Citroen to launch their SUV C5 Aircross in India in 2020
April 4, 2019
ഒരു അതികായന്റെ കഥ
April 16, 2019

A Delicacy called Life: Corporate Chef Rahim Mon speak out!

‘വിജയ് സൂപ്പറും പൗർണമിയും’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ നായകൻ ആസിഫ് അലിയെ ഷെഫായി പരിശീലിപ്പിച്ചത് മലയാളിയായ ഒരു കോർപ്പറേറ്റ് ഷെഫാണ്- റഹിം മോൻ. വിശപ്പിന്റെ വിളി അറിഞ്ഞവൻ. ദുഃഖങ്ങളെ സ്വപ്‌നങ്ങളാക്കി കൊണ്ടു നടന്നവൻ. ഒരിക്കൽ ഒരു നേരത്തെ ഭക്ഷണത്തിനായി മോഹിച്ചിരുന്ന ബാലൻ ലോകത്തിന് വേറിട്ട വിഭവങ്ങളുണ്ടാക്കി നൽകുന്ന കോർപ്പറേറ്റ് ഷെഫായി വളർന്ന കഥയാണ് റഹിമിന്റേത്. ദ ഫൈൻ ഡെലിക്കസി എന്ന ഫുഡ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ സാരഥി ഇതാദ്യമായി തന്റെ ജീവിതത്തെക്കുറിച്ചും സഞ്ചാരഭ്രമത്തെപ്പറ്റിയും വാഹനങ്ങളെപ്പറ്റിയും മനസ്സു തുറക്കുന്നു…

എഴുത്ത്: ജെ ബിന്ദുരാജ് ചിത്രങ്ങൾ: സഫ്‌വാൻ ബാവ

കഷ്ടപ്പാടുകളും ദാരിദ്ര്യവും വിശപ്പും അനുഭവിച്ചവർ ജീവിതത്തിൽ എപ്പോഴും പുതിയ പുതിയ ഉയരങ്ങൾക്കായി വിശന്നുകൊണ്ടേയിരിക്കും. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ശരീരം ഭക്ഷണത്തിനു വേണ്ടി മാത്രമല്ല വിശക്കുന്നത്. കുട്ടിക്കാലത്ത് ജീവിതത്തിൽ തങ്ങൾക്ക് കിട്ടാതെ പോയതെല്ലാം നേടിയെടുക്കാനും തങ്ങളുടെ കുഞ്ഞുങ്ങൾക്കും ലോകത്തിലെ വിശക്കുന്ന മുഴുവൻ കുഞ്ഞുങ്ങൾക്കുമായി നിലകൊള്ളാനും എല്ലാവരേയും സ്‌നേഹിക്കാനും അതവരെ പ്രേരിപ്പിക്കും. അവരെ സംബന്ധിച്ചിടത്തോളം അതാണ് അവരുടെ ജീവിതവിജയം. ഉള്ളിലെ വിശപ്പിനെ അതിജീവിക്കുന്നതിനൊപ്പം അതവരുടെ ജീവിതം മധുരതരമാക്കുകയും ചെയ്യും. വീട്ടിലെ കഷ്ടപ്പാടുകൾ മൂലം കൊച്ചി കലൂരിലെ ദാറുൽ ഉലൂം യത്തീംഖാനയിലേക്ക് ജീവിതം പറിച്ചുനടേണ്ടി വന്ന റഹിം മോന് ഒരു നേരത്തെ ഭക്ഷണത്തിന്റെ വില എത്രത്തോളമുണ്ടെന്ന് കുട്ടിക്കാലം മുതൽ തന്നെ നന്നായി അറിയാമായിരുന്നു. നാലു മക്കളുള്ള കുടുംബം നോക്കാതെ നടക്കുകയായിരുന്നു ബാപ്പ. പോർബന്തറിൽ മിലിട്ടറി നഴ്‌സായ ഉമ്മ സാബിറയുടെ വിയർപ്പിന്റെ വിലയായിരുന്നു വീട്ടിലെ അടുക്കളയിൽ തീയെരിച്ചിരുന്നത്. ഭക്ഷണം കഴിക്കുകയെന്ന മോഹത്തിൽ നിന്നും ലോകത്തിന് ഭക്ഷണമുണ്ടാക്കി നൽകുക എന്ന തൊഴിലിലേക്കും ജീവിതത്തിലേക്കും റഹിം മോൻ ഇന്ന് വളർന്നിരിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ 442 മീറ്റർ ഉയരത്തിൽ 122-ാം നിലയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റസ്റ്റോറന്റായ അറ്റ്‌മോസ്പിയറിലെ ഷെഫായി മാറി പിൽക്കാലത്ത് ആ കൊച്ചുബാലൻ.

