ULTIMATE LUXURY!
May 9, 2018
TestDrive-Honda Amaze 2018
May 25, 2018

BMW 630i GT

7 സീരീസിന്റെ പ്ലാറ്റ്‌ഫോമിൽ ഇഷ്ടംപോലെ ഇന്റീരിയർ സ്‌പേസുമായി 6 സീരീസ് ജി ടി ഇന്ത്യയിലെത്തി. അടിസ്ഥാനപരമായി 5 സീരീസിന്റെ രൂപമാണെങ്കിലും സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലാണ് ഈ മോഡൽ. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്…

എഴുത്ത് – ബൈജു എൻ നായർ , ഫോട്ടോ- ജമേഷ് കോട്ടയ്ക്കൽ


ബിഎംഡബ്ല്യുവിന്റെ ഫ്‌ളാഗ് ഷിപ്പ് സെഡാനാണ് 7 സീരീസ്. 5 സീരീസ് അതിനു തൊട്ടു താഴെയുള്ള സെഡാനും. എന്നാൽ ഇവ തമ്മിൽ 40 ലക്ഷത്തോളം രൂപയുടെ വില വ്യത്യാസമുണ്ട്. വലിപ്പവും ആഡംബരങ്ങളും വളരെ കൂടുതലാണ് എന്നതാണ് 7 സീരീസിന്റെ പ്രത്യേകത. ഇവയ്ക്കിടയിലുള്ള വലിപ്പത്തിന്റെയും ആഡംബരത്തിന്റെയും വിലയുടെയും വിടവ് നികത്തുന്നതിനായി വരുന്ന പുതിയ മോഡലാണ് 6സീരീസ് ജി ടി. ജി ടി എന്നാൽ ഗ്രാൻ ടൂറിസ്‌മോ. 7 സീരീസിന്റെ വീൽബെയ്‌സും 5 സീരീസിന്റെ ആഡംബരങ്ങളും 6 സീരീസ് ജിടിക്കുണ്ട്. എന്നാൽ വിലയോ, 5 സീരീസിനെക്കാൾ 7 ലക്ഷം മാത്രം കൂടുതലും. അതായത് ഇനി മുതൽ 7 സീരീസിന്റെ ഇന്റീരിയർ സ്‌പേസു ലഭിക്കാൻ 6 സീരീസ് ജിടി വാങ്ങിയാൽ മതി എന്നർത്ഥം.

ഡെൽഹിയിലെ ഓട്ടോ എക്‌സ്‌പോയിൽ വെച്ചാണ് സച്ചിൻ തെണ്ടുൽക്കർ ഈ മോഡൽ വിപണിയിലിറക്കിയത്. വില ഒരു കോടി രൂപ എന്നു കേൾക്കാൻ കാതു കൂർപ്പിച്ചിരുന്ന എന്നെപ്പോലുള്ള വരെ വിസ്മയിപ്പിച്ചുകൊണ്ട് സച്ചിൻ പ്രഖ്യാപിച്ചു. വില 58.9 ലക്ഷം രൂപ.

അതേ, ഒരു അത്ഭുതപ്പിറവിയാണ് 6 സീരീസ് ജിടി. തുടക്കത്തിൽ ഇന്ത്യയിൽ 6ജിടിയുടെ പെട്രോൾ എഞ്ചിൻ മോഡലേ വരുന്നുള്ളു. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട് വായിക്കുക.

