സ്വച്ഛഭാരതം!
October 16, 2019
Test Drive: Porsche Panamera
October 16, 2019

Dancing Drops: Travel to Chirappunjee in VW Ameo

ലോകത്തിൽ ഏറ്റവുമധികം മഴ പെയ്യുന്ന പ്രദേശമെന്ന് കുട്ടിക്കാലത്ത് പഠിച്ച ചിറാപ്പുഞ്ചിയിലേക്ക് നമ്മുടെ ഫോക്‌സ് വാഗൺ അമിയോ പായുകയാണ്. മഴയും മഞ്ഞും തണുപ്പും താണ്ടി മലയോരങ്ങളുടെ വശ്യമായ പച്ചപ്പിനെ തഴുകി മേഘാലയ യാത്ര തുടരുകയാണ്…

എഴുത്ത്: ബൈജു എൻ നായർ ചിത്രങ്ങൾ: സുബ്രതോ ഘോഷ്‌

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽ നിന്ന് ലോകത്തിലേറ്റവുമധികം മഴ പെയ്യുന്ന സ്ഥലമായ ചിറാപ്പുഞ്ചിയിലേക്ക് ഫോക്‌സ്‌വാഗൺ അമിയോ കുതിക്കുകയാണ്. കുതിക്കുകയാണ് എന്ന പ്രയോഗം അത്ര ശരിയാണോ എന്നു ചോദിച്ചാൽ, അല്ല എന്നതാണ് സത്യം. മൂടൽമഞ്ഞും ചാറ്റ മഴയും അമിയോയുടെ കുതിപ്പിന് തടസമാകുന്നുണ്ട്. ഒരു സെക്കന്റുപോലും മഴ നിലയ്ക്കുന്നില്ല. ഇടയ്ക്കിടെ മല കയറി വരുന്ന മൂടൽമഞ്ഞ് പ്രദേശമാകെ മൂടുന്നു. ഹെഡ്‌ലൈറ്റ് ഓൺ ചെയ്ത് പതുക്കെയെ പോകാൻ സാധിക്കൂ. കുതിരവട്ടം പപ്പു പറഞ്ഞതുപോലെ, ‘അപ്പുറവും ഇപ്പറവും ഭയങ്കരമായ കുയിയല്ലേ, കുയി… കടുക് മണി വ്യത്യാസത്തിൽ സ്റ്റിയറിങ്ങൊന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയാൽ മതി, ഞമ്മളും അമിയോയും തവിടുപൊടി’.

സെവൻ സിസ്റ്റേഴ്‌സ് വെള്ളച്ചാട്ടത്തിന്റെ പാർക്കിങ് ഏരിയയിൽ

സെവൻ സിസ്റ്റർ വെള്ളച്ചാട്ടം (കടപ്പാട്: ഗൂഗിൾ ഇമേജസ്)

അതുകൊണ്ട്, വളരെ ശ്രദ്ധിച്ചാണ് ഞമ്മടെ ഡ്രൈവിങ്. വൈകീട്ട് നാലുമണിയോടെ അമിയോ ഒരു തൂക്കുപാലത്തിൽ പ്രവേശിച്ചു. ചിറാപ്പുഞ്ചിയുടെ കവാടമെന്നു വിളിക്കാവുന്ന പാലമാണിത്. പാലത്തിൽ വാഹനങ്ങളുടെയും സെൽഫി എടുക്കുന്നവരുടെയും തിരക്കാണ്. ‘സെൽഫി ടൂറിസ്റ്റുകൾ’ ആണ് ഇപ്പോൾ യാത്ര ചെയ്യുന്നവരിൽ ഏറെയും. അവർക്ക് സ്ഥലം കാണണം എന്നൊന്നും നിർബന്ധമില്ല. എല്ലാ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളുടെയും ഭംഗിയുള്ള സ്ഥലങ്ങളുടെയും മുന്നിൽ നിന്ന് സെൽഫി എടുക്കണം- അതു മാത്രമാണ് ആഗ്രഹം. സെൽഫി എടുത്ത ശേഷം ആ സ്ഥലത്തേക്കൊന്ന് തിരിഞ്ഞു നോക്കുകപോലുമില്ല. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമുമൊക്കെ ചേർന്ന് മനുഷ്യന്റെ മനസ്സിന്റെ ഘടന തന്നെ മാറ്റിയിരിക്കുന്നു. അവനവനിസ’മാണ് ആധുനിക കാലത്തിന്റെ ഇസം.

