Water World: Monroe Thuruth: Travel in association with Kerala Tourism
May 29, 2019
”കണ്ണൂരിൽ വിദേശ വിമാന കമ്പനികൾക്ക് ഉടൻ പ്രവർത്തനാനുമതി നൽകണം”: വി തുളസീദാസ്, എം ഡി, കിയാൽ
June 15, 2019

In Nature’s Lap: Travel to Fragrant Nature Resort, Paravoor, Kollam

Archana, Anjali and Jaquline in Fragrant Nature resort, Paravoor, Kollam

പ്രകൃതിയുടെ സൗരഭ്യവും സൗന്ദര്യവും ആസ്വദിക്കണമെങ്കിൽ കൊല്ലത്ത് പരവൂർ കായലിനരികെയുള്ള ഫ്രാഗ്രന്റ് നേച്ചർ എന്ന നക്ഷത്ര റിസോർട്ടിലേക്ക് വരിക. അപൂർവമായ സസ്യജാലങ്ങളുള്ള ഈ റിസോർട്ട് പാരിസ്ഥിതിക ടൂറിസം എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ്. മൂവർ പെൺസംഘം ഫോർഡ് എൻഡേവറിൽ ഫ്രാഗ്രന്റ് നേച്ചറിലേക്ക് നടത്തിയ യാത്രയുടെ കഥ.

എഴുത്ത്: ജെ ബിന്ദുരാജ്, ചിത്രങ്ങൾ: അഖിൽ അപ്പു

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്‌റ്റൈലിസ്റ്റുമായ ജസീനാ കടവിൽ കലൂരിൽ ആരംഭിച്ച റസ്റ്റോറന്റിലെ നിത്യസന്ദർശകരായിരുന്നു അർച്ചനാ രാമചന്ദ്രനും അഞ്ജലി രാജീവും ജാക്വിലിൻ ജെനിയും. സമൂഹത്തിൽ പുരുഷനൊപ്പം തന്നെ തുല്യത സ്ത്രീക്കും വേണമെന്നും ഒരു കാര്യത്തിലും അവൾ പുരുഷനേക്കാൾ പിന്നോക്കമല്ലെന്ന് വിശ്വസിക്കുകയും ചെയ്യുന്ന പുതിയ യുവതയുടെ പ്രതിനിധികളാണ് അവർ. ജസീനയാണ് യാത്രകളുടെ കാര്യത്തിൽ ഇവരുടെ ഗുരു. യാത്രാപ്രേമിയായ ജസീനയിൽ നിന്നാണ് കൊല്ലത്ത് പരവൂരിലുള്ള നക്ഷത്ര റിസോർട്ടായ ഫ്രാഗ്രന്റ് നേച്ചറിനെപ്പറ്റി അവരാദ്യം കേൾക്കുന്നത്. ഭ്രാന്തമായ നഗരത്തിരക്കുകളിൽ നിന്നും അകന്ന്, പ്രശാന്ത സുന്ദരമായ പരവൂർ കായൽത്തീരത്ത് ആറ് ഏക്കറോളം വരുന്ന ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ 4 സ്റ്റാർ റിസോർട്ട് ജസീനയുടെ വർണനകളിൽ നിന്നു തന്നെ അവരുടെ മനസ്സിലിടം പിടിച്ചതാണ്. ചലച്ചിത്ര ചിത്രീകരണങ്ങളുമായി ബന്ധപ്പെട്ട് ഫ്രാഗ്രന്റ് നേച്ചറിന്റെ മൂന്നാറിലും ഫോർട്ട് കൊച്ചിയിലുമൊക്കെയുള്ള റിസോർട്ടുകളിൽ നേരത്തെ തങ്ങിയിട്ടുള്ളതിനാൽ സ്ത്രീകൾക്ക് സുരക്ഷിതമായി തങ്ങാനാകുന്ന ഇടമാണ് അതെന്ന കാര്യത്തിൽ ജസീനയ്ക്ക് സംശയമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഈ മൂവർ സ്ത്രീസംഘം കൊല്ലത്തെ ഫ്രാഗ്രന്റ് നേച്ചർ റിസോർട്ടിലേക്ക് ഒരു യാത്ര പുറപ്പെടാൻ പദ്ധതിയിടുന്നത്. ഈ പെൺ യാത്രയുടെ വിവരം സ്മാർട്ട് ഡ്രൈവിനെ അറിയിച്ചത് ജസീന തന്നെയായിരുന്നു. ഫോർഡ് എൻഡേവറിലായിരുന്നു യാത്ര.

