Skoda Superb L&K: What the customer says?
October 19, 2020
Test Drive: MG Gloster
October 19, 2020

Nature’s Delight: Travel to Chinnakanal in a VW Vento

ആനയിറങ്കൽ ഡാമിന്റെ പശ്ചാത്തലത്തിൽ ഫോക്‌സ്‌വാഗൺ വെന്റോ

പ്രകൃതിയെ അനുഭവിക്കാൻ റോബർട്ട് ഫ്രോസ്റ്റ് കവിതകളോടുള്ള പ്രിയം മാത്രം പോരാ, യാത്രകൾക്ക് ഒരു ഫോക്‌സ് വാഗൺ വെന്റോ കൂടി ഉണ്ടാകണമെന്ന് ചിന്തിച്ചുപോയ നിമിഷം. പുതിയ 1.0 ലിറ്റർ ടിഎസ്‌ഐ ടർബോ പെട്രോൾ വെന്റോയിൽ ചിന്നക്കനാലിലേക്ക്…

എഴുത്ത്: ജെ ബിന്ദുരാജ്, ഫോട്ടോ: അഖിൽ അപ്പു

ഫ്രോസ്റ്റ് എന്നാൽ പ്രതലങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞ് എന്നാണർത്ഥം. അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റിന്റെ ജീവിതവും മഞ്ഞുപോലെ തണുത്തുറഞ്ഞതായിരുന്നു. ശരത്കാല മഴയെപ്പറ്റിയും വനാന്തരങ്ങളുടെ ആഴമേറിയ സൗന്ദര്യത്തെപ്പറ്റിയുമൊക്കെ പാടിയ കവിയുടെ ജീവിതം എത്രത്തോളം ദുരന്തങ്ങളും ദുരിതങ്ങളും നിറഞ്ഞതായിരുന്നുവെന്ന് അറിയുന്നവർ ഏറെ ചുരുക്കം. കുട്ടിക്കാലത്ത് അച്ഛന്റെ മരണം, ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ പ്പെട്ട ബാല്യം, കാൻസർ ബാധിച്ച് അമ്മയുടെ മരണം, ഭാര്യ വിഷാദരോഗത്തിനടിപ്പെട്ട ഭാര്യ, മാനസിക രോഗാശുപത്രിയിൽ അഭയം തേടിയ സഹോദരിയും മകളും- ഇത്രയേറെ ജീവിതദുരന്തങ്ങളിൽപ്പെട്ടുഴലുമ്പോഴും കവിതയാണ് റോബർട്ട് ഫ്രോസ്റ്റിനെ ജീവിക്കാൻ പ്രേരി പ്പിച്ചത്. കവിതയ്ക്ക് നാലു തവണ പുലിസ്റ്റർ സമ്മാനം നേടിയ മറ്റൊരു കവി ലോകത്തില്ല. മരണക്കിടക്കയിലായിരിക്കുമ്പോഴും ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ആർത്തിയോടെ വായിച്ചിരുന്നത് റോബർട്ട് ഫ്രോസ്റ്റിന്റെ കവിതകളായിരുന്നുവത്രേ.

മഴമഞ്ഞുമൂടിയ ആ പ്രഭാതത്തിൽ കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനോടു കൂടിയ ഫോക്‌സ് വാഗൺ വെന്റോയിൽ പുറപ്പെടുമ്പോൾ മനസ്സിൽ റോബർട്ട് ഫ്രോസ്റ്റിന്റെ ‘സ്റ്റോപ്പിങ് ബൈ വുഡ്‌സ് ഓൺ എ സ്‌നോയി ഈവ്‌നിങ്ങി’ലെ വരികളായിരുന്നു നിറയെ. മഞ്ഞു നിറഞ്ഞ പ്രഭാതങ്ങളിൽ മഞ്ഞും മഴയും ഒളിച്ചുകളിക്കുന്ന മലനിരകളിലേക്ക്, കാൻഡി വൈറ്റ് നിറമുള്ള, പ്രൗഢസുന്ദരമായ ഇന്റീരിയറോടു കൂടിയ ഫോക്‌സ് വാഗൺ വെന്റോയിൽ യാത്ര ചെയ്യുന്നതു തന്നെ റോബർട്ട് ഫ്രോസ്റ്റ് കവിത വായിക്കുംപോലെ ഹൃദയ ഹാരിയായ ഒരനുഭവമാണ്.

