SML ISUZU: Valloor Motors: Growing Together
December 12, 2018
Ready To Go: Seema Suresh in a Datsun Go!
December 13, 2018

JAWA: The Return of the Legend

മോട്ടോർസൈക്കിളുകളിലെ ഇതിഹാസമായ ജാവയുടെ കഥ. കൊച്ചിയിൽ പിറവിയെടുക്കുന്ന ക്ലാസിക് ജാവ ഡീലർഷിപ്പിനേയും പരിചയപ്പെടൂ…

എഴുത്ത്: ജുബിൻ ജേക്കബ്

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി ലോകം ഉറ്റുനോക്കിയത് ഇന്ത്യയിൽ നടന്ന ഒരു ചടങ്ങിലേക്കായിരുന്നു. ജാവാ എന്ന ബ്രാൻഡിന്റെ തിരിച്ചുവരവ്. യൂറോപ്പിലുള്ള ക്‌ളബ്ബുകൾ പോലും ആവേശപൂർവ്വം ലൈവ് വീഡിയോകൾ കണ്ട് ആർത്തുവിളിച്ച ദിനം. അതേ, ഇന്ത്യയിലെ ക്‌ളാസ്സിക് ലെജൻഡ്‌സ് എന്ന കമ്പനിയിലൂടെ ജാവാ എന്ന ബ്രാൻഡ് മടങ്ങിയെത്തിയിരിക്കുകയാണ്. ജാവ എന്ന പേര് ആദ്യമായി കേട്ടതെന്നാണ്? ഓർക്കുന്നില്ല. എന്തായാലും മോട്ടോർസൈക്കിളുകളെപ്പറ്റി അറിഞ്ഞ് അധികം വൈകാതെ ജാവയെപ്പറ്റിയും അറിഞ്ഞു. ഞാൻ മാത്രമല്ല, ഇന്ത്യയിലെ ഓരോ മോട്ടോർസൈക്കിൾ പ്രേമിയും ജാവയെ അറിഞ്ഞത് അങ്ങനെയായിരിക്കണം. ഒരല്പം ചരിത്രമായാലോ.?

കഥയുടെ തുടക്കം പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ചെക്ക് റിപബ്‌ളിക്കിന്റെ ഭാഗമായ ബൊഹീമിയയിലെ ഒരു ഗ്രാമത്തിലായിരുന്നു ഫ്രാന്തിസെക് യോനെഷെക് ജനിച്ചത്. പ്രാഗിലെ പഠനത്തിനു ശേഷം ജർമനിയിലെത്തിയ യോനെഷെക് ബെർലിനിൽ നിന്നും എഞ്ചിനീയറിങ്ങ് ബിരുദം നേടി. ശാസ്ത്രകുതുകിയായിരുന്ന യോനെഷെക് കുറഞ്ഞ കാലത്തിനുള്ളിൽ ധാരാളം കണ്ടുപിടുത്തങ്ങൾ നടത്തുകയും ഒട്ടേറെ പേറ്റന്റുകൾ നേടുകയും ചെയ്തിരുന്നു. വായുമർദ്ദം ഉപയോഗിച്ച് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്ന ന്യൂമോഗ്രാഫ് എന്ന ഉപകരണം മുതൽ ചെക്ക് ആർമി ഉപയോഗിച്ചിരുന്ന ഹാൻഡ് ഗ്രനേഡ് വരെ യോനെഷെകിന്റെ സംഭാവനകൾ നീളുന്നുണ്ട്. യോനെഷെക് എന്നു തന്നെയായിരുന്നു ആ ഗ്രനേഡിന്റെ പേരും..!

