Mercedes-Benz launches the new AMG C 43 4MATIC Coupe at Rs. 75 lac
March 15, 2019
Highlander Garage: Treasure Hunter!
March 16, 2019

Magical Realism: Travel to Jatayu Earth’s Center in association with Kerala Tourism

രാജീവ് അഞ്ചൽ രൂപകൽപന ചെയ്ത് നിർമ്മിച്ച ലോകത്തെ ഏറ്റവും വലിയ പക്ഷി ശിൽപമായ ജടായു ശിൽപം

കേരളാ ടൂറിസം ബി ഒ ടി അടിസ്ഥാനത്തിൽ നടപ്പാക്കിയ ആദ്യത്തെ പദ്ധതിയാണ് ചടയമംഗലത്തെ ജടായു എർത്ത്‌സ് സെന്റർ. ദീർഘവീക്ഷണവും കൃത്യമായ ആസൂത്രണവും ഈ ടൂറിസം പ്രോജക്ടിനെ വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാക്കി ഇതിനകം മാറ്റിക്കഴിഞ്ഞിരിക്കുന്നു.

എഴുത്ത്: ജെ ബിന്ദുരാജ് ചിത്രങ്ങൾ: അഖിൽ പി അപ്പുക്കുട്ടൻ

ഇതിഹാസങ്ങൾക്ക് കേവല കഥകളേക്കാൾ വലിയ ചില ദൗത്യങ്ങളുണ്ട്. ഇതിഹാസത്തിലെ ഓരോ കഥകൾക്കും പിന്നിൽ ഓരോരോ ലക്ഷ്യങ്ങളുണ്ട്. ധർമ്മവും അർത്ഥവും കാമവും മോക്ഷവും ഇഴപിരിഞ്ഞുനിൽക്കുന്നു അതിൽ. അഞ്ചാം വേദമെന്ന് അവ വിശേഷിപ്പിക്കപ്പെടുന്നത് അതുകൊണ്ടാണ്. ഭാരതീയ ഇതിഹാസങ്ങളിൽ രാമായണവും മഹാഭാരതവും പറഞ്ഞുവയ്ക്കുന്നതും അതു തന്നെ. മനുഷ്യകഥാനുഗായികളെങ്കിലും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന, സഹവർത്തിത്വ മനോഭാവ മുള്ള മനുഷ്യനാണ് ഈ കഥകളുടെയെല്ലാം പശ്ചാത്തലം. കഴുകനും പാമ്പും പുലിയും മത്സ്യവും മാനും മരങ്ങളും പ്രാണിയും പുഴുവും വരെ കഥാപാത്രങ്ങളാകുന്ന ഈ രാമായണത്തിനും മഹാഭാരതത്തിനും ഭൂമിയുടെ ഹൃദയതാളം മനുഷ്യനിലേക്ക് കാലാകാലങ്ങളിൽ പകർന്നുനൽകുകയെന്ന വലിയൊരു ഉത്തരവാദിത്തമുണ്ടായിരുന്നുവെന്നു വേണം കരുതാൻ. അതുകൊണ്ടു തന്നെ നമ്മുടെ സങ്കൽപങ്ങളിലെ ദേവന്മാരിൽ ചിലർ പക്ഷിപ്പുറത്തേറിയും മറ്റു ചിലർ മൃഗങ്ങൾക്കൊപ്പവും സഞ്ചരിക്കുന്നവരായിട്ടാണ് ഇതിഹാസങ്ങൾ പറയുന്നത്. വായുവും ജലവും അഗ്‌നിയും സൂര്യനുമെല്ലാം ദേവന്മാരാണെന്ന സങ്കൽപത്തിലാണ് ഭാരതീയത നിലകൊള്ളുന്നത്. ജീവന് താങ്ങാവുന്നതെന്തും ദൈവികത്വമാണെന്ന സങ്കൽപമാണതിനു പിന്നിൽ.

