Advertorial: ചിതലിനെ അകറ്റൂ, വീടിനെ നോവിക്കാതെ!
November 8, 2019
November 15, 2019

Get ready for Himalayan Adventure with 4X4 India!

Shibu Varghese with his Isuzu V Cross D max

നാർക്കണ്ട മുതൽ സ്പിറ്റി വാലി വരെ ഹിമാലയത്തിലെ മഞ്ഞുമൂടിയ നിരത്തുകളിലൂടെ പത്തു ദിവസം നീളുന്ന ഒരു ഓഫ്‌റോഡിങ് ട്രിപ്പ്. സ്‌നോ ലെപ്പേർഡിനെ കാണാനും റിപ്പബ്ലിക് ദിനം ആഘോഷിക്കാനും യാത്രയിൽ അവസരം. മലയാളിയായ ഷിബു വർഗീസ് നേതൃത്വം നൽകുന്ന 4X4 ഇന്ത്യ എന്ന ഓഫ്‌റോഡിങ് കമ്യൂണിറ്റി ഹിമാലയത്തെ സാഹസികരായ വാഹനസഞ്ചാരികൾക്ക് പ്രാപ്തമാക്കിയിരിക്കുന്നു.

എഴുത്ത്: ജെ ബിന്ദുരാജ്

വയനാട്ടിലെ ദുർഘടമായ മലമ്പ്രദേശങ്ങളിലൂടെ എൺപതുകളുടെ തുടക്കത്തിൽ തന്റെ ഒമ്പതാം വയസ്സിൽ ജീപ്പോടിച്ചു പഠിച്ച ആ ബാലന് താൽപര്യം റാലി ഡ്രൈവറാകാനാണെങ്കിലും വീട്ടുകാർ സമ്മതിച്ചില്ല. ബി എസ് സി കംപ്യൂട്ടർ സയൻസു പഠിച്ച് പതിനഞ്ചുവർഷം ദുബായിയിൽ തൊഴിലെടുത്ത് ഒടുവിൽ വേൾഡ് ബാങ്കിന്റെ ദുബായ് കൺട്രി ഓഫീസിൽ ഐടി മാനേജറായി. പക്ഷേ പഴയ മോഹങ്ങളൊന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടുണ്ടായിരുന്നില്ല. 1995 മുതൽ തന്നെ ഓഫ്‌റോഡിങ് പരിപാടികളിലൊക്കെ പങ്കെടുത്തു തുടങ്ങിയ ഷിബു വർഗീസ് എന്ന ആ യുവാവ് അങ്ങനെ 2013ൽ പൂർണസമയവും വാഹനങ്ങളുടേയും യാത്രകളുടേയും പിന്നാലെ സഞ്ചരിക്കാൻ തന്റെ ജോലി രാജിവച്ച് കേരളത്തിലേക്ക് മടങ്ങി. അച്ഛന്റെ വീടായ അടൂരിൽ താമസിച്ചുകൊണ്ട് ഹിമാലയൻ ഓഫ്‌റോഡിങ്ങ് യാത്രകളുടെ അമരക്കാരനായി മാറി ആ നാൽപത്തിനാലുകാരൻ. ഇന്ന് 4X4 ഇന്ത്യ എന്ന ഇന്ത്യയിലെ ഏറ്റവും സജീവമായ ഓഫ്‌റോഡിങ് കമ്യൂണിറ്റിയുടെ സ്ഥാപകനും അഡ്മിനിസ്ട്രറ്ററുമാണ് അദ്ദേഹം. നീണ്ട പത്തു വർഷക്കാലമായി ഹിമാലയൻ ഓഫ്‌റോഡിങ് വാഹന പര്യടനങ്ങളുടെ അമരക്കാരനായി നിലകൊള്ളുകയാണ് ‘ജീപ്പ് ക്യാപ്റ്റൻ’ എന്ന അപരനാമ ത്തിൽ അറിയപ്പെടുന്ന ഷിബു വർഗീസ്.

”1984ൽ ദൂരദർശനിൽ ഗ്രേറ്റ് ഹിമാലയൻ റാലിയുടെ ദൃശ്യങ്ങൾ കണ്ടു തുടങ്ങിയ കാലം മുതൽ ആരംഭിച്ചതാണ് ഹിമാലയത്തോടുള്ള പ്രണയം. അന്നൊക്കെ നിരവധി വിദേശികളാണ് സാഹസികമായ ആ റാലിയിൽ പങ്കെടുത്തിരുന്നത്. അമ്മ വീടായ വയനാട്ടിൽ ജീപ്പോടിച്ചു പഠിച്ചതിനാൽ മലമ്പ്രദേശങ്ങളിലെ ഓഫ്‌റോഡിങ് ഡ്രൈവുകളോടും അന്നേ വലിയ കമ്പമുണ്ടായിരുന്നു. ആ മോഹങ്ങളാണ് ഒടുവിൽ ദുബായിലെ ജോലി രാജിവച്ച് പൂർണസമയവും ഓഫ്‌റോഡിങ് വാഹന പരിപാടികളിലേക്ക് മനസ്സും ശരീരവും അർപ്പിക്കാൻ തീരുമാനിക്കുന്നതിലേക്ക് എന്നെ എത്തിച്ചത്,” ഷിബു വർഗീസ് പറയുന്നു.

