Adam’s Treat! – Travel to Adaminte Chayakkada
September 15, 2018
Test drive: Mercedes Benz C43 AMG
September 15, 2018

Exclusive test drive: Mahindra Marazzo

8 സീറ്റുകളുടെ വിശാലതയുമായി മഹീന്ദ്രയുടെ പുതിയ മൾട്ടിപർപ്പസ് വാഹനം – മരാസോ- വിപണിയിലെത്തി. ഈ സെഗ്‌മെന്റിലെ സൂപ്പർസ്റ്റാറായ ടൊയോട്ട ഇന്നോവയ്ക്ക് മരാസോ ഭീഷണിയാകുമോ?

എഴുത്ത്: ബൈജു എൻ നായർ ഫോട്ടോ: ഷില്ലറ്റ് സിജോ

എതിരാളികളില്ലാത്ത ജൈത്രയാത്ര തുടരുകയാണ് ടൊയോട്ട ഇന്നോവ. മറ്റു രാജ്യങ്ങളിലേതിനേക്കാൾ കൂടിയ വിലയ്ക്കാണ് ഇന്നോവ ഇന്ത്യയിൽ വിൽക്കുന്നതെങ്കിലും ഡിമാന്റിന് ഒരു കുറവുമില്ല. ഇക്കാലയളവിനിടയിൽ പല വാഹന നിർമ്മാതാക്കളും ഇന്നോവയുടെ സിംഹാസനം സ്വപ്‌നം കണ്ട് പല മോഡലുകളും വിപണിയിലെത്തിച്ച്, ശ്രമം നടത്തി. മഹീന്ദ്ര സൈലോ, റെനോ ലോഡ്ജി, ടാറ്റ ഹെക്‌സ എന്നിവയൊക്കെ ഉദാഹരണങ്ങൾ. പക്ഷേ, അവയ്‌ക്കൊന്നും ഇന്നോവയുടെ ജനപ്രീതിയോ മാർക്കറ്റ് ഷെയറോ സ്വന്തമാക്കാൻ കഴിഞ്ഞില്ല.

രണ്ടാംനിര സീറ്റിലെ യാത്രാ സുഖമാണ് ഇന്നോവയുടെ ജനപ്രീതിക്ക് പ്രധാനകാരണം. ടൊയോട്ടയുടെ തന്നെ വില കൂടിയ മോഡലായ ഫോർച്യൂണറിനു പോലും ഇന്നോവയുടെ യാത്രാസുഖം അവകാശപ്പെടാനാവില്ല. അങ്ങനെയിരിക്കെയാണ് മഹീന്ദ്ര, ഒരു 8 സീറ്റർ മൾട്ടി പർപ്പസ് വാഹനവുമായി വരുന്നു എന്നു കേട്ടത്. മാരുതി എർട്ടിഗ എന്ന, താരതമ്യേന ചെറിയ എംപിവിയുടെ എതിരാളിയാകാനാണ് മരാസോയുടെ വരവെന്ന് വാഹന വിദഗ്ദ്ധർ കരുതി. എന്നാൽ മരാസോ കണ്ടപ്പോൾ ആ സംശയമൊക്കെ മാറി. ഇവൻ പ്രതിയോഗിയാകാൻ പോകുന്നത് ടൊയോട്ട ഇന്നോവയ്ക്കു തന്നെ.!

മരാസോ

അമേരിക്കയിലെ മിഷിഗണിലുള്ള മഹീന്ദ്രയുടെ നോർത്ത് അമേരിക്കൻ ടെക്‌നിക്കൽ സെന്ററും മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റലിയിലെ പിനിൻഫാരിന ഡിസൈൻ സ്റ്റുഡിയോയും ചേർന്നാണ് മരാസോയുടെ രൂപകല്പനയും നിർമ്മാണവും നിർവഹിച്ചത്. അളവുകൾ നോക്കിയാൽ ഇന്നോവയെക്കാൾ 250 മി.മീ നീളവും 20 മി.മീ. വീതം ഉയരവും വീതിയും കുറവാണ് മരാസോയ്ക്ക്. എന്നാൽ വീൽബെയ്‌സ് അല്പം കൂടുതലുണ്ട്.