ജടായു പാറയിലേക്കുള്ള കേബിൾ കാറുകൾ

അത്തരം സങ്കൽപങ്ങളെ ഊട്ടിവളർത്തുന്നുണ്ട് രാമായണവും മഹാഭാരതവുമെല്ലാം. ഇതിഹാസത്തിലെ കഥാരൂപികളെ യാഥാർത്ഥ്യവുമായി കൂട്ടിയിണക്കാൻ പലപ്പോഴും മനുഷ്യൻ ശ്രമിക്കാറുമുണ്ട്. മിത്തിനെ റിയാലിറ്റിയാക്കി മാറ്റുമ്പോഴാണല്ലോ വിശ്വാസത്തിന് കൂടുതൽ കനം വയ്ക്കുക. കേരളത്തിനുമുണ്ട് രാമായണത്തിലേയും മഹാഭാരതത്തിലേയുമൊക്കെ കഥാസന്ദർഭങ്ങളുടെ പശ്ചാത്തലമായി പിൽക്കാലത്ത് കണക്കാക്കപ്പെട്ട ചില ഇടങ്ങൾ. മഹാഭാരതത്തിൽ പാഞ്ചാലി നീരാടിയ കുളം ഇലവീഴാപൂഞ്ചിറയിലാണെന്നാണ് കണക്കാക്കപ്പെടുന്നതെങ്കിൽ രാമായണത്തിൽ സീതയെ തട്ടിക്കൊണ്ടുപോകുന്ന വഴി ജടായു എന്ന കഴുകനുമായി രാവണൻ ഏറ്റുമുട്ടിയതും രാവണന്റെ വെട്ടേറ്റ് ജടായു ചിറകറ്റ് വീണതും ശ്രീരാമൻ ജടായുവിന് മോക്ഷം നൽകിയതും കൊല്ലത്തിനടുത്ത ചടയമംഗലത്തെ ഒരു പാറയ്ക്കു മുകളിലാണെന്നാണ് വിശ്വാസം.

Jatayu Sculpture by Rajeev Anchal

ദാഹജലത്തിനായി ജടായുവിന് ശ്രീരാമൻ ഗംഗയെ ജടായുമംഗലമെന്ന ചടയമംഗലത്തെ പാറയ്ക്കു മുകളിലേക്ക് എത്തിച്ചുവെന്നും തീർത്ഥജലം ജടായുവിന് മോക്ഷം നൽകിയെന്നു മൊക്കെയാണ് സങ്കൽപം. ശ്രീരാമന്റെ പാദം പതിഞ്ഞയിടവും ജടായുവിന്റെ കൊക്കുരഞ്ഞ പാറയുമെല്ലാം ചടയമംഗലത്തെ ജടായു പാറയിലാണെന്നാണ് വിശ്വാസം. ഇത്തരത്തിലൊരു മിത്തിനെ അതിന്റെ ദേശത്ത്, കഥാസന്ദർഭം പശ്ചാത്തലമാക്കി ഒരു ശിൽപവും അനുബന്ധ വിനോദ പ്രവർത്തനങ്ങളുമായി ചേർത്താൽ കേരളത്തിലെ വിനോദസഞ്ചാര രംഗത്ത് ഒരു മുതൽക്കൂട്ടാകുമെന്ന ചിന്തയാണ് കേരളത്തിലെ ആദ്യത്തെ ബി ഒ ടി ടൂറിസം പ്രോജക്ടായ ജടായു എർത്ത്‌സ് സെന്ററിന് തുടക്കം കുറിച്ചത്.

അഡ്വഞ്ചർ സെന്ററിലെ വിവിധ ആക്ടിവിറ്റികൾ

70 അടി (21 മീറ്റർ) ഉയരവും 150 അടി (46 മീറ്റർ ) വീതിയും 200 അടി (61 മീറ്റർ) നീളവുമുള്ള ലോകത്തെ ഏറ്റവും വലിയ പക്ഷിശിൽപം ഇന്ന് കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സഞ്ചാരികളെയാണ് ആകർഷിച്ചുകൊണ്ടിരിക്കുന്നത്. ചലച്ചിത്ര സംവിധായകനും കലാസംവിധായകനും ശിൽപിയുമൊക്കെയായ രാജീവ് അഞ്ചലാണ് ഉള്ളിൽ വിസ്മയങ്ങൾ ഒരുക്കാൻ പദ്ധതിയിട്ടിട്ടുള്ള ആ ശിൽപം യാഥാർത്ഥ്യമാക്കിയത്. അതിനൊപ്പം തന്നെ ജടായു ശിൽപം കാണാൻ വരുന്നവർക്ക് 560 മീറ്റർ ഉയരത്തിലുള്ള പാറയ്ക്ക് മുകളിലേക്ക് സഞ്ചരിക്കാൻ 16 കേബിൾ കാറുകളും ഇവിടെയുണ്ട്. ഇതിനു പുറമേയാണ് പെയിന്റ് ബോൾ, ഷൂട്ടിങ്, അമ്പെയ്ത്ത്, ബോൾഡറിങ്, റാപ്പെലിങ്ങ്, ചിമ്‌നെ ക്ലൈംബിങ്, ജുമാറിങ്, വെർട്ടിക്കൽ ലാഡർ, ബർമ്മ ബ്രിഡ്ജ്, കമാൻഡോ നെറ്റ്, വാലി ക്രോസിങ്, സൈഡ് ജൂല, ലോഗ് വാക്ക് തുടങ്ങി നിരവധി ആക്ടിവിറ്റികളുള്ള അഡ്വഞ്ചൈർ സെന്ററും ചിപ്‌സൺ ഏവിയേഷനുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന ഹെലികോപ്ടർ റൈഡുമൊക്കെ.

