A Renault Captur for Rs. 10.99 Lakhs only!
October 13, 2018
Green Earth: Yathra to Palakkad in a Hyundai elite i20 CVT
October 13, 2018

Backwater Ripples: Travel to Kuttanad in a Tata Nexon KRAZ+

കുട്ടനാടിന്റേയും ആലപ്പുഴയുടേയും മണ്ണിലൂടെ ടാറ്റ നെക്‌സോണിന്റെ ലിമിറ്റഡ് സ്‌പെഷ്യൽ എഡിഷൻ കോംപാക്ട് എസ് യു വിയായ നെക്‌സോൺ ക്രേസ് പ്ലസിനും കസ്റ്റമർക്കുമൊപ്പം ഒരു യാത്ര…..

എഴുത്ത്: ജെ ബിന്ദുരാജ്, ചിത്രങ്ങൾ: ജോണി തോമസ്‌

കുട്ടനാടിന്റെ സൗന്ദര്യവും മീൻ, താറാവു രുചികളും ആസ്വദിക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? കായൽപ്പരപ്പുകളിൽ കണ്ണെത്താദൂരം വരെ നീണ്ടു കിടക്കുന്ന പാടശേഖരങ്ങൾ, കായൽപ്പരപ്പിലൂടെ പറന്നു നീങ്ങുന്ന ദേശാടനക്കിളികൾ, അതിസുന്ദരമായ പ്രഭാതങ്ങളും അസ്തമയങ്ങളും. സമുദ്ര നിരപ്പിനു താഴെ കൃഷിയിറക്കുന്ന ലോകത്തെ തന്നെ അപൂർവം ഇടങ്ങളിലൊന്നു കൂടിയാണത്. പമ്പയും മീനച്ചിലാറും അച്ചൻകോവിലാറും മണിമലയാറുമെല്ലാം ചുറ്റപ്പെട്ടുകിടക്കുന്നയിടം. ജലത്താൽ ചുറ്റപ്പെട്ട ശാന്തമായ ഈ ഭൂമിയിൽ തെങ്ങുകളും ചെറുവൃക്ഷലതാദികളും ജലത്തിൽ നിഴൽച്ചിത്രങ്ങൾ വരയ്ക്കുന്നു. ഈ സുന്ദര ഭൂമി പക്ഷേ കഴിഞ്ഞ ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ കടുത്ത പ്രളയങ്ങളിൽപ്പെട്ട് ജീവിതദുരന്തങ്ങൾ അഭിമുഖീകരിക്കുകയായിരുന്നു. പക്ഷേ എന്നും എപ്പോഴും തിരിച്ചുവരവിനുള്ള അസാധാരണമായ ശേഷി പ്രകടിപ്പിക്കുന്ന ആദിചേരന്മാരുടെ ഈ നാട് പഴയ നാട്ടുരാജാവായ ചേരൻ ചെങ്കുട്ടവനെപ്പോലെ എപ്പോഴും പൊരുതിക്കൊണ്ടിരിക്കും. പ്രളയത്തിനുശേഷമുള്ള കുട്ടനാട്ടിലേയും ആലപ്പുഴയിലേയും കാഴ്ചകളിലേക്കാണ് ഇത്തവണ സ്മാർട്ട് ഡ്രൈവ് യാത്ര തിരിക്കുന്നത്. അതിനായി ഞങ്ങൾ തെരഞ്ഞെടുത്തതാകട്ടെ ടാറ്റ നെക്‌സോണിന്റെ പ്രഥമ വാർഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ ലിമിറ്റഡ് സ്‌പെഷ്യൽ എഡിഷൻ നെക്‌സോണായ നെക്‌സോൺ ക്രേസ് പ്ലസും. നെക്‌സോണിന്റെ ഏറ്റവും പുതിയ കസ്റ്റമറായ സർക്കാർ ഉദ്യോഗസ്ഥനായ സജി സദാനന്ദനാണ് ഈ യാത്രയിൽ ഞങ്ങൾക്കൊപ്പമുള്ളത്. വാഹനത്തെ കൂടുതലായി അടുത്തറിയാനും സ്‌പെഷ്യൽ എഡിഷനിലെ പുതുമകൾ എന്തൊക്കെയാണെന്നുമുള്ള ഒരു അന്വേഷണം കൂടിയാണിത്.

