Real Champ: Pirelli Performance Centre- Global Tyres, Aluva
July 15, 2019
Honda’s Pride: Indel Honda, Palakkad
July 15, 2019

Being Popular: Travel to Four Dealerships of Popular Group in Kochi

പോപ്പുലർ ഗ്രൂപ്പിന്റെ ആസ്ഥാനവും പോപ്പുലർ ഹ്യുണ്ടായ്‌യുടെ പ്രധാന ഡീലർഷിപ്പുമായി പ്രവർത്തിക്കുന്ന വൈറ്റിലയിലെ മന്ദിരം

വാഹനവിപണനരംഗത്ത് എട്ടു ദശാബ്ദങ്ങളുടെ പാരമ്പര്യവും അനുഭവപരിജ്ഞാനവുമുള്ള സ്ഥാപനമാണ് പോപ്പുലർ ഗ്രൂപ്പ്. സുതാര്യതയും സത്യസന്ധതയും പ്രതിബദ്ധതയുമാണ് ഈ പ്രസ്ഥാനത്തിനു കീഴിലുള്ള വിവിധ ഡീലർഷിപ്പുകൾ പേരു പോലെ തന്നെ ജനപ്രിയമാകാൻ കാരണം. എറണാകുളത്തെ നാല് പോപ്പുലർ ഗ്രൂപ്പ് ഡീലർഷിപ്പുകളിലൂടെ സ്മാർട്ട് ഡ്രൈവിന്റെ യാത്ര.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോകൾ: അഖിൽ അപ്പു

പോപ്പുലർ എന്ന വാക്കിനർത്ഥം ജനപ്രിയമെന്നാണ്. വാഹനലോകത്ത് ഈ പേര് അന്വർത്ഥമാക്കിയ ഗ്രൂപ്പിന്റെ പേരും അതു തന്നെയാണ്. വാഹനവിപണനരംഗത്ത് ഏഴു ദശാബ്ദത്തിന്റെ പൈതൃകവും പാരമ്പര്യവുമുള്ള പ്രസ്ഥാനമാണ് പോപ്പുലർ ഗ്രൂപ്പ്. പോപ്പുലർ ഓട്ടോമൊബൈൽസ് എന്ന പേരിൽ 1939ൽ ഓട്ടോമൊബൈൽ സ്‌പെയേഴ്‌സ് റീടെയ്‌ലിങ് രംഗത്ത് ചുവടുറപ്പിച്ച കുറ്റൂക്കാരൻ ഗ്രൂപ്പ് പിൽക്കാലത്ത് എഞ്ചിൻ റീബിൽഡിങ് വർക് ഷോപ്പുകളിലേക്കും എഞ്ചിനീയറിങ് ഉപകരണങ്ങളുടെ ചില്ലറ വ്യാപാരത്തിലേക്കും വാഹനഡീലർഷിപ്പുകളിലേക്കും എർത്ത് മൂവിങ്, ഇൻഡസ്ട്രിയൽ-കൺസ്ട്രക്ഷൻ ഉപകരണങ്ങളുടെ വിൽപനയിലേക്കുമൊക്കെ കടന്നതും വിജയിച്ചതും കേരളത്തിന്റെ ചരിത്രത്തോടൊപ്പം തന്നെ നീങ്ങുന്ന കഥയാണ്. കുറ്റൂക്കാരൻ ഗ്രൂപ്പിന്റെ സ്ഥാപകനായ കെ പി പോളിന്റെ സഹോദരൻ കെ പി തോമസിന്റെ മകൻ സാജു കെ തോമസ് ആണ് കുറ്റൂക്കാരൻ ഗ്രൂപ്പിൽ വാഹനഡീലർഷിപ്പുകളുടെ തുടക്കക്കാരൻ. 1983ൽ ഇന്ത്യയിൽ ആദ്യമായി മാരുതി തങ്ങളുടെ ഡീലർമാരുടെ ആദ്യബാച്ച് രൂപപ്പെടുത്തിയപ്പോൾ പോപ്പുലർ വെഹിക്കിൾസ് ആന്റ് സർവീസസ് ലിമിറ്റഡ് അതിലുണ്ടായിരുന്നു. കേരളത്തിലാദ്യമായി അങ്ങനെയാണ് പോപ്പുലറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് മാരുതി ഡീലർഷിപ്പ് ആരംഭിക്കുന്നത്. തുടർന്ന് 1985ൽ കൊച്ചിയിലും 1996ൽ കോഴിക്കോടും മാരുതിയുടെ ഡീലർഷിപ്പുകൾ പോപ്പുലർ ആരംഭിച്ചു. ഈ നിർണായകമായ ചുവടുവയ്പുകളിലെല്ലാം തന്നെ പോപ്പുലർ വെഹിക്കിൾസ് ആന്റ് സർവീസസ് ലിമിറ്റഡിനെ മുന്നിൽ നിന്നു നയിച്ചത് സാജു കെ തോമസായിരുന്നു. മാരുതിക്കു പുറമേ ബജാജിന്റെ ടു വീലർ- ത്രീവീലർ ഡീലർഷിപ്പുകൾ എറണാകുളത്തും ബംഗലുരുവിലും 1995ൽ തന്നെ പോപ്പുലർ ആരംഭിച്ചിരുന്നു. 1984 മുതൽ ഡിസിഎം ടെയോട്ടയുടേയും ഡീലറായി പോപ്പുലർ. തുടർന്ന് 1999ൽ ടെയോട്ട പാസഞ്ചർ കാർ വിപണനം ആരംഭിച്ച കാലം മുതൽ പോപ്പുലറും അതിന്റെ ഭാഗമായി. 2002ൽ കുറ്റൂക്കാരൻ ഗ്രൂപ്പിൽ നിന്നും വേർപിരിഞ്ഞ് സാജു കെ തോമസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായി പോപ്പുലർ ഗ്രൂപ്പ് സ്ഥാപിച്ചതോടെ ഭാവിയെ ലക്ഷ്യമിട്ടുള്ള ശക്തമായ ഒരു കുതിപ്പിലേക്ക് കേരളത്തിലെ വാഹനവിപണി ഉണർന്നെണീക്കുകയായിരുന്നു. ആ ജൈത്രയാത്ര ഇപ്പോഴും അനസ്യൂതം തുടരുകയാണ്.