പ്രാഗിൽ ഒരു ചെറുകിട ഫാക്ടറി തുടങ്ങിയ യോനെഷെകിന് 1920കളുടെ അവസാനത്തോടെ ഒരു മോട്ടോർസൈക്കിളുകളോട് ഒരു താല്പര്യം തോന്നിത്തുടങ്ങി. പിന്നെ നടന്നതെല്ലാം ചരിത്രം. അക്കാലത്തെ പ്രമുഖ ജർമൻ ഓട്ടൊമൊബീൽ ബ്രാൻഡായ വാൻഡറർ കമ്പനിയുടെ മോട്ടോർസൈക്കിൾ ഡിവിഷൻ സ്വന്തമാക്കിയാണ് യോനെഷെക് അരങ്ങേറ്റം കുറിച്ചത്. തന്റെ പേരിന്റെയും വാൻഡററിന്റെയും ആദ്യാക്ഷരങ്ങൾ ചേർത്താണ് ജാവാ എന്ന പേരു പോലുമുണ്ടാക്കിയത്. ചെക്കോസ്‌ളോവാക്യൻ ഭാഷയിൽ ‘യാവാ’ എന്നാണ് ഉച്ചാരണമെന്ന് ഏതാനും മാസങ്ങൾക്കു മുമ്പ് കൊച്ചി സന്ദർശിച്ച ചെക്കോസ്‌ളോവാക്യൻ റൈഡർ മാരെക് സ്ലോബോദ്‌നിക് പറഞ്ഞിരുന്നു.


ആദ്യമായി ജാവാ ബ്രാൻഡിലിറങ്ങിയ മോട്ടോർസൈക്കിൾ 500 സിസി ഓഎച്‌വി ആയിരുന്നു. വാൻഡറർ എഞ്ചിനായിരുന്നു അതിലുണ്ടായിരുന്നത്. ആദ്യമൊന്നും കാര്യമായ ചലനമുണ്ടാക്കിയില്ലെങ്കിലും അധികം വൈകാതെ വിശ്വസിക്കാവുന്ന ബൈക്ക് എന്നൊരു പേരു നേടാൻ 500 ഓഎച്‌വിക്ക് സാധിച്ചു. അങ്ങനെ സെയിൽസ് ഗ്രാഫിലെ വര മുകളിലേക്കു കുതിച്ചു. എന്നാൽ 1930കളിലെ സാമ്പത്തികമാന്ദ്യത്തോടെ താരതമ്യേന വിലകുറഞ്ഞ മോട്ടോർസൈക്കിളുകളിലേക്കു നീങ്ങാൻ ജാവ നിർബന്ധിതമായി. ഫോർസ്‌ട്രോക്ക് മോഡലായ 500 ഓഎച്‌വിയിൽ നിന്നും ടൂ സ്‌ട്രോക്ക് മോഡലുകളിലേക്ക് തിരിയുകയാവും നല്ലതെന്ന് മനസ്സിലായതോടെ ജാവാ 175 എന്നൊരു മോഡലിനെ വിപണിയിലിറക്കി. അതു ഫലിച്ചു, 500നെക്കാൾ മൂന്നിരട്ടിയാണ് 175സിസി ബൈക്കുകൾ വിറ്റുപോയത്.

1941ൽ കമ്പനി സ്ഥാപകനായ ഫ്രാന്തിസെക് യോനെഷെക് മരണമടഞ്ഞു. യുദ്ധകാലത്ത് ജാവാ ടൂ സ്‌ട്രോക്ക് മോഡലുകളുമായി ഉല്പാദനം തുടർന്നെങ്കിലും ഹിറ്റ്‌ലറിന്റെ സൈന്യം ഫാക്ടറി പിടിച്ചെടുത്ത് തങ്ങളുടെ എയർക്രാഫ്റ്റ് എഞ്ചിനുകളുടെ നിർമാണത്തിനായി ഉപയോഗിക്കുകയും ചെയ്തു. യുദ്ധക്കെടുതികൾക്കൊടുവിൽ പഴയ മോഡലുകളെ പരിഷ്‌കരിച്ച് കൂടുതൽ മികവുറ്റതാക്കി ഇറക്കാനാണ് ജാവാ ശ്രമിച്ചത്. അങ്ങനെ ഊതിക്കാച്ചി മിനുക്കിയെടുത്ത മോഡലാണ് 1954ൽ ഇറങ്ങിയ ജാവാ 250 ടൈപ് 353. റിജിഡ് ഫ്രെയിമുണ്ടായിരുന്ന 250 പെരാക് എന്ന മോഡലിൽ നിന്നാണ് ടൈപ് 353യുടെ ജനനം. ആദ്യമായി റിയർ സ്പ്രിങ്ങ് സസ്‌പെൻഷൻ വരുന്ന ജാവാ മോഡലും ഇതാണ്.

