India Exclusive: Testdrive: Kia Seltos
August 14, 2019
Exclusive: The Firebrand!
August 14, 2019

Exclusive: റേസ്ട്രാക്കിലെ മലയാളി യുവത്വം!

Viswas Vijayaraj

റേസിങ് ട്രാക്കുകളിൽ ആവേശത്തിന്റെ ഇരമ്പമാകുകയാണ് മലയാളിയായ വിശ്വാസ് വിജയരാജ്. ഭാവിയിൽ ഇന്ത്യയുടെ അഭിമാനസ്തംഭമായി ഈ ഇന്നത്തെ ഈ ഇരുപതുകാരൻ മാറുമെന്ന കാര്യത്തിൽ ഞങ്ങൾക്കു സംശയമില്ല.

റിപ്പോർട്ട്: ജെ ബിന്ദുരാജ്, ഫോട്ടോ: അഖിൽ അപ്പു

ജൂലൈ 20, 2019. ചെന്നൈയിലെ മദ്രാസ് റേസ് ട്രാക്കിൽ എംആർഎഫ് ഇന്ത്യൻ നാഷണൽ കാർ റേസിങ് ചാമ്പ്യൻഷിപ്പ് നടക്കുകയാണ്. 1300 സിസിയുടെ ഫോർമുല റേസ് കാർ മത്സരവിഭാഗത്തിനു തുടക്കമായിരിക്കുന്നു. ട്രാക്കിൽ വാഹനങ്ങളുടെ കാതടപ്പിക്കുന്ന ഇരമ്പം. മത്സരത്തിന്റെ തുടക്കത്തിൽ മുന്നിലായിരുന്ന ഓരോരുത്തരേയും പിന്തള്ളി ഡിടിഎസ് റേസിങ് ടീമിന്റെ കാർ മുന്നിലേക്ക് കുതിക്കുകയാണ്. മത്സരം അവസാന ലാപ്പിലേക്ക് കടന്നപ്പോൾ തൊട്ടുപിന്നിൽ എം സ്‌പോർട്ടിന്റേയും മൊമന്റം മോട്ടോർ സ്‌പോർട്ടിന്റേയും കാറുകൾ. തൊട്ടുതൊട്ടില്ലെന്ന മട്ടിലാണ് പോക്ക്. 3.717 കിലോമീറ്റർ നീളത്തിൽ വളഞ്ഞും തിരിഞ്ഞും നിവർന്നുമൊക്കെ കിടക്കുന്ന ട്രാക്കിൽ 12 വളവുകളും 3 സ്‌ട്രെയ്റ്റുമാണുള്ളത്. അതിവേഗത്തിലാണ് സിംഗിൾ സീറ്റർ വാഹനങ്ങളുടെ കുതിപ്പ്. അവസാന സ്‌ട്രെയ്റ്റിലെത്തുന്നതിനു മുമ്പ് തന്നെ, സമയക്രമത്തിൽ മറ്റു കാറുകളെ മറികടന്ന്, ചീറിപ്പാഞ്ഞു നീങ്ങിയ ഡിടിഎസ് റേസിങ് ടീമിന്റെ വാഹനം തന്നെ മത്സരത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിനുളളിൽ ഫിനിഷ് ചെയ്യുന്നു. ഒറ്റസീറ്റർ വാഹനത്തിൽ നിന്നും പുറത്തേക്കിറങ്ങിയ റേസ് ഡ്രൈവർ ഹെൽമറ്റ് ഊരിയപ്പോഴാണ് എല്ലാവരും അമ്പരന്നത്. മീശ മുളച്ചു തുടങ്ങിയ ഒരു കൊച്ചു പയ്യൻ. കഷ്ടി ഇരുപതു വയസ്സു പ്രായം. പോഡിയത്തിലേക്ക് അവൻ നടന്നുകയറിയപ്പോൾ അത്ഭുതത്തോടെയുള്ള ആരവങ്ങൾ.

