Test drive: Honda Civic
March 8, 2019
വ്യത്യസ്തനാമൊരു ബാർബർ!
March 13, 2019

Bold & Pretty: Hyundai Santro Dayout!

പുതുവൈപ്പ് ബീച്ചിൽ ഹ്യുണ്ടായ് സാൻട്രോ എ എം ടിക്കും മാനുവലിനുമൊപ്പം സംയുക്താ ദാസ് ആയില്യത്തും നയനപ്രസാദും

ഇന്ത്യയുടെ പ്രിയപ്പെട്ട ഫാമിലി കാറായ ഹ്യുണ്ടായ് സാൻട്രോ എന്തുകൊണ്ടാണ് യുവ പ്രൊഫഷണലുകളുടേയും പ്രിയപ്പെട്ട കാറായി മാറുന്നത്? ഹ്യുണ്ടായ് സാൻട്രോയുടെ എ എം ടി വേരിയന്റിലും മാനുവൽ ട്രാൻസ്മിഷൻ വേരിയന്റിലും പരസ്യ മോഡലും അഭിനേത്രിയുമായ നയന പ്രസാദും കോസ്റ്റ്യൂം ഡിസൈനറായ സംയുക്താ ദാസ് ആയില്യത്തും നടത്തിയ യാത്ര ആ ചോദ്യത്തിന് മറുപടി നൽകുന്നു.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോകൾ: അഖിൽ പി അപ്പുക്കുട്ടൻ

രണ്ടു കാർ സുന്ദരന്മാർക്കൊപ്പം രണ്ട് സുന്ദരികൾ നഗരത്തിലൂടെ യാത്ര ചെയ്താൽ ആരാണ് നോക്കി നിന്നു പോകാത്തത്? പച്ച നിറമുള്ള എ എം ടി ട്രാൻസ്മിഷൻ ഹ്യുണ്ടായ് സാൻട്രോയിൽ പരസ്യ മോഡലും ചലച്ചിത്രതാരവുമായ നയന പ്രസാദും ചുവപ്പ് നിറമുള്ള മാനുവൽ ട്രാൻസ്മിഷൻ സാൻട്രോയിൽ കോസ്റ്റ്യൂം ഡിസൈനറായ സംയുക്താ ദാസ് ആയില്യത്തും സ്മാർട്ട് ഡ്രൈവിന്റെ ക്ഷണം സ്വീകരിച്ച് കൊച്ചിയിലൂടെ യാത്ര ചെയ്തപ്പോൾ എല്ലാ കണ്ണുകളും അവരിലേക്കായതിനു പ്രധാന കാരണം പുതിയ സാൻട്രോയുടെ പ്രൊഫൈലുമായുള്ള ഈ രണ്ടു വ്യക്തിത്വങ്ങളുടെ ലയനമായിരുന്നു. ഇന്ത്യയുടെ ഏറ്റവും പ്രിയങ്കരമായ ഫാമിലി കാർ ഇരുപതു വർഷങ്ങൾക്കുശേഷം കൂടുതൽ സ്‌റ്റൈലിഷ് ആയി അവതരിച്ചതോടെ പ്രൊഫഷണലുകളായ യുവതീയുവാക്കളുടെ ഹരമായും അത് മാറിയിരിക്കുന്നുവെന്ന് വ്യക്തം. 1998ൽ ടോൾബോയ് ഹാച്ച്ബാക്ക് എന്ന വിശേഷണത്തോടെ ഹ്യുണ്ടായ് സാൻട്രോ ഇന്ത്യൻ വിപണിയിലെത്തിയപ്പോൾ അത് ഹ്യുണ്ടായ് എന്ന ബ്രാൻഡിന്റെ പിറവിയാണ് ഇന്ത്യയിൽ വിളിച്ചോതിയത്. ഒരു കുഞ്ഞുകാർ ഒരു ബ്രാൻഡിനെത്തന്നെ സൃഷ്ടിച്ച അത്ഭുതകരമായ കഥയാണത്.

