Test Ride: Triumph Street Triple RS
January 11, 2019
How Safe is Your Car?- Smartdrive Investigation- Part 3- Tata
January 11, 2019

How Safe is Your Car: Smartdrive Investigation- Part 2- Hyundai

Hyundai Creta has a strong HIVE body shell

തകരപ്പാട്ടയിൽ പെയിന്റടിച്ച്, കാർ എന്ന പേരിൽ കൊതിപ്പിക്കുന്ന പരസ്യങ്ങളുടെ അകമ്പടിയോടെ അടിച്ചേൽപ്പിക്കുന്ന വാഹന കമ്പനികളുടെ തന്ത്രങ്ങളൊന്നും ഇന്ത്യക്കാരുടെ മേൽ ഇനി വിലപ്പോവില്ല. മറ്റെന്തിനേക്കാളും സുരക്ഷയ്ക്കാണ് ഇപ്പോൾ ഇപ്പോൾ ഇന്ത്യയിലെ വാഹന ഉടമകൾ പ്രാധാന്യം നൽകുന്നത്. മിക്ക വാഹന കമ്പനികളും നിരവധി സുരക്ഷാ സംവിധാനങ്ങളോടെയാണ് പുതിയ മോഡലുകൾ പുറത്തിറക്കുന്നതും. എത്ര സുരക്ഷിതമാണ് നമ്മുടെ കാറുകൾ എന്ന് ഒന്നന്വേഷിക്കാം.

ഭാഗം 2: ഹ്യുണ്ടായ്

മറ്റെന്തിനേക്കാളും ഒരു വാഹനത്തിൽ യാത്രികൻ ഏറ്റവുമധികം താൽപര്യപ്പെടുന്നത് സുരക്ഷിതത്വമായിരിക്കും. ഹ്യുണ്ടായ് കാറുകൾ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ എവിടെ നിൽക്കുന്നു? ഹ്യുണ്ടായ് കാറുകളുടെ വിവിധ സെഗ്മെന്റുകൾ പരിശോധിച്ച് സ്മാർട്ട് ഡ്രൈവിന്റെ വിധിയെഴുത്ത്.

എഴുത്ത്: ജെ ബിന്ദുരാജ്

തെക്കൻ കൊറിയയിൽ നിന്നും ഇന്ത്യയിലേക്ക് ഹ്യുണ്ടായ് എത്തിയിട്ട് ഇപ്പോൾ 22 വർഷങ്ങളാകുന്നു. മാരുതിയും ഹിന്ദുസ്ഥാനും പ്രീമിയറും ടാറ്റയും മഹീന്ദ്രയുമൊക്കെ അരങ്ങ് വാണിരുന്ന അക്കാലത്ത് ദെയ്‌വൂവും ഫോർഡും ഓപെലും ഹോണ്ടയുമൊക്കെ ഇന്ത്യയിലേക്ക് രംഗപ്രവേശം ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളു. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യാ ലിമിറ്റഡ് രണ്ടു വർഷങ്ങൾക്കുശേഷം 1998 സെപ്തംബർ 23ന് സാൻട്രോ എന്ന ചെറുകാറുമായി രംഗത്തെത്തിയപ്പോൾ പക്ഷേ പല വാഹനഭീമന്മാരും ഞെട്ടി. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാസഞ്ചർ കാർ നിർമ്മാതാവായും ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ വാഹന കയറ്റുമതിക്കാരായും ഹ്യുണ്ടായ് വളർന്നത് അതിവേഗമാണ്. ഒരു കൊച്ചു കാർ ഒരു വലിയ കമ്പനിയെ സൃഷ്ടിക്കുന്ന അസാധാരണമായ കാഴ്ച. പിന്നീടുള്ളത് ചരിത്രമായിരുന്നു- സാൻട്രോയിൽ നിന്നും ആക്‌സന്റിലേക്കും സൊണാറ്റയിലേക്കും ടെറാക്യാനിലേക്കും ഗെറ്റ്‌സിലേക്കും വെർണയിലേക്കും ഐ 10ലേക്കും എലാൻട്രയിലേക്കും ട്യുസോണിലേക്കും സാന്റാഫേയിലേക്കും ക്രെറ്റയിലേക്കും ഐ 20യിലേക്കും ഗ്രാന്റ് ഐ 10ലേക്കും ഇയോണിലേക്കും പുതിയ സാൻട്രോയിലേക്കുമൊക്കെ എത്തിച്ചേർന്ന കമ്പനിയുടെ 10 മോഡലുകളാണ് ഇപ്പോൾ ഇന്ത്യയിൽ അരങ്ങുതകർത്ത് വാഴുന്നത്. ഇയോൺ, ഗ്രാന്റ് ഐ 10, എക്‌സന്റ്, എലീറ്റ് ഐ 20, ഐ 20 ആക്ടീവ്, വെർണ, ക്രെറ്റ, എലാൻട്ര, ട്യുസോൺ, സാൻട്രോ എന്നിവയാണ് അവ.

