The Wheel of Life by Anjali Menon
September 14, 2018
Exclusive test drive: Mahindra Marazzo
September 15, 2018

Adam’s Treat! – Travel to Adaminte Chayakkada

ആദമിന്റെ ചായക്കടയിൽ നിന്നും ലഭിക്കുന്ന ഭക്ഷണം രുചിയിൽ മാത്രമല്ല വേറിട്ടു നിൽക്കുന്നത്. നാടൻ രുചികളുടെ ആ മഹോത്സവത്തിലിടം നേടിയ തകർപ്പൻ പേരുകളും ഇന്ന് സൂപ്പർ ഹിറ്റാണ്. നരകത്തിലെ കോഴി മുതൽ ആദം കൊതിപ്പിച്ച കൊറത്തിക്കോഴിയും കബാലി ചില്ലിചിക്കനും പവനായി ആട് പായയും വരെ നീളുന്നു അവ… സ്മാർട്ട് ഡ്രൈവ് ആദമിന്റെ ചായക്കടയുടെ ആലുവ ദേശത്തേയും കരിയാട്ടേയും നെടുമ്പാശ്ശേരിയിലേയും റസ്റ്റോറന്റുകളിലേക്ക് നടത്തിയ ഭക്ഷണ യാത്ര.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോ: ജോണി തോമസ്

ആലുവയ്ക്കടുത്ത കുന്നുകരയിലെ കുഞ്ഞുമരയ്ക്കാർ ഹാജിയുടെ മക്കളായ നാസിമും അഷ്‌റഫും മൈസൂർ കഫേ എന്ന പേരിൽ കുന്നുകര ജംങ്ഷനിൽ ഒരു ചായക്കട നടത്തിയിരുന്നു. പക്ഷെ പിന്നീട് ഇരുവരും ഗൾഫ് രാജ്യങ്ങളിൽ മറ്റു പല ബിസിനസുകൾ ചെയ്യുകയും മക്കളെ സോഫ്റ്റ് വെയർ എഞ്ചിനീയർമാരാക്കി മാറ്റുകയുമാണുണ്ടായത്. പക്ഷേ ഭക്ഷണത്തോടുള്ള ബാപ്പമാരുടെ താൽപര്യം മക്കളായ അൻഷാദ് നാസിമിന്റെയും ഫ്രെയ്‌സം അഷ്‌റഫിന്റെയും രക്തത്തിലുണ്ടെന്ന് പിന്നീട് തെളിഞ്ഞു. നാടൻ രുചികളുടെ ലോകത്തേക്കും മലബാറി ഭക്ഷണ പ്രപഞ്ചത്തിലേക്കും മലയാളിയുടെ നാവിനെ കൊണ്ടെത്തിച്ച ആദമിന്റെ ചായക്കട എന്ന ഹോട്ടൽ ശൃംഖലയുടെ അമരക്കാരായി മാറി ഇരുവരും.

നെടുമ്പോശ്ശേരി വിമാനത്താവളത്തിനരികെ 2500 ചതുരശ്ര അടിയിൽ 2013 ഫെബ്രുവരിയിൽ ആരംഭിച്ച ആദമിന്റെ ചായക്കട മലേഷ്യയിൽ നാലിടത്ത് ഫാത്തിമാസ് കിച്ചൺ എന്ന പേരിലും 2017ൽ ആലുവ ദേശത്തും 2018ൽ അങ്കമാലിക്കടുത്ത കരിയാടും എത്തിയതോടെ ഭക്ഷണപ്രിയന്മാരുടെ ഇഷ്ടസങ്കേതമായി മാറി. ഒന്നര മീറ്റർ നീട്ടിയടിച്ച ചായയും പെരുംജീരകവും ഏലയ്ക്കായും ഇഞ്ചിയുമിട്ട ചായയ്ക്കുമേലെ പാൽ പതഞ്ഞു നിൽക്കുന്ന ഹമീദി ചായയും കൊറത്തി കോഴിയും കോഴി കൊണ്ടാട്ടവും കബാലി ചില്ലിചിക്കനും പവനായി ആട് പായയുമൊക്കെ കഴിക്കാൻ ഇന്ന് സാധാരണക്കാരും സെലിബ്രിറ്റികളുമെല്ലാം ആദമിന്റെ ചായക്കട തേടിയുള്ള സഞ്ചാരമാണ്. സൂപ്പർസ്റ്റാർ മോഹൻ ലാൽ മുതൽ മഞ്ജു വാര്യർ വരെയും ക്യാപ്റ്റൻ രാജു മുതൽ സിദ്ധിക് വരെയും പ്രയാഗ മാർട്ടിൻ മുതൽ പത്മപ്രിയ വരെയും ഉണ്ണി മുകുന്ദൻ മുതൽ നടനും സംവിധായകനുമായ ലാൽ വരേയും ശങ്കർ മഹാദേവൻ, എം ജി ശ്രീകുമാർ പോലുള്ള ഗായകരുമൊക്കെ ആദമിന്റെ ചായക്കട കണ്ടാൽ അവിടെ നിർത്തി തങ്ങൾക്കു വേണ്ട വിഭവങ്ങൾ കഴിച്ചിട്ടേ മടങ്ങാറുള്ളു. ഒരേ സമയം 30 കാറുകൾക്ക് പാർക്ക് ചെയ്യാനാകുന്ന വിശാലമായ കാർ പാർക്കിങ് സംവിധാനം ആലുവയിലെ ദേശത്തും കരിയാടുമൊക്കെ ആദമിന്റെ ചായക്കടയ്ക്കുള്ളതിനാൽ വൈകുന്നേരങ്ങളിൽ ഇഷ്ടവിഭവങ്ങൾ രുചിച്ചറിയാൻ ഭക്ഷണപ്രിയരുടെ പ്രളയം തന്നെയാണ് ഈ കസിൻ സഹോദരന്മാരുടെ റസ്റ്റോറന്റിലേക്കുള്ളത്. ആലുവയിലും നെടുമ്പാശ്ശേരിയിലുമൊക്കെയുള്ള ആദമിന്റെ ചായക്കടകൾ ഓഗസ്റ്റ് മാസത്തിന്റെ മഹാപ്രളയത്തിൽ മുങ്ങിപ്പോയപ്പോഴും വെള്ളമിറങ്ങിയയുടനെ ജനങ്ങൾ അവിടേയ്ക്ക് വാഹനമോടിച്ചെത്തിയത് നരകത്തിലെ കോഴി രുചിക്കാനും ബീഫ് ലോലിപോപ്പ് കഴിക്കാനുമൊക്കെ യാണ്. അതുകൊണ്ടാണ് തലയ്ക്കുമേലെ വെള്ളം കയറിയ ആലുവ ദേശത്തെ റസ്റ്റോറന്റ് വെള്ളമിറങ്ങിയ നിമിഷം പുതിയ പാത്രങ്ങളും ഫർണീച്ചറുകളുമായി പുതിയ പെയിന്റടിച്ച് അണിഞ്ഞൊരുങ്ങിയതും പഴയതുപോലെ ജനലക്ഷങ്ങളെ ഹോട്ടലിലേക്ക് മാടിവിളിച്ചതും. രുചിയുടെ ലോകത്തേക്ക് ജനതയെ ഇത്രത്തോളം ആകർഷിക്കുന്ന മറ്റൊരു ഹോട്ടൽ ശൃംഖല ഹൈവേ വക്കിൽ കേരളത്തിലില്ലെന്ന യാഥാർത്ഥ്യമാണ് ആദമിന്റെ ചായക്കടയുടെ രഹസ്യം തേടിപ്പോകാൻ സ്മാർട്ട് ഡ്രൈവിനെ പ്രേരിപ്പിച്ചത്.

