രണ്ടു വർഷത്തെ കാത്തിരിപ്പിനുശേഷം നിരവധി വാഹനങ്ങൾ ടെസ്റ്റ് ഡ്രൈവ് ചെയ്തതിനുശേഷമാണ് ആനന്ദ് ദരേശൻ തന്റെ അച്ഛൻ കെ എം ദരേശൻ ഉണ്ണിത്താനായി സ്കോഡ കരോക്ക് തെരഞ്ഞെടുത്തത്. ഫീച്ചർ റിച്ച് ആയ, ചെക്ക് റിപ്പബ്ലിക്കിൽ നിർമ്മിച്ച വാഹനം ഇക്കഴിഞ്ഞ ജൂൺ മൂന്നിനാണ് മലയാളം സ്കോഡയിൽ നിന്നും തിരുവനന്തപുരത്തെ വസതിയിലെത്തിയത്.
രണ്ടു വർഷത്തെ കാത്തിരിപ്പിന്റെ സാഫല്യമാണ് സ്കോഡ കരോക്കിന്റെ രൂപത്തിൽ തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ടയിലുള്ള കെ എം ദരേശൻ ഉണ്ണിത്താന്റെ വീട്ടിനു മുന്നിൽ വിശ്രമിക്കുന്നത്. മുപ്പതുകാരനായ മകൻ ആനന്ദ് ദരേശനാണ് എനർജി മാനേജ്മെന്റ് സെന്ററിന്റെ ഡയറക്ടറായി ഇക്കഴിഞ്ഞ മാർച്ചിൽ വിരമിച്ച അദ്ദേഹത്തിന്റെ റിട്ടയർമെന്റ് ജീവിതത്തിനായി കൂടുതൽ അനായാസത യോടെ ഡ്രൈവ് ചെയ്യാനാകുക യും ആഡംബരം നിറഞ്ഞതുമായ ഫീച്ചർ റിച്ചായ സ്കോഡ കരോക്ക് കണ്ടെത്തി നൽകിയത്. കവടിയാറിൽ സെലസ്റ്റം ലൈറ്റിങ് സെല്യൂഷൻസ് എന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഈ മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരി അച്ഛന്റെ ഹോണ്ട സിറ്റിക്ക് പകരക്കാരനാ യി ലക്ഷണങ്ങളൊത്ത ഒരു എസ് യു വിയോ ക്രോസ്സോവറോ വാങ്ങണമെന്ന് തീരുമാനിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിരുന്നുവെങ്കിലും പൂർണ തൃപ്തി നൽകുന്ന ഒരു വാഹനം കണ്ടെത്തുന്നതിൽ സ്കോഡ കരോക്ക് എത്തുംവരെ പരാജയമായിരുന്നു. കിയ സെൽടോസ്, ഫോക്സ് വാഗൺ ടിറോക്ക്, ജീപ്പ് കോമ്പസ്, ഹോണ്ട സി ആർ വി എന്നിങ്ങനെയുള്ള വാഹനങ്ങളൊക്കെ തന്നെ ടെസ്റ്റ് ഡ്രൈവ് ചെയ്തിട്ടും തങ്ങളുടെ മനസ്സിനിണങ്ങുന്ന ഒരു വാഹനമായി മാറാൻ അവയ്ക്കൊന്നിനും കഴിഞ്ഞില്ല.
”ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും വാഹനപ്രിയരാണ്. അച്ഛൻ ഞങ്ങളുടെ കുട്ടിക്കാലത്തു തന്നെ വീട്ടിൽ വാഹനമാസികൾ വാങ്ങുമായിരുന്നതിനാൽ ഞങ്ങളൊക്കെ കഥാപുസ്തകങ്ങളെന്നപോലെ വായിച്ചിരുന്നത് അവയാണ്. അതുകൊണ്ടു തന്നെ വാഹനങ്ങളുടെ എല്ലാ സവിശേഷതകളും പരിശോധിക്കുകയും അത് ഏതെല്ലാം തരത്തിൽ ഞങ്ങളെ തൃപ്തിപ്പെടുത്തുമെന്ന് മനസ്സിലാക്കുകയും ചെയ്തശേഷം മാത്രമേ ഞങ്ങ ൾ ഏതു വാഹനം വാങ്ങണമെന്ന് തീരുമാനിക്കാറുള്ളു. സ്കോഡ ഒക്ടേവിയ വി ആർ എസ് 2017 മോഡൽ നിലവിൽ ഉപയോഗിച്ചു വരുന്നതിനാൽ സ്കോഡയോട് ഞങ്ങൾക്ക് ഒരു പ്രത്യേക ഇഷ്ടവും ഉണ്ടായിരുന്നു,” വാഹനങ്ങളും യാത്രകളും ഒരുപോലെ ഇഷ്ടപ്പെടുന്ന ആനന്ദ് സ്കോഡ കരോക്ക് അച്ഛനായി തെരഞ്ഞെടുത്തതിന്റെ കഥ പറയുന്ന ആവേശത്തിലാണ്. ആനന്ദിന്റെ അച്ഛനായ ദരേശൻ ഉണ്ണിത്താനും അമ്മ ലക്ഷ്മിയും വാഹനപ്രേമത്തിന്റെ ജനിതകം അമേരിക്കയിലുള്ള ആനന്ദിന്റെ ജ്യേഷ്ഠനെപ്പോലെയും ആനന്ദിനെപ്പോലെയും പങ്കുവയ്ക്കുന്നവരാണെന്നത് വേറെ കാര്യം.
