Shark in the Hills: Mahindra Marazzo to Nelliyampathy
January 11, 2019
മുഖ്യമന്ത്രിയുടെ ജീവൻ!
January 11, 2019

How Safe is Your Car: Smartdrive Investigation- Part 1- Volkswagen

അപകടത്തിൽ നിന്നും തന്നെ യും മറ്റ് മൂന്നു പേരെയും രക്ഷിച്ചത് ഫോക്‌സ് വാഗൺ പോളോയുടെ സുരക്ഷിതത്വ ഫീച്ചറുകളാണെന്ന് രാമകൃഷ്ണൻ സാക്ഷ്യപ്പെടുത്തുന്നു. പുതിയ പോളോയ്‌ക്കൊപ്പം രാമകൃഷ്ണനും ഭാര്യ ഗിരിജയും

തകരപ്പാട്ടയിൽ പെയിന്റടിച്ച്, കാർ എന്ന പേരിൽ കൊതിപ്പിക്കുന്ന പരസ്യങ്ങളുടെ അകമ്പടിയോടെ അടിച്ചേൽപ്പിക്കുന്ന വാഹന കമ്പനികളുടെ തന്ത്രങ്ങളൊന്നും ഇന്ത്യക്കാരുടെ മേൽ ഇനി വിലപ്പോവില്ല. മറ്റെന്തിനേക്കാളും സുരക്ഷയ്ക്കാണ് ഇപ്പോൾ ഇപ്പോൾ ഇന്ത്യയിലെ വാഹന ഉടമകൾ പ്രാധാന്യം നൽകുന്നത്. മിക്ക വാഹന കമ്പനികളും നിരവധി സുരക്ഷാ സംവിധാനങ്ങളോടെയാണ് പുതിയ മോഡലുകൾ പുറത്തിറക്കുന്നതും. എത്ര സുരക്ഷിതമാണ് നമ്മുടെ കാറുകൾ എന്ന് ഒന്നന്വേഷിക്കാം.

ഭാഗം 1: ഫോക്‌സ് വാഗൺ

ഫോക്‌സ് വാഗൺ കാറുകൾ വാഗ്ദാനം ചെയ്യുന്ന ആക്ടീവ് സേഫ്റ്റിയെക്കുറിച്ചും പാസ്സീവ് സേഫ്റ്റിയെക്കുറിച്ചും ഫോക്‌സ് വാഗൺ കാറുകൾ കൂടുതൽ സുരക്ഷിതമായി കൊണ്ടു നടക്കാനാകുമെന്നതിനെപ്പറ്റിയും അറിയാം.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോ: സഫ്‌വാൻ ബാവ

മൂന്നു വർഷം മുമ്പാണ്. തൃശ്ശൂരിലെ കുന്നംകുളത്തു നിന്നും എറണാകുളത്തേക്ക് ഫോക്‌സ് വാഗൺ പോളോയിൽ വരികയായിരുന്നു ഇടപ്പള്ളിയിൽ ബിസിനസുകാരനായ രാമകൃഷ്ണനും രണ്ട് സഹോദരന്മാരും സഹോദരന്റെ മകനുമടക്കം നാലു പേർ. കുന്നംകുളത്ത് ഒരു ഗ്രാമപ്രദേശത്തു കൂടി പോകുമ്പോഴാണ് പെട്ടെന്ന് ഒരു നായ വാഹനത്തിന് വട്ടം ചാടിയതും നായയെ രക്ഷിക്കാൻ വേഗത്തിൽ പോകുകയായിരുന്ന കാർ രാമകൃഷ്ണൻ വെട്ടിത്തിരിച്ചതും. വേഗത്തിലായിരുന്നതിനാലും ചെറിയ വഴി ആയിരുന്നതിനാലും വാഹനം നിയന്ത്രണം വിട്ട് അടുത്തുള്ള കലുങ്കിൽ ചെന്നിടിച്ച് മൂന്നടിയോളം മുകളിലേക്ക് ഉയർന്നുപൊങ്ങി, ഒരു മതിലിൽ ഇടിച്ചു നിന്നു. വാഹനം ടോട്ടൽ ലോസ് ആയെങ്കിലും വാഹനത്തിൽ സഞ്ചരിച്ചിരുന്ന ഒരാൾക്കു പോലും ചെറിയ പോറലുകളൊഴികെ മറ്റൊന്നും സംഭവിച്ചില്ല. എയർ ബാഗുകളെല്ലാം കൃത്യസമയത്തു തന്നെ പുറത്തുവന്നതിനാലും സീറ്റ് ബെൽട്ട് ധരിച്ചിരുന്നതിനാലും പോളോ സമ്പൂർണ സുരക്ഷിതത്വമാണ് നാലു പേർക്കും നൽകിയത്. ”ഫോക്‌സ് വാഗൺ ആണ് ഞങ്ങളുടെ ജീവൻ രക്ഷിച്ചതെന്ന കാര്യത്തിൽ ഞങ്ങൾക്കുറപ്പുണ്ട്. മറ്റേതെങ്കിലുമൊരു വാഹനമായിരുന്നുവെങ്കിൽ അവസ്ഥ മറ്റൊന്നാകുമായിരുന്നു. അത്രയും വലിയ ഒരു അപകടമായിരുന്നിട്ടും ആർക്കും ഒരുപരിക്കുമുണ്ടാകാതിരുന്നത് ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി. ഫോക്‌സ് വാഗൺ പോളോ എത്രത്തോളം ബലവത്തായ ഉരുക്കുകൊണ്ടാണ് നിർമ്മിച്ചിട്ടുള്ളതെന്നും വാഹനത്തിന്റെ സുരക്ഷിതത്വ സംവിധാനങ്ങൾ എത്ര കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്നും ഞങ്ങൾക്ക് ബോധ്യപ്പെട്ടു,” രാമകൃഷ്ണൻ പറയുന്നു. ആദ്യ പോളോ ടോട്ടൽലോസായതിനെ തുടർന്ന് മരടിലെ ഇ വി എം ഫോക്‌സ് വാഗണിൽ നിന്നും മറ്റൊരു പോളോ തന്നെയാണ് രാമകൃഷ്ണൻ വാങ്ങിയത്. ”ആദ്യ ഫോക്‌സ് വാഗൺ ഞാൻ വാങ്ങിയതുതന്നെ വാഹനത്തിന്റെ സുരക്ഷിതത്വത്തെപ്പറ്റിയുള്ള നിരവധി കഥകൾ ഞാൻ കേട്ടതിനെ തുടർന്നാണ്. സ്വന്തം അനുഭവം കൂടിയായപ്പോൾ ജീവിതത്തിൽ ഫോക്‌സ് വാഗൺ തന്നെയാണ് ഉത്തമ പങ്കാളിയെന്ന് എനിക്ക് ബോധ്യപ്പെട്ടു. അതിനാലാണ് വീണ്ടും ഫോക്‌സ് വാഗൺ പോളോ തന്നെ ഞാൻ വാങ്ങിയത്,” രാമകൃഷ്ണന് ഫോക്‌സ് വാഗൺ പോളോയെ പിരിയാനേ ഇപ്പോൾ താൽപര്യമില്ലെന്ന് വ്യക്തം.