ആദമിന്റെ ചായക്കടയുടെ മാനേജിങ് പാർട്ണർമാരായ അൻഷാദ് നാസിമും ഫ്രെയ്‌സം അഷ്‌റഫും കരിയാട്ടെ റസ്റ്റോറന്റിൽ

”ടീം വർക്കാണ് ആദമിന്റെ ചായക്കടയുടെ വിജയരഹസ്യം. സെക്യൂരിറ്റി ചേട്ടന്മാർ മുതൽ ഷെഫുകൾ വരെയും വെയിറ്റർ മുതൽ ക്ലീനിങ് ജീവനക്കാർ വരെയും ഒരു ടീമായി പ്രവർത്തിക്കുന്നതാണ് വിജയമന്ത്രം. ഒരു പാർട്‌നർഷിപ്പ് ബിസിനസ് എന്നതിനപ്പുറം പത്തായപ്പുരയ്ക്കൽ കുടുംബക്കാരുടെ സംരംഭമെന്ന നിലയ്ക്കാണ് ഞങ്ങൾ ആദമിന്റെ ചായക്കടയെ വിഭാവനം ചെയ്തത്. ഏറ്റവും മികച്ച രീതിയിൽ നാടൻ വിഭവങ്ങളും നോർത്ത് ഇന്ത്യൻ വിഭവങ്ങളും അറബിക് ഫുഡും നൽകാൻ ഞങ്ങൾക്കാകുന്നുണ്ട്. രുചി വർധിപ്പിക്കുന്നതിനായി മോണോസോഡിയം ഗ്ലൂട്ടമേറ്റ് പോലുള്ള രാസവസ്തുക്കളോ മറ്റ് കൃത്രിമ നിറങ്ങളോ ഞങ്ങൾ ഉപയോഗിക്കുന്നില്ല. കാഷ്മീരി ചില്ലി മാത്രമാണ് നിറത്തിനായി ഉപയോഗിക്കുന്നത്,” ആദമിന്റെ ചായക്കടയ്ക്ക് തുടക്കമിട്ട അൻഷാദ് നാസിം പറയുന്നു.

ആദമിന്റെ ചായക്കടയുടെ മാനേജിങ് പാർട്ണർമാരായ അൻഷാദ് നാസിമും ഫ്രെയ്‌സം അഷ്‌റഫും റസ്റ്റോറന്റിന്റെ കിച്ചനിൽ

