Backwater Ripples: Travel to Kuttanad in a Tata Nexon KRAZ+
October 13, 2018
Exploring new Porsche Cayenne!
October 19, 2018

Green Earth: Yathra to Palakkad in a Hyundai elite i20 CVT

പുതിയ ഹ്യുണ്ടായ് എലീറ്റ് ഐ 20 സിവിടി പെട്രോളിൽ പാലക്കാട്ടേയ്ക്ക് നടത്തിയ യാത്ര വാഹനത്തിന്റെ അസാധാരണമായ കഴിവുകൾ പലതും വെളിപ്പെടുത്തി. നഗരത്തിലും ദുർഘട പാതകളിലും ഹൈവേകളിലും മികവു തെളിയിച്ച വാഹനം അത്ഭുതപ്പെടുത്തുന്ന മൈലേജും കാഴ്ച വച്ചു.

എഴുത്ത്: ജെ ബിന്ദുരാജ്, ചിത്രങ്ങൾ: അഖിൽ പി അപ്പുക്കുട്ടൻ

പ്രളയത്തെ തുടർന്ന് പാലക്കാട്ടെ കുതിരാൻ മലയിൽ കനത്ത മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അതേ തുടർന്നാണ് ദേശീയപാത അതോറിട്ടി കുതിരാൻ കുന്നു തുരന്ന് നിർമ്മിച്ച ഒരു തുരങ്കം പ്രളയ ദുരിതാശ്വാസ സാമഗ്രികളുമായി പോകുന്ന വാഹനങ്ങൾക്കായി തുറന്നുകൊടുത്തത്. കുതിരാൻ മലചുറ്റി നാലു കിലോമീറ്ററോളം പാലക്കാട്ടു നിന്നും കൊച്ചിയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അതോടെ ദൂരം മൂന്നു കിലോമീറ്ററോളം കുറഞ്ഞു. പക്ഷേ കുതിരാൻ മല തുരന്ന് നിർമ്മിച്ച രണ്ട് തുരങ്കങ്ങളും ഇനിയും പൂർണമായും സജ്ജമായിട്ടില്ല. മാത്രവുമല്ല, കനത്ത മഴയിൽ തുരങ്കത്തിനു മേലെ നിന്നും മണ്ണിടിഞ്ഞു വീണതോടെ വീണ്ടും ഗതാഗതം കുതിരാൻ മല കയറിത്തന്നെയായി. കൊച്ചിയിൽ നി്ന്നും പാലക്കാട്ടേയ്ക്ക് ഹ്യുണ്ടായ് എലീറ്റ് ഐ 20 സിവിടിയിൽ യാത്ര പോകാനൊരുങ്ങിയപ്പോൾ ഇത്തവണ കുതിരാൻ തുരങ്കത്തിലൂടെ പോകാമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതെങ്കിലും മണ്ണി്ടിഞ്ഞതോടെ ആ പ്രതീക്ഷകൾ അസ്ഥാനത്തായി. കുതിരാൻ കയറ്റത്തിലും ഇറക്കത്തിലുമെല്ലാം കടുത്ത ഗതാഗതക്കുരുക്ക് പ്രതീക്ഷിച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ സഞ്ചാരമെങ്കിലും എലീറ്റ് ഐ 20 സിവിടി ഞങ്ങളുടെ ഡ്രൈവ് അനായാസകരമാക്കി മാറ്റി. കുതിരാനിലെ കയറ്റങ്ങൾ ഹ്യുണ്ടായ് എലീറ്റ് ഐ 20 സിവിടി താണ്ടിയത് അതിവേഗമാണ്. വാഹനവ്യൂഹങ്ങളെ മറികടന്ന് അതിവേഗം ചുരമിറങ്ങിയപ്പോൾ ഒരു വിജയിയുടെ ഭാവം ഐ 20 സിവിടിക്കുണ്ടായിരുന്നു. പാലക്കാട്ടെ കാഴ്ചകളിലേക്കുള്ള സ്മാർട്ട് ഡ്രൈവിന്റെ സഞ്ചാരം അതിവേഗമാക്കാൻ സഹായിച്ചതിന് എലീറ്റ് ഐ 20 സിവിടിക്ക് ഞങ്ങൾക്ക് നന്ദി പറയാതിരിക്കാനാവില്ല.

