VW Vento: The Best Of All!
July 17, 2019
എഡിറ്റോറിയൽ: നാണക്കേടിന്റെ നിർമിതികൾ
July 18, 2019

മഹീന്ദ്ര എക്‌സ് യു വി 300 ഓട്ടോഷിഫ്റ്റിൽ ആദ്യമായി യാത്ര പോകുന്ന സംഘം സ്മാർട്ട് ഡ്രൈവിന്റേതാണ്. വാഹനം പുറത്തിറങ്ങിയതിനടുത്ത ദിവസം എക്‌സ് യു വി 300 ഡീസൽ എ എം ടിയിൽ അതിരപ്പിള്ളിയിലേക്കും മലയ്ക്കപ്പാറയിലേക്കും സ്മാർട്ട് ഡ്രൈവ് നടത്തിയ യാത്ര കരുത്തനും ആധുനികനും പെർഫോമറുമായ ഒരു താരത്തെ ശരിക്കും അനുഭവിച്ചറിഞ്ഞു.

എഴുത്ത്: ജെ ബിന്ദുരാജ്, ഫോട്ടോ: ലാലു തിരുമിറ്റക്കോട്

അതിരപ്പിള്ളിക്കാടുകളിലൂടെ മഴക്കാലത്ത് മലയ്ക്കപ്പാറയിലേക്ക് ഒരു യാത്ര നടത്താൻ സ്മാർട്ട് ഡ്രൈവ് പദ്ധതിയിട്ട സമയത്താണ് മഹീന്ദ്രയുടെ എക്‌സ് യു വി 300ന്റെ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എ എം ടി) മോഡൽ ജൂലൈ ആദ്യവാരത്തിൽ പുറത്തിറങ്ങിയത്. പിന്നെ തെല്ലും സംശയിച്ചില്ല. എക്‌സ് യു വി 300ന്റെ എ എം ടി വേരിയന്റുമായി അതിരപ്പിള്ളിക്കാടുകളുടേയും മലയിലെ കയറ്റിറക്കങ്ങളിലൂടെയും സഞ്ചരിച്ച് പുതിയ മോഡലിന്റെ കഴിവുകളൊക്കെ തന്നെ പരീക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ചേരാനെല്ലൂരിലെ പോത്തൻസ് മഹീന്ദ്രയിൽ നിന്നും വാഹനം പുറത്തിറങ്ങിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഞങ്ങളുടെ യാത്രയ്ക്കായി പുതിയ മഹീന്ദ്ര എക്‌സ് യു വി 300 ഡീസൽ എ എം ടി വാഹനമെത്തി. 2 വേരിയന്റുകളാണ് എക്‌സ് യു വി 300 ഓട്ടോഷിഫ്റ്റിനുള്ളത്. ഏറ്റവും ഉയർന്ന വേരിയന്റായ ഡബ്ല്യു 8 ഓപ്ഷണലിലാണ് ഞങ്ങളുടെ യാത്ര. സാങ് യോങ്ങിന്റെ ടിവോലി പ്ലാറ്റ്‌ഫോമിൽ മഹീന്ദ്ര എക്‌സ് യു വി 300 ഏതാനും മാസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയപ്പോൾ തന്നെ സ്‌റ്റൈലിഷും തകർപ്പൻ പെർഫോമൻസും കാഴ്ച വയ്ക്കുന്ന ഈ വാഹനത്തിന് എന്തുകൊണ്ട് മഹീന്ദ്ര ഒരു ഓട്ടോമാറ്റിക് വേർഷൻ പുറത്തിറക്കിയില്ല എന്ന് വാഹനപ്രേമികൾ ചോദിച്ചതാണ്.

