Hyundai Elite i20 CVT
November 12, 2018
Mahindra’s new Lithium ion electric 3 wheelers set to change the way India travels!
November 16, 2018

Lost In Love: Travel with Manu Varma in a Datsun Go+

ഡാട്‌സൺ ഗോ പ്ലസിന്റെ ഉടമയും ആരാധകനുമാണ് നടൻ മനു വർമ്മ. പരിഷ്‌കരിച്ച പുതിയ ഡാട്‌സൺ ഗോ പ്ലസ് അനുഭവിച്ചറിയാൻ സ്മാർട്ട് ഡ്രൈവിനൊപ്പം തിരുവനന്തപുരത്തെ ചലച്ചിത്ര ലൊക്കേഷനുകളിലൂടെ അദ്ദേഹം നടത്തിയ സഞ്ചാരം ഗൃഹാതുരമായ ഓർമ്മകളിലേക്കും അദ്ദേഹത്തെ കൊണ്ടെത്തിച്ചു…

എഴുത്ത്: ജെ. ബിന്ദുരാജ്, ഫോട്ടോ: അഖിൽ പി അപ്പുക്കുട്ടൻ

തിരുവനന്തപുരം കൈമനം ജംഗ്ഷനിൽ നിന്നും കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലേക്കുള്ള വഴി തീരെ ഇടുങ്ങിയതാണ്. തിരുവനന്തപുരത്തെ ഒട്ടുമിക്ക ഇടവഴികളേയും പോലെ തന്നെ ഇടുങ്ങിയ ഒന്ന്. ആ വഴിയുടെ ഏറ്റവും അറ്റത്തുള്ള ഗൗരീശങ്കരം എന്ന വീടാണ് നടൻ മനു വർമ്മയുടേത്. അച്ഛനും നഅഭിനേതാവുമായിരുന്ന ജഗന്നാഥവർമ്മ തൊണ്ണൂറുകളുടെ ഒടുവിൽ പണി കഴിപ്പിച്ചതാണത്. തൃപ്പൂണിത്തുറയിലാണ് തറവാടെങ്കിലും അച്ഛൻ തിരുവനന്തപുരത്തേക്ക് ജയിൽ സുരക്ഷാ ഉദ്യോഗസ്ഥനായി സ്ഥലംമാറ്റം കിട്ടി പോന്നതിൽപ്പിന്നെ ഇവിടെ തന്നെയാണ് താമസം. ഈ ഇടുങ്ങിയ വഴികളിലൂടെ വീട്ടിലേക്ക് എത്തിക്കാനാകുന്ന, കൂടുതൽ പേർക്കിരിക്കാവുന്ന ഒരു വാഹനത്തെപ്പറ്റിയുള്ള അന്വേഷണത്തിലായിരുന്നു കുറെക്കാലം മനുവർമ്മ. ടെയോട്ട ഇന്നോവ പോലുള്ള വാഹനങ്ങൾ ആ വഴിയിലിട്ട് തിരിക്കാനും ഇറക്കിക്കൊണ്ടുപോകാനും അത്ര എളുപ്പവുമല്ല. അങ്ങനെയാണ് അദ്ദേഹം ഡാട്‌സൺ ഗോ പ്ലസിൽ തന്റെ വാഹന പങ്കാളിയെ കണ്ടെത്തുന്നത്. വീട്ടിലേക്കുള്ള വഴിയിൽ അനായാസേനെ തിരിച്ചെടുക്കാനാകു മെന്നു മാത്രമല്ല ഏഴു പേർക്ക് സഞ്ചരിക്കാനുമാകും ആ വാഹനത്തിൽ. വാഹനങ്ങൾ ദീർഘകാലം ഉപയോഗിക്കാനുള്ളതല്ലെന്നും ഇടയ്ക്കിടെ മാറ്റാനുള്ളതുമാണെന്ന് വിശ്വസിക്കുന്ന ആളായതിനാൽ അധികം വില കൊടുത്ത് ആഢംബര വാഹനങ്ങൾ വാങ്ങുന്നത് നല്ലതല്ലെന്ന പക്ഷക്കാരനുമാണ് അദ്ദേഹം. താങ്ങാനാകുന്ന വിലയിൽ കൂടുതൽ സൗകര്യങ്ങളുള്ള ഒരു വാഹനം തേടിയപ്പോൾ ഡാട്‌സൺ ഗോ പ്ലസിനേക്കാൾ മെച്ചപ്പെട്ട മറ്റൊന്ന് കണ്ടെത്താൻ അദ്ദേഹത്തിനായില്ല താനും.

