Porsche launches New Macan@Rs 69,98,000
July 29, 2019
Exclusive: റേസ്ട്രാക്കിലെ മലയാളി യുവത്വം!
August 14, 2019

India Exclusive: Testdrive: Kia Seltos

Kia Seltos

ഹ്യുണ്ടായ് യുടെ ഉടമസ്ഥതയിലുള്ള കൊറിയൻ വാഹന നിർമാണ കമ്പനിയാണ് കിയ. ഇന്ത്യയിൽ കിയ രംഗപ്രവേശം ചെയ്യുന്നത് സെൽറ്റോസ് എന്ന എസ് യു വി യുമായിട്ടാണ്. ഹ്യുണ്ടായ് ക്രെറ്റയുടെ ശക്തനായ എതിരാളിയാകാൻ പോകുന്ന സെൽറ്റോസിനൊപ്പം ഗോവയിൽ രണ്ട് രാപ്പകലുകൾ….

ടെസ്റ്റ് ഡ്രൈവ്: ബൈജു എൻ നായർ

ഗോവയിൽ പൊരിഞ്ഞ മഴ. കേരളത്തിൽ നിന്ന് മുംബൈ വഴിയുള്ള വിമാനം പ്രതികൂല കാലാവസ്ഥയിൽ ചാടിമറിഞ്ഞ് ഗോവയിൽ എത്തിയപ്പോൾ വിമാനയാത്രകളെ പേടിയുള്ള ഞാൻ ജീവൻ പോയ അവസ്ഥയിലായി. പൊതുവെ മൺസൂൺ കാലത്ത് ഞാൻ വിമാനയാത്ര ചെയ്യാറില്ല. എന്നാൽ ഇക്കുറി മഴയെ പോലും തൃണവൽഗണിച്ചുകൊണ്ട് ഞാൻ വിമാനയാത്രയ്‌ക്കൊരുങ്ങിയത് ഒരാളെ കാണാനും ‘അനുഭവി’ക്കാനുമാണ് കിയ സെൽറ്റോസ്. ഏറെക്കാലമായി ഇന്ത്യയിലെ വാഹനപ്രേമികൾ കാത്തിരിക്കുന്ന എസ് യു വി.

കിയ മോട്ടോഴ്‌സ്

സെൽറ്റോസിനെക്കുറിച്ച് പറയുന്നതിനു മുമ്പ് കിയ മോട്ടോഴ്‌സിനെക്കുറിച്ച് പറയുന്നതാണല്ലോ അതിന്റെയൊരു മര്യാദ. കാരണം കിയ ഇന്ത്യയിൽ ഒരു പുതിയ കമ്പനിയാണ്. കിയയുടെ ചരിത്രം ഇങ്ങനെ വായിക്കാം: 1944ൽ ദക്ഷിണകൊറിയയിൽ ജനനം. തുടക്കം സൈക്കിളുകളും മറ്റും നിർമ്മിച്ചുകൊണ്ടായിരുന്നു. പിന്നെയത് ട്രക്കുകൾ വരെയായി. പക്ഷേ വേണ്ടവിധത്തിൽ ഒരു വിജയം കിയയ്ക്കുണ്ടായില്ല. പലരും ഉടമസ്ഥരായി വന്നിട്ടും കഷ്ടകാലം മാറിയില്ല. അങ്ങനെയിരിക്കെ കടക്കെണിയിൽ പെട്ട് കമ്പനി അടച്ചുപൂട്ടാനൊരുങ്ങുമ്പോൾ രക്ഷകനായി ഹ്യുണ്ടായ് വന്നു.