കാഴ്ച

മരാസോ എന്നാൽ സ്പാനിഷ് ഭാഷയിൽ ‘സ്രാവ്’ എന്നാണർത്ഥം സ്രാവിന്റെ രൂപഭാവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മരാസോയുടെ ഡിസൈൻ രൂപപ്പെടുത്തിയത് എന്നർത്ഥം (ചീറ്റപ്പുലിയായിരുന്നു എക്‌സ്‌യുവിയുടെ ഡിസൈന് പ്രചോദനമായത് എന്ന കാര്യവും ഇവിടെ ഓർക്കാം) മൊത്തത്തിൽ വെൽറൗണ്ടഡ് എന്നു വിളക്കാം മരാസോയുടെ ഡിസൈനിനെ. ഇന്ത്യയിൽ പൊതുവെ മൾട്ടിപർപ്പസ് വാഹനങ്ങൾക്ക് ചതുരപ്പെട്ടി രൂപമാണല്ലോ പതിവ്. അമേരിക്കയിലും യൂറോപ്പിലുമായി ഡിസൈൻ ചെയ്തതു കൊണ്ടാവാം, ഇന്ത്യൻ ഡിസൈൻ രീതികളിൽ നിന്ന് മാറ്റം വന്നത്.

എന്തായാലും ഗ്രിൽ കാണുമ്പോൾ ഇതൊരു മഹീന്ദ്രയാണെന്ന് ഇന്ത്യക്കാർ തിരിച്ചറിയും. അവിടെ നിന്ന് പിന്നിലേക്ക് ടിപ്പിക്കൽ കാബ്‌ഫോർവേഡ് ഡിസൈനാണ് മരാസോയ്ക്ക്. അതായത്, ഉള്ളിലെ സൗകര്യം വർദ്ധിപ്പിക്കുന്ന രീതിയിൽ എഞ്ചിൻ റൂം ചെറുതാക്കുന്ന ഡിസൈൻ രീതി. ചെറിയ ബോണറ്റും ചെറിയ ഹെഡ്‌ലാമ്പും മുന്നിൽ നിന്നു കാണുമ്പോൾ ഒരു ചെറിയ വാഹനം ഓടി വരുന്നതായി തോന്നിയേക്കാം. എന്നാൽ 2760 മി.മീ വീൽബെയ്‌സിന്റെ വലിപ്പം ബോധ്യപ്പെടാൻ വശങ്ങളിൽ നിന്നു നോക്കിയാൽ മതി.