Actor Manu Varma in a Datsun Go+ at Vellayani

”ഡാട്‌സൺ ഒരു ജാപ്പനീസ് വാഹന നിർമ്മാതാവാണെന്നും നിസ്സാൻ എന്ന ബ്രാൻഡിന്റെ ഉപകമ്പനിയാണെന്നും അറിയാവുന്ന മലയാളികൾ ചുരുക്കമാണ്. ഈ വാഹന ബ്രാൻഡ് വിപണിയിലെത്തിയ സമയത്താണ് ഞാൻ ഗോ പ്ലസിനെപ്പറ്റി കേൾക്കുന്നതും വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതും. കാഴ്ചയിലും സൗകര്യങ്ങളിലും എനിക്കത് ഇഷ്ടപ്പെട്ടു. നഗരത്തിലെ ഡ്രൈവിങ്ങിനു മാത്രമല്ല ഹൈവേയിലൂടെയുള്ള ദീർഘദൂര ഓട്ടത്തിനും ഗംഭീരമാണ് ഈ വാഹനത്തിന്റെ പ്രകടനം. 120 കിലോമീറ്റർ വേഗത്തിൽ വരെ ഹൈവേയിൽ ഞാനിത് ഓടിച്ചിട്ടുണ്ട്. മികച്ച ടേണിങ് റേഡിയസ് ഉള്ളതിനാൽ വാഹനം അതിവേഗം തിരിച്ചെടുത്ത് ഓടിച്ചുകൊണ്ടുപോകാനുമാകും,” മനുവർമ്മ പറയുന്നു. വെളുത്ത നിറത്തിലെ ഡാട്‌സൺ ഗോ പ്ലസ് എറണാകുളത്തേക്കും തൃശൂരിലേക്കുമൊക്കെ നിരന്തരം ഷൂട്ടിങ് ആവശ്യങ്ങൾക്കായി മനു വർമ്മ ഓടിക്കാറുണ്ട്. മികച്ച സസ്‌പെൻഷനും ഡ്രൈവിങ് കംഫർട്ടുമുള്ളതിനാൽ ഈ യാതകളെല്ലാം തന്നെ അനായാസകരമായാണ് അദ്ദേഹത്തിന് അനുഭവപ്പെടുന്നതും.

ഒരു പ്രമുഖ സെലിബ്രിറ്റി ഡാട്‌സൺ ഗോ പ്ലസ് എന്ന ചെറിയ ബജറ്റിലൊതുങ്ങുന്ന വാഹനം എന്തുകൊണ്ട് ഉപയോഗിക്കുന്നുവെന്ന ചോദ്യമാണ് മനു വർമ്മയുടെ അടുത്തേക്ക് എത്തിക്കാൻ സ്മാർട്ട് ഡ്രൈവിനെ പ്രേരിപ്പിച്ച പ്രധാന ഘടകം. മാത്രവുമല്ല, ഇപ്പോൾ പുറത്തിറങ്ങിയ ഡാട്‌സൺ ഗോ പ്ലസിന്റെ പരിഷ്‌കരിച്ച പതിപ്പിനെപ്പറ്റി നൂറു നാവുമാണ് അദ്ദേഹത്തിന്. പുതിയ ഡാട്‌സൺ ഗോ പ്ലസിൽ അദ്ദേഹത്തോടൊപ്പം തിരുവനന്തപുരത്തു കൂടി ഒരു യാത്ര ഞങ്ങൾ പദ്ധതിയിട്ടത് അങ്ങനെയാണ്. കൊച്ചിയിലെ ഇ വി എം നിസ്സാനിൽ നിന്നും പുതിയ ഗോ പ്ലസ് സ്മാർട്ട് ഡ്രൈവിന്റെ ഓഫീസിൽ നിന്നും തിരുവനന്തപുരത്ത് മനു വർമ്മയുടെ വസതിയിലേക്ക് യാത്ര പോകാൻ തയാറായത്. ഡേ ടൈം റണ്ണിങ് ലാമ്പോടു കൂടിയ മസ്‌കുലാർ ബമ്പറും ഫോളോ മീ ഹോം ഹെഡ്‌ലാമ്പുകളും 14 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ബോഡിയുടെ നിറത്തിലുള്ള ഇലക്ടിക്കൽ മിററുകളും റിവേഴ്‌സ് പാർക്കിങ് സെൻസറും രണ്ട് എയർ ബാഗുകളും ആപ്പിൾ കാർപ്ലേയും ആൻഡ്രോയ്ഡ് ബ്ലൂടൂത്ത് ഓട്ടോയും സപ്പോർട്ട് ചെയ്യുന്ന ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌മെന്റ് സിസ്റ്റവും ഡിജിറ്റൽ അനലോഗ് മീറ്റർ കൺസോളുമൊക്കെയുള്ള പുതിയ ഗോ പ്ലസ് ശരിക്കുമൊരു താരം തന്നെയാണ്.

