Editorial: നശിക്കുന്ന രാജ്യം
February 26, 2020
Booking started for new Land Rover Defender. Price starts@ Rs69.99 lakhs
February 28, 2020

Cultural Ecstasy: Travel to Malappuram in association with Dept. of Tourism, Kerala

ട്രാവൽ വ്‌ളോഗർ അകിയ കൊമാച്ചി തിരുനാവായിൽ നിളാതീരത്ത്

മലപ്പുറത്തിന്റെ വിനോദസഞ്ചാര സാധ്യത എത്രത്തോളം വിപുലമാണെന്ന് തെളിയിക്കുന്നു സ്മാർട്ട് ഡ്രൈവ് നടത്തിയ സഞ്ചാരം. പ്രകൃതി സൗന്ദര്യവും പൈതൃകവും ചരിത്രവും സാംസ്‌കാരികചിഹ്നങ്ങളുമൊക്കെ ഇണചേരുന്ന ഒരു മാസ്മരിക ലോകം തന്നെയാണ് അത്.

എഴുത്ത്: ജെ ബിന്ദുരാജ്, ഫോട്ടോ: അജീബ് കൊമാച്ചി, അഖിൽ അപ്പു

പുന്നയൂർക്കുളത്തെ പാടശേഖരം പിന്നിട്ട്, മാധവിക്കുട്ടിയുടെ ജന്മഗേഹം നിലനിന്നിരുന്ന സ്ഥലത്ത് കേരള സാഹിത്യ അക്കാദമി പണികഴിപ്പിച്ച കമല സുറയ്യ സ്മാരകത്തിലേക്ക് പ്രവേശിക്കവേ, ആ മുറ്റത്തെ നീർമാതളത്തെ ഉലച്ചുകൊണ്ടുപോയ കാറ്റ് എന്നോടിങ്ങനെയാണ് പറഞ്ഞത്: I throw the bodies out…Only the souls know how to sing! ആത്മാക്കൾ പാടുന്ന ആ ഗാനമാണ് നീർമാതളത്തെ ആടിയുലച്ചുകൊണ്ട് അവിടെ വീശിയടിക്കുന്നത്. എവിടേയ്‌ക്കൊക്കെയോ അത് നമ്മെ കൊണ്ടുപോകും. ആൽത്തറ ജംങ്ഷനിൽ നിന്നും നാലപ്പാട് റോഡിലേക്ക് തിരിയവേ, ജംങ്ഷനിൽ നിന്നിരുന്ന മുഷിഞ്ഞ വേഷധാരിയായ മനുഷ്യനോട് കമല സുറയ്യയുടെ സ്മാരകമെവിടെയെന്ന് തിരക്കിയപ്പോൾ ”മുന്നോട്ടു പൊയ്‌ക്കോളൂ, അവിടെയെത്തുമ്പോൾ അവരുടെ സാന്നിധ്യം നിങ്ങൾ അറിഞ്ഞോളുമെന്ന്” പറഞ്ഞ് അയാൾ എന്നെ അത്ഭുതപ്പെടുത്തി. ആടിയുലയുന്ന മരങ്ങൾക്കിടയിലൂടെ, പാറിപ്പറക്കുന്ന മുടിയും വസ്ത്രവുമായി മുന്നോട്ടു നീങ്ങവേ, പണ്ടൊരിക്കൽ കൊച്ചിയിലെ ഫ്‌ളാറ്റിൽ വച്ച് കരതലം ഗ്രഹിച്ചുകൊണ്ട് അവർ എന്നോട് പറഞ്ഞത് എനിക്കോർമ്മ വന്നു: ”കുട്ടിക്ക് ഇപ്പോൾ തോന്നും എനിക്ക് ഭ്രാന്താണെന്ന്. കുറെക്കാലം കഴിഞ്ഞ്, ഞാനില്ലാതാകുന്ന കാലത്ത് കുട്ടി എന്നെത്തേടി വരുമ്പോൾ കുട്ടിക്കു തോന്നും കുട്ടിക്ക് ഭ്രാന്താണെന്ന്.” അന്നവർ അതുപറഞ്ഞ് നനുത്ത മിഴികൾ നിവർത്തി എന്നെ നോക്കി കുസൃതിയോടെ ഉറക്കെച്ചിരിച്ചു. ഞാനന്ന് ജേണലിസം പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥിയായിരുന്നു. ഒരു പത്രത്തിന്റെ വാരാന്തപ്പതിപ്പിൽ ആടിയുലയുന്ന ചിന്തകൾ കൊണ്ട് സമൃദ്ധമായ ആ അഭിമുഖം അച്ചടിച്ചുവന്നപ്പോൾ അവരെന്നെ വിളിച്ചു: ”ഇതെഴുതിക്കഴിഞ്ഞപ്പോൾ കുട്ടിക്കും വട്ടായിക്കാണും,ല്ലേ?” അവർ നിറഞ്ഞുചിരിച്ചു. ആ ചിരിയുടെ അർത്ഥം എനിക്കിപ്പോൾ നന്നായി മനസ്സിലാകുന്നുണ്ട്.