പോപ്പുലർ ഹ്യുണ്ടായ്‌യുടെ ഡിസ്‌പ്ലേ & ഡിസ്‌കഷൻ ഏരിയ

ഇന്ന് പോപ്പുലർ ഗ്രൂപ്പിന്റെ നാമധേയം കേരളത്തിനകത്തും പുറത്തുമുള്ള വാഹനവിപണിയുമായി ചേർന്നിണങ്ങിപ്പോകുന്ന ഒന്നാണ്. കേരളത്തിൽ പോപ്പുലർ ഹ്യുണ്ടായ് എന്ന പേരിൽ ഹ്യുണ്ടായ് കാറുകളുടെ ഡീലർഷിപ്പും പോപ്പുലർ ബജാജ് എന്ന പേരിലും പോപ്പുലർ കെ ടി എം എന്ന പേരിലും ടു വീലറുകളുടെ ഡീലർഷിപ്പുകളും പോപ്പുലർ ജെ സി ബി എന്ന പേരിൽ ജെ സി ബിയുടെ കാർഷിക-വ്യവസായിക-കൺസ്ട്രക്ഷൻ എക്യുപ്‌മെന്റുകളുടെ ഡീലർഷിപ്പും ബംഗലുരുവിൽ ലെക്‌സസിന്റേയും ടെയോട്ടയുടേയും ഡീലർഷിപ്പുകളും മറീന ഹാർലി ഡേവിഡ്‌സൺ എന്ന പേരിൽ ഹാർലി ഡേവിഡ്‌സൺ ബൈക്കുകളുടേയും ഡീലർഷിപ്പുകളും എച്ച് പ്രോമിസ് എന്ന പേരിൽ പോപ്പുലർ ഹ്യുണ്ടായ്‌യുടെ യൂസ്ഡ് കാർ ഷോറൂമുകളും യു ട്രസ്റ്റ് എന്ന പേരിൽ ബംഗലുരുവിൽ നന്ദി ടെയോട്ടയുടെ യൂസ്ഡ് കാർഷോറുകളും പോപ്പുലർ ഗ്രൂപ്പിനു കീഴിലുണ്ട്. പോപ്പുലർ ഗ്രൂപ്പിന്റെ ഈ ബ്രഹത്തായ വാഹനവിപണ പാരമ്പര്യത്തെ അടുത്തറിയാനും വാഹനഡീലർഷിപ്പ് രംഗത്ത് പോപ്പുലർ ഗ്രൂപ്പ് എന്തുകൊണ്ടാണ് അജയ്യനായി തുടരുന്നതെന്നും മനസ്സിലാക്കാനുമായി സ്മാർട്ട് ഡ്രൈവ് കൊച്ചിയിലുള്ള പോപ്പുലർ ഹ്യുണ്ടായ്‌യിലേക്കും കെ ടി എമ്മിലേക്കും പോപ്പുലർ ബജാജിലേക്കും അത്താണിയിലുള്ള പോപ്പുലർ ജെ സി ബി ഡീലർഷിപ്പ് ആസ്ഥാനത്തേക്കും ഒരു യാത്ര നടത്തി. പ്രതിബദ്ധതയും സുതാര്യതയും ഉപഭോക്താക്കളോടുള്ള വിശ്വസ്തതയും എങ്ങനെയാണ് ഒരു പ്രസ്ഥാനത്തിന്റെ മികവിന്റെ പര്യായമാക്കി മാറ്റുന്നതെന്ന് ഞങ്ങൾ അക്ഷരാർത്ഥത്തിൽ തിരിച്ചറിഞ്ഞത് ആ യാത്രയിലാണ്. കടുത്ത മത്സരാധിക്യമുള്ള വാഹനവിപണിയിൽ ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റിക്കൊണ്ട് ദീർഘനാൾ നിലകൊള്ളണമെങ്കിൽ കഠിനാധ്വാനവും അർപ്പണബോധ വും ആവശ്യമാണെന്ന് പോപ്പുലർ ഗ്രൂപ്പിന്റെ ഓരോ ഡീലർഷിപ്പുകളും സൂചിപ്പിക്കുന്നു. ഉപഭോക്താക്കളെന്നപോലെ തന്നെ അതീവ സംതൃപ്തരായ ജീവനക്കാരെയും ഞങ്ങൾ ഈ ഡീലർഷിപ്പുകളിൽ കണ്ടു.

