ച്ബായ്ക്കുകളുമെല്ലാം പുഴ പോലെയായ വഴികളിൽ നിശ്ചലമായി കിടക്കുന്നതാണ്. ചെറിയ വെള്ളക്കെട്ടുകൾ പോലും മുറിച്ചു കടക്കാനാവാതെ കാറുകൾ ജീവിതത്തിന് അർദ്ധവിരാമിട്ടു. അങ്ങനെയുള്ള വഴികളിലൂടെ പൂമരത്തിലെ നായകൻ മഹീന്ദ്ര താർ ഓടിച്ചു കയറി വന്ന് ആയിരങ്ങൾക്ക് ദുരിതാശ്വാസമായി.

”വഴിയേത്, പുഴയേത് എന്നൊന്നുമറിയാത്ത സ്ഥലങ്ങളിലൂടെ യാതൊരു ഭയവും കൂടാതെ താർ ഓടിക്കാൻ കഴിഞ്ഞു. പലയിടത്തും ബോണറ്റിൽ മുട്ടുന്ന രീതിയിലുള്ള വെള്ളക്കെട്ടുണ്ടായിരുന്നു. അതൊന്നും താറിന് പ്രശ്‌നമായില്ല. 500 മി.മീ. ഉയരമുള്ള വെള്ളക്കെട്ടുപോലും പ്രശ്‌നരഹിതമായി താണ്ടാൻ താറിന് കഴിവുണ്ടല്ലോ. 200 മി.മീ ഗ്രൗണ്ട് ക്ലിയറൻസും 44 ഡിഗ്രി അപ്രോച്ച് ആംഗിളും 27 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും ഉള്ളതുകൊണ്ട് താർ പരിക്കില്ലാതെ മറി കടക്കും.

Actor Kalidas Jayaram with Mahindra Thar

കൃത്യസമയത്തു തന്നെ താർ വാങ്ങാൻ കഴിഞ്ഞതിന് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. കാരണം, സാധനം കയറ്റാൻ ഇഷ്ടം പോലെ സ്ഥലം. അതോടൊപ്പം തന്നെ ഏതു വഴിയിലൂടെയും സഞ്ചരിക്കാനുള്ള കഴിവും ചങ്കൂറ്റവും. ഈ വിലയ്ക്ക് ഇങ്ങനെയൊരു വാഹനം വേറെയില്ലല്ലോ. ആലുവ, പറവൂർ, ചെങ്ങന്നൂർ, മാള, പെരുമ്പാവൂർ, തോട്ടുവ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കനത്ത വെള്ളക്കെട്ടിലൂടെ താർ ഓടിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെത്താൻ കഴിഞ്ഞു. കോട്ടയം, ഇടുക്കി ജില്ലകളിലൊഴിച്ച് മറ്റെല്ലായിടത്തും ഞാനും താറും എത്തി എന്നു പറയാം,” കാളിദാസ് നന്ദിയോടെ താറിനെ സ്മരിക്കുന്നു.

മലയാളത്തിന്റെ പ്രിയ താരം ജയറാമിന്റെ മകനാണ് കാളിദാസ്. ഇപ്പോൾ സ്വന്തം നിലയ്ക്കും അഭിനയിച്ച് പണമുണ്ടാക്കുന്നുണ്ട്. വേണമെങ്കിൽ ഒരു വിലകൂടിയ പ്രീമിയം എസ്‌യുവി വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതേയുള്ളു, കാളിദാസിന്. എന്നിട്ടും എന്തുകൊണ്ടാണ് മഹീന്ദ്ര വാങ്ങിയത്? അതിന് കൃത്യമായ ഉത്തരമുണ്ട്, കാളിദാസിന്. ”ശരിയാണ്, വിദേശ എസ് യു വി കൾ നിരവധിയുണ്ട്.

പക്ഷെ, എന്റെ അഭിപ്രായത്തിൽ, ഇന്ത്യൻ റോഡുകൾക്കു ചേരുന്നത് മഹീന്ദ്ര താറാണ്. 2.5 ലിറ്റർ കോമൺ റെയ്ൽ ഡീസൽ എഞ്ചിൻ വളരെ റിഫൈൻഡാണ്. 105 ബിഎച്ച്പി പവറും മോശമല്ല. 2000 ആർപിഎമ്മിൽത്തന്നെ മാക്‌സിമം ടോർക്ക് കിട്ടുന്നുണ്ട്. നല്ല സസ്‌പെൻഷനും, താറിനുണ്ട്. പിന്നെ മഹീന്ദ്രയുടെ വാഹനങ്ങളെല്ലാം നിർമ്മാണ നിലവാരത്തിന്റെ കാര്യത്തിലും മുന്നിലാണ്. ഇത്രയൊക്കെ ഗുണങ്ങളുള്ള താറിന്റെ വിലയോ വിദേശ എസ്‌യുവികളെക്കാൾ എത്രയോ കുറവ്! ഇതൊക്കെയാണ് ഞാൻ താർ വാങ്ങാനുള്ള കാരണം.”