അപകടത്തിൽ നിന്നും തന്നെ യും മറ്റ് മൂന്നു പേരെയും രക്ഷിച്ചത് ഫോക്‌സ് വാഗൺ പോളോയുടെ സുരക്ഷിതത്വ ഫീച്ചറുകളാണെന്ന് രാമകൃഷ്ണൻ സാക്ഷ്യപ്പെടുത്തുന്നു.

നവംബർ 27, 2018. പത്തുവയസ്സുകാരനായ മകൻ നിരഞ്ജനൊപ്പം ഫോക്‌സ് വാഗൺ പോളോയിൽ കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുകയായിരുന്നു ബിസിനസുകാരനായ മുപ്പത്തിയേഴുകാരനായ അരുൺകുമാർ. 2018 നവംബർ ആറിന് കൊല്ലത്തെ ഇ വി എം ഫോക്‌സ് വാഗണിൽ നിന്നുമെടുത്ത പുതുപുത്തൻ പോളോ രജിസ്റ്റർ ചെയ്യാനിരിക്കു ന്നതേയുണ്ടായിരുന്നുള്ളു. കൊല്ലത്ത് പള്ളിമുക്കിലെത്തിയ സമയത്താണ് പെട്ടെന്ന് ഒരു ബൈക്ക് റൈഡർ വാഹനത്തെ അമിതവേഗത്തിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചത്. ബൈക്ക് റൈഡറെ ഇടിക്കാതിരിക്കാനായി പോളോ വെട്ടിച്ചപ്പോൾ അത് നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന മൂന്നു കാറുകളിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടയുടനെ ബേസ് മോഡലായ പോളോയ്ക്കുള്ളിലെ രണ്ട് എയർബാഗുകളും റിലീസ് ആയി. നിരഞ്ജനോ അരുൺകുമാറിനോ ഒരു ചെറിയ പോറൽ പോലുമേറ്റില്ല.
”വാഹനത്തിന്റെ ഇടതു സൈഡിലെ ബമ്പറും ടയറും ഹെഡ്‌ലാമ്പും മാത്രമേ ഡാമേജ് ആയുള്ളു. കാറിപ്പോൾ കൊല്ലത്തെ ഇ വി എം ഫോക്‌സ് വാഗണിൽ തകരാറുകൾ പരിഹരിക്കുന്നതിനായി നൽകിയിരിക്കുകയാണ്. പോളോ ചെന്നിടിച്ച മറ്റു കാറുകൾക്കാണ് ഡാമേജ് കൂടുതലുള്ളത്. പോളോയുടെ കരുത്തുള്ള ഉരുക്കു ബോഡിയും സുരക്ഷാസംവിധാനങ്ങളുടെ പ്രവർത്തന മികവും ശരിക്കും ബോധ്യപ്പെട്ടു. ഇനി പോളോ അല്ലാതെ മറ്റൊരു കാറിനെപ്പറ്റി ഞാൻ ചിന്തിക്കുക പോലുമില്ല,” അരുൺ കുമാർ പറയുന്നു.

