Testimonial: Skoda Rapid Onyx
September 23, 2020
Toyota Urban Cruiser launched at Rs 8.40 lakh
September 24, 2020

Detail Review: Maruti Suzuki Vitara Brezza

മാരുതി സുസുക്കി വിറ്റാര ബ്രെസ്സയുടെ 2020ലെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ പതിപ്പ് പഴയ ഡീസൽ എഞ്ചിൻ മോഡലിനേക്കാൾ പ്രകടനത്തിലും രൂപകൽപനയിലും ബഹുദൂരം മുന്നിലാണ്. നാലു വർഷം കൊണ്ട് അഞ്ചു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിഞ്ഞ വിറ്റാര ബ്രെസ്സ പുതിയ രൂപത്തിലെത്തുമ്പോൾ എന്തെല്ലാമാണ് ആ വാഹനത്തെ കൂടുതലായി ജനതയോട് അടുപ്പിക്കുന്നത്?

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോ: അഖിൽ അപ്പു

കാലത്തിനു മുമ്പേ ചലിക്കുന്ന വ്യക്തികളെപ്പോലെ, കാലത്തിനു മുമ്പേ വിപണിയിലെത്തുന്ന ചില വാഹനങ്ങളുമുണ്ട്. അത്തരത്തിലൊരു വാഹനമായിരുന്നു 2009ൽ മാരുതി സുസുക്കി പുറത്തിറക്കിയ ഗ്രാൻഡ് വിറ്റാര. ഇന്ത്യയിൽ എസ് യു വി തരംഗം ആഞ്ഞടിക്കുന്നതിനു മുമ്പായിരുന്നു മാരുതി ഈ തകർപ്പൻ എസ് യു വിയുമായി വിപണി കീഴക്കാൻ ശ്രമിച്ചത്. എന്നാൽ പെട്രോൾ എഞ്ചിനുള്ളതും വിലക്കൂടുതലുമായിരുന്ന ആ എസ് യു വി ഏറെ മികവുറ്റതായിരുന്നുവെങ്കിലും മാരുതി സുസുക്കി പ്രതീക്ഷിച്ചതുപോലെ അത് വിപണി കീഴടക്കിയില്ല. 2015ൽ വിപണിയിൽ നിന്നും ഗ്രാൻഡ് വിറ്റാര പിൻവാങ്ങിയതിനെ തുടർന്നാണ് കോംപാക്ട് എസ് യു വി വിപണി ലക്ഷ്യമിട്ട് മാരുതി സുസുക്കി വിറ്റാര ബ്രെസ്സ എന്ന ഡീസൽ എഞ്ചിനുള്ള കാർ വിപണിയിലെത്തിച്ചത്. കെട്ടിലും മട്ടിലുമൊക്കെ എസ് യു വികൾക്കൊത്ത രൂപവും ഭാവവുമൊക്കെയുള്ള ഈ ഡീസൽ മിടുക്കൻ വൈകാതെ തന്നെ ഇന്ത്യൻ വാഹനപ്രേമികളുടെ പ്രിയപ്പെട്ടവനായി മാറി. ഫിയറ്റിന്റെ 1.3 മൾട്ടിജെറ്റ് എഞ്ചിനായി രുന്നു വിറ്റാര ബ്രെസ്സയെ ചലിപ്പിച്ചിരുന്നത്. വിപണിയിലെത്തി നാലു വർഷങ്ങൾക്കുള്ളിൽ അഞ്ചു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് കോംപാക്ട് എസ് യു വി വിപണിയിലെ രാജാവായി വിറ്റാര ബ്രെസ്സ മാറാൻ വൈകിയില്ല.

എന്നാൽ 2020 ഏപ്രിൽ മാസത്തിൽ ഇന്ത്യയിൽ ബി എസ് 4 എമിഷൻ ചട്ടങ്ങൾ നിലവിൽ വന്നതോടെ, ഡീസൽ എഞ്ചിൻ കാറുകളിൽ നിന്നും മാരുതി സുസുക്കി പിന്മാറി. എന്നാൽ ബ്രെസ്സ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട വാഹനത്തെ വഴിയിൽ ഉപേക്ഷിക്കാൻ മാരുതി സുസുക്കി തയാറായിരുന്നില്ല. അങ്ങനെയാണ് ഇന്ത്യയിൽ തന്നെ കൺസീവ് ചെയ്ത്, ഇന്ത്യയിൽ തന്നെ ഡിസൈൻ ചെയ്ത്, ഇന്ത്യയിൽ തന്നെ പൂർണമായും നിർമ്മിച്ച വിറ്റാര ബ്രെസ്സയുടെ പെട്രോൾ ബിഎസ് 6 പതിപ്പ് മാരുതി പുറത്തിറക്കിയത്. 2009ൽ പെട്രോൾ എഞ്ചിനുമായെത്തിയ ഗ്രാൻഡ് വിറ്റാര ഒരു പരാജയമായിരുന്നുവെങ്കിൽ 2020ൽ പെട്രോൾ എഞ്ചിനുമായെ ത്തിയ വിറ്റാര ബ്രെസ്സ ഒരു തകർപ്പൻ വിജയമായി മാറിയെന്നതാണ് കൗതുകകരമായ കാര്യം.