എം ആർ എഫ് ഇന്ത്യൻ നാഷണൽ കാർ റേസിങ്ങിൽ വിശ്വാസ് വിജയരാജ് കിരീടം ചൂടിയപ്പോൾ

സാഹസികനായ ഈ കൊച്ചു പയ്യൻ ഒരു മലയാളിയാണെന്നു കേൾക്കുമ്പോൾ നിങ്ങളുടെ അത്ഭുതം പരകോടിയിലെത്തും- വിശ്വാസ് വിജയരാജ്. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ സ്ഥിരതാമസക്കാരായ തൃശൂർ പുതു ക്കാട് സ്വദേശി പി വിജയരാജിന്റേയും പുത്തൻചിറ സ്വദേശിയായ സ്വപ്‌ന സുകുമാരന്റേയും രണ്ട് ആൺമക്കളിൽ മൂത്തയാൾ. ആന്ധ്രയിലെ നെല്ലൂരിൽ അച്ഛന് ചന്ദ്ര ട്രേഡേഴ്‌സ് എന്ന പേരിൽ എയർ കണ്ടീഷനുകളുടേ യും റഫ്രിജറേറ്ററുകളുടേയും ഡീലർഷിപ്പ് ബിസിനസായതിനാൽ ജനിച്ചത് കേരളത്തിലാണെങ്കിലും പഠിച്ചതും വളർന്നതുമൊക്കെ നെല്ലൂരിൽ. വാഹനപ്രേമിയായ അച്ഛനൊപ്പം വീട്ടിലെ മാരുതി ഓമ്‌നി വാനിലായിരു ന്നു ഏഴാം വയസ്സിൽ വിശ്വാസിന്റെ ഡ്രൈവിങ് പഠനം. ഫോർമുല വൺ റേസ് ചാമ്പ്യൻഷിപ്പിൽ മൈക്കൽ ഷൂമാക്കറിന്റെ ഒരു പ്രകടനവും കാണാതെപോയിട്ടില്ല ഈ അച്ഛനും മകനും. മറ്റെന്തിനേക്കാളുപരിയായി വാഹനമാണ് തന്റെ ജീവനും ശ്വാസവുമെന്ന് പതുക്കെപതുക്കെ വിശ്വാസ് തിരിച്ചറിയുകയായിരുന്നു.

റേസ് ട്രാക്കിൽ വിശ്വാസിന്റെ 95-ാം നമ്പർ ഫോർമുല കാർ

”എനിക്ക് ചുറ്റുമുള്ള ഏതൊരു വസ്തുവിനേക്കാളും എനിക്കിഷ്ടം കാറുകളെയാണെന്ന് നന്നേ ചെറുപ്പത്തിൽ തന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു. കാറുകളോടുള്ള എന്റെ ഈ ഭ്രമം കാരണമാണ് ഏഴു വയസ്സുള്ളപ്പോൾ തന്നെ അച്ഛൻ എന്നെ ഡ്രൈവിങ് പഠിപ്പിച്ചത്. നെല്ലൂരിൽ മോഡേൺ സ്‌കൂളിൽ പഠിക്കുന്ന കാലത്തു തന്നെ പാഠപുസ്തകങ്ങൾക്കൊപ്പം തന്നെ എന്റെ മനസ്സിൽ റേസ് കാറുകളുടെ ഇരമ്പവുമുണ്ടായിരുന്നു. എന്നെങ്കിലും ജീവിതത്തിൽ ഒരു റേസിങ് കാർ ചാമ്പ്യനാകണമെന്ന മോഹം ഉടലെടുത്തത് അപ്പോഴാണ്. പക്ഷേ അതൊരു കരിയർ ആക്കുന്നതെങ്ങനെയെന്ന് മാത്രം അക്കാലത്ത് എനിക്കറി യില്ലായിരുന്നു,” വിശ്വാസ് വിജയരാജ് പറയുന്നു. അങ്ങനെയിരിക്കേ, നെല്ലൂരിൽ എൻആർഐ ജൂനിയർ കോളെജിൽ പ്ലസ് ടുവിന് പഠിക്കവേയാണ് പതിനെട്ടു വയസ്സിൽ എഫ് വൺ കാർ റേസിൽ പങ്കെടുത്ത മാക്‌സ് വെർസ്റ്റാപ്പനെപ്പറ്റി വിശ്വാസ് കേൾക്കുന്നത്.

