Magical Realism: Travel to Jatayu Earth’s Center in association with Kerala Tourism
March 15, 2019
Jawa Is Back: Inauguration of Classic motors- Jawa showroom in Kochi and Thrissur
March 18, 2019

Highlander Garage: Treasure Hunter!

ഹൈലാൻഡർ ഗാരേജിന്റെ ഉടമ സനീഷ് സനകൻ തന്റെ വിന്റേജ് കാർ ശേഖരത്തിനൊപ്പം

വിന്റേജ് വാഹനങ്ങളോടുള്ള പ്രണയമാണ് സിവിൽ എഞ്ചിനീയറായ സനീഷ് സനകനെ വിന്റേജ് കാർ റിസ്റ്റോറേഷൻ കം റെന്റിങ് ബിസിനസിലേക്ക് നയിച്ചത്. ചേർത്തലയിലെ ഹൈലാൻഡർ ഇന്ന് ചലച്ചിത്ര ആവശ്യ ങ്ങൾക്കും വിവാഹ ആവശ്യങ്ങൾക്കു മായുള്ള വിന്റേജ് കാറുകളുടേയും പ്രീമിയം കാറുകളുടേയും റെന്റിങ് സ്ഥാപനമെന്ന നിലയിൽ പേരെടുത്തിരിക്കുന്നു.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോകൾ: ജമേഷ് കോട്ടയ്ക്കൽ

രണ്ടു വർഷം മുമ്പാണ് വിന്റേജ് കാർ കളക്ടറും ചേർത്തലയിലെ ഹൈലാൻഡർ എന്ന വിന്റേജ് വാഹന റിസ്റ്റോറേഷൻ കം റെന്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ സനീഷ് സനകന്റെ കണ്ണിൽ ആ ഓട്ടോറിക്ഷ പെട്ടത്. കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ് എഴുപതുകളുടെ അവസാനത്തിൽ പുറത്തിറക്കിയതായിരുന്നു അത്. പള്ളുരുത്തി സ്വദേശി മോഹനനോട് വാഹനം കണ്ടമാത്രയിൽ തന്നെ അത് വിൽക്കുന്നോയെന്ന് സനീഷ് ചോദിച്ചു. ഇപ്പോൾ ആ ഓട്ടോറിക്ഷ ഉപയോഗിക്കുന്നില്ലെങ്കിലും കഴിഞ്ഞ 30 വർഷമായി തനിക്ക് ഉണ്ണാനുമുടുക്കാനുമുള്ളതൊക്കെ നൽകി വന്ന ആ ഓട്ടോറിക്ഷയെ പിരിയാൻ അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ സനീഷിന് കിടന്നിട്ട് ഉറക്കം വന്നില്ല. കണ്ടമാത്രയിൽ പ്രണയിച്ചുപോയ ആ ഓട്ടോറിക്ഷ തേടി സനീഷ് വീണ്ടും പള്ളുരുത്തിയിലെത്തി. താൻ പൊന്നുപോലെ ആ ഓട്ടോറിക്ഷയെ നോക്കിക്കൊള്ളാമെന്നും അതിന് നല്ലൊരു തുക നൽകാമെന്നും സനീഷ് പറഞ്ഞു. ഒരു മാസത്തോളം പിറകെ നടന്ന്, നിരന്തരം സമ്മർദ്ദം ചെലുത്തിയപ്പോൾ മാത്രമാണ് ഓട്ടോഡ്രൈവർ ആ വാഹനം സനീഷിന് നൽകാൻ തയാറായത്. ഒപ്പം പതിനായിരം രൂപയോളം നൽകി മുൻകൂറായി വാങ്ങിവച്ചിരുന്ന സ്‌പെയറുകളും സനീഷിന് അദ്ദേഹം നൽകി. ഒരു നിധി കിട്ടിയതുപോലെയാണ് സനീഷ് ആ ഓട്ടോറിക്ഷയുമായി തുറവൂരിലെ തന്റെ വീട്ടിലേക്ക് മടങ്ങിയത്.

