”കണ്ണൂരിൽ വിദേശ വിമാന കമ്പനികൾക്ക് ഉടൻ പ്രവർത്തനാനുമതി നൽകണം”: വി തുളസീദാസ്, എം ഡി, കിയാൽ
June 15, 2019
Indel Suzuki: The Best!
June 17, 2019

Exclusive: Kannur International Airport: New Wings

Kannur airport terminal

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വടക്കേ മലബാറിന്റെ വികസനത്തിനും കേരളത്തിലെ വിനോദസഞ്ചാര വികസനത്തിനും വമ്പൻ കുതിപ്പാകും. പക്ഷേ വിമാനത്താവള വികസനത്തിന് അടിയന്തരമായി ചില കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ടെന്ന് കിയാൽ മാനേജിങ് ഡയറക്ടർ വി തുളസീദാസ് പറയുന്നു.

എഴുത്ത്: ജെ ബിന്ദുരാജ്

ആസ്‌ട്രേലിയയിൽ ഒരു മെന്റൽ ഹെൽത്ത് സ്ഥാപനത്തിൽ കൗൺസിലറായ കണ്ണൂരുകാരനായ സുഹൃത്തിനെ കഴിഞ്ഞയാഴ്ച കൊച്ചി വിമാനത്താവളത്തിൽ വച്ചുകണ്ടപ്പോൾ അദ്ദേഹത്തിനൊപ്പം എഴുപത്തഞ്ചുകാരനായ അച്ഛനുമുണ്ടായിരുന്നു. അച്ഛനെ ആദ്യമായി ആസ്‌ട്രേലിയയ്ക്ക് കൊണ്ടുപോയി, അവിടത്തെ സ്ഥലങ്ങളെല്ലാം കാണിച്ച് മടങ്ങി വരുന്ന വഴിയാണ് അദ്ദേഹം. തലേന്ന് വൈകിട്ട് മൂന്നു മണി മുതൽ തുടങ്ങിയ യാത്രയാണെങ്കിലും അച്ഛന്റെ മുഖം പ്രസന്നമായിരുന്നു. ”കണ്ണൂരിൽ വിമാനത്താവളം വന്നില്ലായിരുന്നുവെങ്കിൽ ഈ പ്രായത്തിൽ ഇങ്ങനെയൊരു യാത്രയ്ക്ക് ഞാൻ ഇറങ്ങിപ്പുറപ്പെടില്ലായിരുന്നു,” കൊച്ചിയിൽ നിന്നും ഇൻഡിഗോയുടെ ചെറുവിമാനമായ 6ഇ 7976ൽ കണ്ണൂരിലേക്ക് മടക്കയാത്ര ചെയ്യവേ അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നിന്നും വിമാന സർവീസ് തുടങ്ങിയശേഷം മക്കളുടെ തൊഴിലിടങ്ങളിലേക്ക് യാത്ര പോകാനാരംഭി ച്ച നിരവധി രക്ഷിതാക്കളിൽ ഒരാളാണ് അദ്ദേഹവും. 2018 ഡിസംബർ ഒമ്പതിന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ വിമാനമായ എയർ ഇന്ത്യ എക്‌സ്പ്രസ്സ് അബുദാബിയിലേക്ക് ടേക്ക് ഓഫ് ചെയ്തപ്പോൾ കണ്ണൂരിലെ ജനതയുടെ സ്വപ്‌നങ്ങൾക്ക് മാത്രമല്ല ചിറകു മുളച്ചത്: കണ്ണൂരിന്റേയും വടക്കൻ മലബാറിന്റേയും വികസനപ്രതീക്ഷകൾക്കും കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിനും കൂടി ചിറകു മുളയ്ക്കുകയായിരുന്നു അപ്പോൾ. മലപ്പുറം കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം പ്രവാസി മലയാളികളുള്ള കണ്ണൂർ, കാസർകോഡ്, കുറ്റ്യാടി, നാദാപുരം പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് കണ്ണൂർ വിമാനത്താവളത്തിന്റെ വരവാകട്ടെ സന്തോഷം പകർന്നിരിക്കുന്നു. കൂർഗ്, വയനാട്, മൈസൂർ, ബേക്കൽ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് വടക്കൻ കേരളത്തെ പഴയ വികസന മുരടിപ്പിൽ നിന്നും പുറത്തുകൊണ്ടുവരികയും ചെയ്യും.