Hyundai Creta

ഇന്ത്യ ഹ്യുണ്ടായ് എന്ന കൊറിയൻ ബ്രാൻഡിൽ വിശ്വാസമർപ്പിച്ചതിനു പ്രധാന കാരണം നിലവിലുണ്ടായിരുന്ന പല വാഹനഭീമന്മാരുടെ മോഡലുകളിലേതിനേക്കാൾ വ്യത്യസ്തമായ ടോൾ ബോയ് ഡിസൈനാ യിരുന്നു സാൻട്രോയ്ക്ക് ഉണ്ടായിരുന്നതെന്നതായിരുന്നു. ഷാരൂഖ് ഖാൻ കാറിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായതോടെ മധ്യവർഗ ഇന്ത്യൻ കുടുംബങ്ങൾ ഹ്യുണ്ടായിയെ ഇന്ത്യൻ വാഹനമെന്ന പോലെ തന്നെ ഓമനിക്കാനും തുടങ്ങി. പിന്നെ വന്ന മോഡലുകളും ജനം ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ ഹ്യുണ്ടായ് ഇന്ത്യൻ വാഹനവിപണിയിലെ അനിഷേധ്യ സാന്നിധ്യമായി. ഇന്ന് 500ഓളം ഡീലർനെറ്റ്‌വർക്കുകളും 1300ൽ അധികം സർവീസ് സ്റ്റേഷനുകളുമായി ഇന്ത്യയിൽ ആർക്കും തകർക്കാനാകാത്തവിധമുള്ള അടിത്തറയുണ്ടാക്കിയിരിക്കുന്നു അവർ. ഇന്ത്യയിൽ നിന്നും യൂറോപ്യൻ യൂണിയനിലും ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലും ആസ്‌ട്രേലിയയിലുമുള്ള 87 രാജ്യങ്ങളിലേക്ക് ഹ്യുണ്ടായ് കാറുകൾ കയറ്റി അയക്കുന്നുണ്ട്. പ്രതിവർഷം ഏഴുലക്ഷം കാറുകളാണ് ഹ്യുണ്ടായ്‌യുടെ ചെന്നൈയിലുള്ള രണ്ട് പ്ലാന്റുകളിലായി ഇന്ന് ഉൽപാദിപ്പിക്കപ്പെടുന്നത്.

എന്നാൽ സൗന്ദര്യം മാത്രമല്ല ഹ്യുണ്ടായ്‌യുടെ ഈ സ്വീകാര്യതയുടെ പിന്നിൽ പ്രവർത്തിച്ച ഘടകം. സുരക്ഷിതത്വത്തിന് ഹ്യുണ്ടായ് വാഹനങ്ങൾ വച്ചുപുലർത്തുന്ന നിഷ്‌ക്കർഷയാണ് ഇന്ത്യക്കാരനെ ഹ്യുണ്ടായ് യോട് കൂടുതൽ അടുപ്പിച്ചത്. പെർഫോമൻസിന്റേയും സ്‌റ്റൈലിന്റേയും കാര്യത്തിൽ ഏത് യൂറോപ്യൻ നിർമ്മിത വാഹനത്തോടും കിടപിടിക്കുന്നതായതിനാൽ സുരക്ഷിതത്വമാണ് പ്രധാനമായും ഹ്യുണ്ടായ് വാഹനങ്ങൾ എടുത്തുപറഞ്ഞത്. നമുക്ക് ഹ്യുണ്ടായ്‌യുടെ എസ് യു വിയായ ക്രെറ്റ തന്നെ ആദ്യം അടുത്തുപരിശോധിക്കാം.