പോപ്പുലർ ഹ്യുണ്ടായ്‌യുടെ കസ്റ്റമർ ലോഞ്ച്

ആദ്യം പോപ്പുലർ ഗ്രൂപ്പിന്റെ പാസഞ്ചർകാർ ഡീലർഷിപ്പും പോപ്പുലർ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസുമായ വൈറ്റിലയിലുള്ള പോപ്പുലർ ഹ്യുണ്ടായ് വാഹനഡീലർഷിപ്പിലേക്കായിരുന്നു ഞങ്ങളുടെ സഞ്ചാരം. 2004 ഏപ്രിലിൽ കോട്ടയത്താണ് പോപ്പുലർ ഹ്യുണ്ടായ് ആരംഭിക്കുന്നത്. അതേ വർഷം സെപ്തംബറിൽ കൊച്ചിയിലും ഡീലർഷിപ്പ് ആരംഭിച്ചു. മികച്ച വിൽപനാനന്തര സേവനത്തിലൂടേയും മികച്ച ഉപഭോക്തൃസംതൃപ്തിയിലൂടേയും അതിവേഗമാണ് പോപ്പുലർ ഹ്യുണ്ടായ് ഉയരങ്ങൾ കീഴടക്കിയത്. ഇന്ന് 31 സെയിൽസ് ഔട്ട്‌ലെറ്റുകളും 28 സർവീസ് സെന്ററുകളും 9 എച്ച് പ്രോമിസ് യൂസ്ഡ് കാർ ഷോറൂമുകളുമായി പോപ്പുലർ ഹ്യുണ്ടായ് കേരളത്തിൽ ഹ്യുണ്ടായ്‌യുടെ ശക്തിസ്രോതസ്സായി മാറിയിരിക്കുന്നു. കേരളത്തിൽ ഹ്യുണ്ടായ്‌യുടെ വിപണിവിഹിതത്തിന്റെ 35 ശതമാനവും ഇന്ന് പോപ്പുലർ ഹ്യുണ്ടായ് യുടെ കൈകളിലാണുള്ളത്. ഒരു വർഷം 2,20,000 വാഹനങ്ങൾ പോപ്പുലർ ഹ്യുണ്ടായ് സർവീസ് ചെയ്യുന്നു. വെറുതെയല്ല കേരളത്തിൽ ഹ്യുണ്ടായ്‌യുടെ ഏക പ്ലാറ്റിനം ക്ലബ് ഡീലർ പോപ്പുലർ ഹ്യുണ്ടായ് ആയി മാറിയിരിക്കുന്നത്. ഹ്യുണ്ടായ് പ്ലാറ്റിനം ക്ലബ് പദ്ധതി ആരംഭിച്ച നാൾ മുതൽ ഇന്നുവരെ ആ സ്ഥാനത്ത് തുടരുന്ന ഒരു ഡീലർഷിപ്പ് കൂടിയാണ് പോപ്പുലർ ഹ്യുണ്ടായ്.

പോപ്പുലർ ഹ്യുണ്ടായ്‌യുടെ സർവീസ് റിസപ്ഷൻ

ഹ്യുണ്ടായ് നൽകുന്ന ഏറ്റവും വിലയേറിയ പുരസ്‌കാരങ്ങളിലൊന്നായ 10,000 ക്ലബ് അവാർഡടക്കം 250ഓളം പുരസ്‌കാരങ്ങളാണ് ഈ ഡീലർഷിപ്പിനെ തേടിയെത്തിയതെന്ന മനസ്സിലാക്കുമ്പോൾ തന്നെ അതിന്റെ പ്രവർത്തന മികവ് നമുക്ക് ബോധ്യപ്പെടുമല്ലോ. മാത്രവുമല്ല ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്ലോബൽ കോൺഫറൻസിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെടുന്ന ഒന്നോ രണ്ടോ പേരിൽ പോപ്പുലർ ഹ്യുണ്ടായ്‌യുടെ മാനേജിങ് ഡയറക്ടർ സാജു കെ തോമസ് സ്ഥിരം സാന്നിധ്യവുമാണ്. എരമല്ലൂരിൽ പോപ്പുലർ ഹ്യുണ്ടായ്ക്ക് സ്വന്തമായി ഒരു ടെക്‌നിക്കൽ ട്രെയിനിങ് അക്കാദമിയും ഉണ്ട്. സർവീസിന്റെ കാര്യത്തിൽ ഗ്ലോബൽ സർവീസ് അഡൈ്വസർ പുരസ്‌കാരം നേടിയിട്ടുള്ള പോപ്പുലർ ഹ്യുണ്ടായ് ദേശീയതലത്തിൽ ഹ്യുണ്ടായ് ഡീലർമാർക്കായി നടത്തപ്പെടുന്ന സെയിൽസ് സ്‌കിൽ മത്സരത്തിൽ സ്ഥിരം വിജയികളുമാണ്.

പോപ്പുലർ ഹ്യുണ്ടായ്‌യുടെ സർവീസ് സെന്ററർ

ജീവനക്കാരാണ് പോപ്പുലർ ഹ്യുണ്ടായ്‌യുടെ ഏറ്റവും വലിയ ആസ്തി. 25 വർഷത്തിലേറെയായി ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർ ഇവിടെയുണ്ട്. പ്രൊഫഷണലിസവും അനുഭവപരിജ്ഞാനമുള്ള ജീവനക്കാരും ജീവനക്കാർക്കൊപ്പം എല്ലാ പ്രശ്‌നങ്ങളിലും താങ്ങും തണലുമായി നിലകൊള്ളുന്ന മാനേജ്‌മെന്റുമാണ് പോപ്പുലർ ഹ്യുണ്ടായ്‌യുടെ ശക്തിയെന്ന് ജീവനക്കാരുമായുള്ള സംഭാഷണങ്ങളിൽ നിന്നു തന്നെ ഞങ്ങൾക്ക് ബോധ്യപ്പെട്ടു. സ്ഥാപനം വികസിച്ചതിനൊപ്പം തന്നെ സ്ഥാപനത്തിനൊപ്പം നിന്ന ജീവനക്കാരേയും വളർത്തിവലുതാക്കിക്കൊണ്ടുവന്ന പാരമ്പര്യമാണ് പോപ്പുലർ ഹ്യുണ്ടായ്ക്കുള്ളത്. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള ഈ സ്ഥാപനത്തിൽ പ്രോവിഡന്റ് ഫണ്ട്, ഇ എസ് ഐ, മെഡിക്കൻ ഇൻഷുറൻസ്, ബോണസ്, ഗ്രാറ്റിവിറ്റി തുടങ്ങി എല്ലാ തൊഴിൽ ആനുകൂല്യങ്ങളും ലഭ്യവുമാണ്. ഇതിനു പുറമേ ഇന്റർ ബ്രാഞ്ച് ടൂർണമെന്റുകളും കൾച്ചറൽ ഈവന്റുകളും ജീവനക്കാർക്കായി പോപ്പുലർ ഹ്യുണ്ടായ് സംഘടിപ്പിക്കുന്നു. എന്തിന് തങ്ങളുടെ ജീവനക്കാർ ഹെൽമെറ്റും സീറ്റ് ബെൽട്ടും ധരിക്കണമെന്ന കാര്യത്തിൽ പോലുമുണ്ട് പോപ്പുലർ ഹ്യുണ്ടായ്ക്ക് നിർബന്ധം. ഹെൽമെറ്റില്ലാത്ത ജീവനക്കാരാണെങ്കിൽ വീട്ടിൽ വിളിച്ചറിയിക്കുക പോലും ചെയ്യും ഈ സ്ഥാപനം!

