BikerLand: The Complete Bike Festival
December 12, 2019
ബൈജു എൻ നായർക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
December 20, 2019

Friends’ Choice: Travel in a Maruti S-Presso with Youtube channel stars Sujith Bhakthan & Emil George

ഫോർട്ടുകൊച്ചിയിലെ പൈതൃക ഭവനത്തിനുമുന്നിൽ മാരുതി എസ് പ്രസ്സോയ്‌ക്കൊ പ്പം സുജിത് ഭക്തനും എമിൽ ജോർജും

ഫോർട്ടുകൊച്ചിയിലേക്ക് മാരുതിയുടെ മിനി എസ്‌യുവി ലേബലിലെത്തിയ എസ് പ്രസ്സോയിൽ യുട്യൂബ് ചാനൽ താരങ്ങളായ സുജിത്ത് ഭക്തനും എമിൽ ജോർജും നടത്തിയ യാത്ര എസ് പ്രസ്സോയുടെ മികവും മിടുക്കും അവരെ ബോധ്യപ്പെടുത്തി.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോ: അഖിൽ അപ്പു

യുട്യൂബിൽ തരംഗമായിരുന്നു സുജിത്ത് ഭക്തന്റെ ‘ടെക്, ട്രാവൽ, ഈറ്റ്’ ചാനൽ നടത്തിയ ഇന്ത്യ-നേപ്പാൾ-ഭൂട്ടാൻ (ഐഎൻബി) റോഡ് ട്രിപ്പ്. സുജിത്തിനൊപ്പം ഈ ട്രിപ്പിൽ ഉടനീളമുണ്ടായിരുന്നത് എമിൽ ജോർജ് എന്ന കണ്ണൂർക്കാരനാണ്. ഇവർ ഇരുവരും തമ്മിലുള്ള റാപ്പോ നാട്ടുകാർ ശരിക്കും ആസ്വദിച്ചു. യാത്രയ്ക്കിടയിൽ എത്ര കടുത്ത പ്രതിസന്ധി നേരിടുമ്പോഴും കളിതമാശ പറഞ്ഞുകൊണ്ട്, പൊട്ടിച്ചിരിയോടെ അവയെ നേരിടുന്ന സുജിത്തും എമിലും മലയാളി സഞ്ചാരികളുടെ പ്രിയപ്പെട്ടവരായി മാറാൻ അധികസമയമെടുത്തില്ല. അതിനുശേഷമായിരുന്നു സുജിത്തും സ്മാർട്ട് ഡ്രൈവ് ചീഫ് എഡിറ്റർ ബൈജു എൻ നായരും ചൈനയിലെ മലയാളി വ്യവസായിയായ സഹീറിനൊപ്പം നടത്തിയ യാത്ര. യുട്യൂബിൽ എട്ടു ലക്ഷത്തോളം വരിക്കാരുള്ള സുജിത്ത് ഭക്തൻ കേരളത്തിലെ നവമാധ്യമ സെലിബ്രിറ്റികളിൽ ഇന്ന് ഏറ്റവും പ്രമുഖനായ വ്യക്തിയാണെന്ന കാര്യത്തിൽ തർക്കമില്ല. സഞ്ചാരഭ്രമവും ഭക്ഷണപ്രിയവും സാങ്കേതികവിദ്യയിൽ താൽപര്യവുമൊക്കെയുള്ളവർ മാത്രമല്ല ഇന്ന് സുജിത്തിന്റെ ആരാധകർ. നർമ്മത്തിൽ പൊതിഞ്ഞ, ലളിതമായ ഭാഷയിലുള്ള സംസാരവും പുതിയ കാര്യങ്ങൾ ഒട്ടും തന്നെ ബോറടിപ്പിക്കാതെ അവതരിപ്പിക്കാനുള്ള കഴിവുമൊക്കെ യുട്യൂബ് വീഡിയോ പ്രേമികളായ ലക്ഷക്കണക്കിനു പേരെയാണ് ഇന്ന് ടെക്, ട്രാവൽ ഈറ്റിന്റെ ആരാധകരായി മാറ്റിയിട്ടുള്ളത്. പുതിയ കാലത്തിന്റെ നാഡീസ്പന്ദനങ്ങളെ തിരിച്ചറിയാൻ ശേഷിയുള്ള സുജിത്ത് ഭക്തനും ഐഎൻബി റോഡ് ട്രിപ്പിൽ സുജിത്തിനെ അനുഗമിച്ച എമിൽ ജോർജിനുമൊപ്പം ഒരു യാത്ര സ്മാർട്ട് ഡ്രൈവ് പദ്ധതിയിട്ടപ്പോൾ നഗരയുവത്വത്തെ സമീപകാലത്ത് ഏറ്റവും ആകർഷിച്ച ഒരു വാഹനം തന്നെയാണ് ഞങ്ങൾ അതിനായി തെരഞ്ഞെടുത്തത് – മാരുതി സുസുക്കി എസ് പ്രസ്സോ. ആൾട്ടോയുടെയും വാഗൺആറിന്റേയുമിടയിൽ മിനി എസ് യു വി എന്ന പുതിയ സെഗ്മെന്റ് വെട്ടിത്തുറന്നുകൊണ്ട് രംഗപ്രവേശം ചെയ്ത മാരുതിയുടെ ഈ ചെറുകാർ അതിവേഗമാണ് നാട്ടുകാരുടെ പ്രിയങ്കരനായത്. ഇന്ത്യയ്ക്കായി ഇന്ത്യയിൽ രൂപകൽപന ചെയ്ത് നിർമ്മിച്ച ഈ ചെറുകാർ പക്ഷേ ഇന്ന് ഇന്ത്യയിൽ നിന്നും ഒട്ടുമിക്ക ലോകരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെടാനൊരുങ്ങുകയാണ്.