പ്രഭാതത്തിൽ യാത്രയ്ക്കായി എത്തിയ ഡയാന ഗ്രീൻ നിറമുള്ള സാൻട്രോ സ്‌പോർട്‌സ് എ എം ടി കാറിൽ കണ്ണെടുക്കാതെ നോക്കിനിൽക്കുകയായിരുന്നു നയന പ്രസാദ്. ശീമാട്ടി, നന്തിലത്ത്, കെ പി നമ്പൂതിരീസ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ പരസ്യമോഡലും നിരവധി ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും ഏതാനും സിനിമകളിലും വേഷമിട്ട നയനയുടെ മനസ്സിൽ ഒരു കാർ വാങ്ങണമെന്ന മോഹം മൊട്ടിട്ടപ്പോൾ ആദ്യം തെളിഞ്ഞത് പുതിയ ഹ്യുണ്ടായ് സാൻട്രോയുടെ സുന്ദരൻ രൂപം തന്നെയായിരുന്നു. ”സ്‌പോർട്ടിയും സ്‌റ്റൈലിഷുമാണെന്നതിനു പുറമേ മേഡേണും ലക്ഷ്വൂറീയസുമാണ് പുതിയ സാൻട്രോ. ഫ്രണ്ട് ഗ്രില്ലിന്റെ കാസ്‌കേഡ് ഡിസൈനും ചെത്തിയെടുത്തപോലുള്ള ഹെഡ് ലാമ്പുകളും റിഫളക്ടറുകളോടു കൂടിയ സ്‌പോർട്ടി ഡ്യുവൽ ടോൺ റിയർ ബമ്പറും എന്നെ ശരിക്കും വശീകരിച്ചു കളഞ്ഞു,” നയന പ്രസാദ് പറയുന്നു.

സംയുക്തയ്ക്കായി സ്മാർട്ട് ഡ്രൈവ് എത്തിച്ചത് വെട്ടിത്തിളങ്ങുന്ന ഫയറി റെഡ് മാനുവൽ ട്രാൻസ്മിഷൻ സാൻട്രോയാണ്. നയനയെപ്പോലെ തന്നെ സാൻട്രോയുടെ അകവും പുറവും സംയുക്തയേയും നിമിഷനേരം കൊണ്ടാണ് കീഴടക്കിയത്. ”ഇ ബി ഡിയോടു കൂടിയ എ ബി എസും ഡ്രൈവർ എയർ ബാഗും സീറ്റ് ബെൽട്ട് വാണിങ്ങും റിയർ പാർക്കിങ് സെൻസറുകളും സാൻട്രോയുടെ എല്ലാ വേരിയന്റുകളിലുമുണ്ടെന്ന് നേരത്തെ തന്നെ ഞാൻ സ്മാർട്ട് ഡ്രൈവിൽ വായിച്ചറിഞ്ഞിരുന്നു. വലിയ ടച്ച് സ്‌ക്രീൻ ഓഡിയോ വീഡിയോ സംവിധാനവും വോയ്‌സ് റെക്കഗ്‌നിഷനും ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മിറർ ലിങ്ക് എന്നിവ സാധ്യമായ സ്മാർട്ട്‌ഫോൺ കണക്ടിവിറ്റിയും പിൻനിരയിലെ എ സി വെന്റുകളുമെല്ലാം ഈ സെഗ്മെന്റിൽ ആദ്യമായിട്ടാണല്ലോ,” സംയുക്ത ദാസ് തന്റെ കണ്ടെത്തലുകൾ സ്മാർട്ട് ഡ്രൈവുമായി പങ്കുവച്ചു.

 

