ഒരു സ്വീഡിഷ് കാർ കഥ
September 25, 2018
A Renault Captur for Rs. 10.99 Lakhs only!
October 13, 2018

Cochin Tunes: Composer Kailas Menon in a Special edition Nissan Sunny

ജാപ്പനീസ് കാർ നിർമ്മാതാവായ നിസ്സാന്റെ ഏറ്റവും പുതിയ സ്‌പെഷ്യൽ എഡിഷൻ സണ്ണിയുമായി ഫോർട്ടുകൊച്ചിയിലെ തെരുവുകളിലൂടെ തീവണ്ടിയുടെ സംഗീത സംവിധായകൻ കൈലാസ് മേനോൻ നടത്തിയ സാംസ്‌കാരിക-സംഗീത ജീവിത യാത്ര! പുതിയ സണ്ണി വിലയ്‌ക്കൊത്ത മൂല്യം നൽകുന്നുവെന്ന് വാഹനപ്രേമി കൂടിയായ കൈലാസിന്റെ വിധിയെഴുത്തും…..

എഴുത്ത്: ജെ ബിന്ദുരാജ്, ചിത്രങ്ങൾ: ജോണി തോമസ്

മക്കാവു ടവർ കൺവെൻഷൻ ആന്റ് എന്റർടെയ്‌മെന്റ് സെന്റർ ലോകത്തെ ഏറ്റവും ഉയരത്തിൽ നിന്നുള്ള ബംഗി ജംപിങ്ങിന്റെ ഇടം കൂടിയാണ്. ടവറിന്റെ അറുപത്തൊന്നാമത്തെ നിലയിൽ, 233 മീറ്റർ ഉയരത്തിൽ നിന്നാണ് ആ സ്‌കൈ ജംപ്. ഈ നിലയിലെത്തിയാൽ തന്നെ എത്ര വലിയ ധൈര്യശാലിയാണെങ്കിലും മുട്ടിടിക്കാൻ തുടങ്ങും. അതിസാഹസികരായവർ പോലും പിന്മാറുന്ന ഇടമാണത്. അഞ്ചു വർഷങ്ങൾക്കു മുമ്പ് ഈ ടവറിന്റെ മുകളിൽ നിന്നും കേരളത്തിലെ ഒരു പയ്യൻ അതിസാഹസികമായി താഴേയ്‌ക്കെടുത്തുചാടി. കാഴ്ചക്കാരെ ഞെട്ടിച്ചുകൊണ്ട് വായുവിൽ വട്ടംചുറ്റി ഒടുവിൽ അവൻ താഴെയിറങ്ങി. ആരാണ് ആ സാഹസികനായ ആൾ എന്നല്ലേ? ഇനിയാണ് വായനക്കാർ ഞെട്ടാൻ പോകുന്നത്. തീവണ്ടിയിലെ ‘ജീവാംശമായ്’ അടക്കം അഞ്ചു ഗാനങ്ങൾ ചിത്രത്തിനായി ചിട്ടപ്പെടുത്തി മലയാളക്കരയുടെ പ്രിയപ്പെട്ടവനായി മാറിയ യുവ സംഗീത സംവിധായകനാണ് അന്ന് മക്കാവോ ടവറിനു മേലെ നിന്നും ബംഗി ജംപിങ് നടത്തിയത്- കൈലാസ് മേനോൻ! സംഗീതം മാത്രമല്ല ആ യുവാവിന്റെ ജീവിതമെന്നു മനസ്സിലാക്കാൻ ഇതിനേക്കാൾ വലിയ മറ്റെന്ത് തെളിവെന്തു വേണം? സാഹസികതയും സഞ്ചാരത്വരയും വാഹനപ്രിയവും വാർത്താവബോധവും രാഷ്ട്രീയ വീക്ഷണവുമൊക്കെയുള്ള ആധുനിക യുവത്വത്തിലെ ഒരു ബഹുമുഖ വ്യക്തിത്വമാണ് ഈ ചെറുപ്പക്കാരൻ. തീവണ്ടി സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്ന സമയത്താണ്, ചലച്ചിത്ര പ്രൊമോഷൻ പരിപാടികളിലും അഭിമുഖങ്ങളിലുമെല്ലാം നിറഞ്ഞു നിന്ന കൈലാസിനെ സ്മാർട്ട് ഡ്രൈവ് നിസ്സാന്റെ ഏറ്റവും പുതിയ സ്‌പെഷ്യൽ എഡിഷൻ സണ്ണി എക്‌സ്പീരിയൻസ് ചെയ്യുന്നതിനായി ക്ഷണിക്കുന്നത്. വാഹനമെന്നു കേട്ടാലും സഞ്ചാരമെന്നു കേട്ടാലും മറ്റെല്ലാം മാറ്റിവച്ച് ഓടിയെത്തുന്നയാളെ സംബന്ധിച്ചിടത്തോളം പുതിയ സണ്ണിയ്ക്കായി ഒരു ദിവസം നീക്കിവയ്ക്കാൻ തെല്ലും മടിയുണ്ടായില്ല. അങ്ങനെയാണ് സെപ്തംബറിലെ അവസാന വാരത്തിൽ ഫോർട്ട് കൊച്ചിയിലെ ചരിത്രമുറങ്ങുന്ന തെരുവുകളിലൂടെ സൗന്ദര്യപരമായ മാറ്റങ്ങളും പുതിയ ഓഡിയോ വിഷ്വൽ നാവിഗേഷൻ ടച്ച് സ്‌ക്രീൻ എന്റർടെയ്‌മെന്റ് സിസ്റ്റവും കറുത്ത റൂഫ് റാപ്പും പുതിയ ബോഡി ഡീകാൽസും റിയർ സ്‌പോയ്‌ലറുകളും ബ്ലാക് വീൽ കവറുകളുമൊക്കെയായി അണിഞ്ഞൊരുങ്ങിയ നിസ്സാൻ സണ്ണി കൈലാസ് മേനോനേയും കൂട്ടി സഞ്ചാരത്തിറങ്ങിയത്.

