My Own: Meera Nandan & her Tata Harrier
May 22, 2019
എഡിറ്റോറിയൽ: തുടരുന്ന പ്രഹസനങ്ങൾ: ബൈജു എൻ നായർ
May 29, 2019

All in One: Success story of V A Ajmal and his Ajmal Bismi Enterprise

V A Ajmal with his Lexus LS500h

തിരക്കൊഴിഞ്ഞുള്ള നേരമില്ല അജ്മൽ ബിസ്മി എന്റർപ്രൈസിന്റെ മാനേജിങ് ഡയറക്ടറായ വി എ അജ്മലിന്. കേരളത്തിലുടനീളമുള്ള 15 ഹൈപ്പർ മാർക്കറ്റുകളുടേയും ഇലക്ട്രോണിക്‌സ് സ്റ്റോറുകളുടേയും വിജയഗാഥയ്ക്ക് പിന്നിൽ കഠിനാധ്വാന ത്തിന്റേയും ആത്മാർപ്പണത്തിന്റേയും കഥകളാണുള്ളത്. ആ വഴികളിൽ സുരക്ഷിതമായി അദ്ദേഹത്തെ എത്തിച്ചതാകട്ടെ ചില വാഹനങ്ങളും. 800 കോടി രൂപ വാർഷിക വിറ്റുവരവുള്ള അജ്മൽ ബിസ്മി എന്റർപ്രൈസിന്റെ വിജയകഥ വായിക്കൂ….

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോകൾ: അഖിൽ പി അപ്പുക്കുട്ടൻ

അജ്മൽ ബിസ്മി എന്റർപ്രൈസിന്റെ മാനേജിങ് ഡയറക്ടറായ വി എ അജ്മൽ വാഹനഭ്രാന്തനായ ഒരു ബിസിനസുകാരനൊന്നുമല്ലെങ്കിലും ചില വാഹനങ്ങളോട് ഒരു പ്രത്യേക കമ്പമുണ്ട്. പിഡബ്ല്യുഡി എഞ്ചിനീയറായിരുന്ന വാപ്പ വി എ അബ്ദുൾ ഹമീദിന്റെ ഫിയറ്റ് പത്മിനിയും മുത്തച്ഛന്റെ പ്ലിമത്തുമൊക്കെ കണ്ടു വളർന്നെങ്കിലും അതിനേക്കാളൊക്കെ അജ്മലിന്റെ മനസ്സിൽ ഇടം തേടിയത് തന്റെ ബിസിനസ് വളർച്ചയുടെ ഓരോ ഘട്ടത്തിലും സുരക്ഷിതമായി ബിസിനസ് സംബന്ധിയായ യാത്രകൾ നടത്താൻ തന്നെ സഹായിച്ച ചില വാഹനങ്ങളാണ്. മംഗലാപുരത്തു നിന്നും പ്രൊഡക്ഷൻ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയശേഷം 1997ൽ ഡിസ്ട്രിബ്യൂഷൻ ബിസിനസിൽ അജ്മൽ പിച്ചവയ്ക്കുന്ന സമയത്ത് അദ്ദേഹത്തിന് കൂട്ടായുണ്ടായിരുന്നത് ഒരു മാരുതി സെൻ ആണ്. പിന്നീട് വാങ്ങിയ ടാറ്റാ സുമോയിലായിരുന്നു സ്റ്റൗവും എഞ്ചിൻ ഓയിലും ഗ്യാസ് പൈപ്പിങ് വർക്കുകൾക്കാവശ്യമായ വസ്തുക്കളുമൊക്കെയായി അജ്മലിന്റെ യാത്ര. പിന്നെ ഹ്യുണ്ടായ് ആക്‌സന്റിലേക്കും മിത്‌സുബിഷി ലാൻസറിലേക്കുമൊക്കെ മാറി. 2003ൽ കൊച്ചിയിൽ ബിസ്മി എന്ന പേരിൽ വിപുലമായ ഹോം അപ്ലൈൻസസ് റിടെയ്ൽ സ്റ്റോർ തുറക്കുമ്പോൾ ടൊയോട്ട കൊറോളയായിരുന്നു അജ്മലിന്റെ വാഹനം. പിന്നെ 2009ൽ ഓഡി ക്യു7. ഇപ്പോൾ മെർസിഡസ് ബെൻസ് ജി എൽ എസ് 350യും ലെക്‌സസ് എൽ എസ് 500 എച്ചുമടക്കം നാല് കാറുകളുണ്ട് അജ്മലിനേയും കുടുംബത്തേയും സുരക്ഷിതമായി ബിസിനസ് യാത്രകളിൽ കൊണ്ടു നടക്കാൻ. നിലവിൽ കേരളത്തിലുടനീളം ഹൈപ്പർമാർക്കറ്റുകളും ബിസ്മി കണക്ട് എന്ന ഇലക്ട്രോണിക് ഉൽപന്ന റീടെയ്ൽ വ്യാപാര സ്റ്റോറുകളുമടക്കം പതിനഞ്ച് സ്റ്റോറുകളാണ് അജ്മൽ ബിസ്മി ഗ്രൂപ്പിന് കീഴിലുള്ളത്. 800 കോടിയോളം വാർഷിക വിറ്റുവരവുള്ള സ്ഥാപനത്തിൽ 1800ഓളം ജീവനക്കാരാണുള്ളത്. അടുത്ത പതിനെട്ട് മാസത്തിനുള്ളിൽ 25 സ്റ്റോറുകളായി മാറ്റുകയും 1500 കോടിയുടെ വിറ്റുവരവ് സാധ്യമാക്കാനുമുള്ള കണക്കുകൂട്ടലിലാണ് വി എ അജ്മൽ. കേരളത്തിൽ മാത്രം അജ്മൽ ബിസ്മിയുടെ 40 സ്റ്റോറുകൾ ആരംഭിക്കാനും 3500 കോടി രൂപയുടെ വിറ്റുവരവ് സാധ്യമാക്കാനും അതുവഴി 5000 പേർ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാ ണ് അജ്മലിന്റെ ആത്യന്തിക പദ്ധതി.