അവിടെ നിൽക്കുമ്പോൾ ആ മുഷിഞ്ഞ വേഷധാരിയായ മനുഷ്യൻ പറഞ്ഞ അവരുടെ ‘ആ സാന്നിധ്യം’ ഞാൻ നന്നായി അനുഭവിക്കുന്നുമുണ്ട്. കേരളാ വിനോദസഞ്ചാരവകുപ്പുമായി ചേർന്ന് എല്ലാ മാസവും സ്മാർട്ട് ഡ്രൈവ് കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് നടത്തുന്ന യാത്രകളിൽ ഇത്തവണത്തെ യാത്ര മലപ്പുറത്തേയ്ക്കായിരുന്നുവെങ്കിലും മലപ്പുറത്തിന്റെ അതിർത്തിപ്രദേശമായ തൃശൂരിലെ ചാവക്കാട്ടെ പുന്നയൂർക്കുളമെത്തിയപ്പോൾ കമല എന്നെ ആവാഹിച്ചുകൊണ്ടുപോകുകയായിരുന്നു. തുഞ്ചത്തെഴുത്തച്ഛന്റേയും മോയിൻകുട്ടി വൈദ്യരുടേയും പൂന്താനത്തിന്റേയും മേൽപ്പത്തൂരിന്റേയും ഇടശ്ശേരിയുടേയും നന്ദനാരുടേയും ഉറൂബിന്റേയും വള്ളത്തോളിന്റേയും നാട്ടിലേക്ക് പ്രവേശിക്കുംമുമ്പ് മാധവിക്കുട്ടിയെ കാണാതെ പോകുന്നതെങ്ങനെ? ഒരിടത്തും തളയ്ക്കാനോ തറയ്ക്കാനോ ആകാത്ത ഒരു കാറ്റു പോലെയായിരുന്നു ആ എഴുത്തുകാരി. മലയാളത്തിൽ അവർ മാധവിക്കുട്ടിയായി, ഇംഗ്ലീഷ് കവിതാ വായനക്കാർക്ക് അവർ കമലാ ദാസ് ആയി. മതപരിവർത്തനത്തിനുശേഷം ‘ഗുരുവായൂരിലെ കൃഷ്ണൻ ഇപ്പോൾ എന്റെയൊപ്പമാണ്’ എന്നവർ പറഞ്ഞപ്പോൾ എഴുത്തിനും കാഴ്ചയ്ക്കും കേൾവിക്കുമപ്പുറത്തുള്ള മറ്റൊരു തത്വശാസ്ത്രമായി മാറി അവർ.