നാടൻ വിഭവങ്ങളുടെ വലിയൊരു നിര തന്നെ ആദമിന്റെ ചായക്കടയിലുണ്ട്. പഴമയുടെ രുചികളെ നാവിലെത്തിക്കുമ്പോഴും അവയുടെ നിർമ്മാണ രീതിയിൽ പുതുമ കൊണ്ടുവരുന്നവരാണ് അവരെന്ന കാര്യം എടുത്തുപറയാതെ വയ്യ. ആരോഗ്യകരമായ ഭക്ഷണത്തിന് പ്രാമുഖ്യം നൽകുന്നതിൽ ആദമിന്റെ ചായക്കട മറ്റു ഹോട്ടലുകളേക്കാൾ ബഹുദൂരം മുന്നിലാണ്. ”എണ്ണയുടെ ഉപയോഗം പരമാവധി കുറച്ച് നവീനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താക്കളെ അസുഖങ്ങളിൽ നിന്നും അകറ്റിനിർത്തുന്നുണ്ട് ഞങ്ങൾ. സാധാരണ ഒരു ഹോട്ടലിൽ ദിവസം പതിനഞ്ച് ലിറ്ററോളം എണ്ണ ഉപയോഗിക്കുകയും അത് പുനരുപയോഗിക്കുകയുമൊക്കെ ചെയ്യുമ്പോൾ ഞങ്ങൾ രുചിക്കൂട്ടിനായി എണ്ണ അതിലേക്ക് ചെറുതായി സ്‌പ്രേ ചെയ്യുക മാത്രമേ ചെയ്യുന്നുള്ളു. ജർമ്മൻ നിർമ്മിതമായ റാഷണൽ കോമ്പി ഓവനിലാണ് ഞങ്ങളുടെ പ്രധാന പാചകം. ഒരേ സമയം 20 മിനിട്ടു കൊണ്ട് 120 പേർക്ക് കഴിക്കാനാവ ശ്യമായ ബിരിയാണി നിർമ്മിക്കാൻ പോലും ഈ ഓവനിലൂടെ ഞങ്ങൾക്ക് സാധിക്കുന്നു. പുതിയ കാലത്ത് ആരോഗ്യസംരക്ഷണത്തിന് യുവാക്കൾ മുൻതൂക്കം നൽകുന്നതിനാൽ സാങ്കേതിക വിദ്യയ്ക്ക് ഭക്ഷണരംഗത്ത് വലിയ പല കാര്യങ്ങളും ചെയ്യാനാകുന്നുണ്ടെന്നാ ണ് ഞങ്ങളുടെ വിശ്വാസം,” അൻഷാദ് നാസിം പറയുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയർമാർ റസ്റ്റോറന്റ് ആരംഭിച്ചപ്പോൾ അതിൽ ടെക്‌നോളജി പ്രധാന ചേരുവയായി മാറിയതിൽ അത്ഭുതപ്പെടേണ്ടതില്ല.

തങ്ങളുടെ ആദ്യത്തെ റസ്റ്റോറന്റായ നെടുമ്പാശ്ശേരിയിലെ ആദമിന്റെ ചായക്കടയ്ക്കു മുന്നിൽ റെനോ സ്‌കാലയ്‌ക്കൊപ്പം

ആലുവയിലെ വയൽക്കരയിൽ ഒരേ കോമ്പൗണ്ടിൽ വളർന്നവരാണ് സഹോദര പുത്രന്മാരായ അച്ചു എന്ന അൻഷാദും പൈച്ചു എന്ന ഫ്രെയ്‌സമും. അൻഷാദ് ബിരുദപഠനത്തിനുശേഷം സോഫ്റ്റ് വെയർ എഞ്ചിനീയ റിങ്ങിലേക്കും സോഫ്റ്റ് വെയർ ഡവലപ്‌മെന്റിലേക്കും പ്രോജക്ട് മാനേജ്‌മെന്റിലേക്കുമൊക്കെ നീങ്ങുകയും ലക്കോട്ടിയ കംപ്യൂട്ടർ സെന്ററിന്റെ ഫ്രാഞ്ചൈസികൾ തൃശൂരും ആലുവയിലും ആരംഭിക്കുകയും ചെയ്തപ്പോൾ ഫ്രെയ്‌സം അഷ്‌റഫ് ആലുവ യു സി കോളെജിൽ നിന്നും ബി എസ് സി കംപ്യൂട്ടർ സയൻസ് പഠനത്തിനു ശേഷം ദുബായിൽ എം ബി എയ്ക്കാണ് പോയത്. ദുബായ് എന്ന കോൺക്രീറ്റ് കാടിനുള്ളിൽ കഴിയുമ്പോൾ മനസ്സ് ആലുവയിലെ നാട്ടിൻപുറത്തായതിനാൽ പക്ഷേ എം ബി എ പൂർത്തിയാക്കാതെ മടങ്ങി വന്ന് കോൺ ട്രാക്ട് വർക്കുകൾ ഏറ്റെടുത്ത് നിർവഹിക്കാൻ തുടങ്ങി അദ്ദേഹം. ലുലു ഗ്രൂപ്പിന്റേയും മാരിയറ്റ് ഹോട്ടലിന്റെയുമൊക്കെ കരാർ പണികൾക്കൊപ്പം റെന്റ് എ കാർ ബിസിനസും ചെയ്തുകൊണ്ടിരിക്കേയാണ് ബാപ്പമാരുടെ ചോരയും ജനിതകവും ഇരുവരേയും ഭക്ഷണത്തിലേക്ക് വീണ്ടും കൂട്ടിയോജിപ്പിച്ചത്.