കൂടുതൽ സാങ്കേതിക സംവിധാനങ്ങളോടെയും ഇന്റീരിയറിലേയും എക്സ്റ്റീരിയറിലെയും മാറ്റങ്ങളോടെയും അണിഞ്ഞൊരുങ്ങി വന്ന ഡാട്‌സൺ ഗോ പ്ലസ് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തന്നെ ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി. അതിവേഗം മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനും എ ബി എസും ഇ ബി ഡിയും ബ്രേക്ക് അസിസ്റ്റ് സംവിധാനവുമൊക്കെയുള്ളതിനാൽ മികച്ച സുരക്ഷയൊരുക്കാനും ഗോ പ്ലസിനായി. കേവലം നാലു മണിക്കൂറിനുള്ളിൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പറന്നെത്താൻ ഗോ പ്ലസിനായി. 5000 ആർ പി എമ്മിൽ 68 ബി എച്ച് പി ശേഷിയും 4000 ആർ പി എമ്മിൽ 104 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള 1198 സി സിയുടെ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ വാഹനമാണിത്. മുന്നിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണുള്ളത്. 180 എം എം ഗ്രൗണ്ട് ക്ലിയറൻസ് ഉള്ളതിനാൽ ഏത് കുണ്ടിലും കുഴിയിലും അടിതട്ടാതെ പോകുകയും ചെയ്യും. മൂന്നാം നിര സീറ്റ് മടക്കി വച്ചാൽ 347 ലിറ്റർ ബൂട്ട് സ്‌പേസ് ലഭിക്കുന്നതിനാൽ ഒരു യാത്രയ്ക്കാവശ്യമായതെല്ലാം വാഹനത്തിൽ സൂക്ഷിക്കാനുമാകും. മൈലേജാകട്ടെ ലിറ്ററിന് 19.83 കിലോമീറ്ററും! എക്‌സ്‌ഷോറൂം വിലയാകട്ടെ 4.08 ലക്ഷം രൂപ മുതൽ 5.82 ലക്ഷം രൂപ വരെ മാത്രവും! വിലയ്‌ക്കൊത്ത മൂല്യമെന്ന് നിസ്സംശയം പറയാനാകുന്ന സൃഷ്ടി!