2018 ഓഗസ്റ്റ് മാസം മുതൽ ട്രയൽ റൺ നടത്തുന്ന ചടയമംഗലത്തെ ജടായു എർത്ത്‌സ് സെന്റർ സന്ദർശിക്കാനും വായനക്കാർക്ക് അതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനും കുറച്ചുകാലമായി സ്മാർട്ട് ഡ്രൈവ് ആഗ്രഹിക്കുന്നുണ്ടെങ്കിലും കുട്ടികളുടെ അവധിക്കാലത്തോടനുബന്ധിച്ച് അത് നൽകാനായിരുന്നു എഡിറ്റോറിയൽ ബോർഡിന്റെ തീരുമാനം. പദ്ധതിയുടെ ആദ്യഘട്ടം മാത്രമേ പൂർത്തിയായിട്ടുള്ളുവെങ്കിലും വരാനിരിക്കുന്ന ഘട്ടങ്ങളെപ്പറ്റി അറിയാനും പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കാനുമൊക്കെയായിരുന്നു ഞങ്ങളുടെ തീരുമാനം. നൂറു കോടി രൂപയോളം വരുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇതിനകം 60 കോടിയോളം രൂപ ജടായു എർത്ത്‌സ് സെന്ററിനായി ഗുരുചന്ദ്രിക മുടക്കിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ ഏറ്റവും വ്യത്യസ്തമായ ഈ ബി ഒ ടി ടൂറിസം സൈറ്റിലേക്കാണ് ഈ മാസത്തെ സ്മാർട്ട് ഡ്രൈവിന്റെ യാത്രകളിലൊന്ന്.

Paint Ball game

കൊച്ചിയിൽ നിന്നും ആലപ്പുഴ കൊട്ടാരക്കര വഴി 162 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഞങ്ങൾ ജടായു എർത്ത്‌സ് സെന്ററിലെത്തിയത്. ചടയമംഗലമടുക്കുമ്പോൾ തന്നെ ഉയർന്നു നിൽക്കുന്ന പാറയ്ക്കു മുകളിലുള്ള പടുകൂറ്റൻ ജടായു ശിൽപം കാണാൻ തുടങ്ങും. ഓൺലൈനിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയോ ജടായു എർത്ത്‌സ് സെന്ററിനു പുറത്തുള്ള ഓൺലൈൻ ടിക്കറ്റ് ഏജന്റുമാരിൽ നിന്നും ടിക്കറ്റ് എടുത്തോ മാത്രമേ ജടായു സെന്ററിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ഒരു ദിവസം കേബിൾ കാറിൽ അക്കോമഡേറ്റ് ചെയ്യാനാകുന്ന ത്രയും പേരെ മാത്രം ഉൾക്കൊള്ളുന്നതിനായാണ് ഈ നിബന്ധന ജടായു എർത്ത്‌സ് സെന്റർ മുന്നോട്ടുവച്ചിട്ടുള്ളത്. ഞങ്ങളെ ജടായു എർത്ത്‌സ് സെന്ററിലേക്ക് സ്വാഗതം ചെയ്യാൻ എർത്ത്‌സ് സെന്ററിന്റെ പി ആർ ഒയും മാധ്യമപ്രവർത്തകനുമായ ആദർശ് ഓണാട്ട് നേരത്തെ തന്നെ എത്തിയിരുന്നു. ജടായു എർത്ത്‌സ് സെന്ററിന്റെ വിശാലമായ പാർക്കിങ് ഏരിയയിലേക്ക് ആദർശ് ഞങ്ങളെ നയിച്ചു. എർത്ത്‌സ് സെന്റിന്റെ കവാടത്തിൽ തന്നെ ‘വേറിട്ട ഒരു ലോകത്തേക്ക് പറക്കൂ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം 65 ഏക്കറോളം വരുന്ന ജടായു എർത്ത്‌സ് സെന്ററിലെ മൂന്നേക്കർ സ്ഥലം പൂർണമായും പാർക്കിങ്ങിനായാണ് സജ്ജീകരിച്ചിട്ടുള്ളത്. മുന്നൂറിലധികം വാഹനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാനാകുംവിധം വലുപ്പമുള്ളതാണ് അത്.