ആലുവയിലെ ആദമിന്റെ ചായക്കടയ്ക്കു മുന്നിൽ അൻഷാദും ഫ്രെയ്‌സമും

”സോഫ്റ്റ് വെയർ ബിസിനസ് രംഗത്ത് നിൽക്കുന്ന സമയത്ത് യാത്രകളോടായിരുന്നു എന്റെ കൗതുകം. 2005ൽ എൽ സി സി ഫ്രാഞ്ചൈസിയെടുത്ത സമയത്താണ് ഒരു ഫിയറ്റ് പാലിയോ വാങ്ങുന്നത്. പിന്നെ മാരുതി സ്വിഫ്റ്റ്, പിന്നെ ഹ്യുണ്ടായ് വെർന. അവധി കിട്ടുന്ന നേരത്ത് തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും വടക്കേന്ത്യയിലേക്കുമൊക്കെയായിരുന്നു എന്റെ സഞ്ചാരം. ഭക്ഷണത്തോടുള്ള താൽപര്യമായിരുന്നു പല യാത്രകളേയും നയിച്ചതെന്ന് പറയാതെ വയ്യ. ലക്‌നൗവി ലേക്ക് ഒരിക്കൽ കാറോടിച്ചത് തുണ്ടേ കബാബ് എന്ന വിഭവം രുചിക്കാനായിരുന്നു. ദൽഹിയിൽ വച്ച് പോക്കറ്റടിക്കപ്പെട്ട് സർവതും നഷ്ടപ്പെട്ട് ഒടുവിൽ വീട്ടിൽ നിന്നും വിമാന ടിക്കറ്റെടുത്ത് അയച്ചുതന്ന് ദൽഹി മുംബയ് വഴി കൊച്ചിയിലെത്തിയത് മറക്കാനാവില്ല,” അൻഷാദ് നാസിം പൊട്ടിച്ചിരിയോടെ പറയുന്നു. തട്ടുകടകളും രുചികളും തേടിയുള്ള അൻഷാദിന്റെ ഈ യാത്ര ഇന്ത്യയിൽ മാത്രം ഒതുങ്ങി നിന്നില്ല. മലേഷ്യൻ ഗ്രാമങ്ങളിലേക്കും സിങ്കപ്പൂരിലേക്കും ദുബായിലേക്കും തായ്‌ലണ്ടിലേക്കുമൊക്കെ നീങ്ങി അത്. ”എവിടെ പോയാലും അവിടത്തെ ഗ്രാമങ്ങളിലെ പോലും തട്ടുകടകളിലെത്തി വിഭവങ്ങൾ രുചിച്ചറിയുന്നത് എന്റെ ഒരു ദൗർബല്യമാണ്. എന്തുകൊണ്ട് ഒരു റസ്റ്റോറന്റ് ആരംഭിച്ചു കൂടാ എന്ന് ചിന്തിച്ചത് അങ്ങനെയാണ്. നെടുമ്പാശ്ശേരിയിൽ 2500 ചതുരശ്ര അടിയിൽ ആദമിന്റെ ചായക്കടയ്ക്ക് തുടക്കം അവിടെയാണ്,” അൻഷാദ് നാസിം കഥ ആരംഭിക്കുകയാണ്. അൻഷാദിന്റെ കടയിൽ ഉൽഘാടനദിവസം എത്തി ഒരു ഫിഷ് ബിരിയാണി ആസ്വദിച്ച്, കരാർ തൊഴിൽസ്ഥലമായ ഇടപ്പള്ളിയിലേക്ക് മടങ്ങിയ ആളാണ് ഫ്രെയ്‌സം അഷ്‌റഫ്. ഫ്രെയ്‌സം പിന്നെ എങ്ങനെയാണ് ആദമിന്റെ ചായക്കടയുടെ പാർട്‌നറായത്?

അവധി ദിവസങ്ങളിൽ വിഭവങ്ങൾ പരീക്ഷിച്ചറിയാനുള്ള യാത്രകളാണ് അൻഷാദിനും ഫ്രെയ്‌സമിനും ഹരം

”ഫിഷ് ബിരിയാണി തിന്നു മടങ്ങിയ എന്റെ നാവിൽ നിന്നും അതിന്റെ രുചി വിട്ടുമാറിയില്ല. ഒരു മാസം കഴിഞ്ഞപ്പോൾ അൻഷാദിന്റെ ബാപ്പയായ നാസിം ഹോട്ടൽ സംരംഭത്തിൽ പങ്കാളിയാകാൻ താൽപര്യമുണ്ടോ എന്ന് എന്നോട് ചോദിച്ചു. കേൾക്കേണ്ട താമസം, ഞാനതിന് സമ്മതം മൂളി. അൻഷാദിനോടുള്ള അടുപ്പവും പരിചയവും ബന്ധുത്വത്തിനും പുറമേ, ഉപ്പൂപ്പ ഞങ്ങളെ കൈകോർപ്പിക്കുകയായിരുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്,” ഫ്രെയ്‌സം അഷ്‌റഫ് പറയുന്നു. തുടങ്ങി ഒരു മാസത്തിനുള്ളിൽ ഫ്രെയ്‌സം ആദമിന്റെ ചായക്കടയിൽ പങ്കാളിയായി വന്നു. ഇരുവരും ഭക്ഷണപ്രിയരും യാത്രാപ്രിയരുമാണെന്നത് അവർക്കിടയിൽ ബന്ധുത്വത്തിനപ്പുറം സ്‌നേഹത്തിന്റേയും അടുപ്പത്തിന്റേയും പുതിയൊരു ബിസിനസ് കൂട്ടുകെട്ടുണ്ടാക്കി. ആദമിന്റെ ചായക്കട ഇന്ന് എത്തിനിൽക്കുന്ന ഉയരങ്ങളിൽ ഇരുവർക്കും ഒരേ പങ്കാണുള്ളത്. ഇരു മെയ്യും ഒരു മനസ്സുമായി അവരത് മുന്നോട്ടു കൊണ്ടുപോകുന്നു.