പുന്നയൂർക്കുളത്തെ കമലാ സുറയ്യ സ്മാരകത്തിനു മുന്നിലുള്ള നീർമാതളവും സർപ്പക്കാവും

സ്‌നേഹത്തിന്റെ ഭാഷ എന്തായിരുന്നുവോ അതായിരുന്നു പല പേരുകളുള്ള ആ എഴുത്തുകാരിയുടെ യഥാർത്ഥ ഭാഷ. അവർ എഴുത്തിൽ ജലം പോലെ ഒഴുകുകയും ചിന്തയിൽ കാറ്റുപോലെ ചലിക്കുകയും ചെയ്തു. സാഹിത്യ അക്കാദമി നിർമ്മിച്ച കമല സുറയ്യ സ്മാരകത്തിനകത്തെ താഴത്തെ നിലയിൽ സൂക്ഷിച്ചിട്ടുള്ള കമല ഉപയോഗിച്ചിരുന്ന വസ്തുക്കളിലൂടെ ഞാൻ കണ്ണോടിച്ചു..ആ പഴയ സോഫ, അവരുടെ കട്ടിൽ, നിറം മങ്ങിയ കംപ്യൂട്ടർ, അക്കായ്‌യുടെ 14 ഇഞ്ച് ടിവി, എഴുത്തച്ഛൻ പുരസ്‌കാരമടക്കം അവർക്ക് ലഭിച്ച പല പല പുരസ്‌കാരങ്ങൾ, ആഭരണപ്പെട്ടി, ഇരിപ്പിടങ്ങൾ… അവിടെയെവിടെയോ അവർ ഉണ്ട്. എനിക്കവരെ നന്നായി അറിയാനാകുന്നുണ്ട്. ആ സ്മാരകത്തിന് തൊട്ടടുത്തായിട്ടാണ് കമലയുടെ ഭർത്താവ് ദാസിന്റെ അമ്പഴത്ത് തറവാട്. ‘എന്റെ കഥ’യിൽ ഈ വീടും ഇടംപിടിച്ചിട്ടുണ്ട്.

മാധവിക്കുട്ടി ഉപയോഗിച്ചിരുന്ന വസ്തുക്കൾ സ്മാരകത്തിൽ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നു.

