Tylos Electric Scooters: The New Gen!
February 13, 2020
Calgary Auto Detail Hub: കാറുകളെ തിളക്കുന്ന കാൽഗറിയുടെ പുതിയ ചുവടുവയ്പുകൾ
February 15, 2020

Happy Journey: ജാൻവി എന്ന കുസൃതിക്കുരുന്നിനും അവളുടെ അച്ഛനന്മമാർക്കുമൊപ്പം ഒരു മാരുതി വാഗൺ ആർ യാത്ര

കൊച്ചിയിലെ പുതിയ വിനോദസഞ്ചാര കേന്ദ്രമായി വളരുന്ന കടമക്കുടിയിലേക്ക് ബിഎസ് 6 എഞ്ചിനോടു കൂടിയ മാരുതി വാഗൺ ആറിൽ യുവ പ്രൊഫഷണലായ ഷെയ്ബിയും ഭാര്യ അശ്വതിയും മൂന്നു വയസ്സുകാരി ജാൻവിയും നടത്തിയ യാത്ര വാഗൺ ആറിന്റെ കഴിവുകളും ഫീച്ചറുകളും ശരിക്കും അനുഭവിച്ചറിയാൻ സഹായിച്ചു.

എഴുത്ത്: ജെ ബിന്ദുരാജ്, ഫോട്ടോ: അഖിൽ അപ്പു

കൊച്ചിയിൽ മൾട്ടിനാഷണൽ കമ്പനിയായ സി എച്ച് ഹെൽത്ത് കെയർ ഇൻകോർപ്പറേറ്റഡിൽ ടീം ലീഡറായ സി എസ് ഷെയ്ബിക്ക് മൂന്നു കാര്യങ്ങൾ ജീവന്റെ ജീവനാണ്. ഒന്ന്, ഭാര്യ അശ്വതി, രണ്ട് മൂന്നു വയസ്സുകാരിയായ മകൾ ജാൻവി, മൂന്ന്, തനിക്ക് വിവാഹസമ്മാനമായി ലഭിച്ച ചുവന്ന മാരുതി സുസുക്കി സ്വിഫ്റ്റ്. ഈ സ്വിഫ്റ്റ് കാറിലാണ് വിവാഹശേഷം ഷെയ്ബിയും അശ്വതിയും നടത്തിയിട്ടുള്ള ഏതാണ്ട് എല്ലാ യാത്രകളും തന്നെ. പ്രണയവിവാഹിതരായ ഇവരുടെ അഞ്ചാം വിവാഹവാർഷികമായിരുന്നു കഴിഞ്ഞ മാസം. മാരുതി സുസുക്കി കാറുകളോട് ഷെയ്ബിക്കുള്ള പ്രണയമറിഞ്ഞ സ്മാർട്ട് ഡ്രൈവ് ഈ ന്യൂജെൻ ദമ്പതിമാർക്കൊപ്പം മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ വാഗൺ ആറിൽ കടമക്കുടിയിലേക്ക് ഒരു യാത്ര പദ്ധതിയിട്ടു. സ്വിഫ്റ്റിന്റെ ഇഷ്ടതോഴനായ ഷെയ്ബിക്ക് വാഗൺ ആർ അനുഭവിച്ചറിയണമെന്ന് മോഹമുള്ളതായി അറിഞ്ഞാണ് ഈ യാത്ര ഞങ്ങൾ അറേഞ്ച് ചെയ്തത്. യാത്ര കടമക്കുടിയിലേക്കാക്കാൻ ഒരു കാരണവുമുണ്ട്. ഷെയ്ബി നേരത്തെ കടമക്കുടിയിലേക്ക് വരികയും അവിടത്തെ കാഴ്ചകളുടെ സൗന്ദര്യത്തെപ്പറ്റിയൊക്കെ അശ്വതിയോട് വർണിക്കുകയും ചെയ്തിരുന്നുവെങ്കിലും ഇരുവർക്കും ഇതുവരേയ്ക്കും മകൾക്കൊപ്പം കടമക്കുടിയിലേക്ക് പോകാൻ അവസരമൊരുങ്ങിയിരുന്നില്ല. കൊച്ചിയിൽ നിന്നും വരാപ്പുഴ പാലമിറങ്ങി ഇടത്തോട്ടുള്ള വളവ് തിരിഞ്ഞ് ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ചാലെത്തുന്ന ഗ്രാമീണതയുടെ അപാരതീരങ്ങൾ കാണാൻ ആരാണ് ആഗ്രഹിക്കാത്തത്? ആ യാത്രയിൽ കൂട്ടായി വാഗൺ ആർ കൂടി എത്തുകയാണെങ്കിൽ ഷെയ്ബിയുടെ ആനന്ദം ഇരട്ടിയാകുകയും ചെയ്യുമല്ലോ.