ആ വിജയത്തിനു പിന്നിൽ രസകരമായ ഒട്ടേറെ കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് വാസ്തവം. ട്രാൻസ്മിഷനിൽ വരുത്തിയ മാറ്റമാണ് അതിലൊന്ന്. നേരത്തെ ഉണ്ടായിരുന്ന ഓട്ടോമാറ്റിക് വിറ്റാര ബ്രെസ്സയിലെ ഡീസൽ എഞ്ചിൻ എ എം ടി ട്രാൻസ്മിഷനുമായാണ് ബന്ധിപ്പിക്കപ്പെട്ടിരുന്നതെങ്കിൽ പുതിയ 1.5 പെട്രോൾ എഞ്ചിൻ 4 സ്പീഡ് ടോർക്ക് കൺവർട്ടർ ഓട്ടോമാറ്റിക് ആണ്. ടോർക്ക് കൺവർട്ടർ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന മൈലേജ് നഷ്ടവും പവർ ലോസും പരിഹരിക്കുന്നതിനായി സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഓട്ടോമാറ്റിക് വാഹനത്തിൽ മാരുതി ഇണക്കിച്ചേർത്തിട്ടുണ്ട്. ബാറ്ററിയും ഇലക്ട്രിക് മോട്ടോറുമൊക്കെ ഉപയോഗിച്ചുകൊണ്ട് ആക്‌സിലറേഷനിൽ പെട്രോൾ എഞ്ചിനുണ്ടാകുന്ന സ്‌ട്രെസ്സിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഓട്ടോമാറ്റിക് വിറ്റാര ബ്രെസ്സ. ഈ സെഗ്മെന്റിലെ ഏറ്റവും മികച്ച മൈലേജായ ലിറ്ററിന് 18.76 കിലോമീറ്ററും അതിനാൽ ബ്രെസ്സയ്ക്ക് ലഭിക്കുന്നുണ്ട്. ഓട്ടോമാറ്റിക് വേരിയന്റിനു പുറമേ 5 സ്പീഡ് മാനുവൽ പെട്രോൾ വേർഷനുകളും ബ്രെസ്സയ്ക്കുണ്ട്. നാല് ഓട്ടോമാറ്റിക് വേരിയന്റുകളടക്കം മൊത്തം ഒമ്പതു വേരിയന്റുകളാണ് വിറ്റാര ബ്രെസ്സ വിപണിയിലെത്തിച്ചിരിക്കുന്നതെന്നത് വാഹനപ്രേമികളെ കൂടുതൽ സന്തോഷിപ്പിക്കുന്നുമുണ്ട്. 7.39 ലക്ഷം മുതൽ 11.49 ലക്ഷം രൂപ വരെയാണ് ഈ വാഹനങ്ങളുടെ കൊച്ചിയിലെ എക്‌സ് ഷോറൂം വില.