വാഹനപ്രേമികളെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരു എ എം ടി ഡീസൽ മോഡൽ വികസിപ്പിച്ചുകൊണ്ടിരുന്ന പ്രക്രിയയിലായിരുന്നു മഹീന്ദ്ര എന്നാണ് വാഹനം ഞങ്ങൾക്കായി എത്തിയപ്പോൾ ഞങ്ങൾക്കനുഭവപ്പെട്ടത്. നഗരനിരത്തിലൂടെ എക്‌സ് യു വി 300 ഓട്ടോഷിഫ്റ്റ് നീങ്ങിത്തുടങ്ങിയപ്പോൾ തന്നെ ഞങ്ങൾ അതിനെ നമിച്ചു. എ എം ടി ഗിയർ ബോക്‌സിൽ പ്രതീക്ഷിക്കപ്പെട്ടിരുന്ന ലാഗ് തെല്ലുമില്ലെന്നു മാത്രമല്ല നഗരനിരത്തുകൾ പിന്നിട്ട് ഹൈവേയിലേക്ക് കടന്നപ്പോൾ വാഹനം സ്‌പോർട്ടിനെസ്സും കരുത്തും പുറത്തെടുത്തുവെന്നു മാത്രമല്ല ഒരു സിവിടി ഗിയർ ബോക്‌സ് നൽകുന്ന അതേ സുഖം തന്നെ യാത്രയിൽ കാഴ്ച വയ്ക്കുകയും ചെയ്തു. മലമ്പാതകളിലും കയറ്റങ്ങളിലും ഹെയർപിൻ വളവുകളിലുമെല്ലാം ഞങ്ങളെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ഈ വാഹനം കാഴ്ച വച്ചത്. മഹീന്ദ്ര എക്‌സ് യു വി 300 ഡീസൽ എ എം ടി വരാനിരിക്കുന്ന ദിവസങ്ങളിൽ ഒരു എസ് യു വി വിപ്ലവത്തിനു തന്നെ വഴിവയ്ക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് തെല്ലും സംശയമില്ല.

വിവിധ തരത്തിലുള്ള ഭൂപ്രദേശങ്ങൾ വാഹനങ്ങളിൽ അനുഭവിക്കാനാകുന്ന പ്രദേശമാണ് അതിരപ്പിള്ളിയെന്നതിനാൽ പലപ്പോഴും പുതിയ വാഹനങ്ങളുടെ മോഡലുകൾ പ്രത്യക്ഷപ്പെടാൻ പോകുന്നുവെന്നു കേട്ടാലുടനെ അതിരപ്പിള്ളിയിലേക്ക് ഒരു യാത്ര ഞങ്ങൾ പദ്ധതിയിടാറുണ്ട്. പോരാത്തതിന് മഴക്കാലത്തെ അതിരപ്പിള്ളിക്കാടുകൾ അതിമനോഹരമാംവിധം സുന്ദരിയുമായിരിക്കും. എങ്ങും പച്ചപ്പ്. ജലാശയങ്ങളിൽ നിറയെ തെളിനീർ. മഴ പെയ്യുമ്പോഴാകട്ടെ കാടും വാഹനവും ഒരുപോലെ സുന്ദരമായിത്തീരുന്നതുപോലെ നമുക്ക് തോന്നുകയും ചെയ്യും. എക്‌സ് യു വി 300 എ എം ടിയുടെ റെഡ് റേജ് നിറത്തിലുള്ള തകർപ്പൻ മോഡലാണ് പച്ചക്കാടുകളിലേക്കുള്ള യാത്രയ്ക്ക് ഞങ്ങൾക്ക് ലഭിച്ചതെന്നത് ഞങ്ങളുടെ സന്തോഷം ഇരട്ടിയാക്കി. പച്ചപ്പിന്റെ പശ്ചാത്തലത്തിൽ ചുവന്ന വാഹനത്തിന് എന്തൊരു എടുപ്പായിരിക്കും. എക്‌സ് യു വി 300 ചേരാനെല്ലൂരു നിന്നും ഹൈവേ വഴി ചാലക്കുടിയിലേക്ക് കുതിച്ചുപായാൻ പിന്നെ വൈകിയില്ല. ചെറിയ ചാറ്റൽ മഴയുടെ വാട്ടർ സല്യൂട്ട് സ്വീകരിച്ചുകൊണ്ട് തലേന്ന് പുറത്തിറങ്ങിയ വാഹനത്തിന്റെ സ്റ്റിയറിങ്ങിൽ കൈ ചലിപ്പിക്കുമ്പോൾ ഒരു സഞ്ചാരിക്ക് ലഭിക്കുന്ന ആനന്ദം പറഞ്ഞറിയിക്കാവുന്നതല്ലല്ലോ. പ്രത്യേകിച്ചും കേരളത്തിലാദ്യമായി മഹീന്ദ്ര എക്‌സ് യു വി 300 എ എം ടി ഓടിക്കുന്നത് സ്മാർട്ട് ഡ്രൈവ് ആണെന്നു കൂടി മനസ്സിലാക്കുമ്പോൾ.