പൂൾസൈഡ് ബ്ലൂ നിറമുള്ള വാഗൺ ആർ ഇസഡ് എക്‌സ്‌ഐ 1.2 മാനുവൽ ട്രാൻസ്മിഷൻ വാഹനമാണ് യാത്രയ്ക്കായി ഷെയ്ബി ഞങ്ങളോട് ആവശ്യപ്പെട്ടത്. വാഗൺ ആറിന്റെ എല്ലാ വേരിയന്റുകളിലും ബിഎസ് 6 പെട്രോൾ എഞ്ചിനുകളാണുള്ളത്. 1.0 ലിറ്റർ എഞ്ചിനുള്ള വാഗൺ ആറും 1.2 ലിറ്റർ എഞ്ചിനുള്ള വാഗൺ ആറും 5 സ്പീഡ് എഎംടി വേരിയന്റുമൊക്കെ വാഗൺ ആറിൽ ലഭ്യമാണെങ്കിലും പൊതുവേ മാനുവൽ ട്രാൻസ്മിഷൻ വാഹനങ്ങളോട് താൽപര്യമുള്ള ഷെയ്ബി വാഗൺ ആറിന്റെ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ കാറാണ് യാത്രയ്ക്ക് താൽപര്യപ്പെട്ടത്. വിപണിയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായ കാറുകളിലൊന്നാണ് മാരുതി സുസുക്കിയുടെ വാഗൺ ആർ. വിപണിയിൽ അവതരിച്ചിട്ട് 20 വർഷം പിന്നിടുന്ന വാഗൺ ആർ എന്ന ടോൾബോയ് കാർ ഓരോ തവണയും നിരവധി പുതുമകളോടു കൂടിയാണ് മുഖംമിനുക്കി എത്താറുള്ളത്. എസ് യുവികളുടെ തലപൊക്കവും മികച്ച സീറ്റിങ് പൊസിഷനുമൊ ക്കെയുള്ള വാഗൺ ആർ നഗരത്തിലെ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം സിറ്റി റൈഡിന് ഏറ്റവും അനുയോജ്യമായ വാഹനങ്ങളിലൊന്നാണല്ലോ.

കൊച്ചിയിലെ ഇൻഡസ് മോട്ടോഴ്‌സിൽ നിന്നും യാത്രയ്ക്കുള്ള വാഹനം ഞങ്ങൾക്കായി തയാറായി നിൽക്കുകയായിരുന്നു. പൂൾസൈഡ് ബ്ലൂ നിറമുള്ള വാഗൺ ആർ കണ്ടപ്പോൾ തന്നെ നീല ഇഷ്ടനിറമായ മൂന്നു വയസ്സുകാരി ജാൻവി സന്തോഷം കൊണ്ട് തുള്ളിച്ചാടി. ”ചുന്ദരൻ കാർ. നമുക്കിത് വാങ്ങിയാലോ പപ്പാ,” ജാൻവി അച്ഛനോട് കൊഞ്ചി. ”ആദ്യം നമുക്കിതിൽ കടമക്കുടിക്കൊരു യാത്ര പോകാം. അതിനുശേഷം നിനക്ക് ഇഷ്ടമായാൽ നമുക്കിതങ്ങ് വാങ്ങാം,” ഷെയ്ബിയുടെ പ്രോത്സാഹനം. 1197 സിസിയുടെ 4 സിലിണ്ടർ ഇൻലൈൻ എഞ്ചിനാണ് വാഗൺ ആർ ഇസഡ് എക്‌സ് ഐ 1.2 പെട്രോൾ മാനുവൽ ട്രാൻസ്മിഷനിലുള്ളത്. 6000 ആർ പി എമ്മിൽ 82 ബി എച്ച് പിശേഷിയും 4200 ആർ പി എമ്മിൽ 113 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് ഇതിനുള്ളത്. ലിറ്ററിന് 20.52 കിലോമീറ്റർ എന്ന തകർപ്പൻ മൈലേജും വാഗ്ദാനം ചെയ്യുന്നുണ്ട് ഈ കാർ. പുതിയ ഹാർടെക് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച വാഗൺ ആറിന് പഴയ വാഗൺ ആറിനേക്കാൾ 56 മി.മീറ്റർ നീളവും 125 മി.മീറ്റർ വീതിയും 35.മി.മീറ്റർ വീൽബെയ്‌സിന് വർധനവും ഉണ്ടായിട്ടുള്ളതിനാൽ വലിപ്പം കൂടുതലാണ്. അതാകട്ടെ കൂടുതൽ കംഫർട്ടും നൽകുന്നു. എന്നാൽ മൊത്തം ഭാരമാകട്ടെ 835 കിലോഗ്രാമിലേക്ക് കുറയുകയും ചെയ്തു.

