“We know the nerve of the market”: Manav Kapur, Steelbird International
November 20, 2019
വൈദ്യുത വാഹനങ്ങളുടെ വില പതിന്മടങ്ങു കുറയും! വരാനിരിക്കുന്നത് ലിതിയം അയോൺ ബാറ്ററി വിപ്ലവം!
November 22, 2019

Test drive: New Hyundai Elantra

ഇന്ത്യൻ വിപണിയിലെ എക്‌സിക്യൂട്ടീവ് സെഡാനുകളിൽ പ്രധാനപ്പെട്ട സ്ഥാനം അലങ്കരിക്കുന്നുണ്ട് ഹ്യുണ്ടായ് എലാൻട്ര. പുതിയ മോഡൽ എലാൻട്ര വന്നപ്പോൾ ഡീസൽ എഞ്ചിൻ പാടേ ഒഴിവാക്കിയിട്ടുണ്ട്. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട് വായിക്കുക…

എഴുത്തും ചിത്രങ്ങളും: ബൈജു എൻ നായർ

1990ൽ കൊറിയൻ വിപണിയിലെത്തിയ എക്‌സിക്യൂട്ടീവ് സെഡാനാണ് എലാൻട്ര. കഴിഞ്ഞ 29 വർഷത്തിനിടയിൽ ഒരിക്കലും എലാൻട്രയുടെ വിൽപനയ്ക്ക് മങ്ങലേറ്റില്ല എന്നതാണ് ആശ്ചര്യകരമായ കാര്യം. 2018ലും ആറു ലക്ഷത്തിലേറെ എലാൻട്രകളാണ് യുഎസിലും ചൈനയിലും മാത്രമായി വിറ്റഴിഞ്ഞത്. ലോകമെമ്പാടും വെന്നിക്കൊടി പാറിച്ച എലാൻട്ര 2004ൽ ഇന്ത്യയിലെത്തി. ഇന്ത്യയിൽ ഒരിക്കലും എലാൻട്ര വൻവിജയമൊന്നുമായില്ല, എന്നാൽ തീരെ പരാജയവുമായില്ല. എല്ലാക്കാലത്തും മിനിമം വിൽപന നേടി മുന്നോട്ടു പോവുകയായിരുന്നു എലാൻട്ര. 2016ലാണ് ഇന്ത്യയിൽ കാര്യമായ ഫേസ്‌ലിഫ്‌റ്റോടുകൂടിയ എലാൻട്ര വന്നത്. അത് ആറാം തലമുറയിൽപ്പെട്ട മോഡലായിരുന്നു. ഇപ്പോഴിതാ, വീണ്ടും മുഖം മിനുക്കി എത്തിയിരിക്കുകയാണ് ഈ എക്‌സിക്യൂട്ടീവ് സെഡാൻ. ഇക്കുറി ഒരു പ്രധാനപ്പെട്ട മാറ്റം സംഭവിച്ചിട്ടുണ്ട് -ഡീസൽ എഞ്ചിൻ വേരിയന്റ് പൂർണമായും നിർത്തലാക്കിയിരിക്കുന്നു. ഇനി മുതൽ എലാൻട്ര പെട്രോൾ എഞ്ചിൻ മോഡലിൽ മാത്രമേ ലഭ്യമാവുകയുള്ളു എന്നർത്ഥം.

കാഴ്ച

ഹ്യുണ്ടായ് ഏറ്റവും പുതിയ ഡിസൈൻ ലാംഗ്വേജിലേക്ക് എലാൻട്രയെ മാറ്റിയെടുത്തിരിക്കുകയാണിപ്പോൾ. മുൻഭാഗത്തെ ഗ്രില്ലാണ് പ്രധാനമായും മാറ്റത്തിനു വിധേയമായിരിക്കുന്നത്. ഇപ്പോൾ ഹ്യുണ്ടായ്‌യുടെ ഫാമിലി ഗ്രിൽ എന്നു വിളിക്കാവുന്ന കാസ്‌കേഡിങ് ഗ്രിൽ ആണ് എലാൻട്രയ്ക്കും നൽകിയിരിക്കുന്നത്. അങ്ങനെ ‘കുടുംബത്തിൽ പിറന്നവ’നാക്കി എലാൻട്രയെയും മാറ്റിയിരിക്കുന്നു.
4 എലമെന്റുകളുള്ള ഹെഡ്‌ലാമ്പ് അതിഗംഭീരമായിട്ടുണ്ട്. ട്രയാംഗിൾ ഷെയ്പ്പുള്ള ഈ ഹെഡ്‌ലാമ്പാണ് എലാൻട്രയ്ക്ക് പ്രീമിയം ലുക്ക് സമ്മാനിക്കുന്നത്. ഹെഡ്‌ലാമ്പുകൾക്കു മേലെ എൽഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും കൊടുത്തിട്ടുണ്ട്. ബോണറ്റിൽ മസിൽ ലൈനുകളുണ്ട്. അതും ഒരു എക്‌സിക്യൂട്ടീവ് സെഡാന്റെ ഗമയ്ക്ക് ചേരുന്നതു തന്നെയാണ്. താഴെയായി ട്രയാംഗുലർ ഷെയ്പ്പിൽ കാണുന്നത് ഫോഗ്‌ലാമ്പാണ്. ബമ്പറിന്റെ ഷെയ്പ് അനുസരിച്ച് ടെയ്ൽലാമ്പിന്റെ ഡിസൈനും നിർവഹിച്ചിരിക്കുന്നത് രസകരമായിട്ടുണ്ട്.