Helipad at Jatayu earth’s Center

പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തിയശേഷം ജടായു എർത്ത് സെന്ററിലേക്കുള്ള പ്രവേശന കവാടമായി. ജടായു ശിൽപം കാണാൻ കേബിൾ കാർ ഉപയോഗിച്ച് പോകേണ്ടവർക്ക് ഒരു വഴിയും അഡ്വഞ്ചർ സോണിലേക്ക് പോകേണ്ടവർക്ക് മറ്റൊരു വഴിയുമാണ് ഒരുക്കിയിട്ടുള്ളത്. താഴത്തെ പ്രവേശനസ്ഥലത്ത് വിശാലമായ വാഷ്‌റൂം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഞങ്ങൾ കേബിൾ കാറിൽ പ്രവേശിക്കുന്നതിനായുള്ള സ്ഥലത്തേക്ക് നടന്നു. രണ്ട് നിലകൾക്കു മുകളിലായാണ് കേബിൾ കാറിന്റെ പ്രവേശന സ്ഥലം. നടന്നു കയറാതെ, വി ഐ പി ലോഞ്ചിലെത്തി മുകളിലേക്ക് ലിഫ്റ്റിലായിരുന്നു ഞങ്ങളുടെ നീക്കം. മുകളിൽ നിന്നുള്ള കേബിൾ കാർ ഇപ്പോൾ താഴെ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനായി എത്തും. കേബിൾ കാർ ചെറുതായി നീങ്ങിക്കൊണ്ടിരിക്കുമെന്നതിനാൽ തുറന്ന വാതിലൂടെ ഞങ്ങൾ സൂക്ഷിച്ച് അകത്തേക്ക് കടന്നിരുന്നു. സ്വിറ്റ്‌സർലണ്ടിലെ റവേമ എന്ന കമ്പനിയുടെ കേബിൾ കാറുകളാണ് ഇവിടെയുള്ളത്. ഉഷ ബ്രേക്കോ ലിമിറ്റഡ് എന്ന ഇന്ത്യയിലെ പ്രമുഖ കേബിൾ കാർ ഓപ്പറേറ്റർ തന്നെയാണ് ജടായു എർത്ത്‌സ് സെന്ററിലേയും കേബിൾ കാർ ഓപ്പറേഷന് നേതൃത്വം നൽകുന്നത്. ഇന്ത്യയിൽ മലമ്പുഴയടക്കം എട്ട് സ്ഥലങ്ങളിൽ ഇന്ന് കേബിൾ കാർ പ്രവർത്തിപ്പിക്കുന്നത് ഉഷ ബ്രേക്കോ ലിമിറ്റഡാണ്. ഓപ്പറേഷൻസിന് നേതൃത്വം വഹിക്കുന്ന ഷോബി പി ജേക്കബ് കേബിൾ കാറിന്റെ സവിശേഷതകളെപ്പറ്റി ഞങ്ങളോട് താഴെ വച്ചു തന്നെ വിശദമായി സംസാരിച്ചിരുന്നു. ഓരോ എട്ടുമിനിട്ടിലും കേബിൾ കാറുകൾ താഴേയ്ക്ക് എത്തിക്കൊണ്ടിരിക്കും.

രാമപാദം പതിഞ്ഞയിടം എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം

ഞങ്ങൾ കേബിൾ കാറിലേക്ക് പ്രവേശിച്ചു. സ്റ്റേഷനു പുറത്തു കടക്കുന്നതോടെ ഓട്ടോമാറ്റിക്കായി കേബിൾ കാറിന്റെ ഡോറുകൾ അടയുകയും ഫാൻ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യും. മുകളിലേക്കുള്ള സഞ്ചാരത്തിലാണ് ഇപ്പോൾ കേബിൾ കാറുകൾ. താഴെയാണ് കേബിൾ കാറിന്റെ മോട്ടോർ റൂമും കൺട്രോളിങ് സംവിധാനങ്ങളുമെല്ലാം. 38 എം എം വീതിയുള്ള റോപ്പിൽ ക്ലാമ്പുകൾ ഉപയോഗിച്ചാണ് കേബിൾ കാറുകൾ ഫിറ്റ് ചെയ്തിട്ടുള്ളത്. ഒരേ സമയം 32 പേരെ മുകളിലേക്കും താഴേയ്ക്കുമെത്തിക്കാൻ അതിനാകും. അതായത് ഒരു മണിക്കൂറിൽ ഏകദേശം 400 പേർ. സെക്കൻഡിൽ 4.2 മീറ്ററാണ് കേബിൾ കാറിന്റെ പരമാവധി വേഗം. സ്റ്റേഷനുകളിൽ ഇത് 0.20 മീറ്ററായി ചുരുക്കിയിട്ടുണ്ട്.