Inauguration of Kannur International airport

കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള മട്ടന്നൂരിലെ മൂർഖൻപറമ്പ് ഇന്ന് വടക്കേ മലബാറിൽ വികസനത്തിന്റെ പുതിയ പര്യായമാണ്. പ്രവർത്തനം ആരംഭിച്ച് നാലു മാസത്തിനുള്ളിൽ മാത്രം 3.5 ലക്ഷത്തോളം യാത്രികർ ഈ വിമാനത്താവളം ഉപയോഗിച്ചു കഴിഞ്ഞിരിക്കുന്നു. പ്രതിമാസം ശരാശരി 80,000 യാത്രികർ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നു. അന്താരാഷ്ട്ര യാത്രയ്ക്കായും ആഭ്യന്തര യാത്രയ്ക്കായും ഇരുപത്തിയഞ്ചിലധികം വിമാന സർവീസുകൾ പ്രതിദിനം ഇവിടെ നിന്നും പുറപ്പെടുന്നു. ഈ ഡിസംബറോടെ 10 ലക്ഷം പേരും 2020ൽ 18 ലക്ഷം പേരും വിമാനത്താവളം പ്രതിവർഷം ഉപയോഗിക്കുമെന്നാണ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ പ്രതീക്ഷ. സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെ കേരളത്തിൽ കൊച്ചിയ്ക്കുശേഷം വരുന്ന അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിന്റെ ഭാവി വികസനത്തെ നിർണായകമായി സ്വാധീനി ക്കാൻ പോകുന്ന ഒന്നാണെന്ന് വ്യക്തം.

Runway at Kial

നിലവിൽ 3050 മീറ്റർ നീളമുള്ള റൺവേ ഭാവിയിൽ ദീർഘിപ്പിച്ച് 4000 മീറ്റർ കൂടി ആക്കുന്നതോടെ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമൊക്കെ സർവീസ് നടത്തുന്ന വിമാനങ്ങൾക്കും അത് ഗുണകരമാകും. നിലവിൽ എയർ ഇന്ത്യ എക്‌സ്പ്രസ്സും ഗോ എയറും എയർ ഇന്ത്യയും ഇൻഡിഗോയുമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും അന്താരാഷ്ട്ര- ആഭ്യന്തര സർവീസുകൾ നടത്തിവരുന്നതെങ്കിലും വിദേശ വിമാന കമ്പനികൾക്ക് കണ്ണൂരിൽ നിന്നും പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകുന്ന മുറയ്ക്ക് അവയും എത്തും. അബുദാബി, ഷാർജ, മസ്‌കറ്റ്, ദോഹ, റിയാദ്, കുവൈറ്റ്, ബെഹ്‌റിൻ എന്നിങ്ങനെ ഏഴ് രാജ്യങ്ങളിലേക്കാണ് നിലവിൽ ഈ മൂന്ന് വിമാനക്കമ്പനികൾ സർവീസ് നടത്തുന്നത്. അധികം വൈകാതെ ദമാമിലേക്ക് ഗോ എയറും ജിദ്ദയിലേക്ക് ഇൻഡിഗോയും എയർ ഇന്ത്യയും സർവീസുകൾ ആരംഭിക്കുകയും ചെയ്യും. ദൽഹി, മുംബയ്, ഹൈദരാബാദ്, ബംഗലുരു, കൊച്ചി, കോഴിക്കോട്, ഹുബ്ലി, ഗോവ, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കെല്ലാം ആഭ്യന്തര സർവീസുകളും കണ്ണൂരിൽ നിന്നുമുണ്ട്.

ആദ്യ വിമാനമായ കണ്ണൂർ അബുദാബി എയർഇന്ത്യ എക്‌സ്പ്രസ് 2018 ഡിസംബർ 9ന് ഫ്‌ളാഗ് ഓഫ് ചെയ്തപ്പോൾ

”നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ വരവോടെ ഒരു ബിസിനസ് ഹബ്ബായി കൊച്ചി എങ്ങനെയാണ് മാറിയത്, അതുപോലെ തന്നെയാകും വടക്കൻ കേരളത്തിന്റെ വളർച്ചയ്ക്ക് കണ്ണൂർ വിമാനത്താവളവും ചാലകശക്തിയാകാൻ പോകുന്നത്. വിനോദസഞ്ചാര വികസനത്തിന് അത് വലിയ വളർച്ചയുണ്ടാക്കും. വയനാട്ടിലേക്കും കൂർഗിലേക്കും മൈസൂരിലേക്കുമൊക്കെ പോകുന്ന സഞ്ചാരികളെ സംബന്ധിച്ചിടത്തോളം കണ്ണൂർ വിമാനത്താവളത്തിന്റെ വരവ് ഏറെ സഹായകമായിട്ടുണ്ട്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ അപേക്ഷിച്ച് കൊയിലാണ്ടി, നാദാപുരം, വടകര പ്രദേശങ്ങളിൽ നിന്നുള്ളവർക്കും കണ്ണൂർ തന്നെയാണ് എളുപ്പത്തിലെത്താനാകുന്ന വിമാനത്താവളം,” കിയാലിന്റെ മാനേജിങ് ഡയറക്ടർ വി തുളസീദാസ് പറയുന്നു. നേരത്തെ എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി പ്രവർത്തിക്കുകയും സിവിൽ ഏവിയേഷൻ രംഗത്തും മിലിട്ടറി ഏവിയേഷൻ രംഗത്തും വർഷങ്ങളുടെ അനുഭവപരി ജ്ഞാനമുള്ളയാളുമാണ് തുളസീദാസ്. ഒമാൻ എയർ അടക്കമുള്ള പല വിദേശ വിമാനക്കമ്പനികളുടേയും മുഴുവൻ സമയ ഡയറക്ടറായും ബോർഡ് മെമ്പറായും പ്രവർത്തിച്ചിട്ടുമുണ്ട് അദ്ദേഹം. ഏവിയേഷൻ രംഗത്ത് ഇത്രയും അനുഭവപരിചയവും, ഒരു നിമിഷം പോലും വിശ്രമിക്കാതെ ഈ എഴുപത്തിയൊന്നാം വയസ്സിലും കർമ്മനിരതനായിരിക്കുകയും ചെയ്യുന്ന ഒരാളെ മാനേജിങ് ഡയറക്ടറായി ലഭിച്ചതാണ് കിയാലിന്റെ ഏറ്റവും വലിയ ഭാഗ്യം. ഫലപ്രാപ്തിയ്ക്കായി ആത്മാർത്ഥമായി പ്രവർത്തിച്ചാൽ ഭാവി കൈപ്പിടിയിലാകും എന്നുറച്ചു വിശ്വസിക്കുകയും മറ്റുള്ളവരെ തന്റെയൊപ്പം നടത്തുകയും ചെയ്യുന്ന അദ്ദേഹം തിരക്കുകൾക്കിടയിൽ തന്നെയാണ് സ്മാർട്ട് ഡ്രൈവുമായി വിശദമായി ഒരു അഭിമുഖത്തിനിരുന്നത് (അഭിമുഖം കാണുക).

Air Traffic Control Tower

കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് കിയാൽ. മറ്റൊരു സംസ്ഥാനത്തും നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്ലെന്നതു തന്നെ കേരളത്തിനുള്ള യാത്രാ ശേഷിയും വിനോദ സഞ്ചാര വികസന സാധ്യതകളും വ്യക്തമാക്കുന്ന കാര്യവുമാണ്. 1996ൽ ദേവഗൗഡ സർക്കാരിൽ വ്യോമയാന മന്ത്രിയായിരുന്ന സി എം ഇബ്രാഹിം എന്ന കന്നഡ മലയാളിയാണ് കണ്ണൂരിൽ വിമാനത്താവളം യാഥാർത്ഥ്യമാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. 1997ൽ സാധ്യതാപഠനവും 1998ൽ പ്രാരംഭ നടപടികളും ആരംഭിച്ചതിനെ തുടർന്ന് 2001ൽ 200 ഏക്കറോളം ഭൂമി ഇതിനായി ഏറ്റെടുക്കുകയും ചെയ്തു. 2007ൽ പ്രതിരോധ വകുപ്പിന്റെ അനുമതി ലഭിച്ചെങ്കിലും 2008 ജൂലൈയിൽ വി തുളസിദാസ് സ്‌പെഷ്യൽ ഓഫീസറായി നിയമിതനായതോടെയാണ് പദ്ധതിക്ക് അക്ഷരാർത്ഥത്തിൽ ജീവൻ വച്ചത്.

Union minister for Aviation Suresh Prabhu with Kial MD V Thulasi Das

സർക്കാരിൽ നിന്നും ഒറ്റ പൈസ പോലും പ്രതിഫലം വാങ്ങാതെ അദ്ദേഹം വിമാനത്താവളം യാഥാർത്ഥ്യമാക്കുന്നതിനായി തന്റെ ജീവിതം മാറ്റിവയ്ക്കാൻ തീരുമാനിച്ചു. അന്നത്തെ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ക്ഷണം സ്വീകരിച്ചെത്തിയ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് 2009ൽ കിയാൽ എന്ന കമ്പനി രജിസ്റ്റർ ചെയ്യപ്പെടുന്നതും 2010 ൽ വിമാനത്താവളത്തിന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ തറക്കല്ലിടുന്നതും 2013 ജൂലൈയിൽ പാരിസ്ഥിതികാനുമതി ലഭിക്കുന്നതുമെല്ലാം. ഇന്ന് കേരളത്തിലെ ഏറ്റവും സ്ഥലവിസ്തൃതിയുള്ള വിമാനത്താവളമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലാദ്യമായി സെൽഫ് ബാഗേജ് ചെക്ക് ഇൻ സംവിധാനം ഏർപ്പെടുത്തുന്ന വിമാനത്താവളമെന്ന പദവിയും കണ്ണൂരിനു തന്നെ. 1892 കോടി രൂപയാണ് വിമാനത്താവള നിർമ്മിതിക്കായി കണക്കാക്കിയെതങ്കിലും ചെലവ് 2000 കോടി രൂപ കവിഞ്ഞിട്ടുണ്ട്.

