Test ride: Honda Goldwing
September 18, 2018
ഒരു സ്വീഡിഷ് കാർ കഥ
September 25, 2018

BOEING: The King of Skies!

അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ ബോയിങ് നിർമ്മിച്ചുനൽകിയ എയർ ഫോഴ്‌സ് വൺ-ൽ ചർച്ചയിൽ

ഒരു നൂറ്റാണ്ടു കാലമായി ആകാശത്തെ രാജാവായി തുടരുകയാണ് ബോയിങ് എന്ന അമേരിക്കൻ വിമാന നിർമ്മാണ കമ്പനി. ബോയിങ്ങിന്റെ അറിയാക്കഥകളും അമ്പരപ്പിക്കുന്ന വിവരങ്ങളും വായിച്ചറിയൂ….

എഴുത്ത്: ജെ ബിന്ദുരാജ്

നൂറ്റിപ്പതിനാല് വർഷങ്ങൾക്കു മുമ്പ് ഒരു ഡിസംബർ പതിനേഴിനാണ് ലോകത്തെ ആദ്യവിമാനം ആകാശത്തേക്കുയർന്നതും പറന്നതും. റൈറ്റ് സഹോദരന്മാർ 1903ൽ തുടങ്ങിവച്ച ഈ പറക്കലിനെ പക്ഷേ ലോകത്ത് വ്യാപകമാക്കിയത് ഈ വർഷം നൂറു വർഷം തികയ്ക്കുന്ന ഒരു അമേരിക്കൻ കമ്പനിയാണ്, ബോയിങ്! തടി ബിസിനസുകാരനായിരുന്ന വില്യം ബോയിങ് 1909ൽ ഒരു പ്രദർശനത്തിൽ വച്ച് ആദ്യമായി മനുഷ്യൻ പറത്തുന്ന വിമാനം കണ്ടതും അതിൽ ആകൃഷ്ടനായി ആ ബിസിനസിലേക്ക് തിരിയണമെന്ന നിശ്ചയദാർഢ്യത്തോടെ സിയാറ്റിലിൽ ഭൂമി വാങ്ങി 1916ൽ സീപ്ലെയിൻ നിർമ്മാണം ആരംഭിച്ചതും ഒന്നാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ നാവികസേനയ്ക്കാവശ്യമായ സീപ്ലെയിനുകൾ ഉണ്ടാക്കി നൽകിയതും പിന്നീട് ലോകത്തെ ഏറ്റവും വലിയ വിമാനനിർമ്മാണ കമ്പനിയായും ഉപഗ്രഹനിർമ്മാതാവായും ലോകത്തെ രണ്ടാമത്തെ യുദ്ധവിമാന നിർമ്മാതാവുമൊക്കെയായി മാറിയത് ചരിത്രം. ഇന്നിപ്പോൾ ലോകത്തിന്റെ സഞ്ചാരത്തെ നിയന്ത്രിക്കുന്ന വിമാനങ്ങളുടെ നിർമ്മാണത്തിൽ ഒന്നാം സ്ഥാനത്താണ് ഷിക്കാഗോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബോയിങ്. കേവലമൊരു കൗതുകത്തിന്റെ പേരിൽ വിമാനനിർമ്മാണരംഗത്തേക്കു കടന്ന ഒരു ബിസിനസുകാരന്റെ സ്വപ്‌നം പിൽക്കാലത്ത് ലോകത്തെ തന്നെ മാറ്റിമറിച്ച കഥയാണ് ബോയിങ്ങിലൂടെ നമ്മൾ കേൾക്കാൻ പോകുന്നത്.