Cable cars

ജടായു പാറയിലേക്കുള്ള കയറ്റത്തിൽ ആദ്യം കാണുന്ന പാറക്കെട്ടാണ് അടുക്കളപ്പാറ. രാമായണകാലത്ത് സീതയെ തേടിയിറങ്ങിയ ശ്രീരാമനും ലക്ഷ്മണനും ഇവിടെയാണ് ഭക്ഷണം പാചകം ചെയ്തു കഴിച്ചിരുന്നതെന്നാണ് വിശ്വാസം. പന്ത്രണ്ട് പേർക്ക് ഒരേ സമയം ആയുർവേദ സിദ്ധ ചികിത്സകളിൽ ഏർപ്പെടാവുന്ന പ്രീമിയം കോട്ടേജുകളാണ് ഇവിടെ ഗുരുചന്ദ്രിക പദ്ധതിയിടുന്നത്. അതിനു തൊട്ടടുത്തായി തന്നെ ഒരു വലിയ ഹെലിപാഡും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. സെലിബ്രി റ്റികൾക്ക് അവരുടെ സ്വകാര്യതയ്ക്ക് യാതൊരു ഭംഗവും വരാതെ തന്നെ വിമാനത്താവളത്തിൽ നിന്നും ഈ ഹെലിപാഡിലേക്ക് വന്നിറങ്ങുകയും ഈ റിസോർട്ടിൽ ചികിത്സയ്ക്കുശേഷം മടങ്ങുകയുമാകാം. ഇതിനു തൊട്ടു മുകളിലാണ് ആനപ്പാറ. ആനയുടെ ശരീരം പോലെ തോന്നിപ്പിക്കുന്ന പാറയാണിത്. ഇതിന്റെ താഴ്‌വരയിലാണ് യോഗ ഗ്രാമം പദ്ധതിയിടുന്നത്. അതിനടുത്തുള്ള തുറസ്സായ പ്രദേശങ്ങളിൽ ടെന്റ് സ്ഥാപിച്ച് രാത്രിയിൽ ക്യാമ്പ് ചെയ്യാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു തൊട്ടടുത്തു തന്നെയായാണ് 15 ലക്ഷം ലിറ്റർ ജലം സംഭരിക്കാനാകുന്ന ഒരു മഴവെള്ള സംഭരണി. ജലദൗർലഭ്യം നേരിട്ടിരുന്ന പ്രദേശത്ത് ജലവിതാനം ഉയർത്തുന്നതിനും ധാരാളം മരങ്ങൾ നട്ടുപിടിപ്പിക്കാനുമാണ് ഇവിടെ നിന്നുള്ള ജലം ഇപ്പോൾ ഉപയോഗിച്ചുവരുന്നത്.

ജടായുവിന്റെ കണ്ണിലൂടെ

കേബിൾ കാറിലിരിക്കുമ്പോൾ ഇടയ്ക്കിടെ നല്ല കാറ്റു വീശുന്നുണ്ട്. കാറ്റിന്റെ വേഗം കൂടുമ്പോൾ ഓട്ടോമാറ്റിക്കായി തന്നെ വേഗം കുറയ്ക്കുകയോ നിർത്തുകയോ ചെയ്യുന്ന സംവിധാനം അതിനുണ്ട്. കുത്തനെയുള്ള കയറ്റമായതിനാൽ കയറി വന്ന ഇടവും മുകളിലേക്കുള്ള ഇടവും നന്നായി കാണാം. കേബിൾ സാവധാനം മുകളിലെ സ്റ്റേഷനിലേക്ക് പ്രവേശിക്കുകയാണ്. ഈ സ്റ്റേഷൻ നിരപ്പിൽ മുകളിൽ ജടായു ശിൽപത്തിനരികിലേക്ക് പടവുകൾ നൽകിയിട്ടുണ്ട്. വികലാംഗരായവരെ എത്തിക്കാനുള്ള ഇലക്ട്രിക് വീൽചെയർ സംവിധാനവും പടികൾക്കരികിൽ നൽകപ്പെട്ടിട്ടുണ്ട്. ഞങ്ങൾ പടികളിലൂടെ ജടായു ശിൽപത്തിനടുത്തേക്ക് നീങ്ങി. അടുത്തെത്തിയപ്പോഴാണ് ശിൽപത്തിന്റെ അത്ഭുതകരമായ വലുപ്പം ഞങ്ങളെ കീഴടക്കിക്കളഞ്ഞത്. ശിൽപത്തിനകത്തേക്ക് പ്രവേശിക്കാനുള്ള കവാടത്തിനരികെ കവി ഒ എൻ വി കുറുപ്പിന്റെ ജടായു സ്മൃതി എന്ന കവിത ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിനടുത്തു തന്നെ ശിൽപി രാജീവ് അഞ്ചലിന്റെ പേരും ശിൽപത്തിന് ‘സ്റ്റാച്യു ഓഫ് വിമെൻ സേഫ്റ്റി ആന്റ് ഓണർ’ എന്നും എഴുതിയിരിക്കുന്നു. സ്ത്രീയുടെ സുരക്ഷയുടേയും മാനത്തിന്റേയും പ്രതിമ. ജടായു ഇവിടെ ഒരു പ്രതീകമായി തന്നെ മാറിയിരിക്കുന്നു. സീതയെ ബലമായി തട്ടിക്കൊണ്ടുപോകവേ, അതിനെ ചെറുത്ത വൃദ്ധനായ പക്ഷിവീരനാണല്ലോ ജടായു. സൂര്യന്റെ തേരാളിയായ അരുണന്റെ ഇളയ മകനാണ് ജടായു എന്നാണ് രാമായണം പറയുന്നത്. മൂത്തമകനായ സമ്പാതി ശ്രീരാമന്റെ അച്ഛനായ ദശരഥന്റെ സുഹൃത്തുമായിരുന്നത്രേ.