ടാറ്റയുടെ നെക്‌സോൺ പുറത്തിറങ്ങുംമുമ്പു തന്നെ ഒരുപാട് ആരാധകരെ സൃഷ്ടിച്ച കാറാണ്. പുറത്തിറങ്ങിയതോടെ ആരാധകർ വർധിക്കുകയും ചെയ്തു. ഏതാണ്ട് അമ്പതിനായിരത്തിലധികം നെക്‌സോണുകളാണ് ഒരു വർഷത്തിനിടയിൽ മാത്രം വിറ്റഴിഞ്ഞത്. ബുക്കിങ്ങുകളാകട്ടെ ശക്തമായി തുടരുകയും ചെയ്യുന്നു. നെക്‌സോൺ എന്ന ബ്രാൻഡിന്റെ പ്രഥമ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ടാറ്റ നെക്‌സോണിന് സ്‌പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കിയത്. നെക്‌സോൺ ക്രേസ് ഒന്നും നെക്‌സോൺ ക്രേസ് പ്ലസ് എന്നുമാണ് മോഡലുകളുടെ പേരുകൾ. ഈ ലിമിറ്റഡ് എഡിഷൻ നെക്‌സോൺ പുറത്തിറങ്ങിയ ഉടനെ തന്നെ ടാറ്റാ ഷോറൂമുകളിൽ ബുക്കിങ്ങുകൾ പെരുകി.എന്താണിതിൽ ജനശ്രദ്ധ ആകർഷിച്ച ഇത്രയേറെ പുതുമകൾ എന്നല്ലേ ചോദ്യം? ഒരു ന്യൂജെൻ കാറിനു വേണ്ട സ്‌റ്റൈലിങ് എല്ലാം തന്നെയുണ്ട് അതിൽ.

Saji Sadanandan in a Tata Nexon KRAZ+

കൊച്ചിയിൽ സ്മാർട്ട് ഡ്രൈവ് ഓഫീസിനു മുന്നിൽ സെപ്തംബറിലെ അവസാന ഞായറാഴ്ച ദിവസം കറുപ്പും ചാരനിറവും ഇടകലർന്നുള്ള കളർ ടോണുള്ള നെക്‌സോൺ ക്രേസ് പ്ലസ് ഞങ്ങളെ കാത്തു കിടക്കുന്നുണ്ടായിരുന്നു. കാഴ്ചയ്ക്ക് അണിഞ്ഞൊരുങ്ങിയ ഒരു ന്യുജെൻ പയ്യനാണ് നെക്‌സോൺ ക്രേസ്. നിയോൺ ഗ്രീൻ നിറം കൊണ്ടാണ് അലങ്കാരങ്ങൾ. വശങ്ങളിലെ മിററുകളിലും മുൻവശത്തെ ഗ്രില്ലിലും വീൽ കവറുകളിലും പിന്നിലുള്ള ബാഡ്ജിലുമെല്ലാമുണ്ട് നിയോൺ ഗ്രീൻ നിറത്തിലുള്ള ഹൈലൈറ്റുകൾ. ക്രേസ് എന്നാണ് ഉച്ചാരണമെങ്കിലും കെ ആർ എ ഇസഡ് എന്നാണ് ബാഡ്ജിങ്. അതിൽ ഇസഡ് മാത്രം നിയോൺ ഗ്രീൻ നിറത്തിലാക്കിയിരിക്കുന്നു.

