Volkswagen Polo: A Love Story
June 17, 2019
Legacy Continues: Pothens Mahindra, Kochi
June 18, 2019

Club De Royale: Luxury and comfort of Mahindra Alturas G4

George Pauly Kakkanat and family with Mahindra Alturas G4

നിരവധി പ്രീമിയം വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും മഹീന്ദ്ര അൾട്ടൂരാസിനോട് ഒരു സവിശേഷമായ സ്‌നേഹമാണ് കളമശ്ശേരിക്കാരനായ ജോർജ് പോളി കാക്കനാട്ടിനും കുടുംബത്തിനും. അൾട്ടൂ രാസ് ജി 4 ഓൾവീൽഡ്രൈവ് വീട്ടിലെത്തിയതിൽപ്പിന്നെ നഗര യാത്രകൾക്കും ഓഫ്‌റോഡിങ്ങിനുമെല്ലാം ഈ കുടുംബം ആശ്രയിക്കുന്നത് ആ വാഹനത്തെ മാത്രം.

എഴുത്ത്: ജെ ബിന്ദുരാജ്, ഫോട്ടോ: അഖിൽ അപ്പു

യാത്രകളെന്നുവച്ചാൽ ജീവനാണ് പ്ലാന്ററും ബിസിനസുകാരനുമായ ജോർജ് പോളി കാക്കനാട്ടിന്. കളമശ്ശേരിക്കാരനാണെങ്കിലും തന്റെ എസ്റ്റേറ്റുകൾ കർണാടകത്തിലെ കൂർഗിലും കോതമംഗലത്തുമൊക്കെയായതിനാൽ ഒട്ടുമിക്കപ്പോഴും കുടുംബസമേതം അവിടങ്ങളിലേക്കെല്ലാം യാത്ര പോകാറുണ്ട് അദ്ദേഹം. ഡോക്ടറായ ഭാര്യ ജയ്‌മോൾ ജോർജിനും മക്കളായ എട്ടുവയസ്സുകാരി എലിസബത്ത് ജോർജിനും ആറു വയസ്സുകാരി മരിയ ജോർജിനുമെല്ലാം പപ്പയ്‌ക്കൊപ്പമുള്ള യാത്രകൾ ഹരമായതിനാൽ അവരെ കൂട്ടാതെ അവധിക്കാലങ്ങളിൽ യാത്രകളെപ്പറ്റി ചിന്തിക്കാറുപോലുമില്ല ജോർജ്. ഈ അവധിക്കാലത്തെ യാത്രകൾ കൂടുതൽ ആസ്വാദ്യകരമാക്കാൻ ജോർജ് ഒരു തകർപ്പൻ വാഹനം കഴിഞ്ഞ ഫെബ്രുവരിയിൽ വാങ്ങുകയും ചെയ്തു.
ഏതാണെന്നല്ലേ? സംശയിക്കേണ്ട, മഹീന്ദ്ര അൾട്ടൂരാസ് ജി 4 തന്നെ. ഈ ഫോർവീൽ ഡ്രൈവ് ഓട്ടോമാറ്റിക് വാഹനം ഈ അവധിക്കാലത്ത് കൂർഗിലേക്കും മൂന്നാറിലേക്കും വേളാങ്കണ്ണിയിലേക്കും ഊട്ടിയിലേക്കുമെല്ലാം ജോർജിന്റെ കുടുംബത്തേയും വഹിച്ചുകൊണ്ട് സഞ്ചരിച്ചു.