ഐഡിയൽ ജാവാ

1950കളിൽ തന്നെ ജാവാ മോട്ടോർസൈക്കിളുകൾ പലരും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. അൻപതുകളുടെ അവസാനത്തോടെ ജാവയ്ക്ക് ആവശ്യക്കാരേറി. അതോടെ വ്യവസായിയായ ഫറോക് ഇറാനിയായിരുന്നു ജാവയെ ഇന്ത്യയിലെത്തിച്ചത്. അന്നത്തെ മൈസൂർ രാജാവും ഗവർണറുമായ ശ്രീ ജയചാമരാജ വാഡിയാരാണ് മൈസൂർ റെയിൽവേ സ്റ്റേഷനടുത്ത് ജാവാ നിർമ്മാണശാലയ്ക്കായി സ്ഥലം നല്കിയതും 1961ൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതും. അങ്ങനെ ഇന്ത്യൻ മോട്ടോർസൈക്കിൾ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ ഐഡിയൽ ജാവാ ലിമിറ്റഡ് എന്ന കമ്പനി മൈസൂരിന്റെ മണ്ണിൽ ഉയർന്നു. ജാവായുടെ ലൈസൻസോടെ 250 ടൈപ് 353യുടെ നിർമ്മാണം ആരംഭിച്ചു. ആദ്യം സികെഡി കിറ്റുകളായിട്ടായിരുന്നു ജാവാ ബൈക്കുകൾ എത്തിയിരുന്നതെങ്കിൽ അറുപതുകളുടെ പകുതിയോടെ പ്രാദേശിക ഘടകങ്ങൾ ഉൾപ്പെടുത്തി.
1962 ആയപ്പോഴേക്കും റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ അപ്രമാദിത്വത്തിനു ഭീഷണിയായി ജാവാ 250 നിരത്തുകളിൽ നിറഞ്ഞു. ഇരട്ടസൈലൻസറോടു കൂടിയ 250 സിസി ടൂസ്‌ട്രോക്ക് എഞ്ചിനും ലളിതമായ മെക്കാനിസവും കൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ ജാവായ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഇടതു കാൽ കൊണ്ടാണ് കിക്ക് സ്റ്റാർട്ട്, അതേ ലിവർ തന്നെയാണ് ഗിയർ മാറ്റാനും ഉപയോഗിക്കുന്നത്. തീർന്നില്ല, ഓട്ടോ ക്‌ളച്ച് എന്നൊരു സംവിധാനം കൂടിയുണ്ടായിരുന്നു ജാവയിൽ. അതായത്, ഗിയർ മാറ്റുമ്പോൾ ക്‌ളച്ച് ആക്ടിവേറ്റ് ആകും, ഫസ്റ്റ് ഗിയറിട്ട് വണ്ടി മുന്നോട്ടെടുത്തു കഴിഞ്ഞാൽ സെക്കൻഡ് ഗിയർ മുതൽ കൈകൊണ്ട് ക്‌ളച്ച് പിടിക്കണമെന്ന് നിർബന്ധമില്ല..!
ജാവ ഇന്ത്യയിൽ തരംഗമാവാൻ ഒട്ടും വൈകിയില്ല. പഴയകാല ബ്രിട്ടീഷ് ബൈക്കുകളുടെ സ്വഭാവമേ അല്ലായിരുന്നു ജാവയ്ക്ക്. ടൂ സ്‌ട്രോക്ക് എഞ്ചിനും ഇരട്ട എക്‌സോസ്റ്റ് പോർട്ടും, അതിനൊപ്പം തണുപ്പുരാജ്യമായ ചെക്കോസ്‌ളോവാക്യയിൽ വികസിപ്പിച്ചെടുത്ത ജികോവ് കാർബറേറ്ററും കൂടിയായപ്പോൾ ജാവ പറപറന്നു. സിനിമകളിലെ നായകന്മാർ മുതൽ നാട്ടിൻപുറങ്ങളിൽ വരെ ജാവ സാന്നിദ്ധ്യമറിയിച്ചു തുടങ്ങി.