Airforce One

ലോകത്തെ മാറ്റിമറിച്ച ഒരു വിമാനക്കമ്പനിയാണ് ബോയിങ് എന്നു പറഞ്ഞതിൽ യാത്ര മാത്രമല്ല അടങ്ങിയിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് അന്ത്യം കുറിച്ച ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബ് വർഷം നടത്തിയത് ഒരു ബോയിങ് യുദ്ധ വിമാനമായിരുന്നുവെങ്കിൽ ലോകത്ത് ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന് നാന്ദി കുറിക്കാൻ അമേരിക്കൻ സർക്കാരിനെ പ്രേരിപ്പിച്ചത് ബോയിങ് യാത്രാവിമാനങ്ങൾ വേൾഡ് ട്രേഡ് സെന്ററിലേക്ക് അൽക്വയ്ദ ഭീകരർ ഇടിച്ചുകയറ്റി അത് തകർത്തതിനെ തുടർന്നായിരുന്നു. ഒരു യുദ്ധത്തിന്റെ അവസാനവും മറ്റൊരു യുദ്ധത്തിന്റെ ആരംഭവും കുറിച്ചത് ബോയിങ്ങായിരുന്നു വെന്നത് നമ്മെ അമ്പരപ്പിച്ചേക്കും. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ടത് ബോയിങ്ങിന്റെ ബി29 എന്ന യുദ്ധ വിമാനമായിരുന്നു. ആണാവായുധങ്ങൾ കൊണ്ടുപോകുന്നതിനായി സവിശേഷമായി രൂപകൽപന ചെയ്തതായിരുന്നു ബി29. ഒരു പ്രഷറൈസ്ഡ് കാബിനും റിമോട്ട് ഫയർ കൺട്രോൾ സിസ്റ്റവും റീഡിസൈൻ ചെയ്ത ലാൻഡിങ് ഗിയറുകളും അതിനുണ്ടായിരുന്നു. 1.7 ബില്യൺ അമേരിക്കൻ ഡോളറാണ് ബി 29 പദ്ധതിക്കായി അമേരിക്ക ചെലവഴിച്ചത്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ ബോയിങ് തങ്ങളുടെ ഒട്ടുമിക്ക യുദ്ധവിമാനങ്ങളും പാസഞ്ചർ വിമാനങ്ങളാക്കി മാറ്റി. ബി29നും ബി 17നുമെല്ലാം അങ്ങനെ യാത്രാവിമാനങ്ങളാക്കി മാറ്റിയ വിമാനങ്ങളിൽ ഉൾപ്പെടുന്നു.

Boeing Business jets

2001 സെപ്തംബർ 11ന് അമേരിക്കൻ എയർലൈൻസിന്റെ ബോസ്റ്റണിലെ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലേക്ക് പറക്കുകയായിരുന്ന ബോയിങ് 787 -223 ഇ ആർ എന്ന പാസഞ്ചർ വിമാനമാണ് അൽക്വയ്ദ ഭീകരൻ മുഹമ്മദ് അട്ടയടക്കം അഞ്ചുപേർ റാഞ്ചി വേൽഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവറിലേക്ക് ഇടിച്ചുകയറ്റി വിമാനത്തിലുണ്ടായിരുന്ന 92 പേരേയും സെന്ററിലുണ്ടായിരുന്നവരേയും വകവരുത്തിയത്. അതേ വിമാനത്താവളത്തിൽ നിന്നു തന്നെയാണ് മർവാൻ അൽ സെഹിയെന്ന ഭീകരനും 4 പേരും ചേർന്ന് യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 767-200 വിമാനം റാഞ്ചിയതും സൗത്ത് ടവറിലേക്ക് ഇടിച്ചു കയറ്റിയതും. രണ്ട് ബോയിങ് വിമാനങ്ങളും ഇടിച്ചുകയറ്റിയത് കേവലം 17 മിനിട്ടുകളും വ്യത്യാസത്തിൽ മാത്രം! ആക്രമണത്തിനായി റാഞ്ചിയ മൂന്നാമത്തെ വിമാനവും ഒരു ബോയിങ് തന്നെയായിരുന്നു. വിർജീനിയയിൽ നിന്നും ലോസ് ഏഞ്ചൽസിലേക്ക് പറക്കുകയായിരുന്നു ഈ ബോയിങ് 757- 223 വിമാനം വാഷിങ്ടൺ ഡിസിക്കടുത്തുള്ള വിർജീനിയയിലെ പെന്റഗൺ ആസ്ഥാനത്തിനടുത്താണ് ഇടിച്ചിറക്കിയത്. നാലാമത്തെ വിമാനമായ യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 757 222 ന്യൂജേഴ്‌സിയിൽ നിന്നും സാൻഫ്രാൻസിസ്‌കോ വിമാനത്താവളത്തിലേക്ക് പറക്കവേയാണ് റാഞ്ചപ്പെട്ടതും പിന്നീട് വാഷിങ്ടൺ ഡിസിയിലെ കാപിറ്റോൾ ബിൽഡിങ് ലക്ഷ്യമാക്കി പറക്കവേ, ഭീകരെ കീഴടക്കാനുള്ള യാത്രക്കാരുടെ ശ്രമത്തിനിടയിൽ വയലിൽ തകർന്നുവീണത്!