Alturas G4 at George Pauly Kakkanat’s Teakwood County Estate in Coorg

”ടെയോട്ട ഫോർച്യൂണറും മെർസിഡസ് ബെൻസ് സി ക്ലാസും ഹ്യുണ്ടായ് ഐ 10നും ഹ്യുണ്ടായ് ക്രെറ്റയുമാണ് നിലവിൽ ഞാൻ അൾട്ടൂരാസിനു പുറമേ ഉപയോഗിക്കുന്ന വാഹനങ്ങളെങ്കിലും ഫെബ്രുവരിയിൽ അൾട്ടൂരാസ് ജി 4 വീട്ടിലെത്തിയതിൽപ്പിന്നെ എന്റെ ഓഫ്‌റോഡിങ് സഞ്ചാരങ്ങളെല്ലാം തന്നെ ഞാൻ അൾട്ടൂരാസിലേക്ക് മാറ്റി. മുമ്പ് മഹീന്ദ്രയുടെ ബൊലേറോയും സ്‌കോർപിയോയുമൊക്കെ ഉപയോഗിച്ചിട്ടുള്ളതിനാൽ മഹീന്ദ്ര വാഹനങ്ങളെപ്പറ്റി നല്ല മതിപ്പാണ് എനിക്ക്. എന്നാൽ അൾട്ടൂരാസ് ആ വാഹനങ്ങളിൽ നിന്നൊക്കെ ഏറെ മുന്നിലാണെന്നാണ് എന്റെ പക്ഷം. സാങ്‌യോങ്ങിന്റെ റെക്‌സ്ടനെപ്പറ്റി നേരത്തെ തന്നെ ഞാൻ ധാരാളം കേട്ടിട്ടുള്ളതിനാൽ രണ്ടാം ജനറേഷനിൽപ്പെട്ട് റെക്‌സ്ടൺ, അൾട്ടൂരാസ് എന്ന പേരിൽ ഇന്ത്യയിലെത്തിയപ്പോൾ തന്നെ അത് വാങ്ങണമെന്ന് ഞാൻ നിശ്ചയിച്ചിരുന്നതാണ്,” ജോർജ് പോളി കാക്കനാട്ട് പറയുന്നു.

അൽപം അൾട്ടൂരാസ് കഥ പറഞ്ഞശേഷം ജോർജ് പോളിയിലേക്കും കുടുംബത്തിലേക്കും മടങ്ങി വരാം. സാങ്‌യോങ്ങ് എന്ന കൊറിയൻ കമ്പനിയെ ഏറ്റെടുത്തതോടെ എസ് യു വി നിർമ്മാണരംഗത്തെ വലിയ നേട്ടങ്ങളാണ് മഹീന്ദ്ര സ്വന്തമാക്കിയത് എന്നതാണ് യാഥാർത്ഥ്യം. റെക്‌സ്ടൺ വിറ്റഴിക്കുക എന്നതായിരുന്നുമില്ല, സാങ്‌യോങ്ങിനെ സ്വന്തമാക്കിയപ്പോൾ ലോകനിലവാ രമുള്ള എസ് യു വികളുടെ സാങ്കേതികത സ്വന്തമാക്കുക എന്നതാണ് വാസ്തവത്തിൽ മഹീന്ദ്ര ലക്ഷ്യമിട്ടത്. സാങ്‌യോങ്ങ് വാങ്ങിയ ശേഷം നിർമ്മിക്കപ്പെട്ട എക്‌സ് യു വി 500ലും സ്‌കോർപിയോയിലുമൊക്കെ സാങ്കേതികമായ ഈ കുതിച്ചുചാട്ടം ദർശിക്കാം. അങ്ങനെ ഇപ്പോ ൾ മഹീന്ദ്ര ഒരു പടികൂടി കടന്ന്, സാങ്‌യോങ്ങിന്റെ മോഡലിന്റെ ബാഡ്ജിങ് മാറ്റി തങ്ങളുടെ ബാഡ്ജിങ്ങിൽ അവതരിപ്പിച്ചിരിക്കുകയാണ്. അൾട്ടൂരാസ് എന്നു പേരിട്ട ഈ എസ് യു വി യഥാർത്ഥത്തിൽ രണ്ടാം ജനറേഷനിൽപ്പെട്ട റെക്‌സ്ടണാണ്. ഇന്ത്യയിൽ ഇന്ന് നിലവിലുള്ള പ്രീമിയം എസ് യു വികളുമായി ഏറ്റുമുട്ടാൻ എന്തുകൊണ്ടും അൾട്ടൂരാസിനാകും. ഇവയെക്കാൾ നീളവും വീതിയും വീൽബെയ്‌സും കൂടുതലുണ്ട് അൾട്ടൂരാസിനെന്നത് അൾട്ടൂരാസിനെ കൂടുതൽ ആകർഷമാക്കുന്നുണ്ട്.
നിലവിൽ 2 വീൽ ഡ്രൈവായും 4 വീൽ ഡ്രൈവായുമാണ് അൾട്ടൂരാസ് വിപണിയിലെത്തിയിരിക്കുന്നത്. രണ്ടു വാഹനവും ഓട്ടോമാറ്റിക് തന്നെ. ജോർജ് പോളി പ്ലാന്ററായതിനാലും ദുർഘടപാതകളിലൂടെ നിരന്തരം യാത്ര ചെയ്യേണ്ടി വരുന്നതിനാലും അൾട്ടൂരാസ് ജി 4 ഫോർ വീൽ ഡ്രൈവ് ഓട്ടോമാറ്റിക് ആണ് എടുത്തിരിക്കുന്നത്. 4000 ആർ പി എമ്മിൽ 178 ബി എച്ച് പി കരുത്തും 1600 ആർ പി എമ്മിൽ 420 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള 7 സ്പീഡ് ഓട്ടോമാറ്റിക് ഡീസൽ വാഹനത്തിന്റെ എഞ്ചിൻ 2157 സിസിയുടേതാണ്. ഏഴു പേർക്ക് സുഖമായി സഞ്ചരിക്കാനാ കും. മഹീന്ദ്രയുടെ ചേരാനെല്ലൂരിലെ ഡീലറായ പോത്തൻ ഓട്ടോസിൽ നിന്നും ടെസ്റ്റ് ഡ്രൈവിനുശേഷമാണ് ജോർജ് പോളി അൾട്ടൂരാസ് ജി 4 എടുത്തത്.