ഹൈലാൻഡർ ഗാരേജിന്റെ ഉടമ സനീഷ് സനകൻ ചേർത്തലയിലെ വിന്റേജ് കാർ ഷോറൂമിനു മുന്നിൽ

വിന്റേജ് കാറുകളോട് മാത്രമല്ല മുപ്പത്തൊന്നുകാരനായ സനീഷിന് പ്രിയം. സനീഷിന്റെ വിന്റേജ് വാഹനങ്ങളുടെ ശ്രേണിയിൽ കാറുകൾക്കുപുറമേ, ലോറികളും വാനുകളും സ്‌കൂട്ടറുകളും, എന്തിന് മിനിയേച്ചർ മോഡൽ വാഹനങ്ങൾ പോലുമുണ്ട്. പഴയ വാഹനങ്ങളുടെ അഴകളവുകളോ സൗന്ദര്യമോ ഒന്നും പുതിയവയ്ക്കില്ലെന്ന കണ്ടെത്തലാണ് കോലഞ്ചേരിയിൽ ഗുരുകുലം എഞ്ചിനീയറിങ് കോളെജിൽ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരിക്കെ തന്നെ വിന്റേജ് കാറുകളുടെ പ്രേമിയായി സനീഷിനെ മാറ്റിയത്. ആലപ്പുഴയിലെ കെ ആർ ഗൗരിയമ്മ കോളെജ് ഓഫ് എഞ്ചിനീയറിങ്ങി ന്റേയും ശ്രീനാരായണ ഗുരു മെമ്മോറിയൽ എജ്യുക്കേഷൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടേയും ചെയർമാനായ അച്ഛൻ പി സനകനോട് പക്ഷേ വിന്റേജ് വാഹനങ്ങൾ വാങ്ങാനുള്ള പണമൊന്നും സനീഷ് ആവശ്യപ്പെട്ടില്ല. സ്വന്തമായി നടത്തിയിരുന്ന ട്രാവൽസിൽ നിന്നും ലഭിച്ചിരുന്ന വരുമാനം ഉപയോഗിച്ചാണ് 17,000 രൂപയ്ക്ക് 1968 മോഡൽ ജീപ്പ് സനീഷ് വാങ്ങിയത്. പിന്നെ വാങ്ങിയത് ഒരു സ്‌കോർപിയോ, ശേഷം ബെൻസ് ഡബ്ല്യു 123. 2010ൽ പഠനശേഷം എസ് എൻ ജി എം ഗ്രൂപ്പിന്റെ വൈസ് ചെയർമാനായി നിയമിതനായെങ്കിലും വിന്റേജ് വാഹനങ്ങളോടുള്ള കടുത്ത പ്രണയം സനീഷ് സനകനെ കൊണ്ടെത്തിച്ചത് ചേർത്തലയിൽ നാഷണൽ ഹൈവേ 66ൽ മായിത്തറയിൽ, സെന്റ് മൈക്കിൾസ് കോളെജിന് എതിർവശത്തുള്ള ഹൈലാൻഡർ എന്ന സ്ഥാപനത്തിന്റെ സൃഷ്ടിയിലേക്കാണ്. പ്രത്യേക ആവശ്യങ്ങൾക്കായി വിന്റേജ് കാറുകളും പ്രീമിയം വാഹനങ്ങളും വാടകയ്ക്ക് നൽകുകയും വിന്റേജ് കാറുകൾ റിസ്റ്റോർ ചെയ്യുകയും വാഹനങ്ങൾക്ക് സെറാമിക് കോട്ടിങ്ങും ഡീടെയ്‌ലിങ്ങും നടത്തുകയും വിന്റേജ് കാറുകൾക്കായുള്ള സ്‌പെയർ പാർട്‌സുകൾ എത്തിക്കുകയും പെയിന്റിങ്ങും യൂസ്ഡ് കാറുകളുടെ വിൽപനയും നടത്തുന്ന വമ്പൻ പ്രസ്ഥാനമാണ് ഇന്ന് ഹൈലാൻഡർ.