‘പോളോയുടെ കരുത്തുള്ള ഉരുക്കു ബോഡിയും സുരക്ഷാസംവിധാനങ്ങളുടെ പ്രവർത്തന മികവും ശരിക്കും ബോധ്യപ്പെട്ടു. ഇനി പോളോ അല്ലാതെ മറ്റൊരു കാറിനെപ്പറ്റി ഞാൻ ചിന്തിക്കുക പോലുമില്ല,” അപകടത്തിൽ നിന്നും പരിക്കുകളില്ലാതെ രക്ഷപ്പെട്ട അരുൺ കുമാർ പറയുന്നു.

ഫോക്‌സ് വാഗൺ കാറുകളുടെ ആക്ടീവ് സേഫ്റ്റിയെപ്പറ്റിയും പാസ്സീവ് സേഫ്റ്റിയെപ്പറ്റിയും 2018 ഡിസംബർ ലക്കം സ്മാർട്ട് ഡ്രൈവിൽ വിശദമായി പ്രതിപാദിച്ചിരുന്നുവല്ലോ.ഇലക്ട്രോണിക് സ്‌റ്റൈബിലൈസേഷൻ കൺട്രോളും ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനുംപാർക്കിങ് സെൻസറുകളുമാണ് ആക്ടീവ് സേഫ്റ്റിയുടെ കാര്യത്തിൽ ഫോക്‌സ് വാഗൺ കാറുകളെ വ്യത്യസ്തമാക്കുന്നതെങ്കിൽ പാസ്സീവ് സേഫ്റ്റിയുടെ കാര്യത്തിൽ സീറ്റ്‌ബെൽട്ടുകളും എയർ ബാഗുകളും ചൈൽഡ് സീറ്റുകളും ചൈൽഡ് ഡോർ ലോക്കും ബാറ്ററി കട്ട്ഓഫും ബലവത്താക്കിയ ഗാൾവനൈസ്ഡ് ഉരുക്കുകൊണ്ടു നിർമ്മിച്ച ഷാസിയും ബോഡിയും ലേസർ വെൽഡഡ് റൂഫും സൈഡ് ഇംപാക്ട് ക്രോസ് ബാറുകളും യാത്രികരെ അപകടങ്ങളിൽ നിന്നും എങ്ങനെയാണ് രക്ഷിക്കുന്നതെന്നും നാം മനസ്സിലാക്കി. കുറഞ്ഞവില വാഗ്ദാനം ചെയ്ത് കൂടുതൽ കാറുകൾ വിൽപന നടത്തുന്ന കമ്പനികൾ യാത്രികരുടെ സുരക്ഷിതത്വത്തിന് പുല്ലുവിലയാണ് കൊടുക്കുന്നതെങ്കിൽ ഫോക്‌സ് വാഗൺ തങ്ങളുടെ ഉപഭോക്താക്കൾ എപ്പോഴും ജീവനോടെയിരിക്കണമെന്നും അപകടങ്ങളിൽ അവർക്ക് പരിക്കേൽക്കരുതെന്നും ആഗ്രഹിക്കുന്നവരാണെന്ന് വ്യക്തം.

അപകടത്തിൽപ്പെട്ട അരുൺ കുമാറിന്റെ ഫോക്‌സ് വാഗൺ പോളോ

വാഹനം നിർമ്മിച്ചിരിക്കുന്ന ലോഹത്തിന്റെ ദൃഢത, വാഹനത്തിന്റെ ഡിസൈൻ, നിരത്തിൽ അപകടങ്ങൾ പരമാവധി കുറയ്ക്കാൻ വാഹനത്തിലുണ്ടാകേണ്ട സംവിധാനങ്ങൾ, വാഹനം അപകടത്തിൽപ്പെട്ടാൽ അപകടത്തിന്റെ ആഘാതം പരമാവധി കുറയ്ക്കാൻ വാഹനത്തിലുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം തന്നെ യാത്രികരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ പരമപ്രധാനമായ കാര്യങ്ങളാണ്. ബിൽറ്റ് ക്വാളിറ്റിയിലും സുരക്ഷിതത്വ സംവിധാനങ്ങളിലും പ്രത്യേക ഊന്നൽ നൽകിയിട്ടുള്ള ജർമ്മൻ വാഹന നിർമ്മാതാക്കൾ തങ്ങളുടെ വാഹനം കൂടുതൽ സുരക്ഷിതത്വത്തോടെ എങ്ങനെ യാത്രികരെ കൊണ്ടുപോകണമെന്ന കാര്യത്തിൽ വേറെയും പല മാർഗനിർദ്ദേശങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. വാഹനത്തിന്റെ സർവീസിൽ ഉപഭോക്താക്കൾ പുലർത്തേണ്ട ഉത്തരവാദിത്തം അതുകൊണ്ടു തന്നെ കമ്പനി എടുത്തുപറയുന്നുണ്ട്. വാഹനം ഉപയോഗിക്കുന്നത് കസ്റ്റമറാണെങ്കിലും വാഹനം നിർമ്മിച്ചത് തങ്ങളായതിനാൽ എങ്ങനെ കാലാനുഗതമായ മെയിന്റനൻസിലൂടെ വാഹനം പുതുപുത്തൻ പോലെ തന്നെ നിലനിർത്താമെന്നും സുരക്ഷിതത്വം എക്കാലവും ഉറപ്പാക്കാമെന്നും അവർ നമുക്ക് പറഞ്ഞുതരുന്നുണ്ട്.

