ഹോണ്ട ഇരുചക്ര വാഹന വിൽപന കുതിക്കുന്നു. സെപ്റ്റംബറിൽ അഞ്ചു ലക്ഷം യൂണിറ്റ് വിൽപന
ലോക്ഡൗണിനുശേഷം പുതിയൊരു ഉണർവിലേക്കാണ് ഇരുചക്ര വാഹനവിപണി നീങ്ങുന്നത്. ഹോണ്ട ഇരുചക്ര വാഹനങ്ങളുടെ ആഭ്യന്തര വിൽപന തുടർച്ചയായ രണ്ടാം മാസത്തിലും മികച്ച വളർച്ച കൈവരിച്ചു. ആകെ വിൽപന നാലു ലക്ഷം വാഹനങ്ങൾ എന്ന നാഴികക്കല്ലു കടന്ന ആഗസ്റ്റിനു ശേഷം സെപ്റ്റംബറിൽ അഞ്ചു ലക്ഷം വാഹനങ്ങളുടെ വിൽപനയും നേടി. കഴിഞ്ഞ വർഷം സെപ്റ്റംബറിനെ അപേക്ഷിച്ച് പത്തു ശതമാനം വളർച്ചയോടെ 5,00,887 വാഹനങ്ങളുടെ വിൽപനയാണ് ഈ വർഷം സെപ്റ്റംബറിൽ കൈവരിച്ചിട്ടുള്ളത്.
സെപ്റ്റംബറിൽ ടെസ്റ്റ് റൈഡുകളുടെ കാര്യത്തിൽ 75 ശതമാനം വളർച്ചയാണു കൈവരിച്ചതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഹോണ്ട മോട്ടോർസൈക്കിൾ ആന്റ് സ്ക്കൂട്ടർ ഇന്ത്യ വിൽപന വിഭാഗം ഡയറക്ടർ യദ്വിന്ദർ സിങ് ഗുലേറിയ വ്യക്തമാക്കി.
സെപ്തംബർ 30-ന് പുതിയ ഹൈനസ് സിബി350 ബ്രാൻഡുമായി ആഗോള തലത്തിൽ 350-500 സിസി വിഭാഗത്തിലുള്ള വിപുലീകരണത്തിനും ഹോണ്ട തുടക്കം കുറിച്ചിട്ടുണ്ട്. 1.90 ലക്ഷം രൂപയിലാണ് രണ്ടു വേരിയന്റുകളിൽ പുറത്തിറങ്ങുന്ന ഹൈനസ് സിബി 350യുടെ വില ആരംഭിക്കുന്നത്. റോയൽ എൻഫീഡ് ക്ലാസിക് 350 യോടാണ് ഹൈനസ് 350യുടെ മത്സരം.