2010ലാണ് ഷിബു ആദ്യമായി ഹിമാലയത്തിലേക്ക് സ്വന്തം വാഹനത്തിൽ ഒരു യാത്ര ചെയ്യുന്നത്. മാരുതി ജിപ്‌സിയിലായിരുന്നു അത്. ആ യാത്ര ചെയ്തതോടെ ഹിമാലയം വീണ്ടും വീണ്ടും വാഹനത്തിലേറി കീഴടക്കാനുള്ള മോഹം ഷിബുവിനെ അക്ഷരാർത്ഥത്തിൽ മഥിച്ചു. 2011ൽ മഹീന്ദ്ര ബൊലേറോയിലായിരുന്നു അടുത്ത സഞ്ചാരം. പിന്നെ മഹീന്ദ്ര സ്‌കോർപിയോ, ടെയോട്ട ലാൻഡ് ക്രൂയിസർ, ഇസുസു ഡിമാക്‌സ് വിക്രോസ് തുടങ്ങി പലപല വാഹനങ്ങളിൽ ഹിമാലയം പലവട്ടം കീഴടക്കി അദ്ദേഹം. ”തെക്കേ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഹിമാലയം അപ്രാപ്യമായ ഒന്നാണെന്ന ധാരണ കേരളത്തിലുണ്ടായിരുന്നു. ആ ധാരണയെ മാറ്റി മറിക്കാനാണ് 2011ൽ ഞാൻ 4X4 ഇന്ത്യ എന്ന ഓഫ് റോഡിങ് ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഓഫ്‌റോഡിങ് കമ്യൂണിറ്റിയായി അത് മാറിയിരിക്കുന്നു,” ഷിബു വർഗീസ് പറയുന്നു.

Shibu Varghese

103 രാജ്യങ്ങളിൽ നിന്നുള്ള 1,18,000 അംഗങ്ങളുള്ള കമ്യൂണിറ്റിയാണ് ഇന്ന് 4X4 ഇന്ത്യ. ഹിമാലയൻ ഓഫ്‌റോഡിങ് യാത്രകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് താങ്ങും തണലുമായി പ്രവർത്തിക്കുകയാണ് ഇന്ന് ആ കൂട്ടായ്മ. കഴിഞ്ഞ മൂന്നു വർഷമായി ഹിമാലയൻ വാഹന സാഹസിക സംഘമായ ‘അഡ്വെഞ്ചർ പീപ്പിളു’മായും ഈ വർഷം മുതൽ ‘ലാ ഹിമാലയ’ എന്ന യാത്രാ ഗ്രൂപ്പുമായും ചേർന്നുകൊണ്ട് ഹിമാലയൻ ഓഫ്‌റോഡിങ് ഈവന്റുകൾ സംഘടിപ്പിക്കുകയാണ് അവർ. ”നാർക്കണ്ടയിൽ നിന്നും ആരംഭിച്ച് സ്പിറ്റി വാലിയിലേക്കാണ് പത്തു ദിവസം നീളുന്ന ഓഫ്‌റോഡിങ് യാത്രകൾ 4X4 ഇന്ത്യ നടത്തുന്നത്. ഹോട്ടലുകളിലും റിസോർട്ടുകളിലും സർക്കാർ ഗസ്റ്റ് ഹൗസുകളിലുമായിരിക്കും യാത്രികരുടെ താമസം. മഞ്ഞുകാലത്ത് ഹോട്ടലുകൾ പ്രവർത്തിക്കാത്തതിനാൽ സ്പിറ്റിയുടെ ആസ്ഥാനമായ കാസയിൽ മാത്രം ഹോം സ്റ്റേ അറേഞ്ച്‌മെന്റാണ് ഞങ്ങൾ ഒരുക്കുന്നത്. പ്രദേശവാസികളുടെ സംസ്‌കാരവും ഭക്ഷണവുമെല്ലാം യാത്രികർക്ക് അനുഭവവേദ്യമാ ക്കാനുള്ള ഒരു അവസരം കൂടിയായിട്ടാണ് ഞങ്ങൾ അതിനെ കാണുന്നത്,” ഷിബു പറയുന്നു.