Alturas G4 at George Pauly Kakkanat’s Teakwood County Estate in Coorg

 

”അൾട്ടൂരാസിന്റെ എതിരാളികളായ രണ്ടു വാഹനങ്ങളും ഉപയോഗിച്ചയാളെന്ന നിലയ്ക്ക് അൾട്ടൂരാസ് അവയിൽ നിന്നും ഒരുപടി ഫീച്ചറുകളുടെ കാര്യത്തിലും കംഫർട്ടിന്റെ കാര്യത്തിലും മുന്നിലാണെന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്തപ്പോൾ തന്നെ എനിക്ക് ബോധ്യപ്പെട്ടു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു വാഹനം ഇത്ര ആഡംബരസദൃശ്യമായി ലഭിക്കുമ്പോൾ ആരാണ് അത് വേണ്ടെന്നുവയ്ക്കുക? പോരാത്തതിന് മഹീന്ദ്ര എന്ന കമ്പനിയോട് എനിക്ക് വലിയ ആദരവും സ്‌നേഹവുമാണുള്ളത്,” ജോർജ് പോളി പറയുന്നു. 4850 എം എം നീളവും 1960 എം എം വീതിയും 1845 എം എം ഉയരവുമാണ് അൾട്ടൂരാസിനുള്ളത്. 2865 എം എം ആണ് വീൽബേസ്. ”കൂർഗിലേക്കായിരുന്നു അൾട്ടൂരാസിലെ ആദ്യ യാത്ര. സ്മൂത്തായ ഗിയർ ഷിഫ്റ്റുകളും ശബ്ദരഹിതമായ എഞ്ചിനും ശരിക്കും അനുഭവിച്ചറിഞ്ഞത് ആ യാത്രയിലാണ്. വിലയ്‌ക്കൊത്ത മൂല്യം നൽകുന്ന വാഹനമാണ് അൾട്ടൂരാസ് എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല,” ജോർജ് പറയുന്നു. 38 ലക്ഷം രൂപയാണ് അൾട്ടൂരാസ് ജി 4 ഫോർവീൽ ഡ്രൈവ് ഓട്ടോമാറ്റിക്കിന്റെ ഓൺറോഡ് വില.

ഡ്രൈവിങ് സുഖത്തിന്റെ കാര്യത്തിൽ അൾട്ടൂരാസ് ശരിക്കും തന്നെ അമ്പരപ്പിച്ചുവെന്ന് ജോർജ് പോളി സാക്ഷ്യപ്പെടുത്തുന്നു. ഒട്ടുമിക്ക വിദേശ ബ്രാന്റ് വാഹനങ്ങളും ഉപയോഗിച്ചിട്ടുള്ള ജോർജിനെ സംബന്ധിച്ചിടത്തോളം മഹീന്ദ്രയുടെ വാഹനം ശരിക്കും ഒരു അത്ഭുതം തന്നെയാണെന്നതാണ് വാസ്തവം. പഴയ റെക്‌സ്ടൺ ബെൻസിന്റെ എം ക്ലാസിന്റെ ചുവടുപിടിച്ചാണ് രൂപകല്പന ചെയ്തിരിരുന്നതെങ്കിലും പുതിയ അൾട്ടൂരാസ് പൂർണ്ണമായും പുതിയ പ്ലാറ്റ്‌ഫോമിലാണ് ജനിച്ചിരിക്കുന്നത്. അതുകൊണ്ട് രൂപത്തിലോ അളവുകളിലോ പഴയ റെക്‌സടണുമായി യാതൊരു താരതമ്യവുമില്ല. വളരെ വലിപ്പം കൂടിയ ഒരു വാഹനമാണ് അൾട്ടൂരാസ് ഉയർന്ന ബോണറ്റും വീതിയുള്ള രൂപവും മൂലം ആർക്കും അൾട്ടൂരാസിനോട് ഒരു ബഹുമാനം തോന്നിപ്പോകും. എച്ച് ഐ ഡി ഹെഡ്‌ലാമ്പുകൾ ഡബിൽ ബാരലാണ്. അതിൽ എൽഇഡി ഡേടൈം റണ്ണിംങ് ലാമ്പുകളുണ്ട്.