വി എ അജ്മൽ കളമശ്ശേരിയിലെ ബിസ്മി ഇലക്‌ട്രോണിക്‌സിൽ

അജ്മൽ ബിസ്മി എന്റർപ്രൈസിന്റെ ബിസ്മി ഹൈപ്പർ മാർക്കറ്റുകളും ഇലക്ട്രോണിക് സ്റ്റോറുകളും സന്ദർശിക്കാത്ത മലയാളികൾ കേരളത്തിലുണ്ടാകാനിടയില്ല. ഒമ്പത് ഹൈപ്പർ മാർക്കറ്റുകളും 13 ഇലക്ട്രോണിക് സ്റ്റോറുകളുമായി മലയാളിയുടെ ഉപഭോക്തൃസംസ്‌കാരത്തിലേക്ക് ആഴ്ന്നിറങ്ങിക്കഴിഞ്ഞിരിക്കുന്നു അജ്മൽ ബിസ്മിയുടെ വേരുകൾ. കൊച്ചിയിൽ തൃപ്പൂണിത്തുറ, വൈറ്റില, പാലാരിവട്ടം, കളമശ്ശേരി, കതൃക്കടവ് എന്നിവിടങ്ങളിലും എറണാകുളം ജില്ലയിൽ പെരുമ്പാവൂർ, മൂവാറ്റുപുഴ തുടങ്ങിയ പട്ടണങ്ങളിലുമുണ്ട് ബിസ്മിയുടെ സാന്നിധ്യം. ഇതിനു പുറമേ, ആലപ്പുഴ, കോട്ടയം, കൊല്ലം, തൃശ്ശൂർ, പെരിന്തൽമണ്ണ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലുമുണ്ട് ബിസ്മി ഹൈപ്പർമാർട്ടുകളും ഇലക്ട്രോണിക്‌സ് സ്റ്റോറുകളും. വി എ അജ്മലിന്റെ അജ്മൽ ബിസ്മി എന്റർപ്രൈസിന്റെ വളർച്ചയുടെ കഥയുടെ വഴികൾ തേടിയുള്ള ഒരു യാത്രയാണ് മേയ് ലക്കം സ്മാർട്ട് ഡ്രൈവിൽ ഞങ്ങൾ നടത്തുന്നത്. ഏതൊരു ബിസിനസുകാരന്റേയും വളർച്ചയുടെ ഗ്രാഫ് അടയാളപ്പെടുത്തുന്നതിൽ അവർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ബ്രാൻഡുകൾക്കു കൂടിയ വലിയ സ്ഥാനമുള്ളതുപോലെ അജ്മലിന്റെ വളർച്ചാ വഴികളിലും വാഹനങ്ങൾ മാറിമാറി വരുന്നുണ്ട്.

