An Ignis for Everyone!
August 25, 2020
Skoda Superb Sportline: ELEGANT & SPORTY
August 25, 2020

Hyundai Cars: Matchless Variety!

വാഹനപ്രേമിക്ക് തനിക്കിഷ്ടപ്പെട്ടവിധമുള്ള എഞ്ചിനും ട്രാൻസ്മിഷനുമൊക്കെ തെരഞ്ഞെടുക്കാൻ ഹ്യുണ്ടായ് വൈവിധ്യമാർന്ന ഒരു ശ്രേണിയാണ് തങ്ങളുടെ മോഡലുകളിൽ ഒരുക്കിയിരിക്കുന്നത്. വിപണിയിൽ ഒന്നാം സ്ഥാനീയരാകാനുള്ള ഹ്യുണ്ടായ്‌യുടെ കുതിപ്പ് കൂടുതൽ ശക്തമാക്കുന്നു ഇത്.

എഴുത്ത്: ജെ ബിന്ദുരാജ്, ഫോട്ടോകൾ: അഖിൽ അപ്പു

വിസ്മയകരമായ ഒരു വാർത്തയാണത്. രാജ്യത്തെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന എസ് യു വികളുടെ കാര്യത്തിൽ ഹ്യുണ്ടായ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. 2020 ഏപ്രിൽ മുതൽ 2020 ജൂലൈ വരെയുള്ള എസ് യു വി വിൽപനക്കണക്കിലാണ് 1635 യൂണിറ്റ് എസ് യു വികളുടെ വർധനവ് ഹ്യുണ്ടായ്ക്ക് ഉണ്ടായിരിക്കുന്നത്. 34,212 എസ് യു വി യൂണിറ്റുകളാണ് ഹ്യുണ്ടായ് ഇക്കാലയളവിൽ വിറ്റഴിച്ചത്. ഇതിനുപിന്നിൽ ചില സുവ്യക്തമായ കാര്യങ്ങളുണ്ടെന്നുറപ്പ്. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ വാഹനനിരയിൽ വരുത്തിക്കൊണ്ടിരിക്കുന്ന അത്യപൂർവമായ വിപുലീകരണവും എല്ലാ സെഗ്മെന്റിലും വാഹനം പുറത്തിറക്കുന്നതും ആകർഷകമായ വിപണ വിൽപനനാന്തര സേവനപദ്ധതികളും മാത്രമല്ല ഹ്യുണ്ടായ് വാഹനങ്ങൾക്ക് ഇപ്പോൾ ജനപ്രിയത വർധിക്കാൻ കാരണം. തങ്ങൾ പുറത്തിറക്കുന്ന വാഹനങ്ങളുടെ വിവിധ വേരിയന്റുകളിൽ പെട്രോൾ, ഡീസൽ, സിഎൻജി എഞ്ചിനുകൾ നൽകുന്നതിനു പുറമേ, ടർബോ പെട്രോൾ പോലുള്ള കൂടുതൽ കരുത്തുറ്റ എഞ്ചിനുകളും ഹ്യുണ്ടായ് എത്തിക്കുന്നുണ്ടെന്നതാണ് അതിന്റെ സവിശേഷത. ഇതിനു പുറമേ, ട്രാൻസ്മിഷന്റെ കാര്യത്തിൽ മാനുവൽ ട്രാൻസ്മിഷൻ, ഐവിടി, എ എം ടി, ഡിസിടി, ഐ എം ടി, ടോർക്ക് കൺവർട്ടർ എന്നിങ്ങനെ വൈവിധ്യം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഹ്യുണ്ടായ് മോഡലുകളെ വാഹനപ്രിയരുമായി കൂടുതൽ അടുപ്പിക്കുന്നുണ്ട്. ഡീസൽ എഞ്ചിനുകളിൽ ഹ്യുണ്ടായ് പുലർത്തുന്ന മേധാവിത്തമാണ് മറ്റൊരു ഘടകം. സാൻട്രോ ഒഴികെയുള്ള മറ്റെല്ലാ കാറുകളിലും ഇന്ന് ബി എസ് 6 ഡീസൽ എഞ്ചിൻ വേരിയന്റുകൾ ഹ്യുണ്ടായ്ക്കുണ്ട്. ഗ്രാന്റ് ഐ 10 നിയോസ്, ഓറ, വെന്യു, ക്രെറ്റ, എലാൻട്ര, ട്യൂസോൺ തുടങ്ങിയ വാഹനങ്ങളിലും ഡീസൽ എഞ്ചിൻ വേരിയന്റുകളുണ്ടെങ്കിൽ സാൻട്രോ, ഓറ, ഗ്രാന്റ് ഐ 10 നിയോസ് എന്നിവയിൽ സി എൻ ജി വേരിയന്റുകളുമുണ്ട്. ആനന്ദലബ്ധിക്കിനിയെന്തു വേണം എന്ന് ഉപഭോക്താക്കൾ ചോദിക്കുന്നതിൽ അത്ഭുതമില്ല തന്നെ.

