Bold & Pretty: Hyundai Santro Dayout!
March 11, 2019
Mercedes-Benz launches the new AMG C 43 4MATIC Coupe at Rs. 75 lac
March 15, 2019

വ്യത്യസ്തനാമൊരു ബാർബർ!

ദാസ് ചേന്ദമംഗലം ഓട്ടോമൊബൈൽ വിപണി പശ്ചാത്തലമാക്കി താൻ രചിച്ച മലയാളത്തിലെ ആദ്യ നോവലുമായി

വാഹന നിർമ്മാണരംഗം പശ്ചാത്തലമാക്കി മലയാളത്തിൽ ഒരു നോവൽ. രചയിതാവ് പത്താം ക്ലാസ്സിൽ പരാജയപ്പെട്ട് ബാർബർ തൊഴിലെത്തിയ 68-കാരനായ ഒരാൾ. ദാസ് ചേന്ദമംഗലത്തിന്റെ ‘ഇന്നലെയെന്നപോലെ’ എന്ന നോവലിന്റെ പിന്നാമ്പുറക്കഥ തേടി സ്മാർട്ട് ഡ്രൈവ് എത്തിയത് പി സി ദാസൻ എന്ന ബാർബറുടെ ഷോപ്പിൽ.

ജെ ബിന്ദുരാജ്

ദാരിദ്ര്യത്തിന്റേയും ജാതീയതയുടേയും ജീവിതദുരന്തങ്ങളുടേയും പടുകുഴിയിൽ വീണുകിടന്നിരുന്ന ഒരു ഗ്രാമീണ കുടുംബത്തിലെ യുവാവ് അമ്മയെ ഒറ്റയ്ക്കാക്കി ഒരു ദിവസം ആരോരുമറിയാതെ മദ്രാസിലേക്ക് ഒളിച്ചോടുന്നു. ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പുകളിൽ തൊഴിലെടുത്ത പരിചയം മുൻനിർത്തി മദ്രാസിലുള്ള സഹപാഠി അയാൾക്ക് മാരുതി സുസുക്കിയുടെ ഇന്ത്യയിലെ നിർമ്മാണപ്ലാന്റിൽ ജോലി തരപ്പെടുത്തിക്കൊടുക്കുന്നു. മികച്ച പ്രകടനം കമ്പനി ശ്രദ്ധിച്ചതിനെ തുടർന്ന് ജപ്പാനിലെ സുസുക്കി കമ്പനിയിലേക്ക് അയാൾക്ക് സ്ഥലംമാറ്റം ലഭിക്കുന്നു. തൊഴിൽ മികവിലെ പ്രാഗത്ഭ്യം അയാളെ കാർ രൂപകൽപന രംഗത്തേക്ക് എത്തിക്കുന്നു. അമേരിക്കയിൽ നടന്ന ഓട്ടോഷോയിൽ ജപ്പാനീസ് കാർ നിർമ്മാതാവിനായി ഇദ്ദേഹം നിർമ്മിച്ച കാർ ഒന്നാം സ്ഥാനത്തിന് അർഹമാകുന്നു. വിജയശ്രീലാളിതനായിരിക്കുമ്പോൾ നാട്ടിൽ ഒറ്റയ്ക്കു കഴിയുന്ന അമ്മയേയും എവിടെയാണെന്ന് അറിയാത്ത അച്ഛനേയും തേടി അയാൾ തിരികെ തന്റെ ഗ്രാമത്തിലേക്ക് എത്തുന്നു. ഗ്രാമത്തിൽ അയാളെ കാത്തിരിക്കുന്നത് വിസ്മയിപ്പിക്കുന്ന
കാഴ്ചകളാണ്.

അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധിക്കും എൻ ഡി തീവാരിക്കുമൊപ്പം 1983 ഡിസംബർ 14-ന് ദൽഹിയിൽ മാരുതി ഫാക്ടറി ഉൽഘാടനം ചെയ്യുന്നതിനു മുമ്പ് ഫാക്ടറി സന്ദർശിച്ചപ്പോൾ