ഹെഡ്‌ലാമ്പിന്റെ മേലെ ക്രോമിയം സ്ട്രിപ്പ് പോലൊരു ഭാഗമുണ്ട്. ഇതാണ് ഡേ ടൈം റണ്ണിങ് ലാമ്പെന്ന് തെറ്റിദ്ധരിക്കരുത്. സിആർഎൽ താഴെ, ഫോഗ്‌ലാമ്പ് സ്ലോട്ടിലാണുള്ളത്. തടിച്ച ബമ്പറിൽ കറുത്ത ക്ലാഡിങ് ഫോഗ് ലാമ്പ് സ്ലോട്ടിനു ചുറ്റുമുണ്ട്. ലോവർലിപ്പിന്റെ ഭാഗത്തും ക്ലാഡിങ്ങാണുള്ളത്. ഗ്രില്ലിനെക്കാൾ വലിയ എയർഡാം കൂടിയാകുമ്പോൾ മുൻഭാഗത്തെ ഡിസൈൻ പൂർണ്ണമാകുന്നു. വശക്കാഴ്ചയിൽ ആദ്യം ശ്രദ്ധിക്കുക വീൽ ആർച്ചിനു മേലെയുള്ള ഒരു ബൾജിങ്ങാണ്. അവിടെ നിന്നു തുടങ്ങുന്ന കാരക്ടർ ലൈൻ വശങ്ങളിലൂടെ, ഡോർ ഹാൻഡ്‌ലൂം കടന്ന് മേലേയ്ക്ക് നീങ്ങുന്നത് കാണാൻ രസമുണ്ട്. ഈ കാരക്ടർ ലൈനിനോടൊപ്പം ഉയരുകയാണ് വിൻഡോ ലൈനും. അതുകൊണ്ട്, പിൻഭാഗം കുറച്ച് ഹെവിയായി അനുഭവപ്പെട്ടേക്കാം. പിൻവീലുകൾ ചെറുതായി തോന്നാനും ഇത് കാരണമാകുന്നുണ്ട്. വിൻഡോകൾക്കു ചുറ്റുമുള്ള ബ്ലാക്ക് ഫിനിഷ് ‘സി’ പില്ലറിലേക്ക് കയറി നിൽക്കുന്നത് പിൻഭാഗത്തെ ‘ഹെവിനെസ്’ കുറയ്ക്കാനാണെന്ന് തോന്നുന്നു.
ഇനി പിൻഭാഗത്ത് പോകാം. ടെയ്ൽ ലാമ്പ് വശങ്ങളിലേക്ക് ബൂമറാങ് ഷെയ്പ്പിൽ കയറി നിൽക്കുന്നു. മരാസോയുടെ വലിപ്പത്തിനനുസരിച്ച് വലിയ ടെയ്ൽ ലാമ്പുകളാണ് കൊടുത്തിരിക്കുന്നത്. ടെയ്‌ഗേറ്റിൽ തടിച്ച ക്രോമിയം സ്ട്രിപ്പുണ്ട്. അല്പം ഉയർന്നു നിൽക്കുന്ന പിൻഭാഗത്ത് താഴെയുള്ള കറുത്ത ക്ലാഡിങ്ങേ എടുത്തു പറയാനുള്ളു.

അതിഗംഭീരം എന്നൊന്നും ഡിസൈനെ പറയാനാവില്ലെങ്കിലും നിലവിലുള്ള മഹീന്ദ്ര മോഡലുകളിൽ നിന്ന് ഒരു കുതിച്ചു ചാട്ടമാണ് മരാസോ, യൂറോപ്പും അമേരിക്കയും ഇന്ത്യയുമെല്ലാം ഡിസൈനിൽ പ്രതിഫലിക്കുന്നുണ്ട്. ഒരു കാര്യം കൂടി പറയാനുണ്ട്. അടിസ്ഥാനപരമായി ലാഡർഫ്രെയിം പ്ലാറ്റ്‌ഫോമാണ് മരാസോയ്ക്ക് ഉള്ളതെങ്കിലും അതിൽ മോണോകോക്ക് രീതികളും ഇണക്കിച്ചേർത്തിട്ടുണ്ട്, മഹീന്ദ്രയുടെ എഞ്ചിനീയർമാർ. ‘ഹൈബ്രിഡ്’ പ്ലാറ്റ്‌ഫോം എന്ന് മഹീന്ദ്ര വിളിക്കുന്ന ഈ ടെക്‌നോളജിക്ക് പേറ്റന്റിനു കമ്പനി അപേക്ഷിച്ചുണ്ട്. മറ്റ് ലാഡർ ഫ്രെയിം വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഫ്രണ്ട്‌വീൽ ഡ്രൈവാണ് മരാസോ എന്നതും എടുത്തുപറയാം.