വിവാഹത്തിനൊരുങ്ങി ബെൻസ് 110 ഫിൻടെയ്ൽ

അവിടെ നിന്നും ആരംഭിച്ച യാത്ര സനീഷ് ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. വിന്റേജ് കാർ റിസ്റ്റോറേഷനായി ഒരു ഗ്യാരേജും തുറവൂരിലെ വീടിനടുത്തു തന്നെ സനീഷ് സ്ഥാപിച്ചിരിക്കുന്നു. വിന്റേജ് വാഹനങ്ങൾ ചലച്ചിത്ര ചിത്രീകരണത്തിനും വിവാഹം പോലുള്ള ചടങ്ങുകൾക്കും ഓട്ടോ ഷോകൾക്കും വാടകയ്ക്ക് എത്തിക്കുന്നതിനായി ഒരു ഫ്‌ളാറ്റ് ബെഡ് ലോറിയും സനീഷിന് ഇന്ന് ഉണ്ട്. ഷെവർലെ ഇംപാല (1963), ഷെവർലെ ഫ്‌ളീറ്റ് മാസ്റ്റർ (1946) ഷെവർലെ സ്റ്റൈൽ ലൈൻ (1950),

വോക്‌സോൾ 12 (1947)

പ്ലിമത്ത് (1955), സ്റ്റാൻഡേർഡ് ലിറ്റിൽ 9 (1933), സ്റ്റാൻഡേർഡ് 10 (1959), സ്റ്റാൻഡേർഡ് ഹെറാൾഡ് (1961), മോറിസ് 8 (1947), മോറിസ് മൈനർ (1952), മോറിസ് ലോ ലൈറ്റ് ടു ഡോർ (1949), ഹിന്ദുസ്ഥാൻ 14 (1954), ഹിന്ദുസ്ഥാൻ ലാൻഡ് മാസ്റ്റർ (1954), ഹിന്ദുസ്ഥാൻ മാർക്ക് 1 (1959), ഹിന്ദു സ്ഥാൻ മാർക്ക് 2 (1968), മാർക്ക് 4 (1985), വോക്‌സോൾ 12 (1947), ഫിയറ്റ് ഫെമിലിയർ (1957), ഫിയറ്റ് എലഗന്റ് (1957), ഫിയറ്റ് സെലക്ട് (1958), ഫിയറ്റ് പ്രസിഡന്റ് (1972), മാരുതി 800 (1985) മെർസിഡസ് ബെൻസ് ഡബ്ല്യു 110 ഫിൻടെയ്ൽ (1965), ഡബ്ല്യു 115 (1972), ഡബ്ല്യു 123 (1984), ഡബ്ല്യു124 (1996), ഡബ്ല്യു126 (1980), ബെൻസ് ടി 1 വാൻ (1986), കോണ്ടെസ്സ (1996),

മാരുതി 800 (1985)

മെറ്റഡോർ (1993)

മെറ്റഡോർ (1993), 4 വീൽ ഡ്രൈവ് എഫ് സി വാൻ (1988), 4 വീൽ ഡ്രൈവ് ജീപ്പ് (1993), ജീപ്പ് ലോ ബോണറ്റ്, ജീപ്പ് ഹൈ ബോണറ്റ് (1968), സ്‌കൂട്ടറുകളായ വെസ്പ (1964), ബജാജ് പ്രിയ (1989), ലാംബ്രട്ട (1960), ലാംബി (1972) തുടങ്ങിയ വിന്റേജ് വാഹനങ്ങളും എ എം ജി കിറ്റോടു കൂടിയ ബെൻസ് എസ് ക്ലാസ്, ഓഡി ക്യു7, ബെൻസ് ആർ ക്ലാസ് , ടെയോട്ട പ്രാഡോ, പ്രീമിയം ബൈക്കായ സിബിആർ 1000മൊക്കെയുണ്ട് സനീഷിന്റെ ശേഖരത്തിൽ. ട്രാവലറിന്റെ ഒരു കാരവനുമുണ്ട് അദ്ദേഹത്തിന്. പ്രതിദിന വാടകയ്ക്കായി ഈ വാഹനങ്ങളൊക്കെ തന്നെയും ചലച്ചിത്രകാരന്മാർ സിനിമകൾ ക്കായും മറ്റുള്ളവർ വിവാഹ ചിത്രീകരണത്തിനായു മൊക്കെ ഉപയോഗിക്കുന്നുണ്ട്. പ്രതിമാസം മൂന്നോ നാലോ വാഹനങ്ങൾ റിസ്റ്റോറേഷനായി സനീഷിന്റെ ഗ്യാരേജിൽ എത്തുന്നുണ്ടെങ്കിൽ ഇരുപതോളം കാറുകൾ പ്രതിദിന വാടകയ്ക്കായി ഷൂട്ടിങ്ങുകൾക്കായും പോകുന്നുണ്ട്.