ഹ്യുണ്ടായ് ക്രെറ്റ

ഒരേ സമയം ആകർഷണീയവും ആഢംബരപൂർണവുമാണ് ഹ്യുണ്ടായ് ക്രെറ്റ. സാഹസികതയും ശക്തിയും സ്ഥലസൗകര്യവും സ്മാർട്ട് ഫീച്ചറുകളുമുള്ള വാഹനം യാത്രികർക്ക് സമ്പൂർണ സുരക്ഷിതത്വവും ഉറപ്പാക്കുന്നുണ്ട്. സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ മറ്റേതൊരു എസ് യു വിയെക്കാളും ഒരുപടി മുന്നിലാണ് ക്രെറ്റ. കരുത്തുറ്റ ഉരുക്കുകൊണ്ടാണ് ക്രെറ്റ നിർമ്മിച്ചിട്ടുള്ളത്. ഏറ്റവും സുരക്ഷിതമായ വാഹനമായിരിക്കണം തങ്ങൾ നിർമ്മിക്കുന്നതെന്ന കാര്യത്തിൽ ഹ്യുണ്ടായ് ക്ക് നിർബന്ധമുണ്ടായിരുന്നു. ഹൈവ് അഥവാ ഹണികോമ്പ് ഘടനയിൽ നിന്നും പ്രചോദിതമായാണ് ഹൈവ് (ഒകഢഋ) ബോഡി സ്ട്രക്ചർ നിർമ്മിച്ചത്. സ്ട്രക്ചറൽ സ്‌ട്രെങ്ത്തിനു പുറമേ സ്‌റ്റെബിലിറ്റിയും അതീവ കരുത്തും നൽകുന്നുണ്ട് ആ സവിശേഷമായ ഘടന.

അതിബലവത്തായ ഉരുക്കാണ് ക്രെറ്റയുടെ നിർമ്മാണത്തിനായി ഹ്യുണ്ടായ് ഉപയോഗിച്ചിരിക്കുന്നത്. അഡ്വാൻസ് ഹൈ സ്‌ട്രെങ്ത്ത് സ്റ്റീലും (എഎച്ച് എസ് എസ്) അൾട്രാ ഹൈ സ്‌ട്രെങ്ത്ത് സ്റ്റീലും (യു എച്ച് എസ് എസ്) തുരുമ്പെടുക്കാത്ത സ്റ്റീലും നിർമ്മാണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നു. ഇതുമൂലം ഏത് ആഘാതത്തേയും ബോഡി താങ്ങുമെന്നതിനു പുറമേ, തുരുമ്പെടുക്കുന്നതിനെ തടുക്കുകയും ചെയ്യുന്നു. ബി പില്ലറിലും സി പില്ലറിലും എഞ്ചിന്റെ ഭാഗത്തും റിങ് സ്ട്രക്ചർ ഡിസൈനും കരുത്ത് കൂട്ടുന്നതിനായി അണ്ടർ ബോഡി ശക്തിപ്പെടുത്തിയിരിക്കുന്നതും ഫ്രണ്ട് ഫെന്ററും റിയർ ക്വാർട്ടറും കൂടുതൽ ബലവാത്താക്കിയതിനു പുറമേ, റൂഫ് സ്‌ട്രൈക്ചർ അഞ്ച് ക്രോസ് ബാറുകൾ ഉപയോഗിച്ചാണ് ബലപ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം ഘടനാപരമായ കരുത്ത് വർധിക്കുകയും ഉരുക്ക് ദീർഘകാലം കേടുകൂടാതെ നിലകൊള്ളുകയും അപകടമുണ്ടാകുന്നപക്ഷം യാത്രികർ സുരക്ഷിതരായിരിക്കുകയും ചെയ്യുന്നു. ഡാഷ് ക്രോസ് ബാർ മുന്നിൽ നിന്നും വാഹനമിടിച്ചാലുള്ള ആഘാതം കുറയ്ക്കുന്നുവെന്നതിനു പുറമേ, വലിയ ചുറ്റളവിലുള്ള വെൽഡ് പോയിന്റുകൾ ജോയിന്റുകൾ വിട്ടുപോരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. വശങ്ങളിൽ നിന്നും വാഹനമിടിച്ചാൽ അകത്തുള്ളവർ സുരക്ഷിതരായിരി ക്കുന്നതിനായി കൂടുതൽ ശക്തിപ്പെടുത്തിയ ബാറുകൾ ഡോറിലും പില്ലറിലും നൽകിയിരിക്കുന്നു.

