ജടായുവിനെ പശ്ചാത്തലമാക്കി സെൽഫി എടുക്കൂ, സ്മാർട്ട് ഫോൺ സമ്മാനം നേടൂ 
March 4, 2019
Bold & Pretty: Hyundai Santro Dayout!
March 11, 2019

Test drive: Honda Civic

അഞ്ചു വർഷം മുമ്പ് ഇന്ത്യൻ വിപണിയിൽ നിന്നും അപ്രത്യക്ഷമായ ഹോണ്ട സിവിക് ഒരു ന്യൂജെൻ യുവതിയായി തിരിച്ചെത്തിയിരിക്കുന്നു. കാലം എന്തൊക്കെ മാറ്റങ്ങളാണ് സിവിക്കിൽ വരുത്തിയിരിക്കുന്നത്? ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്

എഴുത്തും ചിത്രങ്ങളും: ബൈജു എൻ നായർ

1972ൽ ഹോണ്ടയിൽ നിന്നൊരു സെഡാൻ ജനിച്ചു – സിവിക്. സൂപ്പർഹിറ്റായി മാറിയ ഈ മോഡൽ 47 വർഷം കൊണ്ട് വിറ്റത് 2.5 കോടി യൂണിറ്റ്! ഇതിനിടെ 2006ൽ എട്ടാം തലമുറയിൽപ്പെട്ട സിവിക് ഇന്ത്യയിലും കപ്പലിറങ്ങി. രൂപഭംഗി കൊണ്ട് വാഹനപ്രേമികളുടെ ഹരമായി മാറിയെങ്കിലും ആഗോളതലത്തിൽ നേടിയ വൻവിജയം ഇന്ത്യയിൽ ആവർത്തിക്കാൻ കഴിഞ്ഞില്ല അതിന്. ഒരേയൊരു കാരണമേയുള്ളൂ -പെട്രോൾ എഞ്ചിൻ. 1.8 ലിറ്റർ പെട്രോൾ എഞ്ചിൻ മോഡൽ മാത്രമാണ് സിവിക്കിന് ഇന്ത്യയിൽ ഉണ്ടായിരുന്നത്. വലിയ സെഡാനുകളിൽ ഡീസൽ എഞ്ചിൽ പ്രതീക്ഷിക്കുന്ന ഇന്ത്യക്കാരന് അതത്ര രുചിച്ചില്ല. അതുകൊണ്ടു തന്നെ സിവിക് ഒരു പരിധിയിലധികം വിജയമാകാതെ, 2013ൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
ഇതിനിടെ ലോകവിപണിയിൽ പുതിയ സിവിക് എത്തിയിരുന്നു. ഒരു വർഷംമുമ്പ് തായ്‌ലന്റിൽ വച്ച് ആ സുന്ദരിയെ ഞാൻ കണ്ടു. 1500 രൂപ കൊടുത്ത് റെന്റ് – എ കാർ കമ്പനിയിൽ നിന്ന് വാടകയ്‌ക്കെടുത്ത് ഒരു ദിവസം മുഴുവൻ ഞാൻ ഓടിച്ചു നടക്കുകയും ചെയ്തു. അന്ന് ഞാൻ സിവിക്കുമായി അനുരാഗത്തിലായി. വടിവൊത്ത വനിതകളുടെ നാടായ തായ്‌ലന്റിൽ, അവരെക്കാൾ മേനിയഴകുമായി കൊതിപ്പിച്ചു നിൽക്കുന്ന സിവിക്കിനെ ആരാണ് മോഹിക്കാത്തത്!
ഇന്ത്യയിൽ 2006ൽ വന്നത് 8-ാം തലമുറയിൽപ്പെട്ട സിവിക്കാണ്. ഇപ്പോൾ നമ്മൾ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നത് പത്താംതലമുറയിൽപ്പെട്ട മോഡലാണ്. അതേ, തായ്‌ലന്റിൽ എന്റെ മനം കവർന്ന സിവിക്ക് ഇന്ത്യയിലും വിൽപന തുടങ്ങുകയാണ്. സുന്ദരിയുടെ മടങ്ങിവരവ് എത്തരത്തിലാണെന്ന് നമുക്കു കണ്ടുനോക്കാം.

കാഴ്ച

പഴയ മോഡലിനെക്കാൾ നീളവും വീതിയും വീൽബെയ്‌സും കൂടുതലുണ്ട് പുതിയ മോഡലിന്. ഉയരം മാത്രം അല്പം കുറവും. മുന്നിലേക്ക് തള്ളി നിൽക്കുന്ന ഗ്രില്ലിൽ തടിച്ച ക്രോമിയം പ്ലേറ്റാണുള്ളത്. അതിന്റെ തുടർച്ചപോലെ എൽഇഡി ടെയ്ൽലാമ്പുകൾ. ‘എൽ’ ഷെയ്പ്പുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകൾ ഭംഗിയുള്ള രൂപം സമ്മാനിക്കുന്നു. മുന്നിലെ ബമ്പറിൽ നെടുനീളത്തിൽ ക്ലാഡിങ്ങുണ്ട്. അതിന്മേൽ എയർഡാമും ഫോഗ്‌ലാമ്പുകളും കൊടുത്തിരിക്കുന്നു. കൂടാതെ, ക്ലാഡിങ്ങിന് അതിരിടുന്നതുപോലെ ക്രോമിയം ലൈനിങ്ങുമുണ്ട്. ബമ്പറിന്റെ കോണുകളും മൂലകളുമൊക്കെ ചെത്തിയെടുത്തിരിക്കുന്ന ഡിസൈൻ രീതി കാണേണ്ടതു തന്നെയാണ്. ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ കൈവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാം.


