പുതിയ വായ്പ പദ്ധതികളുമായി ടൊയോട്ട, ഒപ്പം ഒഫീഷ്യൽ വാട്‌സ്ആപ്പ് അക്കൗണ്ടും
June 17, 2020
Hyundai and ICICI Bank join hands to offer online car finance
June 23, 2020

ഫ്‌ളിറ്റ്‌ഗോ: കോവിഡ് കാലത്ത് കരുതലായി ഒരു മലയാളി ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോം

കോവിഡ് കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് സൗജന്യമായ ഒരു കൈത്താങ്ങായി മാറിയിരിക്കുന്നു ഫ്‌ളിറ്റ്‌ഗോ എന്ന ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോം.

കോവിഡ് 19 എത്രയെത്ര കടുത്ത ദുരിതങ്ങളിലേക്കാണ് ജനങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ തൊഴിൽ തേടി പോയ മലയാളികളിൽ എത്രയോ പേർ ഇപ്പോഴും മതിയായ യാത്രാസൗകര്യങ്ങളില്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങി വരാനാകാതെ കഴിയുന്നുണ്ട്. പ്രായമായവരോ കാൻസർ പോലുള്ള മാരകവ്യാധികളോ ഉള്ളവർക്കാകട്ടെ പലപ്പോഴും തീവണ്ടി സർവീസുകളെ ആശ്രയിക്കുക എന്നത് ഇത്തരമൊരു മാരകവ്യാധിയുടെ സമയത്ത് ചിന്തിക്കാൻ പോലുമാകാത്ത കാര്യമാണ്. ഛത്തിസ്ഗഡിലും ദൽഹിയിലും മുംബയിലുമെല്ലാം ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്ന നിരവധി മലയാളി കുടുംബങ്ങൾ ഇപ്പോഴുമുണ്ട്. ഒരു ടാക്‌സി ലഭിച്ചിരുന്നുവെങ്കിൽ അതിൽ കയറി എങ്ങനെയെങ്കിലും കുടുംബത്തോടെ സുരക്ഷിതരായി നാട്ടിലെത്താമെന്ന് കരുതുന്നവരാണ് അവരിൽ ഒട്ടുമിക്കവരും. പക്ഷേ അവിടെ നിന്നും കേരളത്തിലേക്ക് ടാക്‌സിയോടിക്കാൻ പലരും സന്നദ്ധരാകാത്തതിനാൽ ആ വഴിയും ഏതാണ്ട് അടഞ്ഞുകിടക്കുകയാണ്. യാത്രയ്ക്ക് തയാറാകുന്ന ടാക്‌സിക്കാരാകട്ടെ ഭീമമായ തുകയാണ് യാത്രികരിൽ നിന്നും ഈടാക്കുന്നതെന്നതിനാൽ പലപ്പോഴും അന്യസംസ്ഥാനങ്ങളിലുള്ളവർക്ക് അവയെ ആശ്രയിക്കാനുമാകുന്നില്ല.

ഈ ദുരിതക്കാഴ്ചകളാണ് കൊച്ചി തൃക്കാക്കരയിൽ എയ്ഡർപ്രോ ടെക്‌നോളജീസ് എന്ന സ്ഥാപനം നടത്തുന്ന ഇടുക്കി സ്വദേശികളായ ഷിജോ വി ജോസ്, രഞ്ജിത്ത് സെബാസ്റ്റ്യൻ, ജിസ്സിൻ ജോസഫ് എന്നിവരെ ഇതിനൊരു പരിഹാരം കാണാൻ പ്രേരിപ്പിച്ചത്. സാങ്കേതികവിദ്യയ്ക്ക് പുതിയകാല ദുരിതങ്ങൾക്ക് ഒരു പരിധി വരെ സാന്ത്വനസ്പർശമേകാനാകുമെന്ന തിരിച്ചറിവിൽ നിന്നാണ് അവർ www.covid.flitgo.com/ എന്ന വെബ്‌സൈറ്റിന് രൂപം നൽകിയത്. അന്യദേശങ്ങളിൽ നിന്നും കേരളത്തിലേക്കോ കേരളത്തിൽ വിവിധ ജില്ലകളിലേക്കോ യാത്ര ചെയ്യുന്നതിന് വാഹനം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്നവർക്ക് താങ്ങാനാവുന്ന നിരക്കിലുള്ള സേവനമാണ് ഈ സൈറ്റിലൂടെ ഈ യുവാക്കൾ വാഗ്ദാനം ചെയ്യുന്നത്. കോവിഡ് കാലമായതിനാൽ പൂർണമായും സൗജന്യമായാണ് ഈ ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനം. ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട്, വാഹന സർവീസ് നടത്തുന്നവരുമായി നേരിട്ട് ഇടപെടാനുള്ള സൗകര്യമാണ് ഫ്‌ളിറ്റ്‌ഗോ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കേരളത്തിനകത്തേയ്‌ക്കോ പുറത്തേയ്‌ക്കോ യാത്ര ചെയ്യേണ്ടവർക്ക് ഒരു ഏജൻസികൾക്കും പണം കൈമാറാതെ നേരിട്ട്‌ വാഹനങ്ങൾ ലഭിക്കുമെന്നതാണ് ഫ്‌ളിറ്റ്‌ഗോയുടെ പ്രത്യേകത. കോവിഡ് കാലമായതിനാൽ അൽപം പോലും കമ്മീഷൻ ടാക്‌സി ഉടമകളിൽ നിന്നും വാങ്ങാതെയാണ് ഫ്‌ളിറ്റ്‌ഗോയുടെ പ്രവർത്തനം.