സനീഷ് മകൻ ശിവയ്ക്കും ഭാര്യ ലക്ഷ്മിക്കുമൊപ്പം

കമലിന്റെ ആമിയിൽ മഞ്ജു വാര്യർ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് 10 ഉം മിഖായേലിലെ ബെൻസ് 124 ഉം ഓഡി ക്യു 7നും ടെയോട്ട പ്രാഡോയും വാരിക്കുഴിയിലെ കൊലപാതകത്തിലെ ലാലിന്റെ മേജർ ജീപ്പും ഡബ്ല്യു 124ഉം വൈറ്റിൽ മമ്മൂട്ടിയുടെ ഫോർച്യൂണറും നാടോടി മന്നനിൽ ദിലീപിന്റെ ഡബ്ല്യു 124ഉം ഫഹദ് ഫാസിലിന്റെ വരാനിരിക്കുന്ന അതിരനിൽ ബെൻസ് ഡബ്ല്യു 110 ഫിൻടെയ്‌ലും മാറ്റഡോറും കമ്മട്ടിപ്പാടത്തിൽ ബെൻസ് ഡബ്ല്യു124ഉം ജയലളിതയുടെ കഥ പറയുന്ന തമിഴ് ചിത്രമായ ക്യൂനിലെ ഫിൻടെയ്‌ലും സ്റ്റാൻഡേർഡ് 10ഉം ഹിന്ദുസ്ഥാൻ 14 ഉം മിസ്റ്റർ ആന്റ് മിസ്സിസ് റൗഡിയിലെ ട്രക്കറും ജീപ്പുമൊക്കെയും ഹൈലാൻഡറിൽ നിന്നുമാണ് ഷൂട്ടിങ് സെറ്റുകളിലേക്ക് നീങ്ങിയത്.

സ്റ്റാൻഡേർഡ് ലിറ്റിൽ 9 (1933)

”അച്ഛന്റെ അംബാസിഡർ കാറിലാണ് പതിനാറാം വയസ്സിൽ ഞാൻ ഡ്രൈവിങ് പഠിച്ചത്. അച്ഛന് അന്നൊരു ടാറ്റാ എസ്റ്റേറ്റ് കാർ കൂടി ഉണ്ടായിരുന്നു. കോളെജ് കാലഘട്ടത്തിൽ വിന്റേജ് കാറുകളോട് തോന്നിയ പ്രത്യേക ഇഷ്ടമാണ് പിന്നീട് വിന്റേജ് കാറുകൾ വാങ്ങുന്നതിലേക്ക് കൊണ്ടെത്തിച്ചത്. ഈ കാറുകൾ പ്രതിദിന വാടകയ്ക്ക് ഏജന്റുമാരിലൂടെയാണ് ആദ്യം നൽകിയിരുന്നത്. എന്തുകൊണ്ട് വിന്റേജ് കാർ റെന്റിങ് സർവീസ് സ്വന്തമായി തുടങ്ങിക്കൂടായെന്ന ചിന്തയിൽ നിന്നും മൂന്നു വർഷങ്ങൾക്കു മുമ്പായിരുന്നു ചേർത്തലയിൽ ഹൈലാൻഡർ എന്ന പേരിൽ വിന്റേജ് കാർ റെന്റിങ് ബിസിനസ് ആരംഭിച്ചത്. അത് വമ്പൻ വിജയമായി മാറി,” സനീഷ് സനകൻ പറയുന്നു. സനീഷ് വിന്റേജ് വാഹനങ്ങൾ വാങ്ങിയശേഷം അവ റിസ്റ്റോർ ചെയ്യുന്നതിനായി കുറഞ്ഞത് ഒരു വർഷമെങ്കിലും സമയമെടുക്കാറുണ്ട്. വാഹനം അതിന്റെ പഴയ അതേ ഗരിമയോടെ തന്നെ പുനർസൃഷ്ടിക്കാൻ വിദേശത്തു നിന്നടക്കം സ്‌പെയർ പാർട്‌സുകൾ എത്തിക്കേണ്ടതായി വരും. സനീഷിന്റെ ഗ്യാരേജിൽ 1975ലെ 4 വീൽ ഡ്രൈവ് സ്റ്റാർ ബെൻസ് ലോറിയടക്കം നിരവധി വാഹനങ്ങൾ റിസ്റ്റോറേഷനായി കാത്തുകിടപ്പുണ്ട്. റിസ്റ്റോർ ചെയ്ത വാഹനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി ആ വാഹനത്തിൽ ദീർഘദൂര യാത്രകൾ പോലും നടത്താറുണ്ട് ഈ വാഹനപ്രേമി. ”1957 മോഡൽ ഫിയറ്റ് എലഗന്റ് ഞാൻ തുറവൂരിലെ വീട്ടിൽ നിന്നും തമിഴ്‌നാട്ടിലെ തിരുപ്പൂർ വരെ രണ്ടു വർഷം മുമ്പ് ഓടിച്ചിരുന്നു. ഒരിടത്തുപോലും വഴിയിൽ കിടത്തിയില്ല ആ മിടുക്കൻ,” സനീഷ് സനകൻ പറയുന്നു. വിന്റേജ് വാഹനങ്ങളിലുള്ള ട്രിപ്പുകൾക്ക് തന്റെ ഉറ്റ ചങ്ങാതിമാരേയും കൂടെക്കൂട്ടാറുണ്ട് സനീഷ്.