ഉള്ളിൽ

ഇത് ഒരു ഇന്ത്യൻ വാഹനമാണോ എന്നു തോന്നിപ്പോകുന്ന ഇന്റീരിയർ ‘കൂൾ കളറു’കളാണ് ഉള്ളിലെങ്ങും. ബ്ലാക്കും പിയാനോ ബ്ലാക്കും ഗ്ലോസി വൈറ്റും മങ്ങിയ ബീജുമൊക്കെ ചേർന്ന് ഒരു പുതിയ ലോകം മരാസോ തുറക്കുന്നു. നമ്മുടെ ടെസ്റ്റ്‌ഡ്രൈവ് വാഹനം ടോപ് എൻഡ് മോഡലാണ്. ഈ മോഡലിൽ ഫീച്ചേഴ്‌സിന്റെ നീണ്ടനിരയുണ്ട്. തകർപ്പൻ സീറ്റ് അപ്‌ഹോൾസ്റ്ററിയാണ് ആദ്യം ശ്രദ്ധിക്കുക. തനി യൂറോപ്യനാണ് സീറ്റുകളുടെ ഫിറ്റ് ആന്റ് ഫിനിഷ്. വലിയ വിൻഡോ ഗ്ലാസുകളും ഉയർന്ന സീറ്റിങ് പൊസിഷനും മാത്രം മതി, മരാസോയെ സ്‌നേഹിച്ചു തുടങ്ങാൻ.
ഡാഷ്‌ബോർഡിൽ ഒരു വലിയ, 7ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീനുണ്ട്. ഇതിൽ ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുണ്ട്. ആപ്പിൾ കാർപ്ലേ പിന്നാലെ വരുന്നതേയുള്ളൂ. മീറ്റർ കൺസോളിൽ വലിയ മൾട്ടിമീഡിയ ഇൻഫർമേഷൻ ഡിസ്‌പ്ലേയുണ്ട്. ഡയലുകളും മറ്റും സാധാരണ രീതിയിൽ തന്നെയാണ് കൊടുത്തിരിക്കുന്നത്.

മറ്റ് മഹീന്ദ്ര വാഹനങ്ങളിൽ നിന്നുള്ള പൊട്ടുംപൊടിയുമൊക്കെ മരാസോയിൽ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണമായി മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കൊറിയൻ കമ്പനിയായ സാങ്‌യോങിന്റെ ടിവോലി എന്ന മോഡലിൽ നിന്നാണ് സ്റ്റിയറിങ് വീലിലെ കൺട്രോളുകൾ കടം കൊണ്ടിരിക്കുന്നത്. എസി വെന്റുകൾ വന്നത് എക്‌സ് യു വി 500ൽ നിന്നാണ്. ഇഷ്ടംപോലെ സ്റ്റോറേജ് സ്‌പേസുണ്ട് മരാസോയിൽ. കപ്‌ഹോൾഡറുകളും ചെറിയ സാധനങ്ങൾ സൂക്ഷിക്കാനുള്ള ഇടങ്ങളും ധാരാളം. എല്ലാ ഡോർപാഡുകളിലും ഒരു ലിറ്റർ ബോട്ടിൽ സൂക്ഷിക്കാം. മുൻ സീറ്റുകൾക്കു നടുവിലും വലിയ സ്റ്റോറേജ് സ്‌പേസുണ്ട്. വലിയ ഗ്ലോ ബോക്‌സ് തണുപ്പിക്കുകയുമാവാം.

ഹാൻഡ്‌ബ്രേക്ക് ലിവറിന്റെ ഡിസൈൻ രസകരമാണ്. വിമാനങ്ങളുടെ ത്രോട്ടിൽ സ്റ്റൈലാണ് ഇതിനു കൊടുത്തിരിക്കുന്നത്. പിൻസീറ്റിൽ ഇരിക്കുമ്പോഴാണ് റൂഫിലെ എയർവെന്റുകൾ കാഴ്ചയിൽ പെടുക. എസി ബസ്സുകളിലെയോ വിമാനങ്ങളിലെയോ പോലെ നീളത്തിൽ ഒരു കൺസോൾ. അതിന്റെ ഇരുവശവും എസിവെന്റുകൾ. മൂന്നാം നിര സീറ്റിൽ ഇരിക്കുന്നയാൾക്കും വളരെ പെട്ടെന്ന് തണുപ്പ് എത്തുമെന്ന് ഇത് ഉറപ്പാക്കുന്നു.