കൊച്ചിയുടെ പൈതൃകത്തിന്റെ കഥകൾ തേടിക്കൊണ്ട് മാരുതി എസ് പ്രസ്സോയിൽ ഫോർട്ടുകൊച്ചിയിലേക്കാണ് യാത്രയെന്നറിഞ്ഞപ്പോൾ തന്നെ സുജിത്തും എമിലും യാത്രയ്ക്ക് സസന്തോഷം സമ്മതം മൂളി. ആ സന്തോഷത്തിന് ചില കാരണങ്ങളുണ്ടെന്ന് കൂടി അറിയുക. ഇവർ ഇരുവരും തങ്ങളുടെ ജീവിതത്തിൽ സ്വന്തമായി ആദ്യം വാങ്ങിയ വാഹനം മാരുതി സുസുക്കിയുടേതായിരുന്നുവെന്നതാണ് അത്. ”ഞാൻ ആദ്യം വാങ്ങിയത് മാരുതി ആൾട്ടോയും പിന്നീട് സെലേറിയോയുമായിരുന്നു. ഡ്രൈവിങ് പഠിച്ചത് ആൾട്ടോയിൽ. ആൾട്ടോയുമായി ഗോവയിലേക്ക് നടത്തിയ റോഡ് ട്രിപ്പ് ഇന്നും ഓർമ്മയിലുണ്ട്. ചെറുകാറായിരുന്നിട്ടു കൂടി യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ ആ യാത്ര പൂർത്തീകരിക്കാൻ ഞങ്ങളെ സഹായിച്ചത് ആൾട്ടോ ആയിരുന്നു,” സുജിത്ത് പറയുന്നു. എമിലിന്റെ ഓർമ്മയും വ്യത്യസ്തമല്ല. ഇൻഫോപാർക്കിലെ ഫ്രാഗോമെൻ കമ്പനിയുടെ എമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തിരുന്ന എമിൽ തന്റെ ജീവിതപങ്കാളിയായ അഞ്ജുവിനെ വിവാഹം ചെയ്തശേഷം ഉടൻ വാങ്ങിയത് മാരുതി 800 ആയിരുന്നു. ”എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനങ്ങളെല്ലാം ഞാൻ സഞ്ചരിച്ചത് മാരുതി 800ലായിരുന്നു. പ്രണയം വഴി തുറക്കുന്ന യാത്രകളിലെല്ലാം എനിക്ക് കൂട്ടായത് ആ വാഹനമായതിനാൽ ഇന്നും എന്നും മാരുതി സുസുക്കിയുടെ വാഹനങ്ങളോട് ഹൃദയപരമായ ഒരു അടുപ്പം തന്നെ എനിക്കുണ്ട്,” എമിൽ ജോർജിന്റെ മൊഴി.