Viswas Vijayaraj

”ഇത്രയും ചെറുപ്രായത്തിൽ എഫ് 1 മത്സരത്തിൽ പങ്കെടുക്കുന്നതെങ്ങനെയെന്നായി എന്റെ സംശയം. ഇതറിഞ്ഞ മാത്രയിൽ തന്നെ ഇന്റർനെറ്റിൽ നിന്നും റേസ് കാർ ഡ്രൈവിങ് പഠിക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷിച്ചു കണ്ടെത്തുകയും റേസ് കാർ ഡ്രൈവിങ് എന്റെ കരിയറായി സ്വീകരിക്കാൻ ഞാൻ തീരുമാനിക്കുകയുമായിരുന്നു. മാതാപിതാക്കളോട് വിവരം പറഞ്ഞപ്പോൾ അവരെല്ലാം ആദ്യം എതിർത്തു. റേസിങ്ങിലെ അപകടസാധ്യതകളായിരുന്നു അവരെ അലട്ടിയിരുന്നത്. പക്ഷേ എന്റെ നിർബന്ധത്തിനും വാശിക്കും മുന്നിൽ അവർ ഒടുവിൽ സ്‌നേഹത്തോടെ മുട്ടുമടക്കി,” വിശ്വാസ് പറയുന്നു.

ഗുരുവും ദേശീയ ചാമ്പ്യനും ഡിടിഎസ് റേസിങ് അക്കാദമി മേധാവിയുമായ ദിൽജിത് ടി എസിനൊപ്പം

മലയാളിയായ റേസിങ് ചാമ്പ്യൻ ദിൽജിത്ത് ടി എസ് അക്കാലത്താണ് കോയമ്പത്തൂരിൽ ഡിടിഎസ് റേസിങ് എന്ന റേസിങ് പഠനത്തിനുള്ള അക്കാദമി ആരംഭിക്കുന്നത്. ആറു വയസ്സു മുതൽ തന്നെ റേസിങ്ങിനുള്ള പരിശീലനത്തിനായി ഗോ കാർട്ടിങ് അടക്കം പരിശീലിപ്പിക്കുന്ന സ്ഥാപനമാണത്. ട്രാക്കിൽ വാഹനം ഓടിക്കുന്നതിന് പതിനെട്ട് വയസ്സാകേണ്ടതുമില്ല. വിശ്വാസ് നേരെ ദിൽജിത്തിന്റെ നമ്പർ സംഘടിപ്പിച്ച് അദ്ദേഹത്തെ വിളിക്കുന്നു. മണിക്കൂറുകളോളം നീണ്ടു ആദ്യ ഫോൺ കോൾ. റേസിങ്ങിലുള്ള വിശ്വാസിന്റെ താൽപര്യം മനസ്സിലാക്കിയ ദിൽജിത്ത് വിശ്വാസിനെ തന്റെ കോയമ്പത്തൂരിലെ ട്രെയിനിങ് അക്കാദമിയിലേക്ക് ക്ഷണിക്കുന്നു. മറ്റ് തുടക്കക്കാരിൽ നിന്നും വ്യത്യസ്തമായി വിശ്വാസ് ശരിക്കും ദിൽജിത്തിനെ അമ്പരപ്പിച്ചു. അതിവേഗത്തിൽ അതീവശ്രദ്ധയോടെ, ചെറിയ സമയത്തിനുള്ളിൽ തന്നെ ട്രാക്കിലൂടെ കാർ പായിക്കുന്ന വിശ്വാസിന് ഒരു റേസ് ഡ്രൈവറാകാൻ വേണ്ട യോഗ്യതകളെല്ലാം തന്നെയുണ്ടെന്ന് ദിൽജിത്തിന് ബോധ്യപ്പെട്ടു.