ഇനി മറ്റു ചില ഫീച്ചറുകൾ പരിശോധിക്കാം. കോർണറിങ് ലാമ്പുകളുടെ സവിശേഷതയാണ് ആദ്യം പറയേണ്ടത്. വാഹനം തിരിക്കാൻ തുടങ്ങുമ്പോഴോ ഇൻഡിക്കേറ്റർ ലാമ്പ് ഇടുകയോ ചെയ്താലുടനെ തന്നെ ഹെഡ്‌ലൈറ്റ് റിഫ്‌ളക്ടറിനു താഴെയുള്ള മറ്റൊരു ഹാലൊജൻ ലാമ്പു കൂടി ഓണാകും. വാഹനം തിരിയുന്ന ഭാഗം കൂടുതൽ പ്രകാശഭരിതമാക്കാൻ ഇത് സഹായിക്കും. തന്മൂലം പാതയിലെ ദുർഘടാവസ്ഥ മുന്നിൽക്കണ്ട് വേഗം കുറയ്ക്കാനുമാകും. അതുപോലെ തന്നെയാണ് മുന്നിലെ ഫോഗ് ലാമ്പുകളുടെ കാര്യവും. മഴയോ മഞ്ഞോ മൂലം മുന്നിലുള്ളവ കാണാനാകാത്ത അവസ്ഥ വരുമ്പോൾ ഫോഗ് ലാമ്പുകൾ പ്രവർത്തിക്കുകയും കൂടുതൽ മെച്ചപ്പെട്ട നിലയിൽ നമുക്ക് മുന്നിലുള്ള വസ്തുക്കൾ കാണാകുകയും അപകടം ഒഴിവാകുകയും ചെയ്യും. സ്മാർട്ട് കീലെസ് എൻട്രിയാണ് മറ്റൊരു എടുത്തുപറയേണ്ട സവിശേഷത. സ്മാർട്ട് കീ ഉപയോഗിച്ച് നമുക്ക് ഡോർ തുറക്കുകയും അടയ്ക്കുകയും കീ ഇൻസേർട്ട് ചെയ്യാതെ തന്നെ എഞ്ചിൻ സ്റ്റാർട്ട് ചെയ്യുകയുമാകാം. ഒരു പ്രോക്‌സിമിറ്റി സെൻസർ കീയിൽ ഉപയോഗിക്കുന്നതു കൊണ്ട് വാഹനത്തിന് നിങ്ങളുടെ സാന്നിധ്യം തിരിച്ചറിയാനാകും. സ്മാർട്ട് കീയിലുള്ള ഇലക്ട്രോണിക് ഓതന്റിഫിക്കേഷൻ സിസ്റ്റം വാഹനം മോഷ്ടിക്കപ്പെടുന്നത് ഒഴിവാക്കുന്നു. ഡോർ ലോക്കുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് ഒരു റേഡിയോ ട്രാൻസ്‌പോണ്ടറാണ് കീ ഫോബ് ഉപയോഗിക്കുന്നതെങ്കിൽ എഞ്ചിൻ ഇമ്മൊബിലൈസർ സിസ്റ്റവുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് ഇൻഫ്രാറെഡ് രശ്മികളെയാണ് അത് ആശ്രയിക്കുന്നത്.

ഇതിനു പുറമേ, മറ്റ് സുരക്ഷിതത്വ സംവിധാനങ്ങൾ ധാരാളം വേറെയുമുണ്ട്. ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനോടു (ഇ ബി ഡി) കൂടിയ ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം (എ ബി എസ്) ആണ് അതിൽ പ്രധാനം. ഡ്രൈവർ തെന്നുന്ന ഒരു നിരത്തിൽ ബ്രേക്ക് അമർത്തുകയാണെങ്കിൽ വീലുകൾ ലോക്കാകാതെ സഹായിക്കാൻ എ ബി എസ് സഹായിക്കുന്നുവെങ്കിൽ ഇ ബി ഡി, നിരത്തിന്റെ അവസ്ഥയ്ക്ക് അനുസരിച്ചും വാഹനത്തിന്റെ വേഗത്തിനനുസരിച്ചും ഭാരത്തിന്റെ അവസ്ഥ അനുസരിച്ചും ഓരോ ബ്രേക്കിലേക്കുമെത്തേണ്ട ശക്തി നിശ്ചയിക്കുന്നു. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ (ഇ എസ് സി) ആണ് ക്രെറ്റയുടെ സുരക്ഷിതത്വം നിർണയിക്കുന്ന മറ്റൊരു ഘടകം. ടയറിന്റെ ട്രാക്ഷനും വാഹനത്തിന്റെ സ്‌റ്റെബിലിറ്റിയും ഇ എസ് സി സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. കാർ തെന്നിപ്പോകാനിടയുണ്ടെന്ന് തിരിച്ചറിയുന്ന നിമിഷം ഇ എസ് സി ഓട്ടോമാറ്റിക്കായി തന്നെ ബ്രേക്ക് അപ്ലൈ ചെയ്യുകയും ഗതിമാറിപ്പോകുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. നിയന്ത്രണത്തിന്റെ കാര്യത്തിൽ ഈ സംവിധാനത്തിനുള്ള കൃത്യത എപ്പോഴും വലിയ അപകടങ്ങൾ ഒഴിവാക്കുന്നു.