@Pallathuruthy

ഞങ്ങൾ വാഹനത്തിന്റെ അകത്തേക്ക് പ്രവേശിച്ചു. ഇന്റീരിയറിലുമുണ്ട് ക്രേസ് പ്ലസിന് ഏറെ പുതുമകൾ. ക്രേസ് പാറ്റേണിൽ തന്നെയാണ് സീറ്റിൽ സൃഷ്ടിച്ചിട്ടുള്ള നിയോൺ ഗ്രീൻ സ്റ്റിച്ചിങ്ങുകൾ. ഇതിനു പുറമേയാണ് എ സി വെന്റുകൾക്കു ചുറ്റിലുമുള്ള നിയോൺ ഗ്രീൻ ഇൻസേർട്ടുകളും സെന്റർ കൺസോളിലുള്ള ക്രേസ് ബാഡ്ജിങ്ങും. ക്രേസ് എന്നും ക്രേസ് പ്ലസ് എന്നുമുള്ള വേരിയന്റുകളിൽ ക്രേസ് പ്ലസ് എന്ന ഉയർന്ന വേരിയന്റാണ് ഈ യാത്രയിൽ ഞങ്ങൾക്കൊപ്പമുള്ളത്. സാേങ്കതിക സംവിധാനങ്ങളുടെ കാര്യത്തിലും സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ടാറ്റ ഇന്ന് മറ്റ് വാഹനങ്ങൾക്കെല്ലാം തന്നെ മാതൃകയാണെന്ന് ടാറ്റയുടെ പുതിയ കാറുകൾ അനുഭവിച്ചറിയുകയും ഉപയോഗിക്കുകയും ചെയ്ത എല്ലാവർക്കും തന്നെ അറിയാവുന്ന കാര്യമാണ്. ജാഗ്വർ ലാൻഡ് റോവർ ഏറ്റെടുത്തശേഷം ടാറ്റ നിർമ്മിച്ചിട്ടുള്ള എല്ലാ വാഹനങ്ങളും തന്നെ നിർമ്മിതിയിൽ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതാണ്. ടിയാഗോയുടേയും ടിഗോറിന്റേയും ഹെക്‌സയുടേയും നെക്‌സോണിന്റേയും വരവോടെ ടാറ്റ മോട്ടോഴ്‌സിന്റെ കാറുകൾ ജനപ്രിയതയുടെ പാരമ്യത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഞങ്ങൾ ആലപ്പുഴയിലേക്കുള്ള യാത്രയിലാണ്. ബ്ലൂടൂത്തോടു കൂടിയ ഹാർമൻ കാർഡൻ മ്യൂസിക് സിസ്റ്റമാണ് നെക്‌സോൺ ക്രേസ് പ്ലസിലടക്കം ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ ടാറ്റ കാറുകളിലുമുള്ളത്. ഏറ്റവും ശബ്ദസുഭഗതയോടു കൂടിയ സംഗീതം തന്നെ ശ്രവിക്കാൻ നമുക്കത് അവസരമൊരുക്കുന്നുണ്ട്. നാല് സ്പീക്കറുകളുള്ളതിനാൽ ശബ്ദക്രമീകരണം എല്ലായിടത്തും തെളിവാർന്നതാണ്. യു എസ് ബി കോംപാക്ടബിലിറ്റിയും ബ്ലൂടൂത്ത് കോംപാക്ടബിലിറ്റിയും എം പി 3 പ്ലേബാക്കും റേഡിയോയും സ്റ്റീയറിങ് മൗണ്ട് കൺട്രോളുകളുമെല്ലാം ക്രേസ് പ്ലസിലുണ്ട്. സുരക്ഷിതത്വത്തിനും വലിയ പ്രാമുഖ്യമാണ് നൽകപ്പെട്ടിട്ടുള്ളത്. രണ്ട് എയർ ബാഗുകൾ, എ ബി എസ്, ഇ ബി ഡി, ബ്രേക്ക് അസിസ്റ്റ്, പാർക്കിങ് സെൻസറുകൾ, പിന്നിൽ എ സി വെന്റുകളോടു കൂടിയ ഓട്ടോമാറ്റിക് ക്ലൈമാറ്റിക് കൺട്രോൾ, കൂൾഡ് ഗ്ലോബോക്‌സ്, ഷാർക്ക് ഫിൻ ആന്റിന, പവർ വിൻഡോസ്, ഇലക്ടിക്കലി അഡജസ്റ്റബിൾ മിററുകൾ തുടങ്ങിയവയെല്ലാം തന്നെ ഇതിലുണ്ട്. നെക്‌സോൺ ക്രേസിന്റെ എക്‌സ് എം വേരിയന്റിനേയും എക്‌സ് ടി വേരിയന്റിനേയും അധിഷ്ഠിതമാക്കിയാണ് ക്രേസ് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ട് നെക്‌സോൺ എക്‌സ് സീയിലും എക്‌സ് സീ പ്ലസിലുമുള്ള ചില ഫീച്ചറുകൾ (ടച്ച് സ്‌കീൻ ഇൻഫോടെയ്‌മെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, എൽ ഇ ഡി ഡേ ലൈറ്റ് റണ്ണിങ് ലാമ്പോടു കൂടിയ പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, റിയർ പാർക്കിങ് ക്യാമറ, ഉയരം അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, പുഷ് ബട്ടൻ സ്റ്റാർട്ട്) ഇവയിലില്ല.