സെവൻ സിസ്റ്റർ വെള്ളച്ചാട്ടത്തെ മൂടിയിരിക്കുന്ന കോടമഞ്ഞ് മാറാൻ കാത്തുനിൽക്കുന്നവർ

ചിറാപ്പുഞ്ചിയോട് അടുക്കുന്തോറും മഴ കനത്തു വന്നു. വഴിയരികിൽ ചെറിയ തടാകങ്ങൾ, പാറക്കെട്ടുകൾ, തളിർത്ത് വിടർന്നു നിൽക്കുന്ന പച്ചപ്പുൽത്തോടങ്ങൾ, മാനം മുട്ടെ ഉയർന്നു നിൽക്കുന്ന മാമലകൾ, മലകളിൽ നിന്ന് ഉയിർകൊള്ളുന്ന വെള്ളച്ചാട്ടങ്ങൾ, അരുവികൾ – എന്തൊരു കാഴ്ചയാണ് ലോകത്തിലെ ഈ ‘ഏറ്റവും നനഞ്ഞയിടം’ തുറന്നു തരുന്നത്!

സന്ധ്യയായില്ലെങ്കിലും വെളിച്ചം മങ്ങിത്തുടങ്ങി. താമസിക്കാൻ ഒരുഹോട്ടൽ കണ്ടെത്തിയേ പറ്റൂ. രണ്ട് ഹോട്ടലുകളിൽ കയറി. രണ്ടും ഫുള്ളാണ്. ചിറാപ്പുഞ്ചിയിൽ ഏറെ ഹോട്ടലുകളൊന്നുമില്ല.


ഒടുവിൽ കയറിയ ഹോട്ടലിലെ പയ്യൻ മറ്റൊരിടത്ത് വിളിച്ചിട്ട്, അവിടെ മുറി ഒഴിവുണ്ട് എന്ന വിവരം തന്നു. ക്രെസന്റ് എന്നാണ് ഹോട്ടലിന്റെ പേര്. നേരെ ക്രെസന്റിലേക്ക് പാഞ്ഞു, അമിയോ. ആ പ്രദേശത്തെ ഏറ്റവും വലിയ ഹോട്ടലുകളിലൊന്നാണ്. ടൗണിന്റെ ഹൃദയഭാഗത്താണ് ക്രെസന്റ് സ്ഥിതി ചെയ്യുന്നത്.മുറിയുണ്ട്. 4500 രൂപ വാടക. ഷില്ലോങ്ങിലും മുറി വാടക ഇത്രയൊക്കെത്തന്നെ ആയിരുന്നു. എറണാകുളത്ത് താജ് വിവാന്റയിൽ താമസിക്കാം, ഈ തുക ഉണ്ടെങ്കിൽ. പക്ഷേ ഇവിടെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