1998 മുതൽ ഹ്യുണ്ടായ്‌യുടെ ഉടമസ്ഥതയിലായി കിയ. ഹ്യുണ്ടായ്, തുടർന്ന് കിയയുടെ ബ്രാന്റ്‌നെയ്മിൽ ചെറുകാറുകൾ നിർമ്മിച്ചു തുടങ്ങി. എന്നാൽ 2006ൽ പീറ്റർ ഷ്‌റേയർ എന്നൊരു ഡിസൈനർ, ചീഫ് ഡിസൈനറായി എത്തിയതോടെ കിയയുടെ തലവര മാറി. ഓഡി ടിടി പോലുള്ള ലോകപ്രശസ്തവാഹനങ്ങൾ ഡിസൈൻ ചെയ്ത പീറ്റർ കൈവച്ചതെല്ലാം പൊന്നായി. പ്രതിവർഷം 30 -40 ലക്ഷം കാറുകൾ നിർമ്മിക്കുന്ന കമ്പനിയായി കിയ മാറി. ഹ്യുണ്ടായ്ക്കു പോലും എത്തിപ്പെടാനാവാത്ത മാർക്കറ്റുകളിൽ കിയ വെന്നിക്കൊടി പാറിച്ചു.

സെൽറ്റോസ്

ഇന്ത്യയ്ക്കുവേണ്ടി നിർമ്മിച്ച വാഹനമാണ് സെൽറ്റോസ് എന്നു പറയാം. 2018ലെ ഡെൽഹി ഓട്ടോ എക്‌സ്‌പോയിൽ എസ്പി 2 ഐ കോൺസെപ്റ്റ് എന്ന പേരിൽ അവതരിപ്പിച്ച പ്രോട്ടോടൈപ്പ് ആണിത്. തുടക്കത്തിൽ സെൽറ്റോസ് ഇന്ത്യയിൽ മാത്രമാണ് വിൽപന തുടങ്ങുക. അതിനുശേഷം വിദേശമാർക്കറ്റുകളിലുമെത്തും. സഹോദരനെന്നു വിളിക്കാവുന്ന ഹ്യുണ്ടായ് ക്രെറ്റ, എം ജി ഹെക്ടർ എന്നിവരോടൊക്കെയാവും സെൽറ്റോസ് മത്സരിക്കുക.

കാഴ്ച

2020ൽ ക്രെറ്റ നിർമ്മിക്കപ്പെടാൻ പോകുന്ന പ്ലാറ്റ്‌ഫോമിലാണ് സെൽറ്റോസ് പിറന്നു വീണിരിക്കുന്നത്. നിലവിലുള്ള ക്രെറ്റയെക്കാൾ 45 മി.മീ നീളവും 20 മി.മീ വീതിയും 20മി.മീ വീൽബെയ്‌സും കൂടതലുണ്ട്. ഉയരമാകട്ടെ, 20 മി.മീ കുറയ്ക്കുകയും ചെയ്തു. രസകരമാണ് മുൻവശം. ഗ്രില്ലിന്റെ നാലുപാടും ക്രോമിയം വരയുണ്ട്. അത് ടെക്‌ചേർഡുമാണ്. ഗ്രില്ലിന് പിയാനോ ബ്ലാക്ക് ഫിനിഷാണ് നൽകിയിരിക്കുന്നത്. ക്രൗൺ ജ്യുവൽ ടൈപ്പ് ഹെഡ്‌ലാമ്പ് വളരെ മനോഹരം. ഹാർട്ട്ബീറ്റ് ടൈപ്പ് എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും ഐസ്‌ക്യൂബ് എഫക്ടുള്ള ഫോഗ് ലാമ്പുമെല്ലാം അതീവ സുന്ദരമാണ്. ബമ്പറിനു താഴെ നീണ്ട എയർഡാമും അലൂമിനിയം ഫിനിഷുള്ള സ്‌കഫ്‌പ്ലേറ്റുമുണ്ട്.


