How Safe is Your Car?- Smartdrive Investigation- Part 3- Tata
January 11, 2019
Shark in the Hills: Mahindra Marazzo to Nelliyampathy
January 11, 2019

Happy Journey: Jomol & her Discovery Sport

നടി ജോമോളുടേയും (ഗൗരി) ഭർത്താവ് ചന്ദ്രശേഖറിന്റേയും മനസ്സ് ഉടക്കിയത് ആഢംബര എസ് യു വിയായ ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ടിൽ. കാഴ്ചയിലെ സൗന്ദര്യത്തിനപ്പുറം മറ്റെന്തൊക്കെയാണ് ആ വാഹനം തെരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിച്ചത്?

എഴുത്ത്: ജെ ബിന്ദുരാജ്, ചിത്രങ്ങൾ: അഖിൽ പി അപ്പുക്കുട്ടൻ

മൂന്നു കാര്യങ്ങളാണ് ഡിസ്‌കവറി സ്‌പോർട്ടിലേക്ക് നടി ജോമോളേയും (ഗൗരി) ജീവിത പങ്കാളിയായ ചന്ദ്രശേഖർ പിള്ളയേയും കൊണ്ടെത്തിച്ചത്. അതിൽ ആദ്യത്തേത് രണ്ടു മക്കളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ യാത്രയായിരുന്നു. മൊത്തം ഏഴു പേർക്ക് സുഖസുന്ദരമായി സഞ്ചരിക്കാനാകുന്ന ഒരു വാഹനത്തിനായുള്ള അന്വേഷണത്തിലായിരുന്നു അവർ. രണ്ടാമത്തേത്, പ്രളയകാലത്ത് സുഹൃത്തുക്കളായ പലരുടേയും ആഢംബര വാഹനങ്ങൾ നിരത്തിലിറങ്ങിയപ്പോൾ വെള്ളം കയറി കുഴപ്പത്തിലായ വാർത്തയാണ്. മൂന്നാമത്തേത്, അടുത്ത കുടുംബ സുഹൃത്തായ സുരേഷ് ഗോപിയെ എയർപോർട്ടിൽ നിന്നും പിക്ക് ചെയ്യാൻ പോയപ്പോൾ ജോമോളുടെ ആഢംബര കാറിലേക്ക് കയറാൻ ഉയരം കൂടിയ അദ്ദേഹത്തിനുണ്ടായ പ്രയാസമാണ്. ഈ മൂന്നു പ്രശ്‌നങ്ങളും പരിഹരിക്കുകയും സുഖകരമായ യാത്ര ഉറപ്പാക്കുകയും ചെയ്യുന്ന ഒരു വാഹനം കണ്ടെത്താനുള്ള നിരന്തരശ്രമത്തിലായിരുന്നു ചന്ദ്രശേഖറും ഗൗരിയും. ഇളയ മകളായ ആർജയ്ക്കാണെങ്കിൽ അച്ഛൻ വാങ്ങുന്ന കാറുകളിലൊന്നും തനിക്കിരിക്കാൻ സീറ്റില്ലെന്ന പരാതിയാണ് എപ്പോഴും. അഞ്ചാം ക്ലാസിലായിട്ടും മറ്റുള്ളവരുടെ മടിയിരുന്ന് യാത്ര ചെയ്യേണ്ടി വരുന്നതിന്റെ കുണ്ഠിതം ആത്മഗതമായി ഇടയ്ക്കിടെ പുറത്തുവരികയും ചെയ്യും. അങ്ങനെയാണ് ഏഴു സീറ്റുള്ള ഒരു എസ് യു വി വാങ്ങാൻ അവർ തീരുമാനിച്ചത്.