Airport Terminal

ഹരിപ്പാട് മുട്ടത്ത് അധ്യാപകനായ വാസുദേവൻ പിള്ളയുടേയും വീട്ടമ്മയായ കല്യാണിയമ്മയുടേയും ഏറ്റവും ഇളയമകനായ തുളസിദാസ് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ ലക്ചററായിരിക്കുമ്പോഴാണ് എന്തുകൊണ്ട് സിവിൽ സർവീസസ് പരീക്ഷയെഴുതിക്കൂടാ എന്ന ചിന്തയുദിക്കുന്നത്. 24 വയസ്സോടെ അന്ന് സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള ഊഴം അവസാനിക്കുമെന്നതിനാൽ 23-ാം വയസ്സിൽ അതെഴുതുകയായിരുന്നു അദ്ദേഹം. മണിപ്പൂർ ത്രിപുര കേഡറിൽ അദ്ദേഹം 1972ൽ നിയമിതനാകുമ്പോൾ ഇന്ത്യാ പാക് യുദ്ധം കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു. കശ്മീരിലെ ഉറിയിൽ സൈനിക രോടൊപ്പം ഐ എ എസ് പരിശീലന കാലയളവിൽ കഴിഞ്ഞ കാലത്താണ് എന്തു കാര്യവും നിശ്ചയദാർഢ്യത്തോടെ നീങ്ങിയാൽ നേടിയെടുക്കാനാകുമെന്ന് അദ്ദഹത്തിന് ബോധ്യപ്പെടുന്നത്. അന്ന് ഗൂർഖാ റെജിമെന്റിലുണ്ടായിരുന്ന ഒരു കമാൻഡറായിരുന്നു അദ്ദേഹത്തിന്റെ റോൾ മോഡൽ. അതുവരെ പുകവലിക്കുമായിരുന്ന തുളസീദാസ് പുകവലി നിർത്തിയതു പോലും ഈ കമാൻഡർ പത്തുവർഷം നീണ്ട പുകവലി ഒരു സുപ്രഭാതത്തിൽ നിർത്തിയ അനുഭവത്തിന്റെ വിവരണം കേട്ടിട്ടാണ്. കണ്ണൂർ എയർപോർട്ടിനു പുറത്തുള്ള കിയാലിന്റെ ഓഫീസിലെത്തിയാൽ ആദ്യം ശ്രദ്ധയിൽ പെടുന്നതും തുളസീദാസ് തന്റെ മുറിയിൽ എഴുതി ഫ്രെയിം ചെയ്ത് വച്ചിട്ടുള്ള രണ്ട് വാചകങ്ങളാണ്. ”There is no future believing something can’t be done. The future is in making it happen”. ആ ജീവിതതത്വം തന്നെയാണ് ഇന്ന് കണ്ണൂർ വിമാനത്താവളത്തിനേയും വികസനത്തിന്റെ പുതുവഴികളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.

V Thulasidas, MD, KIAL lighting the lamp

എന്നാൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം അത് ഉദ്ദേശിച്ച ഫലപ്രാപ്തിയിലെത്തണമെങ്കിൽ അടിയന്തരമായി ചില കാര്യങ്ങൾ നടത്തിയെടുക്കേണ്ടതുണ്ടെന്ന് തുളസീദാസ് പറയുന്നു. ”വിദേശ വിമാന കമ്പനികൾക്ക് കണ്ണൂരിൽ നിന്നും സർവീസ് നടത്താനുള്ള അനുമതി നൽകുകയാണ് ആദ്യം വേണ്ടത്. എമിറേറ്റ്‌സും ഫ്‌ളൈ ദുബായും എയർ അറേബ്യയും എത്തിഹാദും ഒമാൻ എയറും ഖത്തർ എയർവേയ്‌സും സൗദിയയും കുവൈറ്റ് എയർവേയ്‌സും സിൽക്ക് എയറും മലിൻഡോയും എയർ ഏഷ്യയുമൊക്കെ ഇവിടെ നിന്നും പ്രവർത്തിക്കാൻ തയാറാണെന്ന് അറിയില്ലെങ്കിലും ഇനിയും കേന്ദ്ര സർക്കാർ അതിന് അനുമതി നൽകിയിട്ടില്ല. പ്രത്യേകിച്ച് കാരണമൊന്നും ഇതിന് അവർ പറയുന്നില്ല താനും,” തുളസീദാസ് പറയുന്നു. ഗ്രീൻഫീൽഡ് എയർപോർട്ടായാണ് കിയാൽ നിർമ്മിച്ചിട്ടുള്ളതിനാൽ പ്രതിവർഷം വലിയൊരു തുക കേന്ദ്ര സർവീസുകളായ സെക്യൂരിറ്റിക്കും എ ടി സിയ്ക്കും കസ്റ്റംസിനു മൊക്കെയായി വിമാനത്താവളത്തിന് നൽകേണ്ടി വരുന്നുണ്ട്. വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന പല വിമാനങ്ങളും ഉഡാൻ പദ്ധതി പ്രകാരമുള്ളതായതിനാൽ വിമാനത്താവളത്തിന് ഫീസിനങ്ങളിലായി ലഭിക്കേണ്ട തുകയും കണ്ണൂരിന് ലഭിക്കുന്നില്ല.