Music Composer Kailas Menon in a special edition Nissan Sunny

”നിസ്സാൻ സണ്ണി എനിക്ക് ഏറെ ഇഷ്ടമുള്ള വാഹനമാണ്. തായ്‌ലണ്ടിൽ ഞാൻ അവധിക്കാലാഘോഷത്തിനു പോയപ്പോൾ സെൽഫ് ഡ്രൈവിനായി വാടകയ്‌ക്കെടുത്തത് നിസ്സാൻ സണ്ണിയുടെ ടോപ്പ് എൻഡ് എഡിഷനായിരുന്നു. പത്തുദിവസത്തോളം എന്നെ വിദേശത്ത് സുരക്ഷിതമായി കൊണ്ടുനടന്നതും ആ രാജ്യം കാട്ടിത്തന്നതും സണ്ണിയായിരുന്നു. അതുകൊണ്ടു തന്നെ സണ്ണിയോട് എനിക്ക് പ്രത്യേകമായ ഒരു അടുപ്പമുണ്ട്. ഇന്നലെ പുറത്തിറങ്ങിയ പുതിയ സ്‌പെഷ്യൽ എഡിഷൻ സണ്ണി ആദ്യമായി ഓടിക്കുന്ന ആൾ ഞാനായതിലുള്ള സന്തോഷവും എനിക്കുണ്ട്,” കോഴിക്കോട് ഇ വി എം നിസ്സാനിൽ നിന്നും തനിക്ക് അനുഭവിച്ചറിയാനെത്തിയ സണ്ണിയിലെ രൂപമാറ്റങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ് കൈലാസ് മേനോൻ.