”അച്ഛന്റെ ഹോണ്ട സിറ്റിയുടെ ഒരു പ്രധാന പ്രശ്നം അതിന്റെ കുറഞ്ഞ ഗ്രൗണ്ട് ക്ലിയറൻസായിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഒന്നര ലക്ഷം കിലോമീറ്ററുകളോളം സഞ്ചരിച്ച ആ വാഹനത്തിന്റെ കുറഞ്ഞ ഗ്രൗണ്ട് ക്ലിയറൻസും സോഫ്റ്റ് സസ്പെൻഷനുമായിരുന്നു ഞങ്ങളെ അലോസരപ്പെടുത്തിയിരുന്നത്. എന്റെ ഫോർഡ് ഇക്കോസ്പോർട്ട് ഡ്രൈവ് ചെയ്തതിൽപ്പിന്നെയാണ് അച്ഛന് ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുള്ള കോംപാക്റ്റ് എസ് യു വികളോട് പ്രിയം ജനിച്ചത്. 20 ലക്ഷത്തിനും 25 ലക്ഷത്തിനുമിടയിൽ ലഭ്യമായ പെട്രോൾ ഓട്ടോമാറ്റിക് കോംപാക്ട് എസ് യു വികൾക്കായുള്ള അന്വേഷണം ആരംഭിച്ചത് അങ്ങനെയാണ്,” ആനന്ദ് പറയുന്നു. 2003 ൽ മാരുതി സെന്നിൽ ആരംഭിച്ച ആനന്ദിന്റെ വസതിയിലെ കാർ കാലം ഹോണ്ട സിറ്റിയിലൂടെയും ഫോക്സ് വാഗൺ പോളോയിലൂടേയും ഫോർഡ് ഇക്കോസ്പോർട്ടിലൂടെയും ഒക്ടേവിയ വി ആർ എസിലൂടെയുമൊക്കെയാണ് വികസിച്ചത്.
ആർക്കിടെക്റ്റ് പ്രോജക്ടുകൾക്കായി ലൈറ്റിങ് ഡിസൈൻ ചെയ്യുന്ന സ്ഥാപനമാണ് ആനന്ദിന്റെ സെലസ്റ്റം ലൈറ്റിങ് സെല്യൂഷൻ. വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം ഏറ്റവും പെർഫെക്ടായ ലൈറ്റിങ് ഡിസൈൻ രൂപകൽപന ചെയ്യുന്ന സ്ഥാപനമായതിനാൽ വാഹനത്തിന്റെ കാര്യത്തിലും അദ്ദേഹം പെർഫെക്ഷൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. ആനന്ദിന്റെ ഭാര്യ ജാനകിയും പെർഫെക്ഷന്റെ കാര്യത്തിൽ അദ്ദേഹത്തിനൊപ്പം തന്നെയാണ് ചിന്തിക്കുന്നത്. ഒരു വയസ്സുകാരിയായ മകൾ വേദയുടെ പിറന്നാളിന് കൃത്യം ഒരു മാസം മുമ്പാണ് കരോക്ക് അച്ഛനായി മലയാളം സ്കോഡയിൽ നിന്നും ആനന്ദ് എത്തിച്ചത്.