കാഴ്ച

പഴയ 5 സീരീസ് ജിടിയുടെ പുതുരൂപമാണ് 6 സീരീസ് ജിടിയെങ്കിലും ആ തോന്നൽ ഉണ്ടാകാത്ത വിധമാണ് രൂപകല്പന. എന്നാൽ മുൻഭാഗത്തിന് 5 സീരീസിനോടു തന്നെയാണ് സാമ്യം. അഡാപ്ടീവ് ഹെഡ്‌ലാമ്പുകളും അവയുടെ മേൽ പുരികം പോലെയുള്ള ക്രോമിയം സ്ട്രിപ്പും ബമ്പറിന്റെ കയറ്റിറക്കങ്ങളുമെല്ലാം ഓർമ്മിപ്പിക്കുന്നത് 5 സീരീസിനെ തന്നെ. വലിയ, നീണ്ട എയർഡാമുണ്ട്, ബമ്പറിന്റെ ലോവർ ലിഫ്റ്റിൽ. ബോണറ്റിന്റെ അഗ്രഭാഗം അല്പം ഉയർന്ന്, തള്ളി നിൽക്കുന്നതു പോലെ തോന്നും. കിഡ്‌നി ഗ്രില്ലിലും സമാനമായ ഒരു തള്ളലുണ്ട്. മുൻഭാഗം വളരെ ഷാർപ്പാണ് എന്നു പറയാതെ വയ്യ. മറ്റ് ഗാൻടൂറിസ്‌മോ മോഡലുകളെ അപേക്ഷിച്ച് ഒട്ടും ദുർമേദസ്സില്ലാതെ ഒതുക്കി രൂപകല്പന ചെയ്തിട്ടുണ്ട് എന്നും പറയേണ്ടതുണ്ട്.
ഇപ്പോൾ ബേസ് വേരിയന്റായ സ്‌പോർട്ട് ലൈനിലേ 6 സീരീസ് ജിടി വിപണിയിലെത്തിട്ടുള്ളു. അതുകൊണ്ടു തന്നെ ലക്ഷ്വറി ലൈൻ വേരിയന്റിലേതു പോലെ ക്രോമിയത്തിന്റെ ധാരാളിത്തമോ എം സ്‌പോർട്ട് കിറ്റോ ഒന്നും തന്നെ 6ജിടിക്ക് ലഭ്യമല്ല.
18 ഇഞ്ച് വീലുകൾ സൈഡ് പ്രൊഫൈലിനെ അപഹരിക്കുന്നുണ്ട്. അലോയ് വീലുകൾ അസാധാരണമാം വിധം ഭംഗിയുള്ളതാണെന്നും പറഞ്ഞുകൂടാ. തടിച്ച രണ്ട് ബോഡിലൈനുകൾ വശങ്ങളിലുണ്ട്. എങ്കിലും ചെരിഞ്ഞ റൂഫ് ലൈനാണ് ജിടിയെ വ്യത്യസ്തമാക്കുന്നത്. റൂഫ് ലൈന്റെ ചെരിവിനനുസരിച്ചാണ് കോർണർ ഗ്ലാസിന്റെയും ഡിസൈൻ.
ബൂട്ടിന്റെ ഭാഗമെത്തുമ്പോൾ സെഡാനിൽ നിന്നുള്ള മാറ്റം പ്രകടമാകുന്നു. തടിച്ച പിൻഭാഗത്തിന്റെ, വലിപ്പത്തിനനുസരിച്ച് വലിയ എൽഇഡി ടെയ്ൽലാമ്പ് കൊടുത്തിട്ടുണ്ട്. ചെരിഞ്ഞ പിൻ വിൻഡ് ഷീൽഡും സ്‌പോർട്ടിയായി രൂപ കല്പന ചെയ്ത ബൂട്ട് ലിഡും ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും സുന്ദരം. വലിയ ക്ലാഡിങ് ബമ്പറിനു താഴെയുണ്ട്.
പിന്നഴകിലാണ് 6 സീരീസ് ജിടി ശ്രദ്ധിക്കപ്പെടുന്നത്. ഒതുക്കി ഡിസൈൻ ചെയ്ത മുൻഭാഗവും ചെത്തി മിനുക്കിയ വശങ്ങളും വലിയ പിൻഭാഗവുമെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന കോൺട്രാസ്റ്റാണ് 6 സീരീസ് ജിടിയുടെ ഡിസൈന്റെ വിജയം