ഈയിടെ പുറത്തിറങ്ങിയ ഒരു മലയാള നോവലിന്റെ ഇതിവൃത്തമാണിത്. അത്ര മികച്ചതൊന്നുമല്ല ഈ നോവൽ. കുറ്റങ്ങളും കുറവുകളും ഏറെയുണ്ട്. പക്ഷേ വാഹന നിർമ്മാണരംഗം പശ്ചാത്തലമാക്കി, ഇന്ത്യയിലേയും വിദേശത്തേയുമൊക്കെ വർത്തമാനങ്ങൾ വർണിക്കുന്ന ഇത്തരമൊരു നോവൽ മലയാളത്തിൽ ഇദംപ്രഥമമാണ്. ഇതെഴുതിയതാകട്ടെ പത്താം ക്ലാസ്സ് വിജയിക്കാത്ത, ബാർബറായി തൊഴിലെടുക്കുന്ന ഒരു അറുപത്തിയെട്ടുകാരനും. ദാസ് ചേന്ദമംഗലം എന്ന തൂലികാനാമത്തിൽ പി സി ദാസൻ എന്ന ഗ്രാമീണൻ ‘ഇന്നലെയെന്ന പോലെ’ ഈ നോവൽ രചിച്ചതാകട്ടെ ഏതാണ്ട് ഒരു വർഷം സമയമെടുത്തും. എഴുപതുകളുടെ തുടക്കത്തിൽ മദ്രാസിലെ ഒരു സീഫുഡ് കമ്പനിയിൽ മൂന്നു വർഷം തൊഴിലെടുത്തതൊഴിച്ചാൽ ചേന്ദമംഗലം എന്ന ചെറുഗ്രാമത്തിൽ നിന്നും മാറി നിന്നിട്ടില്ലാത്ത ഈ ബാർബർ ഓട്ടോമൊബൈൽ വ്യവസായരംഗത്തെപ്പറ്റി പഠിച്ചത് സുഹൃത്തുക്കളിൽ നിന്നും ഓട്ടോമൊബൈൽ ഡീലർഷിപ്പുകളിൽ തൊഴിലെടുത്തവരിൽ നിന്നുമായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം. നോവലിലെ കഥാനായകനായ പ്രസാദിന്റെ ജപ്പാനിലേക്കുള്ള യാത്രയും അവിടത്തെ പ്രവർത്തനങ്ങളുമെല്ലാം കൺമുമ്പിലെന്നപോലെയാണ് ദാസൻ വർണിക്കുന്നത്.

അവിചാരിതമായാണ് സ്മാർട്ട് ഡ്രൈവിന്റെ കണ്ണിൽ ഈ ചെറു നോവൽ പെടുന്നത്. 1948-ലെ ചേന്ദമംഗലത്തെ പാലിയം സത്യഗ്രഹവും എ ജി വേലായുധന്റെ രക്തസാക്ഷിത്വവുമൊക്കെ പശ്ചാത്തലമാക്കിക്കൊണ്ട്, ചരിത്രത്തെ കൂട്ടുപിടിച്ചുള്ള സഞ്ചാരം അറുപത്തെട്ടുകാരനായ നോവലിസ്റ്റ് ഓട്ടോമൊബൈൽ വ്യവസായരംഗത്തേക്ക് എത്തിക്കുന്നതിന്റെ കൗതുകകരമായ കാഴ്ചയാണ് നോവലിസ്റ്റിനെപ്പറ്റി തിരക്കാൻ സ്മാർട്ട് ഡ്രൈവിനെ പ്രേരിപ്പിച്ചത്. കൗതുകകരമായ ഈ അന്വേഷണമാണ്, ചേന്ദമംഗലത്ത് പാലിയം നടയ്ക്കടുത്തുള്ള ചെറിയൊരു ബാർബർ ഷോപ്പിലേക്ക് ഞങ്ങളെ കൊണ്ടെത്തിച്ചത്. മുടിവെട്ടിക്കൊണ്ടിരുന്ന മകൻ രഞ്ജിത്തിനടുത്ത് ഒരു പുസ്തകവും വായിച്ചുകൊണ്ടിരിക്കുന്ന കുറ്റിത്താടി രോമങ്ങളുള്ള പി സി ദാസനിൽ, ‘ദാസ് ചേന്ദമംഗലം’ എന്ന വ്യത്യസ്തനായ എഴുത്തുകാരനെ ഞങ്ങൾ കണ്ടെത്തി. സ്മാർട്ട് ഡ്രൈവിൽ നിന്നാണെന്നു കേട്ടപ്പോൾ തെല്ലൊരു അത്ഭുതത്തോടെ അദ്ദേഹം എതിരേറ്റു.

