Hyundai Creta Crosses 5 lakh Sales in Domestic Market
August 11, 2020
Hyundai Cars: Matchless Variety!
August 25, 2020

An Ignis for Everyone!

കവിത എസ് പിള്ളയും ഭർത്താവ് ശ്യാം ഭാസ്‌കർ വി എയും മകൾ അമൃത ശ്യാമും മാരുതി സുസുക്കി ഇഗ്നിസിനൊപ്പം

മാരുതി ഇഗ്‌നിസിൽ കവിതയെപ്പോലെ തന്നെ പൂർണതൃപ്തനാണ് ജേക്കബും. കുടുംബയാത്രികർക്കും പ്രൊഫഷണലുകൾക്കും ദീർഘസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടതായി ഇഗ്‌നിസ് മാറിയിരിക്കുന്നുവെന്ന് നിസ്സംശയം പറയാം.

എഴുത്ത്: ജെ ബിന്ദുരാജ്, ചിത്രങ്ങൾ: അഖിൽ അപ്പു

എറണാകുളത്ത് ധനലക്ഷ്മി ബാങ്കിന്റെ റീജിയണൽ ഓഫീസിൽ അസിസ്റ്റൻറ് മാനേജറായി (ക്രെഡിറ്റ്) തൊഴിലെടുക്കുകയാണ് കവിത എസ് പിള്ള. ഭർത്താവ് ശ്യാം ഭാസ്‌കർ വണ്ടർഷെഫ് അപ്ലെയൻസസിന്റെ റീജിയണൽ മാനേജർ. ഏക മകൾ ഒമ്പതു വയസ്സുള്ള, നാലാം ക്ലാസുകാരി അമൃത ശ്യാം. ഈ മൂന്നു പേരും ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ മിക്കപ്പോഴും സ്റ്റീയറിങ് വീൽ കവിതയുടെ കൈയിലായിരിക്കും. നേരത്തെയുണ്ടായിരുന്ന കാറിന് ചില ബ്ലൈൻഡ് സ്‌പോട്ട് പ്രശ്‌നങ്ങൾ കണ്ടെത്തിയതുകൊണ്ട് കുറച്ചുകാലം മുമ്പ് അവർ തങ്ങളുടെ വീട്ടിലേക്ക് പുതിയൊരു വാഹന പങ്കാളിയെ എത്തിച്ചു. വേറിട്ട സൗന്ദര്യവും വ്യത്യസ്തമായ രൂപഭാവങ്ങളും നിരവധി ഫീച്ചറുകളുമുള്ള ആ കാർ അതിവേഗമാണ് അവരുടെ പ്രിയ വാഹനമായി മാറിയത്. ഏതാണ് വാഹനമെന്നല്ലേ? മാരുതി സുസുക്കി ഇഗ്‌നിസ്. ഇഗ്‌നി സിന്റെ ഓട്ടോഗിയർഷിഫ്റ്റ് മോഡലായ ഡെൽറ്റയിലാണ് ഇപ്പോൾ കുടുംബത്തിന്റെ എല്ലാ യാത്രകളും.

”ഞങ്ങൾ എഎംടി കാർ ആദ്യമായാണ് വാങ്ങുന്നത്. പക്ഷേ ഇഗ്‌നിസിന്റെ ഓട്ടോഗിയർഷിഫ്റ്റ് ഞങ്ങൾക്ക് തീർത്തും അനായാസകരമായ ഒരു അനുഭവമായി ത്തീർന്നു. കെട്ടിലും മട്ടിലുമൊക്കെ വ്യത്യസ്തമായ ലുക്കാണ് ഇഗ്‌നിസിനുള്ളത്. അതാണ് ഞങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ച ഘടകവും. നേരത്തെ ഉപയോഗിച്ചിരുന്ന വാഹനത്തേക്കാൾ സ്ഥലസൗകര്യവും ലെഗ് സ്‌പേസും ഹെഡ് സ്‌പേസുമൊക്കെ ഇഗ്‌നിസിനുണ്ട്,” കവിത പറയുന്നു. യാത്രകൾ ഇഷ്ടപ്പെടുന്നയാളാണ് കവിതയും ശ്യാം ഭാസ്‌കറുമെങ്കിലും ജോലിത്തിരക്കിനിടയിൽ ദീർഘദൂര യാത്രകൾക്ക് അധികം സമയം കണ്ടെത്താനാകാറില്ല. പക്ഷേ കുടുംബസുഹൃത്തുക്കളുടേയും ബന്ധുക്കളുടേയുമൊക്കെ വീടുകളിലേക്ക് എറണാകുളത്തു നിന്നും തൊടുപുഴയിലേക്കും മൂവാറ്റുപുഴയിലേക്കുമൊക്കെ ഇഗ്‌നിസിൽ തന്നെയാണ് ഇപ്പോൾ യാത്രകൾ. ”ഹൈവേകളിലും നഗരപാതകളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വാഹനമാണ് ഇഗ്‌നിസ് എന്ന കാര്യത്തിൽ സംശയമില്ല. ഓട്ടോഗിയർഷിഫ്റ്റ് ആയതിനാൽ നഗരത്തിരക്കുകളിലൂടെ ഓടിക്കാനും തെല്ലും ബുദ്ധിമുട്ടില്ല,” കവിത എസ് പിള്ള പറയുന്നു. ”നേരത്തെയുണ്ടായിരുന്ന വാഹനം ഡ്രൈവ് ചെയ്യുമ്പോൾ കാലിന് വല്ലാത്ത വേദന തോന്നുമായിരുന്നു. ഇഗ്‌നിസ് വന്നതിൽപ്പിന്നെ വേദന പമ്പ കടന്നു.”