ഹ്യുണ്ടായ് വെർണ
ഹ്യുണ്ടായ് വെർണയുടെ ടർബോ പെട്രോൾ വേരിയന്റിന്റെ ഇന്റീരിയറും എഞ്ചിനും

എസ് യു വികളുടെ കാര്യത്തിൽ ഹ്യുണ്ടായ് ഒന്നാം സ്ഥാനത്തെത്തിയതിന് ഇപ്പറഞ്ഞ കാരണങ്ങൾക്കു പുറമേ, മറ്റു ചില വസ്തുതകൾ കൂടിയുണ്ട്. ബിഎസ് 6 എമിഷൻ ചട്ടങ്ങൾ നിലവിൽ വന്നതോടെ, ഡീസൽ എഞ്ചിനുകൾ പൂർണമായും ഉപേക്ഷിക്കാൻ മാരുതി സുസുക്കി തീരുമാനിച്ചത് ഹ്യുണ്ടായ്ക്ക് വലിയ തോതിൽ ഗുണം ചെയ്തിട്ടുണ്ടെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടർ (സെയിൽസ് ആന്റ് മാർക്കറ്റിങ്) തരുൺ ഗാർഗ് തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ”ഹ്യുണ്ടായ് ക്രെറ്റയുടെ വിൽപനയിൽ 60 ശതമാനവും ഡീസൽ മോഡലായിരുന്നുവെങ്കിൽ ഹ്യുണ്ടായ് വെന്യുവിന്റെ ഡീസൽ വേരിയന്റുകൾ മൊത്തം വിൽപനയുടെ 32 ശതമാനമാണ്. ഉപഭോക്താക്കൾ ഡീസൽ കാറുകൾ വാങ്ങുന്നത് ഡ്രൈവിങ് ആസ്വാദ്യകരമാക്കാനും ഉയർന്ന ഇൻഷ്യൽ ടോർക്കിനായും ഇന്ധനക്ഷമതയ്ക്കായുമാണ്,” തരുൺ ഗാർഗ് പറയുന്നു.

ഹ്യുണ്ടായ് വെന്യു
ഹ്യുണ്ടായ് വെന്യുവിന്റെ ഇന്റീരിയർ

യുവാക്കളുടേയും വാഹനപ്രേമികളുകളും ഹരമായി മാറിയിരിക്കുന്ന ഒന്നാണ് ഇന്ന് ടർബോ പെട്രോൾ എഞ്ചിനുകളുള്ള വാഹനങ്ങൾ. കൂടുതൽ കരുത്തും കൂടുതൽ ടോർക്കും സാധ്യമാക്കുന്ന ടർബോ പെട്രോൾ എഞ്ചിനുകൾ ഡ്രൈവ് ചെയ്യുന്നതിന്റെ ഹരമാണ് യുവാക്കളെ അതിലേക്ക് ആകർഷിക്കുന്നത്. എഞ്ചിനിൽ നിന്നും പുറന്തള്ളുന്ന വായു ഉപയോഗിച്ച് ഒരു ടർബെയ്ൻ പ്രവർത്തിപ്പിക്കുക വഴി പുറത്തു നിന്നും കൂടുതൽ ഓക്‌സിജനുള്ള വായു വലിച്ചെടുത്ത് അത് കൂടി കംബസ്റ്റ്യൺ ചേമ്പറിലേക്ക് എത്തിച്ച് ഇന്ധനത്തിന്റെ എരിയൽ പൂർണമാക്കിത്തീർക്കുകയാണ് ടർബോ പെട്രോൾ എഞ്ചിനുകൾ ചെയ്യുന്നത്. ഇത് എഞ്ചിന്റെ കരുത്ത് വർധിപ്പിക്കുന്നു. മാനുവൽ ട്രാൻസ്മിഷൻ കാറുകൾക്കടുത്തു തന്നെ ടർബോ പെട്രോൾ എഞ്ചിനുകൾ ഇന്ന് മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് അതിനെ കൂടുതൽ ആകർഷകമാക്കുന്നുമുണ്ട്.