മണലിപ്പുഴയോരത്ത് ഹ്യുണ്ടായ് എലീറ്റ് ഐ 20 സിവിടി

എലീറ്റ് ഐ 20 ഇന്നോ ഇന്നലെയോ ഒരു താരമായതല്ല. 2014ന്റെ അവസാനം ഇന്ത്യൻ നിരത്തുകളിൽ എത്തിയതു മുതൽ തന്നെ ഹ്യുണ്ടായ് എലീറ്റ് ഐ 20 ജനപ്രിയമായി മാറിയതാണ്. ഓരോ മാസവും പതിനായിരത്തിലധികം യൂണിറ്റുകളാണ് ഈ എലീറ്റ് 20യുടേത് വിറ്റുപോകുന്നത്. ജനപ്രിയ വാഹനമായതിനാൽ ഹ്യുണ്ടായ് ഇടയ്ക്കിടെ കാറിന്റെ പരിഷ്‌കരിച്ച പതിപ്പുകളും ഇറക്കിക്കൊണ്ടിരുന്നു. ഐ 20 ഓട്ടോമാറ്റിക്കിനെ തുടർന്നാണ് കഴിഞ്ഞ ജൂണിൽ ഐ 20 സിവിടി മോഡൽ പുറത്തിറങ്ങിയത്. പഴയ ഐ 20 ഓട്ടോമാറ്റിക്കിനേക്കാൾ വിലക്കുറവിലും കൂടുതൽ ഫീച്ചറുകളോടും കൂടിയാണ് ഐ 20 എലീറ്റ് സിവിടി പുറത്തിറങ്ങിയതെന്നത് ആ വാഹനം കൂടുതൽ ജനപ്രിയമാകാൻ ഇടയാകുകയും ചെയ്തു. അകം മോടിയുടെ കാര്യത്തിലും പുറംമോടിയുടെ കാര്യത്തിലും ഐ 20 സിവിടി ആകർഷകമാണെന്ന് ഞങ്ങൾക്ക് യാത്ര പുറപ്പെടും മുമ്പു തന്നെ ബോധ്യപ്പെട്ടിരുന്നതാണ്.

വൈറ്റിലയിലെ പോപ്പുലർ ഹ്യുണ്ടായ് ഷോറൂമിൽ നിന്നും പോളാർ വൈറ്റ് നിറമുള്ള, എലീറ്റ് ഐ 20 സിവിടിയുടെ ആസ്റ്റ വേരിയന്റ് ഞങ്ങളെ കാത്ത് സ്മാർട്ട് ഡ്രൈവ് ഓഫീസിനു മുന്നിൽ വിശ്രമിക്കുന്നുണ്ടായിരുന്നു. 6000 ആർ പി എമ്മിൽ 82 ബി എച്ച് പി ശേഷിയും 4000 ആർ പി എമ്മിൽ 115 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്ന 1.2 ലിറ്റർ കപ്പ ഡ്യുവൽ വിടിവിടി പെട്രോൾ എഞ്ചിനിലാണ് ഹ്യുണ്ടായ് സിവിടി ഗിയർ ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ഹ്യുണ്ടായ്‌യുടെ ഓട്ടോമാറ്റിക് കാർ 1.4 ലിറ്റർ പെട്രോൾ എഞ്ചിനും 4 സ്പീഡ് ടോർക്ക് കൺവെർട്ടറുമാണ് ചലിപ്പിച്ചിരുന്നതെങ്കിൽ പുതിയ കാറിനെ ചലിപ്പിക്കുന്നത് 6 സ്പീഡ് സിവിടി എഞ്ചിനാണ്. സിറ്റി ഡ്രൈവിനും ദീർധൂര യാത്രകൾക്കുമെല്ലാം ഈ വാഹനം എത്രത്തോളം സഹായകരമാണെന്ന് കൊച്ചിയിൽ നിന്നും പാലക്കാട്ടേയ്ക്കുള്ള യാത്രയിൽ തന്നെ ഞങ്ങൾ തിരിച്ചറിഞ്ഞു. ഇതെല്ലാം പോരാഞ്ഞിട്ട്, മലമ്പുഴയിലെ കാടുകളിലെ ദുർഘട പാതകളിൽ പോലും കയറിയിറങ്ങാനുള്ള ഹ്യുണ്ടായ് ഐ 20 സിവിടിയുടെ കഴിവുകളും ഞങ്ങൾ ബോധ്യപ്പെട്ടു. 170 എം എം ഗ്രൗണ്ട് ക്ലിയറൻസുള്ള വാഹനത്തിന് ഓഫ് റോഡിങ്ങും വഴങ്ങുമെന്നുറപ്പ്.