ജടായുവിന്റെ കൊക്കുരഞ്ഞയിടം. ഇവിടെ ജലം വറ്റാറില്ലത്രേ.

ശിൽപത്തിനടുത്തേക്ക് പ്രവേശിക്കുമ്പോൾ ജടായുവിന്റെ ചിറകറ്റ ഭാഗമാണ് നാം കാണുന്നത്. ചിറകറ്റ ഭാഗത്തു കൂടിയാണ് അകത്തേക്കുള്ള കവാടം. അതിനുള്ളിൽ ജടായുവും രാവണനും തമ്മിലുള്ള യുദ്ധത്തിന്റെ പത്തുമിനിറ്റുള്ള 6 ഡി അനിമേഷനും റിയാലിറ്റിയുമൊക്കെ കലർന്ന സിനിമ പ്രദർശിപ്പിക്കുന്നതിനു പുറമേ, ഒരു അത്ഭുതലോകമായി മാറ്റാണ് രാജീവ് അഞ്ചലിന്റെ നീക്കം. റിയലിസവും സർറിയലിസവും ഫാന്റസികളുമെല്ലാം ഒരുമിക്കുന്ന ഒരിടം. ആ സിനിമ സംവിധാനം ചെയ്യുന്നത് രാജീവ് അഞ്ചൽ തന്നെയാണ്.

Activities at Jatayu Adventure center

രണ്ടാം ഘട്ടത്തിലാണ് അത് വരിക. മുന്നോട്ടു നീങ്ങുമ്പോൾ വിസ്മയകരമായ രീതിയിൽ തീർത്തിരിക്കുന്ന ജടായുവിന്റെ വാൽ ഭാഗവും പിന്നെ മറുചിറകും കാണാം. താഴെ മലർന്നുവീണു കിടക്കുന്ന നിലയിൽ, മുകളിലേക്ക് കൊക്കും കാലുകളും ഉയർത്തിപ്പിടിച്ച നിലയിലാണ് ശിൽപം. അതിനു തൊട്ടടുത്തു തന്നെ കലകളുടെ പ്രകടനത്തിനായി ഒരു ആംഫി തീയറ്റേറും ഒരുക്കിയിരിക്കുന്നു. തൊട്ടടപ്പുറത്ത് തന്നെയാണ് ശ്രീരാമപാദം പതിഞ്ഞ സ്ഥലവും ജടായുവിന് ശ്രീരാമൻ ഗംഗാ ജലം എത്തിച്ച ഇടവും. കടുത്ത വേനലിൽ പോലും പാറയിൽ ഈ ഭാഗത്ത് ജലം വറ്റാറില്ലത്രേ.

ഞങ്ങൾ പണി പൂർത്തിയായിട്ടില്ലെങ്കിലും ജടായു ശിൽപത്തിന്റെ അകത്തെ ലോകത്തേക്ക് കടന്നു. മുകളിലേക്ക് പടവുകളുണ്ട്. ഏറ്റവും മുകളിലെത്തിയാൽ ജടായുവിന്റെ കണ്ണുകളിലൂടെ 360 ഡിഗ്രിയിൽ പുറംകാഴ്ചകൾ മാത്രം കാണാം. ഭൂമിയുടെ മധ്യഭാഗത്ത് നിന്ന് ചുറ്റിലും ദർശിക്കുന്നതുപോലെയിരിക്കും അത്. അതുകൊണ്ടാണ് എർത്ത്‌സ് സെന്റർ എന്ന് ജടായു പാറ പാർക്കിനെ രാജീവ് അഞ്ചൽ നാമകരണം ചെയ്തതു പോലും. താഴേയ്ക്കിറങ്ങിയാൽ റിഫ്രഷ്‌മെന്റിനായി ജ്യൂസും പലഹാരങ്ങളും കാപ്പിയുമൊക്കെ കിട്ടുന്ന സ്റ്റാളുണ്ട്. ജടായു ശിൽപസുഭഗത കണ്ടിട്ടും കണ്ടിട്ടും മതിവരാതെ ഞങ്ങളവിടെ കാറ്റിന്റെ ഹുങ്കാരശബ്ദത്തിനൊപ്പം കൂടി….