Boeing business jet interior

 

Boeing Business jet interiors

ബോയിങ് എക്കാലത്തും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. 1916ൽ ജോർജ് കോണറാഡ് വെസ്റ്റർവെൽട്ടുമായി ചേർന്ന് പസഫിക് എയ്‌റോ പ്രോഡക്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിക്ക് രൂപം നൽകുകയും ബോയിങ് മോഡൽ 1 എന്ന ബി ആന്റ് ഡബ്ല്യു സീപ്ലെയിന് രൂപം കൊടുക്കുകയും ചെയ്തു. വില്യം എഡ്വേർഡ് ബോയിങ്ങിന് തങ്ങൾ നിർമ്മിച്ച വിമാനം അമേരിക്കൻ എയർഫോഴ്‌സിന് വിൽക്കണമെന്നായിരുന്നു മോഹമെങ്കിലും എയർഫോഴ്‌സ് അത് വാങ്ങിയില്ല. അതുകൊണ്ട് അവർ ആ വിമാനങ്ങൾ ന്യൂസിലാണ്ടിലെ ഒരു ഫ്‌ളൈയിങ് സ്‌കൂളിന് വിറ്റു. അതായിരുന്നു കമ്പനിയുടെ ആദ്യ അന്താരാഷ്ട്ര വിമാന വിൽപനയും. 1917 ഏപ്രിലിൽ അമേരിക്ക ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമാകുന്നതിന് കേവലം ഒരു മാസം മുമ്പാണ് ഈ കമ്പനി ബോയിങ് എയർപ്ലെയ്ൻ കമ്പനിയെന്ന് പുനർനാമകരണം ചെയ്യപ്പെടുന്നത്. അമേരിക്കൻ നേവിക്ക് ഉപയോഗിക്കാനായി ആദ്യം രണ്ട് സീപ്ലെയിനുകൾ നൽകിയ ബോയിങ്ങിന് വൈകാതെ 50 വിമാനങ്ങൾക്കായുള്ള ഓർഡർ ലഭിച്ചു. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം സാമ്പത്തിക പ്രതിസന്ധിയിലായ ബോയിങ് വിമാനങ്ങളുടെ ഭാഗങ്ങളുപയോഗിച്ച് ഫർണീച്ചറുകളും ഫ്‌ളാറ്റ്‌ബോട്ടം ബോട്ടുകളും നിർമ്മിച്ചു വിൽപന നടത്തിയാണ് കമ്പനിയെ രക്ഷപ്പെടുത്തിയെടുത്തത്. യുദ്ധാനന്തരം ബോയിങ് കൊമേഴ്‌സ്യൽ വിമാനങ്ങളിലാണ് ശ്രദ്ധ വച്ചത്. എയർമെയിൽ സർവീസിനാ യുള്ള കരാർ നേടിയ ബോയിങ്ങ് പിന്നീട് പാസഞ്ചർ സർവീസും ആരംഭിച്ചു. അതാണ് പിന്നീട് യുണൈറ്റഡ് എയർലൈൻസായി പരിണമിച്ചത്. ബോയിങ് എയർലൈൻ കമ്പനി പിന്നീട് ദ ബോയിങ് കമ്പനിയായും മാറി.