കൊച്ചിയിൽ നിന്നും യാത്ര പുറപ്പെട്ടപ്പോൾ തന്നെ ഞങ്ങളുടെ മനസ്സു പിടിച്ചടക്കിയത് ഹ്യുണ്ടായ് എലീറ്റ് ഐ 20 സിവിടിയുടെ ഇന്റീരിയറും അതിലെ ഫീച്ചേഴ്‌സുമായിരുന്നു. വിലയ്‌ക്കൊത്ത മൂല്യം നൽകുന്നതാണ് ഐ 20 സിവിടിയുടെ കാബിൻ. ഡാർക്ക് ബീജും ബ്ലാക്കും നിറങ്ങളുള്ള ഡ്യുവൽ ടോൺ ഡാഷ്‌ബോർഡാണ് വാഹനത്തിന്റേത്. സെന്റർ കൺസോളിൽ സിൽവർ ട്രിം ഹൈലൈറ്റുകൾ നൽകിയിരിക്കുന്നു. ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌മെന്റ് സിസ്റ്റത്തിൽ നാവിഗേഷനും റേഡിയോയും ബ്ലൂടൂത്തുമടക്കമുള്ള എല്ലാ ആധുനിക സംവിധാനങ്ങളും നൽകിയിട്ടുണ്ട്. സ്പീക്കറുകളുടെ ശബ്ദം വശീകരിക്കുംവിധം സ്ഫുടമാണ്. സുരക്ഷിതത്വത്തിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട് ഐ 20 സിവിടി. രണ്ട് എയർ ബാഗുകൾ, എ ബി എസ്, സെൻട്രൽ ലോക്കിങ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റിയർ വൈപ്പർ, ഹെഡ്‌ലാമ്പ് ബീം അഡ്ജസ്റ്റർ, മിററുകളിലെ ഇൻഡിക്കേറ്ററുകൾ എന്നിവയ്ക്കു പുറമേ ആയാസരഹിതമായ പാർക്കിങ്ങിന് റിയർ പാർക്കിങ് സെൻസറും റിയർ പാർക്കിങ് ക്യാമറയും നൽകിയിട്ടുണ്ട്. വനപ്രദേശങ്ങളിലൂടെയുള്ള ചെറിയ പാതകളിൽ റിയർ പാർക്കിങ് ക്യാമറ ഞങ്ങൾക്ക് എത്രയോവട്ടം ഏറെ പ്രയോജനപ്പെട്ടുവെന്ന് പറയാതെ വയ്യ.