ഷെഫ് റഹിം

കേരളത്തിനകത്തും പുറത്തുമുള്ള ബിസിനസുകാർ ഇന്ന് റസ്റ്റോറന്റ് ശൃംഖലകളും ഹോട്ടലുകളും പദ്ധതിയിടുമ്പോൾ അതിന് ആദ്യം കൺസൾട്ട് ചെയ്യുന്നത് റഹിം മോൻ എന്ന സമർത്ഥനായ കോർപ്പറേറ്റ് ഷെഫിനെയാണ്. ദ ഫൈൻ ഡെലിക്കസി എന്ന പേരിൽ റഹിം മോൻ നടത്തുന്ന കൺസൾട്ടിങ് സ്ഥാപനം അവർക്കായി ഇന്ത്യൻ, കോണ്ടിനെന്റൽ, ഇറ്റാലിയൻ, അറബിക്, മെഡിറ്ററേനിയൻ, പേസ്ട്രീസ് എന്നീ വിഭാഗങ്ങളിലെ വിഭവങ്ങൾ രൂപപ്പെടുത്തുക മാത്രമല്ല അവയുടെ കിച്ചനിലേക്കുള്ള ജീവനക്കാരുടെ പരിശീലനവും ശുചിയായി പാചകം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങളും എന്തിന് അവയുടെ കോസ്റ്റിങ് പോലും തയാറാക്കി നൽകുന്നു. ഒപ്പം ലോകത്ത് പലയിടങ്ങളിലേക്കും നിരന്തരം സഞ്ചരിച്ച്, വ്യത്യസ്തമായ ഇടങ്ങളിലെ വ്യത്യസ്തമായ വിഭവങ്ങൾ അനുഭവിച്ചറിയാനും അതിന്റെ രുചിരഹസ്യങ്ങൾ ലോകത്തിന് പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു ആ ഇരുപത്തൊമ്പതുകാരൻ. ഇത്രയും ചെറിയ പ്രായത്തിൽ കോർപ്പറേറ്റ് ഷെഫായി ഉയർന്ന മറ്റൊരു മലയാളി വേറെയില്ല. ഇനി ദ ഫൈൻ ഡെലിക്കസി എന്ന പേരിൽ തന്നെ ഇന്ത്യയിലുടനീളം റസ്റ്റോറന്റ് ശൃംഖല സ്ഥാപിക്കാനാണ് ഇദ്ദേഹത്തിന്റെ ഭാവി പരിപാടി -സിഗ്‌നേച്ചർ ഡിഷ്‌സ് മാത്രം ലഭിക്കുന്ന ഒരു റസ്റ്റോറന്റ് ശൃംഖല!