ഫോക്‌സ് വാഗൺ പോളോ 1.2 ടിഎസ്‌ഐ ഹാച്ച്ബാക്കിലും മാരുതി ബലേനോ ആർ എസിലുമൊക്കെയുള്ള ടർബോ എഞ്ചിനുകൾ കൂടുതൽ പെർഫോമൻസ് ആഗ്രഹിക്കുന്ന ഒരു വിഭാഗം വാഹനപ്രേമികളെ ടർബോ പെട്രോൾ കാറുകളിലേക്ക് അടുപ്പിക്കുന്നതും സ്‌കോഡ ഇന്ത്യൻ വിപണിയിൽ ടർബോ എഞ്ചിനുക ളിലൂടെ യുവാക്കളുടെ ഇഷ്ടം പിടിച്ചുപറ്റുന്നതുമെല്ലാം ഹ്യുണ്ടായ് തിരിച്ചറിയുന്നുണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് ടർബോ പെട്രോൾ എഞ്ചിനുകളിലേക്ക് ഹ്യുണ്ടായ്‌യും നീങ്ങാൻ കാരണമെന്ന് വ്യക്തം.

ഹ്യുണ്ടായ് ക്രെറ്റ 5 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് റെക്കോർഡിട്ടിരിക്കുന്നു

ഹ്യുണ്ടായ് കഴിഞ്ഞ വർഷം പുറത്തിറക്കിയ വെന്യുവിലാണ് ആദ്യമായി 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ പരീക്ഷിച്ചത്. വെന്യുവിന് ലഭിച്ച ജനപ്രീതിയെ തുടർന്ന് ഹ്യുണ്ടായ് ആദ്യമായി തങ്ങളുടെ കോംപാക്ട് സെഡാനായ ഓറയിലും ഹാച്ച്ബാക്കായ ഗ്രാൻഡ് ഐ10 നിയോസിലും തുടർന്ന് പരിഷ്‌ക്കരിച്ച പുതിയ ക്രെറ്റയിലും പുതിയ വെർണയിലും ടർബോ പെട്രോൾ എഞ്ചിൻ എത്തിച്ചു. പുതിയ ക്രെറ്റയുടെ എസ്എക്‌സ് (ഒ)യിലും എസ് എക്‌സ് വേരിയന്റിലുമാണ് ടർബോപെട്രോൾ വേരിയന്റുകൾ ഹ്യുണ്ടായ് എത്തിച്ചിരിക്കുന്നത്. 6000 ആർ പി എമ്മിൽ 138 ബി എച്ച് പി ശേഷിയും 1500 ആർ പി എമ്മിൽ 242 ന്യൂട്ടൺ മീറ്റർ ടോർക്കും പ്രദാനം ചെയ്യാൻ ഈ 1.4 ലിറ്റർ കാപ്പ ടർബോ ജിഡിഐ പെട്രോൾ എഞ്ചിന് കഴിയുന്നുണ്ട്. വിലയാകട്ടെ 17.21 ലക്ഷം രൂപയും (എക്‌സ്‌ഷോറൂം)!

ഹ്യുണ്ടായ് ഗ്രാന്റ് ഐ 10 നിയോസ്
ഹ്യുണ്ടായ് ഗ്രാന്റ് ഐ 10 നിയോസ് ടർബോ പെട്രോളിന്റെ ഇന്റീരിയറും എഞ്ചിനും

ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസിന്റെ സ്‌പോർട്‌സ് വേരിയന്റിലാണ് 1.0 ലിറ്റർ ടർബോ ജി ഡി ഐ എഞ്ചിൻ എത്തിയിരിക്കുന്നത്. 6000 ആർ പി എമ്മിൽ 99 ബി എച്ച് പി കരുത്തും 1500 ആർ പി എമ്മിൽ 172 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകാൻ ഈ എഞ്ചിനു കഴിയുന്നുണ്ട്. മൈലേജാകട്ടെ ലിറ്ററിന് 20.3 കിലോമീറ്ററും. ഓറയുടെ വേരിയന്റുകളിൽ ഓറ എസ്എക്‌സ് പ്ലസിലാണ് ഇതേ 1.0 ലിറ്റർ ടർബോ ജിഡിഐ എഞ്ചിൻ ഹ്യുണ്ടായ് നൽകിയിരിക്കുന്നത്. ‘ന്യൂ സ്പിരിറ്റഡ് വെർണ’ എന്ന ടാഗോടെ ഹ്യുണ്ടായ് എത്തിച്ചിരിക്കുന്ന വെർണയിലും ഇതേ ടർബോ ചാർജ്ഡ് എഞ്ചിൻ തന്നെയാണുള്ളത്. എന്നാൽ 6000 ആർ പി എമ്മിൽ 118 ബി എച്ച് പി ശേഷിയും 1500 ആർ പി എമ്മിൽ 172 ന്യൂട്ടൺ മീറ്റർ ടോർക്കും ലഭിക്കുംവിധമാണ് അത് ട്യൂൺ ചെയ്തിരിക്കുന്നതെന്നു മാത്രം. എന്നാൽ വെന്യുവിൽ നിരവധി വേരിയന്റുകളിൽ ടർബോ എഞ്ചിൻ ഹ്യുണ്ടായ് എത്തിച്ചിട്ടുണ്ട്.

118 ബി എച്ച് പി കരുത്തുള്ള വെന്യു എസ് 1.0 ലിറ്റർ ടർബോ, ഡിസിടി ട്രാൻസ്മിഷനുള്ള വെന്യു എസ് 1.0 ലിറ്റർ ടർബോ, എസ് എക്‌സ് വേരിയന്റിൽ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനൊപ്പവും അല്ലാതെയുമുള്ള 1.0 ലിറ്റർ ടർബോ, എസ് എക്‌സ് (ഒ) ഐ എം ടി, വെന്യു സ്‌പോർട് എസ് എക്‌സ് (ഒ) ടർബോ, എസ് എക്‌സ് പ്ലസ് സ്‌പോർട് ഡിസിടി തുടങ്ങി ടർബോ ചാർജ്ഡ് എഞ്ചിൻ തന്നെയാണ് പുതിയ വെന്യുവിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പുതിയ ക്രെറ്റയിൽ നേരത്തെ പറഞ്ഞതുപോലെ രണ്ട് മോഡലുകളിലും 138 ബി എച്ച് പി കരുത്തുള്ള ടർബോ എഞ്ചിനുമുണ്ട്. ഡ്രൈവിങ് ആവേശകരമായ ഒരു അനുഭവ മാക്കാനും കൂടുതൽ കരുത്തുറ്റ കാറുകളുടെ ഒരു നിര സൃഷ്ടിക്കാനുമുള്ള ഹ്യുണ്ടായ് യുടെ ഈ ശ്രമങ്ങൾ വലിയ തോതിൽ ഇന്ത്യൻ യുവത്വത്തെ ഹ്യുണ്ടായ്‌യുമായി അടുപ്പിച്ചിട്ടുണ്ടെന്നത് ആർക്കും നിഷേധിക്കാനാ കാത്ത ഒരു വസ്തുത തന്നെയാണ്.

ഇനി ട്രാൻസ്മിഷനിൽ ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്ന വൈവിധ്യമാർന്ന നിര ഒന്നു പരിശോധിക്കാം. മാനുവൽ ട്രാൻസ്മിഷനു പുറമേ, ഐഎംടി (ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ), എഎംടി (ഓട്ടോമേറ്റഡ് മാനു വൽ ട്രാൻസ്മിഷൻ), ഡിസിടി (ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ), ഐവിടി (ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ), ടോർക്ക് കൺവർട്ടർ എന്നിങ്ങനെയുള്ള ട്രാൻസ്മിഷനുകൾ ഹ്യുണ്ടായ്‌യുടെ പല കാറുകളിലുമുണ്ട്. ആദ്യമായി ഏറ്റവും പുതുതായി ഹ്യുണ്ടായ് വെന്യുവിൽ അവതരിച്ചിരിക്കുന്ന ഐ എം ടി ട്രാൻസ്മിഷനെപ്പറ്റിയും അതിന്റെ സവിശേഷതകളെക്കുറിച്ചും പറയാം.