പോപ്പുലർ ബജാജിന്റെ കൊച്ചി പാടിവട്ടത്തെ പ്രധാന ഡീലർഷിപ്പ്‌

ഇന്ത്യയിൽ ജൂലായിൽ ഹ്യുണ്ടായ്‌യുടെ ആദ്യ ഇലക്ട്രിക് കാറായ ഹ്യുണ്ടായ് കോന ലോഞ്ച് ചെയ്യപ്പെടുമ്പോൾ കേരളത്തിൽ നിന്നും പോപ്പുലർ ഹ്യുണ്ടായ് മാത്രമേ കോനയുടെ ഡീലറാകാൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളുവെന്നത് പോപ്പുലർ ഹ്യുണ്ടായ്ക്ക് ലഭിച്ച വലിയ അംഗീകാരങ്ങളിൽ ഒന്നു മാത്രം. ഒരു വർഷത്തിനുള്ളിൽ തന്നെ ഇന്ത്യയിലെ നമ്പർ 1 ഡീലറായി പോപ്പുലർ ഹ്യുണ്ടായ്‌യെ വളർത്തുക എന്ന ദൗത്യമാണ് ഇപ്പോൾ അവർ
ഏറ്റെടുത്തിരിക്കുന്നത്.

പോപ്പുലർ ബജാജിന്റെ ഡിസ്‌പ്ലേ ഏരിയ

ഏഴുമുതൽ 14 വാഹനങ്ങൾ വരെ ഡിസ്‌പ്ലേ ചെയ്യാനാകുന്ന ശരാശരി 11,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഷോറുമുകളാണ് പോപ്പുലർ ഹ്യുണ്ടായ്‌യുടേത്. പ്രതിവർഷം 10,000 കാറുകളിലധികം അവർ വിപണനം ചെയ്യുന്നു. എല്ലാ ഔട്ട്‌ലെറ്റുകളിലും സർവീസ് സെന്ററുകളിലുമായി 2500ഓളം ജീവനക്കാരുള്ള വമ്പൻ പ്രസ്ഥാനമാണത്. ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം യാതൊരു അലോസരതയ്ക്കും വഴിവയ്ക്കാതെ പ്രവർത്തിക്കുന്നതിലാണ് പോപ്പുലർ ഹ്യുണ്ടായ് ശ്രദ്ധ പതിപ്പിക്കുന്നതെന്നു സാരം. വാഹനവായ്പാ സൗകര്യത്തിനായി എല്ലാ ദേശസാൽക്കൃത ബാങ്കുകളുമായുമുള്ള കൂട്ടുകെട്ടും വാഹനത്തിന്റെ ഏല്ലാ കേടുപാടുകളും പരിഹരിക്കാനാകുംവിധമുള്ള ഇൻഷുറൻസുമൊക്കെ അവർ നൽകുന്നുണ്ട്. ഹ്യുണ്ടായ്‌യുടെ നിലവിലുള്ള കസ്റ്റമർമാർ പോപ്പുലർ ഹ്യുണ്ടായ്‌യിൽ നിന്നും ഹ്യുണ്ടായ്‌യുടെ തന്നെ പുതിയ വാഹനങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ചയുമാണ്. ‘അപ്‌ഗ്രേഡ് കാർ വിത്ത് സെയിം ഇ എം ഐ’ എന്ന സ്‌കീം ഹ്യുണ്ടായ് കാറുകൾ തന്നെ വീണ്ടുമെടുക്കുന്നതിനെ കസ്റ്റമറെ കൂടുതലായി പ്രേരിപ്പിക്കുകയും ചെയ്യുന്നു. മികച്ച ഒരു വാഹന കമ്പനിക്കൊപ്പം മികച്ച രീതിയിൽ കൈകോർക്കുന്ന ഒരു ഡീലർഷിപ്പു കൂടി ചേരുമ്പോഴുണ്ടാകുന്ന അത്ഭുതങ്ങളിലൊന്നാണ് പോപ്പുലർ ഹ്യുണ്ടായ് എന്ന് നിസ്സംശയം പറയാം.