തങ്ങളുടെ കാറുകളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഏറെ പ്രാമുഖ്യം നൽകുന്ന വാഹനനിർമ്മാതാവാണ് ഫോക്‌സ് വാഗൺ. പ്രതിസന്ധി നിറഞ്ഞ ഡ്രൈവിങ് സാഹചര്യങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി നിരവധി സുരക്ഷിതത്വ സംവിധാനങ്ങളാണ് ഫോക്‌സ് വാഗൺ കാറുകളിലുള്ളത്. ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളായ ഇ എസ് പി, ബ്രേക്ക് അസിസ്റ്റ്, ഫ്രണ്ട് അസിസ്റ്റ്, സൈഡ് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളാണ് ആക്ടീവ് സേഫ്റ്റി സിസ്റ്റംസിൽ പരമപ്രധാനം. ഇതിനു പുറമേയാണ് ഇലക്ട്രോണിക് സ്‌റ്റൈബിലൈസേഷൻ കൺട്രോൾ (ഇ എസ് സി), ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ ബി എസ്), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (ടി സി എസ്) ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (ഇ ബി ഡി), പാർക്കിങ് സെൻസറുകൾ തുടങ്ങിയ ആക്ടീവ് സേഫ്റ്റി സംവിധാനങ്ങൾ.

ഇ എസ് സി അപകടകരമായ സാഹചര്യങ്ങൾ മുൻകൂട്ടി കാണുകയും സ്‌കിഡ്ഡിങ് ഒഴിവാക്കുന്നതിനായുള്ള നടപടി നേരത്തെ സ്വീകരിക്കുകയും ചെയ്യുക വഴി കാറിന്റെ സുരക്ഷിതത്വം നിയന്ത്രണവിധേയമാക്കുന്നുവെങ്കിൽ എ ബി എസ് ഒരു അടിയന്തര സാഹചര്യത്തിൽ ബ്രേക്കിടുമ്പോൾ ചക്രങ്ങൾ ലോക്കാകാതെ നോക്കുകയും കാർ പാതയിൽ നിന്നും തെന്നിമാറാതെ അതിവേഗം നിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിവേഗത്തിൽ ബ്രേക്കിട്ടാലും വാഹനം കറങ്ങിത്തിരിയാതെ ഡ്രൈവറുടെ നിയന്ത്രണത്തിൽ തന്നെ നിൽക്കാൻ ഇത് സഹായിക്കുന്നു. അതേപോലെ തന്നെ ടി സി എസ് ചക്രം അതിവേഗം സ്പിൻ ചെയ്യുന്ന ഒരു സാഹചര്യത്തിൽ എഞ്ചിൻ ഔട്ട്പുട്ട് കുറയ്ക്കുകയും നിരത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് അത് മാറ്റുകയും ചെയ്യുന്നു. ദുർഘടമായ റോഡുകളുള്ളയിടങ്ങളിൽ ടി സി എസ് ഓണാക്കിയാൽ അപകടസാധ്യത തുലോം കുറയും.

ഇ ബി ഡി ബ്രേക്കിടുന്ന സമയത്ത് പിൻചക്രങ്ങളുടെ നിരത്തിനോടുള്ള ഗ്രിപ്പ് കുറഞ്ഞ് അപകടമുണ്ടാക്കുന്നത് ഒഴിവാക്കുകയും എല്ലാ ചക്രങ്ങളിലേക്കും പരമാവധി ബ്രേക്കിങ് നൽകുകയും ചെയ്യുകവഴി എളുപ്പത്തിൽ വാഹനം നിർത്താൻ സഹായിക്കുന്നു. പാർക്കിങ് സെൻസറുകളാകട്ടെ തിരക്കേറിയ പാർക്കിങ് സ്ഥലങ്ങളിൽ കൃത്യമായി തട്ടലും മുട്ടലും ഒഴിവാക്കി പാർക്ക് ചെയ്യാൻ സഹായിക്കുകയും വാഹനത്തിൽ പോറലുകളും ചളുങ്ങലുണ്ടാകുന്നതും ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഇതിനു പുറമേയാണ് ഫോക്‌സ് വാഗൺ കാറുകളിലുള്ള മറ്റ് പാസ്സീവ് സേഫ്റ്റി സംവിധാനങ്ങൾ. ഇത്രയേറെ ആക്ടീവ് സുരക്ഷിതത്വ സംവിധാനങ്ങളുണ്ടെങ്കിലും വാഹനം അപകടത്തിൽപ്പെടുന്ന ഘട്ടത്തിൽ യാത്രികരുടെ സുരക്ഷിതത്വം പരമാവധി ഒഴിവാക്കാനും ആഘാതത്തിൽ പരിക്കുകളുണ്ടാകാതിരിക്കാനും സഹായിക്കുന്നവയാണ് പാസ്സീവ് സേഫ്റ്റി സംവിധാനങ്ങൾ. വാഹനത്തിന്റെ ഡിസൈനിങ്ങിലും എഞ്ചിനീയറിങ്ങിലുമുള്ള സവിശേഷമായ ഘടകങ്ങളാണ് അതിനു സഹായിക്കുന്നത്.