അൾട്ടൂരാസിന്റെ സൗന്ദര്യവും ജോർജിനെ വശീകരിച്ചിട്ടുണ്ടെന്ന് വ്യക്തം. ”മഹീന്ദ്രയുടെ സിഗ്‌നേച്ചർ ഗ്രിൽ തന്നെയാണ് ഈ വാഹനത്തിൽ ഉള്ളതെങ്കിലും നന്നായി ബോഡിയോട് ഇണങ്ങിച്ചേർന്ന് നിൽക്കുന്നുണ്ട്. ഫോഗ്‌ലാമ്പ് സ്ലോട്ടും ബമ്പറിലെ കറുത്ത ക്ലാഡിങും സ്‌കഫ് പ്ലേറ്റുമൊക്കെ അൾട്ടൂരാസിനെ ഗൗരവഭാത്തിന് ചേരുംവിധമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. വലിയ 18 ഇഞ്ച് ടയറുകളും സവിശേഷമായ ഭാവം നൽകുന്നുണ്ട് വാഹനത്തിന്. മനോഹരമായ ടെയ്ൽലാമ്പും ചെറിയ ബമ്പറും സ്‌കഫ്‌പ്ലേറ്റും ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലറും വിശാലമായ വിൻഡ് ഷീൽഡുമാണ് പിന്നിൽ ഉള്ളത്,” ജോർജ് പോളി പറയുന്നു.

പ്രീമിയം വാഹനങ്ങളുടെ സുന്ദരമായ ഇന്റീരിയർ തന്നെയാണ് അൾട്ടൂരാസിനുമുള്ളതെന്ന് ജോർജ് പോളി പറയുന്നു. ”ഡോർ തുറക്കുമ്പോൾ തന്നെ ബെൻസ് എസ് ക്ലാസിലേതുപോലെ ഡ്രൈവർ സീറ്റ് പിന്നിലേക്ക് നിരങ്ങി മാറി കയറാൻ സൗകര്യമൊരുക്കുന്നു. ഡോർ അടച്ചാലുടൻ സീറ്റ് മുന്നോട്ടു നീങ്ങി പഴയ സ്ഥിതി കൈവരിക്കുകയും ചെയ്യും. വുഡ്, ബ്രഷ്ഡ് അലൂമിനിയം, ചെങ്കൽ നിറമുള്ള നാഫ്‌ലെതർ എന്നിവയുടെ ലയനമാണ് ഉള്ളിൽ. ഡാഷ്‌ബോർഡും വളരെ പ്രൗഢഗംഭീരമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്കാണ് ഡാഷ്‌ബോർഡിൽ ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ, സെന്റർ കൺസോളിലൂടെ ലെതർ ആവരണം കടന്നുപോകുന്നതും പ്രീമിയം ഫീൽ നൽകുന്നുണ്ട്,” ജോർജിന് അൾട്ടൂരാസിനെ എത്ര വർണിച്ചാലും മതിവരില്ലെന്ന് വ്യക്തം.