യെസ്ഡി

അങ്ങനെ ജാവായുടെ ജൈത്രയാത്ര ഇന്ത്യയിൽ തുടരുമ്പോഴാണ് ജന്മനാടായ ചെക്ക് റിപബ്‌ളിക്കിൽ നിന്നും ഒരു ഇണ്ടാസ് വരുന്നത്. ഇന്ത്യയിലെ ലൈസൻസ് റദ്ദാക്കുകയായിരുന്നു മാതൃസ്ഥാപനം ചെയ്തത്. ഇതോടെ ഐഡിയൽ ജാവയ്ക്ക് സ്വന്തമായി ഒരു ബ്രാൻഡ് രൂപീകരിക്കേണ്ടതായി വന്നു. ഇറാനി കുടുംബം മറ്റൊന്നുമാലോചിച്ചില്ല, തങ്ങളുടെ ജന്മനാടായ ഇറാനിലെ യസീദ് പ്രവിശ്യയുടെ ഓർമയ്ക്കായി അവർ യെസ്ഡി എന്ന
പുതിയൊരു മോട്ടോർസൈക്കിളിനെ രംഗത്തിറക്കി. ജാവാ 250 ടൈപ് 353യെ ചില്ലറ പരിഷ്‌കാരങ്ങളോടെ രൂപമാറ്റം വരുത്തിയാണ് യെസ്ഡി മോഡൽ ‘ബി’ അവതരിച്ചത്. പിന്നീട് ഓയിൽകിങ്ങ്, റോഡ്കിങ്ങ്, ക്‌ളാസ്സിക്, ഡീലക്‌സ്, സിഎൽ 2, യെസ്ഡി 175, മൊണാർക്ക് തുടങ്ങിയ മോഡലുകളും ഇറങ്ങി. ഇടക്കാലത്ത് ചെക്കോസ്‌ളോവാക്യയിൽ നിന്നും വരുത്തിയ ജാവാ 350 ടൈപ് 634 ന്റെ എഞ്ചിൻ ഉപയോഗിച്ച് യെസ്ഡി 350 എന്നൊരു മോഡലും ഇറക്കിയിരുന്നു. ഒടുവിൽ തൊഴിൽ തർക്കങ്ങളെത്തുടർന്ന് 1996ൽ ഇന്ത്യയിൽ യെസ്ഡിയുടെ ഉല്പാദനം നിലച്ചു. 2002 ആയപ്പോഴേക്കും ഫാക്ടറിക്ക് പൂട്ടുവീണിരുന്നു. ഐതിഹാസികമായൊരു ബ്രാൻഡിന്റെ പിൻവാങ്ങൽ എന്നതിനെക്കാളുപരി ഇന്ത്യൻ മോട്ടോർസൈക്‌ളിങ്ങ് സമൂഹത്തിന് വലിയൊരു നഷ്ടമായിരുന്നു യെസ്ഡിയുടെ അന്ത്യം. ജാപനീസ് ബൈക്കുകളുടെ വരവ്, താരതമ്യേന കുറഞ്ഞ ഇന്ധനക്ഷമത തുടങ്ങിയ കാര്യങ്ങളും ടൂസ്‌ട്രോക്ക് സാങ്കേതികവിദ്യ നിരോധിച്ചതുമാണ് യെസ്ഡി എന്ന ബ്രാൻഡിന് മരണവിധിയെഴുതിയത്. അതോടെ യെസ്ഡി, ജാവാ ബൈക്കുകൾക്ക് ഇരുമ്പുവില പോലുമില്ലാതായി. 2000ത്തിൽ ഒരാൾ തന്റെ ജാവാ 250ക്ക് എന്നോടു ചോദിച്ച വില വെറും 1000 രൂപയായിരുന്നു..! ഞാൻ എടുക്കാൻ വൈകിയപോൾ അയാളത് 750 രൂപയ്ക്ക് പൊളിച്ചുവിറ്റെന്നും പിന്നീടറിഞ്ഞു. അങ്ങനെ ജാവാ/യെസ്ഡി ബൈക്കുകൾ ഓർമ്മയായിത്തുടങ്ങി. പത്തുവർഷം കൂടി കഴിഞ്ഞപ്പോഴേക്കും ജാവാ/യെസ്ഡി ബൈക്കുകൾ അപൂർവ്വകാഴ്ചയായി. അതോടെ കൗതുകം ലേശം കൂടുതലുള്ള ചിലരൊക്കെ അവയെ സംരക്ഷിക്കാനും മുന്നോട്ടുവന്നു. അവശേഷിക്കുന്ന യെസ്ഡികളെയും ജാവകളെയുമൊക്കെ റീസ്റ്റോർ ചെയ്ത് പുതുപുത്തനാക്കുന്നവരുടെ
എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവന്നു. അതോടെ ക്‌ളബ്ബുകൾ രൂപീകരിക്കപ്പെട്ടു. ജാവാ/യെസ്ഡി എന്നത് പൂർവ്വാധികം ശക്തിയോടെ ഒരു കൾട്ട് ആയി തിരികെവന്നു. അങ്ങനെ ജാവാ ഒരു വിന്റേജ് ബ്രാൻഡും, യെസ്ഡി ഒരു ക്‌ളാസ്സിക് ബൈക്കുമായി, തുരുമ്പുവിലയ്ക്ക് വണ്ടി വാങ്ങി പണിതുവിറ്റവരും, സ്‌പെയർ പാർട്‌സ് ശേഖരിച്ചവരുമൊക്കെ ലക്ഷപ്രഭുക്കളായി.