ഹൈവേയിലൂെട കുതിച്ചുപായുകയാണ് നെക്‌സോൺ ക്രേസ് പ്ലസ്. നെക്‌സോണുമായി എഞ്ചിനിൽ നെക്‌സോൺ ക്രേസിന് വ്യത്യാസമൊന്നുമില്ല. പെട്രോൾ ഡീസൽ എഞ്ചിനുകളിൽ ഇക്കോ, സിറ്റി, സ്‌പോർട്ട് മോഡുകളോടെയാണ് ക്രേസും വന്നിട്ടുള്ളത്. 1.2 ലിറ്റർ പെട്രോൾ എഞ്ചിന് 108 ബി എച്ച് പി ശേഷിയും 170 ന്യൂട്ടൺ മീറ്റർ ടോർക്കുമാണുള്ളതെങ്കിൽ 1.5 ഡീസൽ എഞ്ചിന് 108 ബി എച്ച് പി ശേഷിയും 260 ന്യൂട്ടൺ മീറ്റർ ടോർക്കുമാണുള്ളത്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ ഈ രണ്ടു വേരിയന്റുകളിലും ടാറ്റ നൽകിയിട്ടുള്ളു. ഞങ്ങളുടേത് ഡീസൽ ക്രേസ് പ്ലസാണ്. അനായാസം വാഹനം ഏതു നിരത്തിലും കൈകാര്യം ചെയ്യാമെന്നതാണ് നെക്‌സോൺ കോംപാക്ട് എസ് യു വിയുടെ ഏറ്റവും വലിയ സവിശേഷത. ഹൈവേയിൽ പലയിടത്തും മഴ മൂലം ഗർത്തങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നെക്‌സോണിന് അതൊന്നും ഒരു സംഭവമേയല്ല എന്ന മട്ടിലാണ് സഞ്ചാരം. 209 എം എം ഗ്രൗണ്ട് ക്ലിയറൻസുള്ള വാഹനമായതിനാൽ അടിതട്ടുമെന്ന ഭയമേ വേണ്ട. ഒരു യാത്രയ്ക്കു വേണ്ട എല്ലാ സാമഗ്രികളും കൊണ്ടുപോകുന്നതിനായി 350 ലിറ്റർ ബൂട്ട് സ്‌പേസുമുണ്ട്. 44 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷിയെന്നതിനാ ൽ ഫുൾ ടാങ്ക് അടിച്ചശേഷം ദിവസങ്ങളോളം ഇന്ധനമടിക്കുന്നത് മറക്കുകയും ചെയ്യാം.മുന്നിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് നെക്‌സോൺ ക്രേസ് പ്ലസിലുള്ളത്. കോയിൽ സ്പ്രിങ്ങോടു കൂടിയ ഇൻഡിപെൻഡ് മക്‌ഫേഴ്‌സൺ ഡ്യുവൽ പാത്ത് സ്ട്രറ്റ് സസ്‌പെൻഷനാണ് മുന്നിലെങ്കിൽ പിന്നിൽ ഷോക്ക് അബ്‌സോർബറോടു കൂടിയ, കോയിൽ സ്പ്രിങ്ങുള്ള ട്വിസ്റ്റ് ബീം സസ്‌പെൻഷനാണ്. അകത്ത് തെല്ലും കുലുക്കം പോലും ദുർഘട പാതകളിൽ പോലും അനുഭവപ്പെടില്ലെന്ന് ചുരുക്കം.

