Tea County: Travel in association with Kerala tourism
June 24, 2019
എഡിറ്റോറിയൽ: ഇനി ഇലക്ട്രിക് യുഗം
June 25, 2019

Test Ride: Royal Enfield Bullet Trials 500

റോയൽ എൻഫീൽഡ് ബുള്ളറ്റ് ട്രയൽസ് 500

റോയൽ എൻഫീൽഡിന്റെ ഏറ്റവും സ്റ്റൈലിഷ് മോഡലെന്ന് ട്രയൽസിനെ വിളിക്കാം. ഓഫ്‌റോഡ് കഴിവുകളും രൂപഭംഗിയും ഒത്തിണങ്ങിയ ട്രയൽ 500 ന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്…

എഴുത്ത്: അഭിഷേക് മേനോൻ, ചിത്രങ്ങൾ: അഖിൽ അപ്പു

ഒരു കാലത്ത് നഷ്ടപ്പെട്ടു പോയ പ്രതാപം തിരിച്ചുപിടിച്ച ശേഷം വെച്ചടി വെച്ചടി കയറ്റമാണ് റോയൽ എൻഫീൽഡിന്. മീശമുളയ്ക്കാത്ത പയ്യന്മാർക്കു പോലും ഇപ്പോൾ എൻഫീൽഡിന്റെ മോഡലുകൾ മതി എന്ന അവസ്ഥയാണ്. ഈ ആവേശം അണയാതെ സൂക്ഷിക്കാനായി നിരന്തരം പുതിയ മോഡലുകൾ പുറത്തിറക്കുന്ന തിരക്കിലാണ് കമ്പനി.

ബുള്ളറ്റ് ട്രയൽസ് 500

ഏറെയൊന്നും കേട്ടിട്ടില്ലാത്തതരം പേരാണ് ഇക്കുറി റോയൽ എൻഫീൽഡ് തങ്ങളുടെ പുതിയ മോഡലിന് നൽകിയിരിക്കുന്നത്-ട്രയൽസ്. ഇതിനു കാരണമുണ്ട്. പല പാശ്ചാത്യരാജ്യങ്ങളിലും മുമ്പ് ട്രയൽസ് എന്ന പേരിൽ ബൈക്ക് റേസുകൾ നടത്തിയിരുന്നു. കുന്നുകളും മലകളും താണ്ടിയുള്ള ഈ ബൈക്ക് റേസുകളിൽ കാൽ നിലത്തു കുത്തരുതെന്നാണ് നിബന്ധന. കാൽ കുത്തിയാൽ പോയിന്റ് നഷ്ടമാകും. ചെറിയ വേഗതയിൽ കാൽകുത്താതെ കല്ലുംമുള്ളും പിന്നിട്ട് ഓടിക്കുക എന്നതാണ് ട്രയൽസിലെ ചലഞ്ച്.

പണ്ടുമുതലെ റോയൽ എൻഫീൽഡ് ബ്രിട്ടനിലും മറ്റും ട്രയൽസിൽ പങ്കെടുക്കുമായിരുന്നു. ആ ഓർമ്മ നിലനിർത്താനാണ് ഇപ്പോൾ പുതിയ മോഡലിന് ട്രയൽസ് എന്ന പേര് നൽകിയിരിക്കുന്നത്.
രണ്ട് വേരിയന്റുകളുണ്ട് റോയൽ എൻഫീൽഡ് ബുള്ളറ്റ് ട്രയൽസിന് – 500ഉം 350ഉം. ‘സ്മാർട്ട്‌ഡ്രൈവ്’ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻപോകുന്നത് 500 സിസി മോഡലാണ്. അടിസ്ഥാനപരമായി ബുള്ളറ്റ് ക്ലാസിക് തന്നെയാണ് ട്രയൽസ്. ഓഫ് റോഡിങിന് ഉതകുംവിധം ബുള്ളറ്റിനെ മാറ്റിയെടുത്തിരിക്കുകയാണെന്നു പറയാം.

