Mahindra XUV 300 Launched at Rs. 7.90 Lac: Launch in pictures
February 15, 2019
Jaguar Tales: How Jaguar XE captured their soul?
February 18, 2019

Exclusive test drive: Mahindra XUV 300

മഹീന്ദ്രയുടെ ഏറ്റവും പുതിയ കോംപാക്ട് എസ് യു വി യാണ് എക്‌സ് യു വി 300. സാങ്‌യോങ് ടിവോലിയിൽ നിന്നും ജന്മംകൊണ്ട ഈ മോഡലിന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലേക്ക്…

എഴുത്തും ചിത്രങ്ങളും: ബൈജു എൻ നായർ

ഉദയ്പൂരിലെ കൊടുംതണുപ്പിൽ മാരുതി വാഗൺആറിന്റെ ഷൂട്ട് പൂർത്തിയാക്കി വന്നിറങ്ങിയത് ഗോവയിലെ കൊടുംചൂടിലേക്കാണ്. ചൂടിനോട് പണ്ടേ ഇഷ്ടക്കേടുണ്ട് എനിക്ക്. അതുകൊണ്ട് ഗോവൻ ചൂടേറ്റ് മനസ്സൊന്ന് മടുത്തു. എന്നാൽ കൺസോളിം ബീച്ചിനരികെ ഐടിസി ഗ്രാന്റ് ഗോവ റിസോർട്ടിലേക്ക് പ്രവേശിച്ചപ്പോൾ മനസിന് കുളിരാണ് തോന്നിയത്. അവിടുത്തെ പാർക്കിങ് ഗ്രൗണ്ടിൽ കിടക്കുകയല്ലേ, നാളെ ഇന്ത്യയുടെ താരമാകാൻ പോകുന്ന ഒരു വാഹനം – എക്‌സ് യു വി 300! പച്ചയും ചുവപ്പും നിറങ്ങളുടെ ഇരുപതോളം എക്‌സ് യു വി 300കൾ. ഓടിച്ചെന്ന് കീ കൈക്കലാക്കാനാണ് തോന്നിയത്. പക്ഷേ പിറ്റേന്ന് രാവിലെയേ ടെസ്റ്റ് ഡ്രൈവുള്ളു എന്നും പറഞ്ഞ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ടുമെന്റിലെ ഗൗരവ് എന്റെ ആവേശം തണുപ്പിച്ചു.

സത്യത്തിൽ നേരമൊന്ന് വെളുക്കാൻ കാത്തിരിക്കുകയായിരുന്നു. ഏറെ പ്രതീക്ഷയുള്ള വാഹനമായതുകൊണ്ട് മനസ്സിൽ ആവേശത്തിന്റെ തിരയിളക്കം വീണ്ടും ആരംഭിച്ചു. രാവിലെ 6.30ന് എക്‌സ് യു വി 300 എന്റെ സ്വന്തമായി. ഞാനും ഏഷ്യാനെറ്റിന്റെ ക്യാമറാമാൻ ധനേഷും കൂടി ഗോവയുടെ ഗ്രാമങ്ങളിലേക്ക് ഊളിയിട്ടു.

എക്‌സ് യു വി 300

എക്‌സ് യുവി 500 ന്റെ കുഞ്ഞനിയനാണ് 300 എന്നു പറയാം. എന്നാൽ മഹീന്ദ്രയുടെ മറ്റ് മിഡ്‌സൈസ് എസ് യു വി (അല്ലെങ്കിൽ എംയുവി കളായ കെയുവി 100, ടിയുവി 300 എന്നിവയെപ്പോലെ ഇവനൊരു തനി ഇന്ത്യക്കാരനല്ല എന്നതാണ് പ്രത്യേകത. അല്പകാലം മുമ്പ് മഹീന്ദ്ര ഏറ്റെടുത്ത കൊറിയൻ കമ്പനിയായ സാങ്‌യോങിന്റെ ടിവോലിയാണ് ഇപ്പോൾ രൂപമാറ്റത്തോടെ എക്‌സ് യുവി 300 ആയി എത്തിയിരിക്കുന്നത്. (സാങ്‌യോക്ക് റെക്‌സ്ടൺ ആണല്ലോ അൾട്ടൂരാസ് ആയത്)