ചിറാപ്പുഞ്ചിയിലെ പെട്രോൾ പമ്പ്

മുറി കയറി കണ്ടു. നാട്ടിലാണെങ്കിൽ 1500 രൂപ കൊടുക്കാം. അത്രയ്ക്കുള്ള സൗകര്യങ്ങളേ ഉള്ളൂ. ഏതായാലും രാത്രിയ്ക്കു മുമ്പ് എവിടെയെങ്കിലും മുറി എടുത്തേ പറ്റൂ. അങ്ങനെ ക്രെസന്റിൽ രാത്രി കഴിച്ചുകൂട്ടി. പന്നിയിറച്ചിയുടെ വിവിധ ഡിഷുകൾ ഇവിടെ ലഭ്യമാണ്. മേഘാലയ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള സ്ഥലമായതുകൊണ്ട് പന്നി ഇറച്ചി സുലഭമാണ്. പോർക്ക് ഡ്രൈ ഫ്രൈയൊക്കെ അടിച്ചു കയറ്റി സുഖമായി കിടന്നുറങ്ങി.
പാതിരാത്രിയിൽ എപ്പോഴോ തണുപ്പിന്റെ കാഠിന്യം മൂലം ഉണർന്നു. എന്തൊരു തണുപ്പ്! 10 ഡിഗ്രിയായിരിക്കും തണുപ്പെന്ന് ഞാൻ കണക്കുകൂട്ടി. മുറിയിലെ വാർഡ്രോബ് തുറന്ന് ഒരു കമ്പിളി കൂടി എടുത്ത് പുതച്ചു കിടന്നപ്പോഴേ സമാധാനമായുള്ളൂ.

ചിറാപ്പുഞ്ചിയിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

മഴയില്ലാത്ത പ്രഭാതം ആഗ്രഹിച്ചുകൊണ്ടാണ് കണ്ണുതുറന്നത്. കർട്ടൻ മാറ്റി നോക്കിയപ്പോൾ ഒരു മാറ്റവുമില്ല, മഴ തന്നെ! എങ്ങനെ കാഴ്ചകാണാനിറങ്ങും എന്ന് ശങ്കിച്ചു. ഇതേ ആശങ്ക ഹോട്ടലിന്റെ മാനേജരുമായി പങ്കുവച്ചു. ‘ചിറാപ്പുഞ്ചിയിൽ വന്നിട്ട്, മഴ മാറിയശേഷം കാഴ്ച കാണാൻ നിന്നാൽ വർഷങ്ങളോളം നിൽക്കേണ്ടി വരും. അതുകൊണ്ട് യാത്ര തുടങ്ങുക. ഭാഗ്യമുണ്ടെങ്കിൽ മഴ അല്പനേരം മാറി നിൽക്കും’- മാനേജരുടെ അഭിപ്രായം ഇതായിരുന്നു.

സ്‌കോട്ട് മെമ്മോറിയലിനു മുന്നിൽ


അമിയോ മഴത്തുള്ളികൾ വകഞ്ഞു മാറ്റി യാത്ര തുടങ്ങി. ‘സെവൻ സിസ്‌റ്റേഴ്‌സ്’ എന്നറിയപ്പെടുന്ന ഏഴ് വെള്ളച്ചാട്ടങ്ങളുടെ ദൃശ്യത്തിലേക്കാണ് അമിയോ നീങ്ങിയത്. ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. മൗസ്മായ് ഗ്രാമത്തിലാണ് ഈ മനോഹര ദൃശ്യമുള്ളത്. ചിറാപ്പുഞ്ചിയുടെ ഭാഗം തന്നെയാണ് ഈ ഗ്രാമം.