അതെ. പുതിയ ഹ്യുണ്ടായ് സാൻട്രോയെപ്പറ്റി ആർക്കും ഒന്നും പറഞ്ഞുകൊടുക്കേണ്ടതില്ല. കാരണം ഇന്ത്യയുടെ ഹരമായിരുന്ന വാഹനത്തിന്റെ രണ്ടാം വരവ് മാധ്യമങ്ങളെല്ലാം തന്നെ വലിയൊരു ആഘോഷമാക്കി മാറ്റിയതാണല്ലോ. വാഹനത്തിന്റെ സവിശേഷതകളും കൊച്ചുകൊച്ചു കാര്യങ്ങളും വരെ എല്ലാ കാർ പ്രേമികൾക്കും നന്നായി അറിയാം. നയന പ്രസാദ് ഗ്രീൻ നിറമുള്ള ഓട്ടോമാറ്റിക് സാൻട്രോയിലും സംയുക്ത ദാസ് ചുവന്ന മാനുവൽ ട്രാൻസ്മിഷൻ സാൻട്രോയിലും ഡ്രൈവിങ് സീറ്റുകളിലിരുന്നു. യാത്രയ്ക്ക് തുടക്കമാകുകയാണ്. പനമ്പിള്ളി നഗറിൽ നിന്നാണ് സംയുക്തയുടെ യാത്രയുടെ തുടക്കമെങ്കിൽ നയന പ്രസാദിന്റെ യാത്ര ആരംഭിക്കുന്നത് കലൂരിലെ എസ് ആർ എം റോഡിൽ നിന്നാണ്. കണ്ണൂരുകാരിയാണ് സംയുക്ത ദാസ്. ബംഗലുരുവിലെ ഗാർഡൻ സിറ്റി കോളെജിൽ നിന്നും ഫാഷൻ ഡിസൈനിങ് കോഴ്‌സ് പാസ്സായശേഷം ചലച്ചിത്ര മോഹവുമായി കൊച്ചിയിലെത്തിയ സംയുക്ത ദാസ് പല പ്രൊഫഷനുകൾ മാറിമാറി പരീക്ഷിച്ചശേഷം ഒടുവിൽ തന്റെ തട്ടകം കോസ്റ്റ്യൂം ഡിസൈനറുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇപ്പോൾ പ്രശസ്ത കാൻസർ രോഗവിദഗ്ധനായ ഡോക്ടർ ഗംഗാധരനെപ്പറ്റി സിദ്ധാർത്ഥ് ശിവ ഒരുക്കുന്ന സ്പർശം എന്ന സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറാണ് അവർ. ശ്യാം പ്രസാദിന്റെ വരാനിരിക്കുന്ന ഞാൻ മല്ലൂ, വർഗീസ് ലാലിന്റെ ഇറു എന്നിവയൊക്കെയാണ് സംയുക്താ ദാസ് കോസ്റ്റ്യൂം ഡിസൈനറായ വരാനിരിക്കുന്ന സിനിമകൾ.

കാറിലേറിയ ഉടനെ തന്നെ നയന പ്രസാദ് ആദ്യം കണ്ടെത്തിയത് ഇന്റീരിയറിന്റെ വിശാലതയായിരുന്നു. ”നല്ല ഹെഡ്‌റൂമും ഷോൾഡർ റൂമുമുണ്ട് സാൻട്രോയ്‌ക്കെന്നതിനാൽ മുന്നിലും പിന്നിലും യാത്രികർക്ക് അനായസത ശരിക്കും ഫീൽ ചെയ്യും. പ്രൊപ്പല്ലർ ഡിസൈനുള്ള എ സി വെന്റുകൾക്കു പുറമേ പിന്നിലും എ സി വെന്റുകൾ നൽകിയിരിക്കുന്നതിനാൽ കൂളിങ് നന്നായി പിന്നിലും ലഭിക്കുന്നുണ്ട്. ഗിയർഷിഫ്റ്റ് ലിവറിന്റെ സ്ഥാനം ഉയർന്നു നിൽക്കുന്നതിനാൽ ഡ്രൈവിങ്ങും എളുപ്പമാകുന്നുണ്ട്. സ്റ്റീയറിങ് വീലിൽ തന്നെ ഓഡിയോ, ബ്ലൂ ടൂത്ത്, വോയ്‌സ് റെക്കഗ്‌നിഷൻ കൺട്രോളുകൾ നൽകിയിരിക്കുന്നതിനാൽ ഡ്രൈവിങ്ങിനിടെ തന്നെ അനായാസകരമായി ഓഡിയോ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാമെന്നത് നല്ല കാര്യമാണ്,” നയന പ്രസാദിന്റെ കണ്ടെത്തൽ. 5500 ആർ പി എമ്മിൽ 68 ബി എച്ച് പി കരുത്തും 4500 ആർ പി എമ്മിൽ 99 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള സാൻട്രോയ്ക്ക് 1086 സിസിയുടെ പെട്രോൾ / സി എൻ ജി എഞ്ചിനുകളാണ് ഉള്ളത്. ലിറ്ററിന് 20.3 കിലോമീറ്ററാണ് സാൻട്രോ ഓട്ടോമാറ്റിക് വാഗ്ദാനം ചെയ്യുന്ന മൈലേജ്.