”കുടുംബത്തിലെ എല്ലാവർക്കും തന്നെ കരോക്കിന്റെ ക്ലീൻ ഡിസൈനിന്റെ കാര്യത്തിലും വാഹനത്തിന്റെ അഴകളവുകളുടെ കാര്യത്തിലും പൂർണ തൃപ്തിയായിരുന്നു. സകോഡ കരോക്ക് ബുക്കിങ് ആരംഭിച്ച സമയത്തു തന്നെ ഞാൻ മാജിക് ബ്ലാക്ക് നിറത്തിലുള്ള കാർ ബുക്ക് ചെയ്തിരുന്നു. തിരുവനന്തപുരത്ത് ഒരു കരോക്ക് എത്തിയതിന്റെ ചിത്രങ്ങൾ ഓൺലൈനിൽ കണ്ടയുടനെ തന്നെ ഞാൻ തിരുവനന്തപുരത്തെ സ്കോഡ ഡീലർഷിപ്പായ മലയാളം സ്കോഡയിലേക്ക് വിളിച്ച് കാർ എത്തിയോ എന്ന് തിരക്കിയിരുന്നു. വാഹനത്തിന്റെ ലോഞ്ചിനു മുമ്പു തന്നെ ഷോറൂമിലെത്തിയ കാർ എനിക്കുള്ളതു തന്നെയായിരുന്നു. ഞാനും അച്ഛനും ഷോറൂമിലെത്തി കാർ നേരിൽക്കണ്ട കരോക്ക് വാങ്ങാൻ ഉറപ്പിക്കുകയായിരുന്നു. ജൂൺ മൂന്നിന് വാഹനത്തിന്റെ ഡെലിവറിക്കു മുമ്പായി മലയാളം സ്കോഡയിൽ ടെസ്റ്റ് ഡ്രൈവിനായുള്ള കരോക്കും എത്തിയിരുന്നതിനാൽ ഞാനും അച്ഛനും കരോക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യുകയും ചെയ്തു,” ആനന്ദ് കരോക്കിന്റെ കഥ തുടരുകയാണ്.
”മലയാളം സ്കോഡയാണ് തിരുവനന്തപുരത്തെ ഏക സ്കോഡ ഡീലർഷിപ്പ്. ഒൗേദ്യാഗികമായ ലോഞ്ചിനു മുമ്പു തന്നെ മലയാളം സ്കോഡയിൽ ടെസ്റ്റ് ഡ്രൈവ് കാറും ഡിസ്പ്ലേ കാറും എത്തിയിരുന്നത് തന്നെ ആ ഡീലർഷിപ്പിന്റെ കാര്യക്ഷമതയുടെ തെളിവാണ്. പ്രൊഫഷണലിസമുള്ള സമർത്ഥരായ എക്സിക്യൂട്ടീവുകൾ കാര്യങ്ങൾ എളുപ്പമാക്കി. ഇന്ത്യയിലെ ആദ്യത്തെ സ്കോഡ കരോക്ക് ഡെലിവറി ഞങ്ങളുടേത് ആയിരിക്കുമെന്നാണ് മലയാളം സ്കോഡ അധികൃതർ പറഞ്ഞത്. അതീവ സന്തോഷകരമായ കാര്യം തന്നെയായിരുന്നു അത്,” ആനന്ദ് പറയുന്നു.
ഇന്ത്യയിൽ കരോക്കിന്റെ സ്റ്റൈൽ എന്ന ഒരൊറ്റ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റ് മാത്രമേ നിലവിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളു. 5000-6000 ആർ പി എമ്മിൽ 148 ബി എച്ച് പി ശേഷിയും 1500 – 3500 ആർ പി എമ്മിൽ 250 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്ന 1.5 ലിറ്റർ എഞ്ചിന് 7 സ്പീഡ് ഓട്ടോമാറ്റിക് ഡിഎസ്ജി ട്രാൻസ്മിഷനാ ണുള്ളത്. ഫോക്സ് വാഗന്റെ പുതിയ 1.5 ലിറ്റർ ടി എസ് ഐ എഞ്ചിൻ ആദ്യമായി ഇന്ത്യയിലെത്തിയത് കരോക്കിലൂടെയാണ്. ഫ്രണ്ട് വീൽ ഡ്രൈവ് വാഹനത്തിന് ടോർഷൻ സ്റ്റെബിലൈസറും ലോവർ ട്രായാങ്കുലർ ലിങ്ക്സുമുള്ള മക്ഫേഴ്സൺ സസ്പെൻഷനാണ് മുന്നിലുള്ളത്. പിന്നിൽ ട്വിസ്റ്റ് ബീം ആക്സിലും. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളുള്ള വാഹനത്തിൽ സുരക്ഷിതത്വത്തിനായി എബിഎസും ഇ ബിഡിയും മെക്കാനിക്കൽ ബ്രേക്ക് അസിസ്റ്റന്റും ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റന്റും ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോളും ആന്റി സ്ലിപ് റെഗുലേഷനും ടയർ പ്രഷർ മോണിട്ടറിങ്ങും 9 എയർ ബാഗുകളുമുണ്ട്.