ഈ യാത്രയ്ക്ക് അതുകൊണ്ട് ഒരു എക്‌സ്‌ക്ലൂസീവ് സ്വഭാവം തന്നെയാണുള്ളത്. നേരത്തെ മഹീന്ദ്ര എക്‌സ് യു വി 300 മുംബൈയിൽ പുറത്തിറക്കിയപ്പോൾ മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്രയ്ക്ക് ഈ വാഹനത്തിലുള്ള പ്രത്യേക താൽപര്യവും ആവേശവും അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തന്നെ നമ്മൾ കേട്ടതാണല്ലോ. ഒരു ചെറിയ വാഹന കമ്പനിയിൽ നിന്നും ആഗോള ഭീമനായി വളരുന്ന തങ്ങൾക്ക് ഏറ്റവും സന്തോഷം നൽകുന്ന ദിനമായാണ് എക്‌സ് യു വി 300 പുറത്തിറക്കിയ ദിവസത്തെ തന്നെ അദ്ദേഹം വിശേഷിപ്പിച്ചത്. 3750 ആർ പി എമ്മിൽ 115 ബി എച്ച് പി ശേഷിയും 1500 ആർ പി എമ്മിൽ 300 ന്യൂട്ടൺ മീറ്റർ ടോർക്കും വാഗ്ദാനം ചെയ്യുന്ന 6 സ്പീഡ് എ എം ടി ഗിയർ ബോക്‌സാണ് പുതിയ എക്‌സ് യു വി 300നുള്ളത്. 257 ലിറ്റർ ബൂട്ട് സ്‌പേസും 42 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുമുള്ള വാഹനത്തിന്റെ ഡബ്ല്യു 8 ഓട്ടോഷിഫ്റ്റ് ഓപ്ഷണൽ വേരിയന്റാണ് ഞങ്ങൾക്കൊപ്പമുള്ളത്. മുന്നിൽ ആന്റി റോൾ ബാറോടു കൂടിയ മക്‌ഫേഴ്‌സൺ സ്ട്രറ്റ് സസ്‌പെൻഷനും പിന്നിൽ കോയിൽ സ്പ്രിങ്ങോടു കൂടിയ ട്വിസ്റ്റ് ബീം സസ്‌പെൻഷനുമുള്ള എക്‌സ് യു വി 300ന്റെ എ എം ടി വേർഷൻ ദുർഘടമായ പാതകളിൽപ്പോലും വലിയ കുലുക്കമൊന്നും അകത്തേക്കെത്തിച്ചില്ല.

ഹൈവേകളിലാകട്ടെ 80 കിലോമീറ്ററിലധികം വേഗത്തിൽ ആറാം ഗിയറിൽ ഹൈവേയിലൂടെ പറക്കുമ്പോൾ സ്‌റ്റൈബിലിറ്റി ഞങ്ങൾ ശരിക്കും അനുഭവിച്ചറിയുകയും ചെയ്തു. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ, മറേലിയുടെ 6 സ്പീഡ് എ എം ടി ഗിയർബോക്‌സ്, ധാരാളം സ്‌പേസുള്ള ഇന്റീരിയറുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഹീറ്റഡ് മിററുകൾ, സൺറൂഫ് എന്നിവയ്‌ക്കൊപ്പം ഏഴ് എയർ ബാഗുകളും മുന്നിലെ പാർക്കിങ് സെൻസറുകളും മിഡിൽ റിയർ ത്രീപോയിന്റ് സീറ്റ് ബെൽട്ടും മിഡിൽ റിയർ ഹെഡ് റെസ്റ്റും സീറ്റ് ബൈൽട്ട് വാണിങ്ങും ചൈൽഡ് സീറ്റ് ആങ്കർ പോയിന്റുകളും എ ബി എസ്, ഇ ബി ഡി, ഇ എസ് പി, ഹിൽ ഹോൾഡ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, തുടങ്ങിയ സുരക്ഷിതത്വ സന്നാഹങ്ങളുമുള്ള എക്‌സ് യു വി 300 എ എം ടി മോഡൽ ശരിക്കും ഒരു സ്റ്റാറാണ്. ആരും കൊതിച്ചുപോകുന്ന ഒരു മോഡൽ!