കൊച്ചിയിലെ ഇൻഡസ് മോട്ടോഴ്‌സിൽ നിന്നുമെത്തിയ പേൾ സ്റ്റാറി ബ്ലൂ നിറമുള്ള എസ് പ്രസ്സോ കണ്ടപ്പോൾ അതുകൊണ്ടാണ് സുജിത്തിന്റേയും എമിലിന്റേയും കണ്ണുകളിൽ ഒരു പഴയ പ്രിയ സുഹൃത്തിന്റെ മകനെ കണ്ടപോലുള്ള സന്തോഷം നിറഞ്ഞത്. ആൾട്ടോ, വാഗൺ ആർ തുടങ്ങിയ ഓൾഡ് ജനറേഷൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി മാരുതിയുടെ ഏറ്റവും പുതിയ പ്ലാറ്റ്‌ഫോമായ ‘ഹാർട്ട്‌ടെക്കി’ലാണ് എസ് പ്രസോ നിർമ്മിച്ചെടുത്തിരിക്കുന്നത്. 3565 മി.മീ നീളവും 1520 മി.മീ വീതിയും 1549 മി.മീ ഉയരവുമാണ് എസ് പ്രസോയ്ക്കുള്ളത്. നല്ല ഉയരമുള്ള ആളാണ് എമിൽ. കാറിൽ തനിക്ക് സുഖമായി ഇരുന്ന് സഞ്ചരിക്കാനാകുമോ എന്നുള്ള പരിശോധനയിലായി അദ്ദേഹം. ആദ്യം പരീക്ഷിച്ചത് പിൻസീറ്റായിരുന്നു. ”നല്ല ലെഗ് സ്‌പേസും തൈ സപ്പോർട്ടുമുണ്ട്. ചെറിയ വാഹനമാണെന്ന് പുറമേ നിന്നു തോന്നുമെങ്കിലും പിന്നിൽ അകത്ത് സുഖമായി രണ്ടു പേർക്ക് ഇരിക്കാം,’ എമിലിന്റെ കമന്റ്. സുജിത്ത് ഡ്രൈവിങ് സീറ്റിലമർന്നു. 5 സ്പീഡ് എ എം ടി ട്രാൻസ്മിഷനുള്ള ടോപ്പ് എൻഡ് വേരിയന്റായ എസ് പ്രസ്സോ വി എക്‌സ് ഐ പ്ലസ് ആണ് യാത്രയ്ക്കായി എത്തിയിട്ടുള്ളത്. 5500 ആർ പി എമ്മിൽ 67 ബി എച്ച് പി ശേഷിയും 3500 ആർ പി എമ്മിൽ 90 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് വാഹനത്തിനുള്ളത്. ഒരേയൊരു എഞ്ചിൻ ഓപ്ഷനാണ് എസ് പ്രസോയ്ക്കുള്ളത് 1 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ. ഈ കെ10 എഞ്ചിൻ ബിഎസ് 6 പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിയമങ്ങൾ പാലിക്കുന്ന എഞ്ചിനാണ്.