വെഹിക്കിൾ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ് (വി എസ് എം) ആണ് മറ്റൊരു തകർപ്പൻ സുരക്ഷിതത്വ ഫീച്ചർ. നിരപ്പല്ലാത്ത നനവുള്ളതോ പരുക്കനോ ആയ റോഡുകളിൽ പെട്ടെന്ന് ബ്രേക്കിടുകയോ ആക്‌സിലറേഷൻ കൊടുക്കുകയോ ചെയ്യുമ്പോൾ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോളിനെ മോട്ടോർ ഡ്രിവൺ പവർ സ്റ്റീയറിങ്ങുമായി കൂട്ടിയിണക്കുന്ന സംവിധാനമാണത്. ഡ്രൈവറിൽ നിന്നുമുള്ള പ്രവർത്തനമില്ലാതെ തന്നെ ഈ സംവിധാനം സ്വയം പ്രവർത്തിച്ചുകൊള്ളും. റിവേഴ്‌സ് പാർക്കിങ് സെൻസറുകളും റിയർ വ്യൂ ക്യാമറയും ക്രെറ്റയുടെ സുരക്ഷിതത്വം കൂടുതൽ ഉറപ്പാക്കുന്നുമുണ്ട്. റിയർ ബമ്പറിൽ നാല് സെൻസറുകൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ നമ്മൾ കാണാതെ പോകുന്ന പല തടസ്സങ്ങളും വാഹനം കണ്ടെത്തുന്നു. കൂടുതൽ നമ്മൾ ദുർഘട സ്ഥാനത്തിനടുത്തേക്ക് വാഹനം അടുപ്പിക്കുകയാണെങ്കിൽ റിയർ പാർക്കിങ് അസിസ്റ്റ് സിസ്റ്റം വരാനിരിക്കുന്ന അപകടത്തെപ്പറ്റി ശബ്ദരൂപത്തിൽ ഡ്രൈവർക്ക് സന്ദേശം നൽകുന്നു. ക്യാമറയാകട്ടെ ടച്ച് സ്‌ക്രീൻ ഓഡിയോ സിസ്റ്റത്തിന്റെ സ്‌ക്രീനിൽ പിന്നിലെ ഇമേജ് എടുത്തുകാണിക്കുകയും ചെയ്യുന്നു. ട്രാൻസ്മിഷൻ റിവേഴ്‌സ് ഗിയറിലാക്കുന്ന നിമിഷം മുതൽ ക്യാമറയും സെൻസറുകളും പ്രവർത്തനക്ഷമമാകുന്നുണ്ട് ക്രെറ്റയിൽ.

തീർന്നില്ല. സുരക്ഷിതത്വത്തിനായി ആറ് എയർ ബാഗുകളാണ് ക്രെറ്റയിലുള്ളത്. സീറ്റ് ബെൽട്ടുകളും മുന്നിലെ രണ്ട് എയർ ബാഗുകളും സൈഡ് ഇംപാക്ട് എയർ ബാഗുകളും സൈഡ് കർട്ടൻ എയർ ബാഗുകളും സുരക്ഷിതത്വത്തെ ഒരു പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുന്നു ക്രെറ്റയിൽ. ഹിൽ അസിസ്റ്റ് കൺട്രോളാണ് (എച്ച് എ സി) മറ്റൊരു സവിശേഷത. ഒരു കയറ്റത്തിൽ ഡ്രൈവർ വാഹനം നിർത്തിയശേഷം വീണ്ടും ആക്‌സിലറേറ്റ് ചെയ്യുകയാണെങ്കിൽ വാഹനം പിറകോട്ട് ചലിക്കാനുള്ള സാധ്യതയുണ്ട്. എച്ച് എ സി വാഹനം പിറകോട്ട് ചലിക്കാതിരിക്കാൻ ഓട്ടോമാറ്റിക്കായി ഒന്നു രണ്ടു സെക്കൻഡു സമയത്തേക്ക് ബ്രേക്ക് അപ്ലൈ ചെയ്യുന്നു. 4.6 ഡിഗ്രി ചെരുവിനും അതിനു മേലെയും എച്ച് എ സി ഓട്ടോമാറ്റിക്കായി തന്നെ പ്രവർത്തിക്കുന്നതു മൂലം വാഹനം പിറകോട്ട് നീങ്ങി പിന്നിലുള്ള വാഹനത്തെ ഇടിക്കാതിരിക്കാൻ സഹായിക്കുന്നു.