ഐ എം ടി

ഹ്യുണ്ടായ്‌യുടെ ഏറ്റവും പുതിയ ട്രാൻസ്മിഷൻ സാങ്കേതികവിദ്യയാണ് ഐ എം ടി അഥവാ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ. ഹ്യുണ്ടായ് വെന്യുവിലാണ് ഈ ട്രാൻസ്മിഷൻ അവർ ആദ്യമായി കൊണ്ടുവന്നിട്ടുള്ളത്. ക്ലച്ച് ഒഴിവാക്കിക്കൊണ്ട് ഗിയറുകൾ സ്വയം ഷിഫ്റ്റ് ചെയ്ത് മാനുവൽ ട്രാൻസ്മിഷൻ രീതിയിൽ വാഹനം ഓടിക്കാനിഷ്ടപ്പെടുന്നവർക്കായാണ് ഐ എം ടി കമ്പനി രൂപകൽപന ചെയ്തിട്ടുള്ളത്. ഗിയർ മാറ്റി വാഹനം ഓടിക്കുന്നതാണ് ഹരമെന്നു കരുതുന്നവർക്കായാണ് ഇത്തരമൊരു സംവിധാനം ഹ്യുണ്ടായ് എത്തിച്ചിരിക്കുന്നത്. അതായത് ക്ലച്ചില്ലാത്ത ഒരു മാനുവൽ ട്രാൻസ്മിഷനാണത്. എ എം ടിയിൽ നിന്നും വ്യത്യസ്തമായി ആക്ചുവേറ്ററുകൾ ഇവിടെ ക്ലച്ചിനെ മാത്രമേ നിയന്ത്രിക്കുന്നുള്ളു. ഗിയറുകൾ മാനുവലായി തന്നെ വാഹനം ഓടിക്കുന്നയാൾ മാറ്റേണ്ടതായിട്ടുണ്ട്. മാനുവൽ ഗിയർ ബോക്‌സിനും എ എം ടിയ്ക്കും മധ്യേയാണ് ഐ എം ടിയുടെ സ്ഥാനമെന്ന് ചുരുക്കം. ഓവർ ടേക്ക് ചെയ്യുകയോ കയറ്റം ഇറങ്ങുകയോ ഒക്കെ ചെയ്യുമ്പോൾ ഗിയറിന്റെ നിയന്ത്രണം വാഹനത്തിനു വിടാതെ ഡ്രൈവറിൽ തന്നെ സുഭദ്രമായിരിക്കുമെന്നതാണ് സവിശേഷത. പോരാത്തതിന് മാനുവൽ മോഡലിനൊപ്പം തന്നെ മാത്രമേ ഐ എം ടി മോഡലിനും വില വരികയുമുള്ളു.

ഹ്യുണ്ടായ് വെന്യുവിലെ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ

എ എം ടി

ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ എന്നാണ് എ എം ടിയുടെ പൂർണ രൂപം. മാനുവൽ ട്രാൻസ്മിഷനി ലുള്ള അതേ ഗിയറും അതേ ക്ലച്ചും തന്നെയാണ് എ എം ടിയിൽ ഉപയോഗിക്കുന്നതെങ്കിലും ഡ്രൈവർ ഉപയോഗിക്കുന്ന ഗിയർ ലിവറിനും ക്ലച്ച് പെഡലിനും പകരം എ എം ടി ട്രാൻസ്മിഷനിൽ എഞ്ചിനിലുള്ള ഒരു ഹൈഡ്രോളിക് ആക്ചുവേറ്റർ സംവിധാനം ഉപയോഗിച്ച് അത് രണ്ട് പ്രവർത്തിപ്പിക്കപ്പെടുകയാണ്. കാറിന്റെ ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിൽ (ഇ സി യു) ഗിയർ ഷിഫ്റ്റ് പാറ്റേൺ ഫാക്ടറിയിൽ തന്നെ പ്രീ പ്രോഗ്രാം ചെയ്തിരിക്കുന്നതുകൊണ്ട് ഇതുമായി ബന്ധിപ്പിക്കപ്പെട്ട ആക്ചുവേറ്ററുകളെ ഇ സി യു ഓട്ടോമാറ്റിക്കായി നിയന്ത്രിച്ച് ക്ലച്ചും ഗിയർ ബോക്‌സും തമ്മിലുള്ള ഏകോപനം സാധ്യമാക്കുകയും ചെയ്യുന്നു. ഹ്യുണ്ടായ് യുടെ സാൻട്രോ, ഗ്രാന്റ് ഐ 10 നിയോസ്, ഓറ എന്നിങ്ങനെയുള്ള മോഡലുകളിലെല്ലാം തന്നെ എ എം ടി ട്രാൻസ്മിഷൻ നൽകപ്പെട്ടിട്ടുണ്ട്. ഹ്യുണ്ടായ് സ്വയം വികസിപ്പിച്ചെടുത്ത സംവിധാനമാണ് ഇവയിൽ ഉപയോഗിക്കുന്നത്. മാനുവൽ ട്രാൻസ്മിഷൻ കാറുകളുടെ തന്നെ ഇന്ധനക്ഷമത ലഭിക്കുമെന്നതും അനായാസേന ഡ്രൈവ് ചെയ്യാമെന്നതും മെയിന്റനൻസ് ചെലവ് താങ്ങാനാകുന്ന നിരക്കിലുള്ളതാണെന്നതുമാണ് എ എം ടിയുടെ മേന്മകൾ.