ഡ്രൈവിങ് സീറ്റിൽ സുജിത്താണ് ഇപ്പോൾ. നഗരനിരത്തുകളിൽ വാഹനത്തിന്റെ പെർഫോമൻസ് എങ്ങനെയാണെന്ന് അറിയാനുള്ള കൗതുകത്തിലായിരുന്നു അദ്ദേഹം. ”മാരുതിയുടെ കാറുകൾ പലതും ഓടിച്ചിട്ടുണ്ടെങ്കിലും ഇത്ര മികച്ച ഒരു സസ്‌പെൻഷൻ ഇതാദ്യമായിട്ടാണ് ഞാൻ കാണുന്നത്. കൊച്ചിയിലെ ഈ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന നിരത്തിൽ പോലും എസ് പ്രസ്സോ കുഴികൾ ചാടിക്കടക്കുന്നത് എത്ര അനായാസ മായാണ്. ഉയർന്ന സീറ്റിങ് പൊസിഷനായതുകൊണ്ട് കാറിനു പുറത്തേക്ക് നല്ല വ്യൂ ലഭിക്കുന്നുണ്ട്,” സുജിത്ത് ശരിക്കും രസിച്ചാണ് വാഹനമോടിക്കുന്നത്. ഇടയ്ക്ക് എഎംടി ഗിയർബോക്‌സ് പ്ലസ്, മൈനസ് മോഡുകളിൽ ഷിഫ്റ്റ് ചെയ്ത് ഓടിച്ച് മാനുവൽ ഡ്രൈവിന്റെ ആനന്ദം അനുഭവിക്കുന്നുമുണ്ട് എഎംടി മോഡലിൽ അദ്ദേഹം. ഫോർട്ടുകൊച്ചിയിലേക്ക് പ്രവേശിച്ചയുടനെ തന്നെ സുജിത്ത് ഭാര്യ ശ്വേതയെ ഫോണിൽ വിളിച്ചു. മട്ടാഞ്ചേരിയിലെ ഏതോ ഹോട്ടലിന്റെ വിവരം അറിയാനാണ്. ”നല്ല മസാല ദോശ കിട്ടുന്നയിടം നീ കാണിച്ചു തന്നിട്ടുള്ളതല്ലേ? എന്താണതിന്റെ പേര്?” സുജിത്ത്. ശ്വേത പേരു പറഞ്ഞയുടനെ വാഹനം അങ്ങോട്ടേയ്ക്ക് വിട്ടു സുജിത്ത്. ഹോട്ടലിലെത്തി അൽപനേരം കഴിഞ്ഞപ്പോൾ പിന്നിൽ നിന്നും ഒരു വിളി. ബൈക്കിൽ സുജിത്തിന്റെ അനുജൻ അഭിജിത്തും ശ്വേതയും ഹോട്ടലിൽ ഹാജർ. ”ഞങ്ങളെ കൂട്ടാതെ അങ്ങനെ മസാല ദോശ അടിക്കണ്ട,” മട്ടാഞ്ചേരിയിലെ അമ്മാവന്റെ വീട്ടിലുള്ള ശ്വേതയും അനുജനും സർപ്രൈസായി ഹോട്ടലിലെത്തുമെന്ന് സുജിത്ത് നിനച്ചിരുന്നതല്ല. എമിലും സുജിത്തും ശ്വേതയുമൊക്കെ ഹോട്ടലിലെത്തിയതു കണ്ടപ്പോൾ ഇവരെയൊക്കെ യുട്യൂബ് വീഡിയോകളിലൂടെ പലവട്ടം കണ്ടിട്ടുള്ള നാട്ടുകാർക്ക് അത്ഭുതം. ”ശ്വേത ചേമ്പിലയപ്പം ഉണ്ടാക്കുന്ന വീഡിയോ നല്ല രസമായിരുന്നു,” ഒരു ഹോട്ടൽ ജീവനക്കാരന്റെ കമന്റ്. സുജിത്തിനും എമിലിനും ശ്വേതയ്ക്കുമൊക്കെയൊപ്പം സെൽഫിയെടുക്കുന്ന തിരക്കായി പിന്നീട്. ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ എസ് പ്രസ്സോയെപ്പറ്റിയായി നാട്ടുകാരുടെ ചോദ്യം. പലർക്കുമറിയേണ്ടത് ഈ ചെറു മാരുതി കാറിൽ എത്രത്തോളം സുരക്ഷിതത്വമുണ്ടെന്നതിനെപ്പറ്റിയായിരുന്നു. അതിനകം തന്നെ കാറിനെ നന്നായി പഠിച്ചു കഴിഞ്ഞിരുന്ന എമിലാണ് അതിനു മറുപടി നൽകിയത്. ”രണ്ട് എയർ ബാഗുകൾക്കു പുറമേ, എബിഎസും ഇബിഡിയുമുണ്ട് ഇതിൽ. മുന്നിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ഉള്ളത്. പിന്നിൽ പാർക്കിങ് സെൻസറുകളുമുള്ളതിനാൽ എളുപ്പം പാർക്ക് ചെയ്യാനാകും,” എമിൽ.