ടോപ് എൻഡ് മോഡൽ 7 സീറ്ററാണ് രണ്ടാംനിര ക്യാപ്റ്റൻ സീറ്റ് ഇന്നോവയുടെ അതേ സീറ്റിങ് കംഫർട്ട് നൽകുന്നുണ്ട്. ലെഗ്‌സ്‌പേസും ഇഷ്ടം പോലെ.
മൂന്നാംനിര സീറ്റിലേക്ക് നടുവിലൂടെ സീറ്റ് മടക്കി ഈസിയായി പ്രവേശിക്കാം. തരക്കേടില്ലാത്ത ലെഗ്‌സ്‌പേസുണ്ട്. വലിയ കോർണർ ഗ്ലാസുള്ളതുകൊണ്ട് ഇടുങ്ങിയ സ്‌പേസ് ഫീൽ ചെയ്യുകയില്ല.
രണ്ട് എയർബാഗുകൾ എല്ലാ വേരിയന്റിലുമുണ്ട്. റിവേഴ്‌സ് പാർക്കിങ് ക്യാമറ, സെൻസറുകൾ എന്നിവയും സേഫ്റ്റി ഫീച്ചേഴ്‌സിൽ പെടുന്നു. നാലുവീലിലും ഡിസ്‌ക് ബ്രേക്കുകളുമുണ്ട്.

എഞ്ചിൻ

1497 സിസി, 4 സിലിണ്ടർ, 123 ബിഎച്ച്പി ഡീസൽ എഞ്ചിൻ കെയുവിയിലെ 1.2 ലിറ്റർ ഫാൽക്കൺ എഞ്ചിന്റെ വകഭേദമാണ്. റിഫൈൻഡും ഏറെക്കുറെ നിശബ്ദമാണ് ഈ എഞ്ചിൻ. ഇനിഷ്യൽ ലാഗ് നാമമാത്രം. 1200 ആർ പി എം മുതൽ പെർഫോമൻസിന്റെ തിരതള്ളലാണ്. എന്നാൽ കൈവിട്ടു പോകുന്ന രീതിയിൽ കുസൃതി കാട്ടുന്ന പ്രകൃതക്കാരനുമല്ല, മരാസോ. ഹാൻഡ്‌ലിങ് അത്ര മികച്ചതാണ്.

വളവുകൾ വീശുമ്പോഴും ചെറിയ വേഗതയിലും ഏതൊരു ലാഡർഫ്രെയിം വാഹനവും പോലെ തന്നെ ബോഡിറോൾ അനുഭവപ്പെടുന്നുണ്ട് എങ്കിലും സൈലോ പോലെയുള്ള മഹീന്ദ്രയുടെ മറ്റുചില മോഡലുകളെ അപേക്ഷിച്ച് ബോഡിറോളും കുറവു തന്നെ. ഏതായാലും ഹൈവേകളിൽ മികച്ച യാത്രസുഖം തന്നെയാണ് മരാസോ നൽകുന്നത്.എബിഎസ്, ഇബിഡി എന്നിവയുള്ളതുകൊണ്ട് ബ്രേക്കിങ് ഒരു പ്രശ്‌നമല്ല. 17 ഇഞ്ച് ടയറുകളും ഈ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

വിധിന്യായം

10 മുതൽ 14 ലക്ഷം രൂപവരെയാണ് മരാസോയുടെ വിവിധ വേരിയന്റുകളുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. മരാസോയോടൊപ്പം ഒരു ദിവസം ചെലവഴിച്ചു കഴിഞ്ഞപ്പോൾ ഒരു സംശയം മാത്രം ബാക്കി. ഇത്രയും വലിയ, ഇത്രയും ആഡംബരങ്ങളും ഫീച്ചേഴ്‌സുമുള്ള ഈ വാഹനം എങ്ങനെ ഈ വിലയ്ക്ക് വിൽക്കാൻ കഴിയുന്നു!

Vehicle Provided By:
TVS Mahindra
Kochi, Ph: 75938 54968

1 Comment

 1. Other Specialized Coverage Options – One secial case by
  which sepaate ruck insurance are usually necesary is within the case of toww trucks.
  It’s best to always give commercial trucks space to react tto any potential outcome.
  State and Federal regulations require drivers to set warning marrkers behind their stopped
  vehicle to alert motorists with the tractor-trailer’s presence to
  be able to alleviate the risk of running into the rear from
  the stopped trailer. https://www.rkcampf.com/trucking-jobs/otr-company-driver-positions

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>