ജന്മനാട്ടിലെ ജാവാ

ഇന്ത്യയിൽ നിന്ന് ഔദ്യോഗികമായി അരനൂറ്റാണ്ടു മുമ്പേ കടൽ കടന്നെങ്കിലും ജാവാ ചെക്കോസ്‌ളോവാക്യയിലും യൂറോപ്യൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും പുതിയ മോഡലുകൾ ഇറക്കിക്കൊണ്ടേയിരുന്നു. ബൈസൺ, കാലിഫോർണിയ 350 ട്വിൻ സിലിൻഡർ മോഡലുകളും, 500സിസി സ്പീഡ് വേ ട്രാക്ക് ബൈക്കുകളും, മോട്ടോക്രോസ് ബൈക്കുകളുമൊക്കെയായി ജാവാ ലോകം കീഴടക്കി. 1987 ആയപ്പോഴേക്കും മുപ്പതുലക്ഷം ജാവകൾ ലോകമാകെ നിറഞ്ഞിരുന്നു. യെസ്ഡികളെ കൂടാതെയാണിത്. 2017ൽ ചെക്കോസ്‌ളോവാക്യയിൽ ജാവാ പുതിയ 350യെ രംഗത്തിറക്കി. ചരിത്രത്തിലാദ്യമായി തങ്ങളുടെ ട്വിൻ സിലിൻഡർ ടൂ സ്‌ട്രോക്ക് എഞ്ചിനു പകരം ഒരു ഫോർ സ്‌ട്രോക്ക് സിംഗിൾ സിലിൻഡർ എഞ്ചിനാണ് ജാവാ ഇതിനായി ഉപയോഗിച്ചത്. ഇതാകട്ടെ ഹോണ്ടയുടെ പഴയൊരു 400 സിസി എഞ്ചിനെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതുമാണ്. ഇതേ മോഡൽ തന്നെ ഇന്ത്യയിലും ഇറങ്ങുമെന്നാണ് പൊതുവേ എല്ലാവരും കരുതിയിരുന്നത്.

പുനർജന്മം

2016 ലാണ് മഹീന്ദ്രയുടെ സബ്‌സിഡയറിയായ ക്‌ളാസ്സിക് ലെജൻഡ്‌സ് ജാവാ, ബിഎസ്എ എന്നീ ബ്രാൻഡുകളെ ഏറ്റെടുക്കുന്നത്. 2017ൽ ചെക്കോസ്‌ളോവാക്യയിൽ ജാവാ 350 ഓഎച്‌സി ഇറങ്ങിയതോടെ അതേ ബൈക്ക് തന്നെ ഇന്ത്യയിലും ഇറങ്ങുമെന്ന് വാർത്തകൾ വന്നു. മഹീന്ദ്രയാവട്ടെ കാര്യമായി ഒരു പ്രതികരണവും നടത്തിയതുമില്ല. ഈ വർഷം അവസാന പാദത്തോടെയാണ് മഹീന്ദ്ര മൂന്നു ചിത്രങ്ങൾ പുറത്തുവിട്ടത്. തികച്ചും ക്‌ളാസ്സിക് ശൈലിയിലുള്ള ഒരു എഞ്ചിന്റെ മൂന്നു വശങ്ങളിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു അവ. ഇത് മോട്ടോർസൈക്കിൾ പ്രേമികൾ അത്യധികം ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്. നവംബർ 15ന് മുംബൈയിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്രാ, ക്‌ളാസ്സിക് ലെജൻഡ്‌സിന്റെ തലവൻ അനുപം തരേജ, ഐഡിയൽ ജാവായുടെ ഉടമകളായിരുന്ന ഇറാനി കുടുംബത്തിലെ ഇളമുറക്കാരനും റുസ്തംജീ ഗ്രൂപ്പിന്റെ സിഎംഡിയായ ബോമാൻ ആർ ഇറാനി എന്നിവർ ചേർന്ന് മൂന്ന് മോട്ടോർസൈക്കിളുകളെ ലോകത്തിനു സമർപ്പിച്ചു. ജാവാ, ജാവാ 42, ജാവാ പെരാക് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ജാവായുടെ തിരിച്ചുവരവിൽ തലയുയർത്തിപ്പിടിച്ച് മുന്നോട്ടുവരുന്നത്.