1197 സിസി പെട്രോൾ എഞ്ചിനാണ് ഇഗ്‌നിസിലുള്ള ത്. 6000 ആർ പി എമ്മിൽ 82 ബി എച്ച് പി കരുത്തും 4200 ആർ പി എമ്മിൽ 113 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള വാഹനത്തിന് 5 സ്പീഡ് ഓട്ടോ ഗിയർഷിഫ്റ്റ് ട്രാൻസ്മിഷ നാണുള്ളത്. മൈലേജിന്റെ കാര്യത്തിലും ഒരു കുടുംബങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവൻ തന്നെയാണ് ഇഗ്‌നിസ്. ലിറ്ററിന് 20.89 കിലോമീറ്റർ! ഇന്ധനടാങ്കിന്റെ സംഭരണശേഷി 32 ലിറ്റർ ഉള്ളതിനാൽ ഒരിക്കൽ പെട്രോളടിച്ചാൽപ്പിന്നെ യാത്രയിൽ അക്കാര്യം തന്നെ മറന്നുകളയാമെന്നു സാരം. യാത്രകളിൽ പരമാവധി സാധനസാമഗ്രികൾ സൂക്ഷിക്കാനാകുന്ന ബൂട്ട് സ്‌പേസുമുണ്ട് ഇഗ്‌നിസിൽ. 260 ലിറ്ററാണ് ബുട്ട് സ്‌പേസ്. 180 എം എം ഗ്രൗണ്ട് ക്ലിയറൻസ് ഉള്ളതിനാൽ ദുർഘടപാതകളിൽപ്പോലും അടിതട്ടാതെ അനായാസം പോകാനാകും.

”ഒതുക്കമുള്ള രൂപവും ധാരാളം സ്ഥലസൗകര്യവും വ്യത്യസ്തമായ ലുക്കുമുള്ള ഒരു വാഹനം തന്നെയായിരുന്നു ഞങ്ങളുടെ മനസ്സിൽ. സുരക്ഷിതത്വത്തിന്റെ കാര്യത്തിലും പ്രത്യേകശ്രദ്ധ തന്നെ ചെലുത്തിയിരുന്നു. ഇഗ്‌നിസിൽ രണ്ട് എയർ ബാഗുകളും എബിഎസും ഇബിഡിയും ബ്രക്ക് അസിസ്റ്റുമുള്ളതിനു പുറമേ, റിയർ പാർക്കിങ് സെൻസറുകളും സീറ്റ് ബെൽട്ട് വാണിങ്ങും സീറ്റ് ബെൽട്ട് പ്രീടെൻഷണേഴ്‌സുമെല്ലാമുണ്ട്. ഞങ്ങളുടെ ബജറ്റിൽ ഇണങ്ങുന്ന ഒരു വാഹനം തന്നെയാണ് എന്തുകൊണ്ടും ഇഗ്‌നിസ്,” കവിത പറയുന്നു. ഇഗ്‌നിസിന് 6.03 ലക്ഷം രൂപയായിരുന്നു ഓൺറോഡ് വില.