ഫ്രാഗ്രന്റ് നേച്ചർ റിസോർട്ടിന്റെ പ്രവേശന കവാടത്തിൽ അഞ്ജലിയും അർച്ചനയും ജാക്വിലിനും

ഇവർക്ക് സ്വയം ഡ്രൈവ് ചെയ്തു പോകാൻ സുരക്ഷിതമായ ഒരു വാഹനം ഒരുക്കുകയെന്ന സ്മാർട്ട് ഡ്രൈവിന്റെ അന്വേഷണം ചെന്നെത്തിയത് ഫോർഡ് എൻഡേവറിലായിരുന്നു. എൻഡേവറിന്റെ ഏറ്റവും പുതിയ ടൈറ്റാനിയം പ്ലസ് ഓട്ടോമാറ്റിക് വേരിയന്റാണിത്. 3000 ആർ പി എമ്മിൽ 197 ബി എച്ച് പി കരുത്തും 1750 ആർ പി എമ്മിൽ 470 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനം ഫോട്ടോഗ്രാഫറടക്കം ആറു പേരെയും കയറ്റിക്കൊണ്ട് കൊച്ചിയിൽ നിന്നും ആലപ്പുഴ വഴി കൊല്ലത്തേക്ക് പറന്നു.

റിസോർട്ടിലെ വെൽക്കം ഡ്രിങ്ക്‌സുമായി

യാത്ര ആരംഭിച്ചപ്പോൾ തന്നെ, കാണാനിരിക്കുന്ന റിസോർട്ടിനെപ്പറ്റിയായിരുന്നു കൂട്ടുകാരികളുടെ പ്രധാന ചർച്ച. ”കായൽപ്പരപ്പിന്റെ സൗന്ദര്യവും സ്വച്ഛതയും ഇത്രത്തോളം അനുഭവിക്കാനാകുന്ന ഒരിടം വേറൊന്നില്ലെന്നാണ് ജസീന പറഞ്ഞത്. 2009ലാണ് കൊല്ലത്ത് ഈ നക്ഷത്ര റിസോർട്ട് ആരംഭിച്ചത്. പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നവിധത്തിലാണ് ഈ റിസോർട്ട് രൂപകൽപന ചെയ്തിരിക്കുന്നതു പോലും,” സൗന്ദര്യാരാധികയായ ജാക്വിലിനാണ് സംഭാഷണത്തിന് തുടക്കമിട്ടത്. ”പ്രകൃതി മാത്രമല്ല. ഫുഡിന്റെ കാര്യവും അടിപൊളിയാണെന്ന് ചേച്ചി പറഞ്ഞിരുന്നു. മൾട്ടി കുസീൻ റസ്റ്റോറന്റിൽ നോർത്ത് ഇന്ത്യൻ വിഭവങ്ങളും സൗത്ത് ഇന്ത്യൻ വിഭവങ്ങളും കോണ്ടിനെന്റലും ചൈനീസ് വിഭവങ്ങളും ലഭിക്കും. താമസിക്കാനാകട്ടെ സ്വീറ്റ് റൂമുകൾക്കു പുറമേ, ലേക്ക് വ്യൂ വില്ലകളും പ്രൈവറ്റ് പൂൾ വില്ലയുമുണ്ട്,” അഞ്ജലിയും റിസോർട്ടിനെപ്പറ്റി തന്നെയാണ് സംസാരം. നേരത്തെ ഫ്രാഗ്രന്റ് നേച്ചറിന്റെ മൂന്നാറിലേയും ഫോർട്ട് കൊച്ചിയിലേയും റിസോർട്ടുകളെപ്പറ്റി കേട്ടിട്ടുള്ള അർച്ചനയ്ക്കാണെങ്കിൽ എത്രയും വേഗം റിസോർട്ടിൽ എത്തിയാൽ മതിയെന്ന ചിന്തയേയുള്ളു.