Hyundai Elite i20 CVT in Malampuzha Rock garden

നഗരത്തിലൂടെ അടക്കത്തോടെയും ഒതുക്കത്തോടെയും നീങ്ങിയ ഐ 20 സിവിടി കൊച്ചി കോയമ്പത്തൂർ ഹൈവേയിലൂടെ ഒരു പടക്കുതിരയെപ്പോലെയാണ് കുതിച്ചുപാഞ്ഞത്. കുതിരാൻ തുരങ്കം കയറിയിറങ്ങിക്കഴിഞ്ഞപ്പോഴാണ് എന്തുകൊണ്ട് തുരങ്കത്തിലേക്ക് നയിക്കുന്ന പാതയ്ക്ക് താഴെയുള്ള നാട്ടുവഴിയിലൂടെ ഒരു യാത്ര ആയിക്കൂടാ എന്നു ഞങ്ങൾക്കു തോന്നിയത്. അതിനിടയാക്കിയതാകട്ടെ, പുതുതായി നിർമ്മിച്ച പാലത്തിൽ നിന്നും ഹ്യണ്ടായ് എലീറ്റ് 20യെ പകർത്താൻ പാലത്തിന്റെ ഭിത്തിയിൽ കയറി നിന്നതും. കുതിരാൻ ടണലിന്റെ പശ്ചാത്തലത്തിൽ എലീറ്റ് ഐ 20 സിവിടിയെ പ്രതിഷ്ഠിച്ച ചിത്രമെടുക്കവേയാണ് അതിനു താഴെയുള്ള മണലിപ്പുഴ കണ്ണിൽപ്പെട്ടത്. സ്വച്ഛസുന്ദരമായ പ്രഭാതത്തിൽ അതിസുന്ദരമായ പുഴയ്ക്കരികിലേക്ക് നീങ്ങുന്നതിൽപരം ആനന്ദം മറ്റെന്തുണ്ട്? ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് കൊടൈക്കനാലിന്റെ സൗന്ദര്യമുള്ള ഒരു പ്രദേശമാണ് അവിടെ ഞങ്ങളെ എതിരേറ്റത്. വന്യമൃഗസങ്കേതത്തിൽ നിന്നും ഇടയ്ക്കിടെ നാട്ടിലേക്ക് ആന ഇറങ്ങാറുള്ളതിനാൽ വൈദ്യുതി ഫെൻസിങ് ഘടിപ്പിച്ചിരുന്നു അവിടെയെല്ലാം തന്നെ. ഒരൊറ്റ വാഹനത്തിനു മാത്രം കടന്നുപോകാൻ പറ്റുന്ന ചെറുപാത. മണലിപ്പുഴയുടെ തുടക്കം അവിടെ നിന്നാണ്.

കിളികളുടെ കളകളാരവം. നദിയുടെ പാദസ്വരം. ഇതിനേക്കാൾ സുന്ദരമായ മറ്റേത് കാഴ്ചയിലേക്കാണ് ഹ്യുണ്ടായ് ഐ 20 സിവിടിയെ ഞങ്ങൾക്ക് എത്തിക്കാനാകുക? പച്ചപ്പുല്ലു പുതച്ചു കിടക്കുന്ന നദീതടത്തിലേക്ക് ഹ്യുണ്ടായ് ഐ 20 സിവിടി മെയ് വഴക്കമുള്ള ഒരു നർത്തകിയെപ്പോലെ ടയറുകൾ ഒന്നൊന്നായി വച്ചിറങ്ങി. പ്രഭാതത്തിന്റെ കുളിർമ്മ മുഴുവനും ആവാഹിച്ച ആ ദൃശ്യത്തിൽ ഒരു നവോഢയെപ്പോലെ തോന്നിച്ചു വെളുത്ത പെയിന്റടിച്ച എലീറ്റ് ഐ 20 സിവിടി. ഒരു കാൻവാസിലെന്നപോലുള്ള ചിത്രം. ഞങ്ങൾ ആ സൗന്ദര്യധാമത്തെ നോക്കിനിൽക്കുമ്പോഴാണ് പശുക്കളേയും മേയ്ച്ചുകൊണ്ട് പ്രദേശവാസിയായ ബേബി അവിടേയ്‌ക്കെത്തിയത്. ഞങ്ങൾ നോക്കുമ്പോൾ പശുക്കൾ ഓരോന്നായി പുഴയിലേക്ക് ഇറങ്ങുകയാണ്. ആഫ്രിക്കയിലെ മസായ് മാര പ്രദേശത്തെ മൃഗങ്ങളുടെ പലായനം പോലൊരു ദൃശ്യം. പശുക്കൾ കുളിക്കാനായി എത്തിയതാണ്. ബേബി അവയെ സ്‌നേഹത്തോടെ ലാളിച്ചുകൊണ്ട് ഓരോന്നിനേയും പുഴയിൽ കുളിപ്പിക്കുകയാണ്. അവ ബേബിയുടെ ലാളന ആസ്വദിച്ചുകൊണ്ട് അങ്ങനെ നിലകൊള്ളുന്നു.