Jomol (Gouri) and Chandrasekhar with their Discovery Sport HSE

പക്ഷേ അപ്പോഴും ഉണ്ടായി പ്രശ്‌നങ്ങൾ. ആഢംബര കാർ സെഗ്മെന്റുകളിൽ പല എസ് യു വികളുമുണ്ടെങ്കിലും ചന്ദ്രശേഖരനും ഗൗരിയും ഓഫ്‌റോഡിങ്ങിൽ തൽപരരാണെന്നതാണ് അതിനു കാരണം. ഓഫ്‌റോഡിങ്ങിനു പോകുന്നതിനൊപ്പം നഗരനിരത്തുകളിലും ഹൈവേകളിലും കംഫർട്ടബിൾ ആയ യാത്രയും വേണം. യാത്രയ്ക്ക് പോകുമ്പോൾ നിറയെ ബാഗുകളും സാമഗ്രികളും കരുതാറുള്ളതിനാൽ ബൂട്ട് സ്‌പേസിന്റെ കാര്യത്തിലും പിശുക്കു പാടില്ല. അങ്ങനെ എല്ലാ ആഢംബര എസ് യു വികളും ടെസ്റ്റ് ഡ്രൈവ് ചെയ്തശേഷമാണ് ഗൗരിയുടെ കുടുംബം ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ടിന്റെ എച്ച് എസ് ഇ ഡീസൽ ഓട്ടോമാറ്റിക് വേരിയന്റ് തെരഞ്ഞെടുത്തത്. ആഗ്രഹിച്ചതെല്ലാം അതിനുണ്ടായിരുന്നു. ഏഴു പേർക്ക് സുഖമായി ഇരിക്കാം. 1690 എം എം ഉയരമുള്ളതിനാൽ എത്ര ഉയരമുള്ളയാൾക്കും അനായാസമായി അകത്തേക്ക് പ്രവേശിക്കാം. 212 എം എം ഗ്രൗണ്ട് ക്ലിയറൻസുള്ളതിനാൽ ഏതു ദുർഘടപാതയിലൂടെയും സഞ്ചരിക്കാമെന്നതിനു പുറമേ, പ്രളയകാലത്ത് വാഹനത്തിൽ വെള്ളം കയറുമെന്ന പേടിയും വേണ്ട. പിന്നെ വേണ്ടത് ബൂട്ട് സ്‌പേസായിരുന്നു. 280 ലിറ്റർ ബൂട്ട് സ്‌പേസിൽ ദീർഘദൂര യാത്രയ്ക്കു വേണ്ടതെല്ലാം കയറ്റാം. അഞ്ചു പേർ യാത്ര ചെയ്യുമ്പോൾ ഇത് 981 ലിറ്ററുമാക്കാം. 65 ലിറ്റർ ഇന്ധനശേഷിയുള്ളതിനാൽ ഒരിക്കൽ ഡീസൽ അടിച്ചാൽ പിന്നെ എല്ലാം മറന്നുകളയാം. ഇതൊക്കെ ഓക്കെ ആയ സ്ഥിതിക്ക് വാഹനഭ്രാന്തനായ ചന്ദ്രശേഖറിന് വാഹനത്തിന്റെ കരുത്തും കഴിവുകളുമായിരുന്നു അടുത്ത നോട്ടം. 4000 ആർ പി എമ്മിൽ 177 ബി എച്ച് പിയും 1750 ആർ പി എമ്മിൽ 430 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്ന തകർപ്പൻ വാഹനം. 1999 സിസിയുടെ എഞ്ചിന് 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുണ്ടെന്നതിനു പുറമേ 4 വീൽ ഡ്രൈവുമാണ്. അങ്ങനെയാണ് 2018 സെപ്തംബർ 29ന് ബ്രിട്ടീഷ് വംശജനായ സ്‌കോട്ടിയ ഗ്രേ മെറ്റാലിക് നിറമുള്ള ആ രാജാവ് മൂത്തൂറ്റ് മോട്ടോഴ്‌സിൽ നിന്നും കലൂരിലെ സ്റ്റേഡിയ പാർക്കിലെ ഒന്നാം നമ്പർ വില്ലയിലേക്ക് എഴുന്നെള്ളിയത്. പിന്നെ ഒരു ഉത്സവം തന്നെയായിരുന്നു ഗൗരിയുടേയും ചന്ദ്രശേഖറിന്റേയും ആര്യയുടേയും ആർജയുടേയും ജീവിതം. ആർജയുടെ പരാതിക്ക് ശമനമായതാണ് ഏറ്റവുമധികം ഗൗരിയെ സന്തോഷിപ്പിച്ചത്. ”എനിക്കും ഇരിക്കാനൊരു സീറ്റു കിട്ടി. ഉഗ്രൻ കാറു തന്നെ,” ആർജയ്ക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യായിരുന്നത്രേ.