2018ൽ രണ്ടു തവണയും 2019ൽ മൂന്നു തവണയും ഹിമാലയൻ ഓഫ്‌റോഡിങ് യാത്രകൾ സംഘടിപ്പിച്ച കമ്യൂണിറ്റി ഈ വർഷം സാഹസികരായ വ്യക്തികളിൽ നിന്നുള്ള നിരന്തരമായ അഭ്യർത്ഥന മൂലം ആറ് യാത്രകളാക്കി അത് മാറ്റിയിട്ടുണ്ട്. 2019 ഡിസംബർ 19നാണ് ആദ്യ യാത്ര. ”തങ്ങളുടെ 4X4 വാഹനങ്ങൾ യാത്രികർ തന്നെ യാത്രയ്ക്കായി സ്വയം ഓടിച്ചുകൊണ്ടുവരണം. ഇന്ധനത്തിന്റെ ചെലവും അവർ തന്നെയാണ് വഹിക്കേണ്ടത്. താമസം, ഭക്ഷണം, പെർമിറ്റ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് 4X4 ഇന്ത്യ അറേഞ്ച് ചെയ്യുന്നത്. ഇതിനായി ഒരാളിൽ നിന്നും 40,000 രൂപയാണ് ഈടാക്കുന്നത്,” ഷിബു വർഗീസ് പറയുന്നു. ഓഫ്‌റോഡിങ് കമ്യൂണിറ്റിയിൽ അംഗങ്ങളായവർക്കു പുറമേ, മറ്റുള്ള സഞ്ചാരികൾക്കും യാത്രയിൽ പങ്കെടുക്കാനാകും.


രണ്ടാമത്തെ ട്രിപ്പ് 2020 ജനുവരി മൂന്നു മുതൽ 10 വരെയാണ്. മൂന്നാമത്തെ ട്രിപ്പ് ‘സ്പിറ്റി വാലിയിൽ റിപ്പബ്ലിക് ദിനം ആഘോഷിക്കൂ’ എന്ന ക്യാച്ച് വേഡോടെയാണ് ഒരുക്കുന്നത്. ജനുവരി 19 മുതൽ 28 വരെയാണത്. സ്പിറ്റി വാലിയിലെ സ്‌കൂളുകളിൽ പഠിക്കുന്ന പത്തു വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് റിപ്പബ്ലിക് ദിന ചടങ്ങിൽ വസ്ത്രങ്ങളും നോട്ട് പുസ്തകങ്ങളും സംഘം വിതരണം ചെയ്യുകയും ചെയ്യും. ഫെബ്രുവരിയിലും മാർച്ച് മാസത്തിലും നടക്കുന്ന ട്രിപ്പുകൾക്ക് ‘സ്‌നോ ലെപ്പേർഡ് എക്‌സ്‌പെഡിഷൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഹിമാലയൻ പ്രദേശത്ത് കണ്ടുവരുന്ന സ്‌നോ ലെപ്പേർഡ് അഥവാ മഞ്ഞുപുലിയെ കാണാനായി ഒരു ദിവസം ട്രിപ്പിൽ മാറ്റിവയ്ക്കുന്നുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത. തായ്‌ലണ്ട്, സിങ്കപ്പൂർ, ചൈന, ദുബായ്, ഒമാൻ ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ ഈ ട്രിപ്പുകളിലേക്ക് ഇതിനകം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഒരു ട്രിപ്പിൽ 30 പേരെ മാത്രമേ അക്കോമഡേറ്റ് ചെയ്യുകയുള്ളു.

സാഹസികരായ വാഹനസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഹിമാലയത്തിലെ മഞ്ഞുനിറഞ്ഞ പാതകളിലൂടെയുള്ള ദുർഘടമായ ഈ ഓഫ്‌റോഡിങ് ട്രിപ്പ് അപൂർവമായ ഒരു അനുഭവമാണ്. 4X4 ഇന്ത്യ കമ്യൂണിറ്റിയാകട്ടെ ഓഫ്‌റോഡിങ് രക്തത്തിൽ അലിഞ്ഞുചേർന്നവരെ സംബന്ധിച്ചിടത്തോളം അത്തരം യാത്രകൾക്കായി കൊതിക്കുന്നവരുടെ സംഘവുമാണ്. മലയാളിയായ ഷിബു വർഗീസ് നേതൃത്വം നൽകുന്ന ആ സംഘമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓഫ്‌റോഡിങ് കമ്യൂണിറ്റിയെന്നത് നമുക്ക് അഭിമാനം പകരുകയും ചെയ്യുന്നു. അമേരിക്കൻ/മെക്‌സിക്കൻ അതിർത്തി പ്രദേശമായ ബാജ കാലിഫോർണിയ മരുഭൂമിയിൽ നടക്കുന്ന ഓഫ്‌റോഡ് റാലിയായ ബാജാ 1000 റാലിയിലേക്ക് ഒഫീഷ്യൽ എന്ന നിലയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നും അവസരം ലഭിച്ച രണ്ടു പേരിലൊരാളുമാണ് ഷിബു വർഗീസ്. 1600 കിലോമീറ്റർ 24 മണിക്കൂറിൽ പിന്നിടേണ്ടതാണ് ഈ റാലി. നവംബർ 19 മുതൽ 24 വരെയാണ് റാലി. ഇന്ത്യൻ ഓഫ്‌റോഡർ കമ്യൂണിറ്റിയായ 4X4 ഇന്ത്യയെ ലോകം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് സാരം. മടിച്ചു നിൽക്കുന്നതെന്തിന്, ഹിമാലയത്തിലേക്കുള്ള യാത്രയ്ക്ക് ഷിബുവിന്റെ 4X4 ഇന്ത്യയ്‌ക്കൊപ്പം തയാറെടുത്തോളൂ…. $

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>