വശക്കാഴ്ചയിൽ 17 ഇഞ്ച് അലോയ്‌വീലുകൾ ശ്രദ്ധിക്കാതിരിക്കില്ല. (ചില വേരിയന്റുകളിൽ 16 ഇഞ്ച്) പവർലൈനുകൾ വശങ്ങളിലുണ്ട്. സൈഡ്ക്ലാഡിങ്, താഴെ കാണുന്ന അലൂമിനിയം ലൈൻ, എ ബി സി പില്ലറുകളിൽ കറുപ്പ് ഫിനിഷ് എന്നിവ സൈഡ് പ്രൊഫൈലിനെ സുന്ദരമാക്കുന്നു. വശക്കാഴ്ചയിൽ സാൻറഫേയോട് സാദൃശ്യം തോന്നിയേക്കാം. പിൻഭാഗത്ത് ഷാർക്ക്ഫിൻ ആന്റിനയും ഇന്റഗ്രേറ്റഡ് റൂഫ് സ്‌പോയ്‌ലറുമുണ്ട്. എൽഇഡി ടെയ്ൽലാമ്പും ഇരട്ട മഫ്‌ളറുകൾ പോലെ തോന്നിക്കുന്ന ബമ്പറിലെ ഭാഗവും എടുത്തുപറയാം. ബൂട്ട് തുറന്നാൽ 433 ലിറ്റർ ബൂട്ട് സ്‌പേസും കണ്ടെത്താം. ഏത് സൗന്ദര്യ സങ്കല്പം വെച്ചു നോക്കിയാലും അതിസുന്ദരനായ എസ്‌യുവിയാണ് സെൽറ്റോസ്.

ഉള്ളിൽ

ടെക്ക് ലൈൻ, ജിടി ലൈൻ എന്നീ രണ്ട് ട്രിമ്മുകൾ ഉണ്ട് സെൽറ്റോസിന്. കൂടാതെ ബ്ലാക്ക്, ബീജ് എന്നീ രണ്ടു നിറങ്ങളിൽ ഇന്റീരിയർ തെരഞ്ഞെടുക്കുകയുമാവാം. നിർമ്മാണ നിലവാരവും ഡിസൈൻ ഭംഗിയും കൊണ്ട് സെൽറ്റോസിന്റെ ഉൾഭാഗം നമ്മെ അമ്പരപ്പിക്കും. ഡാഷ്‌ബോർഡിൽ 10.25 ഇഞ്ച് എച്ച്ഡി മോണിറ്റർ ഉയർന്നു നിൽക്കുന്നു. 7 ഇഞ്ച് മോണിട്ടറാണ് മീറ്റർ കൺസോളിലുള്ളത്. ഇതുകൂടാതെ ചില മോഡലുകളിൽ സ്വിച്ചിട്ടാൽ ഉയർന്നു വരുന്ന 8 ഇഞ്ച് ഹെഡ് അപ് ഡിസ്‌പ്ലേയുമുണ്ട്. ഇതിൽ വേഗതയും നാവിഗേഷനുമൊക്കെ പ്രത്യക്ഷപ്പെടും.

ബോസിന്റെ സൗണ്ട് സിസ്റ്റമാണ് കാതിനെ കുളിരണിയിക്കുന്ന കാര്യങ്ങളിലൊന്ന്. മൂഡ് ലൈറ്റിങ്, സൺറൂഫ്, എയർ പ്യൂരിഫയർ വിത്ത് പെർഫ്യൂം എന്നിവയൊക്കെ എടുത്തുപറയാം. വിശാലമായ മുൻസീറ്റ് ചില മോഡലുകളിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം. സ്റ്റിയറിങ് വീലിൽ കൺട്രോളുകളുണ്ട്. യുവോ എന്ന ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ കാർ റിമോട്ടായി സ്റ്റാർട്ട് ചെയ്യാം, എസി ഓൺ ചെയ്യാം, ഡ്രൈവറുടെ കാര്യക്ഷമത അറിയാം, കോൾസെന്ററുകളുമായി ബന്ധപ്പെടാം. മൊബൈൽ ഫോൺ വയർലെസായി ചാർജ്ജ് ചെയ്യാനുള്ള പാനലുമുണ്ട്. കൂടാതെ സീറ്റുകൾ വെന്റിലേറ്റഡുമാണ്. പിൻഭാഗത്തും സ്ഥലസൗകര്യം ഒട്ടും കുറവല്ല. മാനുവലി ഉയർത്താവുന്ന സൺബ്ലൈൻഡുകളുണ്ട്.
കൂടാതെ പിൻസീറ്റും അല്പം ചെരിക്കുകയും ചെയ്യാം.