പോപ്പുലർ ബജാജിന്റെ കസ്റ്റമർ ലോഞ്ച്‌

ഇന്ന്. 7,50,000 പേരുടെ ഒരു വമ്പൻ കസ്റ്റമർബേസ് പോപ്പുലർ ഹ്യുണ്ടായ്ക്കുണ്ട്. ഏറ്റവും ആധുനിക സംവിധാനങ്ങളുള്ള സർവീസ് സെന്ററുകളും പരിശീലനം സിദ്ധിച്ച ടെക്‌നീഷ്യന്മാരും പോപ്പുലർ ഹ്യുണ്ടായ്‌യെ ശക്തിദുർഗമാക്കി മാറ്റുന്നു. 600ൽ അധികം വാഹനങ്ങൾ പ്രതിദിനം ഇവിടെ സർവീസ് ചെയ്യപ്പെടുന്നു. 6 മുതൽ 13 വരെ ബേകളുള്ളവയാണ് സർവീസ് സെന്ററുകൾ. പൂർണമായും ശീതീകരിക്കപ്പെട്ട ഷോറൂമിൽ അത്യാധുനിക സംവിധാനങ്ങളുള്ള കസ്റ്റമർ ലോഞ്ചും കോൺഫറൻസ് ഹാളുമടക്കം എല്ലാ സൗകര്യങ്ങളുമുണ്ടെന്നത് വേറെ കാര്യം. പോപ്പുലർ ഹ്യുണ്ടായ്ക്ക് എട്ടു ഡീലർഷിപ്പുകളാണ് ആകെയുള്ളത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, മൂവാറ്റുപുഴ, കൊച്ചി, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നിവയാണവ. ഇതിനു കീഴിലായി കാരയ്ക്കാമണ്ഡപം, കഴക്കൂട്ടം, വർക്കല, കാട്ടക്കട, പുനലൂർ, പത്തനംതിട്ട, അടിച്ചിറ, ശാസ്ത്രി റോഡ്, പാല, തെങ്ങണ, കാഞ്ഞിരപ്പിള്ളി, കുമളി, വൈക്കം, മൂവാറ്റുപുഴ, കൂത്താട്ടുകുളം, കോലഞ്ചേരി, കോതമംഗലം, പെരുമ്പാവൂർ, വൈറ്റില, തോപ്പുംപടി, തൃപ്പൂണിത്തുറ, പറവൂർ, തൃശൂർ, പെരിന്തൽമണ്ണ, തിരൂർ, മഞ്ചേരി, വളാഞ്ചേരി, കോഴിക്കോട്, കുന്നമംഗലം എന്നിവിടങ്ങളിൽ സെയിൽസ് സെയിൽസ് ഔട്ട്‌ലെറ്റുകളും പോപ്പുലർ ഹ്യുണ്ടായ്ക്കുണ്ട്. ഇന്ത്യയിൽ 8 ഡീലർഷിപ്പുകളുള്ള മറ്റ് സ്ഥാപനങ്ങളില്ല!

പോപ്പുലർ ബജാജിന്റെ സർവീസ് സെന്റർ

പോപ്പുലർ ഹ്യുണ്ടായ് പോലെ തന്നെ ശക്തമായ സാന്നിധ്യമാണ് പോപ്പുലർ ബജാജും. 1991 ജൂലൈ 14ന് ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ഡീലർഷിപ്പ് നിലകൊള്ളുന്നത് കൊച്ചിയിൽ എൻ എച്ച് ബൈപാസിൽ പാടിവട്ടത്താണ്. കൊച്ചിയിലെ ഈ പ്രധാന ഡീലർഷിപ്പിനു പുറമേ എറണാകുളത്തു തന്നെ കാക്കനാടും എളംകുളത്തും തൃപ്പൂണിത്തുറയിലും കോലഞ്ചേരിയിലും പിറവത്തും മൂവാറ്റുപുഴയിലും സെയിൽസും സർവീസും സ്‌പെയർ പാർട്‌സുകളുമുള്ള (3 എസ്) 7 ബ്രാഞ്ചുകളും മുളന്തുരുന്തിയിലും അരയൻകാവിലും സെയിൽസ് ഔട്ട്‌ലൈറ്റുകളുമുണ്ട്. ഇതിനു പുറമേ മറ്റു ജില്ലകളിലും നിരവധി ബ്രാഞ്ചുകളുണ്ട് പോപ്പുലർ ബജാജിന്. കൊച്ചിയിൽ പാടിവട്ടത്തുള്ള ഷോറൂമിന് 8000 ചതുരശ്ര അടിയാണുള്ളത്. ബജാജിന്റെ 14 മോഡൽ വാഹനങ്ങളും ഡിസ്‌പ്ലേ ചെയ്യാൻ ഈ ഷോറൂമിനാകും. 2018-19ൽ 3371 ബൈക്കുകളാണ് പോപ്പുലർ ബജാജ് വിപണനം ചെയ്തത്. 25,000ത്തിലധികം വരുന്ന കസ്റ്റമർബേസുള്ള സ്ഥാപനം ഉപഭോക്തൃസംതൃപ്തിയ്ക്കും ഏറ്റവും ഉയർന്ന ഫ്രീ സർവീസ് റിഡംപ്ഷനും ഏറ്റവും ഉയർന്ന പെയ്ഡ് സർവീസിനും ഉയർന്ന ഡീലർ സർവീസിനും സ്‌പെയർ പാർട്‌സുകളിൽ മികച്ച പെർഫോമൻസിനും ഏറ്റവും ഉയർന്ന എസ് 2 വോള്യം (ഡോമിനാർ) വിൽപനയ്ക്കുള്ള പുരസ്‌കാരവുമടക്കം നിരവധി പുരസ്‌കാരങ്ങളാണ് നേടിയിട്ടുള്ളത്.