എണ്ണക്കിണറുകൾക്കായുള്ള അണ്ടർ വാട്ടർ പൈപ്പ് ലൈനുകൾ സജ്ജീകരിക്കുന്നതിൽ സ്‌പൈഷ്യലൈസ് ചെയ്തിട്ടുള്ള എഞ്ചിനീയറാണ് ചന്ദ്രശേഖർ പിള്ള. നടി ജോമോളെ ഓൺലൈൻ ചാറ്റിങ്ങിലൂടെ പരിചയപ്പെടുന്ന കാലത്ത് മുംൈബയിൽ മർച്ചന്റ് നേവിയിലായിരുന്നു അദ്ദേഹം. നേരിൽ കാണാനെത്തുംവരേയ്ക്ക് താനൊരു നടിയാണെന്ന സത്യം ജോമോളൊട്ട് ചന്ദ്രശേഖറിനോട് പറഞ്ഞതുമില്ല. ജോമോളുടെ അച്ഛനന്മമാരായ കോഴിക്കോട്ടുകാരായ ജോണും മോളിയും വിവാഹത്തെ എതിർത്തെങ്കിലും പിന്നീട് കുടുംബങ്ങൾ തമ്മിൽ ഒത്തുചേർന്നു. ഇപ്പോൾ ചന്ദ്രശേഖരന്റെ അച്ഛനമ്മമാരായ വിജയകുമാറും ഗീതയും ഗൗരിയുമൊക്കെ കോഴിക്കോട്ടേയ്ക്ക് നിരന്തര സഞ്ചാരങ്ങളുമുണ്ട്. കാലം എല്ലാ എതിർപ്പുകളേയും അലിയിച്ചുകളയുമെന്നതിന് ഇതിനേക്കാളേറെ മറ്റെന്ത് തെളിവു വേണം!

തൊഴിൽപരമായി നിരന്തര യാത്രകളിലായിരിക്കും എപ്പോഴും ചന്ദ്രശേഖർ. ഫ്രാൻസ് ആസ്ഥാനമാക്കിയ കമ്പനിയായതിനാൽ നിരന്തരം കപ്പലിൽ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കുമൊക്കെ യാത്ര പോകേണ്ടതായി വരും. ആ യാത്രയ്ക്കിടയിൽ വീണുകിട്ടിയ അവധിക്കാലമാഘോഷിക്കാൻ എത്തിയതാണ് ചന്ദ്രശേഖർ. സെപ്തംബറിൽ വാഹനം വാങ്ങിയെങ്കിലും ചന്ദ്രശേഖറിന് അത് ഓടിക്കാനായത് ഡിസംബറിലായിരുന്നുവെന്നത് വേറെ കാര്യം.


ഗൗരിയും ചന്ദ്രശേഖറും നന്നായി ഡ്രൈവ് ചെയ്യുന്നവരാണ്. മുംബൈയിൽ ജനിച്ചുവളർന്ന പത്തനംതിട്ട ക്കാരനായ ചന്ദ്രശേഖറിന് അഞ്ചു വയസ്സുള്ളപ്പോളാണ് അച്ഛൻ ഹെറാൾഡ് വാങ്ങുന്നത്. ചന്തുവെന്നാണ് വീട്ടിലെ ഓമനപ്പേര്. പിന്നെ അച്ഛൻ ചന്തുവിന് വാങ്ങി നൽകിയത് മാരുതി 800 ആയിരുന്നു. പിന്നെ ടാറ്റ ഇൻഡിക്ക, ഫോർഡ് ഫിയസ്റ്റ, സ്‌കോഡ ലോറ, മെർസിഡസ് ബെൻസ് ഇ 250, …ഇപ്പോഴിതാ ഡിസ്‌കവറി സ്‌പോർട്ട് എച്ച് എസ് ഇയും. ”ഡിസ്‌കവറി വലിയ വാഹനമായതിനാൽ നഗരനിരത്തുകളിൽ ഡ്രൈവ് ചെയ്യുന്നതിനെപ്പറ്റി എനിക്ക് ഉൽകണ്ഠ ഉണ്ടായിരുന്നെങ്കിലും വാഹനം ഓടിച്ചു തുടങ്ങിയപ്പോഴാണ് ഇത് ഇത്ര അനായാസമായി കൈകാര്യം ചെയ്യാനാകുന്ന വാഹനമാണെന്ന് ബോധ്യപ്പെട്ടത്. ആറ് എയർ ബാഗുകളും ടയർ പ്രഷർ മോണിട്ടറിങ് സിസ്റ്റവും ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും ബ്രേക്ക് അസിസ്റ്റും ഇലക്ട്രോണിക് സ്‌റ്റൈബിലിറ്റി പ്രോഗ്രാമും ഹിൽ ഹോൾഡ് കൺട്രോളും ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ഹിൽ ഡിസന്റ് കൺട്രോളും മാർനിർദ്ദേശങ്ങളോടു കൂടിയ റിവേഴ്‌സ് ക്യാമറയും മുന്നിലും പിന്നിലും പാർക്കിങ് സെൻസറുകളുമൊക്കെയുള്ളതിനാൽ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ആശങ്കപ്പെടാനുമൊന്നുമില്ല. കുട്ടികളേയും കൊണ്ട് യാത്ര ചെയ്യുമ്പോൾ ഇതിനൊക്കെയാണല്ലോ നമ്മൾ മുൻഗണന നൽകുന്നത്,” ചന്ദ്രശേഖർ പറയുന്നു.