കരിമീൻ പൊരിച്ചത്‌

നെടുമ്പാശ്ശേരിയിൽ 2013ൽ ആദമിന്റെ ചായക്കട ആരംഭിക്കുമ്പോൾ ഭക്ഷണത്തോടുള്ള താൽപര്യം എന്നതിനപ്പുറം ഹോട്ടൽ ബിസിനസ് രംഗവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല അൻഷാദിനും ഫ്രെയ്‌സമിനും. ”തുടക്കത്തിൽ ഈ രംഗത്ത് പരിചയമില്ലാതിരുന്നതിനാൽ പല തിരിച്ചടികളും ഞങ്ങൾക്ക് നേരിട്ടു. പക്ഷേ ഓരോ പരാജയത്തിൽ നിന്നും ഞങ്ങൾ ഓരോ പാഠങ്ങൾ പഠിക്കുകയായിരുന്നു. തോറ്റു പിന്മാറാൻ തയാറായിരുന്നില്ല ഞങ്ങൾ. നാടൻ ഭക്ഷണത്തോട് ഏതൊരു പ്രവാസിക്കുമുള്ള പ്രിയം ബിസിനസിൽ നിർണായകമാകുമെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. പുട്ടും കടലയും അപ്പവും മുട്ടക്കറിയും നാടൻ ബിരിയാണിയും ഉണ്ടംപൊരിയും പഴംപൊരിയും ബീഫ് റോസ്റ്റുമൊക്കെ മെനുവിൽ ഇടം കണ്ടെത്തിയതോടെ ആദമിന്റെ ചായക്കട വച്ചടിവച്ചടി കയറ്റമായിരുന്നു. 30 ലക്ഷം രൂപ മുതൽ മുടക്കിൽ 25 ജീവനക്കാരുമായി തുടങ്ങിയ പ്രസ്ഥാനം ഇന്ന് ശൃംഖലയായി വളരുന്നതിനു പ്രധാന കാരണം കലർപ്പില്ലാത്ത നാടൻ രുചി ഞങ്ങൾ ഉപഭോക്താക്കൾക്കായി നൽകുന്നതിനാലാണ്.

മലേഷ്യയിൽ നാലിടങ്ങളിൽ ഫാത്തിമാസ് കിച്ചൺ എന്ന പേരിൽ റസ്റ്റോറന്റ് ശൃംഖലയുണ്ട് ആദംസ് ഫുഡ് കോർട്ടിന്‌

പഴമക്കാരുടെ പല വിഭവങ്ങളുടേയും ചേരുവകൾ ആദമിന്റെ ചായക്കടയിലെ വിഭവങ്ങളായി അവതരിച്ചു. ഹോട്ടൽ ആരംഭിച്ച സമയത്ത് അതിന്റെ ജനറൽ മാനേജറായി വന്ന മുരളി സി നായർ എന്ന മുരളിച്ചേട്ടൻ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഞങ്ങൾക്കൊപ്പം നിലകൊണ്ടു,” അൻഷാദ് പറയുന്നു. ”മുരളിച്ചേട്ടന്റെ പ്രണയകാലത്ത് അദ്ദേഹത്തിന്റെ ഹംസമായി നിലകൊണ്ടത് ഞാനായിരുന്നു. അവിടെ നിന്നും ആരംഭിച്ച സൗഹൃദമാണ് ഇന്നും തുടരുന്നത്,” അൻഷാദിന്റെ പൊട്ടിച്ചിരി. പുതിയ രുചിക്കൂട്ടുകളിലേക്കും വിഭവങ്ങളുടെ സമൃദ്ധിയിലേക്കുമൊക്കെ ആദമിന്റെ ചായക്കടയെ കൊണ്ടെത്തിച്ചത് മുരളിച്ചേട്ടനും ഫ്രെയ്‌സമും അൻഷാദുമൊക്കെ രാത്രി നീളുവോളം നടത്തിയ ചർച്ചകളിലൂടെയായിരുന്നു. ഊണും ഉറക്കവുമൊക്കെ ഹോട്ടലിൽ തന്നെയായി മാറിയ കാലം. സൂപ്പർഹിറ്റായ ആദ്യവിഭവം കൊറത്തിക്കോഴിയായിരുന്നു. ബോൺലെസ് ചിക്കൻ നാടൻ വെളിച്ചെണ്ണയിൽ മസാലക്കൂട്ടിനൊപ്പം വറുത്തെടുത്ത അത്യുഗ്രഹൻ വിഭവം. ഇന്നും കൊറത്തിക്കോഴിക്കായി വമ്പൻ ക്യൂവാണ് വൈകുന്നേരങ്ങളിൽ ആദമിന്റെ ചായക്കടയിൽ.

മലബാറി സ്‌നാക്‌സുകളെല്ലാം തന്നെയുണ്ട് ആദമിന്റെ ചായക്കടയിൽ

ആദമിന്റെ ചായക്കട എന്ന പേരോ? ”അൻഷാദിന്റെ മകനാണ് ആദം. മകന്റെ പേരിലാണ് ആദമിന്റെ ചായക്കട തുടങ്ങിയത്. പിന്നീട് പലരും ആ പേര് നീട്ടിയെഴുതി കട തുടങ്ങിയെങ്കിലും കോടതിയിൽ ഞങ്ങളാണ് ആധികാരികമായി ഈ പേര് ആദ്യമായി ഉപയോഗിച്ചതെന്ന് ഞങ്ങൾ തെളിയിച്ചു. അൻഷാദിന്റെ ഭാര്യയുടെ പേരും എന്റെ ഉമ്മയുടെ പേരും ഫാത്തിമ ആയതിനാ ലാണ് ഫാത്തിമാസ് കിച്ചൻ എന്ന പേരിൽ ഞങ്ങൾ മലേഷ്യയിൽ പൂച്ചോങ്ങിലും കോത്തദമൻസാരയിലും ഷാ ആലമിലും സെറിമുദയിലും 2014 മുതൽ 2016 വരെ നാല് റസ്റ്റോറന്റുകൾ കൂട്ടുസംരംഭങ്ങളിലൂടെ ആരംഭിച്ചത്,” ഫ്രെയ്‌സം അഷ്‌റഫ് പറയുന്നു. ആദമിന്റെ ചായക്കടയാകട്ടെ ആദംസ് ഫുഡ്‌കോർട്ട് എന്ന ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുകയാണിന്ന്. ടർക്കിഷ് ഷവർമ്മ മുഖ്യവിഭവമാക്കി പുതിയൊരു സംരംഭവും ഉടനടി തന്നെ ആദംസ് ഫുഡ് കോർട്ട് ആരംഭിക്കും. ഇതിനായി അടുത്ത മാസം തന്നെ തുർക്കിയിലേക്ക് യാത്ര പോകുകയാണ് ഇരുവരും. ആലുവയിൽ ആദമിന്റെ ചായക്കടയ്ക്ക് മുകളിലുള്ള പാർട്ടി ഹാളാകും പുതിയ സ്‌പെഷ്യാലിറ്റി റസ്റ്റോറന്റായി രൂപാന്തരപ്പെടാൻ പോകുന്നത്. സ്മൂത്തീസും ഷേയ്ക്കും ജ്യൂസുമൊക്കെ ഇതിനു പുറമേ ഇവിടെയുണ്ടാകും. ഇതിനു പുറമേ, ‘എന്നാ കോപ്പാഡേ’ എന്ന പേരിൽ മറ്റൊരു സംരംഭവും ഇവർ പദ്ധതിയിടുന്നുണ്ട്.