പുതിയ ഗോ പ്ലസിനെ കാത്തിരിക്കുകയായിരുന്നു മനു വർമ്മ. ഞങ്ങൾ വീട്ടിലെത്തിയപ്പോൾ അമ്മ ശാന്ത വർമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു അദ്ദേഹത്തിനൊപ്പം വീട്ടിൽ. ആകാശവാണിയിലെ ഗായികയായിരുന്നു ശാന്ത വർമ്മ. ഭാര്യയും നടിയുമായ സിന്ധു വർമ്മ ഏറ്റവും ഇളയ മകൾ ശ്രീഗൗരിയെ സ്‌കൂളിലാക്കാൻ പോയിരിക്കുന്നു. സിന്ധുവിലെ ബാലതാരമായി തന്നെ നാട്ടുകാർക്ക് അറിയാം. തലയണമന്ത്രത്തിൽ ഇന്നസെന്റിന്റെ വഴക്കാളിയായ മകളായി പ്രത്യക്ഷപ്പെടുന്ന ആ കുസൃതിക്കാരി തന്നെ. മനുവിന്റെ രണ്ടാമത്തെ മകൻ ഗിരിധർ പ്ലസ് ടു വിദ്യാർത്ഥിയാണ്. മൂത്തമകൻ അക്ഷയ് അമേരിക്കയിൽ ഉപരിപഠനത്തിലും. നിലവിൽ താൻ ഉപയോഗിക്കുന്ന ഡാട്‌സൺ ഗോ പ്ലസിനൊപ്പം ചില ചിത്രങ്ങളെടുത്തശേഷം മനു വർമ്മ പുതിയ ഡാട്‌സൺ ഗോ പ്ലസിന്റെ സീറ്റിൽ അമർന്നു. വാഹനം മനസ്സിലാക്കിയശേഷമുള്ള മനുവിന്റെ ആദ്യ കമന്റ് കൂട്ടച്ചിരി ഉണർത്തി. ”നേരത്തെ ഡാട്‌സൺ ഗോ പ്ലസ് വാങ്ങിയ ഞാൻ മണ്ടനായിരിക്കുന്നു. പുതിയ ഗോ പ്ലസിൽ ഇല്ലാത്തതൊന്നുമില്ല. ഈ വിലയ്ക്ക് ഇത്തരമൊരു കാർ സങ്കൽപങ്ങൾക്കപ്പുറമാണ്,” മനു തന്റെ യാത്ര ആരംഭിച്ചു.


ചലച്ചിത്ര സിനിമാ പ്രവർത്തകരുടെ തിരുവനന്തപുരത്തെ ഇഷ്ട ലൊക്കേഷനായ വെള്ളായണിയിലേക്കാണ് ഗോ പ്ലസിന്റെ പോക്ക്. പ്രദേശത്ത് ഏറ്റവും ജനകീയനാണ് മനു വർമ്മയെന്ന് അറിയാത്തവരില്ല. നാട്ടുകാരെ എല്ലാവരേയും തന്നെ നന്നായി അറിയാം. പലരേയും പേരു ചൊല്ലി വിളിക്കാവുന്നത്ര അടുപ്പം. സിനിമയ്‌ക്കൊപ്പം ടെലിവിഷൻ പരമ്പരകളിൽ തൊണ്ണൂറുകൾ മുതൽ ഇതുവരെ സജീവമായി നിലകൊള്ളുന്നതിനാൽ അയൽപക്കത്തെ പയ്യനെന്ന പോലെ എല്ലാവർക്കും മനു വർമ്മയോട് നല്ല അടുപ്പവുമുണ്ട്. 1989 മുതൽ ഇതുവരെ 72 സിനിമകളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും മനു അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു. അഭിനയത്തിൽ മൂന്നു ദശാബ്ദം പിന്നിട്ടിരിക്കുന്ന ഈ നടൻ ഇപ്പോൾ ശ്രീകാന്ത് നായരുടെ വണ്ടർ ബോയ്‌സിലും സാബുവിന്റെ വിശുദ്ധപുസ്തകത്തിലുമാണ് വേഷമിട്ടുകൊണ്ടിരിക്കുന്നത്.