വാഹനങ്ങളെപ്പറ്റിയുള്ള വിവരങ്ങളെല്ലാം വിരൽത്തുമ്പിൽ സൂക്ഷിക്കുന്നയാൾ കൂടിയാണ് അദ്ദേഹം. മുംബൈയിൽ താമസിക്കുന്ന കാലത്ത് ഇൻഡിക്കയിലാണ് ഗൗരി ഡ്രൈവിങ് പഠിച്ചത്. ഗുരു ചന്ദ്രശേഖർ തന്നെ. മുംബൈയിൽ ട്രാഫിക്കുണ്ടെങ്കിലും കേരളത്തേക്കാൾ എളുപ്പത്തിൽ വാഹനമോടിക്കാനാകുന്നത് മുംബൈയിലാണെന്നാണ് ഗൗരിയുടെ പക്ഷം. ”മുംബൈയിൽ ഓർഗനൈസ്ഡ് കയോസ് ആണ്. അതുകൊണ്ട് പ്രശ്‌നമില്ല. ഇവിടത്തെ കാര്യം പറയാതെ അറിയുമല്ലോ,” ഗൗരിയുടെ പൊട്ടിച്ചിരി.

മുംബൈയിലേക്ക് പോകുമ്പോൾ ഗൗരിയും ചന്ദ്രശേഖറും മാറിമാറിയാണ് വാഹനം ഓടിക്കാറുള്ളത്. കൊച്ചിയിൽ നിന്നും പുറപ്പെട്ട് ബംഗലുരുവിൽ രാത്രി താമസിച്ചശേഷം അടുത്ത ദിവസം മുംബൈയിലേക്ക് നീങ്ങുകയാണ് പതിവ്. ഡിസ്‌കവറി സ്‌പോർട്ട് വാങ്ങിയശേഷം ആദ്യ ദീർഘദൂര യാത്ര പോണ്ടിച്ചേരിയിലേക്കായിരുന്നു. പിന്നെ ബംഗലുരുവിലേക്ക്. സ്മാർട്ട് ഡ്രൈവുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞയുടനെ തന്നെ ക്രിസ്തുമസ്സ് ആഘോഷിക്കാൻ മൂന്നാറിലേക്ക് പുറപ്പെടാനൊരുങ്ങി നിൽക്കുകയാണ് ദമ്പതികൾ.

യാത്രകൾ നിരന്തരം പോകുന്നവരെ സംബന്ധിച്ചിടത്തോളം ഡിസ്‌കവറി സ്‌പോർട്ട് ശരിക്കുമൊരു ഉത്തമ പങ്കാളിയാണെന്ന കാര്യം ഗൗരിയും ചന്ദ്രശേഖറും ഇടയ്ക്കിടെ എടുത്തുപറയുന്നുണ്ട്. മെറിഡിയന്റെ ഇന്റഗ്രേറ്റഡ് മ്യൂസിക് സിസ്റ്റത്തിന് 10 സ്പീക്കറുകളുള്ളതിനാൽ എവിടെയിരുന്നാലും സംഗീതം സുവ്യക്തമായ ശബ്ദത്തിൽ ആസ്വദിക്കാനാകും. ഇരുവരും പാട്ടിന്റെ കാര്യത്തിൽ ഒരേ മനസ്സുള്ളവരായതിനാൽ യാത്രയിലുടനീളം ഡിസ്‌കവറി സ്‌പോർട്ടിൽ സംഗീതവും തുണയായിട്ടുണ്ടാകും. എസി വെന്റുകൾ ഓരോ സീറ്റുകളുടേയും മുകളിലുള്ളതിനാൽ എല്ലാവർക്കും സുഖശീതളിമയോടെ സഞ്ചരിക്കാനുമാകും. പിൻനിര യാത്രികർക്ക് 7 പേർ സഞ്ചരിക്കുമ്പോൾ 839 എം എം ലെഗ് റൂമും ലഭിക്കുമെങ്കിൽ സീറ്റ് പിന്നിലേക്ക് ഇറക്കിയിട്ടാൽ മിഡിൽ റോയിലെ ലെഗ്‌റൂം 999 എം എം ആയി വർധിപ്പിക്കാനുമാകും.