ബോണറ്റിന്റെ ഇരുവശവും ബൾജ് ചെയ്തു നിൽക്കുന്നു. ആ ബൾജിങ്ങിന്റെ തുടർച്ച വീൽ ആർച്ചായി മാറുന്നുണ്ട്. 17 ഇഞ്ച് ടയറുകൾ ഈ സെഗ്‌മെന്റിലെ മറ്റ് മോഡലുകളെക്കാൾ വലിയ വീലുകളാണ് സിവിക്കിന്റേത് എന്നർത്ഥം. ഭംഗിയുള്ള അലോയ്‌വിലുകളും ചെരിഞ്ഞിറങ്ങുന്ന, കൂപ്പെകൾക്കു സമാനമായ റൂഫ് ലൈനും ശ്രദ്ധയിൽ പെടാതിരിക്കില്ല. ‘സി’പില്ലർ ബൂട്ട് ലിഡിലേക്ക് ഒഴുകിയെത്തുന്ന രീതിയും സുന്ദരം തന്നെ.
സൈഡ് പ്രൊഫൈലിൽ, തങ്ങി നിൽക്കുന്ന ടെയ്ൽലാമ്പ് കാണാം. പിന്നിലേക്കു വരുമ്പോൾ എൽഇഡി ലാമ്പിന്റെ ‘എൽ’ ഷെയ്പ്പ് വ്യക്തമാകും. ഒരു ഫാസ്റ്റ് ബായ്ക്ക് മോഡലിന്റെതുപോലെയുണ്ട്, ബൂട്ടിന്റെ ഭാഗം. ഏറ്റവും ഫ്യൂച്ചറിസ്റ്റ് ലുക്കുള്ളത് പിൻഭാഗത്തിനാണെന്ന് പറയാതെ വയ്യ 430 ലിറ്റർ ബൂട്ട്‌പ്ലേസുമുണ്ട്, സിവിക്കിന്. ഇന്റഗ്രേറ്റഡ് ബൂട്ട്‌സ്‌പോയ്‌ലറും സ്‌കഫ് പ്ലേറ്റ് പോലെ തോന്നിക്കുന്ന ഭാഗവുമൊക്കെ സിവിക്കിനെ സ്‌പോർട്ടിയാക്കുന്നുണ്ട്. ഒരു കാര്യം പറയാതിരിക്കാനാവില്ല, പോസ്റ്റ് മോഡേൺ രൂപമാണ് സിവിക്കിന്.

ഉള്ളിൽ

ബ്ലാക്ക്, സ്റ്റീൽ ഫിനിഷ്, ബീജ് എന്നിവയാണ് ഉള്ളിലെ നിറങ്ങൾ. കൂടാതെ ലെതറിന്റെ സ്പർശം ഡാഷ് ബോർഡ് പോലെ, പലയിടത്തുമുണ്ട്. വലിയ സെന്റർ കൺസോളിൽ സ്റ്റോറേജ് പ്ലേസുകൾ ധാരാളം. കൺസോളിന്റെ തുടക്കത്തിലും ആംറെസ്റ്റിനു താഴെയും സ്റ്റോറേജ് സ്‌പേസുണ്ട്.
ഡിസൈനിലും ലേ ഔട്ടിലും വിപ്ലവകരമായ മാറ്റങ്ങളൊന്നുമില്ല. എന്നാൽ ഒതുക്കമുള്ളതും ഭംഗിയുള്ളതുമാണ് ഉള്ളിലെ ഡിസൈൻ. എല്ലായിടത്തും സോഫ്റ്റ് ടച്ച് മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
7 ഇഞ്ച് ടച്ച് സ്‌ക്രീനാണ് നടുവിൽ കാണുന്നത്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവ ഈ സിസ്റ്റത്തിലുണ്ട്. സ്‌ക്രീനിനു താഴെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിന്റെ സ്വിച്ചുകളുമുണ്ട്. ഡ്രൈവർ സീറ്റ് എട്ടുതരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം. ഹാൻഡ്‌ബ്രേക്ക് ഇലക്‌ട്രോണിക്കായി മാറിയിട്ടുണ്ട്. സ്റ്റിയറിങ് വീലിൽ കൺട്രോളുകളുമുണ്ട്.
മീറ്റർ കൺസോൾ പഴയ സിവിക്കിന്റേത് സുന്ദരമായ ഡിസൈനിലായിരുന്നു. പുതിയതും അങ്ങനെ തന്നെ. ഫ്യൂവൽ ഗേജുകൾ അനലോഗ് രീതിയിൽ തുടരുന്നു. കൂടാതെ ഒരു കളർ സ്‌ക്രീനും വിവരങ്ങൾ പകർന്നു നൽകിക്കൊണ്ട് മീറ്റർ കൺസോളിന്റെ നടുവിൽ നിൽക്കുന്നുണ്ട്. സീറ്റുകളുടെ കുഷ്യനിങ്ങും ഇന്റീരിയർ സ്‌പേസുമൊക്കെ എടുത്തു പറയേണ്ട കാര്യങ്ങളാണ്. പിൻസീറ്റുകാർക്കും ഹെഡ്‌റൂമിനോ ലെഗ്‌റൂമിനോ കുറവില്ല. പിന്നിൽ ആംറെസ്റ്റും എസി വെന്റുകളുമുണ്ട്. നടുവിൽ ഉയർന്ന സെന്റർ ടണലുള്ളതുകൊണ്ട് പിൻസീറ്റിൽ നടുവിലിരിക്കുന്നയാൾ കുറച്ചൊക്കെ കഷ്ടപ്പെടും.