വിറ്റാര ബ്രെസ്സയ്ക്ക് വിപണിയിൽ വലിയ വേരോട്ടമുണ്ടാക്കുന്നത് ഇതു മാത്രമല്ല. സുസുക്കിയുടെ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനത്തിന്റെ നിർമ്മിതി. 1462 സിസിയുടെ 4 സിലിണ്ടർ കെ സീരീസ് എഞ്ചിൻ കരുത്തിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വയ്ക്കുന്നത്. 6000 ആർ പി എമ്മിൽ 103 ബി എച്ച് പി (105 പി എസ്) ശേഷിയും 4400 ആർ പി എമ്മിൽ 138 ന്യൂട്ടൺ മീറ്റർ ടോർക്കും ബ്രെസ്സ നൽകുന്നുണ്ട്. സുരക്ഷിതത്വത്തിന്റെ കാര്യത്തിലും അതീവശ്രദ്ധയാണ് സ്റ്റാൻഡേർഡ് മോഡലിലടക്കം വിറ്റാര ബ്രെസ്സ പുലർത്തിയിട്ടുള്ളത്. രണ്ട് എയർ ബാഗുകളും എബിഎസും ഇബിഡിയും സ്റ്റാൻഡേർഡായുള്ള വാഹനത്തിന്റെ ഉയർന്ന വേരിയന്റുകളിൽ ഹിൽ ഹോൾഡ് കൺട്രോൾ പോലുള്ള ഫീച്ചറുകളും നൽകിയിരിക്കുന്നു. ആഗോള പാസഞ്ചർ കാർ സേഫ്റ്റി ടെസ്റ്റായ ഗ്ലോബൽ എൻ ക്യാപ്പിൽ നാല് സ്റ്റാർ റേറ്റിങ്ങാണ് വിറ്റാര ബ്രെസ്സയ്ക്ക് ലഭിച്ചത്. പെഡസ്ട്രിയൻ സേഫ്റ്റിയുടെ കാര്യത്തിലും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിറ്റാര ബ്രെസ്സയുടെ നിർമ്മിതി.

2020 മോഡൽ വിറ്റാര ബ്രെസ്സ വാഹനപ്രേമികളുടെ മനസ്സു നിറയ്ക്കുന്നത് ഇതുകൊണ്ടൊക്കെ മാത്രമല്ല. കൂടൂതൽ സ്‌പോർട്ടിയും ബോൾഡും ശക്തനുമായി മാത്രമല്ല വിറ്റാര ബ്രെസ്സ എത്തിയിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ അകത്തും പുറത്തും ധാരാളം മാറ്റങ്ങളും പെട്രോൾ ബി എസ് 6 വേർഷിൽ ഉണ്ടായിട്ടുണ്ട്. സെൽഫ് ലെവലിങ് എൽ ഇ ഡി ഡ്യുവൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും എൽ ഇ ഡി ഡേടൈം ലാമ്പുകളും എൽ ഇ ഡി ടെയ്ൽ ലാമ്പുകളും എൽ ഇ ഡി ഫോഗ് ലാമ്പുകളും ഡ്യുവൽ ടോൺ ഡയമണ്ട് കട്ട് 16 ഇഞ്ച് അലോയ് വീലുകളുമെല്ലാം വിറ്റാര ബ്രെസ്സയുടെ റോഡ് പ്രെസൻസ് കാര്യമായി തന്നെ വർധിപ്പിച്ചിട്ടുണ്ട്. മുന്നിൽ വരുത്തിയ മാറ്റങ്ങളും ആരേയും വശീകരിക്കാൻ പോന്നതാണ്. ക്രോം ധാരാളമായി ഉപയോഗിച്ചിട്ടുള്ള പുതിയ ഗ്രിൽ വിറ്റാര ബ്രെസ്സയ്ക്ക് ഒരു മസിൽമാൻ ലുക്ക് നൽകുന്നുണ്ടെന്നതിനു പുറമേ, ബമ്പറിലെ പവർലൈനുകൾ വാഹനത്തിന് കരുത്തനായ ഒരു എസ് യു വിയുടെ ഭാവവും നൽകുന്നു. ക്രാഷ് ഗാർഡുകൾ പോലെ തോന്നിപ്പിക്കുന്ന ഭാഗമാണ് എയർ ഡാമുകൾക്കടുത്തായി അലുമിനിയം ഫിനിഷിൽ രൂപകൽപന ചെയ്തിട്ടുള്ളത്. സൈഡ് പ്രൊഫൈലിൽ മുന്നിൽ നിന്നും ആരംഭിക്കുന്ന ക്ലാഡിങ് വീൽ ആർച്ചിലേക്ക് നീളുന്നുവെങ്കിൽ സി പില്ലറിലടക്കം നൽകിയിട്ടുള്ള ബ്ലാക്ക് ഫിനിഷ് കരുത്തുറ്റ രൂപം വിറ്റാര ബ്രെസ്സയ്ക്ക് സമ്മാനിക്കുന്നുണ്ട്.