”കരോക്ക് അച്ഛന്റെ വീട്ടിലെത്തിയിട്ട് ഇപ്പോൾ ഒരു മാസമായി. കരോക്കിന്റെ ബിൽഡ് ക്വാളിറ്റിയുള്ള മറ്റൊരു കാർ ഈ വിലനിലവാരത്തിലുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഗ്ലോബൽ എൻക്യാപിൽ 5 സ്റ്റാർ നേടിയ കാറിന് എല്ലാ സുരക്ഷിതത്വഫീച്ചറുകളുമുണ്ട്. റോഡിന് ഇണങ്ങുന്ന വലുപ്പമാണ് ഈ കാറിനുള്ളതെന്നത് കേരളത്തിലെ നിരത്തുകളിലൂടെയുള്ള യാത്ര എളുപ്പമാക്കുകയും ചെയ്യുന്നു. ഇന്റീരിയർ പ്രീമിയം ക്വാളിറ്റിയുള്ള സാമഗ്രികൾ കൊണ്ട് നിർമ്മിച്ചതാണെന്ന് കരോക്കിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. ബൗൺസ് ബാക്ക് സിസ്റ്റത്തോടു കൂടിയ പനോരമിക് സൺറൂഫും 20.32 സെന്റിമീറ്റർ എൽസിഡി ടച്ച് സ്കീനും 8 സ്പീക്കറുള്ള സൗണ്ട് സിസ്റ്റവും സ്മാർട്ട് ലിങ്കും നാവിഗേഷനും 2 സോൺ ക്ലൈമട്രോണിക്സുമെല്ലാം കരോക്കിന് വേറിട്ടു നിർത്തുന്നുണ്ട്,” ആനന്ദ് പറയുന്നു. വീട്ടിൽ അച്ഛനും ചേട്ടനും താനും കരോക്ക് ഡ്രൈവ് ചെയ്യുമെന്നതിനാൽ കരോക്കിന്റെ ഇലക്ട്രിക് സീറ്റ് അഡ്ജ്മെന്റ് മൾട്ടിപ്പിൾ മെമ്മറി ഫങ്ഷൻ ഏറെ ഗുണകരമാണെന്നും ആനന്ദ് പറയുന്നു.
ഹൈവേയിൽ ഡ്രൈവ് ചെയ്യുമ്പോൾ കരോക്കിന്റെ എൽ ഇ ഡി ഹെഡ്ലൈറ്റുകൾ റോഡിനെ പൂർണമായും പ്രകാശഭരിതമാക്കുന്നത് ലൈറ്റിങ് രംഗത്ത് പ്രവർത്തിക്കുന്ന ആനന്ദ് പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. ”ആഗോള വിപണിയിലുള്ള കരോക്കിലുള്ള വേരിയോഫ്ളക്സ് സീറ്റുകൾ കൂടി കരോക്കിന് ആകാമായിരുന്നുവെന്നതും പിന്നിലും ഇൻഡിപെൻഡന്റ് സസ്പെൻഷൻ തന്നെ നൽകാമായിരുന്നുവെന്നതും മാത്രമാണ് കരോക്കിന്റെ ന്യൂനത. കേരളത്തിലെ റോഡുകളുടെ നിലവാരം അവർക്കറിയില്ലല്ലോ,” ആനന്ദ് പറയുന്നു.
കറുപ്പു നിറമുള്ള കാർ ആയതിനാൽ വാഹനം വാങ്ങിയയുടനെ നിറം മങ്ങാതിരിക്കാൻ സെറാമിക് കോട്ടിങ്ങും ചെയ്തശേഷം മാത്രമേ ആനന്ദ് കരോക്ക് അച്ഛന്റെ ദീർഘദൂര യാത്രകൾക്കായി തയാറാക്കിയുള്ളു. അടൂരിലേക്കും അഞ്ചലിലേക്കുമൊക്കെ കരോക്കിൽ ഇതിനകം തന്നെ ദരേശൻ ഉണ്ണിത്താനും ലക്ഷ്മിയും സഞ്ചരിച്ചു കഴിഞ്ഞു. ബിൽഡ് ക്വാളിറ്റിയും വാഹനത്തിനുള്ളിലെ സ്പേസും മികച്ച ഗ്രൗണ്ട് ക്ലിയറൻസും പെയിന്റ് ഫിനിഷും പ്രീമിയം ഫീലുമെല്ലാം അദ്ദേഹത്തെ ശരിക്കും കരോക്കിന്റെ ആരാധകനാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. തന്റെ ട്രയംഫ് ടൈഗർ 800 ൽ രണ്ടു തവണ ഹിമാലയത്തിലേക്കും നോർത്ത് ഈസ്റ്റിലേക്കും ഭൂട്ടാനിലേക്കുമൊക്കെ യാത്ര ചെയ്ത ആനന്ദ് ദരേശൻ ഇനി അച്ഛന്റെ കരോക്കുമായി ഏതെല്ലാമിടങ്ങളിലേക്ക് പോകാനിരിക്കുന്നുവെന്നത് കാണാനിരിക്കുന്ന കാഴ്ച$