എഞ്ചിൻ

മഹീന്ദ്രാ ഗ്രൂപ്പ് ജാവയെ ഏറ്റെടുത്ത നിമിഷം മുതൽ ഇന്റർനെറ്റിൽ ജന്മമെടുത്ത ഒരു കരക്കമ്പിയാണ് മോജോയുടെ എഞ്ചിനാണ് ജാവാ ബൈക്കുകളിൽ വരുന്നതെന്ന്. ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ? ക്‌ളാസ്സിക് ലെജൻഡ്‌സിന്റെ സിഇഓ ആയ ആശിഷ് ജോഷിയോടു തന്നെ ചോദിക്കാം. ഏത് എഞ്ചിനാണ് ജാവാ ബൈക്കുകളിൽ ഉപയോഗിച്ചിരിക്കുന്നത്?
297 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിൻഡർ എഞ്ചിനാണ് പുതിയ ജാവായിലുള്ളത്. ഇത് മോജോയുടെ അതേ എഞ്ചിനാണെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ഈ എഞ്ചിൻ വികസിപ്പിച്ചെടുക്കാൻ മോജോയുടെ എഞ്ചിനെ ഒരു പ്‌ളാറ്റ്‌ഫോമായി ഉപയോഗിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. പ്രശസ്ത ഇറ്റാലിയൻ എഞ്ചിനീയറായ ആമ്പീലിയോ മാക്കിയാണ് ജാവായുടെ എഞ്ചിനു പിന്നിലെ ശില്പി. അപ്രീലിയാ, ഹസ്‌ക്വർന, കജൈവാ തുടങ്ങിയ ബ്രാൻഡുകൾക്കായി ഇരുപത്തഞ്ചോളം എഞ്ചിനുകൾ രൂപകല്പന ചെയ്ത മാക്കിയും ക്‌ളാസിക് ലെജൻഡ്‌സിലെ എഞ്ചിനീയർമാരും ചേർന്നാണ് ഇന്ത്യയിലും ഇറ്റലിയിലുമായി ഈ എഞ്ചിൻ വികസിപ്പിച്ചെടുത്തത്. തീർച്ചയായും മോജോയുടെ എഞ്ചിനെക്കാളും വളരെ മെച്ചപ്പെട്ട ഒരു മോട്ടോർ ആണ് ജാവയിലുള്ളത്. 27 ബിഎച്പിയാണ് ഇതിന്റെ കരുത്ത്. ടോർക്ക് 28 ന്യൂട്ടൺ മീറ്ററും. കോൺസ്റ്റന്റ് മെഷ് 6 സ്പീഡ് ട്രാൻസ്മിഷനാണുള്ളത്.

ജാവാ

പഴയ ജാവാ ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന അതേ രൂപം. ഫ്രണ്ട് ഫെൻഡർ മുതൽ ഹെഡ്‌ലാമ്പ് ഹൗസിങ്ങുമൊക്കെ 1950കളിലെ ഡിസൈൻ ലാങ്ങ്വേജ് അതേപടി അനുകരിച്ചിരിക്കുന്നു. ക്രോമിയം പൂശിയ ടാങ്കും ഇരട്ട എക്‌സോസ്റ്റുകളും പഴയ ശൈലിയിലെ ടൂൾ ബോക്‌സുമൊക്കെച്ചേർന്ന് ആകെയൊരു വിന്റേജ്ജ് ലുക്കിലാണ് ജാവയുടെ രണ്ടാം വരവ്. ജാവാ റെഡ്, ഗ്രേ, ബ്‌ളാക്ക് എന്നിങ്ങനെ മൂന്നു നിറങ്ങളിൽ ലഭ്യമാണ്.
വില 1,64,000 രൂപ.