ജാഗ്വർ ലാൻഡ്‌റോവർ എക്‌സ്പീരിയൻസ് ഡ്രൈവിന് സമീപകാലത്ത് പോയി വന്നതേയുള്ളു ഗൗരിയും ചന്ദ്രശേഖറും. ഇനി ഓഫ്‌റോഡിങ്ങിന് ഡിസ്‌കവറി സ്‌പോർട്ടിനെ കൊണ്ടുപോകുകയാണ് അടുത്ത ലക്ഷ്യം. ജനറൽ ഡ്രൈവിങ് മോഡ് കൂടാതെ ഗ്രാസ്, ഗ്രാവൽ, സ്‌നോ മോഡും സാൻഡ് മോഡും മഡ് മോഡും ഡിസ്‌കവറി സ്‌പോർട്ടിനുള്ളതിനാൽ ഡ്രൈവിങ് എളുപ്പമാണ്. ഡിസ്‌കവറി സ്‌പോർട്ടിന്റെ പല ഗുണങ്ങളും പോണ്ടിച്ചേരിക്കുള്ള ആദ്യ യാത്രയിൽ തന്നെ ചന്തുവും ഗൗരിയും അനുഭവിച്ചറിഞ്ഞതുമാണ്. ”പോണ്ടിച്ചേരിയിലെ റിസോർട്ടിലേക്കുള്ള വഴി അതീവ ദുർഘടമായിരുന്നു. ഡിസ്‌കവറി സ്‌പോർട്ടിൽ യാത്ര ചെയ്തപ്പോൾ പക്ഷേ അത് അനായാസമായി താണ്ടാൻ ഞങ്ങൾക്കായി. 4 വീൽ ഡ്രൈവ് വാഹനത്തിന്റെ കംഫർട്ടും സസ്‌പെൻഷന്റെ മികവും ഞങ്ങൾ ശരിക്കും അനുഭവിച്ചറിഞ്ഞു,” ഗൗരി പറയുന്നു.

ഗൗരിക്ക് ഒബ്‌സസീവ് കംപൾസീവ് ഡിസോഡർ ഉണ്ടെന്ന് ചന്തു ഇടയ്ക്കിടെ കളിയാക്കാറുണ്ട്. വീട്ടിലെ സാമഗ്രികളെല്ലാം എല്ലാം വീണ്ടും വീണ്ടും അടുക്കിപ്പെറുക്കി വയ്ക്കുകയും യഥാസ്ഥാനത്തു തന്നെ അവ കാണാൻ താൽപര്യപ്പെടുകയും ചെയ്യുന്നതിനാലാണ് ഈ കളിയാക്കൽ. വാഹനത്തിനുള്ളിലും ഈ രോഗം ഗൗരി പ്രകടിപ്പിക്കാറുണ്ടോയെന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നാണ് ഗൗരിയുടെ മറുപടി. ”വൃത്തിയുള്ളവർ ഉപയോഗിക്കുന്ന വാഹനമാണെന്ന് തോന്നണം എന്ന കാര്യത്തിൽ എനിക്ക് നിർബന്ധമുണ്ട്. വാഹനത്തിനകത്തിരുന്ന് ഞങ്ങൾ ഭക്ഷണം കഴിക്കാറേയില്ല. വാഹനത്തിലിരുന്ന് ഭക്ഷണം കഴിച്ചാൽ വാഹനത്തിനകത്ത് ഭക്ഷ്യാവശിഷ്ടങ്ങൾ വീഴും. അതെനിക്ക് ഇഷ്ടമുള്ള കാര്യമല്ല,” ഗൗരി തന്റെ വീക്ക്‌നെസ്സ് തുറന്നുപറഞ്ഞു.