”കരുത്തന്റെ ഭാവവും ഇരുത്തംവന്ന യുവാവിന്റെ പെരുമാറ്റവുമുള്ള കാറാണ് പുതിയ വാഗൺ ആർ എന്ന് നിസ്സംശയം പറയാം. വളരെ അനായാസകരമാണ് ഇതിന്റെ ഗിയർഷിഫ്റ്റുകൾ. എത്രയെളുപ്പമാണ് നഗരപാതയിലൂടെ ഇത് നീങ്ങുന്നതെന്നു നോക്കൂ,” അശ്വതിയ്ക്ക് ഷെയ്ബി പുതിയ വാഗൺ ആർ പരിചയപ്പെടുത്തുകയാണ്. യാത്രാപ്രിയരാണ് പൊതുവേ അശ്വതിയും ഷെയ്ബിയും. ജന്മദിനങ്ങളും വിവാഹവാർഷികവും മറ്റ് വിശേഷദിനങ്ങളുമെല്ലാം പൊതുവേ റിസോർട്ടുകളിൽ ചെലവിടുന്നവരാണ് അവർ. ജാൻവിയെന്ന കൊച്ചുമിടുക്കി കൂടി കുടുംബത്തിന്റെ ഭാഗമായി മാറിയതോടെ ഈ യാത്രകൾക്ക് പുതുജീവൻ വച്ചിരിക്കുകയാണിപ്പോൾ. മൂന്നാറിലേയും വർക്കലയിലേയും വയനാട്ടിലേയും കൊച്ചിയിലേയുമൊക്കെ റിസോർട്ടുകളിലേക്ക് ഓരോരോ വിശേഷദിവസത്തിനും ഇവർ യാത്ര പോകുന്നു. ഷെയ്ബിയ്ക്ക് ഡ്രൈവിങ് ഹരമായതിനാൽ യാത്രയിൽ സ്റ്റീയറിങ് അശ്വതിക്ക് കൊടുക്കുക പോലുമില്ലെന്നത് വേറെ കാര്യം. ചേർത്തലക്കാരനായ ഷെയ്ബി ചമ്പക്കരക്കാരിയായ അശ്വതിയെ പ്രണയിച്ച് വിവാഹം ചെയ്തപ്പോൾ അശ്വതിയുടെ അച്ഛൻ സതീഷ് മരുമകന്റെ മനസ്സറിഞ്ഞ് നൽകിയതാണ് അവരുടെ മാരുതി കാർ പോലും.