പാലാരിവട്ടത്തെ ബിസ്മി ഹൈപ്പർ മാർക്കറ്റ് & ഇലക്‌ട്രോണിക്‌സ്‌

”പഠിച്ചത് പ്രൊഡക്ഷൻ എഞ്ചിനീയറിങ് ആയിരുന്നുവെങ്കിലും എന്റെ രക്തത്തിലുണ്ടായിരുന്നത് ബിസിനസ് ആയതിനാലാണ് ബിസിനസ് രംഗത്തേക്ക് ഞാൻ തിരിഞ്ഞത്. ഉമ്മയുടെ വാപ്പയും ഭാര്യാ പിതാവായ വി എ യൂസഫും ബിസിനസ് രംഗത്ത് പ്രവർത്തിച്ചിരുന്നത്. ഭാര്യാപിതാവിനൊപ്പമാണ് കൊച്ചിയിൽ കലൂരിൽ 2003ൽ ബിസ്മി ഹോം അപ്ലൈയൻസസിന് ഞാൻ തുടക്കമിട്ടത്. ബിസിനസ് ചെയ്യാൻ ബിസിനസ് അഡ്മിനിസ്‌ട്രേ ഷൻ പഠിക്കണമെന്നില്ല. ഏതു കാര്യത്തിൽ നിന്നും അറിവു സമ്പാദിക്കാൻ ലഭിക്കുന്ന ഒരവസരവും ഞാൻ വെറുതെ കളയാറില്ല. പണമുണ്ടാക്കാനാകുന്ന ഒരു അവസരവും ഞാൻ വിനിയോഗിക്കാതിരുന്നിട്ടുമില്ല,” വി എ അജ്മലിന്റെ സംഭാഷണത്തിലുടനീളം ബിസിനസിലുള്ള ആത്മാർപ്പണത്തിന്റെ ലാഞ്ഛനകൾ കാണാം. നെട്ടൂരുകാരനായ പിഡബ്ല്യുഡി എഞ്ചിനീയർ വി എ അബ്ദുൾ ഹമീദിന്റേയും ഈരാറ്റുപേട്ട സ്വദേശി ഐഷയുടേയും നാലുമക്കളിൽ ഏറ്റവും ഇളയ മകനായ അജ്മലിനൊപ്പം രണ്ടാമത്തെ സഹോദരനായ ഓട്ടോമൊ ബൈൽ എഞ്ചിനീയർ വി എ ഫൈസലും (ഹൈപ്പർമാർട്ടുകളുടെ ഓപ്പറേഷന് നേതൃത്വം നൽകുന്നത് സ്ഥാപനത്തിന്റെ ഡയറക്ടർ കൂടിയായ അദ്ദേഹമാണ്) ഉണ്ട്. കുടുംബാംഗങ്ങളായ പതിനഞ്ചോളം പേർ അജ്മൽ ബിസ്മി എന്റർപ്രൈസിൽ വിവിധ വിഭാഗങ്ങളിൽ തൊഴിലെടുക്കുകയും ചെയ്യുന്നുണ്ട്.

Bismi Electronics, Kalamassery

ബിസ്മിയിൽ ഇല്ലാത്തതായി എന്തുണ്ട് എന്ന് അന്വേഷിക്കാൻ ഞങ്ങൾ ബിസ്മിയുടെ വിവിധ ഹൈപ്പർമാർക്കറ്റുകളിലൂടെയും ഇലക്ട്രോണിക്‌സ് സ്റ്റോറുകളിലൂടെയുമൊക്കെ ഒരു യാത്ര നടത്തുകയുണ്ടായി. കളമശ്ശേരിയിലെ ബിസ്മിയുടെ പുതിയ കോർപ്പറേറ്റ് ഓഫീസും ഇലക്ട്രോണിക്‌സ് സ്റ്റോറും പ്രവർത്തിക്കുന്നയിടത്തു നിന്നായിരുന്നു യാത്രയുടെ ആരംഭം. വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെയെല്ലാം ഞങ്ങളെ കാത്തിരുന്നത്. നൂറുകണക്കിന് ബ്രാൻഡുകളുടെ പതിനായിരത്തിലധി കം ഉൽപന്നങ്ങളാണ് അതിശയിപ്പിക്കുന്ന വിലക്കുറവിൽ ഇവിടെയെല്ലാം വിൽപനയ്ക്കായി അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റോറുകളിൽ ഒരുക്കപ്പെട്ടിരിക്കുന്നത്. വാൾമാർട്ടിന്റേയും ലുലുവിന്റേയും ടെറ്റ്‌കോയുടേയും മാതൃകയിൽ കേരളത്തിൽ ഇത്രയും വിപുലമായ ഒരു വിപണന ശൃംഖല കെട്ടിപ്പടുക്കാൻ അജ്മൽ തീരുമാനിക്കുന്ന സമയത്ത് കേരളത്തിൽ അതിനു സമാനമായ മറ്റു മാതൃകകൾ ഉണ്ടായിരുന്നില്ല. 365 ദിവസവും ബിസ്മിയിൽ വമ്പൻ ഓഫറുകൾ നൽകപ്പെടുന്നുണ്ടെന്നതിനു പുറമേ ആകർഷകമായ സമ്മാനങ്ങളും നൽകുന്നുണ്ട് അവർ. ഇലക്‌ട്രോ ണിക്‌സ് ഉൽപന്നങ്ങൾക്ക് അഡീഷണൽ വാറന്റി സൗകര്യം, മികച്ച വിൽപനാനന്തര സേവനം, ഹോം ഡെലിവറി, ബിസ്മി കസ്റ്റമർ കെയർ കാർഡ്, ഫിനാൻസ് സൗകര്യങ്ങൾ എന്നിവയെല്ലാം ഇലക്ട്രോണിക്‌സ് സ്റ്റോറുകളിൽ ഒരുക്കിയിരിക്കുന്നു. ഹൈപ്പർ മാർട്ടുകളിലാണെങ്കിൽ എഫ് എം സി ജി വിഭാഗത്തിൽ കിട്ടാത്തതായി ഒരു വസ്തുവുമില്ല.