Check-in counters

എല്ലാ അത്യാധുനിക സംവിധാനങ്ങളുമായാണ് കണ്ണൂർ വിമാനത്താവളം നിർമ്മിച്ചിട്ടുള്ളതെന്നതിനാൽ അന്താരാഷ്ട്ര എയർലൈനുകൾ കിയാലിൽ നിന്നും പ്രവർത്തിക്കാൻ സന്നദ്ധത അറിയിട്ടുണ്ട്. എന്നിരുന്നാലും വിദേശ വിമാന കമ്പനി സർവീസിന് കേന്ദ്ര സർക്കാർ അനുമതി വൈകുന്നത് പ്രതിസന്ധിക്കിടയാക്കുന്നുണ്ട്. പ്രവർത്തന ചെലവായി മാത്രം 200 കോടിയോളം രൂപ പ്രതിവർഷം വേണ്ടി വരുന്ന കിയാലിന് വിദേശ വിമാനക്കമ്പനികൾ എത്തിയാൽ മാത്രമേ ലാഭകരമായി പ്രവർത്തിക്കാനാകൂവെന്നാണ് തുളസീദാസ് പറയുന്നത്. നിലവിൽ 24 ചെക്ക് ഇൻ കൗണ്ടറുകളുള്ളത് വൈകാതെ 48 എണ്ണമായി മാറാൻ പോകുകയാണ്. 4 സെൽഫ് ചെക്ക് ഇൻ കൗണ്ടറുകളും രണ്ട് സെൽഫ് ബാഗേജ് ഡ്രോപ്പ് ഇന്നുകളും അത്യാധുനിക ഇൻലൈൻ എക്‌സ്‌റേ ബാഗേജ് സ്‌ക്രീനിങ്ങും അറൈവലിലും ഡിപ്പാർച്ചറിലുമായി 32 എമിഗ്രേഷൻ കൗണ്ടറുകളും 27,000 ചതുരശ്ര അടി ഷോപ്പിങ് സ്‌പേസുമുണ്ട് കിയാലിന്. എൽ ആന്റ് ടി ആണ് വിമാനത്താവളത്തിന്റെ നിർമ്മാണ കരാർ ഏറ്റെടുത്തതെന്നതിനാൽ നിർമ്മാണം അതീവ സുന്ദരവും അത്യാധുനികവുമാണ്.

Snacks bar

Self Check in

Clinic

E-Auto

ഇത്രയും മികവുറ്റ സംവിധാനങ്ങളുള്ള ഒരു വിമാനത്താവളത്തിന് വിദേശ വിമാന കമ്പനികൾക്ക് ഓപ്പറേറ്റ് ചെയ്യാനുള്ള അനുമതി നാലു മാസക്കാലമായിട്ടും കേന്ദ്ര സർക്കാർ നൽകാത്തതിനു പിന്നിൽ രാഷ്ട്രീയക്കളികളില്ലേ എന്നു പൊതുജനം സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനുമാവില്ല. വിമാനത്താവള വികസനത്തിനായി ഒരു പ്രധാന കൺസൾട്ടന്റിനെ നിയമിക്കാനുള്ള നടപടികളിലാണ് കിയാൽ ഇപ്പോൾ. നിക്ഷേപകരെ എത്തിക്കുന്നതു മുതൽ വിദേശ വിമാനക്കമ്പനികളെ എത്തിക്കുന്നതു വരെ അവരുടെ ഉത്തരവാദിത്തമായിരിക്കും. കമ്മീഷൻ അടിസ്ഥാനത്തിലായിരിക്കും അവരുടെ പ്രതിഫലം നൽകപ്പെടുക. ഇതിനുള്ള ചർച്ചകൾ രാവും പകലുമില്ലാതെ തകൃതിയായി നടക്കുകയാണ് കിയാലിൽ. ഏത് പ്രതിസന്ധികളേയും തരണം ചെയ്യാൻ കെൽപുള്ള, നിശ്ചയദാർഢ്യമുള്ള ഒരു മാനേജിങ് ഡയറക്ടറുള്ളപ്പോൾ കിയാലിന് അത് സാധ്യമാകുമെന്ന കാര്യത്തിൽ സംശയമില്ല. വി തുളസീദാസ് എന്ന എഴുപത്തിയൊന്നുകാരൻ കിയാലിനൊപ്പം വടക്കേ മലബാറിന്റേയും എന്തിന്, കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടേയും രക്ഷകനായി വാഴ്ത്തപ്പെടുന്ന കാലം വിദൂരത്തല്ല$