മലപ്പുറത്തെ പൊന്നാനിയിലേക്ക് പ്രവേശിച്ചാൽ വീണ്ടും എഴുത്തുകാരുടെ ഇടമായി. ആയിരത്തിതൊള്ളായിരത്തി മുപ്പതുകളിൽ പൊന്നാനിയിൽ ആരംഭിച്ച എഴുത്തുകാരുടെ കൂട്ടായ്മയിൽ അന്നുണ്ടായിരുന്നവർ ആരെല്ലാമെന്നറിയുമ്പോൾ തന്നെ നമ്മൾ അത്ഭുതം കൂറും. ഉറൂബും കുട്ടിക്കൃഷ്ണമാരാരും ഇടശ്ശേരിയും അക്കിത്തവും കടവനാട് കുട്ടിക്കൃഷ്ണനും മൂത്തടേത്ത് നാരായണൻ വൈദ്യരുമൊക്കെ പൊന്നാനിയിലെ ആ സാഹിത്യകൂട്ടായ്മയിലെ അംഗങ്ങളായിരുന്നു. പൊന്നാനി, മലപ്പുറത്തിന്റെ ആടയാഭരണമാണ്. ബീയ്യാം കായലും പടിഞ്ഞാറേക്കര കടൽക്കരയും താണ്ടി പൊന്നാനി ഹാർബറിലേക്കെത്തുമ്പോൾ അവിടെ ഞങ്ങളെ എതിരേറ്റത് കടലമ്മയുടെ കനിവുമായെത്തിയവരെയാണ്.
ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവലിൽ പൊന്നാനി പ്രത്യേക സ്ഥാനം തന്നെ നേടുന്നുണ്ട്. മലബാർ കലാപത്തിനുശേഷമുള്ള കാലഘട്ടത്തിലെ മൂന്നു തലമുറകളിലൂടെ ഉറൂബ് ആ കഥ പറഞ്ഞപ്പോൾ തന്നെ ആ നാട് മലയാളിയുടെ മനസ്സിൽ പതിഞ്ഞതാണ്. ഹാർബറിൽ നിൽക്കുമ്പോൾ കാണുന്ന കാഴ്ച അന്നുമിന്നുമൊക്കെ അത്ര വ്യത്യാസമുണ്ടാകാനിടയില്ല. പല നിറങ്ങളിലുള്ള വള്ളങ്ങളും ബോട്ടുകളും. പലതിലും പലപല കൊടിതോരണങ്ങൾ. മതചിഹ്നങ്ങൾ, ദൈവങ്ങളുടെ ചിത്രണങ്ങൾ. ചിലപ്പോൾ നീലനിറത്തിലും മറ്റുചിലപ്പോൾ മുഷിഞ്ഞുകലങ്ങിയും വേറെ ചിലപ്പോൾ ശാന്തവും രൗദ്രവുമൊക്കെയായി ഭാവം മാറുന്ന കടലിലേക്കാണ് ആ വള്ളങ്ങൾ നീങ്ങുന്നത്. പൊന്നാനിയിലെ കടൽത്തീരങ്ങൾക്ക് അധിനിവേശത്തിന്റേയും പോരാട്ടങ്ങളുടേയും കഥ കൂടി പറയാനുണ്ടെന്നതാണ് വാസ്തവം. പൊന്നാനിയിൽ 1510 ൽ ശൈഖ് സൈനുദ്ദീൻ ഇബ്‌നുഅലി നിർമ്മിച്ച വലിയ ജുമാഅത്ത് പള്ളി വില്യം ലോഗന്റെ മലബാർ മാനുവലിൽ പോലും പരാമർശിക്കപ്പെട്ടിട്ടുള്ളതാണ്. അക്കാലത്ത് മലബാറിന്റെ വിദ്യാഭ്യാസത്തിന്റെ പ്രമുഖ കേന്ദ്രമായിരുന്ന ഈ പള്ളിയുമായി അടുത്ത ബന്ധം പുലർത്തിയവരിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ വെളിയങ്കോട് ഉമർഖാസിയും നൂൽമുഹമ്മദ്, കപ്പപ്പാട്ട് തുടങ്ങിയ ഹാസ്യകൃതികളുടെ രചയിതാവായ കുഞ്ഞായൻ മുസ്ലിയാരുമൊക്കെ ഉൾപ്പെടുന്നുണ്ടത്രേ.

അമ്പഴത്ത് തറവാട്

പൊന്നാനിയിൽ നിന്നും തിരൂരിലേക്കുള്ള യാത്ര മലയാള ഭാഷയുടെ പിതാവിന്റെ നാട്ടിലേക്കുള്ള യാത്ര കൂടിയാണ്. തിരൂർ തൃക്കണ്ടിയൂരിനടുത്ത അന്നാര എന്ന സ്ഥലത്താണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയിൽ ജീവിച്ചിരുന്നത്. തുഞ്ചൻ പറമ്പ് എന്ന് അറിയപ്പെടുന്ന ഇവിടെ തുഞ്ചൻ സ്മാരകവും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. കവിയുടെ അഭ്യർത്ഥന മാനിച്ച് തത്ത കഥ പറയുന്ന ശൈലിയിലാണ് തുഞ്ചത്തെഴുത്തച്ഛൻ ആധ്യാത്മരാമായണവും മഹാഭാരതവുമൊക്കെ കവിതകളാക്കിയിരിക്കുന്നതിനാൽ കിളിപ്പാട്ടുകളെന്നാണ് അവ അറിയപ്പെട്ടിരുന്നത്. തുഞ്ചൻ പറമ്പിലെത്തുമ്പോൾ ശിൽപി ബാലൻ താനൂർ നിർമ്മിച്ച വെങ്കലശിൽപമാണ് നമ്മുടെ കണ്ണിൽ ആദ്യം പെടുക. ആചാര്യന്റെ കിളിമകളും എഴുത്താണിയും എഴുത്തോലയുമാണ് ഈ ശിൽപത്തിന്റെ പ്രമേയം. 30 അക്ഷരങ്ങളുള്ള വട്ടെഴുത്തിനു പകരം 51 അക്ഷരമുള്ള മലയാള ലിപിയിലേക്ക് ഭാഷയെ എത്തിച്ചതും കവിതയെ കൂടുതൽ ജനകീയമാക്കിയതും തുഞ്ചന്റെ കിളിപ്പാട്ടുകളാണെന്നതിനാലാണ് ഭാഷാപിതാവായി അദ്ദേഹം വാഴ്ത്തപ്പെടാൻ കാരണം.