”റൂഫ് റെയിലും റൂഫ് സ്‌പോയ്‌ലറുമൊക്കെ മസ്‌കുലാർ രൂപവും ഇഗ്‌നിസിന് നൽകുന്നുണ്ട്. സ്റ്റീയറിങ് വീലിൽ തന്നെ ഓഡിയോ കൺട്രോളുകൾ നൽകിയിരിക്കുന്നതും വോയ്‌സ് കമാൻഡ് സംവിധാനവും യുഎസ്ബി, ഓക്‌സിലിയറി, ബ്ലൂടൂത്ത് കോംപാറ്റബിലിറ്റിയും ആകർഷകമാണ്. എംപി 3 പ്ലേബാക്കും റേഡിയോയുമൊക്കെ ഇതിലുള്ളതിനാൽ ഡ്രൈവിങ് ആസ്വാദ്യകരമായ ഒരു അനുഭവം തന്നെയാണ്,” കവിതയ്ക്ക് ഇഗ്‌നിസിനെപ്പറ്റി പറയാൻ നൂറു നാവാണ്.


കവിതയുടെ ഇഗ്‌നിസ് ഡെൽറ്റ എഎംടി ആണെങ്കിൽ കൊച്ചിയിൽ ഒബ്‌റോൺമാളിനടുത്ത് ഇവോൾവ് വെൽനെസ് എന്ന അഡ്വാൻസ് ഫിസിക്കൽ തെറാപ്പി ക്ലിനിക് നടത്തുന്ന ഡോക്ടർ ജേക്കബ് ജേക്കബ് ഇഗ്‌നിസിന്റെ ടോപ്പ് എൻഡ് മോഡലായ ആൽഫയുടെ മാനുവൽ വേരിയന്റാണ് വാങ്ങിയിരിക്കുന്നത്. ബി എച്ച് പിയിലും ടോർക്കിലുമൊന്നും വ്യത്യാസമില്ലെങ്കിലും ഡെൽട്ട വേരിയന്റിനേക്കാൾ ഫീച്ചറുകൾ ആൽഫയിലുണ്ട്. ജേക്കബിന്റേത് 2020ലെ ഇഗ്‌നിസ് അല്ല. പക്ഷേ പുതിയ ഇഗ്‌നിസിൽ ഗ്രില്ലിലടക്കം ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഫോഗ് ലാമ്പുകളും അലോയ് വീലുകളും ക്രോം ഫിനിഷോടു കൂടിയ യു ഷേപ്പ് ഗ്രില്ലും എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഡേ ടൈം റണ്ണിങ് ലാമ്പുകളും എഞ്ചിൻ പുഷ് സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടണും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്ററുമൊക്കെയാണ് ഇഗ്നിസിന്റെ പുതിയ ആൽഫ വേരിയന്റിൽ ഡെൽറ്റയേക്കാൾ അധികമായുള്ളത്. ഇതിനു പുറമേ, ഏറ്റവും പുതിയ 17.8 സെന്റിമീറ്റർ ടച്ച് സ്‌ക്രീൻ സ്മാർട്ട് പ്ലേ സ്റ്റുഡിയോയും ലൈവ് ട്രാഫിക് അപ്‌ഡേറ്റോടു കൂടിയ നാവിഗേഷൻ സിസ്റ്റവും പുതിയ ഇഗ്നിസിൽ നൽകിയിട്ടുണ്ട്. റിയർ വൈപ്പറും റിയർ വ്യൂ പാർക്കിങ് ക്യാമറയും റിയർ ഡീഫോഗറുമാണ് സുരക്ഷിതത്വത്തിനായി ആൽഫ വേരിയന്റിൽ അധികമായുള്ളത്.

ഡോക്ടർ ജേക്കബ് ജേക്കബ് മാരുതി ഇഗ്നിസ് ആൽഫ വേരിയന്റുമായി

”ഞാൻ കാലങ്ങളായി മാരുതി സുസുക്കിയുടെ വാഹനങ്ങൾ ഉപയോഗിച്ചു വരുന്നയാളാണ്. എസ്എക്‌സ് 4ഉം ആൾട്ടോയുമായിരുന്നു നേരത്തെ ഉണ്ടായിരുന്ന വാഹനങ്ങൾ. ആൾട്ടോ എക്‌സ്‌ചേഞ്ച് ചെയ്താണ് ഇഗ്‌നിസിലേക്ക് മാറിയത്. എറണാകുളത്തും മാവേലിക്കരയിലും എനിക്ക് ക്ലിനിക്കുകളുള്ളതിനാൽ ദിവസവും 200 കിലോമീറ്റർ ദൂരം ഇഗ്‌നിസിൽ യാത്ര ചെയ്യുന്നയാളാണ് ഞാൻ. ഇത്ര ദൂരം യാത്ര ചെയ്തിട്ടും യാതൊരു ക്ഷീണവും അനുഭവപ്പെടുന്നില്ലെന്നതാണ് ഇഗ്‌നിസി ന്റെ ഏറ്റവും വലിയ മേന്മയായി ഞാൻ കാണുന്നത്,” ഡോക്ടർ ജേക്കബ് ജേക്കബ് പറയുന്നു. ഭാര്യ മഞ്ജു സാറയ്ക്കും മക്കളായ അലാന ആനിനും മകൻ ആൽബിൽ ജാക് ജേക്കബിനും ഇഗ്‌നിസിനോട് ജേക്കബി നുള്ള അതേ പ്രിയം തന്നെയാണുള്ളത്.