നേര്യമംഗലത്തു നിന്നും മൂന്നാറിലേക്കുള്ള വളഞ്ഞുപുളഞ്ഞു കിടക്കുന്ന മലമ്പാതയിലേക്ക് പ്രവേശിക്കുന്നതു വരേയ്ക്കും ഹൈവേ നൽകുന്ന സ്വാതന്ത്ര്യത്തിന്റെ ആസ്വാദ്യകരമായ അനുഭവം ശരിക്കും ആസ്വദിക്കുകയായിരുന്നു വെന്റോ എന്നു തോന്നുന്നു. പുതിയ ബി എസ്6 1.0 ലിറ്റർ ടിഎസ്‌ഐ പെട്രോൾ എഞ്ചിനോടു കൂടിയ വെന്റോ ശരിക്കുമൊരു അത്ഭുതമാണ്. 5000 ആർ പി എമ്മിൽ 109 ബി എച്ച് പി ശേഷിയും 1750 ആർ പി എമ്മിൽ 175 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്ന 999 സിസിയുടെ 3 സിലിണ്ടർ എഞ്ചിൻ 6 സ്പീഡ് ട്രാൻസ്മിഷനുമായാണ് മാനുവലിലും ടോർക്ക് കൺവർട്ടർ ഓട്ടോമാറ്റിക്കിലും ചേർത്തുവച്ചിരിക്കുന്നത്. മാനുവൽ മോഡലിലെ ഏറ്റവും മുന്തിയ വേരിയന്റായ ഹൈലൈൻ പ്ലസിലാണ് ഞങ്ങളുടെ യാത്ര.

അടിമാലിയിൽ നിന്നും വെള്ളത്തൂവൽ, രാജാക്കാട് വഴി പൂപ്പാറയിലേക്കും അവിടെ നിന്നും ചിന്നക്കനാലി ലെത്തി മൂന്നാറിന്റെ അതീവസുന്ദര പ്രദേശങ്ങളിലൊന്നായ ആനയിറങ്കൽ ഡാമിന്റെ പരിസരപ്രദേശങ്ങളിലേക്ക് എത്താനുമാണ് ഞങ്ങളുടെ പരിപാടി. വാളറ വെള്ളച്ചാട്ടമെത്തിയപ്പോൾ തന്നെ മഴയുടെ നൃത്തം ആരംഭിച്ചിരുന്നു. മലമ്പാതകളിലൂടെയുള്ള മഴയാത്രകൾക്ക് ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ ഫോക്‌സ് വാഗൺന്റേതാണെന്ന് ഉറപ്പുള്ളതിനാൽ വെന്റോ നൽകുന്ന സുരക്ഷിതത്വത്തെപ്പറ്റി ഞങ്ങൾക്ക് ആശങ്കകളൊന്നുമുണ്ടായിരുന്നില്ല. എബിഎസും ഇബിഡിയും ബ്രേക്ക് അസിസ്റ്റുമൊക്കെ സ്റ്റാൻഡേർഡായി തന്നെയുള്ള വെന്റോയുടെ ഉരുക്കു ബോഡിയും റോഡിലുള്ള സ്‌റ്റൈബിലിറ്റിയുമൊക്കെ യാത്രികർക്ക് സുരക്ഷിതമായ ഒരു യാത്രാഫീൽ ഉണ്ടാക്കി നൽകുന്നുണ്ടെന്ന് പറയാതെ വയ്യ. ഇതിനു പുറമേയാണ് 4 എയർ ബാഗുകൾ നൽകുന്ന അധിക സുരക്ഷയും റിവേഴ്‌സ് ക്യാമറയും പിന്നിലെ പാർക്കിങ് സെൻസറുകളുമൊക്കെ.