എഞ്ചിൻ

മൂന്ന് എഞ്ചിൻ ഓപ്ഷനുകളുണ്ട്. 1.4 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോ പെട്രോൾ, 140 ബിഎച്ച്പി. കൂടാതെ 1.5 ലിറ്റർ പെട്രോൾ/ഡീസൽ. ഈ രണ്ട് എഞ്ചിനുകളും 115 ബിഎച്ച്പിയാണ്. 1.4 ലിറ്റർ പെട്രോളിൽ 7 സ്പീഡ് ഡ്യൂവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുണ്ട്. 1.5 ലിറ്റർ പെട്രോളിൽ സിവിടി, 1.5 ലിറ്റർ ഡീസലിൽ ടോർക്ക് കൺവർട്ടർ ഓട്ടോമാറ്റിക്കുകളുണ്ട്. എല്ലാ എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ ഗിയർ ബോക്‌സും നൽകിയിട്ടുണ്ട്.


1.4 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയുടെ ഓട്ടോമാറ്റിക് വേരിയന്റുകളാണ് ഓടിക്കാൻ കഴിഞ്ഞത്. സ്റ്റെബിലിറ്റിയും പെർഫോമൻസും ഒത്തിണങ്ങിയിട്ടുണ്ട് സെൽറ്റോസിൽ എന്നു പറയാതെ വയ്യ. ഒരുതരി ലാഗ് പോലും അനുഭവിക്കാതെ 300 കിലോമീറ്ററിലേറെ ഇവ ഓടിക്കാൻ കഴിഞ്ഞു. മികച്ച സസ്‌പെൻഷൻ, 6 എയർബാഗുകളും, എബിഎസ്, ഇബിഡി, ഇഎസ്‌സി വിഎസ്എം എന്നിങ്ങനെ സുരക്ഷാ ഉപാധികൾ നിരവധിയാണ്. 360 ഡിഗ്രി ക്യാമറയും കൊടുത്തിട്ടുണ്ട്. വേരിയന്റുകൾ അനുസരിച്ച് ട്രാക്ഷൻ മോഡുകളും ഡ്രൈവ് മോഡുകളും അനുഭവിക്കാം. ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിവ ഡ്രൈവ്‌മോഡുകൾ. സ്‌നോ, മഡ്, സാൻഡ് എന്നി ട്രാക്ഷൻ മോഡുകളും.

വിധിന്യായം

എംജി ഹെക്ടർ വില കുറച്ച് വിപണിയിലെത്തിയതോടെ ‘പണി’ കിട്ടിയത് സെൽറ്റോസിനാണ്. വില കൂടാതെ നോക്കിയില്ലെങ്കിൽ ജനം കൈയൊഴിയും. അതുകൊണ്ടുതന്നെ, ഏതാനും ദിവസങ്ങൾ കഴിഞ്ഞ് വില പ്രഖ്യാപിക്കുന്നതോടെ സെൽറ്റോസിന്റെ ഭാവി അറിയാം. എന്തായാലും ഒരു കാര്യം പറയാം,സെൽറ്റോസ് ഒരു അത്യുഗ്രൻ എസ്‌യുവിയാണെന്ന് വാങ്ങിയില്ലെങ്കിലും, ഓടിച്ചുനോക്കിയാൽ ആരും സമ്മതിക്കും.$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>