പ്രഭാതഭക്ഷണത്തിനുശേഷം നേരെ ഫോർട്ടുകൊച്ചി ബീച്ചിലേക്ക് പോകാമെന്നായി സുജിത്ത്. ഫോർട്ടുകൊച്ചിയിലേക്ക് അടുക്കുന്തോറും വിവാഹഷൂട്ടിങ്ങുകാരുടെ തള്ളൽ തന്നെയായി തെരുവുകളിൽ. ഫോർട്ടുകൊച്ചി പാർക്കിനരികിലും ഹെറിറ്റേജ് ഹോട്ടലുകളുടെ മുന്നിലുമെല്ലാം യുവമിഥുനങ്ങൾ കെട്ടിപ്പിടിച്ചും ഉമ്മ വച്ചുമൊക്കെ ഫോട്ടോകൾക്ക് പോസ്സു ചെയ്തുകൊണ്ടു നിൽക്കുന്നു. എല്ലാം സിനിമാറ്റിക് സ്‌റ്റൈലിലാണ്. നവദമ്പതിമാരുടെ ജീവിതം ഒരു സിനിമ പോലെയാക്കാൻ ശരിക്കും യത്‌നിക്കുന്നുണ്ട് ഫോട്ടോഗ്രാഫർമാർ. ഈ തിരക്കിനിടയിൽ വച്ചാണ് എസ് പ്രസ്സോയുടെ ഇന്റീരിയറിന്റെ കൗതുകങ്ങൾ ശരിക്കുമൊരു ചർച്ചയായത്. ”ഇന്റീരിയർ കിടുക്കി. ശരിക്കും മിനി കൂപ്പറിന്റെ ഇന്റീരിയറിന്റെ ഛായ തോന്നുന്നുണ്ട് എസ് പ്രസ്സോയുടെ ഇന്റീരിയറിൽ. അതിനു കാരണം നടുവിൽ കാണുന്ന വൃത്തവും അതിനുള്ളിലുള്ള മീറ്റർ കൺസോളും ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീനുമാണ്. മുന്നിലെ പവർവിൻഡോയുടെ സ്വിച്ചുകൾ പോലും മാരുതി ഈ വൃത്തത്തിനുള്ളിലാക്കിയിരിക്കുന്നു,” സുജിത്തിന്റെ നിരീക്ഷണങ്ങൾ. പൊതുവേ ടെക്‌നോളജി കമ്പക്കാരനായ എമിലിനാകട്ടെ സാങ്കേതിക ഫീച്ചറുകൾ എത്രത്തോളം എസ് പ്രസ്സോയിലുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമമായിരുന്നു. ”ഡിജിറ്റൽ സ്പീഡോമീറ്റർ ഏറെ സൗകര്യപ്രദമാണ്. 7 ഇഞ്ച് സ്മാർട്ട് പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലാണെങ്കിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവയുള്ളത് യുവാക്കളെ ശരിക്കും ആകർഷിക്കും. എസി നല്ല കൂളിങ് നൽകുന്നുമുണ്ട്,” എമിൽ.