തുലാമഴക്കാലത്ത് മൂന്നാറിലേക്ക് യാത്ര ചെയ്യുന്നത് ഒരനുഭവമാണ്. മഴയെത്തിയതോടെ വെന്റോയുടെ റെയ്ൻ സെൻസിങ് വൈപ്പറുകൾ അധ്വാനിക്കാൻ തുടങ്ങി. മുന്നിലും പിന്നിലുമെല്ലാം വൺടച്ച് അപ്പ്/ഡൗൺ പവർ വിൻഡോകളാണ് വെന്റോയിലുള്ളത്. മഴയ്‌ക്കൊപ്പം അൽപം സംഗീതമാകാമെന്ന് കരുതി. റേഡിയോയും എം പി 3 പ്ലേബാക്കുമൊക്കെയുള്ള വാഹനമാണ് വെന്റോ. യുഎസ്ബി, ഓക്‌സിലിയറി, ബ്ലൂടൂത്ത് കോംപാറ്റിബിലിറ്റിയുമുണ്ട്. സ്റ്റീയറിങ് മൗണ്ടഡ് കൺട്രോൾ നൽകിയിരിക്കുന്നതിനാൽ ഡ്രൈവിങ്ങിനിടയിൽ തന്നെ, ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയിലേക്ക് പോകാതെ തന്നെ ശബ്ദം അഡ്ജ്സ്റ്റ് ചെയ്യാനുമാകും. ക്വാളിറ്റിയുള്ള ഉൽപന്നങ്ങളാണ് ഫോക്‌സ് വാഗൺ ഗ്രൂപ്പിന്റെ കീഴിലുള്ള എല്ലാ കാറുകളിലുമെന്നതിനാൽ യാത്രയിൽ സംഗീതം ആസ്വാദ്യകരമായിരിക്കുമെന്നുറപ്പ്. ഗുൽസാറിന്റെ വരികളിൽ ലതാ മങ്കേഷ്‌കറും ഭുപൻ ഹസാരികയും ആലപിച്ച രുദാലിയിലെ ദിൽ ഹും ഹും കരേ.. എന്ന വൈകാരികതയിലലിഞ്ഞ ഗാനം കാറിനുള്ളിൽ നിറഞ്ഞു… ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ സ്മാർട്ട് കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട് വെന്റോയിൽ.

രാജാക്കാടെത്തിയപ്പോൾ സമയം പതിനൊന്നു മണിയായിരുന്നു. മഴ അടുത്തെങ്ങും നിൽക്കാനുള്ള സാധ്യത കാണുന്നില്ല. ഹോട്ടൽ പുഷ്പകിന്റെ കണ്ണാടി അലമാരയിലിരുന്ന് പരിപ്പുവടയും ബോണ്ടയും ഉഴുന്നുവടയും സവാള വടയുമൊക്കെ കണ്ണുകാട്ടിയപ്പോൾ വെന്റോ സഡൻ ബ്രേക്കിട്ടപോലെ നിന്നു. കൊച്ചിയിൽ നിന്നും പെട്രോളടിച്ച് ഇത്ര ദൂരം പിന്നിട്ടിട്ടും ഡിസ്റ്റൻസ് ടു എംപ്ടിയിൽ ഇപ്പോഴും ധാരാളം കിലോമീറ്റർ കാണിക്കുന്നുണ്ടെങ്കിലും കോതമംഗലത്തു നിന്നും എട്ടരയ്ക്ക് ഭക്ഷണം കഴിച്ച ഞങ്ങളുടെ വയറ്റിലെ ഇന്ധനം ഏതാണ്ട് തീർന്നു തുടങ്ങിയതിന് തെളിവായിരുന്നു വിശപ്പിന്റെ വിളി. ലിറ്ററിന് 17.69 കിലോമീറ്റർ ആണ് ഫോക്‌സ് വാഗൺ വെന്റോയ്ക്ക് പറയുന്ന മൈലേജ് എങ്കിലും ഹൈവേകളിൽ അതിനേക്കാൾ കൂടുതൽ മൈലേജ് ഞങ്ങൾക്ക് കിട്ടിയെന്നു തോന്നുന്നു. 55 ലിറ്ററാണ് വെന്റോയുടെ ടാങ്കിന്റെ ശേഷി.