പുതിയ സ്‌പെഷ്യൽ എഡിഷൻ സണ്ണിയിൽ ആദ്യം ശ്രദ്ധയിൽപ്പെടുക കറുപ്പും ചുവപ്പും കലർന്ന സ്ട്രിപ്പുകളാണ്. ഡിസൈൻ രൂപകൽപനയിലും സാങ്കേതികവിദ്യയുടെ പ്രയോഗത്തിലും സണ്ണിയുടെ മറ്റ് വേരിയന്റുകളിൽ നിന്നും തീർത്തും വേറിട്ടുനിൽക്കുന്നു അത്. നിസ്സാൻ കണക്ട് എന്ന ജിയോ ഫെൻസിങ്, സ്പീഡ് അലേർട്ട്, കർഫ്യൂ അലേർട്ട്, സമീപത്തുള്ള കുഴികൾ കണ്ടെത്തൽ, ലൊക്കേറ്റ് മൈ കാർ, ഷെയർ മൈ കാർ ലെക്കേഷൻ 50 ഫീച്ചറുകളോളമുള്ള ഇൻഗ്രറ്റേഡ് കാർ ടെക്‌നോളജി ഇണക്കിച്ചേർത്ത പുതിയ സ്‌പെഷ്യൽ എഡിഷൻ സണ്ണി ആ സെഗ്മെന്റിലെ ഏറ്റവും മികച്ച സുരക്ഷിതത്വവും സൗകര്യവുമാണ് പ്രദാനം ചെയ്യുന്നത്. 6.2 ഇഞ്ചിന്റെ എവിഎൻ ടച്ച് സ്‌ക്രീനിൽ മെച്ചപ്പെട്ട ഇൻഫോടെയ്‌മെന്റിനായി ഫോൺ മിററിങ് അടക്കമുള്ള സാങ്കേതികതകളുണ്ട്. 1.5 ലിറ്റർ ഡീസൽ എഞ്ചിനിലും പെട്രോൾ എഞ്ചിനിലും സണ്ണി സ്‌പെഷ്യൽ എഡിഷൻ നിസ്സാൻ ലഭ്യമാക്കിയിട്ടുണ്ട്. പെട്രോൾ എഞ്ചിൻ കാറിന് എക്‌സ്‌ട്രോണിക് സിവിടിയുണ്ടെങ്കിൽ ഡീസൽ എഞ്ചിൻ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനി ൽ മാത്രമേ ലഭ്യമാകുകയുള്ളു. രണ്ട് എയർ ബാഗുകളും സ്പീഡ് സെൻസിങ് ഡോർലോക്കും ഡ്രൈവർ സീറ്റ് ബെൽട്ട് വാണിങ്ങും കീലെസ് എൻട്രി, സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടനുകളോടു കൂടിയ ഇന്റലിജന്റ് കീ തുടങ്ങിയവയാണ് മറ്റു സവിശേഷതകൾ. പെട്രോൾ എഞ്ചിൻ 6000 ആർ പി എമ്മിൽ 98 ബി എച്ച് പി കരുത്തും 4000 ആർ പി എമ്മിൽ 134 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുമ്പോൾ ഡീസൽ എഞ്ചിൻ 3750 ആർ പി എമ്മിൽ 85 ബി എച്ച് പി കരുത്തും 2000 ആർ പി എമ്മിൽ 200 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് നൽകുന്നത്. സീറ്റുകളും മാറ്റുകളും വരെ കറുപ്പും ചുവപ്പും സ്ട്രിപ്പുകൾ പുറമേയ്‌ക്കെന്ന പോലെ നൽകിയിട്ടുണ്ട്.