കടവന്ത്രയിലെ ബിസ്മി ഹൈപ്പർ മാർക്കറ്റ് & ഇലക്‌ട്രോണിക്‌സ്‌

”ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങളുടെ വിപണി സീസണൽ ആണ്. പോരാത്തതിന് ഓൺലൈനിൽ നിന്നുള്ള മത്സരങ്ങളും സ്വാഭാവികം. ഹൈപ്പർ മാർട്ടുകളിൽ പക്ഷേ എല്ലാ ദിവസം ഉൽപന്നങ്ങൾ വാങ്ങാൻ ആളുകളുടെ തിരക്കുണ്ടാകും. ദൈനംദിന ഉപയോഗത്തിനുള്ള, ഭക്ഷ്യവസ്തുക്കളടക്കമുള്ള വിൽക്കുന്ന ഹൈപ്പർ മാർട്ടുകൾ ഇലക്ട്രോണിക്‌സ് സ്റ്റോറുകൾക്കൊപ്പം പ്രവർത്തിക്കാൻ ആരംഭിച്ചതോടെ ഇലക്ട്രോണിക്‌സ് സ്റ്റോറുകളിലേക്കും എല്ലാ സമയത്തും ആളുകൾ എത്താൻ തുടങ്ങി. മാത്രവുമല്ല, വൈറ്റ് ഗുഡ്‌സ് വിപണനക്കാരനായി മാത്രം അറിയപ്പെട്ടിരുന്ന ഞാൻ എല്ലാ ജനങ്ങളുടേയും നിത്യോപയോഗ സാമഗ്രികളുടെ വിപണനക്കാരൻ കൂടിയായതോടെ ജനസമൂഹത്തിൽ കൂടുതൽ അംഗീകാരം നേടാനായി എന്നാണ് എനിക്ക് തോന്നുന്നത്. കേവലം നാലു വർഷം കൊണ്ടാണ് ഹൈപ്പർ മാർട്ടുകളിലൂടെ അതിന് എനിക്ക് സാധിച്ചത്,” വി എ അജ്മൽ പറയുന്നു.