റേസിനുള്ള തയാറെടുപ്പിൽ വിശ്വാസ് വിജയരാജ്‌

പ്ലസ് ടുവിനുശേഷം മെക്കാനിക്കൽ എഞ്ചിനീയറിങ് പഠനത്തിന് ബംഗലുരുവിലെ ദയാനന്ദസാഗർ കോളെജ് ഓഫ് എഞ്ചിനീയറിങ്ങിൽ പഠനം ആരംഭിച്ചെങ്കിലും മനസ്സ് ഫോർമുല റേസ് ട്രാക്കിൽ തന്നെയായിരുന്നു. തന്റെ വഴി എഞ്ചിനീയറിങ്ങിന്റേതല്ലെന്നും റേസ് കാർ ഡ്രൈവറുടേതാണെന്നും വീട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തി, ഒരു വർഷത്തിനകം തന്നെ കോളെജ് ജീവിതത്തോട് വിട പറഞ്ഞു അവൻ. 2017 മുതൽ ഡിടിഎസ് റേസിങ്ങിൽ പരിശീലനം. കോയമ്പത്തൂരിൽ ചെട്ടിപ്പാളയത്തുള്ള കരി മോട്ടോർ സ്പീഡ് വേയിലായിരുന്നു പരിശീലനം. ”റേസിങ്ങിന്റെ തന്ത്രങ്ങളും അടവുകളുമെല്ലാം ദിൽജിത്താണ് എന്നെ പഠിപ്പിച്ചത്. അച്ഛനും അമ്മയും എല്ലാവിധ പിന്തുണയുമായി കൂടെ നിന്നു. അങ്ങനെയാണ് ഒരു വർഷത്തിനുള്ളിൽ ഞാൻ 2018ൽ എംആർഎഫ് നാഷണൽ റേസിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഫോർമുല 1300 വിഭാഗത്തിലായിരുന്നു മത്സരം.

അനുഭവപരിജ്ഞാനമുള്ള റേസർമാരും തുടക്കക്കാരുമടക്കം മൊത്തം 23 പേരായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. ഏഴ് പേർ റേസിങ് രംഗത്ത് പഴകിത്തെളിഞ്ഞവരായിരുന്നതിനാൽ അവർക്കൊപ്പമുള്ള മത്സരത്തിൽ ഞാൻ റേസ് ക്രാഫ്റ്റ് ശരിക്കും അഭ്യസിച്ചു. കോയമ്പത്തൂരിലും ചെന്നൈയിലുമായി നാല് റൗണ്ടുകളിലായി മൊത്തം 9 റേസുകളാണ് ഉണ്ടായിരുന്നത്. എല്ലാ റേസുകളും ആദ്യ എട്ടിനുള്ളിലെത്താൻ എനിക്ക് സാധിച്ചു. 2 തവണ കാറിന് തകരാറു സംഭവിച്ചതിനാൽ മത്സരം ഉപേക്ഷിക്കേണ്ടിയും വന്നു. വിജയിയാകാൻ കഴിഞ്ഞില്ലെങ്കിലും ആദ്യ വർഷത്തെ റേസിങ് എനിക്ക് എന്റെ കഴിവുകളും പരിമിതികളുമെന്തൊക്കെയെന്ന് സ്വയം മനസ്സിലാക്കുന്നതിൽ സഹായിച്ചു,” വിശ്വാസ് വിജയരാജ് പറയുന്നു.

അതേ വർഷം തന്നെ ഡിടിഎസ് റേസിങ്ങിലൂടെ ജെ കെ ടയർ നാഷണൽ നോവൈസ് കപ്പിലും പങ്കെടുക്കാനെത്തി വിശ്വാസ്. ”ആറ് റേസുകളാണ് മൊത്തം ജെ കെ നോവൈസിലുണ്ടായിരുന്നത്. ഇതിൽ ഒരെണ്ണത്തിൽ ഒന്നാമതെത്തുവാനും മറ്റൊന്നിൽ മൂന്നാമതായി ഫിനിഷ് ചെയ്യാനും എനിക്കായി,” ആദ്യ വർഷം തന്നെ രണ്ട് റേസുകളിൽ വിജയം കൊയ്യാനായത് വിശ്വാസിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. അതിന്റെ തുടർച്ചയാണ് ജൂലൈ 20-ാം തീയതി മദ്രാസ് റേസ് ട്രാക്കിൽ എം ആർ എഫ് നാഷണൽ കാർ റേസ് ചാമ്പ്യൻഷിപ്പിൽ വിശ്വാസ് നേടിയ വിജയം. വരുന്ന സെപ്തംബറിലാണ് മത്സരത്തിന്റെ ഫൈനൽ.