ഉള്ളിൽ

തനി ബിഎംഡബ്ല്യു ആണ് ഉൾഭാഗം. തനി 5 സീരീസ് എന്നും പറയാം. ഡാഷ്‌ബോർഡിന്റെയും മറ്റും ബേസിക് ഡിസൈൻ 5 സീരീസിന്റേതു തന്നെയാണ്. ബ്ലാക്കും ബീജും ഗ്ലോസി ബ്ലാക്കും അലൂമിനിയം വരകളുമൊക്കെയായി സുന്ദരമാണ് ഉൾഭാഗം. വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീൻ ഡാഷ് ബോർഡിൽ ഉയർന്നു നിൽക്കുന്നു. മറ്റ് ഫീച്ചേഴ്‌സിനൊപ്പം ഇന്ത്യയിലാദ്യമായി ഒരു ബിഎംഡബ്ല്യു കാറിൽ ആപ്പിൾ കാർപ്ലേ വന്നു എന്ന പ്രത്യേകതയും ഈ സിസ്റ്റത്തിനുണ്ട്.
സീറ്റുകൾ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം. ലെതർ പൊതിഞ്ഞ സീറ്റുകളും ഡാഷ് ബോർഡും പ്രീമിയം ലുക്ക് വർദ്ധിപ്പിക്കുന്നുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പനോരമിക്ക് സൺറൂഫ്, ഫോർ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയുമുണ്ട്.
അമ്പരപ്പിക്കുന്ന ഇന്റീരിയർ സ്‌പേസാണ് 6 സീരീസ് ജിടിക്ക്. 7 സീരീസിന്റെ ഉള്ളിലിരിക്കുന്ന അതേ ഫീലാണ് നൽകുന്നത്. പിൻഭാഗത്തും അതുതന്നെയാണ് സ്ഥിതി. ചെരിഞ്ഞ റൂഫ് ലൈനൊന്നും പിന്നിലെ ഹെഡ് സ്‌പേസ് കുറയ്ക്കുന്നില്ല. പിന്നിലെ സീറ്റിന്റെ ചാരുന്ന ഭാഗം 9 ഡിഗ്രി ചെരിക്കുകയും ചെയ്യാം. പിൻ വിൻഡോകൾക്ക് ഇലക്ട്രിക് സൺബ്ലൈൻഡ് നൽകിയിട്ടുണ്ട്. പിന്നിൽ രണ്ട് വലിയ മൾട്ടിമീഡിയ സ്‌ക്രീനുകളും ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കൺട്രോൾ ചെയ്യാനുള്ള റിമോട്ടും നൽകിയിട്ടുണ്ട്.
ഒരു ‘ഷോഫർ ഡ്രിവൺ’ കാറിന്റെ കംഫർട്ട് പിൻസീറ്റിനു നൽകാൻ ബിഎംഡബ്ല്യുവിന് കഴിഞ്ഞിട്ടുണ്ട്. ‘ഡ്രൈവേഴ്‌സ് കാർ’ എന്ന നിലയിൽ നിന്നുള്ള ബിഎംഡബ്ല്യുവിന്റെ ഉയർച്ച കൂടിയാണിത്.

​തുടക്കത്തിൽ 2 ലിറ്റർ, 258 ബിഎച്ച്പി പെട്രോൾ എഞ്ചിൻ മാത്രമേ ഇന്ത്യയിൽ 6 സീരീസ് ജിടിക്കുള്ളു. 5 സീരീസിലെ 530 ഐയെക്കാൾ 6 ബിഎച്ച്പി എഞ്ചിൻ പവറും 50 ന്യൂട്ടൺ മീറ്റർ ടോർക്കും കൂടുതലുള്ള എഞ്ചി
നാണിത്. ഈ 4 സിലിണ്ടർ എഞ്ചിന് നൂറു കിലോമീറ്റർ വേഗതയെടുക്കാൻ 6.7 സെക്കന്റുമതി. സ്‌പോർട്ട്, കംഫർട്ട്, ഇക്കോ പ്രോ എന്നീ മോഡുകൾ മാറി മാറി പരീക്ഷിച്ചാൽ ഓരോ ടെറെയ്‌നും ഓടിക്കുന്നയാളുടെ അഭിരുചിക്കുമനു സരിച്ച് ജിടിയുടെ സ്വഭാവം തന്നെ മാറ്റിയെടുക്കാം.
8 സ്പീഡ് ഡ്യൂവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സിൽക്ക് സ്മൂത്ത് ഗിയർഷിഫ്റ്റുകളാണ് നൽകുന്നത്. അതുപോലെ, എയർ സസ്‌പെൻഷനും ജിടിക്ക് പുതിയൊരു വ്യക്തിത്വം നൽകുന്നുണ്ട്. ഒട്ടു ലാഗില്ലാത്ത ഈ പെട്രോൾ എഞ്ചിൻ തികഞ്ഞ ഹരം പകരുന്നുണ്ട്, ഡ്രൈവിന.് റിയർ സ്‌പോയ്‌ലർ ഇലക്ട്രിക്കലി ഉയർത്തി, ആക്‌സിലേറ്റർ കൊടുക്കുക. അമ്പരപ്പിക്കുന്ന റോഡ് ഗ്രിപ്പ് ആസ്വദിക്കുക.

admin
admin
Editor in Charge

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>