@ Kayalppuram Church where several Malayalam films were shot

ആലപ്പുഴ പട്ടണത്തിന്റെ പല ഭാഗങ്ങളിൽ പ്രളയം കാര്യമായ നാശം വിതച്ചിരുന്നു. എന്നാൽ സജിയ്‌ക്കൊപ്പം ആലപ്പുഴ ബീച്ചിന്റെ എതിർവശത്തുള്ള പനോരമിക് സീ റിസോർട്ടിലേക്കാണ് ഞങ്ങൾ പോയത്. നെക്‌സൽ ഗ്രൂപ്പിന്റെ കീഴിലുള്ള റിസോർട്ടാണത്. റിസോർട്ടിലെ ജീവനക്കാർ ഞങ്ങളെ എതിരേറ്റു. റിസോർട്ടിലെ വിശ്രമത്തിനുശേഷം ഞങ്ങൾ കുട്ടനാട്ടിലേക്കുള്ള യാത്രയ്ക്ക് തയാറായി. നേരത്തെ ടാറ്റയുടെ ഇൻഡിക്കയും ഹ്യുണ്ടായ് സാൻട്രോയുമൊക്കെ ഉപയോഗിച്ചിരുന്ന സജി കൊച്ചിയിലെ ഓഫീസിനടുത്തുവച്ച് വളരെ അവിചാരിതമായി നെക്‌സോൺ കണ്ട് ടാറ്റ ഡീലറായ കോൺകോഡിൽ അതേപ്പറ്റി തിരക്കാനെത്തിയതാണ്. പക്ഷേ ഒറ്റനോട്ടത്തിൽ തന്നെ നെക്‌സോൺ മനം കവർന്നു. അധികം താമസിയാതെ ബുക്ക് ചെയ്യുകയും ചെയ്തു. ഭാര്യ രാജിക്കും മക്കളായ അന്ന മറിയയ്ക്കും മിന്ന മറിയയ്ക്കുമൊക്കെ വാഹനം നന്നേ ഇഷ്ടപ്പെടുകയും ചെയ്തു. ആലപ്പുഴ പട്ടണത്തിലൂടെ കടന്നുപോകുന്ന സമയത്ത് ആലപ്പുഴയ്ക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചായിരുന്നു സജിയുടെ സംസാരം. നിരത്തിന്റെ ഇരുവശങ്ങളിലും ഹോം സ്റ്റേകളും റിസോർട്ടും കൂണുപോലെ മുളപൊട്ടിയിരിക്കുന്നു. വിദേശ സഞ്ചാരികളാണ് എവിടേയും. ബീച്ചിന്റെ അരികിൽ നെക്‌സോൺ ക്രേസിനൊപ്പം ചില ചിത്രങ്ങൾക്കായി സജി പോസ് ചെയ്തു.

കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിലൂടെയാണ് ഇപ്പോൾ യാത്ര. പലയിടത്തും റോഡുകൾ താറുമാറായി കിടക്കുന്നു. വീടുകളിലേക്ക് വെള്ളമിറങ്ങിയിട്ടും ഇനിയും ധാരാളം പേർ മടങ്ങിയെത്താനുണ്ട്. ‘കുട്ടനാട്ടിൽ തന്റെ ജീവിതകാലത്ത് ഇങ്ങനെയൊരു പ്രളയം കണ്ടിട്ടില്ലെന്നാണ് പ്രായമായവർ പറയുന്നത്. പക്ഷേ കുട്ടനാട് ഈ മഹാപ്രളയത്തേയും അതിജീവിച്ചിരിക്കുന്നു,’ സജി. പള്ളാത്തുരുത്തിപ്പാലത്തിനടുത്ത് ഹൗസ് ബോട്ടുകളൊക്കെ സജീവമായിത്തുടങ്ങി. വിദേശ വിനോദസഞ്ചാരികളും ധാരാളമായി എത്തുന്നുണ്ട്. ഹൗസ് ബോട്ടിന്റെ പശ്ചാത്തലത്തിലും നെക്‌സോൺ ചില ചിത്രങ്ങൾക്കായി പോസ് ചെയ്തു. നേരത്തെ ആലപ്പുഴ ലൈറ്റ്ഹൗസിന്റെ പശ്ചാത്തലത്തിലും ചില ചിത്രങ്ങളെടുത്തിരുന്നു.