വെള്ളക്കെട്ടുകളും ചെറിയ കുഴികളും നിറഞ്ഞ റോഡിലൂടെ (365 ദിവസവും മഴ പെയ്യുന്ന ചിറാപ്പുഞ്ചിയിൽ കേരളത്തിലെ റോഡുകളെ അപേക്ഷിച്ച് ഗട്ടറുകൾ കുറവാണ് എന്നത് സുധാകരൻ മന്ത്രിയും കേരള പൊതുമരാമത്തു വകുപ്പും മനസ്സിലാക്കണം) അമിയോ ഏഴ് സഹോദരിമാരിമാരെ കാണാനായി നീങ്ങി. പാർക്കിങ്ങിൽ കാർ നിന്നു ചുറ്റുപാടും നോക്കി. മഞ്ഞിന്റെ തിരശ്ശീല മാത്രം! പാർക്കിങ്ങിന്റെ എതിർവശത്ത് വ്യൂ പോയിന്റുണ്ട് അവിടെ നിന്നാൽ വെള്ളച്ചാട്ട സമുച്ചയത്തിന്റെ മനോഹര ദൃശ്യം ലഭിക്കേണ്ടതാണ്. പക്ഷേ എവിടെയും മൂടൽ മഞ്ഞ് മാത്രം. നിരാശയോടെ നിൽക്കുമ്പോൾ പാർക്കിങ് ഫീ പിരിക്കുന്ന പയ്യൻ അടുത്തെത്തി. ‘വിഷമിക്കേണ്ട, ഏതു നിമിഷവും മഞ്ഞ് മാറും. ഇന്നുരാവിലെ 8 മണി വരെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. കുറച്ചു നേരം കാത്തുനിൽക്കുക’- അവൻ പറഞ്ഞു.

സെവൻ സിസ്റ്റേഴ്‌സിനെ പൂർണ്ണമായും മൂടൽമഞ്ഞു വന്നു മൂടി.

1033 അടി ഉയരമുള്ള പാറയിൽ നിന്ന് പതിക്കുന്ന ഏഴു വെള്ളച്ചാട്ടങ്ങൾ- അതാണ് സെവൻ സിസ്റ്റേഴ്‌സ് ഫോൾസ്. ഏതാണ്ട് 70 മീറ്ററാണ് വെള്ളച്ചാട്ടങ്ങളുടെ ശരാശരി വീതി. ഖാസി പർവത നിരകളുടെ ഭാഗമായ പ്രദേശങ്ങളിൽ മഴ പെയ്യുമ്പോൾ മാത്രമേ ഈ വെള്ളച്ചാട്ടങ്ങൾ ദൃശ്യമാവുകയുള്ളു. മഴക്കാലം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ വെള്ളച്ചാട്ടങ്ങൾ ചെറു നീരുറവകളായി മാറും. അതുകൊണ്ട് സെവൻ സിസ്റ്റേഴ്‌സ് കാണാൻ ഏറ്റവും പറ്റിയ കാലം മഴക്കാലം തന്നെ. മൂടൽമഞ്ഞിന്റെ തിരശ്ശീലയൊന്ന് മാറിക്കിട്ടണമെന്നുമാത്രം.
വ്യൂപോയിന്റിൽ കാത്തു നിന്നു. ഇടയ്ക്ക് നല്ലൊരു കാറ്റടിച്ചു. മഞ്ഞ് പതുക്കെ നീങ്ങി. വെള്ളച്ചാട്ടങ്ങൾ ഓരോന്നായി ദൃശ്യമായിത്തുടങ്ങി. അഗാധതയിലേക്ക് പതിക്കുന്ന ഏഴ് വെള്ളച്ചാട്ടങ്ങൾ! അവ താഴെ വീഴുന്നതിന്റെ ഹുങ്കാര ശബ്ദം ആ പ്രദേശത്തെ പ്രകമ്പനം കൊള്ളിക്കുന്നുണ്ട്.
വെള്ളച്ചാട്ടത്തെ തൊട്ടുരുമ്മിയെന്നവണ്ണം മേഘമലകൾ. നമ്മൾ നിൽക്കുന്നത് മേഘങ്ങളുടെ ലോകത്തിലാണെന്നു തോന്നും. മേഘാലയ എന്ന പേര് എത്ര അന്വർത്ഥം! വീണ്ടും മഞ്ഞ് വരുന്നു, പോകുന്നു. അതിന്റെ ഇടവേളകളിൽ സഞ്ചാരികളുടെ ക്യാമറകൾ നൂറുകണക്കിന് തുറന്നടയുന്നു.
അരമണിക്കൂർ ഈ ഒളിച്ചുകളി തുടർന്നു. പിന്നെ സെവൻ സിസ്റ്റേഴ്‌സിനെ പൂർണ്ണമായും മൂടൽമഞ്ഞു വന്നു മൂടി.