Boeing fighter plane- F15 Eagle

1934ൽ അമേരിക്ക എയർമെയിൽ ആക്ട് കൊണ്ടുവന്നതോടെയാണ് എയർലൈനിനേയും വിമാനനിർമ്മാണകമ്പനിയേയും മെയിൽ സർവീസിനെയുമെല്ലാം വ്യത്യസ്ത കമ്പനികളാക്കി മാറ്റാൻ ബോയിങ് നിർബന്ധിതമായത്. യുണൈറ്റഡ് എയർലൈൻസും യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനും യുണെറ്റഡ് ടെക്‌നോ ളജീസും ബോയിങ് കമ്പനിയുമായി അവർ വേർപെട്ടു. അതേ തുടർന്നാണ് വില്യം ബോയിങ് തന്റെ ബോയിങ്ങിലെ ഓഹരികൾ വിറ്റ് വിശ്രമജീവിതത്തിലേക്ക് പോയത്. 1956ൽ 74 വയസ്സുള്ളപ്പോഴായിരുന്നു വില്യം ബോയിങ്ങിന്റെ മരണം. ഒരു ആഡംബര നൗകയിൽ വച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പ്രായമായശേഷം നഗരത്തിൽ നിന്നും മാറി ഒരു വലിയ ഫാം ഹൗസ് വാങ്ങി അവിടെ കുതിരകളെ ബ്രീഡ് ചെയ്തു കഴിയുന്നതിലാണ് അദ്ദേഹം ഏർപ്പെട്ടിരുന്നത്. 1957ൽ ബോയിങ്ങിന്റെ ആദ്യ കൊമേഴ്‌സ്യൽ വിമാനം യാഥാർത്ഥ്യമാകുന്നതു കാണാൻ അദ്ദേഹത്തിനായില്ലെന്നതാണ് കഷ്ടം.

Boeing Fighter plane A10 Thunderbolt

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ വിമാന നിർമ്മാണ കമ്പനിയാണ് ഇന്ന് ബോയിങ്. 2016ൽ ബോയിങ്ങിന് 95 ബില്യൺ ഡോളർ വിൽപനയാണ് രേഖപ്പെടുത്തിയത്. 145 മോഡൽ വിമാനങ്ങളും ഉപഗ്രഹങ്ങളുമെല്ലാം കഴിഞ്ഞ നൂറു വർഷക്കാലത്ത് ബോയിങ് നി ർമ്മിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമാണ് വാഷിങ്ടണ്ണിലുള്ള ബോയിങ്ങിന്റെ എവറെറ്റ് ബിൽഡിങ്. 100 ഏക്കറോളം വരുന്ന ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിനകത്താണ് ലോകത്തെ ഏറ്റവും വലിയ വിമാനങ്ങൾ പോലും അസംബ്ലിൾ ചെയ്യുന്നത്. സിയാറ്റിലെ ബോയിങ്ങിന്റെ ഫാക്ടറിയിലാകട്ടെ 24 മണിക്കൂറിൽ അമേരിക്കൻ സൈന്യത്തിനായി 16 ബി17 വിമാനങ്ങൾ ഉണ്ടാക്കാനാകും. 30,000 പേരാണ് ഒരേ സമയം എവറെറ്റ് ബിൽഡിങ്ങിൽ തൊഴിലെടുക്കുന്നത്. ഒരർത്ഥത്തിൽ പറഞ്ഞാൽ ഡേകെയർ സെന്ററും ഫയർ സ്റ്റേഷനുമൊക്കെയുള്ള ഇത് ഒരു ചെറുപട്ടണം തന്നെയാണ്. ഇലോൺ മസ്‌കിന്റെ ജിഗാ ഫാക്ടറി പോലും രണ്ടാം സ്ഥാനത്തേ വരുന്നുള്ളുവെന്നതാണ് വാസ്തവം.

Boeing rocket – Phantom Express (artist’s concept)