Chef Rahim Mon in Nissan Micra

”മോളിക്യുലാർ ഗ്യാസ്‌ട്രോണമിയിലും മൊറോക്കൻ ടർക്കിഷ് ഫ്യൂഷൻ ഡിഷുകളിലും റിയൽ അറബിക് ടർക്കിഷ് ഷവർമ്മയിലും യെമനി മന്തിയിലുമൊക്കെയാണ് പുതിയ പരീക്ഷണങ്ങൾ ഞാൻ നടത്തുന്നത്. കാട്ടറബികൾ ഭക്ഷണം പാകം ചെയ്തിരുന്ന അതേ വഴികളിലൂടെ സഞ്ചരിച്ച്, അതേ രുചികൾ നാവിലെത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമങ്ങൾ,” റഹിം മോൻ സ്മാർട്ട് ഡ്രൈവിനോട് ഇതാദ്യമായി മനസ്സു തുറക്കുകയാണ്. രുചിക്കൂട്ടുകൾ കണ്ടെത്താനുള്ള ഈ ഊർജ്ജസ്വലനായ ചെറുപ്പക്കാരന്റെ സഞ്ചാരങ്ങളാണ് സ്മാർട്ട് ഡ്രൈവിനെ റഹിം മോനോട് കൂടുതൽ അടുപ്പിച്ചത്. ഒന്നര മാസം മുമ്പ് വാങ്ങിയ കറുത്ത നിസ്സാൻ മൈക്ര ഇതിനിടയിൽ മാത്രം 15,000 കിലോമീറ്ററുകൾ സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. ധനുഷ്‌കോടിയും മൈസൂരും ബംഗലുരുവും ഊട്ടിയും ഗോകർണവും ഗോവയിലുമെല്ലാം ചുറ്റിത്തിരിഞ്ഞിരിക്കുന്നു അത്. ”ഇനി മൈക്രയിൽ ഒരു ഇന്ത്യാ പര്യടനമാണ് എന്റെ ലക്ഷ്യം. ഏതു യാത്രയിലും പുതിയ പുതിയ ഭക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്യും. ഒരിടത്ത് താമസിക്കുമ്പോൾ കഴിവതും അവിടത്തെ നാട്ടുകാരുടെ വീടുകളിൽ നിന്നും ഭക്ഷണം കഴിക്കാനാണ് ഞാൻ ശ്രമിക്കുക,” റഹിം പറയുന്നു. ബജാജ് അവഞ്ച്വറും പൾസർ 220യും ഓപ്പൽ ആസ്ട്രയും ഷെവർലേ ബീറ്റും മാരുതി സിയാസുമെല്ലാം മൈക്രയ്ക്ക് പുറമേ ഈ യാത്രകൾക്ക് റഹിം മോന് തുണയായിട്ടുണ്ട്. ഇപ്പോൾ ആറു മാസം മുമ്പ് ജീവിതപങ്കാളിയായി എത്തിയ സനു എന്ന വിളിപ്പേരുള്ള ഫാത്തിമയാകട്ടെ ഏത് അർധരാത്രി വിളിച്ചാലും എവിടേയ്ക്കും ഒപ്പമിറങ്ങാൻ സദാ തയാർ. ഒരു പ്രമുഖ കമ്പനിയിൽ അക്കൗണ്ടന്റായിരുന്ന ഫാത്തിമ ഇപ്പോൾ റഹിമിനൊപ്പം ചേർന്ന് ഷെഫാകാനുള്ള പരിശീലനത്തിലാണെന്നതാണ് മറ്റൊരു കൗതുകം.

Rahim Mon in the Kitchen

യാത്രകൾക്ക് ഒപ്പം പലപ്പോഴും റഹിമിന്റെ വലിയൊരു സുഹൃദ്‌സംഘവുമുണ്ടാകും. ഒന്നാം ക്ലാസ്സു മുതൽ തുടങ്ങിയ സൗഹൃദങ്ങൾ ഇന്നും നിലനിർത്തുന്നുണ്ട് ആ യുവാവ്. ഒന്നാം ക്ലാസിലെ കൂട്ടുകാരൻ സിദ്ധിക് മുതൽ ദുബായിലേക്ക് തന്നെ എത്തിക്കുകയും വളർച്ചയുടെ വഴികളിൽ നിർണായക സ്വാധീനമായി മാറുകയും ചെയ്ത ഷെമീം വരെ നീളുകയും ചെയ്യുന്നു അത്. ചെന്നൈയിൽ പ്രളയമുണ്ടായപ്പോൾ അവിടേയ്ക്ക് സാധനസാമഗ്രികൾ എത്തിക്കാൻ തുടക്കമിട്ട ‘അൻപോട് കൊച്ചി’ എന്ന സന്നദ്ധസംഘടനയുടെ മുഖ്യ പ്രവർത്തകരിലൊരാളുമാണ് റഹിം. കേരളത്തിലെ പ്രളയ സമയത്ത് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു റഹിമും ഫാത്തിമയും ‘അൻപോട് കൊച്ചി’യിലെ പ്രവർത്തകരുമൊക്കെ. അൻപോട് കൊച്ചിയിലെ സൗഹൃദങ്ങളിൽ നിന്നും തട്ടുകട എന്ന പേരിൽ ഒരു സുഹൃദ് സംഘവുമുണ്ടായി റഹിമിന്. ഐ ടിക്കാർ മുതൽ കൊച്ചു കുട്ടികൾ വരെയുണ്ട് ആ സംഘത്തിൽ!