ചേന്ദമംഗലത്തെ ഗ്രാമപ്രദേശത്ത് എഴുപതുകളുടെ മധ്യത്തിൽ മുതൽ ബാർബർ ഷോപ്പിട്ട് കഴിയുന്ന ഒരാൾക്ക് എങ്ങനെയാണ് ആഗോള വാഹനലോകത്തിന്റെ കഥ പശ്ചാത്തലമാക്കി ഒരു നോവൽ എഴുതാനാകുന്നതെന്ന് അറിയാനുള്ള കൗതുകമായിരുന്നു ഞങ്ങൾക്ക്. ദാസിനാകട്ടെ ആ കഥ പറയാൻ അതീവ ഉത്സാഹവുമായിരുന്നു. ”മാരുതി സുസുക്കി ഇന്ത്യയിൽ കാറുകൾ നിർമ്മിക്കാൻ ആരംഭിച്ച ഒരു കാലയളവിലാണ് ഞാൻ ചേന്ദമംഗലത്ത് ബാർബർ ഷോപ്പിന് തുടക്കമിടുന്നത്. അക്കാലത്തു തന്നെ ആ വാർത്തകൾ എന്നിൽ വല്ലാതെ കൗതുകമുണർത്തിയിരുന്നു. ചെന്നൈയിലേക്ക് നാടുവിടുന്ന പ്രസാദിൽ എന്റെ വ്യക്തിജീവിതവുമായി ബന്ധമുണ്ടെങ്കിലും പതിനാറു വർഷങ്ങൾക്കു മുമ്പ് ഒരു സുഹൃദ് സദസ്സിൽ വച്ചുകേട്ട ഒരു സുഹൃത്തിന്റെ ദുരന്തകഥയാണ് നോവലിന്റെ രചനയിലേക്ക് എന്നെ കൊണ്ടെത്തിച്ചത്,” ദാസ് പറയുന്നു.

Das Chendamangalam

”ഒരു ടുവീലർ മാത്രം ഉപയോഗിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാൻ. പക്ഷേ വാഹന നിർമ്മാണരംഗത്തെക്കുറിച്ചു വരുന്ന വാർത്തകളും വിവരങ്ങളും ഞാൻ ശേഖരിക്കുകയും അവ സസൂക്ഷ്മം പഠിക്കുകയും ചെയ്തു. വാഹന ഡീലർഷിപ്പുകളിൽ തൊഴിലെടുക്കുന്നവരോട് സംശയങ്ങൾ ചോദിച്ചു. പല വിവരങ്ങളും ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സ്മാരക ഗ്രാമീണ വായനശാലയിലെ ഗ്രന്ഥശേഖരത്തിൽ നിന്നും കണ്ടെത്തി നോവൽ രചനയ്ക്ക് ഉപയോഗപ്പെടുത്തി,” ദാസ് ചേന്ദമംഗലം നോവലെഴുത്തിന്റെ വഴികൾ പങ്കുവച്ചു. ”വാഹനം എല്ലാക്കാലത്തും എനിക്ക് ഒരു അത്ഭുതമായിരുന്നു. വാഹനവുമായി ബന്ധപ്പെട്ടുകിടക്കുന്ന നോവൽ വാഹനവിപണിയിൽ മാരുതി സുസുക്കി എന്ന കമ്പനി ഇന്ത്യയിൽ കൈവരിച്ച നേട്ടവും പ്രസാദ് എന്ന ഗ്രാമീണൻ ആ കമ്പനിയിലെ ജോലിയിലൂടെ നേടിയെടുത്ത ജീവിതവിജയവുമായി മാറിയത് തികച്ചും യാദൃച്ഛികം മാത്രം,” ദാസ് പറയുന്നു. ആലുവ ശാരിക എന്ന നാടകസംഘവുമായി ചേർന്ന് പ്രൊഫഷണൽ നാടകരംഗത്തും നാട്ടിലെ അമേച്വർ നാടകരംഗത്തുമൊക്കെ നടൻ എന്ന നിലയിൽ സജീവമാണ് ഇന്ന് ഈ അറുപത്തെട്ടുകാരൻ.

ഇന്റർനെറ്റ് ഉപയോഗിക്കാനറിയാത്തതിനാൽ അതിൽ നിന്നും വിവരശേഖരണം ദാസിന് നടത്താനായില്ല. അതുമൂലം ചില പരിമിതികളും പശ്ചാത്തലകേന്ദ്രീകൃതമായ അബദ്ധങ്ങളും നോവലിസ്റ്റിന് പിണഞ്ഞിട്ടുമുണ്ട്. പക്ഷേ അവയൊന്നും തന്നെ എഴുത്തുകാരനെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്നും ഞങ്ങളെ പിന്നോട്ടടിച്ചില്ല. 1969-ൽ പത്താം ക്ലാസിൽ മൂന്നു വിഷയങ്ങളിൽ മാത്രം ജയിക്കാനായ ദാസന് അന്നത്തെ പരീക്ഷയിൽ സ്‌കൂളിൽ ഏറ്റവും മാർക്ക് നേടിയ മേരി എന്ന പെൺകുട്ടിയേക്കാൾ മലയാളത്തിന് രണ്ടു മാർക്ക് അധികവുമുണ്ടായിരുന്നു. ഭാഷയോടും എഴുത്തിനോടും സ്‌നേഹമുള്ള ദാസൻ അക്കാലത്തു തന്നെ ചെറുകഥകളും എഴുതുമായിരുന്നു. നോവൽ സമർപ്പിച്ചിട്ടുള്ളത് തന്റെ സ്‌കൂളിലെ അന്നത്തെ പ്രധാന അധ്യാപികയ്ക്കാണെന്നത് പത്താം ക്ലാസിൽ പരാജയപ്പെട്ടിട്ടും ദാസന് സ്‌കൂളിനോടും അധ്യാപകരോടുമുള്ള സ്‌നേഹവും പ്രകടമാക്കുന്നുണ്ട്. പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സി പി ഐ) ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിക്കുമ്പോഴും എഴുതാനുള്ള തന്റെ കഴിവ് പലവട്ടം അദ്ദേഹം പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്.