കടമക്കുടിയിലേക്കുള്ള വഴിയെയാണ് ഇപ്പോൾ മാരുതി വാഗൺ ആറിന്റെ സഞ്ചാരം. കടമക്കുടിയെ കൊച്ചിയിലെ കുട്ടനാട് എന്നു വിശേഷിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു ഇപ്പോൾ പലരും. കായലും അതിവിശാലമായി കിടക്കുന്ന പാടശേഖരങ്ങളും ദേശാടനപ്പക്ഷികളുമൊക്കെയുള്ള കടമക്കുടി ദ്വീപിന്റെ വിനോദസഞ്ചാര സാധ്യതകൾ സർക്കാർ തിരിച്ചറിഞ്ഞു തുടങ്ങിയെന്നതിന്റെ സൂചനയാണ് കടമക്കുടിയിൽ കഴിഞ്ഞ വർഷം ഡിസംബർ 24 മുതൽ ഡിസംബർ 31 വരെ അരങ്ങേറിയ കെട്ടുകാഴ്ച എന്ന ടൂറിസം ഫെസ്റ്റ്. പഴയകാല ഗ്രാമീണ കൗതുകങ്ങളെല്ലാം തന്നെ ഒരു കുടക്കീഴിൽ ഒരുക്കിയ ആഘോഷമായിരുന്നു അത്. കാളവണ്ടി സവാരിയും കുതിരസവാരിയും സൈക്കിൾ റിക്ഷാ യാത്രയും മുള ചങ്ങാടത്തിലുള്ള സഞ്ചാരവും തോണിയാത്രയും പാടത്തുള്ള മീൻപിടുത്തവും വള്ളംകളിയുമൊക്കെയായി ശരിക്കുമൊരു ആഘോഷം തന്നെയായിരുന്നു അത്. ആദിവാസി ഊരുകളിൽ നിന്നുമെത്തിയവർ തയാറാക്കിയ ഏറുമാടങ്ങളും കുടിലുമൊക്കെ ഈ ഫെസ്റ്റിന് വല്ലാത്തൊരു മാസ്മരിക ചാരുതയാണ് നൽകിയത്. കടമക്കുടിയിലേക്ക് പ്രവേശിക്കുമ്പോൾ കടമക്കുടി കെട്ടുകാഴ്ചയുടെ ഭാഗമായി ഒരുക്കിയ ചെറിയ മുളങ്കുടിലുകൾ തന്നെയാണ് ഞങ്ങളുടെ ശ്രദ്ധയിൽ ആദ്യം വന്നത്. കുടിലുകൾ കണ്ടതോടെ ജാൻവിയ്ക്ക് അതിനകത്ത് കഴിയണമെന്നായി. വീടിനേക്കാൾ സുന്ദരമാണ് കുടിലുകൾ എന്ന് പിന്നെ ജാൻവിയുടെ ആത്മഗതം. മാരുതി വാഗൺ ആറിന്റെ പശ്ചാത്തലത്തിൽ ഷെയ്ബിയുടേ യും അശ്വതിയുടേയും ജാൻവിയുടേയും ചിത്രങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു അഖിൽ അപ്പു.

സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ മെച്ചപ്പെട്ട ശ്രദ്ധ പതിപ്പിക്കുന്ന കമ്പനിയാണ് മാരുതി സുസുക്കിയെന്നതിനാൽ വാഗൺ ആറിലും അത്യാവശ്യം വേണ്ട സുരക്ഷാഫീച്ചറുകളെല്ലാം തന്നെ കമ്പനി നൽകിയിട്ടുണ്ട്. ഡ്രൈവർക്കും കോഡ്രൈവർക്കും രണ്ട് എയർബാഗു കൾ നൽകിയിരിക്കുന്നതിനു പുറമേ, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇബിഡി എന്നിവയും സ്പീഡ് സെൻസിങ് ഡോർലോക്ക്, ചൈൽഡ് സേഫ്റ്റി ലോക്ക്, റിമോട്ട് സെൻട്രൽ ലോക്കിങ്, വാഹനം മോഷണം പോയാൽ എഞ്ചിൻ നിശ്ചലമാക്കാനുള്ള സംവിധാനം തുടങ്ങി നിരവധി ഫീച്ചറുകൾ ഉണ്ട്. കടമക്കുടിയിലെ പാടശേഖരങ്ങൾക്കിടയിലൂടെയുള്ള നിരത്തിൽ ചില സ്ഥലങ്ങളിലൊക്കെ കഴിഞ്ഞ വെള്ളപ്പൊക്കകാലത്ത് നിരത്ത് നശിച്ചു കിടക്കുകയാണെങ്കിലും വാഗൺ ആറിന്റെ മികച്ച സസ്‌പെൻഷൻ പാതയുടെ തടസ്സങ്ങൾ അകത്ത് അലോസരതയുണ്ടാക്കുന്നുണ്ടായില്ലെന്നതാണ് വാസ്തവം. മുന്നിൽ കോയിൽ സ്പ്രിങ്ങോടു കൂടിയ മക്‌ഫേഴ്‌സൺ സ്ട്രറ്റും പിന്നിൽ കോയിൽ സ്പ്രിങ്ങോടു കൂടിയ ടോർഷൻ ബീമുമാണ് വാഗൺ ആറിന്റെ സസ്‌പെൻഷൻ.