ഗോ പ്ലസ് വെള്ളായണിയിലെ ആമ്പലുകൾ നിറഞ്ഞുനിൽക്കുന്ന ജലാശയങ്ങൾക്കിടയിലുള്ള പാതയിലൂടെയാണിപ്പോൾ നീങ്ങുന്നത്. സുന്ദരമാണ് അവിടത്തെ ദൃശ്യങ്ങൾ. ഉച്ചവെയിലാണെങ്കിലും നാട്ടുകാർ പലരും പൊയ്കയിൽ ചൂണ്ടയിട്ട് മീൻപിടിക്കാനിരിക്കു കയാണ്. അവിടേയ്ക്ക് കടക്കുന്ന വഴിയിൽ കിരീടത്തിൽ മോഹൻ ലാൽ കഥാപാത്രമായ സേതുമാധവന്റെ നിർണായക രംഗങ്ങൾ പലതും ചിത്രീകരിച്ച ചെറിയ പാലത്തിനടുത്തെത്തിയപ്പോൾ മനു ‘കണ്ണീർപൂവിന്റെ കവിളിൽ തലോടി’ എന്ന ഗാനം മൂളാൻ തുടങ്ങി. ”വെള്ളായണിയിലെ ഈ പ്രദേശത്ത് എത്രയോ സീരിയലുകളുടെ ഷൂട്ടിങ്ങിനായി ഞാൻ എത്തിയിട്ടുണ്ട്. ഈ പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ പുതിയ ഡാട്‌സൺ ഗോ പ്ലസ് ശരിക്കും തിളങ്ങുമെന്നുറപ്പാണ്. ഗ്രാമ്യമായ വഴികളിലൂടെ എത്ര ലാഘവത്തോടെയാണ് ഗോ പ്ലസ് സഞ്ചരിക്കുന്നതെന്നു നോക്കൂ,” ചെറിയ ചെങ്കല്ലുപാതയിലൂടെ അസാമാന്യ ഡ്രൈവിങ് വൈദ്ഗധ്യത്തോടെ ഡാട്‌സൺ ഗോ പ്ലസിനെ നയിക്കുമ്പോൾ മനുവിന്റെ കമന്റ്. വീട്ടിൽ അംബാസിഡറും ജീപ്പുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും കുട്ടിക്കാലത്ത് മനുവിനെ ഡ്രൈവിങ് പഠിപ്പിച്ചത് ഒരു ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറാണ്. ‘ടാക്‌സി ഡ്രൈവറിൽ നിന്നും ഡ്രൈവിങ് പഠിച്ചതിനാൽ ഏതു ചെറിയ സ്ഥലത്തു കൂടിയും വാഹനം നുഴഞ്ഞുകയറ്റിക്കൊണ്ടു പോകാൻ എനിക്കാകും. ഗോ പ്ലസ് നുഴഞ്ഞുകയറിപ്പോകുന്നത് നോക്കിയിരുന്നു കൊള്ളൂ,’ മനു ഗോ പ്ലസിന്റെ ഞങ്ങൾക്കറിയാത്ത ചില കഴിവുകൾ കൂടി പരിചയപ്പെടുത്താനുള്ള ഉദ്യമത്തിലാണ്.