ജടായു പാറയ്ക്കടുത്ത് ഒരു രാമക്ഷേത്രം പുതുക്കിപ്പണിതു കൊണ്ടിരിക്കുകയാണിപ്പോൾ. ജടായു പാറയിലെത്തുന്നവർക്ക് ക്ഷേത്രത്തിലേക്ക് കടക്കാമെന്നതിനു പുറമേ, പുറത്തു നിന്നും പടികളിലൂടെ വാക്ക് വേയിലൂടെ ഈ ക്ഷേത്രത്തിൽ എത്തപ്പെടാനാകുന്ന രീതിയിലാണ് ഇത്. പദ്ധതിയുടെ രണ്ടാം ഘട്ടമായി 25 പേർക്ക് താമസിക്കാനാകുന്ന 4 സ്റ്റാർ തലത്തിലുള്ള ഇടവും ലൈവ് ഷോകൾ നടത്താനാകുന്ന ഒരു പെർഫോമൻസ് തീയേറ്ററും രാജീവ് പദ്ധതിയിട്ടിട്ടുണ്ട്. ഇതിനു പുറമേ, ജടായു പാറയിൽ 50,000 ചതുരശ്ര അടിയിൽ രണ്ട് ലെവലുകളായി ഒരു കിഡ്‌സോണും ഒരുക്കും. മരുഭൂമിയിലെ കൊടുംചൂടു മുതൽ അലാസ്‌കയിലെ കൊടുംതണുപ്പു വരെ അനുഭവിക്കാനുള്ള ഒരിടമായിട്ടാണ് ആ ഇടത്തെ രാജീവ് വിഭാവനം ചെയ്തിട്ടുള്ളത്.

12 D ride theatre

ഞങ്ങൾ കേബിൾ കാറിലൂടെ തിരികെ താഴെയ്ക്കിറങ്ങി. താഴെ എത്തുന്ന സ്ഥലത്ത് കുട്ടികൾക്കായുള്ള പ്ലേ ഏരിയയും ഒരു 12 ഡി റൈഡ് തീയേറ്ററുമൊക്കെയുണ്ട്. 12 ഡി തീയേറ്ററിൽ അഞ്ചു മിനിട്ട് ദൈർഘ്യമുള്ള റൈഡാണുള്ളത്. അനിമേറ്റഡ് പാമ്പുകളും മുതലകളുമൊക്കെ റൈഡിനിടയിൽ മുന്നിൽ വരും. പടക്കം പൊട്ടുമ്പോൾ പടക്കത്തിന്റെ ഗന്ധം പരക്കും. പാമ്പ് വിഷം ചീറ്റുമ്പോൾ മുഖത്തേക്ക് വെള്ളത്തുള്ളികൾ സ്‌പ്രേ ചെയ്യും. കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആനന്ദിപ്പിക്കും ഈ 12 ഡി റൈഡ്.

ജടായു പാറയിൽ നിന്നുമിറങ്ങിയശേഷം ഞങ്ങൾ അഡ്വഞ്ചർ സെന്ററിലേക്കാണ് പോയത്. അതിമനോഹ രമായാണ് ഇവിടെ ഗെയിമുകൾ ഒരുക്കിയിട്ടുള്ളത്. പാറക്കെട്ടുകൾക്കിടയിലൂടെയാണ് ഓരോ ഗെയിം സോണുകളിലേക്കും എത്തപ്പെടുന്നത്. അഡ്വഞ്ചർ സെന്റർ ഉപയോഗിക്കുന്നതിന് 500 രൂപയും നികുതിയുമാണ് നൽകേണ്ടത്. കേബിൾ കാറിലൂടെ ജടായു പാറയിലെത്തുന്നതിന് 400 രൂപയും ജി എസ് ടിയും. പെയിന്റ് ബോൾ കളിക്കാൻ കുറഞ്ഞത് എട്ടുപേർ മുതൽ പരമാവധി 120 പേർ ആകാം. ഒരാൾക്ക് 1000 രൂപയും ജി എസ് ടിയുമാണ് നൽകേണ്ടത്. ഹെലികോപ്ടർ റൈഡ് അവധിക്കാലങ്ങളിൽ മാത്രമേയുള്ളു. 2400 രൂപയും ജി എസ് ടിയുമാണ് ഒരാൾക്കുള്ള നിരക്ക്.

ജടായു എർത്ത്‌സ് സെന്റർ വരുന്നതിനു മുമ്പായി ജടായു പാറയും പരിസരവും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിരുന്നു. വർഷങ്ങൾക്കു മുമ്പ് അതിനു പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രയാർ ഗോപാലകൃഷ്ണൻ ജടായു പാറ ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത്. ടൂറിസം ഡിപ്പാർട്ട്‌മെന്റ് ജടായു ശിൽപം നിർമ്മിക്കാൻ നടത്തിയ മത്സരത്തിൽ പങ്കെടുത്ത് വിജയിയായ ആളാണ് രാജീവ് അഞ്ചൽ. ശിൽപത്തിന്റെ നിർമ്മാണത്തിന് തടസ്സം നേരിട്ടപ്പോൾ അന്നത്തെ ടൂറിസം സെക്രട്ടറി ഡോക്ടർ കെ വേണുവാണ് ബി ഒ ടി പദ്ധതിയായി ഇത് നടപ്പാക്കാമെന്ന ആശയം മുന്നോട്ടുവച്ചത്. തുടർന്ന് പല ചർച്ചകൾക്കുശേഷമാണ് പത്തു വർഷം മുമ്പ് രാജീവ് അഞ്ചൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഗുരുചന്ദ്രികയ്ക്ക് ബി ഒ ടി പദ്ധതിയായി 30 വർഷത്തേക്ക് ഈ പദ്ധതി നൽകാൻ സർക്കാർ തീരുമാനിച്ചത്.