2015 ൽ വിപണിയിലെത്തിയ ടിവോലി 50 രാജ്യങ്ങളിലായി 2.6 ലക്ഷം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. കൊറിയയിലെ എസ്‌യുവി വിപണിയുടെ 30 ശതമാനത്തിലേറെ സ്വന്തമാക്കിയിട്ടുണ്ട് ഈ മിഡ്‌സൈസ് എസ് യുവി.
എക്‌സ് യുവി 300ന്റെ പ്ലാറ്റ്‌ഫോം ടിവോലിയുടേതു തന്നെയാണ്. എന്നാൽ രൂപം മഹീന്ദ്രയുടെ തനത് രൂപത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യയിൽ മാരുതി ഗ്രാന്റ് വിറ്റാര, ഫോർഡ് ഇക്കോസ്‌പോർട്ട്. ഹോണ്ട ഡബ്ല്യൂ ആർസി എന്നിവയോടാവും എക്‌സ്‌യുവി 300 ഏറ്റുമുട്ടുക.

കാഴ്ച

എക്‌സ്‌യുവി 300 കാണുമ്പോൾ ആദ്യം ശ്രദ്ധയിൽ പെടുക മറ്റെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഡേടൈം റണ്ണിങ് ലാമ്പാണ്. നീണ്ട ‘എൽ’ ഷെയ്പുള്ള ഈ ഡിആർഎൽ വാഹനത്തിന് പ്രത്യേക ഭംഗി നൽകുന്നുണ്ട്. ഹെഡ്‌ലാമ്പ് ഡിസൈനിൽ ജ്യേഷ്ഠസഹോദരനായ എക്‌സ്‌യുവി 500 എത്തിനോക്കുന്നുണ്ട്. ചതുരാകൃതിയിലുള്ള ബോണറ്റിൽ പവർ ലൈനുകൾ കാണാം. ക്രോമിയം ഫിനിഷുള്ള ഗ്രില്ലിന്റെ തുടർച്ച പോലെ എയർഡാം കൊടുത്തിരിക്കുന്നു.


ഡേടൈം റണ്ണിങ് ലാമ്പ് മുട്ടി നിൽക്കുന്നുത് ഫോഗ്‌ലാമ്പ് ക്ലസ്റ്ററിലാണ്. സ്‌കഫ് പ്ലേറ്റ് പോലൊരു ഭാഗമാണ് മുന്നിൽ എടുത്തു പറയാവുന്ന മറ്റൊരു ഘടകം. 180 മി.മീ ഗ്രൗണ്ട് ക്ലിയറൻസുള്ള എക്‌സ് യുവി 300ന് എസ്‌യുവി ലുക്ക് നൽകാൻ ഈ ഗ്രൗണ്ട് ക്ലിയറൻസും സ്‌കഫ് പ്ലേറ്റുമൊക്കെ സഹായിക്കുന്നുണ്ട്.

ടിവോലിയുടേതുപോലെ തന്നെ തടിച്ചുരണ്ട വീൽ ആർച്ചുകളിൽ 17 ഇഞ്ച് വീലുകളാണുള്ളത്. ഭംഗിയുള്ള അലോയ് വീലുകളുമുണ്ട്. സൈഡ് പ്രൊഫൈലിൽ ഇപ്പോൾ നിരത്തിൽ കണ്ടുവരുന്ന ചില എസ്‌യുവികളുടെ രൂപഛായയുണ്ട്. എന്നാൽ ‘സി’ പില്ലറിന്റെ ഭാഗവും അവിടുത്തെ ഉയർന്നു വരുന്ന ബോഡി ലൈനും ഓർമ്മിപ്പിക്കുന്നത് എക്‌സ്‌യുവി 500 നെയാണ്. റൂഫിന്റെ നിറം വ്യത്യസ്തമായതിനാൽ ഫ്‌ളോട്ടിങ് റൂഫിന്റെ പ്രതീതി ലഭിക്കുന്നുണ്ട്. ഗ്രാബ് റെയ്‌ലും റൂഫിൽ കാണാം.