അച്ഛൻ ജഗന്നാഥ വർമ്മ മനുവിന് എല്ലാക്കാലത്തും ഒരു കളിക്കൂട്ടുകാരൻ പോലെയായിരുന്നു. അച്ഛനൊപ്പം യാത്ര പോയ കഥകളാണ് മനു പറഞ്ഞുകൊണ്ടിരിക്കുന്നത്. ”തൃശ്ശൂരിലേക്ക് യാത്ര പോയപ്പോൾ ഒരിക്കൽ അച്ഛൻ വാഹനം ഒരു പോത്തിന്റെ പിന്ിൽ കൊണ്ടു ചെന്നിടിച്ചിട്ടുണ്ട്. ഭാഗ്യത്തിനാണ് പോത്ത് രക്ഷപ്പെട്ടത്,” മനുവിന് പൊട്ടിച്ചിരി. 2016 ഡിസംബറിലായിരുന്നു അച്ഛന്റെ മരണം. അച്ഛനും അമ്മയും കലാകാരികളായതിനാൽ മനുവിനും സഹോദരനും ബംഗലുരുവിലെ പ്രമുഖ പരസ്യചിത്ര സംവിധായകനുമായ പ്രകാശ് വർമ്മയ്ക്കും കല രക്തത്തിൽ തന്നെയുണ്ട്. മാർ ഇവാനിയോസ് കോളെജിൽ പ്ലസ് ടുവും ബിരുദത്തിനും പഠിക്കുന്ന കാലയളവിൽ മൂന്നു വർഷവും കോളെജിലെ ബെസ്റ്റ് ആക്ടർ പുരസ്‌കാരം മനുവിനാണ് ലഭിച്ചിട്ടുള്ളത്. ഒരു തവണ യൂണിവേഴ്‌സിറ്റി ബെസ്റ്റ് ആക്ടറുമായി. അമ്മയിൽ നിന്നും പാട്ടും കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന്. നിരവധി ഭക്തിഗാന കാസറ്റുകൾക്കായി മനു പാടിയിട്ടുണ്ട്. പഠനത്തിനുശേഷം ബ്ലൂ സ്റ്റാറിന്റെ മാർക്കറ്റിങ് മാനേജറായി ടെക്‌നോക്രാറ്റിലും പങ്കജ് ഹോട്ടലിന്റെ ഫ്രണ്ട് ഓഫീസിലുമൊക്കെ തൊഴിലെടുത്തശേഷമാണ് അഭിനയരംഗ്‌ത്തേക്ക് പൂർണമായും മനു വർമ്മ ചുവടു മാറിയത്. ”യെസ്ഡിയുടെ റോഡ് കിങ് ആയിരുന്നു എന്റെ ആദ്യ വാഹനം. സ്വയം അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ആദ്യം വാങ്ങിയ വാഹനം ഹ്യുണ്ടായ് സാൻട്രോ ആയിരുന്നു”. പിന്നെ ടാറ്റ ഇൻഡിക്ക, മാരുതി സെൻ, എസ്റ്റീം തുടങ്ങിയ വാഹനങ്ങളുപയോഗിച്ചശേഷമാണ് ഡാട്‌സൺ ഗോ പ്ലസിനെ മനു വർമ്മ കണ്ടതും പ്രണയിച്ചതും. ഭാര്യ സിന്ധുവിനേയും പ്രണയിച്ചു ത്‌ന്നെയാണ് മനു വിവാഹം ചെയ്തത്. സുന്ദരമായതെന്തിനോടും സുമുഖനായ മനുവിന് പ്രത്യേക സ്‌നേഹം തന്നെയുണ്ടെന്നു തോന്നുന്നു.


ചൂട് കനക്കുകയാണെങ്കിലും ഡാട്‌സൺ ഗോ പ്ലസിലെ തകർപ്പൻ എസി അതൊന്നും അകത്തേക്ക് അറിയിക്കുന്നില്ല. മികച്ച കൂളിങ്ങിനു പുറമേ സ്പീക്കറുകളിൽ സുവ്യക്തമായ ശബ്ദത്തിൽ ഗാനവും കേൾക്കാം. ”ഡ്രൈവിങ്ങിനെ ഇത്രത്തോളം കംഫർബിൾ ആക്കുന്ന താങ്ങാനാകുന്ന നിരക്കിലുള്ള മറ്റൊരു വാഹനം വേറെ ഇല്ലെന്നു തന്നെ പറയാം. ഡാഷ് ബോർഡ് ഇപ്പോൾ ഗംഭീരമാക്കിയിട്ടുണ്ട്. ഇഷ്ടം പോലെ സ്റ്റോറേജ് സ്‌പേസും നൽകിയിരിക്കുന്നു. ഡ്യുവൽ ടോൺ ഡാഷ്‌ബോർഡിന് ശരിക്കും ഒരു പ്രീമിയം ഫീലുണ്ട്,” മനു പറയുന്നു. ഡാട്‌സൺ ഗോ പ്ലസിൽ വന്ന മാറ്റങ്ങളെല്ലാം തന്നെ സസശ്രദ്ധം പഠിച്ചുകൊണ്ടിരിക്കുകയാണ് മനുവെന്ന് വ്യക്തം. വെള്ളായണിയിൽ നിന്നും തിരുവന്തപുരത്തെ മലയാളി സിനിമാപ്രവർത്തകരുടെ ഇഷ്ട ലൊക്കേഷനാ യ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്കാണ് ഗോ പ്ലസിന്റെ സഞ്ചാരം. ഇടയ്ക്ക് വഴിവക്കിലുള്ള ഒരു ചെറിയ കടയ്ക്കു മുന്നിൽ മനു വർമ്മ ഗോ പ്ലസ് നിർത്തി പുറത്തിറങ്ങി. കടയിലേക്ക് നടന്നുവരുന്ന ഇഷ്ട നടനെ കണ്ടപ്പോൾ കടക്കാരിയുടെ കണ്ണുകളിൽ സന്തോഷത്തിളക്കം. ”നാരങ്ങാ സോഡയും ഉപ്പും ചേർത്ത്,” മനു. ഫോട്ടോഗ്രാഫർ അഖിൽ ആ ദൃശ്യം ഗോ പ്ലസിന്റെ പശ്ചാത്തലത്തിൽ ഒപ്പിയെടുത്തു. തീർത്തും ജനകീയനായ ഒരു നടനെ സംബന്ധിച്ച്, പെരുമാറ്റത്തിലെ ആ സവിശേഷതകൾ വ്യക്തമാക്കാൻ ഇതിനേക്കാൾ ശക്തമായ വേറെ ഏതു ചിത്രത്തിനു കഴിയും?