V A Ajmal, Managing Director, Ajmal Bismi Enterprise

കളമശ്ശേരിയിലുള്ള അജ്മൽ ബിസ്മി എന്റർപ്രൈസിന്റെ വിശാലമായ ഷോറൂമിന്റെ ഒന്നാം നിലയിലാണ് അവരുടെ അതിഗംഭീരമായ കോർപ്പറേറ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പ്രവേശിക്കുംപോലെയാണ് ആ ഓഫീസിലേക്ക് പ്രവേശിക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന വികാരം. പ്രൗഢഗംഭീരമായി സജ്ജീകരിച്ചിട്ടുള്ള രണ്ട് റിസപ്ഷനുകൾക്കടുത്താണ് കോൺഫറൻസ് ഹാൾ. അകത്തേക്ക് പ്രവേശിച്ചാൽ മാനേജിങ് ഡയറക്ടറുടെ കാബിനും മറ്റു പ്രധാനികളുടെ കാബിനുകളും കാണാം. അതിനപ്പുറമാണ് അതിസുന്ദരമായി സജ്ജീകരിച്ചിട്ടുള്ള ബാക്ക് ഓഫീസ്. പൂർണമായും ശീതീകരിച്ച കെട്ടിടത്തിൽ തൊഴിലെടുക്കാൻ മാനസികമായി തന്നെ ഒരാളെ പ്രേരിപ്പിക്കുന്ന വിധമാണ് ഇന്റീരിയർ സജ്ജമാക്കിയിട്ടുള്ളത്. ഇതിനു പുറമേ, പ്രാർത്ഥനാ മുറിയും മെസ്സ് ഹാളുമെല്ലാം ഈ ഓഫീസിനുള്ളിൽ തന്നെ ഒരുക്കിയിരിക്കുന്നു. ”ജീവനക്കാരാണ് ഏതൊരു പ്രസ്ഥാനത്തേയും വളർത്തുന്നത്. അവർക്ക് ഏറ്റവും മെച്ചപ്പെട്ട പ്രവർത്തന സാഹചര്യം ഒരുക്കി നൽകിയാൽ ഏറ്റവും മികച്ച രീതിയിൽ അവർ പ്രവർത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്. ജീവനക്കാർക്ക് സ്വയം അവരുടെ സ്ഥാപനത്തെപ്പറ്റി മതിപ്പുണ്ടാക്കാനാകുന്നതെല്ലാം അവർക്ക് നൽകണമെന്ന് നിർബന്ധമുള്ളയാളാണ് ഞാൻ. മാത്രവുമല്ല, ഒരു കുടുംബത്തിലെന്നപോലെയാണ് ഞാൻ അവരോട് ഇടപഴകുകയും പെരുമാറുകയും ചെയ്യുന്നത്. അതുകൊണ്ടു തന്നെ തങ്ങളുടെ കൂടി സ്വന്തമാണ് സ്ഥാപനമെന്ന് അവർക്ക് തോന്നുകയും ചെയ്യും,” അജ്മൽ ബിസ്മി എന്റർപ്രൈസിന്റെ വളർച്ചയുടെ രഹസ്യം പങ്കുവയ്ക്കുകയാണ് വി എ അജ്മൽ. ഇത് ഓഫീസ് സന്ദർശന വേളയിലും സ്റ്റോർ സന്ദർശന വേളയിലും ഞങ്ങൾക്ക് ബോധ്യപ്പെ ടുകയും ചെയ്തു. ജീവനക്കാരോടുള്ള അജ്മലിന്റെ പെരുമാറ്റവും അവർ തിരിച്ചങ്ങോട്ട് അദ്ദേഹത്തോട് കാട്ടുന്ന സ്‌നേഹവായ്പും തൊഴിലിൽ കാട്ടുന്ന ആത്മാർത്ഥതയും സന്തോഷം കളിയാടുന്ന മുഖങ്ങളും ആ വിജയത്തിന് കൂടുതൽ തിളക്കമേകുന്നു.

കളമശ്ശേരിയിലെ കോർപ്പറേറ്റ് ഓഫീസ്‌

അജ്മലും ഭാര്യാ പിതാവായ വി എ യൂസഫും ചേർന്നാണ് ബിസ്മി എന്ന പേരിൽ ഇലക്ട്രോണിക്‌സ് സ്റ്റോറുകൾക്ക് തുടക്കമിട്ടതെങ്കിലും സമീപകാലത്താണ് ആ സ്ഥാപനം രണ്ടായി പിരിഞ്ഞത്. ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നായിരുന്നു ഈ പിരിയൽ. ”ബിസിനസ് മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ ചില വിട്ടുവീഴ്ചകൾ ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു. അവ ചെയ്തു. ബിസ്മി ഗ്രൂപ്പിന്റെ നിർമ്മാണത്തിലെ ഓരോ ഘട്ടങ്ങളിലും എന്റെ കൈയുണ്ടായിരുന്നതിനാൽ മികച്ച ജീവനക്കാരും ആത്മവിശ്വാസവുമുണ്ടെങ്കിൽ ഇനിയും പുതിയ പുതിയ ഉയരങ്ങളിലേക്ക് എത്താനാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. വേർപിരിയലോടെ ബിസ്മി ഗ്രൂപ്പ് കൂടുതൽ ശക്തമാകുകയാണുണ്ടായത്,” വി എ അജ്മൽ പറയുന്നു. അജ്മലിന്റെ ഭാര്യ ഷബാനിയും ഇന്ന് അജ്മൽ ബിസ്മി എന്റർപ്രൈസിന്റെ വളർച്ചയിൽ അവിഭാജ്യഘടകമായാണ് പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന്റെ ഡയറക്ടറായ അവർ ഹൈപ്പർ മാർട്ടിൽ ദിവസവുമെത്തി കാര്യങ്ങൾ വിശദമായി പഠിക്കുകയും മാർട്ടുകളിലെത്തിക്കേണ്ട ഉൽപന്നങ്ങളെപ്പറ്റി നിരീക്ഷിക്കുകയും ചെയ്യുന്നു.