ഹ്യുണ്ടായ് വെർണ

ഇനി നമുക്ക് വെർണയിലേക്ക് വരാം. 1994ലാണ് ആദ്യ വെർണ വിപണനത്തിനെത്തിയത്. 2017ൽ പുറത്തിറങ്ങിയത് അഞ്ചാമത്തെ തലമുറയിൽപ്പെട്ട വെർണയാണ്. സ്‌പോർട്ടി സ്‌റ്റൈലിങ്ങും റിഫൈൻഡ് എഞ്ചിനും ഫ്യൂച്ചറിസ്റ്റ് ടെക്‌നോളജിയും കൂടുതൽ സുരക്ഷിതത്വഫീച്ചറുകളുമാണ് വെർണയിലുള്ളത്. എ എച്ച് എസ് എസ് ഉരുക്കുകൊണ്ടാണ് വെർണയുടെ 50 ശതമാനം ഭാഗങ്ങളും നിർമ്മിച്ചിട്ടുള്ളതെന്നതു തന്നെ കരുത്തിൽ വെർണ പതിന്മടങ്ങ് ശക്തിപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തം. ആറ് എയർ ബാഗുകളും സ്റ്റാൻഡേർഡ് ഡ്യുവൽ എയർ ബാഗുകളും എ ബി എസും കോർണറിങ് ലാമ്പുകളും ഇംപാക്ട് സെൻസിങ് ഓട്ടോഡോർ അൺലോക്കും 4 റിയർ പാർക്കിങ് സെൻസറുകളുമാണ് സുരക്ഷിതത്വം കൂടുതൽ മെച്ചപ്പെടുത്താനായി ഹ്യുണ്ടായ് വെർണയിൽ കൊണ്ടുവന്നിരിക്കുന്ന മാറ്റങ്ങൾ.

Hyundai Verna

ഹ്യുണ്ടായ്‌യുടെ ജനിതകത്തിൽ തന്നെയുള്ളതാണ് സുരക്ഷിതത്വം. ഘടനാപരമായ മാറ്റങ്ങളും മെച്ചപ്പെട്ട സേഫ്റ്റി ഫീച്ചറുകളും അഞ്ചാം തലമുറയിൽപ്പെട്ട വെർണയെ ഏറ്റവും സുരക്ഷിതമായ സെഡാനായി ഇന്ന് മാറ്റിയിരിക്കുന്നു. ഹോട്ട് സ്റ്റാമ്പിങ്ങ് ഉപയോഗിച്ചുണ്ടാക്കിയ അൾട്രാ ഹൈ സ്‌ട്രെങ്ത്ത് സ്റ്റീൽ യാത്രികർക്ക് ഏതൊരിടത്തു നിന്നുള്ള ആഘാതത്തിൽ നിന്നും രക്ഷ നൽകാൻ പര്യാപ്തമാണ്. എ എച്ച് എസ് എസ് സ്റ്റീൽ 50 ശതമാനവും ഹോട്ട് സ്റ്റാമ്പിങ് സ്റ്റീൽ 8 ശതമാനവും 60 കെ സ്റ്റീൽ 42 ശതമാനവും 35 കെ സ്റ്റീൽ 23 ശതമാനവും മൈൽഡ് സ്റ്റീൽ 27 ശതമാനവുമാണ് വെർണയിൽ ഉപയോഗിച്ചിട്ടുള്ളതെന്ന് കമ്പനി സ്രോതസ്സുകൾ വെളിവാക്കുന്നു.