ചാലക്കുടി വഴി അതിരപ്പിള്ളിയിലേക്കുള്ള വഴിയെ പറക്കുകയാണ് ഇപ്പോൾ എക്‌സ് യു വി 300 എ എം ടി. പാതയിൽ പലയിടത്തും സൈക്കിൾ സഞ്ചാരികൾ ധാരാളമായുണ്ട്. വേറെ ചിലയിടത്ത് സ്‌കേറ്റ്‌ബോർഡിൽ കാനനപാതകളിലൂടെ നീങ്ങുന്നവർ. വെറ്റിലപ്പാറയിലെത്തിയപ്പോൾ രാവിലെ നടക്കാനിറങ്ങിയ സുഹൃത്തിനെ വഴിയിൽക്കണ്ടു. സിൽവർ സ്റ്റോം സ്‌നോ സ്റ്റോം വാട്ടർ തീം പാർക്കിന്റെ ഉടമയായ ഷാലിമാർ. എക്‌സ് യു വി 300 എ എം ടിയുടെ വരവു കണ്ടതും ഞങ്ങളായിരിക്കുമെന്ന് ഊഹിച്ച ഷാലിമാർ കൈകാട്ടി. വാഹനം നിർത്തിയ ഉടനെ എ എം ടി വേർഷൻ എങ്ങനെയുണ്ടെന്ന് ഷാലിമാറിന്റെ ചോദ്യം. ”അതിഗംഭീരം,” എന്ന് ബൈജു എൻ നായരുടെ മറുപടി. ”കഴിഞ്ഞയാഴ്ച ഞാൻ മഹീന്ദ്രയുടെ അൾട്ടൂരാസ് ജി4 വാങ്ങിയതേയുള്ളു. മഹീന്ദ്രയുടെ ആ വാഹനം ജർമ്മൻ നിർമ്മിത ആഡംബര കാറുകളേക്കാൾ മെച്ചമാണെന്ന് എനിക്ക് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്. സാങ്‌യോങ്ങുമായുള്ള ചങ്ങാത്തം മഹീന്ദ്രയെ ശരിക്കും അന്താരാഷ്ട്ര നിലവാരമുള്ള വാഹനങ്ങൾ നിർമ്മിക്കുന്ന കമ്പനിയാക്കി മാറ്റിയിരിക്കുന്നു,” ഷാലിമാർ തന്റെ മഹീന്ദ്ര പ്രേമം മറച്ചുവച്ചില്ല. എ എം ടിയുടെ അകവും പുറവുമെല്ലാം വിശദമായി പരിശോധിച്ച് തൃപ്തിപ്പെട്ടതിനുശേഷമാണ് അദ്ദേഹം നടത്തം തുടർന്നത്.