ഇന്റീരിയറിലെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനു മുമ്പായി വിറ്റാര ബ്രെസ്സയുടെ പുതിയ ഡ്യുവൽ ടോണുകളെപ്പറ്റി കൂടി പറയേണ്ടതുണ്ട്. മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫോടു കൂടിയ സിസ്ലിങ് റെഡും ടോർക്ക് ബ്ലൂ വേരിയന്റുകൾക്കും പുറമേ, ഓട്ടം ഓറഞ്ച് റൂഫോടു കൂടിയ ഗ്രാനെറ്റ് ഗ്രേ വിറ്റാര ബ്രെസ്സയും വിപണിയിലുണ്ട്. ആത്മവിശ്വാസത്തോടു കൂടിയ, സ്‌റ്റൈലിഷും എക്‌സ്പരിമെന്റലും റിസ്‌ക് ടേക്കറുമാണ് വിറ്റാര ബ്രെസ്സയെന്ന് പറയാം. ഓട്ടോഹെഡ് ലാമ്പുകൾ, ഓട്ടോ ഡിമ്മിങ് ഐആർവിഎമ്മുകൾ, ഓട്ടോ ഫോൾഡിങ് ഒ ആർവിഎമ്മുകൾ എന്നിവയൊക്കെ വിറ്റാര ബ്രെസ്സയിലുണ്ട്. ഇനി ഇന്റീയറിലേക്ക് വരാം.

ആധുനികകാലത്തിന് എന്തുകൊണ്ടും യോജിച്ച മട്ടിൽ തീർത്തും ആധുനികമായാണ് വിറ്റാര ബ്രെസ്സയുടെ പ്രീമിയം ഇന്റീരിയറിന്റെ നിർമ്മിതി. 17.78 സെന്റിമീറ്ററുള്ള ടച്ച് സ്‌ക്രീനിൽ സ്മാർട്ട് പ്ലേ സ്റ്റുഡിയോ ആണുള്ളത്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതിൽ സാധ്യമാകും. വെഹിക്കിൾ അലർട്ടുകൾ, ലൈവ് ട്രാഫിക് നാവിഗേഷൻ, ക്യുറേറ്റഡ് ഓൺലൈൻ കണ്ടന്റിലേക്കുള്ള ആക്‌സസ് എന്നിവയൊക്കെ വിറ്റാര ബ്രെസ്സയിൽ കാണാനാകും. ദീർഘദൂര സഞ്ചാരത്തിന് സഹായകമാംവിധത്തിൽ സ്റ്റോറേജ് സ്‌പേസുകളും ബ്രെസ്സയിൽ നൽകിയിട്ടുണ്ട്. 328 ലിറ്ററാണ് ബൂട്ട് സ്‌പേസ്. രണ്ടാം നിര സീറ്റുകൾ മറിച്ചിട്ടാൽ കൂടുതൽ സ്‌പേസ് വേറെ ലഭിക്കുകയും ചെയ്യും. ബൂട്ടിൽ ലൈറ്റും ചാർജർ പോയിന്റും വിറ്റാര ബ്രെസ്സയിൽ നൽകിയിട്ടുണ്ട്. മുന്നിലും പിന്നിലും ആംറെസ്റ്റുകൾ നൽകിയിരിക്കുന്നു. മുന്നിലെ ആംറെസ്റ്റിനടയിലും ഡാഷ് ബോർഡിലെ രണ്ട് ഗ്ലോബോക്‌സുകളും ഡോറുകളിലെ ബോട്ടിൽ ഹോൾഡറുകളിലും സാധനങ്ങൾ സൂക്ഷിക്കാം.

ഇതിനു പുറമേ സൺ ഗ്ലാസ് ഹോൾഡറുമുണ്ട് വിറ്റാര ബ്രെസ്സയിൽ. 48 ലിറ്ററാണ് ഫ്യുവൽ ടാങ്ക് ശേഷി. സ്റ്റീയറിങ്ങിൽ തന്നെ ക്രൂയിസ് കൺട്രോളും ഹാൻഡ്‌സ് ഫ്രീ ഫോണും വോളിയം കൺട്രോളുമെല്ലാം നൽകിയിട്ടുള്ളതിനാൽ ഡ്രൈവിങ്ങിനിടയിൽ ശ്രദ്ധ മുന്നിലെ പാതയിൽ തന്നെ നൽകാനാകും. ലെതർ പൊതിഞ്ഞ സ്റ്റീയറിങ്ങും ഗിയർ നോബുമുണ്ടെന്ന തിനു പുറമേ, ഗ്രിപ്പ് നൽകുന്ന സീറ്റുകളാണ് വിറ്റാര ബ്രെസ്സയിലുള്ളത്. മുന്നിലെ സീറ്റിനു പിന്നിൽ സാധനങ്ങളോ ഷർട്ടോ തൂക്കിയിടുന്നതിനായി ഒരു ഹുക്കും നൽകിയിട്ടുണ്ട്. നല്ല തുട സപ്പോർട്ട് നൽകുന്ന സീറ്റുകളായതിനാൽ ദീർഘദൂര യാത്രകളിലും യാത്രികർക്ക് യാതൊരു അലോസരതയും അനുഭവപ്പെടുകയുമില്ല. ഓട്ടോമാറ്റിക് വേർഷനിൽ 2, എൽ, എന്നിങ്ങനെ രണ്ട് മോഡുകളും നൽകിയിട്ടുണ്ട്. എൽ മോഡിൽ ദുഷ്‌ക്കരമായ കയറ്റങ്ങൾ കയറാൻ സഹായിക്കുന്ന ഫസ്റ്റ് ഗിയറാണെങ്കിൽ 2 മോഡിൽ ഒന്നും രണ്ടും ഗിയറുകളാകും പ്രവർത്തിക്കുക. ഓവർ ഡ്രൈവ് മോഡിൽ മറ്റു വാഹനങ്ങളെ അനായാസേന മറികടക്കാനാവശ്യമായ തേഡ് ഗിയർ ആകും പ്രവർത്തിക്കുക.