പോപ്പുലർ ബജാജിലെ കോൺഫറൻസ് ഹാളും എം ഡിയുടെ ക്യാബിനും

പൂർണമായും ശീതീകരിച്ച അത്യാധുനിക ഡീലർഷിപ്പിൽ എൽ ഇ ഡി ടെലിവിഷനോടു കൂടിയ സെയിൽസ് കസ്റ്റമർ ലോഞ്ചും സർവീസ് കസ്റ്റമർ ലോഞ്ചുമുണ്ട്. ഇതിനു പുറമേ, ആക്‌സസറീസിനായുള്ള ഡിവിഷനും സ്‌പെയർ പാർട്‌സ് ഡിവിഷനും കോൺഫറൻസ് ഹാളും ആധുനിക സൗകര്യങ്ങളോടു കൂടിയ ബാക്ക് ഓഫീസും ഇവിടെയുണ്ട്. 2000 ചതുരശ്ര അടിയോളം വരുന്ന അത്യാധുനിക സൗകര്യങ്ങളുള്ള സർവീസ് സെന്ററാണ് പാടിവട്ടത്തേത്. പരിശീലനം സിദ്ധിച്ച ഒമ്പത് ടെക്‌നീഷ്യന്മാർ രണ്ട് ടീമുകളായി തിരിഞ്ഞാണ് പ്രവർത്തിക്കുന്നത്. മൊത്തം 9 ബേകൾ. അമ്പതിലേറെ വാഹനങ്ങൾ ഒരേസമയം സർവീസ് ചെയ്യാനുള്ള സൗകര്യവുമുണ്ട് ഇവിടെ. ആക്‌സിഡന്റ് സംഭവിച്ച വാഹനങ്ങൾ സർവീസ് ചെയ്യാൻ മാത്രം 4 പേർ അടങ്ങിയ പ്രത്യേക സംഘവും ഇവിടെ പ്രവർത്തിക്കുന്നു. പാടിവട്ടത്തെ ഷോറൂം ഇക്കോഫ്രണ്ട്‌ലിയായാണ് നിർമ്മിച്ചിരിക്കുന്നത്.

പോപ്പുലർ ബജാജിലെ ബാക്ക് ഓഫീസ്‌

ഷോറൂമിന്റെ മുകൾ ഭാഗത്തെ ഒരു വശം മുഴുവനും സസ്യജാലങ്ങളാൽ അലംകൃതമായതിനാൽ ചൂട് പരമാവധി കുറയുകയും വൈദ്യുതി ഉപഭോഗം കുറയുകയും ചെയ്യുന്നു. മികച്ച വിൽപനയ്ക്കും വിൽപനാനന്തര സേവനത്തിനും പുറമേ, കസ്റ്റമർ മീറ്റുകളും റൈഡുകളും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളുമെല്ലാം പോപ്പുലർ ബജാജിനെ ജനതയുടെ ജനപ്രിയ ഡീലർഷിപ്പാക്കി മാറ്റിയിരിക്കുന്നു. ഓണം, മൺസൂൺ, പുതുവത്സരം തുടങ്ങിയ വേളകളിൽ സർവീസിനും ലേബറിനും സ്‌പെയർപാർട്‌സുകൾക്കും ഡിസ്‌കൗണ്ടുകളും പോപ്പുലർ ബജാജ് നൽകുന്നുണ്ട്. ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് പൊല്യൂഷൻ ടെസ്റ്റ് കൂടി സാധ്യമാക്കുന്ന ഏക ഡീലർഷിപ്പ് കൂടിയാണ് ഇത്. ബംഗലുരു, മൈസൂർ, ആലപ്പുഴ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലും പോപ്പുലർ ബജാജിന് ഡീലർഷിപ്പുകളുണ്ട്.

കൊച്ചി സഹോദരൻ അയ്യപ്പൻ റോഡിലെ പോപ്പുലർ കെ ടി എം

2012ൽ കൊച്ചിയിൽ സഹോദരൻ അയ്യപ്പൻ റോഡിൽ പ്രവർത്തനം ആരംഭിച്ച കെ ടി എം എന്ന ആസ്ട്രിയൻ ബൈക്ക് കമ്പനിയും പോപ്പുലർ ഗ്രൂപ്പിന്റെ അഭിമാനമാണ്. വൈറ്റിലയിൽ പ്രധാന ഡീലർഷിപ്പുള്ള സ്ഥാപനത്തിന്റെ സർവീസ് സെന്റർ വൈറ്റിലയിലാണ്. ആലുവയിൽ മുട്ടത്തുള്ള ബ്രാഞ്ചിൽ 3 എസ് സംവിധാനവും തൊടുപുഴയിലും തൃശൂരിലും ഡീലർഷിപ്പുകളുമുണ്ട് പോപ്പുലർ കെ ടി എമ്മിന്. ആരംഭിച്ച് ഏഴു വർഷത്തിനുള്ളിൽ തന്നെ 7000ത്തോളം വരുന്ന കസ്റ്റമർബേസുണ്ടാക്കാൻ കെ ടി എമ്മിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഉയർന്ന വിൽപനയ്ക്കും മികച്ച വിൽപനാനന്തര സേവനത്തിനും പുരസ്‌കാരം നേടിയിട്ടുമുണ്ട് ഈ സ്ഥാപനം. അതിമനോഹരമായി രൂപകൽപന ചെയ്ത ഷോറൂമിനുള്ളിൽ കെ ടി എമ്മിന്റെ ഏഴ് മോഡലുകൾ ഡിസ്‌പ്ലേ ചെയ്യാനുള്ള സംവിധാനമുണ്ട്. ഉപഭോക്താക്കളുമായി നിരന്തര ഇടപെടൽ നടത്തുന്ന സ്ഥാപനമാണ് കെ ടി എം.

കെ ടി എമ്മിന്റെ ഡിസ്‌പ്ലേ ഏരിയയും ആക്‌സസറീസ് ഡിവിഷനും വൈറ്റിലയിലെ സർവീസ് സെന്ററും

