BS6 Honda CD 110 Dream launched at Rs 62,729
June 2, 2020
Ashok Leyland launches India’s First AVTR BS VI Modular Trucks
June 4, 2020

ഇന്ത്യയിലാദ്യമായി കസ്റ്റമൈസ് ചെയ്യാനാകുന്ന “അവതാർ” മോഡുലാർ ട്രക്കുമായി അശോക് ലൈലാൻഡ്

ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം ഇനി മുതൽ അശോക് ലൈലാൻഡ് ട്രക്കുകൾ കസ്റ്റമൈസ് ചെയ്യാം. ചേസിസ് മുതൽ എഞ്ചിൻ വരെയും ക്യാബിൻ മുതൽ സസ്‌പെൻഷൻ വരെയും തെരഞ്ഞെടുക്കാൻ അവതാർ മോഡുലാർ ട്രക്കുകളിലൂടെ സാധിക്കും.

ജെ ബിന്ദുരാജ്

അശോക് ലൈലാൻഡ് “അവതാർ” എന്ന പേരിൽ മോഡുലാർ ട്രക്ക് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നു. ഐ-ജെൻ 6 ബി എസ്6 ടെക്‌നോളജിയോടു കൂടിയാണ് പുതിയ മോഡുലാർ ട്രക്ക് പ്ലാറ്റ്‌ഫോമിന്റെ പിറവി. പഴയ പ്ലാറ്റ്‌ഫോമിലുള്ള വാഹനങ്ങളേക്കാൾ മോഡുലാർ പ്ലാറ്റ്‌ഫോമിലുള്ള വാഹനങ്ങൾ വില അൽപം കൂടുമെങ്കിലും ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം വാഹനത്തിന്റെ ഭാഗങ്ങൾ തങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി കസ്റ്റമൈസ് ചെയ്യാമെന്നത് ഇതിനെ വ്യത്യസ്തമാക്കുന്നു. അവതാർ റേഞ്ചിൽ ടിപ്പറുകളും ട്രാക്‌റുകളും ഹൗലേജുകളുമെല്ലാം ഉണ്ടാകും. 500 കോടി രൂപയിലധികം മുതൽ മുടക്കിലാണ് പുതിയ ട്രക്ക് സീരീസ് അശോക് ലൈലാൻഡ് വികസിപ്പിച്ചെടുത്തത്. വാഹനത്തിൽ അഞ്ച് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളും ഉണ്ടാകും.

അവതാർ മോഡുലാർ ട്രക്കുകൾ അവതരിപ്പിച്ച വിർച്വൽ പ്രസ്സ് കോൺഫറൻസിൽ അശോക് ലൈലാൻഡ് മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ വിപിൻ സോന്ധി

ഇന്ത്യയ്ക്കു പുറമേ, മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലുമൊക്കെ അശോക് ലൈലാൻഡ് ട്രക്കുകൾ വിൽക്കപ്പെടുന്നുണ്ടെന്നതിനാൽ റൈറ്റ് ഹാൻഡ് ഡ്രൈവിനു പുറമേ, ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ഓപ്ഷനുകളും മോഡുലാർ പ്ലാറ്റ്‌ഫോമിൽ ഉപഭോക്താവിന് തെരഞ്ഞെടുക്കാനാകും. 18.5 ടൺ മുതൽ 55 ടൺ വരെയുള്ള ട്രക്കുകളാണ് അവതാർ റേഞ്ചിൽ അശോക് ലൈലാൻഡ് പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താവ് ഏത് ആവശ്യത്തിനാണോ ട്രക്ക് ഉപയോഗിക്കുന്നത് അതിനനുസൃതമായി കസ്റ്റമൈസ് ചെയ്യാമെന്നതാണ് അവതാറിന്റെ സവിശേഷത. കൺസ്ട്രക്ഷൻ രംഗത്തും മൈനിങ് രംഗത്തും സിമെന്റ് ട്രാൻസ്‌പോർട്ടേഷൻ രംഗത്തുമെല്ലാം ആവശ്യമായത് വ്യത്യസ്ത ട്രക്കുകളായതിനാൽ ഏതു തരത്തിൽ വേണമെങ്കിലും ഉപഭോക്താവിന് വാഹനം കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാനാകും.