ബോയിങ്ങിന്റെ കൊമേഴ്‌സ്യൽ വിമാനങ്ങളിൽ ഇന്ന് പ്രധാനികളായിട്ടുള്ളത് 787, 777 എക്‌സ്, 777, 767, 747 8, 737 മാക്‌സ്, നെക്സ്റ്റ് ജനറേഷൻ 737 എന്നിവയാണ്. ബിസിനസ് വിമാനങ്ങളും ചരക്കുവിമാനങ്ങളും ഇതിനു പുറമേ ബോയിങ് നിർമ്മിക്കുന്നുണ്ട്. പല കൗതുകകരമായ പ്രത്യേകതകളുമുണ്ട് ബോയിങ് വിമാനങ്ങൾക്ക്. ബോയിങ് 747ന്റെ കോക്പറ്റിലെ സ്വിച്ചുകളുടെ എണ്ണം തന്നെ നമ്മെ അമ്പരപ്പിക്കും. മൊത്തം 365 സ്വിച്ചുകൾ! വലുപ്പത്തിന്റെ കാര്യത്തിൽ രാജ്ഞി തന്നെയാണ് 747. 1968ലാണ് 747 ആദ്യമായി നിർമ്മിക്കപ്പെട്ടത്. ഇന്ന് ലോകത്തുടനീളം വ്യാപകമായി എയർലൈ
നുകൾ ഉപയോഗിക്കുന്നതും 747 തന്നെ. 747 ഉണ്ടാക്കുന്ന സമയത്തു തന്നെ സൂപ്പർസോണിക് വിമാനങ്ങൾ വൈകാതെ തന്നെ വ്യോമമേഖല കീഴടക്കുമെന്ന് ബോയിങ്ങിന് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ചരക്കുകൾ കൊണ്ടുപോകാനുള്ള സൗകര്യം അവർ ബോയിങ്ങിലുണ്ടാക്കി. സൂപ്പർസോണിക് വിമാനങ്ങൾ വന്നാലും ബോയിങ് 747 പഴഞ്ചനാവില്ലെന്ന് അവർ ഉറപ്പാക്കിയത് അങ്ങനെയാണ്.

Boeing passenger plane 787 Dreamliner

റൂസ്‌വെൽട്ട് മുതൽ ഡൊണാൾഡ് ട്രംപു വരെയുള്ള അമേരിക്കൻ പ്രസിഡന്റുമാർക്കായുള്ള എയർഫോഴ്‌സ് നമ്പർ വൺ വിമാനങ്ങൾ നിർമ്മിച്ചതും ബോയിങ് തന്നെ. പ്രസിഡന്റിന്റെ എയർഫോഴ്‌സ് വൺ വിമാനങ്ങളായ ബോയിങ് 747-200 നെ ഇപ്പോൾ 747-8 ആയി മാറ്റാനുള്ള പുറപ്പാടിലാണ് ബോയിങ് ഇപ്പോൾ. അമേരിക്കൻ പ്രസിഡന്റുമാർക്കായി ബോയിങ് ചലിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.

യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളുമാണ് ബോയിങ്ങിന്റെ മറ്റു നിർമ്മാണങ്ങൾ. എ എച്ച് 6 ലൈറ്റ് അറ്റാക്ക് ഹെലികോപ്ടർ, എ എച്ച് അപ്പാച്ചെ, എം എച്ച് 139 തുടങ്ങിയ ഹെലികോപ്ടറുകളും ബി 1 ബി ലാൻസർ, ബി 52, സി17 ഗ്ലോബ്മാസ്റ്റർ 3, സി 40 ക്ലിപ്പർ, സി എച്ച് 47 ചിനൂക്ക്, എഫ് 15 ഈഗിൾ, ഇ എ 18 ജി ഗ്രോളർ, ഫാന്റം ഐ, പി 8, വി22 ഓസ്‌പ്രേ തുടങ്ങി നിരവധി യുദ്ധവിമാനങ്ങളും അവർക്കുണ്ട്. വിവിധ തരത്തിലുള്ള നിരീക്ഷണ വിമാനങ്ങളും ആയുധങ്ങളും റോക്കറ്റുകളും ഇതിനൊപ്പം നിർമ്മിക്കുന്നുണ്ട് ബോയിങ്. ഇലക്ട്രാണിക് പ്രതിരോധ ഉപകരണങ്ങളും ആയുധങ്ങളും ലോഞ്ച് സിസ്റ്റവുമൊക്കെയാണ് മറ്റ് മേഖലകൾ.