Kailas Menon @ Fort Kochi

ഫോർട്ടുകൊച്ചിയിലേക്ക് വൈപ്പിനിലെ പുതിയ റോ റോ സർവീസ് വഴി പോകാനുള്ള ഒരുക്കത്തിലാണ് സണ്ണി. കൊച്ചി വടുതലയിലുള്ള കൈലാസിന്റെ അപ്പാർട്ട്‌മെന്റിൽ നിന്നും നേരെ കച്ചേരിപ്പടി വഴി ഗോശ്രീ പാലത്തിലേക്ക്. ”സ്‌റ്റൈബിലിറ്റിയുടെ കാര്യത്തിലും ഡ്രൈവിങ് കംഫർട്ടിലും പവറിന്റെ കാര്യത്തിലും സ്‌റ്റൈലിങ്ങിലുമെല്ലാം സ്‌പെഷ്യൽ എഡിഷൻ സണ്ണി തികച്ചും ആകർഷകമാണ്. താങ്ങാനാകുന്ന നിരക്കിൽ പ്രീമിയം ഫീൽ നൽകുന്ന വാഹനമാണിതെന്ന കാര്യത്തിൽ സംശയമില്ല,” സണ്ണി പറപ്പിക്കവേ കൈലാസിന്റെ കമന്റ്. അകത്തെ സ്‌പേസിന്റെ കാര്യത്തിൽ സണ്ണി മറ്റു കാറുകളെയൊക്കെ തന്നെയും അതിശയിപ്പിക്കുന്നതാണെന്ന വസ്തുത പണ്ടേ തന്നെ എല്ലാവരും അംഗീകരിച്ചിട്ടുള്ളതുമാണ്. റോ-റോ ബോട്ടിലേക്ക് സണ്ണി നിഷ്പ്രയാസം കൈലാസ് ഓടിച്ചു കയറ്റി. വലുപ്പമുള്ള കാറാണെങ്കിലും ഹാൻഡിലിങ് മികവ് സണ്ണിയെ എളുപ്പത്തിൽ എവിടേയും പാർക്ക് ചെയ്യാൻ സഹായിക്കുന്നുമുണ്ട്.

കൈലാസ് മേനോന് കാറുകളുമായി കുട്ടിക്കാലം മുതൽ തന്നെ അടുത്ത ബന്ധമാണുള്ളത്. പീച്ചിയിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞനായി രുന്ന അച്ഛൻ രാമചന്ദ്രമേനോൻ ആദ്യമായി വാങ്ങിയത് ഒരു പ്രീമിയർ പത്മിനിയായിരുന്നു. പിന്നെ ഫിയറ്റ് യൂനോയിലേക്ക് മാറി. അതിനുശേഷം ഹോണ്ട സിറ്റി. പതിനെട്ടാം വയസ്സിൽ ആ ഹോണ്ട സിറ്റി കാറിലാണ് കൈലാസ് ഡ്രൈവിങ് പഠിച്ചത്. സ്വന്തമായി ആദ്യം വാങ്ങിയത് ഫിയറ്റ് ലീനിയയായിരുന്നു. പിന്നെ ഒരു സ്‌പെഷ്യൽ എഡിഷൻ മഞ്ഞ ഫിയറ്റ് പാലിയോ, നാനോ. പക്ഷേ നിസ്സാൻ വാഹനങ്ങളോട് എക്കാലത്തും ഒരു ഇഷ്ടം വച്ചുപുലർത്തിയിരുന്നു കൈലാസ്. ”ചെറുപ്രായത്തിൽ തന്നെ ഫിയറ്റിനോട് തോന്നിയ ഇഷ്ടമാണ് ഫിയറ്റിനു പിറകേ പോകാനിടയാക്കിയത്. വിദേശത്തു നടത്തിയ യാത്രകളിലാണ് വാസ്തവത്തിൽ നിസ്സാന്റെ മികവ് എനിക്ക് ശരിക്കും ബോധ്യപ്പെട്ടത്,” കൈലാസ് തുറന്നുപറയുന്നു.

വാഹനങ്ങളിലുള്ള സഞ്ചാരത്തിനിടെ പല ട്യൂണുകളും രൂപപ്പെടുത്തിയ കഥകളും പറയാനുണ്ട് കൈലാസ് മേനോന്. റോറോയിൽ സണ്ണിയിൽ വിശ്രമിക്കവേ, അവയായിരുന്നു പ്രധാന സംഭാഷണം. ”ട്രെയിനിൽ കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് സഞ്ചരിക്കവേയാണ് സ്റ്റാറിങ് പൗർണമി എന്ന പുറത്തുവരാത്ത ആൽബി ചിത്രത്തിലെ ഒരു ഗാനത്തിന്റെ ഈണം എനിക്ക് വീണുകിട്ടിയത്. അപ്പോൾ തന്നെ ട്രെയിനിന്റെ ടോയ്‌ലറ്റിൽ കയറി അത് മൂളി ഞാൻ റെക്കോർഡ് ചെയ്യുകയായിരുന്നു. അതുപോലെ കാർ ഡ്രൈവ് ചെയ്യുന്ന നേരത്താണ് തീവണ്ടിയിലെ ‘പൊന്നാണേ, പൊന്നാണേ’ എന്ന ഗാനത്തിന്റെ ഈണം തടഞ്ഞത്. ‘ജീവാംശമായ്’ എന്ന ഹിറ്റ് ഗാനമാകട്ടെ കുളിക്കുന്നതിനിടയിലാണ് മനസ്സിലെത്തിയത്. ഉടനെ കുളി നിർത്തി അത് പോയി റെക്കോർഡ് ചെയ്യുകയായിരുന്നു ഞാൻ,” കൈലാസ് മേനോൻ പൊട്ടിച്ചിരിയോടെ പറയുന്നു.