Highlander Garage’s Flat bed truck

തനിക്കിഷ്ടപ്പെട്ട ഒരു വിന്റേജ് വാഹനം ഇന്ത്യയിൽ എത്ര അകലെയാണെങ്കിലും അത് അവിടെ നിന്നും വാങ്ങി വീട്ടിലെത്തിക്കാൻ സനീഷിന് ഒരു പ്രത്യേക ആവേശം തന്നെയുണ്ട്. ”കൊൽക്കത്തയിൽ നിന്നുമാണ് 1955 മോഡൽ പ്ലിമത്ത് ഞാൻ വാങ്ങിയത്. 1948 മോഡൽ ഷെവർലെ ഫ്‌ളീറ്റ് ലൈനും 1954 മോഡൽ അംബാസിഡർ ലാൻഡ് മാസ്റ്ററും പൂനെയിൽ നിന്നും ഞാനോടിച്ചു കൊണ്ടുവരികയായിരുന്നു,” സനീഷ് പറയുന്നു. എന്നാൽ കൈവശമുള്ള വിന്റേജ് വാഹനങ്ങളിൽ സനീഷിന് ഏറ്റവും പ്രിയം 1933 മോഡൽ സ്റ്റാൻഡേർഡ് ലിറ്റിൽ 9നോടാണ്. ”ടൂറർ ആയ ഈ കാർ ഇന്ത്യയിൽ ഇന്ന് ഇതു മാത്രമേയുള്ളു. പാലക്കാട്ടു നിന്നുമാണ് എനിക്ക് ആ വാഹനം സ്വന്തമാക്കാനായത്,” സനീഷ് പറയുന്നു. വിന്റേജ് വാഹനങ്ങൾക്ക് പുതിയ വാഹനങ്ങളേക്കാൾ മെയിന്റനൻസ് ചെലവ് വളരെ കൂടുതലാണ്. ഒരു വിന്റേജ് വാഹനം വാങ്ങിയാലുടനെ അത് പൂർണമായും അഴിച്ചുമാറ്റി, തുരുമ്പ് നീക്കം ചെയ്ത് പ്രൈമർ അടിച്ച് സൂക്ഷിക്കേണ്ടതായി വരും. വിദേശത്തു നിന്നു പോലും പലപ്പോഴും പല വാഹനങ്ങളുടേയും സ്‌പെയറുകൾ വാങ്ങേണ്ടതായും വന്നിട്ടുണ്ട്.