ചെറിയ യാത്രയാണെങ്കിലും ജാൻവി ചെറിയ കുട്ടിയായതിനാൽ ജാൻവിക്കു വേണ്ട വസ്ത്രങ്ങളും വെള്ളവും ഭക്ഷണവുമൊക്കെ അശ്വതി കരുതിയിരുന്നു. വാഗൺ ആറിൽ നല്ല സ്റ്റോറേജ് സ്‌പേസുള്ളതിനാൽ ബോട്ടിലുകളെല്ലാം ഡോർ പാഡിൽ തന്നെ വയ്ക്കാ നാകും. പിന്നിൽ 341 ലിറ്റർ ബൂട്ട് സ്‌പേസ് വേറെയുമുണ്ട്. അഖിലിന്റെ ക്യാമറയും അനുബന്ധ സമാഗ്രികളുമൊക്കെ അവിടെ സുഖമായി വിശ്രമിക്കുന്നുണ്ട്. 32 ലിറ്ററാണ് വാഗൺ ആറിന്റെ ഇന്ധന ടാങ്ക് ശേഷി. 1675 എം എം ഉയരമുള്ള വാഹനമാണ് വാഗൺ ആർ എന്നതിനാൽ സാമാന്യം നല്ല ഉയരമുള്ള ഷെയ്ബിക്കും അശ്വതിക്കും കാറിനുള്ളിൽ പ്രവേശിക്കാനും ഇറങ്ങാനും വളരെ എളുപ്പവുമാണ്.


കാറിനുള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ കാറിന്റെ ടച്ച് സ്‌ക്രീൻ പരിശോധനയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ജാൻവി. പാട്ട് കേൾക്കണമെന്ന ആവശ്യം വരാൻ പിന്നെ താമസിച്ചില്ല. വീട്ടിലുള്ളപ്പോൾ അശ്വതിയും ജാൻവിയും സർവസമയവും പാട്ടും ഡാൻസുമൊക്കെയാണ്. കലാഭവനിൽ നിന്നും ക്ലാസിക്കൽ നൃത്തവും പാശ്ചാത്യനൃത്തവുമൊക്കെ പഠിച്ചിട്ടുണ്ട് അശ്വതി. ഗവൺമെന്റ് ആർട്‌സ് കോളെജിൽ ഒന്നാം വർഷ ഇംഗ്ലീഷ് സാഹിത്യ ബിരുദാനന്തര ബിരുദത്തിനു പഠിക്കുമ്പോഴായിരുന്നു അശ്വതിയുടെ വിവാഹം. വിവാഹശേഷം പിന്നെ എം എ ഉപേക്ഷിക്കുകയും ചെയ്തു. എം എ എന്നാൽ ‘മാര്യേജ് അലൈൻസ്’ കോഴ്‌സ് ആണെന്ന തമാശ ജീവിതത്തിൽ പ്രാവർത്തികമാക്കിക്കളഞ്ഞു അശ്വതിയെന്നു സാരം. അശ്വതി ഇപ്പോൾ ഒരു ഹോംലി മീൽസ് ഷോപ്പ് ആരംഭിക്കാനുള്ള പുറപ്പാടിലാണ്. 7 ഇഞ്ച് ടച്ച് സ്‌ക്രീൻ സ്മാർട്ട് പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്‌മെന്റ് സിസ്റ്റത്തിലാണ് ഷെയ്ബിയുടെ കണ്ണ്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെല്ലാം ഈ സിസ്റ്റത്തിലുണ്ട്. അതുപോലെ തന്നെ മൊബൈൽഫോൺ പെയർ ചെയ്താൽ മ്യൂസിക്, ന്യൂസ്, കാലാവസ്ഥാ റിപ്പോർട്ട് എന്നിവയൊക്കെ സ്‌ക്രീനിൽ കാണുകയും ആകാം. പിന്നിൽ പാർക്കിങ് സെൻസറുകൾ നൽകിയിരിക്കുന്നതിനാൽ എളുപ്പത്തിൽ ഏതു ചെറിയ സ്ഥലത്തും പാർക്ക് ചെയ്യാനുമാകും. സ്റ്റീയറിങ് വീലിൽ കൺട്രോളുകൾ നൽകിയിരിക്കുന്നതിനാൽ ടച്ച് സ്‌ക്രീൻ ഉപയോഗിക്കാതെ തന്നെ പല സംവിധാനങ്ങളുടേയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യാം. വാഗൺ ആറിന്റെ സ്പീക്കറുകൾ യാത്രയിലുടനീളം സുവ്യക്തമായി സംഗീതം പൊഴിക്കുകയായിരുന്നുവെന്നത് വേറെ കാര്യം.