പ്രകൃതിയുമായി ഇണങ്ങിയൊരു നടത്തം

യാത്രികരെല്ലാം തന്നെ റിസോർട്ടിനെപ്പറ്റിയുള്ള ചർച്ചകളിലായിരിക്കുമ്പോൾ എൻഡേവറിന്റെ സ്റ്റീയറിങ് അഞ്ജലിയുടെ കൈയിലായിരുന്നു. ഹൈവേയിലൂടെ കുതിച്ചുപാഞ്ഞു വാഹനം. കൊല്ലം ബൈപാസു വഴി ചാത്തന്നൂരിനു ഒരു കിലോമീറ്ററിനുമുമ്പുള്ള തിരുമുപ്പം ജങ്ഷനിലെത്തി, പരവൂരിലേക്കുള്ള പാതയിലാണ് ഇപ്പോൾ എൻഡേവർ. പരവൂർ കായലിന്റെ തീരത്താണ് ഫ്രാഗ്രന്റ് നേച്ചർ റിസോർട്ട്. ചെറിയൊരു കയറ്റം കടന്ന് റിസോർട്ടിന്റെ കവാടത്തിലേക്ക് വാഹനം എത്തി.

Roof top restaurant and Air conditioned restaurant at Fragrant Nature, Kollam

കേരളീയ വാസ്തുകലാശൈലിയിൽ നിർമ്മിച്ച റിസ്പഷൻ കെട്ടിടവും (ഇവിടെ 8 മുറികളുണ്ട്) കായലരികിൽ അഞ്ച് ലേക്ക് വ്യൂ ബാൽക്കണി മുറികളുമായി നിർമ്മിച്ച കെട്ടിടവുമാണ് റിസോർട്ടിന്റെ മുന്നിൽ തന്നെ നമ്മെ എതിരേൽക്കുന്നത്. ഇരുപതിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനാകുന്ന വിശാലമായ പാർക്കിങ് ഗ്രൗണ്ടുമുണ്ട് മുന്നിൽ. എൻഡേവർ റിസോർട്ടിൽ പാർക്ക് ചെയ്തയുടനെ തന്നെ അഞ്ജലിയും അർച്ചനയും ജാക്വിലിനും പുറത്തേക്കിറങ്ങി. റിസോർട്ടിന്റെ മാനേജർ പ്രിൻസും ജീവനക്കാരും ഗംഭീര സ്വീകരണമാണ് അവർക്ക് നൽകിയത്.

സ്പീഡ് ബോട്ടിൽ കായലിലൂടെ

പിന്നെ കായൽത്തീരത്തെ 105-ാം നമ്പർ ലേക്ക് വ്യൂ വില്ലയിലേക്ക് അവരെ നയിച്ചു. അതിമനോഹരമായ, തണൽ വിരിച്ച വൃക്ഷങ്ങൾക്കിടയിലൂടെ ഒരുക്കിയിട്ടുള്ള കരിങ്കല്ലു കൊണ്ടുള്ള വാക് വേയാണ് റിസോർട്ടിലുള്ളത്. മേയ് മാസമായിട്ടുപോലും റിസോർട്ടിനു പുറത്ത് സുഖശീതളമായ കാലാവസ്ഥയാണുള്ളത്. വില്ലകളിലേക്ക് പോകുന്നവഴിയാണ് മൾട്ടി കുസീൻ എയർ കണ്ടീഷൻഡ് റസ്റ്റോറന്റായ അന്നരസയും അതിനു മുകളിലുള്ള സന്ധ്യ എന്ന റൂഫ് ടോപ്പ് റസ്റ്റോറന്റും. വില്ലകൾക്കിടയിലാണ് കായലോരത്ത് കാപ്പി കഴിച്ചുകൊണ്ടിരുന്ന് അസ്തമയസൗന്ദര്യം ആസ്വദിക്കാൻ അവസരം നൽകുന്ന സൺസെറ്റ് കോഫി ഷോപ്പ്. ഒരു സീഫുഡ് റസ്റ്റോറന്റും അതിനൊപ്പമുണ്ട്. റിസോർട്ടിൽ തന്നെ കായലിൽ ഒരുക്കിയിട്ടുള്ള മീൻ വളർത്തൽ കേന്ദ്രത്തിൽ നിന്നും ചൂണ്ടയിട്ട് മീൻപിടിച്ച്, അതുമായി അതിഥിയെത്തിയാൽ അത് ഗ്രില്ലു ചെയ്ത് നൽകുന്ന സംവിധാനവുമുണ്ട് അവിടെ.