കാഴ്ച

സ്വാർത്ഥനാണ് ട്രയൽസ്. ഒരാൾക്കേ സഞ്ചരിക്കാനാവൂ. പിൻസീറ്റിന്റെ ഭാഗത്ത് ലഗേജ് കാരിയറാണ്. എഞ്ചിൻ, ചേസിസ്, സസ്‌പെൻഷൻ – എല്ലാം ബുള്ളറ്റിൽ നിന്ന് കടം കൊണ്ടതു തന്നെയാണ്. എന്നാൽ ഓഫ് റോഡിന് പറ്റുംവിധം ടയർ സൈസ് മാറ്റിയിട്ടുണ്ട്. മുമ്പിൽ 19 ഇഞ്ച് വീലും പിന്നിൽ 18 ഇഞ്ചുമാണ്. ഹാൻഡിൽ ബാറും ബുള്ളറ്റിന്റേതു തന്നെ. ഫുട്‌പെഗിൽ ചവിട്ടി എഴുന്നേറ്റു നിന്ന് ഓടിക്കാൻ ഈ ഹാൻഡൽ ബാർ പൊസിഷൻ സഹായിക്കും.


എക്‌സ്‌ഹോസ്റ്റ് അല്പം മേലോട്ടാണ് കൊടുത്തിരിക്കുന്നത്. മാനം നോക്കിയാണ് എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നർത്ഥം. അതുകാരണം പിന്നിൽ, ഇന്ത്യൻ പതിവനുസരിച്ച്, ഒരാൾ ലഗേജ് കാരിയറിൽ ഇരുന്നാലും കാൽവെക്കാൻ സ്ഥലമില്ല!
മിനിമം ഡിസൈനേ ട്രയൽസിന്റെ കാര്യത്തിൽ എൻഫീൽഡ് ഉപയോഗിച്ചിട്ടുള്ളു. അതുതന്നെയാണ് ട്രയൽസിന്റെ ഭംഗിയും ഹെഡ്‌ലാമ്പ്ഗാർഡ്, മഡ്ഗാർഡ,് എഞ്ചിനെ പൊതിയുന്ന മെറ്റൽ ബാഷ് പ്ലേറ്റ്, ഹാൻഡ്ൽ ബാർ ബ്രേസ് പാഡ് എന്നിങ്ങനെ ചുരുക്കം കാര്യങ്ങളെ പറയാനുള്ളു.

എഞ്ചിൻ

27 ബിഎച്ച്പി എഞ്ചിനാണ് 500 സിസിക്ക്. (350 സിസിക്ക് 19.8 ബിഎച്ച്പിയും) 5250 ആർപിഎമ്മിലാണ് മാക്‌സിമം പവർ ലഭിക്കുന്നത്. 41.3 ന്യൂട്ടൺ മീറ്റർ ടോർക്ക് 4000 ആർപിഎമ്മിലും ലഭിക്കുന്നു. ക്ലാസിക് 500ലെ അതേ എഞ്ചിനായതുകൊണ്ട് കൂടുതലൊന്നും പറയേണ്ടതില്ലല്ലോ.. ഏതു മലയും താണ്ടുന്ന പ്രാപ്തനാണ് എഞ്ചിൻ. ടയറുകളുടെ ഗ്രിപ്പാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഏതു ടെറെയ്‌നിലും വഴുതിപ്പോകാതെ ട്രയൽസിനെ ടയറുകൾ കാത്തു സൂക്ഷിക്കുന്നുണ്ട്.

മുന്നിലും പിന്നിലും ഡിസ്‌ക്‌ബ്രേക്കുകളാണ്. ഡ്യുവൽ ചാനൽ എ ബി എസുകളും സുരക്ഷ ഡിപ്പാർട്ടുമെന്റ് കൈകാര്യം ചെയ്യുന്നു.
ഹിമാലയൻ ആണല്ലോ എൻഫീൽഡിന്റെ പ്രധാന ഓഫ് റോഡ് കുതിര. ഹിമാലയനുമായി താരതമ്യപ്പെടുത്തുമ്പോൾ ട്രയൽസിന് ചേരുക കഠിനപാതകളല്ല, അല്പം കൂടി കാഠിന്യം കുറഞ്ഞ ഓഫ് റോഡുകളാണെന്നു പറയാം. ക്ലാസിക്കിന്റെ കംഫർട്ടും തരക്കേടില്ലാത്ത ഓഫ് റോഡ് കഴിവുകളുമാണ് ട്രയൽസിന്റെ കാതൽ$

Vehicle Provided By:
Royal Enfield brand store
Edappally
Tel: 75920 09240

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>