 

കടമക്കുടിയിൽ രാവിലേയും വൈകുന്നേരവും ദേശാടനപ്പക്ഷികൾ താവളമാക്കിയിരിക്കുന്ന സമയമാണിത്. മത്സ്യക്കൃഷിയും പാടങ്ങളിൽ തകൃതിയായി നടക്കുന്നതിനാൽ അവയെ പിടികൂടി ഭക്ഷിക്കുന്നതിനാണ് പ്രധാനമായും ദേശാടനപ്പക്ഷികൾ എത്തുന്നത്. പൊക്കാളി നെൽക്കൃഷിയും ചെമ്മീൻ കൃഷിയുമൊക്കെയാണ് കടമക്കുടിക്കാരുടെ പ്രധാന കൃഷികൾ. കടമക്കുടിയിലെ കായലും ഭൂമിയുമൊക്കെ ഒരുമിച്ചു കിടക്കുന്ന പ്രദേശങ്ങളിലൂടെയുള്ള യാത്രകളിലുടനീളം വാഗൺ ആറിലിരുന്ന് കൊറ്റികളുകളുടേയും മറ്റ് പക്ഷികളുടേയുമൊക്കെ എണ്ണമെടുക്കുകയായിരുന്നു ജാൻവി. പക്ഷേ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഇന്ത്യയിൽ വിറ്റഴിഞ്ഞ വാഗൺ ആറുകളുടെ കണക്കുകേട്ടപ്പോൾ ആ കണക്കിനേക്കാൾ വലിയ അത്ഭുതമാണ് ഷെയ്ബിയുടെ കണ്ണുകളിൽ നിറഞ്ഞത്. 20 വർഷത്തിനുള്ളിൽ 28 ലക്ഷം വാഗൺ ആറുകൾ എന്ന മഹാത്ഭുതം! പ്ലേ സ്‌കൂളിൽ പോകുന്ന ജാൻവിക്ക് അത്രയും വലിയ കണക്ക് ഉൾക്കൊള്ളാനുള്ള പ്രായമാകാത്തതിനാൽ മാത്രമാണ് അതുകേട്ട് ജാൻവിയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടരാതിരുന്നത്. പക്ഷേ വാഗൺ ആറിലുള്ള യാത്ര തിരിച്ച് കൊച്ചിയിലെത്തിയപ്പോൽ അതിൽ നിന്നിറങ്ങാൻ ജാൻവിയ്ക്ക് തെല്ലും താൽപര്യമുണ്ടായിരുന്നില്ല. ”പപ്പാ, നമുക്കൊരു വാഗൺ ആർ വാങ്ങിയാലോ?,” കിന്നരിപ്പല്ലുകൾ കാട്ടി, കുസൃതിച്ചിരിയോടെ ജാൻവിയുടെ ചോദ്യം. ഇതിനേക്കാൾ വലിയ സർട്ടിഫിക്കറ്റ് സ്വപ്‌നങ്ങളിൽ മാത്രം!$

Copyright: Smartdrive- Feb 2020

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>