വാഹനങ്ങൾ പുറത്ത് ഡിസ്‌പ്ലേ ചെയ്യുന്ന ഓറഞ്ച് ക്യാമ്പ്, ഓറഞ്ച് റൈഡ് എന്ന പേരിലുള്ള ഡ്യൂക്ക് 200, ആർ സി 125, ഡ്യൂക്ക് 125, ആർ സി 200 വാഹനങ്ങളുടെ ഒറ്റദിന റൈഡ്, ഡ്യൂക്ക് 390ന്റെ ഓറഞ്ച് ടൂർ, ട്രാക്ക് ഡേ തുടങ്ങി പല പരിപാടികളും ഡീലർഷിപ്പ് സംഘടിപ്പിക്കുന്നുണ്ട്. സർവീസ് രംഗത്തും മികവു പുലർത്തുന്നു പോപ്പുലർ കെ ടി എം. ഒരു ദിവസം എറണാകുളത്തെ സർവീസ് സെന്ററിൽ മാത്രം 45 വാഹനങ്ങൾ സർവീസ് ചെയ്യാൻ കെ ടി എമ്മിനാകുന്നുണ്ട്. മൊത്തം ആറ് ബേകളാണ് വൈറ്റിലയിലെ സർവീസ് സെന്ററിലുള്ളത്. ഇതിനു പുറമേ ഷോറൂമിന്റെ മുകൾ നിലയിൽ ജാക്കറ്റുകൾ, ഹെൽമെറ്റുകൾ, റൈഡിങ് ഗിയറുകൾ എന്നിവ വിപണനം ചെയ്യുന്ന അതിമനോഹ രമായി സജ്ജീകരിച്ച ഒരു ആക്‌സസറീസ് ഡിവിഷനുമുണ്ട് പോപ്പുലർ കെ ടി എമ്മിന്.

അത്താണിയിലെ പോപ്പുലർ ജെ സി ബി

വാഹനവിപണിയിൽ മാത്രമല്ല കൊച്ചിയിൽ പോപ്പുലർ ഗ്രൂപ്പ് തിളങ്ങി നിൽക്കുന്നത്. എർത്ത് മൂവിങ് എക്യുപ്‌മെന്റായ ബ്രിട്ടീഷ് ബ്രാൻഡ് ജെ സി ബിയുടെ ഡീലർഷിപ്പും പോപ്പുലറിനുണ്ട്. 2014 ജൂണിലാണ് പോപ്പുലർ ജെ സി ബിക്ക് തുടക്കം. അത്താണിയിൽ 3 എസ് സൗകര്യങ്ങളോടു കൂടിയുള്ള സ്ഥാപനത്തിന് കേരളത്തിലെ ഒമ്പത് ജില്ലകളിലായി 13 ഔട്ട്‌ലൈറ്റുകളാണ് ഉള്ളത്. ഇതിനു പുറമേ പട്ടാമ്പിയിലും കോട്ടയത്തും തിരുവനന്തപുരത്തും സപ്പോർട്ടിങ് വർക്ഷോപ്പുകളുമുണ്ട്. കൊട്ടാരക്കരയിൽ മിനി 3 എസ് സൗകര്യം കൊട്ടാക്കരയിൽ അധികം വൈകാതെ പൂർത്തിയാകുകയും ചെയ്യും. ബാക്ക്‌ഹോ ലോഡേഴ്‌സ്, മിനി എസ്‌കവേറ്റർ, എസ്‌കവേറ്റർ (7-38 ടൺ), കോംബാക്ടേഴ്‌സ്, വീൽ ലോഡേഴ്‌സ്, മെറ്റീരിയൽ ഹാൻഡ്‌ലേഴ്‌സ് (സ്‌കിഡ് സ്റ്റിയർ, ടെലസ്‌കോപിക് ഹാൻഡ്‌ലർ) തുടങ്ങിയ മോഡലുകളാണ് പോപ്പുലർ ജെ സി ബി വിപണനം ചെയ്യുന്നത്.

പോപ്പുലർ ജെ സി ബിയിലെ ലൈവ് ലിങ്ക് റൂം

എല്ലാത്തരം ആവശ്യങ്ങൾക്കുമായുള്ള അറ്റാച്ച്‌മെന്റുകളും ഇവിടെ വിപണനത്തിനുണ്ട്. പ്രതിവർഷം 800 മെഷീനുകളാണ് ശരാശരി വിൽപന. ഓൺസൈറ്റ് സർവീസാണ് പോപ്പുലർ ജെ സി ബി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ജെ സി ബി നേരിട്ട് പരിശീലിപ്പിച്ച 128 ടെക്‌നീഷ്യന്മാർ പോപ്പുലർ ജെ സി ബിക്ക് ഫീൽഡിലുണ്ട്. മൊത്തം 223 ജീവനക്കാർ. രണ്ടായിരത്തിനുമേലെ മെഷീനുകൾ ഇതുവരേയ്ക്കും പോപ്പുലർ ജെ സി ബി വിപണനം ചെയ്തു കഴിഞ്ഞു. ലൈവ് ലിങ്ക് സംവിധാനത്തിലൂടെ എല്ലാ ജെ സി ബികളും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ സ്ഥാപനത്തിലുള്ളവർക്ക് ജെ സി ബി എവിടെയാണെന്നും സർവീസ് ചെയ്യേണ്ടത് എപ്പോഴാണെന്നുമൊക്കെ തിരിച്ചറിയാ നാകും.

പോപ്പുലർ ജെ സി ബിയിലെ സർവീസ് കമാൻഡ് സെന്റർ

ലൈവ് ലിങ്ക് സംവിധാനത്തെപ്പറ്റി കസ്റ്റമറെ പോപ്പുലർ ജെ സി ബി ബോധവൽക്കരിക്കാറുമുണ്ട്. ലൈവ് ലിങ്ക് സംവിധാനമുള്ളതിനാൽ കൂടുതൽ വരുമാനം ലഭിക്കാനും സുരക്ഷ ഉറപ്പാക്കാനും ഉൽപാദനം വർധിപ്പിക്കാനും മെയിന്റനൻസ് കോസ്റ്റ് കുറയ്ക്കാനും ഉപഭോക്താവിനാകുന്നു. ഇതിനു പുറമേ പോപ്പുലറിന് പൂർണമായും സജ്ജമായ ഒരു സർവീസ് കമാൻഡ് സെന്ററുമുണ്ട്. ഉപഭോക്താവിന്റെ പരാതികൾ അതിവേഗം ടെക്‌നീഷ്യന്മാരെ അറിയിക്കുന്നതിനും തകരാറുകൾ പരിഹരിക്കുന്നതിനും സർവീസ് സമയം ഓർമ്മിപ്പിക്കുന്നതിനുമെല്ലാം ഇത് ഏറെ സഹായകമാണ്. ജെ സി ബിയുടെ മറ്റ് ഡീലർഷിപ്പുകൾക്കില്ലാത്ത ഒരു സവിശേഷതയാണ്. വിപണിവിഹിതത്തിന്റെ കാര്യത്തിലും പോപ്പുലർ ജെ സി ബിയാണ് മുന്നിൽ. ബാക്ക്‌ഹോ ലോഡേഴ്‌സിൽ 90 ശതമാനം, മിനി എസ്‌കവേറ്ററുകളിൽ 18 ശതമാനം, എസ്‌കവേറ്ററുകളിൽ 21 ശതമാനം, വീൽ ലോഡേഴ്‌സിൽ 40 ശതമാനം, കോംബാക്ടേഴ്‌സിൽ 18 ശതമാനം എന്നിങ്ങനെയാണത്.