കണ്ടൽക്കാടുകൾക്കിടയിലൂടെ

മൊത്തം 16 ലേക്ക് വ്യൂ കോട്ടേജുകളും 13 ലേക്ക് വ്യൂ റൂമുകളുമാണ് ഫ്രാഗ്രന്റ് നേച്ചറിലുള്ളത്. ഇതിൽ ഒരെണ്ണം പ്രൈവറ്റ് പൂൾ വില്ലയാണ്. ഒരു ചെറിയ ഗേറ്റും അതിനു പിന്നിൽ ഒരു സിറ്റൗട്ടും ലിവിങ് റൂമും ബെഡ് റൂമും ബാൽക്കണിയും കോർട്ട് യാർഡും ചേർന്നതാണ് വില്ല. 600 ചതുരശ്ര അടിയോളം വരും ഓരോ വില്ലയും. റിസോർട്ടിന്റെ ആരംഭത്തിലുള്ള റിസപ്ഷൻ ബ്ലോക്കിൽ എട്ടുമുറികളും അതിനടുത്തുള്ള മറ്റൊരു ബ്ലോക്കിൽ അഞ്ചുമുറികളുമായാണ് ലേക്ക് വ്യൂ റൂമുകൾ സജ്ജമാക്കിയിരിക്കുന്നത്. കിടപ്പറയും ബാൽക്കണിയുള്ള ഈ മുറികൾക്ക് 350 ചതുരശ്ര അടിയാണ് വിസ്തീർണം. അഞ്ചുമുറികളുള്ള ലേക്ക് വ്യൂ റൂം ബ്ലോക്കിനു താഴെയാണ് റിക്രിയേഷൻ ഇടം. ഇവിടെ വ്യായാമ ഉപകരണങ്ങളും ടേബിൾ ടെന്നീസ് കോർട്ടുമൊക്കെയുണ്ട്. റിസോർട്ടിൽ വേറൊരിടത്ത് ബാഡ്മിന്റൺ കോർട്ടും ഒരുക്കിയിട്ടുണ്ട്.

നീന്തൽക്കുളത്തിനരികെ

പ്രകൃതിയോടിണങ്ങുംവിധം നിർമ്മിച്ച വില്ലകൾക്കെല്ലാം കളിമൺ നിറമാണ് നൽകിയിട്ടുള്ളത്. താഴേയ്ക്കുള്ള പടികളിറങ്ങിയാണ് വില്ലയിലേക്ക് എത്തിയത്. എയർ കണ്ടീഷൻഡ് വില്ലയിലേക്ക് പ്രവേശിച്ചയുടനെ തന്നെ പെൺസഞ്ചാരികളുടെ സർവക്ഷീണവും മാറിയ ലക്ഷണമാണ്. മിനി ബാറും സൗകര്യം പോലെ കോഫിയോ ടീയോ നിർമ്മിക്കാനുള്ള സൗകര്യവും സ്‌നാക്‌സുമൊക്കെ മുറിയിൽ തന്നെയുണ്ട്. റിഫ്രഷ് ആയശേഷം ആദ്യം പരിസരത്തുള്ള ഇടതൂർന്നുനിൽക്കുന്ന കണ്ടൽക്കാടുകളിലേക്ക് സ്പീഡ് ബോട്ടിൽ ഒരു യാത്ര ആകാമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. അഞ്ചുപേർക്ക് സഞ്ചരിക്കാവുന്ന ബോട്ടാണത്. ഇതിനു പുറമേ, ഒരു ഷിക്കാര വള്ളവും അതിമനോഹരമായി സജ്ജീകരിച്ച ഒരു ബോട്ട് ജെട്ടിയും റിസോർട്ടിനുണ്ട്.