യാത്രകളും വാഹനങ്ങളും ഏറെ ഇഷ്ടപ്പെടുന്ന ഒരാളുടെ ഈണങ്ങൾ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ രൂപപ്പെടുന്നതിൽ അത്ര അത്ഭുതത്തിനൊന്നും വകയില്ല. ”വാഹനങ്ങളുടെ ചലനം പോലും ഒരു താളമാണല്ലോ. തീവണ്ടിയുടെ സഞ്ചാരം പോലും ഒന്നു ശ്രദ്ധിച്ചാൽ ഒരു താളത്തിലാണെന്ന് ബോധ്യമാകും. അതുപോലെ തന്നെ കണ്ണാടിച്ചില്ലുകളിലൂടെ ആയിരം ഫ്രെയിമുകൾ ഒരേ സമയം ഡ്രൈവിങ്ങിനിടയിൽ കടന്നുപോകുന്ന കാറിന്റെ വിൻഡോകളും,” കൈലാസ് യാത്രയ്ക്കിടെ സംഗീതത്തിന്റെ വഴികളും വാഹനങ്ങളും തമ്മിലുള്ള ഫിലോസഫിയെ ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്.

കത്തിയുരുകയായിരുന്ന കൊച്ചിയിലും ഞങ്ങളെ നിസ്സാൻ സണ്ണിയുടെ എയർ കണ്ടീഷനിങ് സുഖശീതളിമയിൽ തന്നെ ഇരുത്തിയിരിക്കുകയായിരുന്നു. ഇടയ്ക്ക് ബോൾഗാട്ടിയിലെ ലുലു കൺവെൻഷൻ സെന്ററിനു മുന്നിൽ സണ്ണിയുമായി ചില ചിത്രങ്ങൾ പോസ്സ് ചെയ്യാൻ പുറത്തിറങ്ങിയപ്പോഴാണ് ചൂടിന്റെ കാഠിന്യം എത്രത്തോളമുണ്ടെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടത്. വെയിലിൽ നിന്നപ്പോൾ കൈലാസിന്റെ കണ്ണുകൾ ചൂടു മൂലം നിറഞ്ഞൊഴുകിയിരുന്നു. എന്നാൽ ഫോർട്ടുകൊച്ചിയുടെ വൃക്ഷത്തണലുകളിലേക്കും പൗരാണികതയുടെ സ്പർശത്തിലേക്കും സണ്ണി എത്തിയതോടെ കുറച്ചൊന്ന് ചൂടിന് ശമനമായി. ഫോർട്ടുകൊച്ചിയിലെ പ്രിൻസസ് സ്ട്രീറ്റിലൂടെയായിരുന്നു സണ്ണിയുടെ ആദ്യ സഞ്ചാരം. വെല്ലിങ്ടൺ ഐലണ്ടിലെ ഹാർബർ ടെർമിനസിലേക്ക് ഡെമു ട്രെയിൻ 14 വർഷങ്ങൾക്കുശേഷം തിരിച്ചുവന്നതിന്റെ തൊട്ടടുത്ത ദിനമായിരുന്നു ഞങ്ങളുടെ യാത്ര. വെണ്ടുരുത്തിപ്പാലത്തിൽ മണ്ണുമാന്തിക്കപ്പൽ ഇടിച്ചതിനെ തുടർന്ന് 14 വർഷത്തോളം മുടങ്ങിക്കിടന്ന പാസഞ്ചർ ചരുക്കു ഗതാഗതമാണ് സെപ്തംബർ 26ന് പുനസ്ഥാപിക്കപ്പെട്ടത്. കൊച്ചി തുറമുഖ ശിൽപിയായ റോബർട്ട് ബ്രിസ്റ്റോയുടെ നേതൃത്വത്തിൽ 1943ലാണ് ആദ്യമായി കൊച്ചിയിലെ ഈ ടെർമിനസിലേക്ക് തീവണ്ടിയെത്തിയത്.