Hyundai Elite i20 CVT Petrol near Malampuzha Garden

മനസ്സിൽ നിന്നും മായാത്ത കാർഷിക ജീവിതത്തിന്റെ ആ മനോഹര കാഴ്ചയിൽ ഹ്യുണ്ടായ് ഐ 20 സിവിടിയെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിലായിരുന്നു ഫോട്ടോഗ്രാഫറായ അഖിൽ. ചുറുചുറുക്കുള്ള ആ യുവ ഫോട്ടോഗ്രാഫർ ആ ദൃശ്യങ്ങൾ മിഴിവോടെ പകർത്തി. അവിടെ നിന്നും മലമ്പുഴയായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. ദേശീയപാതയിലൂടെ ഹ്യുണ്ടായ് ഐ 20 സിവിടി പ്രഭാതദൃശ്യത്തിന്റെ ആവേശത്തിൽ കുതിച്ചുപാഞ്ഞു. പാലക്കാട്ടെ ടിപ്പുവിന്റെ കോട്ട പ്രദേശത്തേക്കായിരുന്നു ഐ 20 സിവിടിയുടെ അടുത്ത സഞ്ചാരം. 1757ൽ സാമൂതിരി പാലക്കാട് ആക്രമിച്ച് കീഴ്‌പ്പെടുത്തിയതിനെ തുടർന്ന് സാമൂതിരിയുടെ മേൽക്കൊയ്മയിൽ നിന്നും രക്ഷ നേടാൻ പാലക്കാട് രാജാവ് കോമി അച്ചൻ മൈസൂരിലെ ഹൈദരലിയുടെ സഹായം തേടിയെന്നും ഹൈദരലി സാമൂതിരിയെ യുദ്ധത്തിൽ തോൽപ്പിച്ച് പാലക്കാട് തന്റെ കീഴിലാക്കിയെന്നുമാണ് ചരിത്രം. പിന്നീട് ഹൈദരലിയുടെ പുത്രനായ ടിപ്പു സുൽത്താനായി പാലക്കാടിന്റെ ഭരണാധികാരി. ചരിത്ര പ്രസിദ്ധമായ പാലക്കാട് കോട്ട 1766ൽ ഹൈദരാലി നിർമ്മിച്ചതാണെങ്കിൽ ടിപ്പുവിന്റെ കോട്ടയെന്നാണ് അതറിയപ്പെടുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും നല്ലരീതിയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു കോട്ടയാണത്. പിൽക്കാലത്ത് ഈ കോട്ടയും പാലക്കാടുമെല്ലാം ടിപ്പു യുദ്ധത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുമായുള്ള ഉടമ്പടി പ്രകാരം ബ്രിട്ടീഷുകാർക്ക് കൈമാറുകയായിരുന്നു. പാലക്കാട് കോട്ടയ്ക്കുള്ളിലേക്ക് ഐ 20 സിവിടി പ്രവേശിച്ചു. ഗാന്ധിജയന്തി ദിനമായിരുന്നതിനാൽ നല്ല തിരക്കുണ്ടായിരുന്നു കോട്ടയ്ക്കു പുറത്തെ പാർക്കിങ് ഗ്രൗണ്ടിൽ. ഐ 20 തന്റെ പാർക്കിങ് കഴിവുകൾ ഞങ്ങളെ ശരിക്കും ബോധ്യപ്പെടുത്തി. റിയർ പാർക്കിങ് സെൻസറും റിയർ പാർക്കിങ് ക്യാമറയും വീണ്ടും കാര്യങ്ങൾ എളുപ്പമാക്കി. ഈ കോട്ടയ്ക്കും പാലക്കാട് ടൗൺ ഹാളിനുമിടയിലുള്ള മൈതാനമാണ് കോട്ട മൈതാനമെന്ന് അറിയപ്പെടുന്നത്. ഒരുകാലത്ത് ടിപ്പുവിന്റെ ആനകൾക്കും കുതിരകൾക്കുമുള്ള ലായം നിലനിന്നിരുന്നത് ഈ മൈതാനത്താണ്. ഇന്ന് ഒരു കളിസ്ഥലമായി അത് മാറ്റപ്പെട്ടിരിക്കുന്നു.

കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് ഇന്ന് പാലക്കാട്. 2006 വരെ ഇടുക്കി ജില്ലയ്ക്കായിരുന്നു ഈ സ്ഥാനമെങ്കിലും കുട്ടമ്പുഴ പഞ്ചായത്ത് ഇടുക്കിയിൽ നിന്നും എറണാകുളത്തോട് കൂട്ടിച്ചേർത്തതോടെ ഇടുക്കിക്ക് ഏറ്റവും വലിയ ജില്ലയെന്ന പദവി നഷ്ടമായി. മലമ്പുഴയിലേക്കുള്ള യാത്രയിലാണിപ്പോൾ ഐ 20 സിവിടി. കാനായി കുഞ്ഞിരാമൻ മലമ്പുഴ ഉദ്യാനത്തിൽ നിർമ്മിച്ച യക്ഷി എന്ന വലിയ സിമന്റ് ശിൽപമാണ് മലമ്പുഴയിലെ ഏറ്റവും ആകർഷണീയമായ ഒരു കലാസൃഷ്ടി. കേരളീയ യാഥാസ്ഥിതികത്വത്തിനും സദാചാരവാദികൾക്കും നേരെ കൊഞ്ഞം കുത്തിക്കൊണ്ട് പൂർണനഗ്‌നയായി ഇരിക്കുന്ന രൂപത്തിലാണ് ഈ യക്ഷി ശിൽപം. ഇപ്പോൾ ഫാന്റസി പാർക്കും റോപ് വേയും സ്‌നേക്ക് പാർക്കും റോക്ക് ഗാർഡനുമൊക്കെ വന്നുവെങ്കിലും മലമ്പുഴയെ ആകർഷകമാക്കുന്ന ഏറ്റവും പ്രധാന ദൃശ്യങ്ങൾ കാനായിയുടെ ശിൽപം കഴിഞ്ഞാൽ അണക്കെട്ടും ജലവിതാനവും പ്രകൃതിസുന്ദരമായ ദൃശ്യങ്ങളുമൊക്കെ തന്നെയാണ്.

കൽപ്പാത്തിപ്പുഴയുടെ കൈവഴിയായ മലമ്പുഴയ്ക്ക് കുറുകെ ജലസേചനം ലക്ഷ്യമിട്ട് നിർമ്മിച്ചിരിക്കുന്നതാണ് മലമ്പുഴ അണക്കെട്ട്. പാലക്കാട് മദ്രാസ് പ്രസിഡൻസിയുടെ കീഴിലായിരുന്നതിനാൽ 1955ൽ ഈ അണക്കെട്ട് ഉൽഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രിയായ കെ കാമരാജ് ആയിരുന്നു. മലമ്പുഴ ഡാമിന്റേയും റോപ്‌വേയുടേയും പശ്ചാത്തലത്തിൽ ഐ 20 സിവിടി ചില ചിത്രങ്ങൾക്ക് പോസ്സ് ചെയ്തു. ഒരുപാട് മലയാള സിനിമകൾ ചിത്രീകരിച്ച സ്ഥലമാണ് മലമ്പുഴ ഉദ്യാനവും അതിനു തൊട്ടുചേർന്നുള്ള പ്രകൃതിസുന്ദരമായ ഇടങ്ങളും. നവോദയ അപ്പച്ചൻ കിഷ്‌കിന്ധ എന്ന പാർക്ക് സ്ഥാപിക്കുന്നതിനായി ആദ്യം സ്ഥലം തേടിയതും മലമ്പുഴയിൽ ആയിരുന്നു. പക്ഷേ ആ പദ്ധതി പിന്നീട് ചെന്നൈയിലെ താംബരത്തേക്ക് മാറ്റപ്പെടുകയായിരുന്നു. നവോദയ അപ്പച്ചൻ നിർമ്മിച്ച കടത്തനാടൻ അമ്പാടിയിൽ മോഹൻ ലാലിന്റെ കഥാപാത്രമായ അമ്പാടി ഒരു ഗുഹയ്ക്കുള്ളിലെ ശക്തമായ നീരൊഴുക്കിൽ നിന്നും രക്ഷപ്പെടുന്ന ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചത് ഇവിടെ വച്ചായിരുന്നു. പക്ഷേ ഈ നീരൊഴുക്കിൽ സിനിമയുടെ തിരക്കഥയുടെ ഒറിജിനൽ കോപ്പി വച്ചിരുന്ന മേശ ഒഴുകിപ്പോയതും പിന്നീട് താരങ്ങളുടെ ചുണ്ടനക്കം നോക്കി ഡയലോഗ് വീണ്ടുമെഴുതിയതും സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടും മുമ്പ് പ്രേം നസീർ മരണപ്പെട്ടതും ഷമ്മി തിലകൻ അദ്ദേഹത്തിനാ യി ഡബ്ബ് ചെയ്തതുമൊക്കെ മലയാള സിനിമാ ചരിത്രം.