തുഞ്ചൻ പറമ്പിലെത്തുമ്പോൾ ശിൽപി ബാലൻ താനൂർ നിർമ്മിച്ച വെങ്കലശിൽപമാണ് നമ്മുടെ കണ്ണിൽ ആദ്യം പെടുക.

എഴുത്തച്ഛന്റെ സ്മൃതികളിൽ നിന്നും ഞങ്ങൾ നേരെ പോയത് മലബാറിന്റെ സമരവീര്യവും വിപ്ലവവീര്യത്തിനും സ്മാരകമായി നിലകൊള്ളുന്ന വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിലേക്കാണ്. 1921ൽ ബ്രിട്ടീഷു കാർക്കും ബ്രിട്ടീഷുകാരുടെ ഒറ്റുകാരായ ജന്മിമാർക്കുമെതിരെ മലബാറിലെ മുസ്ലിങ്ങൾ നടത്തിയ മാപ്പിള ലഹളയിൽ പങ്കെടുത്ത നൂറോളം പേരെ പിടികൂടി അവരെ കോയമ്പത്തൂർ ജയിലാക്കാൻ തിരൂരിൽ നിന്നും റെയിൽവേയുടെ ചരക്കുതീവണ്ടിയിൽ കയറ്റി അയച്ചിരുന്നു. വെള്ളമോ വെളിച്ചമോ വായുവോ കിട്ടാതെ 1711-ാം നമ്പർ വാഗണിൽ അടയ്ക്കപ്പെട്ട ഈ നൂറിലധികം പേരുടെ നിലവിളി ഉയർന്നെങ്കിലും പട്ടാളക്കാർ അത് ഗൗനിച്ചില്ല. 1921 നവംബർ 20ന് തീവണ്ടി തമിഴ്‌നാട്ടിലെ പേത്തന്നൂരിൽ എത്തിയശേഷം വാഗൺ തുറന്നപ്പോൾ കണ്ടത് എഴുപതു മൃതദേഹങ്ങളാണ്. മരണപ്പെട്ട ഈ സ്വാതന്ത്യസമരസേനാനികൾക്കായി നിർമ്മിക്കപ്പെട്ട സ്മാരകമാണ് തീവണ്ടി വാഗൺ പ്രവേശന കവാടമായിട്ടുള്ള ആ ടൗൺ ഹാൾ. കൊല്ലപ്പെട്ട കൂലിത്തൊഴിലാളികളും കർഷകരുടേയും മതപ്രബോധകരുടേയുമൊക്കെ പേരുകൾ അവിടെ എഴുതിവച്ചിട്ടുണ്ട്. തിരൂരിൽ നിന്നും തിരൂരങ്ങാടിയിലേക്കുള്ള യാത്രയിലാണിപ്പോൾ. വള്ളുവനാടൻ ഗ്രാമീണ കാഴ്ചകളാണ് റോഡിന് ഇരുവശത്തും. വയലുകളും വെള്ളക്കെട്ടുകളുമൊക്കെ നിറഞ്ഞ പ്രദേശം. തിരൂരങ്ങാടിയിൽ ബ്രിട്ടീഷുകാരുടെ ഹജൂർ കച്ചേരിയായി പ്രവർത്തിച്ചിരുന്ന കെട്ടിടം ഇതുവരെ താലൂക്ക് ഓഫീസായി പ്രവർത്തിച്ചുവരികയായിരുന്നു. പല നിർണായകമായ തീരുമാനങ്ങളും ബ്രിട്ടീഷ് സർക്കാർ എടുത്തത് ഇവിടെ വച്ചാണ്. ഈ കെട്ടിടം ഒരു ചരിത്ര മ്യൂസിയമാക്കി മാറ്റാൻ പദ്ധതിയുണ്ടെങ്കിലും ഇനിയും അതിന്റെ നടപടികൾ എങ്ങുമെത്തിയിട്ടില്ല. തിരൂരങ്ങാടിയിലെ മാപ്പിള കലാപകാലത്തെ ചരിത്രത്തിലിടം പിടിച്ച വലിയ പള്ളി കടന്ന് കടലുണ്ടി പുഴയുടെ തീരത്തുള്ള മമ്പുറം മഖാമിലേക്കാണ് ഞങ്ങളുടെ യാത്ര.