പരിഷ്‌ക്കരിച്ച 2020 മോഡൽ മാരുതി ഇഗ്നിസ്‌


”ധാരാളം യാത്ര ചെയ്യുന്നയാളായതിനാൽ എനിക്ക് മൈലേജും മെയിന്റനൻസ് കോസ്റ്റുമെല്ലാം താങ്ങാനാകുന്നതാകണമെന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു. ഇഗ്‌നിസ് എനിക്ക് പറ്റിയ ഏറ്റവും നല്ല വാഹനമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഞാൻ അത് വാങ്ങാ ൻ തീരുമാനിച്ചത്,” ഡോക്ടർ ജേക്കബ് പറയുന്നു. ബംഗലുരുവിലേക്കും ചെന്നൈയിലേക്കും ഗുണ്ടൂരിലേക്കുമെല്ലാം ഒറ്റ സ്‌ട്രെച്ചിൽ വാഹനമോടിക്കുന്നയാളാണ് ജേക്കബ്. കുടുംബത്തോടൊപ്പമുള്ള യാത്രകളിലും ഇപ്പോൾ ഒപ്പം ചേർക്കുന്നത് ഇഗ്‌നിസിനെത്തന്നെ യാണ്. ”എന്റെ യാത്ര വച്ചുനോക്കിയാൽ ഓരോ രണ്ടു മാസത്തിലും വാഹനം സർവീസ് ചെയ്യേണ്ടതായി വരും. മാരുതി സുസുക്കിയുടെ വാഹനങ്ങൾക്ക് മെയിന്റനൻസ് കോസ്റ്റ് കുറവാണെന്നത് ഒരു ആകർഷണീയ ഘടകം തന്നെയാണ്,” ജേക്കബ് പറയുന്നു.

കൊച്ചി നഗരത്തിലൂടെയുള്ള ഡ്രൈവിങ്ങിന്റെ കാര്യത്തിലും ഇഗ്‌നിസ് താരം തന്നെയാണെന്നാണ് ജേക്കബിന്റെ പക്ഷം. വാഹനത്തിൽ ഇന്ധനം എത്ര ബാക്കിയുണ്ടെന്നറിയാനും ഇന്ധനം കുറഞ്ഞാലുള്ള വാണിങ് ഉള്ളതിനാലും ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് വഴിയിൽ കിടക്കാതെ പോകാമെന്നതും ഇഗ്‌നിസിന്റെ സവിശേഷതയാണ്. സ്മാർട്ട് കണക്ടിവിറ്റി സംവിധാനത്തിൽ ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയുമുണ്ടെന്നതിനു പുറമേ നാല് സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റവുമുണ്ട്. യാത്ര ചെയ്യുമ്പോൾ സംഗീതം മധുതരമാണെങ്കിലുള്ള സുഖം വേറൊന്നാണല്ലോ.

മാരുതി ഇഗ്‌നിസിൽ കവിതയെപ്പോലെ തന്നെ പൂർണതൃപ്തനാണ് ജേക്കബും. ഇഗ്നിസിന്റെ പുതിയ പതിപ്പിന്റെ രൂപത്തോടും ഇരുവർക്കും നല്ല അഭിപ്രായം തന്നെയാണുള്ളത്. ഒരു മിനി എസ് യു വി പോലെ തോന്നിപ്പിക്കുന്നതാണ് പുതിയ രൂപം. എന്തായാലും കുടുംബയാത്രികർക്കും പ്രൊഫഷണലുകൾക്കും ദീർഘസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടതായി ഇഗ്‌നിസ് മാറിയിരിക്കുന്നുവെന്ന് നിസ്സംശയം പറയാം$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>