വൈറ്റിലയിലെ ബിസ്മി ഹൈപ്പർ മാർക്കറ്റ് & ഇലക്‌ട്രോണിക്‌സ്‌

”സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിലും പരിഹരിക്കുന്നതിലുമൊക്കെ ഷബാനി നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. ഷബാനിയുടെ സാന്നിധ്യം വനിതാ ജീവനക്കാരിൽ കൂടുതൽ ആത്മവിശ്വാസം പകരുകയും ചെയ്യുന്നുണ്ട്,” അജ്മൽ പറയുന്നു. എറണാകുളം സെന്റ് തെരേസാസ് കോളെജിൽ രണ്ടാം വർഷ ബിസിനസ് മാനേജ്‌മെന്റ് വിദ്യാർത്ഥിനിയായ മകൾ ആഷിക അജ്മലും ചോയ്‌സ് സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകൻ മുഹമ്മദ് യൂസഫ് അജ്മലും വാപ്പയ്‌ക്കൊപ്പം ബിസിനസ് കാര്യങ്ങൾ പലതും ചർച്ച ചെയ്യുകയും തങ്ങളുടെ നിരീക്ഷണങ്ങൾ പങ്കുവയ്ക്കാറുമുണ്ട്. ആരിൽ നിന്നും പുതുതായി എന്താണ് പഠിക്കാനുള്ളതെന്ന് അന്വേഷിക്കുന്ന അജ്മലാകട്ടെ എല്ലാവരുടേയും സംഭാഷണങ്ങൾ കൂടുതൽ അറിവ് നൽകാനിടയാക്കുമെന്ന പക്ഷക്കാരനുമാണ്.
മികച്ച ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുകയും മികച്ച രീതിയിൽ അവ വിപണനം ചെയ്യുന്നതിനും അജ്മൽ ബിസ്മി എന്റർപ്രൈസ് ഇതിനകം പേരെടുത്തു കഴിഞ്ഞ സ്ഥാപനമാണ്. ആരോഗ്യപരമായ ഭക്ഷണം ശീലമാക്കണമെന്ന് വിശ്വസിക്കുന്ന അജ്മൽ അതുകൊണ്ടാണ് സ്വന്തമായി ഡയറി ഉൽപന്നങ്ങൾ ബിസ്മിയിലൂടെ വിപണനത്തിനെത്തിക്കാൻ ഫാംലി എന്ന ബ്രാൻഡ് പുറത്തിറക്കിയത്. പാൽ, തൈര്, നെയ്യ് തുടങ്ങിയ ഉൽപന്നങ്ങളാണ് ഈ ബ്രാൻഡിനു കീഴിലുള്ളത്. പെരുമ്പാവൂരിലുള്ള ഫാമിൽ ഇന്ന് 300ൽ അധികം പശുക്കൾ അജ്മലിനുണ്ട്. പിറവത്തുള്ള ചില്ലിങ് യൂണിറ്റിലാണ് ഇതിന്റെ പ്രോസസിങ്. ഇതിനു പുറമേ, ഡിറ്റർജന്റ്, ക്ലീനിങ് ഉൽപന്നനിരയും ബിസ്മി സ്വന്തം ബ്രാൻഡ് പ്രോഡക്ടായി വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഭാവിയിൽ ഡ്രൈ ക്ലീനിങ് സെന്റർ, ചിൽഡ്രൻസ് സലൂൺ, ഫാർമസി എന്നിവയും അജ്മൽ ബിസ്മി ആരംഭിക്കാൻ പദ്ധതിയുണ്ട്.