ആലുവയിലെ ആദമിന്റെ ചായക്കടയുടെ ഇന്റീരിയർ

ഫ്രാഞ്ചൈസികൾക്കായും കൂട്ടുസംരംഭങ്ങൾക്കുമായി നിരവധി പേരാണ് ഇന്ന് അൻഷാദിനേയും ഫ്രെയ്‌സമിനേയും ബന്ധപ്പെടുന്നതെങ്കിലും ആദമിന്റെ ചായക്കടയുടെ നിലവാരവും മികവും കാത്തുസൂക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന ഉറച്ച ബോധ്യമുള്ളതിനാൽ ഇനിയും അതേപ്പറ്റി ചിന്തിച്ചിട്ടില്ല ഇരുവരും. ”ഭക്ഷണം പാചകം ചെയ്യുന്നതും നൽകുന്നതുമെല്ലാം ഒരു പാഷനായി തന്നെ നമുക്കുള്ളിൽ ഉണ്ടാകണം. പണമുണ്ടാക്കണമെന്ന ലക്ഷ്യം മുന്നിൽക്കണ്ട് കേവലം കച്ചവടരൂപത്തിലേക്ക് അത് മാറിയാൽ വലിയ തിരിച്ചടി അതിനുണ്ടാകും. ഞങ്ങളുടെ റസ്റ്റോറന്റിൽ ഞങ്ങൾ നൽകുന്നതുപോലുള്ള മികച്ച വിഭവങ്ങൾ മറ്റുള്ളവർക്ക് നൽകാൻ കഴിയാതെ വന്നാലോ എന്ന ഭയം തന്നെയാണ് ഫ്രാഞ്ചൈസികൾ നൽകാതിരിക്കാനുള്ള പ്രധാന കാരണം,” അൻഷാദ് നാസിം പറയുന്നു.

ഹമീദി ചായ

10 രൂപയുടെ കട്ടൻ ചായ മുതൽ ഒന്നര കിലോ തൂക്കം വരുന്ന 1500 രൂപയുടെ ഫിഷ് അൽഫാം വരെയുണ്ട് ആദമിന്റെ ചായക്കടയിൽ. മറ്റ് റസ്റ്റോറന്റുകളിൽ ചെറിയ അൽഫാം ചിക്കൻ 350 രൂപയ്ക്ക് നൽകുമ്പോൾ ആദമിന്റെ ചായക്കടയിലെ അൽഫാമിന് ഒന്നര കിലോയിലധികം തൂക്കമുള്ളതിനാൽ 600 രൂപ നൽകേണ്ടി വരും. രണ്ടിന്റേയും രുചികളും തമ്മിൽ അജഗജാന്തരവുമുണ്ട്. ചില്ലലമാരകളിൽ കൊതിപ്പിച്ചുകൊണ്ട് ആവി പറപ്പിച്ചിരിക്കുന്ന വിഭവങ്ങളാകട്ടെ മറ്റാർക്കും അനുകരിക്കാനാകാത്തവിധം സ്വാദിലും കാഴ്ചയിലും മനോഹരവുമാണ്. കരിയാടുള്ള ആദമിന്റെ ചായക്കടയിലും ആലുവ ദേശത്തുള്ള കടയിലും ജന്മദിന പാർട്ടികളും സൽക്കാരങ്ങളുമൊക്കെ നടക്കാറുമുണ്ട്. 120 പേർക്ക് ഇരിക്കാവുന്നവയാണ് ഈ രണ്ട് റസ്റ്റോറന്റുകളും. 30ലേറെ വാഹനങ്ങൾ ഒരേ സമയം പാർക്ക് ചെയ്യാനുമാകും.