ജാവാ 42

ജാവയെക്കാൾ അല്പം വിലകുറച്ച് അതേ പ്‌ളാറ്റ്‌ഫോമിൽ നിർമ്മിച്ചിരിക്കുന്ന ഒരു മോഡലാണ് 42. ക്രോം പാർട്ട്‌സ് കുറച്ചുകൊണ്ട് ബ്രിട്ടീഷ് ബൈക്കുകളോട് സാമ്യം പുലർത്തുന്ന ചില ഘടകങ്ങളും 42ന്റെ ഡിസൈനിൽ കടന്നുവന്നിട്ടുണ്ട്. ഓഫ്‌സെറ്റ് സിംഗിൾ പോഡ് ഇൻസ്ട്രമെന്റേഷൻ പോലെ ജാവയിൽ ഇതിനു മുമ്പു വന്നിട്ടില്ലാത്ത ചില പരീക്ഷണങ്ങളും കാണാം. ആറു നിറങ്ങളിൽ ലഭ്യമാണ്. വില: 1,55,000 രൂപ.

പെരാക്

പഴയ കാലത്തെ ജാവാ പെരാക് ഒരു റിജിഡ് ഫ്രെയിം മോട്ടോർസൈക്കിളാണെങ്കിൽ ഇപ്പോൾ വന്നിരിക്കുന്നത് ജാവാ പ്‌ളാറ്റ്‌ഫോമിലുള്ള ഒരു ബോബർ ആണ്. 334 സിസിയാണ് എഞ്ചിൻ ശേഷി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. വില: 1,89,000 രൂപ.

കൊച്ചിയിലെ ഷോറൂം

വമ്പൻ തിരിച്ചുവരവ് നടത്തുന്ന ജാവയ്ക്കുവേണ്ടി രാജ്യത്തെ ഏറ്റവും വലിയ ഷോറൂമുകളിലൊന്ന് കൊച്ചിയിൽ ഒരുങ്ങുകയാണ്. ഇടപ്പള്ളി ടോളിൽ റോയൽ എൻഫീൽഡിന്റെ ബ്രാൻഡ് സ്റ്റോറിനെതിരെയാണ് ക്ലാസിക് ജാവ എന്ന പേരിൽ ഷോറൂം തയ്യാറായിക്കൊണ്ടിരിക്കുന്നത്. ദക്ഷിണ ഇന്ത്യയിൽ ബാംഗ്ലൂർ, ചെന്നൈ എന്നീ വൻ നഗരങ്ങൾ കഴിഞ്ഞാൽ ജാവയുടെ സിഗ്നേച്ചർ ഷോറൂം കൊച്ചിയിലെ ക്ലാസിക് ജാവയാണ്.

ഇടപ്പള്ളി ടോളിൽ പണി പൂർത്തിയായി വരുന്ന ക്ലാസിക് ജാവ ഷോറൂം

തൃശ്ശൂരിലെ പുഴയ്ക്കൽപാടത്തും ക്ലാസിക് ജാവയുടെ ഷോറൂമുണ്ടാകും. ജനുവരി മധ്യത്തോടെ ഈ രണ്ടു ഷോറൂമുകളും പ്രവർത്തനസജ്ജമാകും. ഇപ്പോൾത്തന്നെ ഇരുനൂറിലധികം ബുക്കിങ്ങുകൾ ക്ലാസിക് ജാവയ്ക്ക് ലഭിച്ചുകഴിഞ്ഞു. പ്രമുഖ ചലച്ചിത്രതാരങ്ങളും വ്യവസായികളും പുതിയ ജാവ ബുക്ക്‌ചെയ്തതിൽ ഉൾപ്പെടുന്നു.കൂടുതൽ വിവരങ്ങൾക്ക് : 7902300700$

Get in touch

Classic Jawa
Edappally Toll, Kochi
Ph: +91 79023 00700

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>