നിലമ്പൂർ നെടുകയം കാട്‌

മമ്പുറം മഖാം മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒരിടമാണ്. 1755ലാണ് ഇതിന്റെ നിർമ്മിതി. മമ്പുറം തങ്ങളെന്നും തറമ്മൽ തങ്ങളെന്നുമൊക്കെ പേരുകളിൽ അറിയപ്പെട്ടിരുന്ന യെമനി സാദാത്തുമാരുടെ കുടുംബാംഗങ്ങളെ മറവു ചെയ്ത സ്ഥലമാണിത്. സയ്യിദ് ഹസ്സൻ ജിഫ്രിയും സയ്യിദ് അലവിയുമൊക്കെ അന്ത്യവിശ്രമം കൊള്ളുന്നയിടത്തിനു ചുറ്റും ഇന്ന് മുസ്ലിം തൊപ്പികളും അത്തറും ആരാധനാ അടയാളങ്ങളുമൊക്കെ വിൽക്കുന്ന നിറയെ കടകളുണ്ട്. ഹസ്സൻ ജിഫ്രിയുടെ മരണശേഷം മമ്പുറത്തെത്തി അദ്ദേഹം പണിത സാവിയ ഏറ്റെടുത്ത സയ്യിദ് അലവിയാണ് ജിഫ്രിയുടെ കല്ലറയ്ക്കുമേൽ കുടീരം പണിതത്. അലവിയുടെ മരണശേഷം ജിഫ്രിയുടെ കുടീരത്തിനരികിൽ തന്നെ അദ്ദേഹത്തേയും അടക്കി. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ഊർജം പകർന്നയിടം കൂടിയാണ് ഈ തീർത്ഥാടന കേന്ദ്രം.