ബി പില്ലറിനെ ഭാഗികമായുള്ള ഹോട്ട് സ്റ്റാമ്പിങ്ങിലൂടേയും റൂഫുമായും സൈഡ് സില്ലുമായുള്ള കണക്ഷനുകളിലൂടേയും ബലപ്പെടുത്തിയിരിക്കുന്നതിനാൽ വശങ്ങളിൽ നിന്നും മറ്റു വാഹനങ്ങൾ ഇടിക്കുകയാണെങ്കിൽ അധികം ആഘാതം ഉണ്ടാകുകയില്ല. എഞ്ചിൻ ബേ പ്രദേശത്ത് ഹോട്ട് സ്റ്റാമ്പിങ് ഉപയോഗിച്ചിരിക്കുന്നതിനാൽ എഞ്ചിനും ഇടിയുടെ ആഘാതത്തിൽ വലിയ നാശനഷ്ടമുണ്ടാകില്ല. എ പില്ലറും ഡാഷ് ക്രോസ് ബാർ കണക്ഷനുകളും പുതിയ വെർണയിൽ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ, എ ബി എസ്, ചൈൽഡ് സീറ്റ് പിടിപ്പിക്കുന്നതിനുള്ള ഐസോഫിക്‌സ് സംവിധാനം, ഇലക്ട്രോണിക് മിറർ (പിന്നിലുള്ള വാഹനങ്ങളിൽ നിന്നുള്ള ലൈറ്റ് സെൻസ് ചെയ്യുകയും ഗ്ലെയർ ഒഴിവാക്കുകയും ചെയ്യുക വഴി കാഴ്ചയ്ക്ക് തടസ്സമുണ്ടാക്കുന്നില്ല), പാർക്ക് അസിസ്റ്റ് സംവിധാനം (നാല് റിവേഴ്‌സ് പാർക്കിങ് സെൻസറുകളിലൂടേയും റിവേഴ്‌സ് പാർക്കിങ് ക്യാമറയിലൂടേയും സുരക്ഷിതമായ പാർക്കിങ്) എന്നിവ ഇതിലുണ്ട്.

ഹ്യുണ്ടായ് എലാൻട്ര

ഇനി ഹ്യുണ്ടായ്‌യുടെ അത്യാഢംബര വാഹനമായ എലാൻട്രയിലേക്ക് വരാം. 1990ൽ ആദ്യ എലാൻട്ര പുറത്തിറങ്ങിയതിനുശേഷം ഇന്നിപ്പോൾ ആറാം തലമുറയിൽപ്പെട്ട എലാൻട്രയാണ് വിപണിയിലെത്തിയിട്ടുള്ളത്. സുരക്ഷിതത്വത്തിന് മുൻഗണന നൽകിയാണത് നിർമ്മിച്ചിട്ടുള്ളത്.

Hyundai Elantra

കൂടുതൽ ശക്തിപ്പെടുത്തിയ ഉരുക്ക് ബോഡിയും വി എസ് എം, ഇ എസ് പി പോലുള്ള ഫീച്ചറുകളും എയർ ബാഗുകളും സീറ്റ് ബെൽട്ട് പ്രിടെൻഷനറുമൊക്കെ എലാൻട്രയിലെ സവാരി അതീവ സുരക്ഷിതമാക്കി മാറ്റുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (എച്ച് എ സി) തുടങ്ങിയ സംവിധാനങ്ങൾ ക്രെറ്റയിലെന്ന പോലെ എലാൻട്രയിലുമുണ്ട്. മുന്നിൽ 15 ഇഞ്ച് ഡിസ്‌ക് ബ്രേക്കും പിന്നിൽ 14 ഇഞ്ച് ഡിസ്‌ക് ബ്രേക്കുമാണ് എലാൻട്രയ്ക്കുള്ളത്, ബ്രേക്ക് അതിവേഗമാക്കിത്തീർക്കാൻ പാഡ് റിട്ടേൺ സ്പ്രിങ് അപ്ലൈഡ് കാലിപ്പറുകളും ഉപയോഗിച്ചിരിക്കുന്നു. ആറ് എയർ ബാഗുകളുമുണ്ട് എലാൻട്രയിൽ. ഡ്രൈവർക്കും യാത്രികനും പുറമേ ഫ്രണ്ട് എയർ ബാഗും കർട്ടൻ എയർ ബാഗുമുള്ളതിനാൽ ഡ്രൈവർക്ക് ആത്മവിശ്വാസം കൂടുന്നു.

പിന്നിലെ സീറ്റിലിരിക്കുന്നവരുടെ ഡോറുകളിൽ ഡ്യുവൽ ഇംപാക്ട് ബീം ഘടിപ്പിച്ചിട്ടുള്ളതു മൂലം സുരക്ഷിതത്വം വർധിക്കുന്നു. ഉയരത്തിനനുസരിച്ച് മുന്നിലെ സീറ്റ് ബെൽട്ടിന്റെ ഉയരം അഡ്ജസ്റ്റ് ചെയ്യാനാകുന്നതിനാൽ അത് എല്ലാവർക്കും തന്നെ ബുദ്ധിമുട്ടില്ലാതെ ധരിക്കാനാകുന്നുവെന്നതാണ് മറ്റൊരു സവിശേഷത. അപകടമുണ്ടായാൽ ഓട്ടോമാറ്റിക്കായി ഡോറുകൾ തുറക്കുന്നത് സാധ്യമാക്കുന്നതാണ് ഇംപാക്ട് സെൻസിങ് അൺലോക്ക്. ഒരു പ്രത്യേക വേഗത്തിൽ പോകുമ്പോൾ സ്പീഡ് സെൻസ് ചെയ്ത് ഡോറുകൾ തനിയെ ലോക്ക് ആകുന്നതു വഴി അബദ്ധത്തിൽ ഡോറുകൾ തുറന്നുപോകുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമേ കരുത്തുറ്റ ബോഡിയുമുണ്ട് എലാൻട്രയ്ക്ക്. അഡ്വാൻസ് ഹൈ സ്ട്രങ്ത്ത് സ്റ്റീൽ ഉപയോഗിച്ചാണ് വാഹനത്തിന്റെ 53 ശതമാനവും നിർമ്മിച്ചിട്ടുള്ളത്. എല്ലാ വശങ്ങളിൽ നിന്നുള്ള ആഘാതം ഒഴിവാക്കാനും കരുത്തുറ്റ ബാറുകൾ ഘടിപ്പിച്ചിട്ടുണ്ട്.