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആഹാരം എത്തിക്കാനാണ് കാളിദാസ് പ്രധാനമായും തന്റെ താർ ഉപയോഗിച്ചത്. ആഹാരം പാകം ചെയ്യാനായി ഒരു കാറ്ററിങ് കമ്പനിയെ ഏൽപിച്ചിരുന്നു. അവിടെ നിന്നും വിവിധ ക്യാമ്പുകളിലേക്ക് ആഹാരവുമായി കാളിദാസന്റെ താർ ദിവസങ്ങളോളം യാത്ര ചെയ്തു.
”താർ വാങ്ങിച്ച ഉടൻ തന്നെ ഞാൻ പല ആക്‌സസറികളും ഓർഡർ ചെയ്തിരുന്നു. എന്നാൽ അവ ഫിറ്റു ചെയ്യുന്നതിനു മുമ്പു തന്നെ കേരളത്തിലേക്ക് പോന്നതിനാൽ സ്‌റ്റോക്ക് വാഹനമായിത്തന്നെയാണ് താർ ഇവിടെയെത്തിയത്. ഏതായാലും, ഇത്രയും ദിവസം വെള്ളക്കെട്ടിലൂടെ ഓടിക്കഴിഞ്ഞപ്പോൾ, താറിന് സ്‌നോർക്കൽ ഉൾപ്പെടെയുള്ള ഒരു എക്‌സ്ട്രാ ഫിറ്റിങും ആവശ്യമില്ല എന്നു മനസ്സിലായി. ഫാക്ടറിയിൽ നിർമ്മിച്ച അതേ അവസ്ഥയിൽത്തന്നെ ഒരു മികച്ച വാഹനമാണ് മഹീന്ദ്ര താർ,” കാളിദാസ് പറയുന്നു.

Kalidas’ FB posts from flood hit places

ജിത്തുജോസഫിന്റെ സിനിമയുടെ ഷൂട്ടിങ് കഴിയുമ്പോൾ ‘പ്രേമ’ത്തിന്റെയും ‘നേര’ത്തിന്റെയും സംവിധായകനായ അൽഫോൺസ് പുത്രന്റെ പുതിയ സിനിമയിലെ നായകവേഷം കാത്തിരിപ്പുണ്ട്, കാളിദാസിനെ. എന്നാൽ അതിനിടയ്ക്ക് കുറേ മലകൾ താണ്ടാനാണ് നായകന്റെ തീരുമാനം. ”താർ വാങ്ങിയതോടെ, മനസ്സിൽ ഓഫ്‌റോഡ് മോഹങ്ങളൊക്കെ ഉദിച്ചിട്ടുണ്ട്. കാര്യമായ രീതിയിൽ ഓഫ്‌റോഡ് പോകണമെന്നാണ് ആഗ്രഹം,” കാളിദാസ് വ്യക്തമാക്കുന്നു.

ഇനിയുള്ള കാലത്ത്, പ്രളയഭീഷണി നിലനിൽക്കു ന്ന കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങൾ എസ്‌യുവി വാങ്ങുന്നതാണ് നല്ലതെന്നും കാളിദാസ് ഉപദേശിക്കുന്നു. താർ ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ പ്രളയമേഖലകളിൽ യാതൊരു ദുരിതാശ്വാസവും നടത്താനാവാതെ താനും കുടുംബവും പകച്ചു നിന്നേനെ എന്നാണ് കാളിദാസിന്റെ പക്ഷം.

Mahindra Thar getting delivered to Kalidas Jayaram

ചെന്നൈയിൽ വൻ വെള്ളപ്പൊക്കമുണ്ടായ കാലത്ത് ജയറാമും കുടുംബവും പുറത്തിറങ്ങാനാവാതെ വീട്ടിൽ അകപ്പെട്ടു പോയ അനുഭവവും കാളിദാസ് വിവരിച്ചു. അന്നു താർ ഉണ്ടായിരുന്നെങ്കിൽ ദുരിതാശ്വാസ പ്രവർത്തനം നടത്താമായിരുന്നു. ”ഒരുകാര്യം ഞാൻ ശ്രദ്ധിച്ചത് ചെന്നൈയിലെയും കേരളത്തിലെയും ജനങ്ങൾ ഒരേ തരത്തിലാണ് പ്രളയത്തോട് പ്രതികരിച്ചത് എന്നുള്ളതാണ്. ഭാഷയോ സംസ്ഥാനമോ ഒന്നും നോക്കാതെ എല്ലാവരും എല്ലാവരെയും സഹായിക്കുന്ന, മനസ്സ് നിറയ്ക്കുന്ന കാഴ്ചയാണ് ചെന്നൈയിലും കേരളത്തിലും കാണാൻ കഴിഞ്ഞത്. അങ്ങനെ മനുഷ്യന്റെ മനസ്സിലെ നന്മയുടെ കഥകളാണ് എവിടെയും പറയാനുള്ളത്.”

പത്തുദിവസത്തോളം കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ചെലവഴിച്ചപ്പോൾ കാളിദാസ് മനസിലാക്കിയത് രണ്ടു കാര്യങ്ങളാണ് എന്നർത്ഥം.
ഒന്ന്, ഇനിയും കെടാത്ത, മനുഷ്യന്റെ മനസ്സിലെ ജ്വലിക്കുന്ന നന്മ. രണ്ട്, മഹീന്ദ്ര താറിന്റെ അനന്യമായ അജയ്യത.
അങ്ങനെ, മഹീന്ദ്ര താറിന്റെ ഉടമയായതിൽ അഭിമാനിക്കുകയാണ് യുവനായകൻ കാളിദാസ് ജയറാം. മഹീന്ദ്രയ്ക്കും അഭിമാനിക്കാൻ ഒരു കാരണം കൂടി!$

Copyright: Smartdrive magazine, September 2018

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>