സീഫുഡിന്റെ കലവറ

വില്ലയിൽ നിന്നും പുറത്തേക്കിറങ്ങി, തൊട്ടരുകിലുള്ള ബോട്ട് ജെട്ടിയിലേക്ക് നടക്കുമ്പോൾ നടവഴികളുടെ പരിസരങ്ങളിലെല്ലാം അവിടെയുള്ള വൃക്ഷങ്ങളുടേയും അപൂർവ സസ്യജാലങ്ങളുടേയും പേരെഴുതിവച്ചിരിക്കുന്നതാണ് അഞ്ജലിയുടെ ദൃഷ്ടിയിൽപ്പെട്ടത്. ഞാവൽ മരങ്ങളും രാമച്ചവും മഞ്ഞളും പനിനീർകൂർക്കയും വിക്‌സ് പ്ലാന്റും പല ഗന്ധങ്ങളിലുള്ള അപൂർവ തുളസിയിനങ്ങളും നാരങ്ങയും ഇഞ്ചിയും ചെമ്പരത്തിയും അരുതയും (ചീർപച്ചില), ചിപ്പീസ് എന്ന ശലഭങ്ങളെ ആകർഷിക്കുന്ന സസ്യവും ചാമ്പയും തെങ്ങും മാവും പ്ലാവുമൊക്കെ കൊണ്ട് സമൃദ്ധമാണ് ആ വഴി. ആ വഴിയ്ക്കരികിൽ തന്നെയാണ് പ്രാണ എന്ന സ്പാ. റിലാക്‌സേഷൻ മസാജും തൂക്കം കുറയ്ക്കാനുള്ള ട്രീറ്റ്‌മെന്റുകളുമെല്ലാമുണ്ട് അവിടെ.

പ്രാണയിലെ ട്രീറ്റ്‌മെന്റ് റൂം

ഒരു ചെറിയ മരപ്പാലത്തിലൂടെയാണ് പ്രാണയിലേക്ക് കടക്കുക. സിറ്റൗട്ടു കടന്നാൽ അതിസുന്ദരമായി സജ്ജീകരിച്ച ലിവിങ് സ്‌പേസ്. അവിടത്തെ ആംബിയൻസ് തന്നെ ആത്മീയമായിപ്പോലും നമ്മെ നവീകരിക്കുംവിധമാണ്. ഡോക്ടറുടെ മുറിയും ആയുർവേദ റിലാക്‌സേഷൻ മസാജിനും വെസ്റ്റേൺ മസാജിനുമുള്ള (തായ്, പൗഡർ, അരോമാറ്റിക് റിലാക്‌സേഷൻ മസാജുകൾ) പ്രത്യേകം മുറികൾ ഇവിടെയുണ്ട്. മസാജിനുശേഷം കായൽക്കാഴ്ചകൾ കണ്ട് വിശ്രമിക്കാൻ പിന്നിൽ റിലാക്‌സേഷൻ ചെയറുകളുമുണ്ട്.

ആയുർവേദ- മോഡേൺ റിലാക്‌സേഷൻ തെറാപ്പികൾ പ്രാണയിലുണ്ട്.

ബോട്ടിങ് സ്ഥലത്തേക്ക് എത്തിയതോടെ ആവേശം അതിരുകടന്നു. സ്പീഡ് ബോട്ടിലേക്ക് മൂവരും കയറിയിരുന്നു. ബോട്ട് ഡ്രൈവർ അതിവേഗത്തിൽ ബോട്ട് പായിച്ചപ്പോൾ ആഹ്ലാദത്തിരയിളക്കം. പിന്നെ കണ്ടൽക്കാടുകളുടെ സമൃദ്ധിയിലേക്ക്. പിന്നെ അവയുടെ പശ്ചാത്തലത്തിൽ സെൽഫിയെടുക്കുന്ന തിരക്കായി. അക്കരയുള്ള ചെറിയൊരു ക്ഷേത്രത്തിലേക്കാണ് അടുത്ത സഞ്ചാരം. ആമവട്ടം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠ ആമയാണ്. അതിനരുകിൽ വെള്ളത്തിലുള്ള പാറ സ്വയം വളർന്നുവരുന്നുണ്ടെന്നാണ് വിശ്വാസം. സ്പീഡ് ബോട്ടിങ്ങിനുശേഷം ഷിക്കാര വള്ളത്തിൽ വീണ്ടും കായൽ യാത്ര. 14 പേർക്ക് ഷിക്കാരയിൽ സഞ്ചരിക്കാനാകും. ഇതിനു പുറമേ, പെഡൽ ബോട്ടിങ് സൗകര്യവുമുണ്ട് റിസോർട്ടിൽ.