പോപ്പുലർ ജെ സി ബിയിലെ സ്റ്റോക്ക് യാർഡ്‌

16 ലക്ഷം രൂപ മുതൽ ഒരു കോടി രൂപയിലധികം വിലവരുന്ന മെഷീനുകൾ പോപ്പുലർ ജെ സി ബിയിലുണ്ട്. 2016, 2017,2018 വർഷങ്ങളിൽ ദേശീയതലത്തിൽ ഉപഭോക്തൃസംതൃപ്തിയ്ക്ക് ഒന്നാം സ്ഥാനം നേടിയ പോപ്പുലർ ജെ സി ബി 2017ൽ മികച്ച ഇന്നവേറ്റീവ് ഡീലറായും തെരഞ്ഞെടുക്കപ്പെട്ടു. വിപണനം വർധിപ്പിക്കുന്നതിനായി ഓൺസൈറ്റ് ഡെമോ, ബൈ ബാക്ക് സൗകര്യം, ഫിനാൻസ് മേളകൾ, കസ്റ്റമർമീറ്റുകൾ, വിവിധ ഹെവി എക്യുപ്‌മെന്റ് അസോസിയേഷനുകളുമായി ചേർന്നുള്ള ആക്ടിവിറ്റികൾ എല്ലാം നടത്തപ്പെടുന്നു.

പോപ്പുലർ ജെ സി ബിയിലെ ട്രെയിനിങ് സെന്റർ

ഉപഭോക്താവിനെ മെഷീനെപ്പറ്റി ബോധവൽക്കരിക്കുന്നതിനായി ഫാക്ടറി സന്ദർശനവും പോപ്പുലർ ജെ സി ബി അറേഞ്ച് ചെയ്യാറുണ്ട്. നാല് ബേകളുള്ള വർക് ഷോപ്പാണ് അത്താണിയിലുള്ളത്. വെൽഡിങ്ങിനും പെയിന്റിങ്ങിനും എക്‌സ്‌ക്ലൂസീവ് ബേകളുമുണ്ട്. ടെക്‌നീഷ്യന്മാരെ പരിശീലിപ്പിക്കുന്നതിന് പൂർണമായും സജ്ജമായ ഒരു പരിശീലന കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നു. സ്റ്റോക്ക് യാർഡിൽ മൊത്തം 65 മെഷീനുകൾക്ക് പാർക്ക് ചെയ്യാനാകും.

പോപ്പുലർ ജെ സി ബിയിലെ 4 ബേകളുള്ള വർക് ഷോപ്പ്‌

വെൽഡിങ്ങും വാഷിങ്ങുമടക്കമുള്ള എല്ലാ സംവിധാനങ്ങളുമുള്ള ഒരു മൊബൈൽ വർക് ഷോപ്പും പോപ്പുലർ ജെ സി ബിക്കുണ്ട്. പോപ്പുലർ ജെ സിബിയിൽ സെയിൽസ്, സർവീസ് വിഭാഗങ്ങൾക്ക് പ്രത്യേക കസ്റ്റമർ ലോഞ്ച് ഉള്ളതിനു പുറമേ, ഓപ്പറേറ്റർക്കായുള്ള പ്രത്യേക ലോഞ്ചുമുണ്ട്. സെൻട്രലൈസ്ഡ് സ്‌പെയർപാർട്‌സ് സെന്ററും സർവീസ് കമാൻഡ് സെന്ററുമൊക്കെ പോപ്പുലർ ജെ സി ബിയുടെ സവിശേഷതകളാണ്. പോപ്പുലർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാജു കെ തോമസിന്റെ മകനും പാർട്ണറും ആയ തോമസ് കെ സാജു ആണ് പോപ്പുലർ ജെ സി ബിയുടേയും പോപ്പുലർ ബജാജിന്റേയും കെ ടി എമ്മിന്റേയും സി ഇ ഒ ആയി പ്രവർത്തിക്കുന്നത്.

പോപ്പുലർ സ്ഥാപനങ്ങളുടെ ജനപ്രിയതയുടെ അടിസ്ഥാനം ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും ആത്മാർത്ഥമായ പ്രവർത്തനവുമാണെന്ന് ഇതിനകം ബോധ്യപ്പെട്ടു കാണുമല്ലോ. സംതൃപ്തരായ ജീവനക്കാരും തികഞ്ഞ പ്രൊഫണലിസവും സുസ്ഥിര വളർച്ച ഉറപ്പാക്കുന്നു. ദശാബ്ദങ്ങളുടെ വാഹനരംഗത്തെ അനുഭവപരിജ്ഞാനമുള്ള പോപ്പുലർ ഗ്രൂപ്പ് തങ്ങളുടെ ഡീലർഷിപ്പുകളിലൂടെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുന്നത് അപൂർവ സുന്ദരമായ ഒരു കാഴ്ച തന്നെ$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>