പിന്നിൽ കാണുന്നത് മനോഹരമായ എൽഇഡി ടെയ്ൽ ലാമ്പുകളാണ്. ടെയ്ൽ ലാമ്പിന്റെ ഷെയ്പ്പിനനുസരിച്ച് ബൂട്ട് ലിഡിന്റെ ലൈനുകളും സൃഷ്ടിച്ചിരിക്കുന്നത് രസകരമായ കാഴ്ചയാണ്. തടിച്ച, ബ്ലാക്ക് ക്ലാഡിങ്ങോടുകൂടിയ ബമ്പറും അലൂമിനിയം സ്‌കഫ് പ്ലേറ്റുമാണ് പിന്നിൽ കാണാവുന്ന മറ്റ് കാര്യങ്ങൾ.
മൊത്തത്തിൽ എക്‌സ്‌യുവി 300 ന്റെ രൂപം വളരെ എക്‌സൈറ്റിങ് ഒന്നുമല്ല. ഒരിടത്തും കാണാത്ത രീതിയിലുള്ള ഡിസൈനുമല്ല ഈ വാഹനത്തിനുള്ളത്. എന്നാൽ ഡിസൈനിൽ പുലർത്തിയിരിക്കുന്ന അച്ചടക്കവും വൃത്തിയും കാണാതിരിക്കാനാവില്ല. ഒട്ടും ദുർമേദസ്സില്ലാതെ, ഒതുക്കത്തോടെയാണ് ഈ വാഹനം രൂപകല്പനം ചെയ്തിരിക്കുന്നത്.

ഉള്ളിൽ

ബ്ലാക്കും ലൈറ്റ് ബീജുമാണ് ഉള്ളിലെ നിറങ്ങൾ. എക്സ്റ്റീരിയറിൽ മാറ്റം വരുത്തിയതുപോലെ ഇന്റീരിയറിൽ വലിയ മാറ്റൊന്നും വരുത്തിയിട്ടില്ല. ഉൾഭാഗം ടിവോലിയുടേതു തന്നെ എന്നു പറയാം.
ഡാഷ്‌ബോർഡ് തള്ളി നിൽക്കാത്ത രീതിയിൽ ഉയരം കൂട്ടി ഡിസൈൻ ചെയ്തിരിക്കുന്നു. അതിന്മേൽ, 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ ഉയർന്നു നിൽക്കുന്നു. ബ്ലൂസെൻസ്, ഇക്കോസെൻസ് തുടങ്ങിയ മഹീന്ദ്രയുടെ സ്വന്തം ആപ്പുകൾ ഇതിൽ ഉൾച്ചേർത്തിട്ടുണ്ട്. ക്ലൈമറ്റ് കൺട്രോൾ, എമർജൻസി അസിസ്റ്റ് എന്നിവയൊക്കെ ബ്ലൂസെൻസ് ആപ്പിലുണ്ട്. വേണമെങ്കിൽ സ്മാർട്ട്‌വാച്ചിൽ ഈ ആപ്പ് ഇൻസ്റ്റോൾ ചെയ്തിട്ട്, വാഹനത്തിലെ സിസ്റ്റം പ്രവർത്തിപ്പിക്കുകയുമാവാം. ഇക്കോസെൻസ് ആപ്പിൽ ഡ്രൈവറുടെ ഡ്രൈവിങ് കഴിവുകൾ വിലയിരുത്തപ്പെടുന്നു. വേഗത, ഗിയർ സെലക്ഷൻ, ആക്‌സിലറേഷൻ, ഐഡ്‌ലിങ് എന്നിവയൊക്കെ വിലയിരുത്തി മാർക്ക് നൽകുകയാണ് ഈ ആപ്പ് ചെയ്യുന്നത്. പിഴവുകൾ മനസ്സിലാക്കി തിരുത്തി മികച്ച ഡ്രൈവറായി മാറാൻ ഈ ആപ്പ് അവസരമൊരുക്കുന്നു.


ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവയൊക്കെ ഈ സിസ്റ്റത്തിലുണ്ട്. നാലു സ്പീക്കറുകളും രണ്ട് ട്വീറ്ററുകളും സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നു.
ഡ്യൂവൽഡോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൂഡിനനുസരിച്ച് നിറം മാറ്റാവുന്ന മീറ്റർ കൺസോൾ, മുന്നിലും പാർക്കിങ് സെൻസറുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിങ് വീലും ഗിയർനോബും തുടങ്ങിയ സവിശേഷതകൾ വേറെയുണ്ട്. എല്ലാ സീറ്റ് ബെൽറ്റുകൾക്കും വാണിങ് അലാറം സെഗ്‌മെന്റിൽ ആദ്യമായാണ്.