സനീഷ് സനകൻ ഹൈലാൻഡർ ഗാരേജിൽ റിസ്റ്റോർ ചെയ്യാനൊരുങ്ങുന്ന വാഹനങ്ങൾക്കൊപ്പം

”1963 മോഡൽ ഷെവർലെ ഇംപാലയുടെ സ്‌പെയറുകൾ ഞാൻ അമേരിക്കയിൽ നിന്നാണ് എത്തിച്ചത്. ടെയ്ൽ ലൈറ്റിനു മാത്രം 40,000 രൂപ എനിക്ക് ചെലവായി,” വിന്റേജ് കാർ റിസ്റ്റോറേഷൻ അതീവ ചെലവു വരുന്ന കാര്യമാണെന്ന് സൂചിപ്പിക്കാനും സനീഷ് സനകൻ മറക്കുന്നില്ല. റിസ്റ്റോറേഷനായി പല സ്‌പെയറുകളും ആവശ്യമുള്ളതിനാൽ പഴയ കാറുകൾ വാങ്ങി സൂക്ഷിക്കുന്ന സ്വഭാവവുമുണ്ട് സനീഷിന്. കൈവശമുള്ള കാറുകൾ റിസ്റ്റോർ ചെയ്യുന്നതിനാണ് ഈ വാഹനങ്ങളും സ്‌പെയറുകൾ സനീഷ് ഉപയോഗിക്കാറുള്ളത്.

Benz T1 van

Saneesh inside Benz T1 van

വിന്റേജ് വാഹനങ്ങളാണ് ഇന്നത്തെ കാറുകളേക്കാൾ സുന്ദരമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല സനീഷിന്. പല ക്ലാസിക് വാഹനങ്ങളും കമ്പനികൾ തിരിച്ചുകൊണ്ടുവന്നാൽ അവ വാങ്ങാൻ ആൾക്കാരുണ്ടാകുമെന്നും സനീഷ് പറയുന്നു. മെർസിഡസ് ബെൻസിന്റെ ഡബ്ല്യു 123 ആണ് ഇങ്ങനെ തിരിച്ചുവരാൻ താൻ ഏറ്റവും കൊതിക്കുന്നതെന്നാണ് സനീഷ് പറയുന്നത്. വിന്റേജ് വാഹനങ്ങളെ പ്രണയിക്കുന്ന സനീഷ് സനകന്റെ വിവാഹവും പ്രണയഭരിതമായിരുന്നു. ഭാര്യ ലക്ഷ്മിയും രണ്ടു വയസ്സുകാരനായ മകൻ ശിവയും വിന്റേജ് വാഹനങ്ങളുടെ ആരാധകർ തന്നെ. ചെറുപ്പത്തിൽ ക്ലാസിക്കൽ സംഗീതം അഭ്യസിക്കുകയും 2009ൽ ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കുകയും ചെയ്ത സനീഷ് പ്രണയിച്ച് വിവാഹം ചെയ്തത് ക്ലാസിക്കൽ നർത്തകിയായ ലക്ഷ്മിയെ ആണ്. 2014ലായിരുന്നു വിവാഹം.

സനീഷ് സനകന്റെ കൈവശമുള്ള ചില ആഡംബര കാറുകൾ

വിന്റേജ് വാഹനങ്ങളോടുള്ള പ്രണയം എങ്ങനെ വിന്റേജ് വാഹനങ്ങൾ ഉപയോഗപ്പെടുത്തുന്ന ഒരു റെന്റിങ് ബിസിനസിനും റിസ്റ്റോറേഷൻ ബിസിനസിനും തുടക്കമിട്ടുവെന്നതിന്റെ വിജയകഥയാണ് സനീഷ് സനകന്റെ ഹൈലാൻഡർ എന്ന സ്ഥാപനം. വാഹനങ്ങളുടെ പോളിഷിങ്ങും ഡീറ്റെയ്‌ലിങ്ങും റിസ്റ്റോറേഷനും വാഗ്ദാനം ചെയ്യുന്നതിനു പുറമേ, വിന്റേജ് കാറുകളുടെ സ്‌പെയർ പാർട്‌സുകളുടെ വിൽപനയും ഹൈലാൻഡർ നടത്തുന്നുണ്ട്. പാഷൻ എങ്ങനെയാണ് കരിയറിനെ സൃഷ്ടിക്കുന്നതെന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ് സനീഷ് സനകനും ഹൈലാൻഡറും$

Highlander
Vintage & Premium cars for Special Occasions
Opposite St. Michael’s College
Cherthala, Alapuzha
Mobile: 7510636363

www.instagram.com/highlanderweddingcars
https://www.facebook.com/Highlander-garage-461665767509319/

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>