ഷിജോ വി ജോസ്, രഞ്ജിത്ത് സെബാസ്റ്റ്യൻ, ജിസ്സിൻ ജോസഫ്

”നേരത്തെ ഒരു ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോം നിർമ്മിക്കുന്നതിനായി നിരവധി ഡ്രൈവർമാരുടെ വിവരങ്ങൾ ശേഖരിച്ചിരുന്നതിനാൽ ഇത്തരമൊരു വെബ്‌സൈറ്റ് രൂപകൽപന ചെയ്യുന്നത് എളുപ്പമായി. ഇന്ന് ഏതാണ്ട് 2500-ഓളം വാഹനങ്ങൾ ഫ്‌ളിറ്റ്‌ഗോയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡ് കാലമായതിനാൽ ക്യാബിൻ വേർതിരിക്കൽ, സാനിറ്റൈസേഷൻ തുടങ്ങിയ എല്ലാ മുൻകരുതലുകളോടെയുമാണ് ഫ്‌ളിറ്റ്‌ഗോയുടെ കീഴിലുള്ള എല്ലാ ടാക്‌സികളും പ്രവർത്തിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്,’ സ്ഥാപനത്തിന്റെ പാർട്‌നർമാരിലൊരാളായ ഷിജോ വി ജോസ് പറയുന്നു.

www.covid.flitgo.com/ എന്ന വെബ്‌സൈറ്റിലെത്തിയാൽ വാഹനം ആവശ്യമുള്ളയാൾ അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പൂരിപ്പിച്ച് അപേക്ഷ നൽകിയാലുടനെ തന്നെ ഫ്‌ളിറ്റ്‌ഗോ തങ്ങളുടെ ടാക്‌സി ഉടമകൾക്ക് ആ വിവരം വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ കൈമാറുകയും യാത്രയ്ക്ക് താൽപര്യപ്പെടുന്ന ഡ്രൈവറെ യാത്രികരുമായി നേരിട്ട് ബന്ധപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇടനിലക്കാരെ ഒഴിവാക്കി താങ്ങാനാകുന്ന നിരക്കിൽ യാത്ര സാധ്യമാക്കുവാൻ ഇതിലൂടെ കോവിഡ് പ്രതിസന്ധികളിൽ നട്ടംതിരിയുന്നവർക്ക് സാധിക്കുമെന്നതാണ് ഇതിന്റെ ഗുണം.

‘അന്യസംസ്ഥാനങ്ങളിൽ നിന്നെത്താൻ മലയാളികളെ സഹായിക്കുന്നതിനപ്പുറം കോവിഡ് പ്രതിസന്ധികാലത്ത് മതിയായ യാത്രകൾ നടത്താനാകാതെ ദുരിതത്തിൽപ്പെട്ട് കഴിയുന്ന ടാക്‌സി ഡ്രൈവർമാർക്കും ഫ്‌ളിറ്റ്‌ഗോ വരുമാനം കണ്ടെത്താൻ സഹായിക്കുന്നു,’ ഷിജോ വി ജോസ് പറയുന്നു. കോവിഡ് കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിനായി യാത്രക്കാർ പാസ് എടുക്കണമെന്ന് ഫ്‌ളിറ്റ്‌ഗോയുടെ നിബന്ധനയിൽ പറയുന്നുണ്ട്. വാഹന ഉടമകളുമായി യാത്രികർ നേരിട്ട് ബന്ധപ്പെടുന്നതിനാൽ വാഹനത്തിന്റെ വിവരങ്ങളെല്ലാം മുൻകൂട്ടി ലഭ്യമാകുമെന്നതിനു പുറമേ ചെറിയ നിരക്കിൽ യാത്ര ചെയ്യാനും യാത്രികർക്കാകും. നിലവിൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്നും നൂറിലധികം ട്രിപ്പുകൾ കേരളത്തിലേക്ക് ഫ്‌ളിറ്റ്‌ഗോയുടെ മേൽനോട്ടത്തിൽ സംഘടിപ്പിക്കപ്പെട്ടു കഴിഞ്ഞു. സർക്കാർ അംഗീകൃത നിരക്കിലാണ് ടാക്‌സി സർവീസ് പ്രവർത്തിക്കുന്നത്.

ഒരു രൂപ പോലും ടാക്‌സി ഉടമകളിൽ നിന്നും പ്രതിഫലം പറ്റാതെയാണ് നിലവിൽ ഫ്‌ളിറ്റ്‌ഗോ കോവിഡ് കാലത്ത് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ സേവിക്കാനെത്തിയിരിക്കുന്നത്. പിൽക്കാലത്ത് കേരളത്തിൽ ഒരു ഓൺലൈൻ ടാക്‌സി സർവീസ് ആപ്പ് വഴി കൂടി രൂപപ്പെടുത്തുകയും നിലവിൽ അന്താരാഷ്ട്ര ഭീമന്മാരായ ഓൺലൈൻ ടാക്‌സി സർവീസിന് ബദലായി മാറുകയും ചെയ്യുകയെന്നതാണ് ഫ്‌ളിറ്റ്‌ഗോയുടെ അണിയറക്കാരായ യുവാക്കളുടെ ലക്ഷ്യം. എന്തായാലും ഈ കോവിഡ് കാലത്ത് ഈ യുവാക്കളുടെ നിസ്വാർത്ഥ സേവനത്തിന് വലിയ മൂല്യമുണ്ടെന്ന് പറയാതെ വയ്യ.

Contact:

www.covid.flitgo.com
Ph: 9656961234 /9567326878

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>