സ്റ്റോറേജ് സ്‌പേസുകളും ധാരാളം ബൂട്ട്‌സ്‌പേസും എക്‌സ് യുവി 300 ലുണ്ട്. ഡ്രൈവർ സീറ്റിന്റെ ഉയരം മാനുവലി വർദ്ധിപ്പിക്കാം. സ്റ്റിയറിങ് വീലിൽ കൺട്രോളുകളും ക്രൂയിസ് കൺട്രോൾ സ്വിച്ചുമുണ്ട്. സൺറൂഫാണ് എടുത്തു പറയേണ്ട മറ്റൊരു ഫീച്ചർ.
പിൻസീറ്റിലും ധാരാളം സ്‌പേസുണ്ട്. 2600 മി.മീ. വീൽബെയ്‌സും പരന്ന പ്ലാറ്റ്‌ഫോമും പിൻഭാഗത്തെ ഇരിപ്പ് അനായാസമാക്കുന്നു.

സേഫ്റ്റി

എല്ലാ വേരിയന്റിലും രണ്ട് എയർബാഗുകൾ (ടോപ് വേരിയന്റിൽ ഏഴ് എയർബാഗുകൾ) എബിഎസ്, ഇബിഡി, 4 വീലുകളുകളിലും ഡിസ്‌ക് ബ്രേക്ക് എന്നിവയുണ്ട്. റോൾ ഓവർ വിറ്റിഗേഷൻ ട്രാക്ഷൻ കൺട്രോൾ, ഡൈനാമിറ്റ് സ്റ്റിയറിങ് ടോർക്ക്, ഹിൽസ്റ്റാർട്ട് അസിസ്റ്റ് എന്നിവയും സേഫ്റ്റി ഫീച്ചറുകളിൽ പെടുന്നു.

ഡ്രൈവ്

1.2 ലിറ്റർ, 110 ബിഎച്ച്പി പെട്രോൾ, 1.5 ലിറ്റർ, 115 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ. ടെസ്റ്റ് ഡ്രൈവിനായി ലഭിച്ചത് ഡീസൽ എഞ്ചിൻ മോഡൽ മാത്രമാണ്. അസാധാരണമാം വിധം റിഫൈൻഡും സ്‌പോർട്ടിയുമാണ് ഈ എഞ്ചിൻ. വേരിയബ്ൾ ജ്യോമട്രി ചാർജറുള്ള ഈ എഞ്ചിൻ 3750 ആർപിഎമ്മിലാണ് മാക്‌സിമം പവർ നൽകുന്നത്. 1500-2500 ആർപിഎമ്മിൽ മാക്‌സിമം ടോർക്കും നൽകുന്നു. 6 സ്പീഡ് മാനുവൽ ആണ് ഗിയർ ബോക്‌സ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉടനെയില്ല.


ലാഗിന്റെ എത്തിനോട്ടം പോലുമില്ലാതെ, ശബ്ദകോലാഹലങ്ങളില്ലാതെ പായുന്ന ഈ എഞ്ചിൻ ഗോവയുടെ തിരക്കുകളിലും ഹൈവേകളിലും അച്ചടക്കത്തോടെ നിയന്ത്രണത്തിൽ നിന്നു. പെട്രോൾ എഞ്ചിന്റെ ഡ്രൈവിങ് സുഖം ഈ ഡീസൽ എഞ്ചിൻ നൽകുന്നുണ്ട്. ഗിയർഷിഫ്റ്റുകൾ അനായാസമാണ്. ഗിയർബോക്‌സ് ഒന്നാന്തരമെന്ന് പറയാതിരിക്കാനാവില്ല. ബോഡിറോൾ വളരെ കുറവാണ്. സസ്‌പെൻഷൻ അതിഗംഭീരമായി ട്യൂൺ ചെയ്തിരിക്കുന്നു.

ഓട്ടോമാറ്റിക് വേരിയന്റ് ഉണ്ടായിരുന്നുവെങ്കിൽ ഞാനിത് ബുക്ക് ചെയ്‌തേനെ എന്ന് ടെസ്റ്റ്‌ഡ്രൈവിനെത്തിയ ഒരു ഓട്ടോമൊബൈൽ ജേർണലിസ്റ്റ,് മഹീന്ദ്രയുടെ പ്രോഡക്ട് പ്ലാനിങ്ങിലെ ഉദ്യോഗസ്ഥനും മലയാളിയുമായ ഗൗതത്തോട് പറയുന്നതു കേട്ടു. എനിക്കും അങ്ങനെയാണ് തോന്നിയത്. സത്യം!$

Copyright: Smartdrive- Feb. 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>