അതിൽ പരമപ്രധാനമായത് വാഹനത്തിന്റെ ഉരുക്കുബോഡിയുടെ കരുത്തു തന്നെയാണ്. മുന്നിലും പിന്നിലും സൈഡിലും വിൻഡോ ഗ്ലാസുകളുടെ പാനലുകളുമെല്ലാം കട്ടി കൂടിയ ഉരുക്കുപയോഗിച്ച് ബലവത്താക്കിയിട്ടുണ്ട് അവർ. കരുത്തുറ്റ ഉരുക്കുകൊണ്ടാണ് ഷാസിയുടെ നിർമ്മാണം. ബലമുള്ള റൂഫും ക്രംബിൾ സോണുകളും വാഹനത്തിലുണ്ട്. ചിത്രത്തിൽ മഞ്ഞ നിറമുള്ള ഭാഗങ്ങൾ കരുത്തുറ്റ ഉരുക്കു കൊണ്ടും (ടെൻസിൽ സ്ട്രങ്ത്ത് 300 എം പി എ മുതൽ 590 എം പി എ വരെ) മജന്ത നൽകിയിട്ടുള്ള ഭാഗങ്ങൾ അതിനേക്കാൾ കനം കൂടിയ ഉരുക്കു കൊണ്ടും (500 എം പി എ മുതൽ 980 എം പി എ വരെ) നീല നിറമുള്ള ഭാഗങ്ങൾ അൾട്രാ ഹൈ സ്ട്രങ്ത്ത് (980 എം പി എ മുതൽ 1150 എം പി എ വരെ) വരെയും ചുവന്ന നിറമുള്ള ഭാഗങ്ങൾ അൽട്രാ ഹൈ സ്ട്രങ്ത്ത് (ഹോട്ട് ഫോംഡ്) 1400 എം പി എയിൽ താഴെ) വരെയുമാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.

ഫോക്‌സ്‌വാഗൺ കാറുകളുടെ സ്റ്റീൽ ബലം കാണിക്കുന്ന ചാർട്ട്. ചാരനിറം കട്ടികുറഞ്ഞ ഉരുക്കിനെ അടയാളപ്പെടു ത്തുമ്പോൾ മഞ്ഞ, മജന്ത, നീല, ചുവപ്പ് നിറങ്ങൾ യഥാക്രമം കനം വർദ്ധിച്ചുവരുന്ന ഉരുക്കിനെ സൂചിപ്പിക്കുന്നു.

വാഹനം അപകടത്തിൽപ്പെടുമ്പോൾ ഇടിയുടെ ആഘാതം പാസഞ്ചർ കംപാർട്ട്‌മെന്റിലേക്ക് വരാതെ എല്ലാ മേഖലകളിലുമെത്തിക്കാൻ സഹായിക്കുംവിധം രൂപകൽപന ചെയ്തിട്ടുള്ളവയാണ് ക്രംബിൾ സോണുകൾ. കട്ടിയുള്ള ബോഡിയുടെ മുന്നിലും പിന്നിലുമെല്ലാം ക്രംബിൾ സോണുകൾ ഫോക്‌സ് വാഗൺ നൽകിയിട്ടുണ്ട്. കട്ടിയുള്ള റൂഫും ഫോക്‌സ് വാഗൺ കാറുകളുടെ പ്രധാന സവിശേഷതകളിലൊന്നാണ്. ഇതിനു പുറമേ, സീറ്റ് ബെൽട്ട് സംവിധാനം, എയർ ബാഗുകൾ, ഡിഫോർമേഷൻ റസിസ്റ്റന്റ് ഒക്യുപെന്റ് സെൽ, മുന്നിലും പിന്നിലുമുള്ള ഡിഫോർമേഷൻ സോണുകൾ എല്ലാം യാത്രികരുടെ ജീവൻ രക്ഷിക്കുന്നു. അപകടത്തിന്റെ ആഘാതം പരമാവധി കുറയ്ക്കാൻ ഇവയ്‌ക്കെല്ലാം തന്നെ സാധിക്കുന്നുണ്ട്. ചൈൽഡ് സീറ്റുകളും ബാറ്ററി കട്ട്ഓഫ് സംവിധാനവുമാണ് എടുത്തുപറയേണ്ട മറ്റ് സുരക്ഷിതത്വ ഘടകങ്ങൾ.

ചൈൽഡ് സീറ്റുകൾ കുട്ടികൾ അപകടത്തിന്റെ ആഘാതത്തിൽ മുന്നോട്ട് തെറിക്കാതെ സംരക്ഷിക്കുന്നു.