Nissan Sunny at the R0-RO service

ചരിത്രവും കൊച്ചുവർത്തമാനവുമൊക്കെ പങ്കിട്ടുകൊണ്ടിരിക്കേ, സണ്ണി 1500ൽ പോർച്ചുഗീസുകാർ പണി കഴിപ്പിച്ച സെന്റ് ഫ്രാൻസിസ് പള്ളിയ്ക്കു മുന്നിലെത്തി. ടൂറിസ്റ്റുകളായ നിരവധി പേർ വാസ്‌കോഡ ഗാമയെ അടക്കം ചെയ്ത ഈ പള്ളി കാണുന്നതിനായി അവിടെയെത്തിയിട്ടുണ്ട്. 18ാം നൂറ്റാണ്ടിൽ ഡച്ചുകാർ പുതുക്കിപ്പണിത ഈ പണിയുടെ അകത്തെ വാസ്തുകല പരിശോധിച്ചശേഷം പുറത്തുവന്നപ്പോഴാണ് മധ്യവയസ്‌കനായ ഒരാൾ കൈലാസിന്റെ സമീപത്തേക്ക് ഓടിയെത്തിയത്. ”ഞാൻ ജസ്റ്റിൻ, ഗിത്താറിസ്റ്റാണ്. താങ്കൾ സംഗീതം നിർവഹിച്ച ജീവാംശമായി ഞാൻ ഗിത്താറിൽ വായിച്ചിട്ടുണ്ട്. ഒന്നു കേട്ടുനോക്കൂ,” അയാൾ ഫോണിൽ അതിന്റെ റെക്കോർഡിങ് കൈലാസിനെ കേൾപ്പിച്ചു. മുഴുവനും സസശ്രദ്ധം കേട്ടശേഷം കൈലാസിന്റെ കമന്റ്: ”ബേസ് ഗിത്താറിൽ ഇത്ര സുന്ദരമായി ഈ ട്യൂൺ ഞാൻ ആദ്യമായാണ് കേൾക്കുന്നത്. താങ്കളിത് എനിക്ക് അയച്ചു തരുമോ?” ജസ്റ്റിന്റെ മുഖത്തെ സന്തോഷം അപ്പോൾ ഒന്നുകാണേണ്ടതായിരുന്നു.

When Kailas Menon met a guitarist in Fort Kochi who Compsed Jeevamsamayi in his base guitar

സ്‌പെഷ്യൽ എഡിഷൻ നിസ്സാൻ സണ്ണി പോകുന്നിടത്തെല്ലാം കൈലാസിനെപ്പോലെ തന്നെ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. പലർക്കും എക്സ്റ്റീരിയറിലുള്ള കറുപ്പും ചുവപ്പും സ്ട്രിപ്പുകളെപ്പറ്റിയാണ് അറിയേണ്ടത്. അത്തരത്തിൽ സ്ട്രിപ്പു നൽകിയ മറ്റ് കാറുകളൊന്നും ഇതേ വരെ അവരാരും കണ്ടിരുന്നില്ല. അതുകൊണ്ടു തന്നെ കൗതുകവും വർധിച്ചു. മറ്റു ചിലർക്ക് അറിയേണ്ടത് അത് കൈലാസിന്റെ വാഹനമാണോ എന്നായിരുന്നു.