ഈ വിജയത്തെ തുടർന്നാണ് സ്മാർട്ട് ഡ്രൈവ് വിശ്വാസിന്റെ അടുത്ത റേസ് കാണാൻ കോയമ്പത്തൂരിലെ കരി സ്പീഡ്‌വേയിലേക്ക് തിരിക്കുന്നത്. ജൂലൈ 27ന് ജെ കെ ടയർ നാഷണൽ റേസിങ് ചാമ്പ്യൻഷിപ്പിൽ ഫോർമുല എൽജിബി എഫ് 4 വിഭാഗത്തിൽ ഇതാദ്യമായി വിശ്വാസ് മത്സരിച്ചത്. മറ്റ് വിഭാഗങ്ങളിലെ മത്സരങ്ങളുമായി താരത്മ്യപ്പെടുത്തുമ്പോൾ ഫോർമുല എൽ ജി ബി എഫ് 4 കടുത്ത മത്സരാധിക്യമുള്ളതും കടുത്ത വെല്ലുവിളി ഉയർത്തുന്നതുമാണ്. പലതവണ ദേശീയ ചാമ്പ്യന്മാരായ ഏഴു പേർ പങ്കെടുക്കുന്നതാണ് ഈ മത്സരം. അവലാഞ്ച് റേസിങ്ങിന്റെ ബാനറിലായിരുന്നു വിശ്വാസിന്റെ മത്സരം. മത്സരത്തിനു മുമ്പ് വിശ്വാസിന്റെ 95-ാം നമ്പർ റേസ് കാറിന്റെ അവസാനവട്ട പരിശോധനയിലായിരുന്നു ടെക്‌നീഷ്യന്മാർ. ”സമർത്ഥനായ ഫോർമുല റേസറാണ് വിശ്വാസ്. ചെറുപ്രായത്തിൽ തന്നെ ആത്മാർപ്പണത്തോടെ റേസിങ്ങിൽ തുടരാൻ വിശ്വാസിനാകുന്നുണ്ട്,” ദിൽജിത്ത് ടി എസ് തന്റെ ശിഷ്യനെപ്പറ്റി പറഞ്ഞു. ദിൽജിത്ത് ഈ മത്സരത്തിൽ വിശ്വാസിനൊപ്പം മത്സരിക്കുന്നുണ്ട്.

മൊത്തം അഞ്ച് ടീമുകളിലായി മത്സരിക്കുന്ന ഇരുപത്തഞ്ചോളം പേരിൽ നിന്നാണ് മത്സരിക്കാൻ യോഗ്യരായ വരെ കണ്ടെത്തുന്നത്. ഉച്ചയ്ക്കു മുമ്പു നടന്ന മത്സരത്തിൽ വിശ്വാസ് 1.14 മിനുട്ടിൽ ഫിനിഷ് ചെയ്ത് യോഗ്യതാ മത്സരം വിജയിച്ചു. മൂന്നരയ്ക്കായിരുന്നു ആദ്യ റേസ്. വാഹനത്തിന്റെ ഗിയറിന് തകരാറു സംഭവിച്ചതിനാൽ ഫിനിഷ് ചെയ്‌തെങ്കിലും ആഗ്രഹിച്ച പ്രകടനം കാഴ്ച വയ്ക്കാൻ വിശ്വാസിനായില്ല. ”മത്സരത്തിന് ദിവസങ്ങൾ നീണ്ട തയാറെടുക്കലുണ്ട്. പലപ്പോഴും മതിയായ ഉറക്കം പോലും ലഭിച്ചെന്നു വരില്ല. പക്ഷേ മത്സരത്തിന്റെ ആവേശം അതെല്ലാം മാറ്റിക്കളയും,” വിശ്വാസ് പറയുന്നു. 169 കിലോമീറ്റർ വേഗതയിൽ വരെ സ്‌ട്രെയ്റ്റ് ട്രാക്കുകളിൽ വിശ്വാസിന്റെ വാഹനം ചീറിപ്പാഞ്ഞിരുന്നു ഈ റേസിൽ.

ആത്മാർത്ഥതയും റേസിങ്ങിനോട് അതിയായ കമ്പവുമുണ്ടെങ്കിൽ റേസിങ് ഒരു കരിയറായി സ്വീകരിക്കുന്നതിന് മടിച്ചു നിൽക്കേണ്ട ആവശ്യമില്ലെന്നാണ് വിശ്വാസ് പറയുന്നത്. ”എംആർഎഫും ജെ കെ ടയറുമെല്ലാം ഈ രംഗത്ത് സജീവമായതിനാൽ കൂടുതൽ പേർ ഇതിന്റെ സാധ്യതകളെപ്പറ്റി മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. പക്ഷേ വലിയ ചെലവേറിയതാണ് റേസിങ്. ഇന്ത്യയിൽ ഒരൊറ്റ സീസൺ മത്സരത്തിൽ പങ്കെടുക്കുന്നതിന് 10 ലക്ഷം രൂപയോളം ചെലവാകും.