അമിയോ യാത്ര തുടർന്നു. സോഹ്‌റ എന്ന ചെറു സിറ്റിയിലേക്കുള്ള യാത്രയ്ക്കിടെ ചിറാപ്പുഞ്ചിയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കെട്ടിടം കണ്ടു. ടെറസിൽ വലിയൊരു ഫുട്‌ബോളെന്നു വിളിക്കാവുന്ന രൂപം നിർമ്മിച്ചുവെച്ചിട്ടുണ്ട്. മഴയെ അളക്കാനുള്ള എന്തെങ്കിലും ഉപകരണങ്ങളാവാം അതിനുള്ളിൽ. ഏതായാലും ലോകത്തിലേറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശമെന്ന നിലയിൽ എപ്പോഴും വാർത്തകളിൽ സ്ഥാനം പിടിക്കാറുള്ള ചിറാപ്പുഞ്ചിയിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അതീവപ്രാധാന്യമുള്ള ഒരു പ്രസ്ഥാനമാണല്ലോ.

ചിറാപ്പുഞ്ചിയുടെ കൊടുംതണുപ്പിൽ ചൂടു ചോളം വിൽക്കുന്ന കുട്ടികൾ

തുടർന്നുള്ള യാത്രയിൽ വലതുവശത്തേക്ക് കൈ ചൂണ്ടുന്ന ബോർഡ് കണ്ടു- ‘സ്‌കോട്ട് മെമ്മോറിയൽ.’ മെയിൻറോഡിൽ നിന്ന് 500 മീറ്റർ ഉള്ളിലായി ആ സ്മാരകം കാണാം. മതിലിനുള്ളിൽ ഒരു കൂർത്ത കൽസ്തംഭം. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പ്രതിനിധിയായി മേഘാലയയിൽ സേവനമനുഷ്ഠിച്ച സ്‌കോട്ടിഷ് വംശജനായ ഡേവിഡ് സ്‌കോട്ടിന്റെ സ്മാരകമാണത്. ഈ പ്രദേശത്തിന്റെ ഉൽക്കർഷത്തിനായി പ്രവർത്തിച്ച സ്‌കോട്ട് നാട്ടുകാരുടെ പ്രീതി പിടിച്ചു പറ്റി. 1931 ഓഗസ്റ്റ് 20നാണ് സ്‌കോട്ട് അന്തരിച്ചത്. സ്തംഭത്തോടു ചേർന്നുള്ള മാർബിൾ ഫലകത്തിൽ പതിച്ചിരിക്കുന്ന ബ്രിട്ടീഷ് അധികാരികളുടെ അനുശോചന സന്ദേശം ഇങ്ങനെ വായിക്കാം. ‘സ്‌കോട്ടിന്റെ മരണത്തോടെ സർക്കാരിന്റെ ഏറ്റവും വിശ്വസ്തനായ സേവകൻ വിടപറഞ്ഞിരിക്കുകയാണ്. സ്വദേശികളുടെയും പ്രിയഭാജനമായിരുന്നു, സ്‌കോട്ട്…”