 

വാഹനത്തിന്റെ ഇന്റീരിയറിന്റെ കാര്യത്തിൽ ഗൗരിയും ചന്ദ്രശേഖറും പൂർണതൃപ്തരാണ്. 20.32 സെന്റിമീറ്റർ ടച്ച് സ്‌കീൻ, 10 സ്പീക്കറും ഡ്യുവൽ ചാനൽ സബ് വൂഫറുമുള്ള 380 വാട്ടിന്റെ മെറിഡിയൻ സൗണ്ട് സിസ്റ്റം, വോയ്‌സ് റെക്കഗ്‌നിഷൻ അടക്കമുള്ള ജി പി എസ് നാവിഗേഷൻ, യു എസ് ബി, ഓക്‌സിലറി, ബ്ലൂടൂത്ത്, ഐപോഡ് കോപാറ്റിലിബിറ്റി, എം പി 3 പ്ലേബാക്ക്, സി ഡി പ്ലേയർ, റേഡിയോ എന്നിങ്ങനെ പോകുന്നു അത്. പനോരമിക് സൺറൂഫ് ഉള്ളതിനാൽ പ്രകൃത്യാ ഉള്ള വെളിച്ചത്തിൽ, പ്രകൃതിക്കൊപ്പം നീങ്ങുന്ന ഫീൽ ലഭിക്കുമെന്നതിനു പുറമേ, ആവശ്യമില്ലാത്തപ്പോൾ അടച്ചിട്ട് സ്വകാര്യത അനുഭവിക്കുകയുമാകാം. വാഹനത്തിനുള്ളിൽ ധാരാളം സ്റ്റോറേജ് സ്‌പേസുള്ളതിനാൽ അത്യാവശ്യം വേണ്ട സാമഗ്രികളെല്ലാം വാഹനത്തിനുള്ളിൽ ഇരിപ്പിടത്തിനടുത്തു തന്നെ തന്നെ യാത്രകളിൽ കരുതുകയുമാകാം. ഡ്രൈവർ ആംറെസ്റ്റ് സ്റ്റോറേജിനു പുറമേ കൂൾഡ് ഗ്ലോ ബോക്‌സും സൺഗ്ലാസ് ഹോൾഡറും കപ്‌ഹോൾഡറുകളുമൊക്കെ ഇതിലുണ്ട്.

ഏറ്റവും മികച്ചത് ജീവിതത്തിൽ വേണമെന്ന കാര്യത്തിൽ ഗൗരിക്കും ചന്ദ്രശേഖറിനും നിർബന്ധമാണ്. ജീവിതപങ്കാളിയെ തെരഞ്ഞെടുത്തപ്പോഴും ഇരുവരും ആ മികവ് തന്നെയാണ് ഇരുവരിലും ദർശിച്ചത്. വാഹനങ്ങളുടെ കാര്യത്തിലും ഏറ്റവും മികച്ചത് കണ്ടെത്തുന്ന കാര്യത്തിൽ ഇരുവരും ഒറ്റക്കെട്ടാണ്. ആ അന്വേഷണ മാണല്ലോ അവരെ ഒടുവിൽ ഡിസ്‌കവറി സ്‌പോർട്ടിൽ കൊണ്ടെത്തിച്ചത്. ഡിസ്‌കവറി സ്‌പോർട്ടിനായി ഒരു ഫാൻസി നമ്പറും അവർ തെരഞ്ഞെടുത്തു. കെ എൽ 01 സി ജെ 2525. ”ഡിസൈനിങ്ങിന്റെ കാര്യത്തിൽ ശരിക്കുമൊരു അത്ഭുതമാണ് ഡിസ്‌കവറി സ്‌പോർട്ട്. മുന്നിൽ മാൻലി. പിന്നിൽ സ്‌ത്രൈണത,” ചന്തുവിന്റെ കണ്ടെത്തൽ. ഡിസ്‌കവറിക്കൊപ്പം നിന്നു സ്മാർട്ട് ഡ്രൈവിനായി ചിത്രങ്ങൾക്ക് പോസ്സ് ചെയ്യുമ്പോൾ വാഹനത്തോടുള്ള സ്‌നേഹം അവർ ഇരുവരുടേയും കണ്ണുകളിൽ തെളിയുന്നത് വെറുതെയല്ലെന്നുറപ്പ്! ഡിസ്‌കവറി സ്‌പോർട്ട് അവർ ഇരുവരേയും കീഴടക്കിക്കഴിഞ്ഞിരിക്കുന്നു$

Smartdrive- January 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>