ഇതിനായുള്ള തുക സ്‌പോൺസർഷിപ്പിൽ നിന്നും കണ്ടെത്തേണ്ടതുണ്ട്. കുറഞ്ഞത് മൂന്നോ നാലോ ലക്ഷം രൂപയെങ്കിലും സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് എന്റെ നീക്കം,” വിശ്വാസ് പറയുന്നു. രണ്ടോ മൂന്നോ വർഷത്തേക്ക് ഏതെങ്കിലും കമ്പനികളുമായി കരാറിലേർപ്പെടാനുള്ള നീക്കത്തിലാണ് ഇപ്പോൾ ഈ റേസ് ചാമ്പ്യൻ. ”സ്‌പോൺസർ ചെയ്യുന്ന കമ്പനികൾ ക്ക് അവരുടെ ഉൽപന്നങ്ങളുടെ പരസ്യം എന്റെ കാറിലും സ്യൂട്ടിലും ചെയ്യാവുന്നതാണ്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഞാൻ റേസിങ് രംഗത്തേക്ക് എത്തപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകാറുള്ളതിനാൽ ഈ റേസിങ് മത്സരങ്ങളുടെ പ്രൊമോഷനുകളും ഞാനതിലൂടെ നടത്തുകയും ചെയ്യും,” വിശ്വാസ് പറയുന്നു.

”എംആർഎഫിലും എൽജിബി എഫ് 4ലും ദേശീയചാമ്പ്യൻഷിപ്പ് നേടിയാൽ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ കാറുകളുടെ വിഭാഗമായ ഫോർമുല ബിഎംഡബ്ല്യു, എംആർഎഫ് 1600 എന്നീ ഉയർന്ന വിഭാഗത്തിലേക്കും എനിക്ക് എത്തപ്പെടാനാകും. ഇറ്റലിയിലോ മറ്റു രാജ്യങ്ങളിലോ കൂടുതൽ അനുഭവപരിജ്ഞാന ത്തിനായി ഫോർമുല ബിഎംഡബ്ല്യുവോ ഫോർമുല റെനോ 2.0 ടെസ്റ്റിങ്ങോ ചെയ്യാനും എനിക്ക് പദ്ധതിയുണ്ട്,” വിശ്വാസ് പറയുന്നു. അടുത്ത വർഷം തന്നെ ഫോർമുല ബിഎംഡബ്ല്യുവിലേക്കോ എം ആർഎഫ് 1600ലേക്കോ തനിക്ക് എത്തപ്പെടാനാകുമെന്ന് വിശ്വാസ് കരുതുന്നു. അതിനുശേഷം ഏഷ്യൻ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പായ ഫോർമുല എസ്ഇഎയിലേക്കോ ഫോർമുല 4 ഏഷ്യൻ കപ്പിലേക്കോ ഫോർമുല 3 ഏഷ്യൻ സീരീസിലേക്കോ മത്സരിക്കുകയും രാജ്യത്തി നായി ചാമ്പ്യൻഷിപ്പ് ടൈറ്റിൽ നേടുകയുമാണ് തന്റെ ലക്ഷ്യമെന്നും വിശ്വാസ് പറയുന്നു.

വിശ്വാസിന്റെ ഇളയ സഹോദരൻ അക്ഷയ് ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. റേസിങ്ങിലൊന്നും അവന് താൽപര്യമില്ല. ചേട്ടനെ റേസിങ്ങിൽ പരമാവധി പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലാണ് അവന് ഹരം. ഒരു നാൾ തന്റെ ചേട്ടൻ ഇന്ത്യയ്ക്ക് റേസിങ് കിരീടവുമായി എത്തുമെന്ന ഉറച്ച വിശ്വാസം അവനുണ്ട്. വിശ്വാസ് വിജയരാജ് ഇന്ന് വിജയത്തിലേക്കുള്ള ഒരു വിശ്വാസമാണ്. ആ ആത്മവിശ്വാസം വിജയം കാണുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയമേയില്ല$

VISWAS VIJAYARAJ
Instagram: Viswas_Racing_95
Facebook: Viswas V Menon
Mobile : 9618429675
Email : visasvmenon@gmail.com

Copyright: Smartdrive-August 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>