സ്‌കോട്ട് മെമ്മോറിയലിന്റെ മുന്നിലൂടെയുള്ള വഴിയിലൂടെ രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ കീഴ്ക്കാംതൂക്കായ പാറയുടെ അറ്റത്തെത്താം. ഇവിടെ നിന്നു നോക്കിയാൽ കാണുന്നത് ബംഗ്ലാദേശാണ്. ഈ കാലാവസ്ഥയിൽ അതൊന്നും കാണാൻ സാധിക്കുമെന്നു തോന്നുന്നില്ല. എന്നാൽ ഇവിടെ വരെ വന്നിട്ട് പോയി നോക്കാതിരിക്കാനാവില്ലല്ലോ.
മഞ്ഞ് വന്നു മൂടിയതിനാൽ ബംഗ്ലാദേശ് കാണാൻ കഴിഞ്ഞില്ല. എന്നാൽ ആ യാത്രയിൽ പാറക്കെട്ടുകൾക്കു നടുവിൽ രൂപം കൊണ്ട ഭംഗിയുള്ള ഒരു തടാകം കണ്ടു. ആർത്തുല്ലസിച്ച് വിടർന്ന് തളിർത്തു നിൽക്കുന്ന പച്ചപ്പുൽ മൈതാനത്തിനു നടുവിൽ, കറുത്ത പാറക്കെട്ടിന്റെ കൈക്കുമ്പിളിലെന്ന പോലെ ഒരു തടാകം. എന്റെ മേഘാലയമേ, നീ സുന്ദര കാഴ്ചകളാൽ എന്നെ വീണ്ടും വിഭ്രമിപ്പിക്കുകയാണല്ലോ!

 

തോമസ് ജോൺസ് സ്‌കൂൾ ഓഫ് മിഷൻ ആന്റ് ഇവാഞ്ചലിസം

തുടർന്നുള്ള യാത്രയിൽ പ്രൗഢഗംഭീരമായ ചുവന്ന മേൽക്കൂരയുള്ള ഒരു കെട്ടിടം കണ്ടു. അതിന്റെ ചരിത്ര പ്രാധാന്യമൊന്നും അറിയുമായിരുന്നില്ലെങ്കിലും ഫോട്ടോയെടുക്കാനായി നിർത്തി. അപ്പോഴാണ് ഒരു ഫലകത്തിൽ ആ കെട്ടിടങ്ങളെക്കുറിച്ച് എഴുതിയിരിക്കുന്നതു കണ്ടത്. ‘തോമസ് ജോൺസ് സ്‌കൂൾ ഓഫ് മിഷൻ ആന്റ് ഇവാഞ്ചലിസം.’

ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാർ പ്രവർത്തനം തുടങ്ങിയത്, ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് ഈ പ്രദേശത്താണ്. അതിന്റെ തുടക്കക്കാരനായി 1841ൽ ഇവിടെ എത്തിയ റവ. തോമസ് ജോൺസിനെ കണക്കാക്കാം. അദ്ദേഹവും ഭാര്യയും ഇവിടുത്തെ ആദിവാസികളുമായി ഇടപഴകി അവരുടെ അക്ഷരമാലയും മറ്റും സ്ഫുടമാക്കി. അക്കാലത്ത് അദ്ദേഹം സ്ഥാപിച്ച കെട്ടിടമാണ് ഈ കാണുന്നത്. ഈ പ്രദേശത്തെ ആദ്യകാല കൊളോണിയൽ സ്റ്റൈൽ കെട്ടിടവുമാണിത്. ക്ലാസ് മുറികൾ, ലൈബ്രറി, ചാപ്പൽ, ഹാൾ എന്നിവയൊക്കെ ഈ കെട്ടിടത്തിലുണ്ട്. മൂടൽമഞ്ഞ്, തണുപ്പ്, ഈർപ്പം എന്നിവയെ പ്രതിരോധിക്കാനായി പല സങ്കേതിക വിദ്യകളും അക്കാലത്തു പണിത ഈ കെട്ടിടത്തിൽ കാണാം.
തോമസ് ജോൺസ് സ്‌കൂൾ ഓഫ് ഓഫ് മിഷൻ ആന്റ് ഇവാഞ്ചലിനു ഇപ്പോൾ പടർന്നു പന്തലിച്ച് പല ക്യാമ്പുകളിലായി തുടരുന്നുണ്ട്. ഈ പഴയ കെട്ടിടം ഇപ്പോഴും ഇതേ പടി നിലനിർത്തിയിട്ടുണ്ട് എന്നു മാത്രം$    (തുടരും)

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>