സംയുക്ത ദാസ് പനമ്പിള്ളി നഗറിൽ നിന്നും എറണാകുളം ബോട്ട് ജെട്ടിയിലേക്കും അവിടെ നിന്നും മറൈൻ ഡ്രൈവ് വഴി ചാത്യാത്ത് റോഡിലേക്കുമാണ് സാൻട്രോ പറപ്പിക്കുന്നത്. മാനുവൽ ട്രാൻസ്മിഷൻ വാഹനമാണെങ്കിലും അനായാസകരമാണ് സാൻട്രോയുടെ ഗിയർ ഷിഫ്റ്റുകളെന്ന് സംയുക്ത യാത്രയ്ക്കിടയിൽ സാക്ഷ്യപ്പെടുത്തുന്നത് കേട്ടു. ചാത്യാത്ത് റോഡിലെത്തുമ്പോൾ നയന പ്രസാദിന്റെ ഓട്ടോമാറ്റിക് സാൻ്‌ട്രോയുമായി ഒത്തുചേർന്ന്, പിന്നീട് ഇരു കാറുകളും ഗോശ്രീ പാലം കടന്ന് പുതുവൈപ്പിലെത്തി അവിടെ ഫോട്ടോസെഷൻ നടത്താമെന്നാണ് സ്മാർട്ട് ഡ്രൈവിന്റെ കണക്കുകൂട്ടൽ. നയന ഓട്ടോമാറ്റിക് സാൻട്രോയുമായി ചാത്യാത്ത് റോഡിലെ ബഹുനില അപ്പാർട്ട്‌മെന്റിനു മുന്നിൽ കാത്തു നിൽക്കുണ്ടായിരുന്നു. നയന പ്രസാദിനൊപ്പം പല പരസ്യചിത്രങ്ങളിലും കോസ്റ്റ്യൂം ഡിസൈനറായിരുന്നു സംയുക്ത ദാസ് എന്നതിനാൽ ഇരുവരും തമ്മിൽ നല്ല റാപ്പോയുണ്ട്. ഇരുവരും തങ്ങളോടിച്ച വാഹനങ്ങൾ പരസ്പരം കൈമാറി ഓടിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. ”അനായാസകര മാണ് മാനുവൽ ട്രാൻസ്മിഷൻ സാൻട്രോയുടേയും ഡ്രൈവ്. റിയർ പാർക്കിങ് ക്യാമറയുള്ളതിനാൽ സ്ഥലപരിമിതിയുള്ള ഇടങ്ങളിൽ പോലും നിഷ്പ്രയാസം പാർക്ക് ചെയ്യാൻ എനിക്കായി,” സംയുക്തയുടെ കമന്റ്.

17.64 സെന്റിമീറ്ററുള്ള ഡിസ്‌പ്ലേ സ്‌ക്രീനാണ് സാൻട്രോയ്ക്കുള്ളതെന്നതിനാൽ പാർക്കിങ് സമയത്ത് പിന്നിലെ ദൃശ്യങ്ങളെല്ലാം സുവ്യക്തമായി ഡ്രൈവർക്ക് കാണാം. പിന്നിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ റിയർ പാർക്കിങ് സെൻസറുകൾ അതേപ്പറ്റി ഡ്രൈവർക്ക് വാണിങ് നൽകുകയും ചെയ്യും. വെറുതെയിരിക്കുമ്പോൾ മൊബൈൽ ഫോണിലേക്ക് ജീവിതത്തെ മാറ്റിനിർത്തുന്ന നയന പ്രസാദിന് സാൻട്രോയുടെ ആധുനിക സാങ്കേതികവിദ്യത്തികവിനെപ്പറ്റിയാണ് സദാ സംസാരിക്കാനുള്ളത്. ”ഞങ്ങളെപ്പോലുള്ളവർ കാറിൽ ഇന്ന് ഏറ്റവും ആഗ്രഹിക്കുന്നത് സ്മാർട്ട് ഫോൺ കണക്ടിവിറ്റിയാണ്. സാൻട്രോയിൽ ആൻഡ്രോയ്ഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും മിറർ ലിങ്കുമൊക്കെയുള്ളതിനാൽ ഡ്രൈവിങ് സുഖപ്രദവും ആനന്ദകരവുമായിത്തീരുന്നുണ്ട്. മുന്നിലും പിന്നിലും പവർ വിൻഡോകളുള്ളതും റിമോട്ട് കീലെസ് എൻട്രിയും കാറോടിക്കുന്നയാളെ സംബന്ധിച്ചിടത്തോളം ആകർഷകം തന്നെ,” നയനയുടെ കമന്റ്. ചാത്യാത്ത് റോഡിൽ ചില ചിത്രങ്ങൾക്ക് ഇരുവരും ഒരുമിച്ച് പോസ്സ് ചെയ്തതിനുശേഷം പുതുവൈപ്പിലേക്കാണ് രണ്ടു സാൻട്രോകളുടേയും യാത്ര.