ഏതൊരു വാഹനവും കുറെക്കാലം ഉപയോഗിക്കുമ്പോൾ അത് നിർമ്മിച്ചിട്ടുള്ള ഘടകങ്ങൾക്ക് ബലക്ഷയം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എത്ര സൂക്ഷ്മമായിനിർമ്മിക്കപ്പെട്ടാലും കാലം ചെല്ലുമ്പോൾ മനുഷ്യ ശരീരത്തിനെന്ന പോലെ അല്ലറചില്ലറ പ്രശ്‌നങ്ങളെല്ലാം യന്ത്രങ്ങൾക്കും സംഭവിക്കും. അതുകൊണ്ടു തന്നെ നമ്മൾ ഉപയോഗിക്കുന്ന വാഹനം യഥാസമയത്ത് പരിശോധന നടത്തി പ്രശ്‌നബാധിതമായ ഭാഗങ്ങൾ മാറ്റുകയോ തകരാറുകൾ പരിഹരിക്കുകയോ വേണം. എഞ്ചിൻ ഓയിൽ, കൂളന്റ്, ബ്രേക്ക്ഫ്‌ളൂയിഡ്, വിൻഡോ വൈപ്പർ ബ്ലേഡുകൾ, വി ബെൽട്ടുകൾ, ഓയിൽ ഫിൽട്ടർ, ബ്രേക്ക് ലൈനിങ്ങുകൾ, ടയർ, ബ്രേക്ക് ഹോസസ് എന്നിവയെല്ലാം തന്നെ സമയാസമയങ്ങളിൽ സർവീസ് ചെയ്യുമ്പോൾ മാറ്റുന്നത് വാഹനത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നു. ഫോക്‌സ് വാഗൺ എപ്പോഴും തങ്ങളുടെ കാറുകൾ യഥാർത്ഥ കമ്പനി സ്‌പെയർ പാർട്ടുകൾ ഉപയോഗിച്ചു മാത്രമേ റിപ്പയർ ചെയ്യാറുള്ളു. ഏറ്റവും നവീനമായ ഉപകരണങ്ങൾ ഉപയോഗിച്ച് കമ്പനിയുടെ ഏറ്റവും പുതിയ സർവീസ് മാർഗനിർദ്ദേശങ്ങൾ പാലിച്ചു മാത്രമായിരിക്കും അത് നിർവഹിക്കുന്നത്. വ്യാജ സ്‌പെയർ പാർട്‌സുകൾ തങ്ങളുടെവാഹനത്തിലെത്താൻ ഒരിക്കലും അവസരം നൽകരുതെന്ന് നിഷ്‌കർഷിച്ചിരിക്കുന്നു ഫോക്‌സ് വാഗൺ. അപകടത്തിനുശേഷം റിപ്പയറിനെത്തുന്ന കാറാണെങ്കിൽ സുരക്ഷിതത്വം സംബന്ധിച്ച എല്ലാ സംവിധാനങ്ങളും ശരിയായവിധത്തിൽ വർക്ക് ചെയ്യുമെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഫോക്‌സ് വാഗൺ കാർ ഉടമയ്ക്ക് തിരിച്ചേൽപിക്കുകയുള്ളു.ഫോക്‌സ് വാഗന്റെ സർവീസ് സെന്ററിലല്ലാതെ വാഹനം സർവീസ് ചെയ്താൽ പല സുരക്ഷിതത്വ സംവിധാനങ്ങളും പ്രവർത്തനക്ഷമമല്ലാതിരിക്കുകയും തുടർന്നുള്ള ഒരു അപകടത്തിൽ യാത്രികനെ രക്ഷിക്കാൻ അവയ്ക്കായില്ലെന്നു വരുമെന്നും ഫോക്‌സ് വാഗൺ മുന്നറിയിപ്പു നൽകുന്നുണ്ട്.

ഫോക്‌സ്‌വാഗൺ കാറുകൾ ക്രാഷ് ടെസ്റ്റുകളിൽ മികച്ച റേറ്റിങ്ങാണ് നേടാറുള്ളത്.