ഗോ പ്ലസ് ചിത്രാഞ്ജലിയിലേക്ക് കടന്നു. മനുവിനാണെങ്കിൽ എൺപതുകൾ മുതൽ ഈ സ്റ്റുഡിയോയിൽ നിരവധി ഷൂട്ടിങ്ങുകൾക്കായി എത്തിയിട്ടുള്ളതിനാൽ മുക്കും മൂലയുമൊക്കെ നന്നായി അറിയാം. ഗോ പ്ലസ് സ്റ്റുഡിയോയിലേക്കുള്ള കുന്നിൻ മുകളിലേക്കുള്ള കയറ്റത്തിലാണ്. ചുറ്റും പൂക്കളും ചെടികളും നിറഞ്ഞ നിരത്ത് പിന്നിട്ട്, കാട് ചിത്രീകരിക്കാനാകുന്ന സ്ഥലവും ഗാനരംഗങ്ങളുടെ ചിത്രീകരണത്തിനായുള്ള പ്രകൃതി സുന്ദരപശ്ചാത്തലങ്ങളിലുമെല്ലാം ഗോ പ്ലസിനൊപ്പം മനു വർമ്മ ചിത്രങ്ങൾക്കായി പോസ് ചെയ്തു. ഏറ്റവും ഉയരത്തിലെത്തിയപ്പോൾ മനു പഴയൊരു ഭയപ്പെടുത്തുന്ന ഓർമ്മ പങ്കുവച്ചു.

”കുന്നിന്റെ മുകളിൽ ഞാൻ കുതിരപ്പുറത്തുള്ള രംഗം ചിത്രീകരിക്കുന്ന സമയം. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വിമാനമിറങ്ങുന്നത് ഈ കുന്നിന്റെ മുകളിലൂടെ കുറഞ്ഞ ഉയരത്തിലാണ്. താഴെ അഗാധമായ താഴ്ചയാണ്. ഷൂട്ടിങ്ങിനായി കുതിരപ്പുറത്തിരിക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ് അതിശബ്ദത്തോടെ ഒരു വിമാനം തലയ്ക്കുമേലെ ലാൻഡിങ്ങിനായി പറന്നിറങ്ങിയത്. കുതിര പരിഭ്രാന്തമായി എന്നേയും കൊണ്ട് നിയന്ത്രണമില്ലാതെ താഴേയ്ക്ക് ഓടി. ഭാഗ്യത്തിനാണ് വിമാനത്തിന്റെ ശബ്ദം അകന്നുപോയതും അത് സമനില പാലിച്ചതും. അതെല്ലെങ്കിൽ മനു വർമ്മയും കുതിരയും താഴെ ശവമായി കിടന്നേനെ. ഗോ പ്ല സിനൊപ്പം ഈ ചിത്രീകരണത്തിന് ഞാനുണ്ടാവുകയു മില്ലായിരുന്നു,” മനുവിന് പൊട്ടിച്ചിരി. ചിത്രാഞ്ജലിയിലേക്കെത്തിയപ്പോഴാണ് മനുവിന്റെ മനസ്സിലുള്ള മറ്റൊരു മോഹവും പുറത്തുവന്നത്. സംവിധായകനാകാനുള്ള മോഹം.