രാജാക്കാട് നിന്നും ചിന്നക്കനാലിലേക്കുള്ള വഴിയിൽ പലയിടങ്ങളിലും കോടമഞ്ഞിന്റെ ഉൽസവമായിരുന്നു. മുന്നിലെ വഴി കാണാൻ പോലുമാകാത്തവിധം മഞ്ഞ് കാറിന്റെ ജാലകങ്ങളെപ്പൊതിഞ്ഞു. നിരത്ത് പലയിടത്തും മഴ പെയ്ത്, ടാറിളകിയ നിലയിലും കുണ്ടും കുഴികളുമൊക്കെ നിറഞ്ഞ നിലയിലുമായിരുന്നുവെങ്കിലും വെന്റോയുടെ മുന്നിലെ സ്‌റ്റൈബിലൈസർ ബാറോടു കൂടിയ മക്‌ഫേഴ്‌സൺ സ്ട്രറ്റ് സസ്‌പെൻഷനും പിന്നിലെ സെമി ഇൻഡിപെൻഡന്റ് ട്രെയിലിങ് ആമും പുറത്തെ ആഘാതങ്ങൾ അകത്തേക്ക് എത്തുന്നതിൽ നിന്നും പരമാവധി തടഞ്ഞു. മുന്നിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് വെന്റോയ്ക്കുള്ളത്. തേയിലച്ചെടികൾ അതിരിടുന്ന, പച്ചപ്പരവതാനി പോലെ കിടക്കുന്ന അതിസുന്ദരമായ ചിന്നക്കനാൽ പ്രദേശത്തു കൂടിയാണ് ഇപ്പോൾ വെന്റോയുടെ യാത്ര. ഒരിടത്ത് പുതിയ ഹൈവേയുടെ നിർമ്മാണം നടക്കുകയാണ്. രണ്ടു മാസങ്ങൾക്കു മുമ്പ് ഇവിടെക്കൂടി കടന്നുപോയപ്പോഴും നിരത്തിന്റെ ജോലികൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞത് നീക്കം ചെയ്താൽ മൂന്നാർ പട്ടണത്തിലേക്ക് ഈ വഴിയുള്ള യാത്ര എളുപ്പമാകുകയും ചെയ്യും.

ആനയിറങ്കൽ ഡാമിലേക്കുള്ള വഴിയിലാണ് വെന്റോ. മഴ മൂലം ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ അരികുവശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിപ്പോയിരിക്കുന്നു. കഴിഞ്ഞ തവണ വന്നപ്പോൾ ഡാമിനുള്ളിലൂടെ ഞങ്ങൾക്ക് വാഹനമോടിക്കാനായിരുന്നു. പക്ഷേ എന്തുചെയ്യാം, വെന്റോയ്ക്ക് അതിനുള്ള ഭാഗ്യമുണ്ടായില്ല. എങ്കിലും മലയുടെ കയറ്റിറങ്ങൾ നിറഞ്ഞ ഭൂഭാഗങ്ങളിലൂടെയൊക്കെ തന്നെ വെന്റോ ഒരു പക്വമതിയായ ചെറുപ്പക്കാരനെപ്പോലെ ഞങ്ങളെ കൊണ്ടു നടന്നു. എയർ കണ്ടീഷനിങ്ങിന്റെ മികവും പിൻസീറ്റിലെ കംഫർട്ടും മറ്റേതൊരു വാഹനത്തേക്കാളും മെച്ചമാണ് വെന്റോയിൽ. നടുവിൽ മടക്കാവുന്ന ആംറെസ്റ്റ് നൽകിയിരിക്കുന്നതും പിന്നിലേക്ക് എ സി വെന്റുകളും 12 വോൾട്ട് ചാർജിങ് പോയിന്റ് നൽകിയിരിക്കുന്നതും മുന്നിലും പിന്നിലും പക്ഷപാതങ്ങളില്ലാത്തതാണ് തങ്ങളുടെ വാഹനമെന്ന് ഫോക്‌സ് വാഗൺ ഉറപ്പുവരുത്തിയിട്ടുമുണ്ട്.

കരുത്തുറ്റ എഞ്ചിന്റെ ശേഷിയും 8 തരത്തിൽ മാനുവലായി അഡ്ജ്സ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റും ആറു തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന പാസഞ്ചർ സീറ്റും പിൻനിരയിലെ ഹെഡ്‌റെസ്റ്റിന്റെ അഡ്ജസ്റ്റ്‌മെന്റുമെല്ലാം ചേർന്ന് വെന്റോയിലെ മൂന്നാർ യാത്ര സുഖസുന്ദരമായ ഒരു അനുഭവമായിരുന്നു ഞങ്ങൾക്ക്.
പ്രകൃതിയെ അനുഭവിക്കാൻ റോബർട്ട് ഫ്രോസ്റ്റ് കവിതകളോടുള്ള പ്രിയം മാത്രം പോരാ, യാത്രകൾക്ക് ഒരു ഫോക്‌സ് വാഗൺ വെന്റോ കൂടി സ്വന്തമായി ഉണ്ടാകണമെന്ന് ചിന്തിച്ചുപോകുന്നത് അപ്പോഴാണ്….$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>