ഐ വി ടി

ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ ഹ്യുണ്ടായ് കാറുകളുടെ ഒരു സവിശേഷതയാണ്. സിവിടി അഥവാ കണ്ടിന്യൂവസ് വേരിയബിൾ ട്രാൻസ്മിഷനുമായി സാമ്യമുള്ളതാണ് ഐവിടിയെങ്കിലും ഇത് സിവിടിയേക്കാൾ മെച്ചപ്പെട്ടതാണെന്നതാണ് വാസ്തവം. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ നിന്നും വേറിട്ട്, ഐ വി ടി പുതിയ ഷിഫ്റ്റ് കൺട്രോൾ സ്ട്രാറ്റജി സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്. സിവിടിയിൽ പുൾ ബെൽട്ട് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഐ വി ടിയിൽ ചെയിൻ ബെൽട്ടാണ് ഹ്യുണ്ടായ് ഉപയോഗിക്കുന്നത്. ഇത് ഇന്ധന ക്ഷമത വർധിപ്പിക്കുന്നതിനു പുറമേ ഗിയർ ഷിഫ്റ്റ് ശബ്ദരഹിതമാക്കിത്തീർക്കുകയും ചെയ്യുന്നു. ഡ്രൈവറുടെ ഇൻപുട്ടും വാഹനത്തിന്റെ സ്വഭാവവും ആക്‌സിലറേഷനും നിരത്തിന്റെ അവസ്ഥയുമൊക്കെ പരിശോധിച്ചുകൊണ്ടാണ് വാഹനത്തിന്റെ സഞ്ചാരം നിർണിയിക്കപ്പെടുന്നത്. ഹ്യുണ്ടായ്‌യുടെ വെർണ എക്‌സ് എക്‌സ് (ഒ) യിലും എസ് എക്‌സ് വേരിയന്റിലും ക്രെറ്റയുടെ എസ് എക്‌സ് (ഒ)യിലും എസ് എക്‌സ് വേരിയന്റിലും ഇത് നൽകപ്പെട്ടിട്ടുണ്ട്.