@ Kadalppalam beach, Alapuzha

ലാൽ ജോസിന്റെ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ചിത്രീകരിച്ച ലൊക്കേഷനായ കായൽപ്പുറം പള്ളി പരിസരത്തേക്കാായിരുന്നു പിന്നീട് ക്രേസിന്റെ സഞ്ചാരം. 1888ലാണ് സെന്റ് ജോസഫ് ചർച്ച് സ്ഥാപിക്കപ്പെട്ടത്. കായലിനോട് ചേർന്നു കിടക്കുന്ന പള്ളിയായതുകൊണ്ടാണ് ആ പേര് പള്ളിക്ക് ലഭിച്ചത്. പ്രളയബാധിത പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യാനുള്ള കുടിവെള്ളം കന്നാസുകളിൽ നിറയ്ക്കുന്ന തിരക്കിലായിരുന്നു വികാരിയച്ചൻ. പള്ളിയുടെ പശ്ചാത്തലത്തിൽ നെക്‌സോൺ ക്രേസുമായി ഒരു ചിത്രമെടുക്കാൻ താൽപര്യമുണ്ടെന്നറിഞ്ഞപ്പോൾ ഫാദർ അതിനു സമ്മതം മൂളി. പള്ളിയുടെ മുൻവശത്ത് കായൽപ്പുറമാണ്. തെങ്ങിൻ തോപ്പുകൾക്കിടയിലൂടെ പള്ളിയുടെ ഒരു ചിത്രം ഒപ്പിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഫോട്ടോഗ്രാഫറായ ജോണി തോമസ്.

above the canal

തിരികെയുള്ള യാത്രയിൽ പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപവും സന്ദർശിക്കാൻ ഞങ്ങൾ സമയം കണ്ടെത്തി. ജന്മിമാരുടെ ചൂഷണങ്ങൾക്കെതിരെ ആലപ്പുഴയിലെ കർഷകത്തൊഴിലാളികളും കർഷകരും കമ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരമായിരുന്നു പുന്നപ്ര വയലാർ സമരം. ജന്മിമാരെ പിന്തുണച്ചിരുന്ന ഭരണകൂടത്തിനെതിരെക്കൂടി സമരം വ്യാപിച്ചതോടെ ദിവാൻ സർ സി പി രാമസ്വാമി അയ്യർ അത് അടിച്ചമർത്താൻ തുനിഞ്ഞു. 72 വർഷങ്ങൾക്ക്ു മുമ്പ് ഒരു ഒക്ടോബർ മാസത്തിൽ 24 27 കാലയളവിലാണ് സായുധ പൊലീസിന്റെ യന്ത്രത്തോക്കുകൾക്കുനേരെ തൊഴിലാളികൾ വാരിക്കുന്തവും കല്ലുമൊക്കെയായി എതിരിട്ടത്. 190 പേരാണ് പൊലീസ് വെടിവയ്പിൽ മരിച്ചതെന്നാണ് ഔദ്ദ്യോഗിക കണക്കുകൾ.

A warm welcome to the resort

ആലപ്പുഴയിൽ നിന്നും തിരികെ കൊച്ചിയിലേക്ക് യാത്ര ചെയ്യുമ്പോഴും യാത്രികരുടെ മനസ്സ് കുട്ടനാടൻ കഥകൾക്കൊപ്പമായിരുന്നു. നെക്‌സോൺ ക്രേസിലെ യാത്ര ഞങ്ങൾക്ക് ഒരു ക്ഷീണവുമുണ്ടാക്കിയില്ല. പൊട്ടിപ്പൊളിഞ്ഞ നിരത്തുകളായിരുന്നിട്ടുപോലും വലിയ കുലുക്കങ്ങളൊന്നുമില്ലാതെ നെക്‌സോൺ ക്രേസ് ഞങ്ങളെ കൊണ്ടുനടന്നു, കൊടുംചൂടിലും കുളിർമ്മ പകർന്നു. പുതിയ കാലത്തിലേക്കുള്ള ഒരു വാഹനവിപ്ലവമാണ് ടാറ്റയുടെ നെക്‌സോൺ ക്രേസ്. പുന്നപ്ര വയലാർ സമരത്തിലെന്നപോലെ ഒരു മാറ്റത്തിന്റെ കാഹളം!$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>