മഴക്കാലത്തും വെള്ളപ്പൊക്ക കാലത്തുമൊക്കെ വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും ഫോക്‌സ് വാഗൺ മുന്നറിയിപ്പു നൽകുന്നുണ്ട്. കേരളത്തിൽ കഴിഞ്ഞ വർഷം ജൂലൈ ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങളാണ് മുങ്ങിപ്പോകുകയും ഉപയോഗശൂന്യമായി മാറുകയും ചെയ്തതെന്ന്ഓർക്കുമ്പോഴാണ് ഈ സുരക്ഷിതത്വ മുന്നൊരുക്കങ്ങളുടെ ആവശ്യകത നമുക്ക് ബോധ്യപ്പെടുക. മഴക്കാലത്ത് വാഹനം ഡ്രൈവ് ചെയ്യുമ്പോൾ നിരത്തുകൾ തെന്നുന്നവയായതിനാൽ അതിവേഗത്തിൽ വാഹനമോടിച്ചാൽ പലപ്പോഴും റോഡ് ഗ്രിപ്പ് ലഭിച്ചെന്നു വരില്ല. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പു തന്നെ സുരക്ഷിതമായ മഴക്കാലഡ്രൈവിങ്ങിനായി ചില കാര്യങ്ങളൊക്കെ വാഹന ഉടമകൾ ചെയ്തിരിക്കണമെന്ന് ഫോക്‌സ് വാഗൺ നിർദ്ദേശിക്കുന്നുണ്ട്. വാഹനം കർക്കശമായ ഒരു പരിശോധനയ്ക്ക് മഴക്കാലത്തിനു മുമ്പു തന്നെ വിധേയമാക്കിയിരിക്കണം എന്നതാണ് പരമപ്രധാനമായ കാര്യം. ബാറ്ററികളും ടയറുകളും ഇലക്ട്രിക്കൽ വയറിങ്ങും എഞ്ചിൻ ഫ്‌ളൂയിഡുകളുംവൈപ്പറുകളുമാണ് പ്രധാനമായും പരിശോധിക്കേണ്ട ഘടകങ്ങൾ.

എഞ്ചിൻ ഓയിൽ എഞ്ചിൻ തേയ്മാനം കുറയ്ക്കുന്നു. ഫോക്‌സ് വാഗൺ നിർദ്ദേശിച്ച ഓയിൽ മാത്രം ഉപയോഗിക്കുക.

മഴക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോൾ മുന്നിലുള്ള വാഹനത്തിൽ നിന്നും സാധാരണ സമയത്തേതിനേക്കൾ അൽപം കൂടി അകലം പാലിക്കുന്നതും ഡ്രൈവിങ് വേഗം കുറച്ചും മിതമായ ആക്‌സിലറേഷനും മിതമായ ബ്രേക്കിങ്ങും നൽകുകയാണ് അപകടം ഒഴിവാക്കാൻ നല്ലതെന്ന് കമ്പനി പറയുന്നു. അതിവേഗം വളവുകൾ തിരിച്ചാൽ വാഹനം സ്‌കിഡ് ചെയ്യാനുള്ള സാധ്യത മഴക്കാലത്ത് കൂടുതലാണെന്നതും പ്രധാനം. അതേപോലെ വെള്ളത്തിന്റെ നില ടയറിന്റെ ഉയരത്തേക്കാൾ കുറവായ അവസ്ഥയിൽ വാഹനം വേഗം കുറയ്ക്കാൻ തോന്നിയാലും എഞ്ചിൻ സ്പീഡ് കുറയ്ക്കാതെ ക്ലച്ച് ഉപയോഗിക്കുകയാണ് ഉചിതം. ടയറിലെ ട്രെഡ് ഏറ്റവും കുറഞ്ഞത് 1.016 സെന്റി മീറ്ററെങ്കിലും ഉണ്ടാകണമെന്നതും ടയറിന് വിള്ളൽ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതും അനിവാര്യമായ കാര്യമാണ്. ബ്രേക്ക് ലൈനറുകൾ പരിശോധിക്കേണ്ടതും ബ്രേക്കിങ് ശരിയാംവിധമാണോ എന്നു പരിശോധിക്കേണ്ടതും വൈപ്പർ ബ്ലേഡുകൾ ഓരോരോ കാലങ്ങളിൽ മാറ്റേണ്ടതുംഅനിവാര്യമാണ്. സിഗ്‌നൽ ലൈറ്റുകളും ടെയ്ൽ ലാമ്പുകളും ഫോഗ് ലാമ്പുകളും പ്രവർത്തനക്ഷമമാണോ എന്നും നോക്കേണ്ടതുണ്ട്.

ബാറ്ററി യഥാസമയങ്ങളിൽ പരിശോധിക്കണം. ഇലക്ട്രിക്കൽ വയറിങ്ങുകളും മെയിന്റനൻസ് സമയത്ത് ചെക്ക് ചെയ്യണം.

വാഹനത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സർവീസിനുള്ള പ്രാധാന്യം നാമൊരിക്കലും കുറച്ചു കാണരുത്. ഫോക്‌സ് വാഗനെ സംബന്ധിച്ചിടത്തോളം സർവീസിനും സ്‌പെയർ പാർട്‌സിനുമായി ഒരു വലിയ ശൃംഖല തന്നെ ലോകവ്യാപകമായിട്ടുണ്ട്. ഇന്ത്യയിൽ രണ്ട് റീജിയണൽ വെയർ ഹൗസുകളുള്ളതിനാൽ ഏതു സ്‌പെയർ പാർട്ടും എളുപ്പത്തിൽ സർവീസ് സെന്ററുകളിലേക്ക് എത്തിക്കപ്പെടുന്നു. എല്ലാ വർഷവും മൂന്നു റീജിയണൽ ട്രെയിനിങ് അക്കാദമികളിലായി 2000ത്തിലധികം സർവീസ് പ്രൊഫഷണലുകളെ ഡീലർ ശൃംഖലകളിലേക്ക് ഫോക്‌സ് വാഗൺ പരിശീലിപ്പിച്ച് എത്തിക്കുന്നുണ്ട്. തങ്ങളുടെ വാഹനങ്ങൾ റിപ്പയർ ചെയ്യുന്നവർ ആ രംഗത്ത് ഏറ്റവും മികവുപുലർത്തുന്ന പ്രൊഫണലുകളായിരിക്കണമെന്ന കാര്യത്തിൽ നിഷ്‌കർഷ പുലർത്തുന്നവരാണ് ഫോക്‌സ് വാഗൺ.