ഹ്യുണ്ടായ് സാൻട്രോ

Hyundai Santro

ഇനി ഹ്യുണ്ടായ് എന്ന കമ്പനിയെ ഇന്ത്യയിൽ വിജയിപ്പിച്ച മോഡലായ സാൻട്രോയുടെ പുതിയ പതിപ്പിനെപ്പറ്റി പറയാം. 20 വർഷത്തിനുള്ളിൽ 18.6 ലക്ഷം സാൻട്രോകളാണ് ഹ്യുണ്ടായ് നിർമ്മിച്ചത്. ഇതിൽ 13.2 ലക്ഷം കാറുകൾ ഇന്ത്യയിൽ വിറ്റഴിച്ചെങ്കിൽ 5.4 ലക്ഷം കാറുകൾ കയറ്റുമതി ചെയ്യപ്പെടുകയായിരുന്നു. വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പുതിയ സാൻട്രോ ഹ്യുണ്ടായ് വിപണിയിലെത്തിച്ചത്.

ഒരു ഫാമിലി കാറായാണ് ഹ്യുണ്ടായ് സാൻട്രോ അറിയപ്പെടുന്നതെന്നതിനാൽ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ അതുകൊണ്ടു തന്നെ സാൻട്രോയിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഹ്യുണ്ടായ് തയാറായില്ല. ഇ ബി ഡിയോടു കൂടിയ എ ബി എസ്, എയർ ബാഗുകൾ, റിയർ പാർക്കിങ് സെൻസറുകൾ, 63 ശതമാനം എ എച്ച് എസ് എസ് + എച്ച് എസ് എസ് സ്റ്റീൽ ഉപയോഗിച്ചുള്ള ബോഡി ഘടന, ഇംപാക്ട് സെൻസിങ് ഓട്ടോ ഡോർ അൺലോക്ക്, ലോഡ് ലിമിറ്ററോടു കൂടിയ സീറ്റ് ബെൽട്ട് പ്രീ ടെൻഷനേഴ്‌സ് (അപകടമുണ്ടാകുന്നപക്ഷം സീറ്റ് ബെൽട്ട് മുറുകുകയും തന്മൂലം യാത്രികൻ മുന്നോട്ടായുന്നത് കുറയുകയും ചെയ്യുന്നു) എന്നിവയെല്ലാം തന്നെ സാൻട്രോയുടെ സവിശേഷതകളാണ്.

ഹ്യുണ്ടായ് കാറുകളുടെ ഏതാനും ചില മോഡലുകൾ മാത്രമാണ് സുരക്ഷിതത്വ പരിശോധനയ്ക്കായി ഞങ്ങൾ ഈ ലക്കത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ എല്ലാ മോഡലുകളിലും ഏറ്റവും മികവു തന്നെ വച്ചുപുലർത്തുന്നതാണ് ഹ്യുണ്ടായ് കാറുകൾ എന്നു വ്യക്തമാക്കുന്നതിനാണ് പല സെഗ്മെന്റുകളിലേയും ഹ്യുണ്ടായ് വാഹനങ്ങൾ ഞങ്ങൾ പരിശോധിച്ചത്. സുരക്ഷിതത്വമാണല്ലോ ഏതൊരു യാത്രികനും ആത്യന്തികമായി താൻ സഞ്ചരിക്കുന്ന വാഹനത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. അത് യാഥാർത്ഥ്യമാക്കുന്നതിൽ ഹ്യുണ്ടായ് നൂറു ശതമാനവും വിജയിച്ചിരിക്കുന്നുവെന്ന് നിസ്സംശയം പറയാം$

Smartdrive- January 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>