ബമ്പറിന്റെ രൂപവും പാടെ മാറിയിട്ടുണ്ട്. താഴെ ലോവർലിപ്പ് പോലൊരു ഭാഗം സ്‌കർട്ടിങ്ങിന്റെ ഭംഗി പകരുന്നുണ്ട്. ഇനി സൈഡ് പ്രൊഫൈൽ നോക്കാം. ഇവിടെ മാറ്റം വന്നിരിക്കുന്നത് അലോയ്‌വീലിന്റെ ഡിസൈനിനാണ്. സുന്ദരമാണ് പുതിയ അലോയ്‌വീൽ. വശങ്ങളിൽ പവർലൈനുകൾ കൊടുത്തിട്ടുണ്ട്. വശക്കാഴ്ചയിൽ കൂപ്പെ സ്റ്റൈലിലുള്ള റൂഫ് ലൈനും എലാൻട്രയുടെ ന്യൂജെൻ ലുക്ക് വർദ്ധിപ്പിക്കുന്നു.
പിൻഭാഗമാണ് ഏറ്റവും മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്നത്. പൂർണ്ണമായും പുതിയ ഡിസൈനാ ണ് പിൻഭാഗത്ത് കൊടുത്തിരിക്കുന്നത്. ബൂട്ട്‌ലിഡിൽ എലാൻട്ര എന്ന ബാഡ്ജിങ് നീട്ടി എഴുതിയിട്ടുണ്ട്. വശങ്ങളിൽ നിന്നാരംഭിക്കുന്ന എൽഇഡി ടെയ്ൽലാമ്പ് ബൂട്ട് ലിഡിലേക്ക് കടന്നു നിൽക്കുന്നു. അപ്പർലിപ് പോലൊരു ഭാഗം ബൂട്ടിനുമേലെയുണ്ട്. അതൊരു റിയർ സ്‌പോയ്‌ലറിന്റെ പ്രയോജനം ചെയ്യുന്നുണ്ട്. ഷാർക്ക്ഫിൻ ആന്റിന റൂഫിലുണ്ട്. ബൂട്ട്‌ലിഡിലെ ഹ്യുണ്ടായ് ലോഗോയുടെ നടുവിൽ അമർത്തുമ്പോഴാണ് ബൂട്ട്‌ലിഡ് തുറക്കുക. 420 ലിറ്ററാണ് ബൂട്ട്‌സ്‌പേസ്.
ബമ്പറിന്റെ രൂപമാറ്റം പിന്നിലും കാണാം. പഴയ മോഡലിനെക്കാൾ 50 മി.മീ നീളം കൂടിയിട്ടുണ്ട് എന്നതാണ് പുതിയ മോഡലിന്റെ മറ്റൊരു നേട്ടം.

ഉള്ളിൽ

എലഗൻസാണ് ഉള്ളിലെ തീം. എക്‌സിക്യൂട്ടീവ് സെഡാനു ചേരുന്ന വിധത്തിലാണ് ഉൾഭാഗം. പ്രൗഢിയും ഭംഗിയും അല്ലെങ്കിൽ തന്നെ ഹ്യുണ്ടായ് മോഡലുകളുടെ കൂടെപ്പിറപ്പാണല്ലോ..ഉൾഭാഗത്ത് കയറുമ്പോൾ എലാൻട്രയുടെ വലിപ്പം ബോധ്യപ്പെടും. ഈ സെഗ്‌മെന്റിലെ വാഹനങ്ങളിൽ ഏറ്റവും വീൽബെയ്‌സ് കൂടുതൽ എലാൻട്രയ്ക്കാണ്. വീതിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനവും എലാൻട്രയ്ക്കാണുള്ളത്. മുന്നിലും പിന്നിലുമുള്ള ലെഗ്‌സ്‌പേസ് അത് ബോധ്യപ്പെടുത്തിത്തരുന്നുണ്ട്.