Rajeev Anchal, Chairman and MD of Jatayu Earth’s Center who sculpted Jatayu

രാജീവ് അഞ്ചലിന്റെ ദീർഘവീക്ഷണവും വിദേശരാജ്യങ്ങളിലെ ഇത്തരത്തിലുള്ള പദ്ധതികൾ നോക്കിക്കണ്ട് മനസ്സിലാക്കിയ പരിചയവുമൊക്കെയാണ് ജടായു എർത്ത്‌സ് സെന്റർ ഇന്നത്തെ നിലയിൽ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന പദ്ധതികളാകട്ടെ അതിനെ കൂടുതൽ ആകർഷണീയമാക്കുകയും ചെയ്യും. ഈ ബി ഒ ടി പദ്ധതി പ്രദേശത്തേക്ക് റോഡ് നിർമ്മിക്കാനും വൈദ്യുതി കണക്ഷനുമായി സർക്കാരും 10 കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്. പദ്ധതി പ്രദേശങ്ങളിൽ നിന്നുള്ളവരെ തന്നെയാണ് ഇവിടെ ജീവനക്കാരായി നിയമിച്ചിരിക്കുന്നതെന്നതിനു പുറമേ, ഇവിടേയ്ക്ക് ആവശ്യമായ പച്ചക്കറികളും മറ്റും നാട്ടുകാരിൽ നിന്നും സംഭരിക്കുകയും ചെയ്യുന്നതു വഴി ഉത്തരവാദിത്ത ടൂറിസത്തിന് മാതൃക കൂടിയായി മാറുകയാണ് ഇവിടം.

Ethnic Art festival @ Jatayu Earth’s Center

”ലോകത്ത് എല്ലായിടത്തും ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ രൂപകൽപന ചെയ്തത് കലാകാരന്മാരാണ്. പ്രവാസികളുടെ സഹായത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കാൻ ഗുരുചന്ദ്രികയ്ക്ക് കഴിഞ്ഞത്. പദ്ധതിയിലേക്ക് ഒരുമിച്ച് 50 കോടി രൂപയെങ്കിലും നൽകാൻ തയാറുള്ളവരെ പദ്ധതിയിൽ മുതൽമുടക്കാൻ ഞങ്ങൾ ക്ഷണിക്കുന്നു,” രാജീവ് അഞ്ചൽ. സമീപകാലത്ത് ജടായു എർത്ത്‌സ് സെന്റർ ഒരു എത്‌നിക് ഫെസ്റ്റിവൽ സംഘടിപ്പിച്ചത് വൻവിജയമായിരുന്നു. ബൈക്ക് റൈഡർ ക്ലബ്ബുകൾക്കും കോർപ്പറേറ്റുകൾക്കും അഡ്വഞ്ചർ സോൺ ഉപയോഗിക്കാനും ഒപ്പം ജടായു
പാറയിൽ രാത്രി ചെലവിടാനുമുള്ള ഒരു പാക്കേജും ഇപ്പോൾ എർത്ത്‌സ് സെന്റർ വിഭാവനം ചെയ്യുന്നുണ്ട്. വിപുലമായ രീതിയിൽ ഈ പദ്ധതിയുടെ ഉൽഘാടനം നടത്താനാണ് ഗുരുചന്ദ്രിക പദ്ധതിയിടുന്നത്.
കേരളത്തിന് ലോക ടൂറിസ ഭൂപടത്തിൽ ഇടമുണ്ടാക്കി നൽകുന്നു ഈ പക്ഷി ശിൽപവും അനുബന്ധ വിനോദോപാദികളും. ജടായു എർത്ത്‌സ് സെന്ററിൽ നിന്നും തിരികെ കൊച്ചിയിലേക്ക് യാത്ര ചെയ്യുമ്പോൾ എങ്ങനെയാണ് ദീർഘവീക്ഷണത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും കൂടിയ പദ്ധതികൾ കേരളത്തിലെ ടൂറിസ വികസനത്തിന് മുതൽക്കൂട്ടായിക്കൊണ്ടിരിക്കുന്നതെന്നുള്ള ചിന്തയിലായിരുന്നു ഞങ്ങൾ$

Copyright: Smartdrive- March 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>