ഫോക്‌സ് വാഗന്റെ പോളൻ ആന്റ് ഡസ്റ്റ് ഫിൽട്ടറുകൾ കാറിനുള്ളിൽ ശുദ്ധമായ വായുവും എത്തിക്കുന്നു.

കിലോമീറ്ററുകളുടെ കണക്കുവച്ചല്ല, മറിച്ച് രണ്ടു വർഷത്തേക്ക് മാനുഫാക്ചറർ വാറന്റി നൽകുന്ന വാഹന കമ്പനിയാണ് ഫോക്‌സ് വാഗൺ എന്നതാണ് മറ്റൊരു ആകർഷണം. അധിക പണം നൽകാതെ തന്നെ പൂർണമായും സൗജന്യമായി ഈ രണ്ടു വർഷക്കാലവും റോഡ് സൈഡ് അസിസ്റ്റൻസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഓയിൽ ചേഞ്ചും ബാറ്ററി പരിശോധനയും ടയർ മാറ്റവും ഗ്ലാസ് പരിരക്ഷയും ബ്രേക്ക് പരിശോധനയും ഫിൽട്ടർ പരിശോധനയുമൊക്കെ ഇടയ്ക്കിടെ നടത്തേണ്ടതുണ്ട്. എഞ്ചിൻ ഓയിൽ മാറ്റുന്നതിനെപ്പറ്റി പലപ്പോഴും പലരും അത്ര ശ്രദ്ധാലുക്കളല്ല. ഇത് എഞ്ചിനെ ദോഷകരമായി ബാധിക്കും. സിലിണ്ടറും പിസ്റ്റണും മറ്റും എഞ്ചിൻ ഭാഗങ്ങളും ഒരു മിനിട്ടിൽ ആയിരക്കണക്കിന് തവണ വട്ടം ചുറ്റുന്നുണ്ട്. സെന്റിമീറ്റർ സ്‌ക്വയറിന് 10 ടണ്ണിനു മേൽ സമ്മർദ്ദവും താപനില 2000 ഡിഗ്രി സെൽഷ്യൽസിനു മേലെ ഉയരുകയും ചെയ്യും. ഒരു ശരിയായ എഞ്ചിൻ ഓയിൽ എഞ്ചിനെ ഈ അവസ്ഥയിൽ സംരക്ഷിക്കുന്നുണ്ട്. ഫോക്‌സ് വാഗൺ നിർദ്ദേശിക്കുന്ന എഞ്ചിൻ ഓയിലുകൾ മാത്രം ഉപയോഗിക്കുക. 15,000 കിലോമീറ്ററോ ഒരു വർഷമോ പിന്നിട്ടാൽ ഓയിൽ മാറ്റണം. അതുപോലെ എഞ്ചിന് കൂടുതൽ ആയുസ്സ് നൽകുന്നതിൽ പ്രധാനമാണ് ഫോക്‌സ് വാഗന്റെ പോളൻ ആന്റ് ഡസ്റ്റ് ഫിൽട്ടറുകൾ. കാറിനുള്ളിൽ ശുദ്ധമായ വായുവും എത്തിക്കുന്നു ഈ ഫിൽട്ടറുകൾ. തുരുമ്പുക്കാത്തതും ചൂടിനെ ചെറുക്കുന്നതുമായ സൈലൻസറുകളും സമനിരപ്പല്ലാത്ത ഇടങ്ങളിൽ വാഹനത്തെ ഉലയാതെ രക്ഷിക്കുന്ന ഷോക്ക്അബ്‌സോർബറുകളും ക്രാങ്ക്ഷാഫ്റ്റിൽ നിന്നും കാംഷാഫ്റ്റിലേക്ക് പവർ എത്തിക്കുന്ന ടൈമിങ് ബെൽട്ടുകളും യഥാസമയങ്ങളിൽ മാറ്റുകയോ തകരാറുകൾ പരിഹരിക്കുകയോചെയ്യേണ്ടതാണ്.

സുരക്ഷിതത്വത്തിന് എല്ലാത്തരത്തിലും പ്രഥമസ്ഥാനം നൽകുന്നതാണ് ഫോക്‌സ് വാഗൺ എന്ന ജർമ്മൻ കമ്പനിയുടെ മുഖമുദ്ര തന്നെ. ഫോക്‌സ് വാഗൺ കാറുകളുടെ മറ്റു സവിശേഷതകളും അറിവുകളും അടുത്ത ലേഖനത്തിൽ പങ്കുവയ്ക്കാം$

Smartdrive- January 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>