തിരൂരങ്ങാടിയിൽ നിന്നും കൊണ്ടോട്ടിയിലേക്കാണ് ഞങ്ങളുടെ അടുത്ത സഞ്ചാരം. കൊണ്ടോട്ടി തങ്ങൾ എന്നറിയപ്പെടുന്ന മുഹമ്മദ് ഷായുടേയും പിൻഗാമികളുടേയും ദർഗ നിലകൊള്ളുന്ന സ്ഥലമാണ് അവിടം. ഇസ്ലാമിന്റെ ആശയാദർശങ്ങളിൽ നിന്നും വേറിട്ട് സഞ്ചരിച്ചിരുന്ന സൂഫിവര്യനായിരുന്നു മുഹമ്മദ് ഷാ എന്നാണ് ഒരു വിഭാഗം പേർ പറയുന്നത്. ബോംബെയിൽ നിന്നുമെത്തി പതിനെട്ടാം നൂറ്റാണ്ടിൽ കൊണ്ടോട്ടിയിൽ താമസമാക്കിയ സൂഫികളുടെ കാര്യസ്ഥാലയമായ തക്കിയയും അവരെ അടക്കിയ സ്ഥലവുമൊക്കെ പേർഷ്യൻ മാതൃകയിൽ രൂപകൽപന ചെയ്ത ഈ ദർഗയ്ക്ക് അരികിൽ തന്നെയുണ്ട്. സൂഫിവര്യന്മാരുടെ പേരിൽ മുഹമ്മദ് ഷാ നടത്തിയിരുന്ന ആണ്ട് നേർച്ചയാണ് പിന്നീട് കൊണ്ടോട്ടി നേർച്ചയായി മാറിയത്. ഹിന്ദു മുസ്ലിം സൗഹൃദത്തിന്റെ ഒരു പ്രതീകമായിട്ടാണ് കൊണ്ടോട്ടി നേർച്ചയെ ഇന്ന് കേരളം നോക്കിക്കാണുന്നത്. നേർച്ച സമയത്ത് എല്ലാ വിഭാഗം ജനങ്ങൾക്കും അവരുടെ കലാരൂപങ്ങൾ ഇവിടെ അവതരിപ്പിക്കാനുമാകും. മുഹമ്മദ് ഷായുടെ കബറിടത്തിനു പുറത്ത് തൊട്ടുചേർന്നു തന്നെ അതേ കോമ്പൗണ്ടിൽ വിശ്രമിക്കുന്നത് മലബാറിന്റെ പ്രണയകവിയായ മഹാകവി മോയീൻകുട്ടി വൈദ്യരാണ്. അറബിയും മലയാളവും സംസ്‌കൃതവും തമിഴുമൊക്കെ കലർന്ന ബദറുൽമുനീർ ഹുസുനുൽ ജമാൽ എന്ന പ്രണയകാവ്യം മോയീൻകുട്ടി എഴുതുമ്പോൾ അദ്ദേഹത്തിന് പ്രായം വെറും പതിനേഴ് വയസ്സ്. ആയുർവേദ വൈദ്യരായിരുന്ന ബാപ്പ ഉണ്ണിമമ്മദിന്റെ വീട്ടിലെത്തിയിരുന്ന നിസാമുദ്ദീൻ എന്ന പഠാണിയിൽ നിന്നു കേട്ട കഥയായിരുന്നു കവിതയ്ക്ക് ആധാരം. അജ്മീറിലെ രാജാവായിരുന്ന മഹ്‌സിന്റെ പുത്രിയായ ഹുസുനുൽ ജമാലും അവിടത്തെ മന്ത്രിയുടെ പുത്രനായ ബദറുൽമുനീറും തമ്മിലുള്ള പ്രണയത്തിന്റെ കാൽപനിക ചിത്രമാണ് ആ കാവ്യം. ആ കബറിനു മുന്നിൽ നിൽക്കുമ്പോൾ താജ്മഹലിനു മുന്നിലെന്നപോലെ, ഒരു വിഷാദപ്രണയച്ഛവി കാൽപനികഹൃദയമുള്ള ആർക്കുമുള്ളിൽ മുളപൊട്ടിയേക്കാം.

നിളയിലെ താമരകൾ

1921ൽ മലബാർ കലാപത്തിന്റെ ഭാഗമായി പൂക്കോട്ടൂരിൽ മാപ്പിള പോരാളികളും ബ്രിട്ടീഷ് സൈന്യവും തമ്മിൽ പോരാട്ടത്തിന്റെ സ്മാരകമായി പൂക്കോട്ടൂരിലെ അറവങ്കരയിൽ നിർമ്മിച്ച പൂക്കോട്ടൂർ യുദ്ധസ്മാരക ഗേറ്റിനടുത്തേക്കായിരുന്നു പിന്നീട് ഞങ്ങളുടെ സഞ്ചാരം. അതിനു തൊട്ടടുത്ത പ്രദേശമായ പിലാക്കലിൽ പൂക്കോട്ടൂർ രക്തസാക്ഷികളുടെ അന്ത്യവിശ്രമസ്ഥലവുമുണ്ട്. ഗറില്ലായുദ്ധമുറയിലൂടെ അഞ്ചു മണിക്കൂറുകളോളം ബ്രിട്ടീഷ് പട്ടാളത്തെ മാപ്പിള പേരാാളികൾ അതിശക്തം നേരിട്ടത് ഇന്ത്യൻ സ്വാതന്ത്യസമരത്തിലെ ഒരു നാഴികക്കല്ലായിപ്പോലും വാഴ്ത്തപ്പെടുന്നുണ്ട്. മലപ്പുറത്തിന്റെ സാംസ്‌കാരികചരിത്രത്തിലൂടേയും പൈതൃകത്തിലൂടേയും സാമൂഹ്യചരിത്രത്തിലൂടെയുമൊക്കെ നടത്തിയ യാത്ര ഞങ്ങൾ അവസാനിപ്പിച്ചത് വിനോദസഞ്ചാരകേന്ദ്രമായ കോട്ടക്കുന്നിലായിരുന്നു. കോഴിക്കോട് സാമൂതിരിമാരുടെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങൾ ഉള്ളതിനാലാണ് കോട്ടക്കുന്ന് എന്ന് പേര് ഈ കുന്നിന് വന്നത്. ഇന്ന് കോട്ടക്കുന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പരിപാലിക്കപ്പെടുന്ന അതിമനോ ഹരമായ ഒരു ഉദ്യാനമാണ്.