ഡിസിടി

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഒരു ട്രാൻസ്മിഷനാണ് ഇത്. ഡിസിടി അഥവാ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. രണ്ട് മാനുവൽ ട്രാൻസ്മിഷനുകളെ എഞ്ചിനുമായി കംപ്യൂട്ടർ സംവിധാനം വഴി കൂട്ടിയിണക്കുകയാണ് ഇതിൽ. ഒന്ന്, മൂന്ന്, അഞ്ച് ഗിയറുകളും 2, 4, 6, റിവേഴ്‌സ് ഗിയറുകളും രണ്ട് ക്ലച്ചുകളിലൂടെ എഞ്ചിനുമായി കൂട്ടിയിണക്കപ്പെട്ടിരിക്കുകയാണ് ഇതിൽ. ഡ്രൈവർ മാനുവലായി ഗിയർ മാറ്റേണ്ട അവസ്ഥ ചില കംപ്യൂട്ടർ സംവിധാനങ്ങളിലൂടെ ഇല്ലാതാക്കുകയും ഓട്ടോമേറ്റഡായി അത് മാറ്റുകയും ചെയ്തിരിക്കുകയാണ് ഡി സി ടിയിൽ. കൂടുതൽ ഇന്ധനക്ഷമത നൽകുന്നതും കൂടുതൽ വേഗത്തിലുള്ള ഗിയർ ഷിഫ്റ്റ് നൽകുകയും ചെയ്യുന്നതാണ് അതിനെ ജനപ്രിയമാക്കി മാറ്റിയിരിക്കുന്നത്. വെന്യുവിലും വെർണയിലും ക്രെറ്റയിലും ഹ്യുണ്ടായ് ഡിസിടി ട്രാൻസ്മിഷൻ നൽകിയിട്ടുണ്ട്. വെന്യു 1.0 ലിറ്റർ ടർബോ, എസ് എക്‌സ് പ്ലസ് 1.0 ലിറ്റർ ടർബോ എന്നിവയിലും വെർണയിൽ എസ് എക്‌സ് (ഒ) 1.0 ലിറ്റർ ടർബോയിലും ക്രെറ്റ എസ് എക്‌സ് (ഒ) ടർബോ വേരിയന്റിലും എസ് എക്‌സ് ടർബോ വേരിയന്റിലും 7 സ്പീഡ് ഡിസിടി ട്രാൻസ്മിഷനാണ് ഹ്യുണ്ടായ് നൽകിയിരിക്കുന്നത്.

ഹ്യുണ്ടായ് ഓറ

ടോർക്ക് കൺവർട്ടർ

ഹ്യുണ്ടായ്‌യുടെ ഡീസൽ കാർ വേരിയന്റുകളിൽ ടോർക്ക് കൺവർട്ടർ ട്രാൻസ്മിഷൻ ഓപ്ഷനും കമ്പനി നൽകിയിട്ടുണ്ട്. എഞ്ചിനിൽ നിന്നും ട്രാൻസ്മിഷനിലേക്ക് ഊർജം പ്രവഹിപ്പിക്കുന്ന ഫ്‌ളൈവീലിനെ ഫ്‌ളൂയിഡ് കംപ്ലിങ് തത്വമനുസരിച്ച പ്രവർത്തിക്കുന്ന ഒരു ടോർക്ക് കൺവർട്ടറുമായി ബന്ധിപ്പിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. മാനുവൽ ട്രാൻസ്മിഷനുള്ള കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവയ്ക്ക് ചെറിയ
വേഗതയിൽ ഇന്ധനക്ഷമത കുറവാണെങ്കിലും കരുത്തുറ്റ വേറിട്ട ഡ്രൈവിങ് ഇഷ്ടപ്പെടുന്നവർക്ക് ടോർക്ക് കൺവർട്ടർ വാഹനങ്ങൾ ഉപയോഗിക്കാവുന്നതാണ്.

വ്യത്യസ്തമായ എഞ്ചിനുകളും വ്യത്യസ്തമായ വിവിധ മോഡലുകളും ടർബോ പെട്രോൾ പോലുള്ള യുവാക്കളുടെ ഹരമായ പെർഫോമൻസ് മോഡലുകളും ഇവയിൽ ഓരോന്നിലും പലവിധത്തിലുള്ള ട്രാൻസ്മിഷനുകളും സജ്ജമാക്കിയിരിക്കുന്ന മറ്റൊരു വാഹന കമ്പനി ഇന്ത്യയിൽ ഹ്യുണ്ടായ് പോലെ ഉണ്ടോ എന്നത് സംശയമാണ്. വാഹനപ്രേമിക്ക് തനിക്കിഷ്ടപ്പെട്ട വിധമുള്ള എഞ്ചിനും മോഡലും ട്രാൻസ്മിഷനുമൊക്കെ തെരഞ്ഞെടുക്കാൻ ഹ്യുണ്ടായ്‌യുടെ ഈ വൈവിധ്യം സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വെറുതെയല്ല വിപണിയിൽ പ്രഥമ സ്ഥാനത്തേക്കുള്ള ഹ്യുണ്ടായ്‌യുടെ കുതിപ്പ് അനുനിമിഷം ശക്തമാകുന്നത്$

Leave a Reply

Your email address will not be published. Required fields are marked *

shares