വിശപ്പിന്റെ വിളി തുടങ്ങിയപ്പോഴാണ് വെള്ളത്തിൽ നിന്നും കരയിലേക്ക് മൂവർ സംഘം തിരിച്ചെത്തിയത്. പിന്നെ അന്നരസ റസ്റ്റോറന്റിന്റെ മുകൾത്തട്ടിലുള്ള സന്ധ്യ എന്ന റൂഫ്‌ടോപ്പ് റസ്റ്റോറന്റിലേക്ക്. സൂപ്പും ജ്യൂസുമൊക്കെ ആസ്വദിച്ചിരിക്കുന്നതിനിടെ സമൃദ്ധമായ ഉച്ചഭക്ഷണമെത്തി. സ്‌ക്വിഡ് ഫ്രൈ, ഗ്രിൽ ചെയ്ത ഡ്രാഗൺ പ്രോൺസ്, നെയ്മീൻ ഗ്രിൽ, ഷിറിംപ്‌സ് ഗ്രിൽ, കല്ലുമ്മക്കായ് എന്നിവയ്‌ക്കൊപ്പം ഗ്രിൽ ചെയ്ത ഉരുളക്കിളങ്ങും സലാഡുകളും ബസുമതി റൈസും ലെമൺ റൈസും ചിക്കൻ കറിയും പനീർ ബട്ടറും കടായ് വെജ് ഫ്രൈയുമടക്കം വിഭവങ്ങളുടെ മേളം. കരിമീൻ പൊള്ളിച്ചതും നെയ്മീനും മറ്റ് കായൽ കടൽ മത്സ്യങ്ങളുമൊക്കെയുള്ള സീഫുഡ് പ്ലാറ്ററും ഇവിടെയുണ്ട്. സൺസെറ്റ് ബാറിൽ ബിയറും വൈനും സെർവ് ചെയ്യും. രുചികരമായ ഭക്ഷണത്തിനുശേഷം ഡെസേർട്ടുകളുടെ വരവായി. ഐസ്‌ക്രീം ചോക്ലേറ്റ് കേക്കും ഫ്രൂട്ട്‌സുമൊക്കെ. ഫ്രാഗ്രന്റ് നേച്ചറിന്റെ എല്ലാ റിസോർട്ടുകളിലേയും ഭക്ഷണപദാർത്ഥങ്ങൾ കീടനാശിനി മുക്തമാണ്.

ആഹാരം വയറു മാത്രമല്ല മനസ്സും നിറച്ചു. റിസോർട്ടിലെ ആറേക്കറിൽ വരുന്ന മറ്റു സൗകര്യങ്ങൾ കാണാനായി നീങ്ങുകയാണ് അഞ്ജലിയും അർച്ചനയും ജാക്വിലിനും. റസ്റ്റോറന്റിൽ നിന്നിറങ്ങുമ്പോൾ തന്നെ കിഡ്‌സ് പാർക്കാണ് ആദ്യം കാണുക. തൊട്ടടുത്ത് തന്നെയുള്ള വിശാലമായ നീന്തൽക്കുളവും കിഡ്‌സ് പൂളും കണ്ടയുടനെ തന്നെ മൂവർ സംഘം അതിലേക്കിറങ്ങി. നീരാട്ടിനുശേഷം നീന്തൽക്കുളത്തിനടുത്തുള്ള അടുത്ത ആകർഷണം ആംഫി തീയേറ്ററായിരുന്നു. ഗ്രൂപ്പ് പെർഫോമൻസുകൾക്കും കഥകളി, കളരിപ്പയറ്റ് പ്രകടനങ്ങൾ ആസ്വദിക്കുന്നതിനുമുള്ളയിടമാണത്. ഇതിനുപുറമേ, അറുപതോളം പേർക്കിരിക്കാവുന്ന ഒരു എയർ കണ്ടീഷൻഡ് കോൺഫ്രൻസ് ഹാളുമുണ്ട് റിസോർട്ടിൽ. ഇത് റിസപ്ഷൻ ബ്ലോക്കിലാണ്.