ഭരണകൂടത്തിന്റെ തെറ്റായ ഡാം മാനേജ്‌മെന്റ് നയം മൂലം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കേരളത്തിലുണ്ടായ പ്രളയത്തിന്റെ ആഘാതം ഏറ്റവുമധികം നേരിട്ട ഒരു പാലത്തിലാണ് ഇപ്പോൾ എക്‌സ് യു വി 300 എ എം ടി. പാലത്തിന്റെ കൈവരികൾ പലതും പൊളിഞ്ഞിളകിപ്പോയിട്ടും പലയിടത്തും പാലം അടിയിലേക്ക് ഇരുന്നുപോയിട്ടും ഇതുവരേയ്ക്കും അവയുടെ തകരാറുകൾ പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്ന കാഴ്ച ഞങ്ങളെ ശരിക്കും ഞെട്ടിച്ചു. അപകടാവസ്ഥയിലായ ഈ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിന് യാതൊരു വിലക്കും ഇപ്പോഴും സർക്കാർ ഏർപ്പെടുത്തിയിട്ടില്ലെന്നതാണ് ഞങ്ങളെ ഏറ്റവുമധികം ഞെട്ടിച്ചത്. മഹീന്ദ്ര എക്‌സ് യു വി 300 എ എം ടി തങ്ങളുടെ പുതിയ വാഹനത്തിൽ എല്ലാവിധ സുരക്ഷാ സന്നാഹങ്ങളുമൊരുക്കിയിട്ടുണ്ടെങ്കിലും ആ വാഹനം കടന്നുപോകുന്ന പാലം അപകടാവസ്ഥയിലാണെങ്കിൽ പിന്നെ എന്തുകാര്യം! പൊതുമരാമത്തു വകുപ്പിന്റെ കടുത്ത അനാസ്ഥ അനുഭവിച്ചറിയുകയായിരു ന്നു ആ നിമിഷത്തിൽ ഞങ്ങൾ. വാഹനം വാങ്ങുന്നവരിൽ നിന്നും ഈടാക്കുന്ന റോഡ് ടാക്‌സ് ഈ നിരത്തുകൾ നന്നാക്കാനല്ലെങ്കിൽപ്പിന്നെ എന്തിനാണ് സർക്കാർ വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്?
വെറ്റിലപ്പാറയിൽ നിന്നും ചാലക്കുടിപ്പുഴയിലേക്കുള്ള കുത്തനെയുള്ള നിരത്തിലൂടെ താഴേയ്ക്ക് എക്‌സ് യു വി 300 എ എം ടി ഞങ്ങൾ ഇറക്കി നോക്കി. ഹിൽ ഹോൾഡ് കൺട്രോൾ എത്ര സ്വാഭാവികമാംവിധമാണ് പ്രവർത്തിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായി. മഴക്കാലമാണെങ്കിലും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് ആ ആവേശമൊന്നുമില്ലെന്ന് ഒഴുകി വരുന്ന ജലത്തിന്റെ കുറവിൽ നിന്നു തന്നെ വ്യക്തം. കഴിഞ്ഞ നൂറു വർഷത്തിനിടയിൽ ഏറ്റവും മഴ കുറഞ്ഞ വർഷമായിരുന്നു 2019 ജൂൺ എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിരീക്ഷണം വന്നതു വെറുതെയല്ല. ജൂലൈ ആദ്യവാരത്തിൽ മഴ കനത്തില്ലെങ്കിൽ 41 ദിവസത്തേക്കുള്ള ജലം മാത്രമേ നമ്മുടെ റിസോർവയറുകളിൽ ഉപയോഗത്തിനായിയുള്ളുവെന്ന് ജലവകുപ്പു മന്ത്രി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. പ്രളയത്തിനുശേഷം വലിയൊരു വരൾച്ചയെ ആണ് ഇന്ത്യൻ സംസ്ഥാനങ്ങൾ കാത്തിരിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട് കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങൾ.

ചാലക്കുടിപ്പുഴയിൽ രാവിലെ തന്നെ പലരും മീൻപിടിക്കാനെത്തിയിട്ടുണ്ടെങ്കിലും ആർക്കും കാര്യമായി ഒന്നും ലഭിച്ചതായി കാണുന്നില്ല. മത്സ്യസമ്പത്ത് തന്നെ വല്ലാതെ നമ്മുടെ നദികളിൽ കുറഞ്ഞിരിക്കുന്നു. എഫ്‌ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളുണ്ടെങ്കിലും അത് ഉപയോഗിക്കാതെ രാസമാലിന്യങ്ങൾ പുഴയിലേക്ക് തള്ളുന്ന നിരവധി ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ടല്ലോ പുഴയുടെ തീരങ്ങളിൽ. ഇതെല്ലാം പോരാഞ്ഞ്, അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയിലൂടെ പ്രദേശത്തെ വനത്തെപ്പോലും നശിപ്പിക്കാൻ തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് എം എം മണിയെപ്പോലുള്ള മന്ത്രിമാർ. പരിസ്ഥിതിയോട് മനുഷ്യൻ കാട്ടുന്ന വിനാശകരമായ നിലപാടുകളുടെ പ്രത്യാഘാതങ്ങൾ കാടുകളിലേക്കുള്ള യാത്രകളിൽ എപ്പോഴും സ്മാർട്ട് ഡ്രൈവിനെ അലട്ടാറുള്ളതാണ്. ഞങ്ങൾ അതിരപ്പിള്ളി വനത്തിലൂടെയാണ് ഇപ്പോൾ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. മലമ്പാതകളിലെ വളവുകളും തിരിവുകളുമെല്ലാം അനായാസമായാണ് എക്‌സ് യു വി 300 എ എം ടി കയറിക്കൊണ്ടിരിക്കുന്നത്. ഹാൻഡ്‌ലിങ് മികവ് ഓരോ സന്ദർഭങ്ങളിലും വാഹനം ഞങ്ങൾക്ക് അനുഭവിച്ചറിയാൻ അവസരമൊരുക്കുന്നുണ്ട്. സുഖകരമായ സീറ്റിങ്ങും മുന്നിലും പിന്നിലുമൊക്കെയുള്ള ലെഗ്‌സ്‌പേസും ഹെഡ് സ്‌പേസുമെല്ലാം യാത്ര കൂടുതൽ സുന്ദരമാക്കിക്കൊണ്ടിരിക്കുന്നു. 2600 എം എം ആണ് എക്‌സ് യു വി 300ന്റെ വീൽബേസ്. 3995 എം എം നീളവും 1821 എം എം വീതിയും 1627 എം എം ഉയരവുമുണ്ട് ഈ വാഹനത്തിന്.