വാഹനം ഫോർട്ടുകൊച്ചി ബീച്ചിൽ നിർത്തി പുറത്തിറങ്ങിയപ്പോൾ സുജിത്തിനും എമിലിനും ചുറ്റും ആരാധകരുടെ കൂട്ടം. മമ്മൂട്ടിയോ മോഹൻ ലാലോ ഒക്കെ ഷൂട്ടിങ്ങിനെത്തിയപോലെയാണ് ആളുകൾ യുട്യൂബ് താരങ്ങളെ കാണാൻ പൊതിയുന്നത്. ”ഐഎൻബി ട്രിപ്പ് മലയാളികളിൽ ബഹുഭൂരിപക്ഷവും യുട്യൂബിലും ഫേസ്ബുക്കിലുമായി കാണുന്നുണ്ടായിരുന്നുവെന്നതിന്റെ തെളിവാണിത്. പൊതുവേ സഞ്ചാര തൽപരരാണ് മലയാളി യുവത്വം. അവർക്ക് പുതിയ കാഴ്ചകൾ കാട്ടിക്കൊടുക്കാൻ ഞങ്ങൾക്കായി. തുടർന്നും അത്തരം യാത്രാ വീഡിയോകൾ ഉണ്ടാകും,” തിരക്കിനെപ്പറ്റിയും എവിടെ ചെന്നാലും ആരാധകരെ കണ്ടുമുട്ടുന്നതിനെപ്പറ്റിയും സുജിത്തിന്റെ കമന്റ്. സുജിത്തിനും എമിലിനുമൊക്കെ കിട്ടുന്ന അറ്റൻഷൻ തന്നെ അവർ എത്തിയ വാഹനത്തിനും കിട്ടുന്നുണ്ടെന്നത് വേറെ കാര്യം. വാഹനത്തിന്റെ രൂപഭംഗിയെപ്പറ്റി നാട്ടുകാർ പല കമന്റുകളും പറയുന്നുണ്ട്. എസ്‌യുവികൾക്കു ചേരുന്ന രൂപകൽപനയാണ് വാഹനത്തിനുള്ളതെന്നതിനാൽ പൊതുവേ എസ്‌യുവി പ്രേമികളായ ഇന്ത്യക്കാർക്ക് മിനി എസ് യു വിയിലും വലിയ താൽപര്യം തന്നെയുണ്ടെന്ന് തോന്നി. ഹെഡ്‌ലാമ്പിന്റെ കൂടെ ഇന്റഗ്രേറ്റ് ചെയ്ത ടേൺ ഇൻഡിക്കേറ്ററുകൾ, വീൽ ആർച്ചിന്റെ തുടർച്ച പോലെ തോന്നിക്കുന്ന എയർഡാം, അതിന്റ വശങ്ങളിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പ്, എയർഡാമിനു താഴെ കറുത്ത ക്ലാഡിങ്ങായി പ്രത്യക്ഷപ്പെടുന്ന ബമ്പർ- എല്ലാം കൊണ്ടും വശീകരിക്കുന്നതാണ് എസ് പ്രസ്സോ എന്ന കാര്യത്തിൽ സംശയമില്ല.

യാത്രയ്ക്കും ഫോട്ടോഷൂട്ടിനുമായാണ് ഇറങ്ങിയെന്നതിനാൽ എസ് പ്രസ്സോയുടെ ബൂട്ടിലാണ് സുജിത്തും എമിലും തങ്ങളുടെ സാമഗ്രികൾ വച്ചിട്ടുള്ളത്. ഇതിനു പുറമേ, ഫോട്ടോഗ്രാഫർ അഖിൽ അപ്പുവിന്റെ ക്യാമറാ ബാഗും കുടയുമൊക്കെയുണ്ട് അവിടെ. ചെറു കാറാണെങ്കിലും 240 ലിറ്ററിന്റെ ബൂട്ട് സ്‌പേസ് എസ് പ്രസ്സോയ്ക്ക് ഉള്ളതുകൊണ്ട് ഇനിയും സാമഗ്രികൾ അവിടെ കൊള്ളുമെന്നത് വേറെ കാര്യം. ഒരു കുടുംബത്തിന് സുഖകരമായി ഒരു അവധിക്കാല യാത്ര നടത്തുമ്പോൾ സാധന സാമഗ്രികൾ സൂക്ഷിക്കാനുള്ള സ്‌പേസ് എസ് പ്രസ്സോയ്ക്കുണ്ടെന്ന് ചുരുക്കം.