100 ഏക്കറോളം വരുന്ന ഫാക്ടറിയാണ് വാഷിങ്ടണ്ണിലുള്ള ബോയിങ്ങിന്റെ എവറെറ്റ് ബിൽഡിങ്ങിലുള്ളത്. ലോകത്തെ ഏറ്റവും വലിയ കെട്ടിടമാണ് എവറെറ്റ് ബിൽഡിങ്‌

ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനുള്ള ആദ്യ കരാറുകാരനും ബോയിങ് ആയിരുന്നു. ഐ എസ് എസ്സിനായുള്ള കൂളിങ് സംവിധാനമടക്കം പലതും നിർമ്മിച്ചത് ബോയിങ്ങായിരുന്നു. സമീപകാലത്തായി ഈ കരാർ 2020 വരെ നീട്ടിനൽകിയിട്ടുണ്ട്. നാസയുമായുള്ള ബോയിങ്ങിന്റെ കരാർ ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിനെ തോൽപിക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിലും ഇലോൺ മസ്‌ക് അവരേക്കാൾ ഇപ്പോൾ ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു.
ബോയിങ് വിമാനങ്ങൾ പലതും റെക്കോർഡ് ഉടമകളുമാണ്. 1994ലെ ആദ്യപറക്കലിനുശേഷം ബോയിങ് 777 ഇതുവരെ 3.5 കോടി മണിക്കൂർ പറക്കൽ സമയം പിന്നിട്ടിരിക്കുന്നു. മണിക്കൂറിൽ 560 മൈലുകൾ താണ്ടാനാകും ലോകത്തെ ഏറ്റവും വീതി കൂടിയ ഈ വിമാനത്തിന്. ഭാഗങ്ങളുടെ എണ്ണം കൊണ്ടും റെക്കോർ ഡിട്ടുണ്ട് ബോയിങ്ങുകൾ. ബോയിങ് 797 ഡ്രീംലൈനറിന് 23 ലക്ഷം ഭാഗങ്ങളാണ് ആകെയുള്ളത്. 737ന് 400,000 ഭാഗങ്ങളാണ് ഉണ്ടായിരുന്നതെന്ന് അറിയുമ്പോഴാണ് ഡ്രീം ലൈനറിലെ ഭാഗങ്ങളുടെ എണ്ണം നമ്മെ അമ്പരപ്പിക്കുന്നത്.
അമേരിക്കയ്ക്കു പുറമേ, ലോകത്തെ 150 രാജ്യങ്ങളിലേക്ക് ബോയിങ്ങിന്റെ വിമാനങ്ങൾ വിൽക്കപ്പെടുന്നുണ്ട്. ഇന്ത്യയിൽ എയർ ഇന്ത്യ 1960ൽ 707 ജെറ്റ്‌ലൈനർ വാങ്ങിക്കൊണ്ടാണ് ബോയിങ്ങുമായുള്ള ബന്ധം ആരംഭിക്കുന്നത്. ഇപ്പോൾ എയർ ഇന്ത്യയ്ക്ക് 787 ഡ്രീംലൈനർ, 777-200 എൽ ആർ, 777 -300 ഇ ആർ, നെക്സ്റ്റ് ജനറേഷൻ 737-800 തുടങ്ങിയ ബോയിങ്ങുകളടക്കം നിരവധി വിമാനങ്ങളുണ്ട്. സ്‌പെസ് ജെറ്റ്, ജെറ്റ് എയർവേയ്‌സ്, എയർ ഇന്ത്യ എക്‌സ്പ്രസ്സ്, ബ്ലൂഡാർട്ട് ഏവിയേഷൻ എന്നിവയാണ് ബോയിങ് ഉപയോഗിക്കുന്ന മറ്റ് ഇന്ത്യൻ വിമാന കമ്പനികൾ.
നിരവധി യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ഇന്ത്യ ബോയിങ്ങിൽ നിന്നും വാങ്ങിയിട്ടുണ്ട്. ഒരു നൂറ്റാണ്ടു കാലമായി ലോകത്തെ ചിറകുകളിലേറ്റി ആകാശയാത്ര നടത്തുന്ന ബോയിങ് തങ്ങളുടെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുകയാണ്$

Copyright: Smartdrive magazine September 2018

1 Comment

  1. Avatar Matsointy says:

    Keflex Low Cost Cialis Rezeptfrei Dusseldorf Cytotec Ivg cialis Pastilla Cialis Con Alcohol Can I Use Old Amoxicillin Liquid Propecia Alternative In Deutschland

Leave a Reply

Your email address will not be published. Required fields are marked *

shares