മമ്പുറം മഖാം

മുഹമ്മദ് ഷായുടെ കബറിടത്തിനു പുറത്ത് തൊട്ടുചേർന്നു തന്നെ അതേ കോമ്പൗണ്ടിൽ വിശ്രമിക്കുന്നത് മലബാറിന്റെ പ്രണയകവിയായ മഹാകവി മോയീൻകുട്ടി വൈദ്യരാണ്.

പൂക്കോട്ടൂർ രക്തസാക്ഷികളുടെ അന്ത്യവിശ്രമസ്ഥലം

പൂക്കോട്ടൂർ യുദ്ധ സ്മാരക ഗേറ്റ്‌

കൊണ്ടോട്ടി മഖാം

 

ഇവിടേയ്ക്കുള്ള വഴിയിൽ തന്നെയാണ് അരിമ്പ്ര ഹിൽസ് എന്നറിയപ്പെടുന്ന, മിനി ഊട്ടി എന്ന, ഊട്ടിയോട് സാദൃശ്യമുള്ള പ്രദേശം. പ്രകൃതിസുന്ദരമായ നിരവധി കായലുകളും (ബീയ്യാം കായൽ, പൊന്നാനി, നൂർ തടാകം, തിരൂർ) വെള്ളച്ചാട്ടങ്ങളും (അദയൻപാറ, കൊല്ലംകൊല്ലി, കോഴിപ്പാറ, കേരളാംകുണ്ട്, കുമരഗിരി, അയ്യപ്പനോവ്) കടൽത്തീരങ്ങളും കായലുകളുമെല്ലാം മലപ്പുറത്ത് വേറെയുമുണ്ട്. നിലമ്പൂർ കാടുകളും തേക്ക് മ്യൂസിയവും കടലുണ്ടി പക്ഷിസങ്കേതവും കനോലീസ് പ്ലോട്ടുമെല്ലാമാണ് മറ്റ് ആകർഷണങ്ങൾ. മാമാങ്കം നടന്ന തിരുനാവായയും അവിടത്തെ ചരിത്രാവശിഷ്ടങ്ങളുമാണ് മറ്റൊരു പ്രധാന ആകർഷണം. സാമൂതിരി മാമാങ്ക സമയത്ത് ഇരുന്ന നിലപാടു തറ കാണാൻ മാമാങ്കത്തിന്റെ റിലീസോടെ നിരവധി പേരും എത്തുന്നുണ്ട്.
കോട്ടക്കുന്നിൽ നിന്നും മടങ്ങുമ്പോൾ മലപ്പുറത്തിന്റെ വിനോദസഞ്ചാരത്തിന്റെ വലിയ സാധ്യതകൾ ഞങ്ങൾ നേരിട്ടുകണ്ടറിഞ്ഞു കഴിഞ്ഞിരുന്നു. കേരളത്തിൽ തന്നെ ഇത്രത്തോളം വൈവിധ്യമായ വിനോദസഞ്ചാര വിഭവങ്ങൾ ഒരുക്കിയിട്ടുള്ള മറ്റൊരു ദേശം വേറെയുണ്ടോയെന്നു സംശയം$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>