Artists getting ready for performance at Amphitheater at the resort

 

റിസോർട്ടിൽ നിന്നും സഞ്ചാരികളെ 35 കിലോമീറ്റർ അകലെയുള്ള മൺറോ തുരുത്തിലേക്കും നാട്ടുകാരുടെ വീടുകളിൽ തങ്ങി, അവിടത്തെ പാചകം കാണാനും ഭക്ഷണം ആസ്വദിക്കാനും പ്രദേശത്തെ കയർ വ്യവസായ കേന്ദ്രങ്ങൾ കാണാനുമൊക്കെ അവസരമൊരുക്കുന്നുമുണ്ട് റിസോർട്ട്.

ഏറ്റവും അടുത്ത കാപ്പിൽ ബീച്ചിലേക്കും 12 കിലോമീറ്റർ അകലെയുള്ള ആനക്കൊട്ടിലിലെത്തി ആന സവാരി നടത്താനും വർക്കല ബീച്ചിലേക്കും ശിവഗിരിയിലേക്കും ജടായു അഡ്വഞ്ചർ പാർക്കിലേക്കും തെന്മല ഇക്കോ ടൂറിസം പദ്ധതിയിടത്തേക്കും പാലരുവി വെള്ളച്ചാട്ടത്തിലേക്കുമൊക്കെ ഈ യാത്രകൾ നീളുന്നു.

വൈകുന്നേരം വരെ റിസോർട്ടിലൂടെ നടന്നിട്ടും കാഴ്ചകൾ അവസാനിക്കുന്നുണ്ടായിരുന്നില്ല. സൺസെറ്റ് കോഫി ബാറിൽ പോകാമെന്ന നിർദ്ദേശം വച്ചത് അർച്ചനയാണ്. അവിടത്തെ പച്ചപ്പരവതാനി വിരിച്ച പോലുള്ള പുൽത്തകിടിയിലിരുന്ന് കുറെ നേരം കൊച്ചുവർത്തമാനം പറഞ്ഞശേഷം കാപ്പി കുടിക്കാ നായി സൺസെറ്റ് കോഫിബാറിന്റെ അതിസുന്ദരമായ അന്തരീക്ഷത്തിലേക്ക്.

ഫ്രാഗ്രന്റ് നേച്ചറിലെ ഒരു ലേക്ക് വ്യൂ വില്ലയും പ്രൈവറ്റ് പൂൾ വില്ലയും

റിസോർട്ടിലുടനീളം അതിമനോഹരമായ കരിങ്കൽശിൽപങ്ങളും പൗരാണികതയുടെ അടയാളങ്ങളുമൊക്കെ ഒരുക്കിയിട്ടുണ്ട്. പ്രകൃതിക്കിണങ്ങുംവിധമാണ് ഓരോ നിർമ്മിതിയും. സസ്യജാലങ്ങളുടേയും പുഷ്പജാലങ്ങളുടേയും സമൃദ്ധിയുള്ള ഈ റിസോർട്ടിന് ഏറ്റവും അനുയോജ്യമായ പേരു തന്നെയാണ് ഫ്രാഗ്രന്റ് നേച്ചർ എന്നത്. പ്രകൃതിയുടെ സൗരഭ്യവും സൗന്ദര്യവുമെല്ലാം ആസ്വദിക്കാൻ ഇതിനേക്കാൾ നല്ല മറ്റൊരിടം വേറെ ഏതുണ്ടാകാനാണ്? മടക്കയാത്രയിൽ ഫ്രാഗ്രന്റ് നേച്ചറിലേക്ക് യാത്ര പോകാൻ നിർദ്ദേശിച്ച ജസീനയോട് മനസ്സാലെ നന്ദി പറയുകയാണ് അർച്ചനയും അഞ്ജലിയും ജാക്വിലിനുമെന്നുറപ്പ്$

Fragrant Nature resort
CP11/709 Nedungolam P.O, Paravur, Kollam – 691 334
E-mail : enquiries@fragrantnature.com
Tel : +91(0) 474 251 4000 (Kollam)
Tel: 91(0) 484 231 2333 (Kochi Head Office)

———————————-

Vehicle Provided By:
kairali ford
Kochi
Ph: 81380 14455

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>