അതിരപ്പിള്ളിയിലെ ചെക്‌പോസ്റ്റിൽ വാഹനം മലയ്ക്കപ്പാറയ്ക്ക് പോകുന്നതിനായി പാസ്സ് എടുക്കുന്നതിനായി ഞങ്ങൾ നിർത്തിയപ്പോൾ ഒരു കൂട്ടം യുവാക്കൾ ഞങ്ങളെ വളഞ്ഞു. എല്ലാവർക്കുമറിയേണ്ടത് എക്‌സ് യു വി 300ന്റെ എ എം ടിയുടെ പെർഫോമൻസിനെപ്പറ്റി തന്നെ. ഒരു സിവിടി ഗിയർ ബോക്‌സിന്റെ അതേ ഗരിമ തന്നെയുണ്ട് നന്നായി ട്യൂൺ ചെയ്ത എക്‌സ് യു വി 300ന്റെ എ എം ടി ഗിയർ ബോക്‌സിനെന്ന് ബൈജു പറഞ്ഞപ്പോൾ അവർക്കാവേശം. എസ് യു വികളിൽ മഹീന്ദ്ര തരംഗം സൃഷ്ടിക്കുമെന്ന് അവരുടെ പ്രതികരണങ്ങളിൽ നിന്നു തന്നെ വ്യക്തം. മഹീന്ദ്രയുടെ പുതിയ വാഹനങ്ങളുടെയെല്ലാം ഉപഭോക്താക്കളിൽ ഭൂരിഭാഗവും യുവാക്കളാണ്. മികച്ച ഫീച്ചറുകളും മികച്ച പ്രകടനവും സുഖസൗകര്യങ്ങളുമുള്ള, താങ്ങാനാവുന്ന വിലയിൽ ലഭിക്കുന്ന ഒരു എ എം ടി ഡീസൽ എസ് യു വിക്കായുള്ള കാത്തിരിപ്പിലായിരുന്നുവല്ലോ ജനങ്ങൾ. എക്‌സ് യു വി 300 ഡീസൽ എ എം ടി അവരെ കൈയിലെടുക്കാൻ ഇതാ അവതരിച്ചിരിക്കുന്നു.