”ഇതിനകം ഒന്നു രണ്ടു പേരുടെ തിരക്കഥകൾ ഞാൻ കേൾക്കുകയുണ്ടായി. അതിലൊന്ന് ത്രില്ലറും മറ്റൊന്ന് കോമഡിയുമാണ്. നല്ല തിരക്കഥ ഒത്തുവന്നാൽ സംവിധായകന്റെ മേലങ്കിയിൽ അധികം വൈകാതെ തന്നെ എന്നെ കാണാം,” മനു പറയുന്നു. മനുവിന്റെ പെങ്ങൾ പ്രിയയുടെ ഭർത്താവ് സംവിധായകൻ വിജി തമ്പിയാണ്. ഗോ പ്ലസിൽ ഞങ്ങളെ ചിത്രാഞ്ജലി സ്റ്റുഡിയോ ചുറ്റിക്കാണിച്ചുകൊണ്ടിരിക്കേ, ഗോ പ്ലസിന്റെ ലുക്കിൽ വന്ന മാറ്റങ്ങളെപ്പറ്റിയായിരുന്ന മനുവിന്റെ സംസാരം. കൂടുതൽ വലുപ്പമുള്ള ടയറുകളായത് ഭംഗിയും ഒതുക്കവും വർധിപ്പിച്ചിട്ടുണ്ടെന്നും അലോയ് വീലുകൾ തന്നെ അസൂയപ്പെടുത്തുന്നുവെന്നും പറയാൻ മനു മറന്നില്ല.

ഗോ പ്ലസിലുള്ള സഞ്ചാരം മനുവിന്റെ കഥകളിലൂടെയുള്ള ഒരു സഞ്ചാരം കൂടിയായിരുന്നു. പത്മരാജന്റെ മൂന്നാംപക്കത്തിൽ നായകവേഷം വാഗ്ദാനം ചെയ്യപ്പെട്ടിട്ട് അഭിനയിക്കാനാകാതെ പോയതിന്റെ വിഷമം ഇന്നുമുണ്ട് മനുവിന്. പ്രേം നസീറിനൊപ്പം അഭിനയിക്കാനായില്ലെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ആഘോഷവേളയിൽ അച്ഛന് പങ്കെടുക്കാനാകാതെ പോയപ്പോൾ പ്രേം നസീറിന്റെ കൈയിൽ നിന്നും മെമന്റോ അച്ഛനു വേണ്ടി സ്വീകരിച്ചതും ജഗന്നാഥ വർമ്മയുടെ മകനാണെന്നറിഞ്ഞപ്പോൾ നസീർ സാർ വാത്സല്യത്തോടെ പെരുമാറിയതുമൊക്കെ ആ കഥകളിലുണ്ട്. എന്തിന്, തന്റെ യഥാർത്ഥ നാമം പ്രദീപ് എന്നായിരുന്നുവെന്നും ഒരു വാരികയിൽ സുധാകർ മംഗളോദയത്തിന്റെ നോവലിൽ മനു എന്ന കഥാപാത്രത്തെ തന്റെ രൂപത്തിലൂടെ ചിത്രീകരിച്ചതോടെയാണ് താൻ നോവലിലൂടെ കുടുംബങ്ങൾക്ക് മനുവായി മാറിയതും തിക്കുറിശ്ശി തന്നെ മനു വർമ്മയായി പുനർനാമകരണം ചെയ്തതും വരെ ആ കഥകളിലുണ്ട്.


ഗോ പ്ലസിലുള്ള സഞ്ചാരം മനുവിനെ അക്ഷരാർത്ഥത്തിൽ പഴയ ജീവിതത്തിലേക്കുള്ള ഒരു മടക്കയാത്ര തന്നെയായിരുന്നുവെന്നു ചുരുക്കം. പുതിയ ഗോ പ്ലസിലേക്ക് മാറാനുള്ള ഒരു മനസ്സ് തന്നെയാണ് സഞ്ചാരത്തിനൊടുവിൽ മനു എടുത്തുപറഞ്ഞതും…$

Vehicle Provided By:
EVM Nissan
Kerala
Ph: 9544844411

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>