‘ഇന്ത്യയിലെ ആദ്യത്തെ മോഡുലാർ ട്രക്ക് പ്ലാറ്റ്‌ഫോമാണ് അശോക് ലൈലാൻഡിന്റേത്. ലോഡ്, വാഹനം സഞ്ചരിക്കുന്ന പാത, ഉപയോഗം, പ്രവർത്തനങ്ങളുള്ള ആവശ്യങ്ങൾ എന്നിവയെല്ലാം അനുസരിച്ച് ഉപഭോക്താക്കൾക്ക് വാഹനം കസ്റ്റമൈസ് ചെയ്യാനാകുന്നത് അവർക്ക് കൂടുതൽ ഫലപ്രദമായി വാഹനത്തെ ഉപയോഗിക്കാൻ സഹായിക്കും. ആക്‌സിൽ കോൺഫിഗറേഷൻ മുതൽ സസ്‌പെൻഷൻ വരെയും എഞ്ചിൻ മുതൽ ടയറുകൾ വരെയും തെരഞ്ഞെടുക്കാൻ ഉപഭോക്താവിന് കഴിയുമെനന്താണ് ഇതിന്റെ പ്രത്യേകത,’ അശോക് ലൈലാൻഡിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അനുജ് കതൂറിയ പറയുന്നു.

ചേസിസിൽ 18, 20, 22 ,24, 26, 28, 30, 32 അടിയുള്ളവ ഉപഭോക്താവിന് തെരഞ്ഞെടുക്കാമെങ്കിൽ എഞ്ചിനിൽ 250 എച്ച് പിയുടേയും 360 എച്ച് പിയുടേയും എഞ്ചിനുകളും 6 സ്പീഡ്, 8 സ്പീഡ്, 7 സ്പീഡ് ട്രാൻസ്മിഷനുകളും സ്റ്റീയറിങ്ങിൽ ലൈഫ്റ്റ് ഹാൻഡും റൈറ്റ് ഹാൻഡും സസ്‌പെൻഷനിൽ 2 സ്റ്റേജ് സസ്‌പെൻഷനും എൻ ആർ എസ് സസ്‌പെൻഷനും ബോഗിൽ സസ്‌പെൻഷനും കസ്റ്റമാർക്ക് തെരഞ്ഞെടുക്കാം. കാബിനുകളുടെ വലുപ്പവും ഏതു തരം ബോഡി വേണമെന്നതും ഉപഭോക്താവിന് തന്നെ നിശ്ചയിക്കാനാകുമെന്ന് അശോക് ലൈലാൻഡ് ചീഫ് ടെക്‌നോളജി ഓഫീസർ ഡോക്ടർ എൻ ശരവണൻ പറയുന്നു.

ഏതാണ്ട് നൂറിലധികം പ്രോട്ടോടെപ്പുകൾ നിർമ്മിക്കുകയും 60 ലക്ഷം കിലോമീറ്റർ ദൂരം വിവിധ ഭൂഭാഗങ്ങളിലൂടെ വാഹനം ഓടിച്ച് ടെസ്റ്റ് ചെയ്യുകയും പാസഞ്ചർ വാഹനങ്ങൾക്ക് ചെയ്യുന്ന ഡബിൾ ലെയ്ൻ ടെസ്റ്റും ഫ്രണ്ട് ക്രാഷ് ടെസ്റ്റും ചെയ്തശേഷമാണ് അശോക് ലൈലാൻഡ് അവതാർ മോഡുലാർ ട്രക്കുകൾ വിപണിയിലെത്തിച്ചിരിക്കുന്നതെന്നതാണ് ഏറ്റവും വലിയ സവിശേഷത.

ഹിന്ദുജ ഗ്രൂപ്പിൽ നിന്നുള്ള ഈ പുതിയ സംരംഭം ലോക വിപണിയിലേക്ക് കടക്കാൻ തങ്ങൾക്ക് കൂടുതൽ അവസരങ്ങളാണ് ഒരുക്കുന്നതെന്ന് അശോക് ലൈലാൻഡ് ഗ്രൂപ്പ് ചെയർമാൻ ധീരജ് ഹിന്ദുജ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>