എലീറ്റ് ഐ 20 സിവിടി പ്രകൃതിയിലേക്കുള്ള യാത്രയിലാണിപ്പോൾ. ഫ്യുവൽ എഫിഷൻസി ഇൻഡിക്കേറ്ററും സീറ്റ് ബെൽട്ട് വാണിങ്ങും ലോ ഫ്യുവൽ വാണിങ്ങുമൊക്കെയുണ്ട്. കടുത്ത ചൂടുള്ള പ്രദേശമാണ് പാലക്കാടെങ്കിലും ഐ 20യുടെ വിഖ്യാതമായ എയർ കണ്ടീഷനിങ് സംവിധാനം കാറിനുള്ളിലെ തണുപ്പ് ഞങ്ങളെ സുഖശീതളിമയിലാണ് ഇരുത്തിയത്. യാത്രയ്ക്കു വേണ്ട സാമഗ്രികളെല്ലാം തന്നെ 285 ലിറ്റർ ബൂട്ട് സ്‌പേസുള്ള വാഹനത്തിൽ കയറ്റിയിട്ടും ധാരാളം സ്‌പേസ് ബാക്കിയുണ്ടായിരുന്നു. പിന്നിലെ സീറ്റുകൾ മടക്കിയിട്ടാൽ ഇത് 1042 ലിറ്ററായി കൂട്ടുകയുമാകാം. മോശപ്പെട്ട നിരത്തുകളിൽ പോലും വാഹനത്തിന്റെ ശബ്ദം അകത്തേക്ക് കാര്യമായി പ്രവേശിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ഞങ്ങൾ റിസോർവോയറിന്റെ ഭാഗത്തേക്ക് എത്തി. പ്രളയസമയത്ത് ഇവിടെയല്ലാം നിറഞ്ഞു കവിഞ്ഞിരുന്നതാണ്. ഇപ്പോഴും ജലവിതാനം റിസോർവോയറിൽ ഉയർന്നു തന്നെയാണ് നിലകൊള്ളുന്നത്. കവയിലെ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്തു കൂടിയായിരുന്നു പിന്നീടുള്ള യാത്രകൾ. പാറക്കെട്ടുകളിലെ ചെറുവഴികളിലൂടെ പോലും ഐ 20 സിവിടി അനായാസകരമായി പോകുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി.\\

In front of Kuthiran Tunnel

പാലക്കാട്ടു നിന്നുമുള്ള മടക്കയാത്രയിൽ മഴ വന്നപ്പോൾ ഫോഗ് ലാമ്പുകളും റിയർ വൈപ്പറുമെല്ലാം ചലിച്ചുകൊണ്ടിരുന്നു. സുരക്ഷിതത്വത്തിനായുള്ള എല്ലാമുള്ള, അത്യാധുനിക സംവിധാനങ്ങളുള്ള, ഡ്രൈവിങ് അനായാസകരമാക്കുന്ന സി വിടി ഓട്ടോഗിയർ ഷിഫ്റ്റുള്ള ഒരു വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഏതു യാത്രയും നമുക്ക് കൂടുതൽ ആസ്വാദ്യകരമാകും. പാലക്കാട്ടേയ്ക്കുള്ള യാത്ര കൂടുതൽ കൗതുകങ്ങളുടെ കാഴ്ചകൾ ഒരുക്കിയെങ്കിൽ തീർച്ചയായും അതിന് നന്ദി പറയേണ്ടത് എലീറ്റ് ഐ 20 സിവിടിയ്ക്കാണ്. നഗര യാത്രയ്ക്കും ദീർഘദൂര യാത്രയ്ക്കും ഒരുപോലെയാണ് ഈ കാർ എന്നു പറയാൻ അതുകൊണ്ടു തന്നെ ഞങ്ങൾക്കൊരു മടിയുമില്ല$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>