Veg Salad

വിഭവങ്ങളുടെ നിർമ്മിതിയിൽ പാരമ്പര്യരുചികളെ പുനസൃഷ്ടിക്കുക മാത്രമല്ല ആദമിന്റെ ചായക്കട ചെയ്യുന്നത്. ഹോട്ടലിലെ കാഷ്യറായിരുന്ന ഹമീദ് കണ്ടെത്തിയ വിഭവമാണ് ഇന്ന് ഹമീദി ചായ എന്ന പേരിൽ അറിയപ്പെടുന്ന അതീവ രുചികരമായ ചായ. ”ക്യാപ്റ്റൻ രാജുവൊക്കെ എട്ട് ഹമീദി ചായ വരെ ഓർഡർ ചെയ്ത് കുടിച്ചിട്ടുണ്ട്. പെരുംജീരകവും ഏലയ്ക്കായും ഇഞ്ചിയുമൊക്കെ ചേർത്ത കടുംചായയുടെ മുകളിൽ അടിച്ചെടുത്ത പാൽ പതയായി നിൽക്കുകയും അത് സ്പൂണുകൊണ്ടിളക്കി കുടിക്കുകയും ചെയ്യുന്ന വിഭവമാണ് ഹമീദി ചായ,” ഫ്രെയ്‌സം പറയുന്നു. ആദമിന്റെ ചായക്കടയ്ക്ക് മാത്രമായി ദുബായിൽ അന്താരാഷ്ട്ര ഹോട്ടൽ ശൃംഖലകളിൽ തൊഴിലെടുത്ത അനുഭവപരിചയമുള്ള ഒരു ഷെഫുമുണ്ട് – റഹീം. ടി വി ഷോകളിലും എന്തിന് ചലച്ചിത്രതാരങ്ങൾക്ക് ഷെഫായി അഭിനയിക്കാൻ പരിശീലനം നൽകുകയുമൊക്കെ ചെയ്യുന്ന സൂപ്പർ താരം. ഇദ്ദേഹത്തിനു പുറമേ, ഷെഫുകളായ ഇസ്മയിലും ബഷീറും പി ആർ വർക്കുകൾ ചെയ്യുന്ന സമദും മാനേജർമാരായ ഷൈജുവും ഹമീദുമൊക്കെ വേറെയും. മലേഷ്യയിൽ ഫാത്തിമാസ് കിച്ചൻ തുടങ്ങിയതാകട്ടെ കോഴിക്കോട്ടുകാരായ മനാഫും ഷൈജലും കാജയുമൊക്കെ കൂട്ടുസംരംഭമായി ചേർന്നും. അൻഷാദിന്റേയും ഫ്രെയ്‌സമിന്റേയും ബാപ്പമാർ ഇപ്പോൾ മക്കളുടെ സംരംഭങ്ങളുമായി കൂട്ടുചേർന്നിട്ടുമുണ്ട്. ആലുവ ദേശത്തെ ആദമിന്റെ ചായക്കടയിൽ ഫ്രെയ്‌സമിനൊപ്പം അൻഷാദിന്റെ ബാപ്പയായ നാസിമാണ് സഹായത്തിനെങ്കിൽ കരിയാടെ കടയിൽ ഫ്രെയ്‌സമിന്റെ ബാപ്പയ്‌ക്കൊപ്പം അൻഷാദാണ് കൂട്ട്. നെടുമ്പാശ്ശേരിയിലെ കട ഇവർ ഒരുമിച്ച് നടത്തുകയും ചെയ്യുന്നു.

ജീവനക്കാരോട് പുലർത്തുന്ന സൗഹൃദവും സ്‌നേഹവുമാണ് ആദമിന്റെ ചായക്കടയിലേക്ക് അവരെ പിടിച്ചുനിർത്തുന്ന പ്രധാന കാര്യം. ജീവനക്കാർക്ക് കുടുംബപരമായ ആവശ്യങ്ങൾ വരുമ്പോൾ അവ നിറവേറ്റി നൽകാനുള്ള പണവും സഹായവുമൊക്കെ അവർ നൽകുന്നു. ജീവനക്കാർ മികവ് നിലനിർത്തണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം അവർ ഒപ്പം പുലർത്തുന്നുണ്ടെന്നത് അതിന്റെ മറുവശവും. ഹോട്ടലിലെത്തി ഭക്ഷണം ഓർഡർ ചെയ്തു കഴിഞ്ഞു മാത്രം അത് നിർമ്മിക്കുന്ന അലാക്കാട്ട് രീതിയാണ് ആദമിന്റെ ചായക്കട അവലംബിക്കുന്നത്. ബിരിയാണിയും മറ്റു ചില ചിക്കൻ വിഭവങ്ങളുമൊഴിച്ചുള്ള ഏതൊരു വിഭവവും അപ്പോൾ ചൂടോടെ നിർമ്മിച്ചു നൽകും അവർ. ”വിഭവം ഓർഡർ ചെയ്താൽ അത് തയാറാക്കാനുള്ള സമയം വെയിറ്റർ അറിയിക്കും. മിക്കവാറും ആളുകളെല്ലാം തന്നെ അതിനായി കാത്തിരിക്കാൻ തയാറാകുന്നവരുമാണ്. റസ്റ്റ് ആന്റ് റസ്റ്റോറന്റ് എന്ന വൈദേശിക ആശയമാണ് ആദമിന്റെ ചായക്കട പിന്തുടരുന്നത്,” ഫ്രെയ്‌സം പറയുന്നു.


ആരേയും അമ്പരപ്പിക്കുന്ന ആംബിയൻസ് റസ്റ്റോറന്റിൽ ഒരുക്കാനും ആദമിന്റെ ചായക്കട ശ്രദ്ധിച്ചിരിക്കുന്നു. ചാക്കു കുപ്പായമിട്ട കസേരകളും തക്കാളിപ്പെട്ടി മുതൽ പത്രങ്ങൾ വരെ ഉപയോഗിച്ചു നിർമ്മിച്ച ഇന്റീരിയറും എഡിസൻ ലാമ്പുകളെ അനുസ്മരിപ്പിക്കുന്ന എൽ ഇ ഡി ലാമ്പുകളും പഴയ പാട്ടുപെട്ടിയിലൂടെയുള്ള ഇമ്പമാർന്ന മെലഡികളുമെല്ലാം ആദമിന്റെ ചായക്കടയുടെ സവിശേഷതകളാണ്. എത്ര നേരം വേണമെങ്കിൽ ആർക്കും തെല്ലും മുഷിയാതെ ഇവിടെ തങ്ങാം. എയർ കണ്ടീഷനിങ്ങിന്റെ മികവും ശുചിത്വമുള്ള അന്തരീക്ഷവും ഒരു ക്ലാസ് ഫീലിങ് തന്നെ നൽകുന്നു ഈ റസ്റ്റോറന്റുകൾക്ക്. ഇതിനു പുറമേയാണ് വൃത്തിയുള്ള വാഷ്‌റൂമുകളും ക്രാഡിൽ സൗകര്യവും മുലയൂട്ടാനുള്ള സൗകര്യവും നമസ്‌കരിക്കാനുള്ള സ്ഥല സൗകര്യവുമൊക്കെ. 24 മണിക്കൂറും പ്രവർത്തിക്കുന്ന നാടൻ തട്ടുകടയും ആദമിന്റെ ചായക്കടയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ കുടുംബത്തോടൊപ്പം ഡ്രൈവ് ചെയ്‌തെത്തുന്ന ദമ്പതികളുടെ സ്വർഗമാണ് ഇവിടം എന്നു പറയാതെ വയ്യ.