ഡ്രൈവർ സീറ്റ് 10 തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം. സ്റ്റിയറിംഗ് വീലിൽ ക്രൂയിസ് കൺട്രോൾ ഉൾപ്പെടെയുള്ള സ്വിച്ചുകൾ കാണാം. നടുവിൽ കാണുന്നത് 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീനാണ്. ഹ്യുണ്ടായ് വെന്യൂവിൽ വന്നിരിക്കുന്ന കണക്ടിവിറ്റിയുടെ എല്ലാ ഘടകങ്ങളും ഇപ്പോൾ എലാൻട്രയിലും എത്തിയിട്ടുണ്ട്. ബ്ലാക്ക്-ബീജ് എന്നിവ കൂടാതെ അലൂമിനിയം ഫിനിഷും ചേർന്ന് ഉൾഭാഗത്തെ സുന്ദരമാക്കുന്നു. ഫിറ്റ് ആന്റ് ഫിനിഷ് ഒന്നാന്തരം.
ഇൻഫിനിറ്റിയുടെ 8 സ്പീക്കർ മ്യൂസിക് സിസ്റ്റം ലോകനിലവാരമുള്ളതാണ്. 2 സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൊബൈൽ ഫോൺ വയർലെസ് ചാർജ്ജിങ് പാഡ്, വെന്റിലേറ്റഡ് സീറ്റുകൾ, സ്മാർട്ട്/സ്റ്റോപ്പ് സ്വിച്ച്, സൺറൂഫ് എന്നിവയും എടുത്തുപറയാം. ധാരാളം സ്റ്റോറേജ് സ്‌പേസുകൾ, കപ്‌ഹോൾഡറുകൾ എന്നിവ കുടുംബയാത്രകളെ സഹായിക്കും. പിൻസീറ്റിലേക്കും എസി വെന്റുകളുമുണ്ട്. പിൻസീറ്റിന്റെ നടുവിൽ ആംറെസ്റ്റും കാണാം.

എഞ്ചിൻ

പെട്രോൾ എഞ്ചിൻ മാത്രമുള്ള എലാൻട്രയാണ് ഇനി നമ്മുടെ നിരത്തുകളിൽ ഓടാൻ പോകുന്നത്. കഴിഞ്ഞ മോഡലിലെ 1.6 ലിറ്റർ, 128 ബിഎച്ച്പി ഡീസൽ എഞ്ചിൻ ഇനി ഉണ്ടാവുകയില്ല എന്നർത്ഥം. പഴയ 2 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാണ് പുതിയ മോഡലിലുള്ളത്. ഈ 152 ബിഎച്ച്പി എഞ്ചിൻ ബിഎസ്6 നിയമം പാലിക്കുന്നതായി മാറിയിട്ടുണ്ട് എന്നു മാത്രം. 6 സ്പീഡ് മാനുവൽ/6സ്പീഡ് ടോർക്ക് കൺവർട്ടബിൾ ടൈപ്പ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ. 14.6 കിമി./ലിറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.
അങ്ങേയറ്റം റിഫൈൻഡ് എഞ്ചിനാണിത്. ലാഗിന്റെ ലാഞ്ചന പോലുമില്ലാത്ത എഞ്ചിനെ വലിച്ചു കൊണ്ടു പായാൻ പ്രാപ്തനാണ് ‘സ്മാർട്ട് ഡ്രൈവ്’ ടെസ്റ്റ് ഡ്രൈവ് ചെയ്ത ഓട്ടോമാറ്റിക് മോഡലിലെ ട്രാൻസ്മിഷൻ. ഈ സെഗ്‌മെന്റിലെ വാഹനങ്ങളിലെ ഏറ്റവും കൂടിയ ബിഎച്ച്പിയും എലാൻട്രയിലെ എഞ്ചിനാണുള്ളത്. 6 എയർ ബാഗുകൾ, എബിഎസ്, ഇബിഡി, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽസ്റ്റാർട്ട് അസിസ്റ്റ് എന്നിവയാണ് സുരക്ഷാ സന്നാഹങ്ങൾ.

SD Verdict

20 മുതൽ 26 ലക്ഷം രൂപവരെയാണ് എലാൻട്രയുടെ വിവിധ വേരിയന്റുകളുടെ ഓൺറോഡ് വില. ടോപ് എൻഡ് വേരിയന്റിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമേയുള്ളു എന്ന പ്രത്യേകതയുണ്ട്. എന്തായാലും ഡീസൽ എഞ്ചിനില്ല എന്ന കുറവ് ഒഴിച്ചു നിർത്തിയാൽ പോസ്റ്റ് മോഡേൺ മോഡൽ തന്നെയാണ് എലാൻട്ര. *

Copyright: Smartdrive- November 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>