70 ലിറ്റർ ഇന്ധനശേഷിയുള്ള വാഹനമാണ് അൾട്ടൂരാസ് എന്നതിനാൽ ഒരു തവണ ഫുൾ ടാങ്ക് അടിച്ചാൽപ്പിന്നെ ഇന്ധനമടിക്കുന്നതു തന്നെ യാത്രകളിൽ മറന്നു കളയാം. ദീർഘദൂര യാത്രകൾ സ്ഥിരമായി ചെയ്യുന്നതിനാൽ സംഗീതവും വിനോദോപാദികളുമൊക്കെ വാഹനത്തിൽ ഉപയോഗിക്കുന്നയാളാണ് ജോർജ് പോളി. ”8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിൽ ആൻഡ്രോയ്ഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും 360 ഡിഗ്രി പാർക്കിങ് ക്യാമറയുമൊക്കെ കാണാം. മീറ്റർ കൺസോളിലുള്ള 7 ഇഞ്ച് ടിഎഫ്ടി സ്‌ക്രീനിൽ ടയർപ്രഷർ ഉൾപ്പെടെയുള്ള വാഹനത്തിന്റെ വിവരങ്ങൾ വായിച്ചെടുക്കാനുമാകും. മുൻ സീറ്റുകളിൽ നൽകിയിട്ടുള്ള വെന്റിലേഷന്റെ ഗുണം ഈ വേനൽക്കാലത്ത് ഞാൻ ശരിക്കും അനുഭവിച്ചതാണ്. ഉയർന്ന ചൂടിൽ ദീർഘദൂരം യാത്ര ചെയ്തിട്ടും പിറകുവശം വിയർത്തതേയില്ല,” ജോർജ് പോളി തുറന്നുപറയുന്നു. ഇതിനു പുറമേ, സീറ്റ് ഹൈറ്റ് ഉൾപ്പെടെയുള്ള ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റുകളും ഡ്രൈവറെ സംബന്ധിച്ചിടത്തോളം വളരെ പ്രയോജനകരമാണല്ലോ.

ഭാര്യയും രണ്ടു കുട്ടികളും ഒപ്പമുണ്ടാകാറുള്ളതിനാൽ രണ്ടാംനിര സീറ്റും സ്ഥലസൗകര്യവും കംഫർട്ടുമുള്ളതാകണമെന്ന് ജോർജിന് നിർബന്ധവുമുണ്ട്. ”സീറ്റിന്റെ ചാരുന്ന ഭാഗം അൽപം ചരിക്കാനാകുമെ ന്നതും പിൻസീറ്റുകൾക്ക് എസി വെന്റുകൾ നൽകിയിട്ടുള്ളതും സുഖകരമായ യാത്ര ഉറപ്പാക്കുന്നു. സൺറൂഫുമുണ്ട് അൾട്ടൂരാസിൽ,” ജോർജ് പറയുന്നു.

അൾട്ടൂരാസിന്റെ 7 സ്പീഡ് ടോർക്ക് കൺവർട്ടർ ടൈപ്പ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് നിർമ്മിച്ചു നൽകിയത് മെർസിഡസ് ബെൻസാണൈന്നതാണ് മറ്റൊരു സവിശേഷത. ”ഏറ്റവും റിഫൈൻഡും നിശബ്ദവുമായ എഞ്ചിനാണ് അൾട്ടൂരാസിലേത്. ടർബോലാഗ് ഇല്ലേയില്ല. മിഡ്‌റേഞ്ചിലെ ടോർക്കിന്റെ തിരതള്ളൽ മൂലം ആയാസരഹിതമായ ഡ്രൈവിങ് ഈ എഞ്ചിൻ ഉറപ്പു നൽകുന്നു. ഒരു ആർപിഎം റേഞ്ചിലും ഈ ഗിയർ ബോക്‌സോ എഞ്ചിനോ മടുപ്പിക്കുന്നില്ല. ഹൈവേകളിൽ ഒരു ചീറ്റപ്പുലിയുടെ സ്വഭാവം കാട്ടുന്നുമുണ്ട് അൾട്ടൂരാസ്,” ജോർജ് പോളി അൾട്ടൂരാസിനെ നന്നായി പഠിച്ചിരിക്കുന്നുവെന്നു വ്യക്തം.