ബിസ്മിയുടെ സ്വന്തം ഡയറി ബ്രാൻഡായ ഫാംലിയും ഡിറ്റർജന്റ് ബ്രാൻഡുകളും

ഓൺലൈൻ വിപണിയിൽ നിന്നുള്ള മത്സരത്തെ നേരിടാൻ ബിസ്മി ഡീൽ ഡോട്ട്‌കോം എന്ന പേരിൽ ഒരു ഓൺലൈൻ വിൽപന സൈറ്റിനും അജ്മൽ ബിസ്മി എന്റർപ്രൈസസ് തുടക്കം കുറിച്ചു കഴിഞ്ഞു. ”ഓൺലൈൻ വിപണി സജീവമായി പഠിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ. റീടെയ്ൽ വ്യാപാരരംഗത്തിന് വെല്ലുവിളിയാകുമെന്നതിനാലാണ് അതിൽ അത്ര സജീവമല്ലാത്തത്. എന്നാൽ അത്തരമൊരു വെല്ലുവിളി ഉയരുന്ന സാഹചര്യമുണ്ടായാൽ ഓൺലൈൻ വിപണിയ്ക്കും ഞങ്ങൾ സജ്ജമാണെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ബിസ്മി ഡീൽ ആരംഭിച്ചിട്ടുള്ളത്,” വി എ അജ്മൽ പറയുന്നു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഓഹരി വിപണിയിലേക്ക് തങ്ങൾ കടക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വി എ അജ്മൽ പറയുന്നു. പക്ഷേ നിലവിൽ കേരളത്തിന് പുറത്തേക്ക് ശൃംഖല വ്യാപിപ്പിക്കുന്നതിനെപ്പറ്റി അജ്മൽ ആലോചിക്കുന്നില്ല. ”മറ്റൊരു സംസ്ഥാനത്ത് അജ്മൽ ബിസ്മി സംരംഭം കെട്ടിപ്പടുക്കുന്നതിന് ഇതുപോലെ തന്നെയുള്ള വലിയ മുതൽമുടക്ക് ആവശ്യമാണ്. നിലവിൽ സ്വന്തം കൈയിൽ നിന്നുള്ള പണവും ബാങ്ക് വായ്പയുമാണ് ബിസിനസിനെ മുന്നോട്ടു നയിക്കുന്നത്. ഭാവിയിൽ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും മുതൽ മുടക്കോടെ അജ്മൽ ബിസ്മി എന്റർപ്രൈസിന്റെ പുതിയ സ്റ്റോറുകൾ തീർച്ചയായും വരും. അതിനുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്,” അജ്മൽ ഭാവി പരിപാടികളെപ്പറ്റി തുറന്നുപറയുന്നു.

ബിസിനസുകാരായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും എം എ യൂസഫലിയുമാണ് ബിസിനസിൽ അജ്മലിന്റെ മാതൃകകൾ. ”മികച്ച ബിസിനസുകാർ എന്നതിലുപരിയായി ഇവരുവരും വളരെ ഉദാരമനസ്‌കരും എളിമയുള്ളവരുമാണ്. അവരുടെ ആ പ്രകൃതമാണ് എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത്,” അജ്മലിന്റെ മൊഴി. കേരളം നിക്ഷേപസൗഹാർദ്ദ സംസ്ഥാനമാണെന്നും മറ്റു സംസ്ഥാനങ്ങളിൽ മുതൽ മുടക്കുമ്പോഴുണ്ടാകുന്ന വലിയ റിസ്‌ക്കുകളൊന്നും മതസൗഹാർദ്ദം നിലനിൽക്കുന്ന കേരളത്തിൽ മുതൽ മുടക്കുമ്പോഴില്ലെന്നും തുറന്നു പറയുകയും ചെയ്യുന്നുണ്ട് അജ്മൽ. ”എനിക്ക് യാതൊരുവിധ തൊഴിൽ ബുദ്ധിമുട്ടുകളും കേരളത്തിൽ ബിസിനസ് ചെയ്യുമ്പോൾ നേരിട്ടിട്ടേയില്ല. വിദ്യാഭ്യാസപരമായി മലയാളിക്കുള്ള ഔന്നിത്യമാണ് അതിനു കാരണമെന്ന് ഞാൻ കരുതുന്നു. കേരളം നിക്ഷേപസൗഹാർദ്ദ സംസ്ഥാനമല്ലെന്നുള്ള പ്രചാരണങ്ങൾ അടിസ്ഥാനമില്ലാത്തവയാണ്,” അജ്മൽ പറയുന്നു.