എഞ്ചിൻ

1.6 ലിറ്റർ, 120 ബിഎച്ച്പി ഡീസൽ എഞ്ചിനാണ് സിവിക്കിലെ താരം. കാരണം, പഴയ മോഡലിൽ ഡീസൽ എഞ്ചിൻ ഉണ്ടായിരുന്നില്ലല്ലോ.. കൂടാതെ പഴയ 1.8 ലിറ്റർ, 141 ബിഎച്ച്പി പെട്രോൾ എഞ്ചിൻ ചെറിയ മാറ്റങ്ങളോടെ വന്നിട്ടുമുണ്ട്. പെട്രോൾ എഞ്ചിൻ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെയാണ് വന്നിരിക്കുന്നതെങ്കിൽ ഡീസൽ വേരിയന്റിൽ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമേയുള്ളു.
പെട്രോൾ എഞ്ചിൻ കൂടുതൽ റെസ്‌പോൺസീവാക്കിയിട്ടുണ്ട്. 7 സ്റ്റെപ്പ് സിവിടി ഈ സെഗ്‌മെന്റിലെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ മികച്ചതു തന്നെ. പാഡ്ൽ ഷിഫ്‌റ്റേഴ്‌സും കൊടുത്തിട്ടുണ്ട്. ഡീസൽ എഞ്ചിനാകട്ടെ 5000 ആർപിഎം വരെ പവറിന്റെ തിരതള്ളൽ നിലനിർത്തുന്നുണ്ട്. എന്നാൽ ഇപ്പോഴും പൂർണ്ണമായും റിഫൈൻഡായി ഈ എഞ്ചിൻ എന്ന് പറയാൻ പറ്റില്ല. കുറച്ച് ശബ്ദം കുടുതലുണ്ട് എഞ്ചിന്. സിആർവിയിലും ഇതേ എഞ്ചിനാണെങ്കിലും സിവിക്കിന് സിആർവിയെക്കാൾ ഭാരം കുറവായതുകൊണ്ട് എഞ്ചിൻ കൂടുതൽ സ്‌പോർട്ടിയായിട്ടുണ്ട്.


മികച്ച ഹാൻഡിലിങ്, 171 മി.മീ ഗ്രൗണ്ട് ക്ലിയറൻസ്, 17 ഇഞ്ച് ടയറുകൾ എന്നിവ ചേരുമ്പോൾ ഏതു റോഡ് അവസ്ഥയിലും ഓടിക്കാവുന്ന സെഡാനായി മാറുന്നു, സിവിക്ക്.
ലെയ്ൻ വാച്ച് ക്യാമറ, 6 എയർബാഗുകൾ എന്നിവയൊക്കെ സുരക്ഷാ സന്നാഹങ്ങളിൽ പെടുന്നു. ഏതുതരത്തിൽ നോക്കിയാലും പഴയ സിവിക്കിൽനിന്ന് തലമുറകൾ മുന്നിലാണ് പുതിയ സിവിക്ക.്.

തികച്ചും ഫ്യൂച്ചറിസ്റ്റിക്കാണ് പുതിയ സിവിക്കിന്റെ ഡിസൈൻ. ഇന്റീരിയർ സ്‌പേസ്, ഡീസൽ എഞ്ചിൻ എന്നിവയുടെ കാര്യത്തിലും സിവിക് മുന്നിട്ടു നിൽക്കുന്നു.

വില
Petrol variants            Diesel variants
Civic V      17.70 lakh
Civic VX  19.20 lakh                 20.50 lakh
Civic ZX   21.00 lakh                22.30 lakh

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>