 

പുതുവൈപ്പിലെ ബീച്ചിലെത്തുമ്പോൾ ബീച്ചിൽ കല്യാണ ആൽബം ഫോട്ടോഗ്രാഫർമാരുടെ തിരക്കായിരുന്നു. ഇരു സാൻട്രോകളും പച്ചപ്പുല്ലു പടർന്നു കിടക്കുന്നയിടത്തേക്കിറങ്ങി, ഒരുമിച്ച് ചില ചിത്രങ്ങൾക്ക് പോസ്സ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ”ബോൾഡ് ആന്റ് ബ്യൂട്ടിഫുളാണ് സാൻട്രോ. എന്റെ മുത്തച്ഛൻ എ കെ എൻ നമ്പ്യാരും മുത്തശ്ശി കെ സി മാധവിക്കുട്ടിയമ്മയും സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. നഗര നിരത്തിൽ എനിക്ക് ഇപ്പോൾ സ്വാതന്ത്ര്യബോധം തോന്നുന്നത് ഹ്യുണ്ടായ് സാൻട്രോ ഓടിച്ചപ്പോഴാണ്. എത്ര അനായാസകരമായാണ് കൊച്ചിയിലെ ട്രാഫിക്കിലും സാൻട്രോയ്ക്ക് സഞ്ചരിക്കാനാകുന്നത്,” സംയുക്തയുടെ മൊഴി. കണ്ണൂരിലുള്ള അമ്മ രഞ്ജിനിയോടും അവിടെ നൃത്തം എന്ന നൃത്ത വിദ്യാലയം നടത്തുന്ന ചേച്ചി ഷോന അനുപിനോടും ഇൻഫോപാർക്കിൽ ഏണസ്റ്റ് ആന്റ് യങ്ങിൽ തൊഴിലെടുക്കുന്ന ചേച്ചി ഷബ്‌ന ദാസിനോടും ട്രിവി ആർട്ട് കൺസേൺസിൽ തൊഴിലെടുക്കുന്ന അനുജൻ അർജുൻ ആയില്യത്തിനോടും സാൻട്രോ സവാരിയുടെ സവിശേഷതകൾ വർണിക്കുകയാണ് ഫോണിലൂടെ സംയുക്ത ദാസ്.