മികച്ച ഹോട്ടൽ ശൃംഖലയ്ക്കുള്ള പുരസ്‌കാരം പലവട്ടം പലയിടങ്ങളിൽ നിന്നും ആദമിന്റെ ചായക്കടയേയും ഫാത്തിമാസ് കിച്ചനേയും തേടിയെത്തിയിട്ടുണ്ട്. മെട്രോഫുഡ് അവാർഡ്, ഫ്യൂച്ചർ കേരള പുരസ്‌കാരം, എന്റെ സംരംഭം പുരസ്‌കാരം എന്നിവ ആദമിന്റെ ചായക്കടയ്ക്കും ഫാത്തിമാസ് കിച്ചനും ആദമിന്റെ ചായക്കടയ്ക്കും മലേഷ്യയിൽ വച്ചു നടന്ന ചടങ്ങിൽ എമേർജിങ് ഇന്റർനാഷണൽ റസ്റ്റോറന്റ് ബ്രാൻഡ് പുരസ്‌കാരവും ലഭിച്ചു. മികവിലും രുചിയിലും ഒരുപടി മുന്നിൽ നിൽക്കണം തങ്ങളുടെ റസ്റ്റോറന്റുകൾ എന്ന് ഓരോ നിമിഷവും ചിന്തിക്കുകയും പുതിയ പുതിയ വിഭവങ്ങൾ കണ്ടെത്തുകയും പുറംനാടുകളിൽ നിന്ന് ഷെഫുകളെ എത്തിക്കാൻ പോലും പദ്ധതിയിടുകയും ചെയ്യുന്ന ആദമിന്റെ ചായക്കടയുടെ സാരഥികൾ ഇപ്പോൾ വൈവിധ്യവൽക്കരണത്തിന്റെ പാതയിലാണ്. അബുദാബിയിൽ മുസഫയിൽ എമിറേറ്റ്‌സ് സൗണ്ട് ഓട്ടോ ആക്‌സസറീസ് എന്ന സ്ഥാപനം നിലവിൽ ഫ്രെയ്‌സം സഹോദരിയുടെ ഭർത്താവായ ഫൈസലിനൊപ്പം നടത്തുന്നുണ്ട്. അൻഷാദാകട്ടെ എൽ സി സി കംപ്യൂട്ടർ സെന്ററിന്റെ ഫ്രാഞ്ചൈസികൾ ഹോട്ടലിനൊപ്പം തുടരുകയും ചെയ്യുന്നു. ”ഹോട്ടലിനു പുറത്തും പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങാനാണ് ഞങ്ങളുടെ ലക്ഷ്യം. ആത്മാർപ്പണമുണ്ടെങ്കിൽ ഈ ലോകത്ത് സാധിക്കാത്തതായി ഒന്നുമില്ല,” ഫ്രെയ്‌സം അഷ്‌റഫിന്റെ വാക്കുകൾ.

അബുദാബിയിലെ മുസഫയിൽ ഫ്രെയ്‌സമും ഫൈസലും ചേർന്ന് നടത്തുന്ന എമിറേറ്റ്‌സ് സൗണ്ട് ഓട്ടോ ആക്‌സസറീസ്‌

ആദമിന്റെ ചായക്കടയിൽ നിന്നു തന്നെയാണ് ഉടമകളായ ഈ കസിൻ സഹോദരന്മാരുടെ മിക്ക സമയത്തേയും ഭക്ഷണവും. അൻഷാദിന്റെ ഭാര്യ ഫാത്തിമയും മകനായ ആദമും മകളായ മൂന്നു വയസ്സുകാരി ഐറയും മകൻ അയാനും ഫ്രെയ്‌സമിന്റെ ഭാര്യയായ സനവും നാലു വയസ്സുകാരനായ അർമാനും ഇമാനുമെല്ലാം ആദമിന്റെ ചായക്കടയിലെ വിഭവങ്ങളുടെ ആരാധകർ തന്നെ. ഹോട്ടലിൽ നിന്നിറങ്ങുമ്പോൾ അതുകൊണ്ടു തന്നെ വീട്ടിലേക്ക് കൊണ്ടുപോരാനുള്ള വിഭവങ്ങളുടെ പട്ടിക അവർ വാട്ട്‌സാപ്പ് ചെയ്യും….
”കൊറത്തിക്കോഴി, ബാഹുബലി ചിക്കൻ 65, മലർ പത്തിരി, ചട്ടിപ്പത്തിരി, തലപ്പാടി പോത്ത് റോസ്റ്റ്,” അങ്ങനെയങ്ങനെ… $


Desom, Aluva, Nedumbassery Airport, Kariyad
Ph: 9037221234

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>