പക്ഷേ വിജയകരമായ കരിയർ ഗ്രാഫിനു പുറത്ത് പാഷന്റേതായ മറ്റൊരു ലക്ഷ്യം കൂടിയുണ്ട് റഹിം മോന്. ”ഒരു അന്താരാഷ്ട്ര റൺവേ മോഡലാകുക എന്നതാണ് മനസ്സിലുള്ള മറ്റൊരു മോഹം. ഷെഫ് എനിക്ക് പണവും പ്രശസ്തിയും നൽകുന്ന തൊഴിലാണെങ്കിലും എന്റെ പാഷൻ മോഡലിങ്ങാണ്. മോഡലിങ്ങിലൂടെ പണം വരില്ലെന്ന് അറിയാവുന്നതു കൊണ്ടാണ് തൊഴിലായി ഷെഫിന്റെ ജോലി ഞാൻ ചെയ്യുന്നത്. നേരത്തെ ലെൻസ്‌കാർട്ടിനടക്കം പല ബ്രാൻഡുകൾക്കും ഞാൻ മോഡലിങ് ചെയ്തിട്ടുണ്ട്. ജൂനിയർ എൻ ടി ആറിനൊപ്പം റിലീസാകാത്ത ഒരു ചിത്രത്തിൽ തീവ്രവാദിയായും മൈ ഡിയർ മമ്മി എന്ന സിനിമയിൽ ചെറിയൊരു റോളും ചെയ്തിട്ടുണ്ട്,” റഹിമിന്റെ മറ്റൊരു മുഖമാണ് വാക്കുകളിൽ തെളിയുന്നത്. ജിസ്‌ജോയ് സംവിധാനം ചെയ്ത ആസിഫ് അലി നായകനായ സൂപ്പർ ഹിറ്റ് ചിത്രമായ ‘വിജയ് സൂപ്പറും പൗർണമിയും’ എന്ന സിനിമയിൽ ഷെഫായി വേഷമിടുന്ന ആസിഫ് അലിയ്ക്ക് അതിനുള്ള പരിശീലനം നൽകിയും റഹിം മോൻ തന്നെ.

കൊച്ചുകൊച്ചു തുടക്കങ്ങളിൽ നിന്നായിരുന്നു വിജയത്തിലേക്കുള്ള റഹിം മോന്റെ യാത്ര. ”മുളന്തുരുത്തിക്കാരനായ രാജു എന്ന മനുഷ്യസ്‌നേഹിയാണ് എന്നെ ഇന്നു കാണുന്ന ഞാനാക്കി മാറ്റിയത്. ഭക്ഷണത്തിന്റെ വില പറഞ്ഞു തന്നതും പ്രതിസന്ധികളിൽ തളരാതിരിക്കാൻ എന്നെ പഠിപ്പിച്ചതുമൊക്കെ അദ്ദേഹമാണ്. ഞാൻ അദ്ദേഹത്തെ ഡാഡിയെന്നാണ് വിളിക്കുന്നത്,” റഹിം മോൻ പറയുന്നു. പതിനൊന്ന് വർഷക്കാലമേ ആയിട്ടുള്ളു റഹിം മോന്റെ കരിയറിന്. 2009ൽ എം ജി റോഡിലെ വുഡ്‌സ് മാനറിൽ നിന്നാരംഭിച്ച് സാംസങ്ങിന്റേയും വേൾപൂളിന്റേയും ഐ എഫ് ബിയുടേയുമെല്ലാം ഡെമോ ഷെഫായി പ്രവർത്തിച്ച് ലുലു ബ്ലൂംസ്‌ബെറിയുടെ ഓപ്പണിങ് ഷെഫായും പിന്നീട് അറ്റ്‌മോസ്പിയറിലെ ഷെഫായുമൊക്കെയുള്ള യാത്ര അത്ര എളുപ്പമൊന്നുമായിരുന്നില്ല. പുതിയ കാര്യങ്ങൾ നിരന്തരം പഠിച്ചറിയാനും പരീക്ഷിക്കാനുമുള്ള വ്യഗ്രതയാണ് ഇന്ന് ദ ഫൈൻ ഡെലിക്കസി എന്ന ഫുഡ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ അമരത്തേക്ക് റഹിം മോനെ കൊണ്ടെത്തിച്ചത്. കാക്കനാട്ടെ മസ്‌ടേക്ക്, കോഫി ക്ലബ്, കാന്താരീസ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, കൊട്ടിൽ, ആദമിന്റെ ചായക്കട എന്നീ പ്രശസ്ത ബ്രാൻഡ് റസ്റ്റോറന്റുകളുടെയെല്ലാം മെനുവും അനുബന്ധ കാര്യങ്ങളും റഹിം മോന്റെ കൈകളിലൂടെയാണ് മുന്നേറിയത്. ആദമിന്റെ ചായക്കടയുടെ കോർപ്പറേറ്റ് ഷെഫു കൂടിയാണ് അദ്ദേഹം. കപ്പ ടിവിയിൽ സിമ്പ്‌ളി നാടനിൽ ഫീച്ചർ ചെയ്യ പ്പെട്ട റഹിം ഫുഡ് സ്‌റ്റൈലിസ്റ്റായും പ്രവർത്തി ക്കുന്നുണ്ട്. ”ആരോഗ്യകരമായ ഭക്ഷണത്തിന് വലിയ പ്രാമുഖ്യം കൽപിക്കുന്ന ഒരാളാണ് ഞാൻ. കോട്ടയത്ത് ഹെൽത്ത് കഫേ എന്ന സ്ഥാപനത്തിലെ മെനു ഞാനാണ് ഒരുക്കിയത്. ഹെർബൽ ജ്യൂസുകൾ സ്വയം നിർമ്മിച്ച് അവ ജനതയിലെത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. പനിക്കൂർക്ക ജ്യൂസ് പോലുള്ളവ,” പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തെക്കുറിച്ചും വ്യായാമത്തിന്റെ ആവശ്യകതയെപ്പറ്റിയുമൊക്കെ റഹിം വാചാലനാ കുകയാണ്. ഭക്ഷണമുണ്ടാക്കി നൽകിയാൽ അത് ആളുകൾ എങ്ങനെയാണ് കഴിക്കുന്നതെന്നു പോലും അകലെ നിന്നു വീക്ഷിക്കുകയും അവരുടെ മുഖഭാവത്തിലൂടെ അതിഷ്ടപ്പെട്ടുവോ ഇല്ലയോ എന്നു പോലും താൻ തിരിച്ചറിയാറുണ്ടെന്നും അവരുടെ നിർദ്ദേശങ്ങൾ എപ്പോഴും താൻ ചോദിച്ചറിയാറുണ്ടെന്നും റഹിം കൂട്ടിച്ചേർക്കുന്നു. ”ഭക്ഷണം വയറു നിറയ്ക്കുക മാത്രമല്ല, മനസ്സു കൂടി നിറയ്ക്കണമെന്നാണ് എന്റെ പക്ഷം,” റഹിം തന്റെ ഫിലോസഫി പറഞ്ഞുവയ്ക്കുന്നു.