അന്താരാഷ്ട്ര നിലവാരത്തിലാണ് ബിസ്മിയുടെ എല്ലാ സ്റ്റോറുകളും

ഇക്കഴിഞ്ഞ പ്രളയം അജ്മൽ ബിസ്മിയുടെ കോട്ടയത്തേും മൂവാറ്റുപുഴയിലേയും സ്റ്റോറുകളിൽ വലിയ നഷ്ടത്തിനിടയാക്കിയിരുന്നു. സ്റ്റോറുകൾക്ക് അഞ്ചു കോടി രൂപയുടെ നഷ്ടവും വിൽപനയിൽ 60 കോടി രൂപയുടെ നഷ്ടവുമുണ്ടായി. കാക്കനാട് ഹോളിക്രോസ് കോൺവെന്റ് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ ഏതാണ്ട് ആയിരത്തിലധികം പേർക്ക് പക്ഷേ അത്താണിയായത് അജ്മൽ ബിസ്മി എന്റർപ്രൈസിന്റെ സാധന സാമഗ്രികളായിരുന്നു. അവിടെ അടുക്കള സെറ്റ് ചെയ്തതും പ്രളയദിനങ്ങളിലെല്ലാം ദുരിതബാധിതർക്ക് ഭക്ഷണം നൽകിയതും സൗകര്യങ്ങളൊരുക്കിയതുമൊക്കെ അജ്മലായിരുന്നു. ”ബിസ്മിയിലെ പല ജീവനക്കാരും ആ ക്യാമ്പുകളിലുണ്ടായിരുന്നു. എന്റെ സ്ഥാപനത്തിലെ ജീവനക്കാർക്ക് ഒരു ബുദ്ധിമുട്ടു വരുമ്പോൾ അവർക്കൊപ്പം നിലകൊള്ളുക എന്റെ കർത്തവ്യമാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ജീവനക്കാരുടെ സ്‌നേഹവും വിശ്വാസവും പ്രതിബദ്ധതയുമാണ് സ്ഥാപനത്തിന്റെ വളർച്ചയുടെ കാതൽ,” വി എ അജ്മൽ പറഞ്ഞുനിർത്തുന്നു. സമൂഹത്തോട് അജ്മലിനുള്ള പ്രതിബദ്ധത അവിടം കൊണ്ട് അവസാനിക്കുന്നില്ല. ബിസ്മിയിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി കെട്ടിടത്തിന്റെ മേൽക്കൂരകളിൽ സോളാർ പാനലുകൾ ഉപയോഗിച്ച് വൈദ്യുതി നിർമ്മിച്ച് 45 ശതമാനം വരെ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നുമുണ്ട് അജ്മൽ ബിസ്മി എന്റർപ്രൈസ്.

പാലാരിവട്ടത്തെ ബിസ്മി കണക്ടും ഹൈപ്പർ മാർട്ടും

അജ്മലിന്റെ ഏക ദൗർബല്യം ചായ കുടിയാണ്. തന്റെ ചായ കുടി ശീലം മൂലമാകണം ബിസ്മി ഹൈപ്പർ മാർക്കറ്റുകളിലെല്ലാം തന്നെ ചായയും കാപ്പിയുമൊക്കെ ലഭിക്കുന്ന ഒരു സ്‌നാക്‌സ് കോർണറുമൊരുക്കിയിട്ടുണ്ട് അദ്ദേഹം. സദാ തിരക്കുള്ളപ്പോഴും തന്നെ കാണാനെത്തുന്നവർക്ക് ചായ നൽകി സൽക്കരിച്ചിരുത്തി വിവരങ്ങൾ തിരക്കുന്നു അദ്ദേഹം. അതിരാവിലെ ഉണർന്ന്, സുബഹി നമസ്‌കാരത്തിനുശേഷം വാട്ട്‌സാപ്പിലൂടെ ഓരോരോ കാര്യങ്ങൾ മാനേജർമാരെ ഏൽപിച്ചു കഴിഞ്ഞാൽപ്പിന്നെ മീറ്റിങ്ങുകളുടെ തിരക്കായി. പക്ഷേ മുൻകൂട്ടി അറിയിച്ച് തന്നെ കാണാനെത്തുന്ന ഒരാളേയും കാണാൻ കൂട്ടാക്കാതെയിരിക്കുന്നില്ല അജ്മൽ. എത്ര വൈകിയാലും അവർക്കായി സമയമുണ്ടാക്കി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നു അദ്ദേഹം. ഓരോ കൂടിക്കാഴ്ചയും പുതിയ പുതിയ അവസരങ്ങളാണ് തനിക്ക് തുറന്നിടുന്നതെന്ന് വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അതെല്ലാം വിജയത്തിലേക്കുള്ള വഴികൾ മാത്രം…$

Copyright: Smartdrive- May 2019

Leave a Reply

Your email address will not be published. Required fields are marked *

shares