മഴയത്ത് പലയിടത്തും മരങ്ങൾ വീണുകിടക്കുന്നതിനാൽ പാത ക്ലിയർ ചെയ്യുന്ന ജോലിയിലാണ് ഫോറസ്റ്റ് ജീവനക്കാർ. വെട്ടിമാറ്റിയ ശിഖരങ്ങൾക്കിടയിലൂടെ എക്‌സ് യു വി 300 ഒതുക്കത്തോടെ കടന്നുപോയി. മുന്നിലും പിന്നിലും സെൻസറുകളും പിന്നിൽ റിയർ വ്യൂ ക്യാമറയും പാർക്ക് അസിസ്റ്റുമൊക്കെയുള്ളതിനാൽ എക്‌സ് യു വി 300 ഏത് ദുർഘടഘട്ടത്തിലും ഓടിക്കാൻ എളുപ്പമാണ്. മലയ്ക്കപ്പാറയിലേക്കുള്ള വഴിയെല്ലാം നനഞ്ഞു കിടപ്പാണ്. പക്ഷേ അതൊന്നും എക്‌സ് യു വി 300ന്റെ പ്രകടനത്തെ തെല്ലും ബാധിക്കുന്നേയില്ല. നല്ല റോഡ് ഗ്രിപ്പും സ്റ്റെബിലിറ്റിയും വാഹനത്തിനുള്ള തിനാൽ സ്‌കിഡ് ചെയ്യുമെന്ന ഭയമൊന്നും ഞങ്ങൾക്കില്ല. കാട്ടുപാതകളിൽ പലയിടത്തും പ്രളയത്തിൽ തകർന്ന നിരത്തിന്റെ തകരാറുകൾ ഇനിയും പരിഹരിച്ചിട്ടില്ല. പലയിടത്തും അപകടകരമാംവിധം വെള്ളം ഒലിച്ചിറങ്ങി മണ്ണിടിയുമെന്ന മട്ടിലാണ് നിലകൊള്ളുന്നത്. ടച്ച് സ്‌കീൻ ഡിസ്‌പ്ലേയ്ക്കു പുറമേ സ്റ്റീയറിങ് മൗണ്ടഡ് കൺട്രോളുകളും എക്‌സ് യു വി 300 ഓട്ടോഷിഫ്റ്റിനു ള്ളതിനാൽ റേഡിയോയുടെ ശബ്ദ നിയന്ത്രണമൊക്കെ അതിലാണ്. ആറു സ്പീക്കറുകളുണ്ട് വാഹനത്തിൽ. സുന്ദരവും സുവ്യക്തവുമാണ് ശബ്ദം. ജി പി എസ് നാവിഗേഷൻ സംവിധാനവും ബ്ലൂടൂത്ത്, ഓക്‌സിലറി, യു എസ് ബി, ഐ പോഡ് കോംപാറ്റിബിലിറ്റിയും എം പി 3 പ്ലേബാക്കും സി ഡി പ്ലേയറുമൊക്കെ വാഹനത്തിലുണ്ട്.

മലയ്ക്കപ്പാറ എത്താറായപ്പോഴേയ്ക്ക് മഴ നിന്നു. ഞങ്ങൾ എക്‌സ് യു വി 300ന്റെ സൺറൂഫ് തുറന്നിട്ടു. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയാണ് ഇപ്പോൾ യാത്ര. രാവിലെ പന്ത്രണ്ടര ആയതോടെ കൊളുന്തുനുള്ളൽ അവസാനിപ്പിച്ച് ഭക്ഷണത്തിനായി മടങ്ങുന്ന തൊഴിലാളികളെ എവിടേയും കാണാം. മഴക്കാലങ്ങളിൽ കൊളുന്തുനുള്ളൽ രാവിലെ തന്നെ അവസാനി ക്കും. ഉച്ചതിരിയുമ്പോഴേയ്ക്കും കോടമഞ്ഞിറങ്ങുന്നതാണ് കാരണം. എക്‌സ് യു വി 300 അവരുടെ പശ്ചാത്തലത്തിൽ ചില ഫോട്ടോകൾക്ക് പോസ് ചെയ്തു.

നഗരപാതയും ഹൈവേയും മലമ്പാതകളും ദുർഘടപാതകളുമൊക്കെ താണ്ടാൻ മഹീന്ദ്രയുടെ എക്‌സ് യു വി 300 ഓട്ടോഷിഫ്റ്റിന് കഴിയുമെന്ന് ഈ യാത്ര ഞങ്ങളെ ബോധ്യപ്പെടുത്തി. എസ് യു വികളുടെ ലോകത്ത് മഹീന്ദ്ര എക്‌സ് യു വി 300 ഓട്ടോഷിഫ്റ്റ് വരുത്താനിരിക്കുന്ന വിപ്ലവകരമായ മാറ്റം ആദ്യം തിരിച്ചറിഞ്ഞുവെന്ന സന്തോഷമായിരുന്നു മടക്കയാത്രയിൽ ഞങ്ങൾക്ക്. എക്‌സ് യു വി 300 ഓട്ടോഷിഫ്റ്റും ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നതുപോലെ ഞങ്ങൾക്ക് തോന്നിയത് വെറുതെയായിരിക്കാനിടയില്ല. മനുഷ്യനും യന്ത്രവും തമ്മിൽ താദാത്മ്യം പ്രാപിക്കുന്ന ചില അപൂർവ നിമിഷങ്ങൾ ചില യാത്രകളിൽ ഉണ്ടാകാറുണ്ടല്ലോ!$

Vehicle Provided By:
Pothens Mahindra
Manjummal Kavala, Cheranelloor, Ernakulam
Ph: 75588 89202

Copyright: Smartdrive- July 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>