2008 മുതൽ ഇതുവരെ ഇരുപതിലധികം ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട് കൈലാസ്. തൃശൂരിൽ ഭവൻസ് വിദ്യാമന്ദിറിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി എട്ടു പാട്ടുകളുള്ള സ്‌നേഹത്തോടെ എന്ന ആൽബം പുറത്തിറക്കുന്നത്. വൈദ്യുതി ബോർഡിൽ എഞ്ചിനീയറായിരുന്ന അമ്മ ഗിരിജാദേവിയും ഇപ്പോൾ നെതർലാൻഡ്‌സിൽ പ്രൊഫസറായ മൂത്ത സഹോദരൻ വിഷ്ണുവും അച്ഛൻ രാമചന്ദ്രമേനോനും കൈലാസിന് എല്ലാവിധ പ്രോത്സാഹനവും നൽകി. ആദ്യ ആൽബം തന്നെ ശ്രദ്ധിക്കപ്പെട്ടപ്പോൾ അന്ന് ഇന്ത്യാ ടുഡേ മാഗസീൻ കൈലാസിനെ വിശേഷിപ്പിച്ചത് ‘നാളത്തെ എ ആർ റഹ്മാൻ’ എന്നായിരുന്നു. ചെന്നൈയിലെ എസ് ആർ എം കോളെജിൽ നിന്നും വിഷ്വൽ കമ്യൂണിക്കേഷൻസിലും സൗണ്ട് എഞ്ചിനീയറിങ്ങിലും ബിരുദം നേടിയശേഷം സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ അസിസ്റ്റന്റായും പിന്നീട് സംഗീത സംവിധായകൻ ഗോപീസുന്ദറിന്റെ സൗണ്ട് എഞ്ചിനീയറായും പ്രവർത്തിച്ചശേഷമാണ് പരസ്യചിത്ര സംഗീത സംവിധാനത്തിലേക്ക് കൈലാസ് കടന്നത്.

ഇന്ന് ആയിരത്തിലധികം ജിംഗിളുകൾ പരസ്യങ്ങൾക്കായി സൃഷ്ടിച്ച കൈലാസ് ബ്രിട്ടനിലുള്ള റോൾസ് റോയ്‌സ് കാർ ബ്രാൻഡിനായും സാംസങ്ങിനായും തോഷിബയ്ക്കായും യൂണിലിവറിനായും അന്താരാഷ്ട്ര പരസ്യങ്ങളിലെ ജിംഗിളുകൾ പോലും സൃഷ്ടിച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് അഫ്ഗാനിസ്ഥാനിലെ ഓയിൽ ബ്രാൻഡായ മോമിനായും ആഫ്രിക്കയിലെ വാഷിങ് പൗഡർ ബ്രാൻഡായ ഓമോയ്ക്കായുമൊക്കെ നിർവഹിച്ച ജിംഗിളുകൾ. ഇന്ത്യയിൽ ജോയ് ആലുക്കാസ്, ഭീമ പോലുള്ള ജുവലറി ബ്രാൻഡുകൾക്കായും ലുലു ഇന്റർനാഷണലിനായും പരസ്യങ്ങളിലെ സംഗീതം രൂപപ്പെടുത്തിയതും കൈലാസ് മേനോൻ തന്നെ. 2011ൽ ജയരാജിന്റെ പകർന്നാട്ടത്തിന് പശ്ചാത്തല സംഗീതമൊരുക്കിയതും കൈലാസ് തന്നെയായിരുന്നു. ചെന്നൈയിൽ ഒക്ടേവ്‌സ് എന്ന മ്യൂസിക് സ്റ്റുഡിയോയും കൈലാസിന് സ്വന്തം.