 

അഭിമുഖം * വി തുളസീദാസ്, എം ഡി, കിയാൽ

”വിദേശ വിമാന കമ്പനികൾക്ക് ഉടൻ പ്രവർത്തനാനുമതി നൽകണം”

ത്രിപുര കേഡറിൽ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ഹരിപ്പാടുകാരൻ വി തുളസീദാസ് എട്ടര വർഷക്കാലം ത്രിപുരയുടെ ചീഫ് സെക്രട്ടറി പദവിയിലിരുന്ന ദേഹമാണ്. അതിനുശേഷം 2003ൽ ഏറെക്കാലത്തിനുശേഷം ഇരട്ടപദവി അലങ്കരിച്ചുകൊണ്ട് എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി അദ്ദേഹം. എയർ ഇന്ത്യ, എയർ ഇന്ത്യാ എക്‌സ്പ്രസ്സ് എന്ന ലാഭകരമായ ബിസിനസ് ആരംഭിക്കുന്നതും ഇന്ത്യൻ എയർലൈൻസും എയർ ഇന്ത്യയും ലയിക്കുന്നതുമൊക്കെ അദ്ദേഹത്തിന്റെ ഭരണകാലയളവിലാണ്. എഴുപതുകളുടേയും എൺപതുകളുടേയും അവസാനകാലത്ത് സിവിൽ ഏവിയേഷൻ രംഗത്തും മിലിറ്ററി ഏവിയേഷൻ രംഗത്തുമെല്ലാം സുപ്രധാന സ്ഥാനങ്ങളിൽ അവരോധിക്കപ്പെടുകയും ചെയ്തിരുന്നു അദ്ദേഹം. വ്യോമയാന രംഗത്ത് അദ്ദേഹത്തിനുള്ള സുദീർഘമായ അനുഭവപരിചയം മുന്നിൽക്കണ്ടാണ് കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ട് എന്ന ആശയം പിറവി കൊണ്ടപ്പോൾ അതിന് നേതൃത്വം നൽകാൻ തയാറാണോ എന്നറിയാൻ കോടിയേരി ബാലകൃഷ്ണൻ ത്രിപുരയിൽ മാണിക് സർക്കാരിന്റെ ഏറ്റവും പ്രിയപ്പെട്ട പഴയ ഈ ഉദ്യോഗസ്ഥനെ സമീപിക്കുന്നത്. 1981 -82 കാലഘട്ടത്തിൽ ഇ കെ നായനാരും കെ കരുണാകരനും മുഖ്യമന്ത്രിയായിരിക്കേ, ഡെപ്യൂട്ടേഷനിൽ കേരളാ ടൂറിസം ഡയറക്ടറായ ആദ്യ ഐ എ എസുകാരൻ കൂടിയായ അദ്ദേഹം രണ്ടുവട്ടം ആലോചിക്കാൻ കാത്തുനിന്നില്ല. സ്വന്തം നാടിന് ഗുണകരമായ ഒരു പദ്ധതി വരുമ്പോൾ അതിനെ പിന്തുണയ്ക്കാൻ ഇരുകൈയും നീട്ടി തയാറായി. തുടർന്ന് 2008ൽ വിമാനത്താവളത്തിന്റെ സ്‌പെഷ്യൽ ഓഫീസറും തുടർന്ന് വിമാനത്താവള കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായി നിയമിതനായെങ്കിലും 2018 ഡിസംബർ 9ന് വിമാനത്താവളം പ്രവർത്തനക്ഷമമാകുന്നതു വരേയ്ക്കും പ്രതിഫലം പോലും കൈപ്പറ്റാതെയാണ് അദ്ദേഹം പ്രവർത്തിച്ചത്. കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാക്കിയതിനെക്കുറിച്ചും നേരിട്ട പ്രതിബന്ധങ്ങളെപ്പറ്റിയും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുമെല്ലാം സ്മാർട്ട് ഡ്രൈവ് എഡിറ്റർ ജെ ബിന്ദുരാജുമായി വി തുളസീദാസ് വിശദമായി സംസാരിച്ചു. പ്രസക്തഭാഗങ്ങൾ.