Chef Rahim Mon with Nissan Micra

ആരോഗ്യകാര്യത്തിൽ ബദ്ധശ്രദ്ധനാണ് റഹിം.”വർക്ക് ഔട്ട് ചെയ്യാതെയുള്ള ജീവിതത്തെപ്പറ്റി എനിക്ക് ചിന്തിക്കാനേ ആകില്ല. നീന്തലിൽ വേഗത്തിന്റെ കാര്യത്തിൽ ആരേയും നീന്തി തോൽപിക്കാനുമെനിക്കാകും,” റഹിം പറയുന്നു. ആലുവയിൽ ഇപ്പോൾ പുതിയ വീട് നിർമ്മിക്കുകയാണ് അദ്ദേഹം. ഷെഫിന്റെ ജീവിതം പ്രമേയമാക്കിയാണ് വീടിന്റെ ഇന്റീരിയർ. എന്റെ ഉമ്മയെ ആ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി താമസിപ്പിക്കണം. ഒരുപാട് കഷ്ടപ്പെട്ടാണ് ഉമ്മ ഞങ്ങളെ വളർത്തിയത്. ഉമ്മയ്ക്കുള്ള മകന്റെ സമ്മാനമാകണം അത്,” റഹിം പറയുന്നു. വാക്കിലും നോക്കിലുമെല്ലാം സ്‌നേഹത്തിന്റെ അടയാളങ്ങൾ തിളങ്ങുന്നുണ്ട് റഹിം മോന്റെ മുഖത്ത്. ഉയരങ്ങളിലേക്ക് ആ യുവാവ് വളരുന്നത് വെറുതെയല്ലെന്ന് തെളിയിക്കുന്നു ആത്മാർത്ഥതയും നന്മയും നിറഞ്ഞ പെരുമാറ്റവും. റഹിം മോൻ വെറുമൊരു ഷെഫല്ല, ഒരു സംഭവമാണെന്ന് വ്യക്തം$

Copyright: Smartdrive- April 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>