സണ്ണി ഫോർട്ടുകൊച്ചിയിലെ പൗരാണിക തെരുവുകളിലൂടെ തന്നെയാണ് സഞ്ചാരം. പൗരാണികതയും ചരിത്രവുമുള്ള രാജ്യങ്ങളിലെ സഞ്ചാരം ഇഷ്ടപ്പെടുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഫോർട്ടുകൊച്ചിയ്ക്കുള്ള ചരിത്രപരമായ ഔന്നിത്യം കൈലാസിനെ ഏറെ ആകർഷിക്കുന്നുണ്ടെന്ന് സംസാരത്തിൽ നിന്നും വ്യക്തം. ”ഞാൻ സന്ദർശിച്ച രാജ്യങ്ങളിലെല്ലാം അവിടത്തെ സംഗീതം അവിടത്തെ സാംസ്‌കാരിക ചരിത്രവുമായി എങ്ങനെ ഇഴുകിച്ചേർന്നു നിൽക്കുന്നുവെന്ന് ഞാൻ അന്വേഷിക്കാറുണ്ട്. അവിടത്തെ സംഗീത ഉപകരണങ്ങൾ പോലും ഏതൊക്കെയെന്ന് കണ്ടെത്താൻ ഞാൻ ശ്രമിക്കും. അവ അവരുടെ ജീവിതവുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും,” കൈലാസ് മേനോൻ പറയുന്നു. ഐസ് ലാൻഡ്, ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്, ഇന്തോനേഷ്യ, മലേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെല്ലാം തന്നെ ഇതിനകം കൈലാസ് സന്ദർശനം നടത്തിക്കഴിഞ്ഞു. ഈ യാത്രകളിൽ തുണയായി ചിലപ്പോഴൊക്കെ സുഹൃത്തുക്കളും ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ അന്നപൂർണാ ലേഖിയുമുണ്ടാകും. സുഹൃത് ബന്ധത്തിൽ നിന്നും മൊട്ടിട്ട ഒരു പ്രണയമാണ് മൂന്നു വർഷങ്ങൾക്കുമുമ്പ് കൈലാസിന്റേയും അന്നപൂർണയുടേയും വിവാഹത്തിലെത്തിച്ചേർന്നത്.

”സഞ്ചാരത്തിനാണോ സംഗീതത്തിനാണോ പ്രഥമ സ്ഥാനം ജീവിതത്തിലെന്നു ചോദിച്ചാൽ ഒന്നാം സ്ഥാനം ഞാൻ സഞ്ചാരത്തിനേ നൽകൂ. സംഗീതത്തിന് രണ്ടാം സ്ഥാനവും. സഞ്ചാരത്തിലെ സാംസ്‌കാരിക അനുഭവങ്ങളിലൂടെ മാത്രമേ നല്ല സംഗീതം സൃഷ്ടിക്കപ്പെടുകയുള്ളുവെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ,” കൈലാസ് തന്റെ തത്വശാസ്ത്രം മറച്ചുവയ്ക്കുന്നില്ല.

Kailas Menon @ St. Francis Church in Fort Kochi

ഫോർട്ടുകൊച്ചിയിൽ നിന്നും തിരികെ കൊച്ചിയിലേക്ക് മടങ്ങുമ്പോൾ കൈലാസിന് സണ്ണിയെപ്പറ്റി നല്ല വാക്കുകൽ മാത്രമേ പറയാനുണ്ടായിരുന്നുള്ളു. ”ഡ്രൈവിങ് കംഫർട്ടിലും സ്‌റ്റൈബിലിറ്റിയിലും അകത്തെ നവീന സാങ്കേതിക വിദ്യയിലും താങ്ങാനാകുന്ന വിലയിലും ബിൽട്ട് ക്വാളിറ്റിയിലുമെല്ലാം സണ്ണി വിലയ്‌ക്കൊത്ത മൂല്യം നൽകുന്നുണ്ട്. വിശാലമായ കാറിന്റെ അകത്തളം മനുഷ്യരുടെ മനസ്സിലെ സർഗാത്മകതയും കൂട്ടും,” കൈലാസ് മേനോൻ പറയുന്നു.
പുതിയ നിസ്സാൻ സണ്ണിയിലെ യാത്രയ്ക്കിടയിൽ ഏതോ ഒരു ഈണം കൈലാസിന്റെ മനസ്സിൽ കയറിക്കൂടിയിട്ടുണ്ടെന്നുറപ്പ്!$

Vehicle Provided By:
EVM Nissan
Kerala
Ph: 9544844411

Copyright: Smartdrive magazine- The No. 1 Automobile magazine in Malayalam, October 2018

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>