V Thulasidas, MD, KIAL

ചോദ്യം: താങ്കൾ എയർ ഇന്ത്യയിൽ നിന്നും വിരമിച്ച സമയത്ത് ത്രിപുരയിൽ മാണിക് സർക്കാരിൽ നിന്നും കേരളത്തിൽ നിന്നും ഒരേ സമയത്താണ് താങ്കൾക്ക് സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടത്. കേരളം തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?
ഉത്തരം: ചെയ്യുന്ന ഏതു കാര്യവും ആത്മാർത്ഥമായി നിർവഹിക്കണം എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. ഭാവിയെ നിർമ്മിക്കുന്നത് എപ്പോഴും എന്തുകാര്യവും പ്രാവർത്തികമാക്കാനാകുമെന്ന നമ്മുടെ വിശ്വാസമാണ്. കോടിയേരി ബാലകൃഷ്ണൻ ഈ അവസരം വാഗ്ദാനം ചെയ്തപ്പോൾ നാടിനു വേണ്ടി ശിഷ്ടകാലം മാറ്റിവയ്ക്കാമെന്നാണ് ഞാൻ ചിന്തിച്ചത്. വിമാനത്താവള കമ്പനി രൂപീകരിക്കുന്നതും പ്രവർത്തനമാരംഭിക്കുന്നതുമെല്ലാം ഞാൻ എത്തിയശേഷമാണ്. ഇടയ്ക്ക് ഒരു മൂന്നു വർഷക്കാലം ചില വ്യക്തിപരമായ കാരണങ്ങളാൽ മാറി നിന്നതൊഴിച്ചാൽ കണ്ണൂർ വിമാനത്താവളത്തിന്റെ തുടക്കം മുതൽ യാഥാർത്ഥ്യമാകുമ്പോൾ വരെ നിലകൊള്ളാനായതിനാൽ ഞാൻ സന്തുഷ്ടനാണ്.

ചോദ്യം: എന്തെല്ലാമായിരുന്നു വിമാനത്താവളം യാഥാർത്ഥ്യമാക്കാനുള്ള പ്രധാന വെല്ലുവിളികൾ?
ഉത്തരം: ഭൂമി ഏറ്റെടുക്കൽ തന്നെയായിരുന്നു പ്രധാന കടമ്പ. 1998ൽ സി എം ഇബ്രാഹിം കേന്ദ്രവ്യോമയാനമന്ത്രിയായിരിക്കുമ്പോൾ പദ്ധതി വിഭാവനം ചെയ്തതായതിനാൽ ഇ കെ നായനാ രുടെ കാലത്ത് സർക്കാർ നേരിട്ട് 200 ഏക്കറോളം ഭൂമി ഏറ്റെടുത്തിരുന്നു. പിന്നീട് കിൻഫ്രയുടെ നേതൃത്വത്തിൽ 1200 ഏക്കർ ഭൂമി ഏറ്റെടുത്ത് കൈമാറി. നിലവിൽ സർക്കാരിന്റേയും കിൻഫ്രയുടേയും പക്കലായി 2300 ഏക്കറോളം ഭൂമി വിമാനത്താവളത്തിന്റേതായിട്ടുണ്ട്. വിമാനത്താവള പദ്ധതിക്കായി ഭൂമി ഏറ്റെടുത്തവർക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നൽകി. പക്ഷേ നിലവിൽ ഞങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരാൻ കേന്ദ്ര സർക്കാർ അനുമതി നൽകാത്തതാണ്.

ചോദ്യം: എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ അതിന് അനുമതി നൽകാത്തത്?
ഉത്തരം: വിമാനത്താവളം പൂർത്തിയായിട്ട് നാലു മാസമേ ആയിട്ടുള്ളുവെന്നതാണ് അവർ കാരണമായി പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ രണ്ടു വർഷമായി ഇക്കാര്യത്തിനായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിരന്തരം കത്തുകൾ എഴുതുകയും ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്.

ചോദ്യം: മോദി സർക്കാർ കേരളത്തെ അവഗണിക്കുന്നതിന്റെ ഭാഗമാണോ ഇതും?
ഉത്തരം: (പുഞ്ചിരിയോടെ) വിമാനത്താവളത്തിന്റെ എം ഡി സ്ഥാനത്തിരുന്നുകൊണ്ട് എനിക്ക് ആ ചോദ്യത്തിന് ഉത്തരം നൽകാനാകില്ല.