Nayana Prasad with Santro AMT

ഗ്രീൻ സാൻട്രോയ്‌ക്കൊപ്പം നയന പ്രസാദിന്റെ ചിത്രങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു ഫോട്ടോഗ്രാഫർ അഖിൽ. ഫോട്ടോ സെഷനിടയ്ക്ക് സസ്‌പെൻഷന്റെ മികവിനെപ്പറ്റിയായി നയനയുടെ സംസാരം. ”വലിയൊരു ഗട്ടറിൽ വീണിട്ടും അകത്ത് വലിയ ഉലച്ചിലൊന്നും ഉണ്ടായില്ലെന്നത് അത്ഭുതപ്പെടുത്തുന്നു,” നയന. ഒപ്പമുണ്ടായിരുന്ന ബൈജു എൻ നായരോട് നയന അതിന്റെ രഹസ്യം തിരക്കി. പിന്നിൽ ടോർഷൻ ബീം ആക്‌സിലിനോടുകൂടി ലംബമായി ഘടിപ്പിച്ച ഷോക്ക് അബ്‌സോർബറും മുന്നിൽ മക്‌ഫേഴ്‌സൺ സ്ട്രറ്റ് ടൈപ്പ് സസ്‌പെൻഷനുമാണ് സാൻട്രോയ്ക്ക്. ഇത് മികച്ച ഡ്രൈവിങ് കംഫർട്ട് പിൻനിരയിലുള്ളവർക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. ”സാൻട്രോയുടെ സ്മാർട്ട് ഓട്ടോ എ എം ടി എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. തിരക്കുള്ള നിരത്തുകളിൽ ഇന്ന് ഓട്ടോമാറ്റിക് വാഹനമാണ് കൂടുതൽ കംഫർട്ടബിൾ. ഇന്ധനക്ഷമതയുള്ള എ എം ടിയായതിനാലും എളുപ്പത്തിൽ പ്രവർത്തിക്കാനാകുമെ ന്നതിനാലും ധാരാളം അഡ്വാഞ്ചേജസ് ഉണ്ട് അതിന്. സാൻട്രോയുടെ ഓട്ടോമാറ്റിക്കിന് മെയിന്റനൻസ് കോസ്റ്റും കുറവാണെന്നു കേട്ടു,” നയന പ്രസാദിന്റെ മൊഴി. ബി എസ് സി നഴ്‌സിങ്ങിനുശേഷം പരസ്യ മോഡലിങ് രംഗത്തും സിനിമാരംഗത്തും പേരെടുത്തുവരുന്ന നയനയെ സംബന്ധിച്ചിടത്തോളം സാൻട്രോ അവർക്ക് സാമ്പത്തികപരമായും കൈയിലൊതുങ്ങുന്ന വാഹനമാണ്. മൂന്നു വർഷമോ ഒരു ലക്ഷം കിലോമീറ്ററോ ആണ് സാൻട്രോയുടെ വാറന്റി. മൂന്നു വർഷക്കാലത്തേക്ക് റോഡ് സൈഡ് അസിസ്റ്റൻസും സാൻട്രോ വാഗ്ദാനം ചെയ്യുന്നുണ്ടെന്നു കേട്ടപ്പോൾ നയനയുെട ആനന്ദം ഇരട്ടിയായി.

Samyuktha Das Aayilyath with Santro manual transmission

പുതുവൈപ്പിൽ നിന്നും കൊച്ചിയിലെത്തിയപ്പോഴേയ്ക്കും വിശപ്പിന്റെ വിളി അറിഞ്ഞു തുടങ്ങിയിരുന്നു. ഹൈക്കോടതി വളപ്പിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും ബ്രേക്ക് ഫാസ്റ്റ്. പിന്നെ ഒരൽപ നേരം ഓൾഡ് റെയിൽവേ സ്റ്റേഷനിലെ മരത്തണലിലും വിശ്രമിക്കാമെന്ന് സംയുക്തയുടെ നിർദ്ദേശം. സാൻട്രോകൾ നേരെ ഓൾഡ് റെയിൽവേ സ്റ്റേഷനിലേക്ക്. ഗാന്ധിജി കേരളത്തിൽ ആദ്യമായി വന്നിറങ്ങിയ സ്റ്റേഷനാണെന്നു കേട്ടപ്പോൾ സംയുക്തയുടെ മുഖത്ത് സ്വാതന്ത്ര്യസമര സേനാനികളുടെ പരമ്പരയിൽപ്പെട്ട ആളാണ് താനെന്ന അഭിമാനഭാവം. ചില ചിത്രങ്ങൾക്ക് ഓൾഡ് റെയിൽവേ സ്റ്റേഷൻ പശ്ചാത്തലമാക്കി പോസ് ചെയ്തതിനു ശേഷം തിരികെ വീടുകളിലേക്ക് സാൻട്രോകളിൽ മടങ്ങുമ്പോൾ ഇരുവരുടേയും മുഖം പ്രകാശഭരിതമായിരുന്നു.

 

ഹ്യുണ്ടായ് സാൻട്രോ എന്തുകൊണ്ടാണ് കുടുംബങ്ങളെന്ന പോലെ യുവ പ്രൊഫഷണലുകളുടേയും മനം കവരുന്നതെന്ന് ഈ യാത്രയിൽ സ്മാർട്ട് ഡ്രൈവിനും ബോധ്യപ്പെട്ടു. സാൻട്രോയിലിരുന്നും സാൻട്രോയുടെ പശ്ചാത്തലത്തിലും സെൽഫികൾ പകർത്തുന്ന തിരക്കിലായിരുന്നു വാഹനത്തിൽ നിന്നും ഇറങ്ങുന്ന വേളയിലും ഇരുവരും. സാൻട്രോ ഒരു വികാരമായി അവർ ഇരുവരേയും കീഴടക്കിക്കഴിഞ്ഞുവെന്നുറപ്പ്$

Copyright: Smartdrive- March 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>