ചേന്ദമംഗലത്തിനടുത്ത വടക്കുംപുറത്ത് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ദാസന്റെ അടുത്ത സുഹൃത്തായിരുന്നത് ഒരു ബാർബറായിരുന്നു. അക്കാലത്തു തന്നെ തൊഴിൽ പഠിച്ചെടുത്തെങ്കിലും അത് തൊഴിലാക്കിയിരുന്നില്ല. മദ്രാസിൽ സീഫുഡ് ഫാക്ടറിയിൽ ജോലി ചെയ്യവേ അമ്മയ്ക്ക് സുഖമില്ലാതായതോടെയാണ് ദാസൻ തിരികെ നാട്ടിലെത്തുന്നതും അമ്മയെ സംരക്ഷിക്കാൻ മദ്രാസിലെ തൊഴിൽ ഉപേക്ഷിച്ച്, ചേന്ദമംഗലത്തെ ബാർബറായിരുന്ന അന്തപ്പനാശാന് ദക്ഷിണ നൽകി ബാർബർ തൊഴിലിലേക്ക് കടന്നതും. “മദ്രാസിൽ നിന്നും തിരിച്ചെത്തിയ സമയത്ത് സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ടാണ് അനുഭവിച്ചത്. അച്ഛനുമമ്മയ്ക്കും പ്രായമായതിനാൽ അവർക്ക് ജോലിക്ക് പോകാൻ കഴിയുമായിരുന്നില്ല. അങ്ങനെയാണ് ഈ കൊച്ചു പീടിക മുറിയിൽ ബാർബർ ഷോപ്പ് തുടങ്ങിയതും ജീവിതം പതിയെ മുന്നോട്ടു നീങ്ങിയതും,” ദാസ് പറയുന്നു.

ദാസ് ചേന്ദമംഗലത്തിന്റെ നോവൽ – ‘ഇന്നലെയെന്നപോലെ’

തൃശൂരിലെ പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ് ആണ് ദാസിന്റെ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1000 കോപ്പികളാണ് അടിച്ചത്. അതിൽ ഇരുനൂറോളം കോപ്പികൾ 2018 ഓഗസ്റ്റിൽ ചേന്ദമംഗലത്തുണ്ടായ പ്രളയത്തിൽ നഷ്ടപ്പെട്ടു. മൂന്നൂറോളം കോപ്പികളാണ് ഇതുവരെ വിറ്റഴിഞ്ഞത്. പതിനാറായിരം രൂപയോളം അച്ചടിയിനത്തിൽ ദാസിന് ചെലവായിട്ടുണ്ടെന്നിരിക്കേ, നോവൽ അച്ചടിച്ചതിലൂടെ ദാസിന് നഷ്ടമേ ഉണ്ടായിട്ടുള്ളു. പക്ഷേ തന്റെ സ്‌കൈലാബ് എന്ന പാലിയം നടയിലെ ബാർബർ ഷോപ്പിനു പുറത്ത് അഭിമാനത്തോടെ ദാസ് ഒരു ബോർഡ് വച്ചിട്ടുണ്ട് : ”ദാസ് ചേന്ദമംഗലം എഴുതിയ ഇന്നലെയെന്നപോലെ എന്ന നോവൽ ഇവിടെ കിട്ടും.”
മുടി വെട്ടിനുള്ള കൂലിയായി 80 രൂപ നൽകുന്ന സഹൃദയർ പലരും ദാസിന്റെ നോവൽ ഇന്ന് 150 രൂപ മുടക്കി വാങ്ങിക്കുന്നുണ്ട്. വായിക്കുന്നവർ ദാസിനെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്യുന്നു. മലയാളത്തിൽ വാഹന നിർമ്മാണരംഗം പശ്ചാത്തലമാക്കിയ ആദ്യ നോവൽ എന്ന വിശേഷണം എന്തായാലും ദാസ് ചേന്ദമംഗലത്തിന്റെ ഈ നോവലിനു തന്നെ$

Copyright: Smartdrive- March 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>