ടോപ് എൻഡ് മോഡലിലാണ് ഞങ്ങളുടെ യാത്രയെന്നതിനാൽ സെൻട്രൽ ലോക്കിങ്, മുൻ പവർ വിൻഡോകൾ, ഉള്ളിൽ നിന്ന് അഡ്ജസ്റ്റ് ചെയ്യാവുന്ന സൈഡ് വ്യൂ മിറേഴ്‌സ് എന്നിവയെല്ലാം എസ് പ്രസ്സോയിലുണ്ട്. ചില ഹെറിറ്റേജ് കെട്ടിടങ്ങളുടെ മുന്നിൽ ഫോട്ടോകൾക്ക് പോസ്സു ചെയ്യവേയാണ് സുജിത്തിന്റെ ആരാധകരിലൊരാളായ യുവാവ് എസ് പ്രസ്സോയുടെ മൈലേജിനെപ്പറ്റി തിരക്കുന്നത്. സുജിത്ത് ഉടനെ തന്നെ ബൈജു എൻ നായർക്കു നേരെ തിരിഞ്ഞു. ”എഎംടി 21.4 കി.മീ/ലിറ്ററും മാനുവലിന് 21.7 കി.മീ/ലിറ്ററുമാണ് കമ്പനി പറയുന്നത്,” ബൈജു. കേവലം 767 കിലോഗ്രാം മാത്രം ഭാരമുള്ള വാഹനമായതിനാൽ നല്ല മൈലേജ് കിട്ടുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ലെന്നുറപ്പ്. 27 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി.

ഫോർട്ടുകൊച്ചിയിലെ സെന്റ് ഫ്രാൻസിസ് ചർച്ച് ദേവാലയവും ഡച്ച് സെമിത്തേരിയുമൊക്കെ സന്ദർശിച്ചശേഷം ജൂതത്തെരുവിലേക്കും ജൂത സിനഗോഗിലേക്കുമൊക്കെയായിരുന്നു എസ് പ്രസ്സോയുടെ യാത്ര. മട്ടാഞ്ചേരിയിലെ ഇടുങ്ങിയ നിരത്തുകളിൽ, ചരക്കുലോറികൾക്കിടയിലൂടെ അനായാസം നൂണ്ടു പോകാൻ പോലുമായി എസ് പ്രസ്സോയ്ക്ക് എന്നു കണ്ടപ്പോൾ വാഹനത്തോടുള്ള എമിലിന്റെ ആരാധന മൂത്തു. ”മാരുതി വാഹനങ്ങളെപ്പറ്റി എപ്പോഴും ചീത്ത പറയുന്നത് ചിലരുടെയൊക്കെ ഹോബിയാണ്. സാധാരണക്കാരന് താങ്ങാനാകുന്ന നിരക്കിൽ മികച്ച ഫീച്ചറുകളോടു കൂടി എത്തിയിട്ടുള്ള എസ് പ്രസ്സോയ്‌ക്കെതിരെ ആരെങ്കിലും പറഞ്ഞാൽ അത് അന്ധമായ മാരുതി വിരോധം കൊണ്ടു മാത്രമാണെന്ന് എനിക്കുറപ്പുണ്ട്. ഈ വാഹനം ശരിക്കുമൊരു മിടുമിടുക്കനാണ്,” എമിലിന്റെ സർട്ടിഫിക്കറ്റ്. തിരികെ കൊച്ചിയുടെ നഗരത്തിരക്കിലേക്ക് കുതിക്കുമ്പോഴും സുജിത്തും എമിലും തെല്ലും തളർന്നതായി തോന്നിയില്ല. എസ് പ്രസ്സോ അവരെ ശരിക്കും സന്തോഷിപ്പിച്ചുവെന്ന് ചുരുക്കം$

Vehicle Provided By:
Indus Motors
Kochi, Ph: 9745997278

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>