ഹാൻഡിലിങ് മികവിന്റെ കാര്യത്തിലും മികവു പുലർത്തുന്ന വാഹനമാണിതെന്ന് ജോർജ് പറയുന്നു. ”പല വലിയ എസ് യു വികൾക്കും ഉലച്ചിൽ സ്വാഭാവികമാണെങ്കിലും അൾട്ടൂരാസിൽ അത് നാമമാത്രമേ ഉള്ളു. ബോഡി ഓൺ ഫ്രെയിം നിർമ്മാണ രീതിയാണെങ്കിലും ഓഫ് റോഡിൽ മിതത്വം പാലിക്കുന്നുണ്ട്, സസ്‌പെൻഷൻ,” ജോർജ് പറയുന്നു. കോയിൽ സ്പ്രിങ്ങോടു കൂടിയ ഡബിൾ വിഷ് ബോൺ സസ്‌പെൻഷനാണ് മുന്നിലെങ്കിൽ കോയിൽ സ്പ്രിങ്ങോടു കൂടിയ 5 ലിങ്ക് സസ്‌പെൻഷനാണ് പിന്നിൽ. ”ഗിയർലിവറിനടുത്തുള്ള നോബ് തിരിച്ച് അൾട്ടൂരാസിനെ ഫോർവീൽ ഡ്രൈവിലേക്ക് ലോഹൈ ഓപ്ഷനുകളിലേക്കും മാറ്റാം. ടെറെയ്ൻ മാനേജ്‌മെന്റ് സിസ്റ്റവും 4 വീൽ ഡ്രൈവ് മോഡലിനുണ്ട്,” ജോർജ് പറയുന്നു.

കുടുംബസമേതമുള്ള യാത്രകൾക്ക് ഏതൊരാളും ഏറ്റവുമധികം ശ്രദ്ധിക്കുക സുരക്ഷിതത്വമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ മറ്റ് പ്രീമിയം എസ് യു വികളേക്കാൾ ബഹുദൂരം മുന്നിലാണ് അൾട്ടൂരാസ് എന്നതാണ് ഈ വാഹനം കുടുംബയാത്രകൾക്കായി ജോർജ് ഉപയോഗിക്കാനുള്ള പ്രധാന കാരണം തന്നെ. ”9 എയർ ബാഗുകൾ, ഇ എസ് പി, ആക്ടീവ് റോൾ ഓവർ പ്രൊട്ടക്ഷൻ, ഹിൽഡിസന്റ് കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, എമർജൻസി സ്റ്റോപ്പ് സിഗ്‌നൽ, എബിഎസ്, ഇബിഡി എന്നിങ്ങനെ നിരവധി സുരക്ഷാ സന്നാഹങ്ങൾ വാഹനത്തിലുള്ളതിനാൽ തെല്ലും ഭയപ്പെടാതെ വാഹനം ഏത് കാട്ടിലേക്കും സുരക്ഷിതപാതയിലേക്കും കൊണ്ടുപോകാം. മൂന്നാറിലേക്ക് യാത്ര പോയപ്പോൾ ദുർഘടപാതയിലൂടെ ഒരു പരീക്ഷണം ഞാൻ നടത്തിനോക്കി. ബ്രേക്ക് അധികം കൊടുക്കാതെ തന്നെ വാഹനം സ്വയം അഡ്ജസ്റ്റ് ചെയ്ത് കുന്നിറങ്ങിയത് നല്ലൊരു അനുഭവമായിരു ന്നു,” ജോർജ് വാഹനത്തിന്റെ ഹിൽ ഡിസന്റ് കൺട്രോൾ പരീക്ഷിച്ചറിഞ്ഞ കാര്യം പങ്കുവയ്ക്കുന്നു.

നഗരത്തിലായാലും മലനിരകളിലേക്കാണെങ്കിലും ഭാര്യ ജയ്‌മോൾക്കും മക്കളായ എലിസബത്തിനും മരിയയ്ക്കും ഇപ്പോൾ അൾട്ടൂരാസിൽ പോകാനാണ് താൽപര്യമെന്ന് ജോർജ് പോളി പറയുന്നു. മാർഗനിർദ്ദേശങ്ങളോടു കൂടിയ റിവേഴ്‌സ് ക്യാമറയുള്ളതിനാൽ നഗരത്തിൽ ചെറിയ സ്ഥലങ്ങളിൽ എളുപ്പം പാർക്ക് ചെയ്യാനുമാകും. ധാരാളം സ്റ്റോറേജ് സ്‌പേസും നൽകിയിട്ടുള്ളതിനാൽ യാത്രയ്ക്കു വേണ്ട സാമഗ്രികൾ വാഹനത്തിനകത്തു തന്നെ വയ്ക്കാനുമാകുമെന്നത് കുട്ടികളെ സന്തോഷിപ്പിക്കുന്നു. ആറ് സ്പീക്കറുകളിലൂടെയുള്ള സുവ്യക്തമായ സംഗീതം കൂടിയാകുമ്പോൾ ആരാണ് അൾട്ടൂരാസിൽ നിന്നും യാത്ര കഴിഞ്ഞാലും പുറത്തിറങ്ങുക? $

Copyright: Smartdrive- June 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>