പിൻ സീറ്റിലിരിക്കുന്നവർക്കും മികച്ച ലെഗ് സ്‌പേസും ഹെഡ് സ്‌പേസും ലഭിക്കുന്നുണ്ട് വിറ്റാര ബ്രെസ്സയിൽ. 3995 എം എം നീളവും 1790 എം എം വീതിയും 1640 എം എം ഉയരവുമുള്ള വിറ്റാര ബ്രെസ്സയുടെ വീൽബേസ് 2500 എം എമ്മാണ്. കൂടുതൽ വീൽ ബേസുള്ളതിനാൽ ഉള്ളിൽ ധാരാളം സ്‌പേസും വിറ്റാര ബ്രെസ്സയിലുണ്ട്. 198 എം എമ്മാണ് ഗ്രൗണ്ട് ക്ലിയറൻസ് എന്നതിനാൽ ദുർഘടപാതകളിൽ പോലും അടിതട്ടുമെന്ന ഭയവും വേണ്ട. 1135 കിലോഗ്രാം ആണ് കെർബ് വെയിറ്റ്. വലിയ ഭാരമില്ലാത്തതിനാൽ അനായാസമായി വാഹനം വളയ്ക്കാനാകുമെന്നതിനു പുറമേ, കൂടുതൽ മെച്ചപ്പെട്ട പ്രകടനം അത് കാഴ്ച വയ്ക്കുന്നുണ്ട്. ചെറിയ നിരത്തുകളിൽ പോലും എളുപ്പത്തിൽ വളച്ചെടുക്കാനാ കുംവിധം കോംപാക്ട് ആയാണ് വിറ്റാര ബ്രെസ്സയുടെ നിർമ്മിതി.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളോടു കൂടിയ മികച്ച എയർ കണ്ടീഷനിങ് ആണ് വിറ്റാര ബ്രെസ്സയിലുള്ളത്. റിവേഴ്‌സ് ക്യാമറയും പിന്നിലെ പാർക്കിങ് സെൻസറുകളും അനായാസേനയുള്ള പാർക്കിങ് സാധ്യമാക്കുന്നു. ശരാശരി ഇന്ധനം ഉപയോഗിക്കൽ, ഇന്ധനം തീരാൻ എത്ര കിലോമീറ്റർ ശേഷിക്കുന്നു, എന്നിങ്ങനെയുള്ള കാര്യങ്ങളും വിറ്റാര ബ്രെസ്സയിൽ അറിയാനാകും.


പല മാരുതി വാഹനങ്ങളും 5000 കിലോമീറ്ററിലായിരുന്നു സർവീസ് ചെയ്യേണ്ടതെങ്കിൽ വിറ്റാര ബ്രെസ്സ 10,000 കിലോമീറ്ററിൽ സർവീസ് ചെയ്താൽ മതിയാകും. 2 വർഷത്തെ അഥവാ 40,000 കിലോമീറ്റർ മാനുഫാക്ചറിങ് വാറന്റിയും മാരുതി സുസുക്കി വിറ്റാര ബ്രെസ്സയ്ക്ക് നൽകുന്നുണ്ട്. വിറ്റാര ബ്രെസ്സയുടെ 2020 ലെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ പതിപ്പ് പഴയ ഡീസൽ എഞ്ചിൻ മോഡലിനേക്കാൾ പ്രകടനത്തിലും രൂപകൽപനയിലും ബഹുദൂരം മുന്നിലാണെന്ന് ചുരുക്കം$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>