ചോദ്യം: കേന്ദ്രവ്യോമയാന മന്ത്രിയുടെ മുന്നിൽ താങ്കൾ ഈ പ്രശ്‌നം അവതരിപ്പിച്ചുവോ?
ഉത്തരം: കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനോട് ഇക്കാര്യം വിശദമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം അനുഭാവപൂർവമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തെക്കുറിച്ചും വിമാനത്താവളത്തിന്റെ സൗകര്യങ്ങളെക്കുറിച്ചും പൂർണ തൃപ്തനാണ് അദ്ദേഹമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ചോദ്യം: ഇപ്പോഴത്തെ അവസ്ഥയിൽ വിദേശ വിമാന സർവീസുകൾക്ക് പ്രവർത്തനാനുമതി കേന്ദ്രം നൽകിയില്ലെങ്കിൽ എന്തെല്ലാം പ്രതിസന്ധികളാകും ഉണ്ടാകുക?
ഉത്തരം: വിമാനത്താവളത്തിന്റെ പ്രതിവർഷ പ്രവർത്തന ചെലവ് 150-200 കോടി രൂപയോളം വരും. ഈ തുക ലഭിക്കുന്നത് എയ്‌റോനോട്ടിക്കൽ വിഭാഗത്തിൽ നിന്നും നോൺ ഏയ്‌റോനോട്ടിക്കൽ വിഭാഗത്തിൽ നിന്നുമാണ്. എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിട്ടി നിശ്ചയിച്ച ലാൻഡിങ് ചാർജും പാർക്കിങ് ചാർജുമൊക്കെയാണ് എയ്‌റോനോട്ടിക്കൽ വിഭാഗത്തിൽ ലഭിക്കേണ്ട വരുമാനം. കണ്ണൂരിൽ നിലവിലെത്തുന്ന വിമാനങ്ങളിൽ പകുതിയിലധികവും കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതി പ്രകാരമുള്ളതായതിനാൽ വിമാനത്താവളത്തിന് വരുമാനമുണ്ടാക്കാനാകുന്നില്ല. ഞങ്ങൾ ആവശ്യപ്പെട്ടതു പ്രകാരം ഇപ്പോൾ ഉഡാൻ ചട്ടങ്ങളിൽ ഇളവു വരുത്തിയിട്ടുണ്ട്. വിദേശ വിമാന കമ്പനികൾക്ക് പ്രവർത്തനാ നുമതി നൽകിയാൽ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാകൂ. നോൺ എയ്‌റോനോട്ടിക്കൽ വിഭാഗത്തിൽ ബിസിനസുകളും ഡ്യൂട്ടിഫ്രീ ഷോപ്പുകളും കൺവെൻഷൻ സെന്ററും ഹോട്ടലുകളുമൊക്കെയാണ് പദ്ധതിയിടുന്നത്. 65,000 ചതുരശ്ര അടിയാണ് ഷോപ്പിങ്ങിനായി മാറ്റിവച്ചിട്ടുള്ളത്.

ചോദ്യം: വിദേശ വിമാനക്കമ്പനികൾ കണ്ണൂരിലെത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടോ?
ഉത്തരം: ഗൾഫ് മേഖലയിൽ നിന്നുള്ള എല്ലാ വിമാനക്കമ്പനി കളും കണ്ണൂരിലെത്താൻ തയാറാണ്. ജനുവരി 21ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈ വിമാനക്കമ്പനിക ളും കേന്ദ്ര വ്യോമയാന സെക്രട്ടറിയും പങ്കെടുത്തിരുന്നു. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, എയർ അറേബ്യ, എത്തിഹാദ്, ഒമാൻ എയർ, ഖത്തർ എയർവേയ്‌സ്, സൗദിയ, കുവൈറ്റ് എയർവേയ്‌സ് എന്നിവരെല്ലാം കണ്ണൂരിലെത്താൻ തയാറാണെന്ന് അറിയിച്ചു. സിൽക്ക് എയറും മലിൻഡോയും എയർ ഏഷ്യയും ഇവിടെ നിന്നും സിങ്കപ്പൂരിലേക്കും മലേഷ്യയിലേക്കും സർവീസ് നടത്താനും തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. എത്രയും വേഗം വിദേശ വിമാനക്കമ്പനി കൾക്ക് പ്രവർത്തനാനുമതി നൽകിയാൽ കണ്ണൂർ വിമാനത്താവളം രക്ഷപ്പെടും.

ചോദ്യം: ഗ്രീൻഫീൽഡ് എയർപോർട്ട് ചട്ടങ്ങളും കണ്ണൂരിന് വലിയ അധിക ചെലവ് വരുത്തിവയ്ക്കുന്നുണ്ടല്ലേ?
ഉത്തരം: തീർച്ചയായും. ഗ്രീൻഫീൽഡ് എയർപോർട്ടുകളിൽ എല്ലാ കേന്ദ്ര സർക്കാർ സേവനങ്ങൾക്കും വിമാനത്താവളം തന്നെ ചെലവു വഹിക്കണം. സെക്യൂരിറ്റിക്കും കസ്റ്റംസിനും തൊട്ട് എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിനു വരെ വിമാനത്താവളം പ്രതിഫലം നൽകണം. സിഐഎസ്എഫിനെ ഇവിടെ വരുത്താൻ മാത്രം ഒമ്പതു കോടി രൂപയാണ് നാം നൽകിയത്. വിദേശ വിമാന കമ്പനികൾ എത്തിയാൽ മാത്രമേ ഈ പ്രശ്‌നങ്ങൾക്കെല്ലാം ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളു.

Copyright: Smartdrive-June 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>