Travel: Dream Sail!
August 16, 2019
Video review: Kia Seltos
August 19, 2019

ഹ്യുണ്ടായ് ക്രെറ്റയിൽ മാവേലിയുടെ കേരള യാത്ര!

മാവേലിമന്നനോടൊപ്പം ഹ്യുണ്ടായ് ക്രെറ്റയിൽ ഒരു കേരള യാത്ര… എല്ലാ വായനക്കാർക്കും സ്മാർട്ട് ഡ്രൈവിന്റെ പുതുവത്സരാശംസകൾ.

എഴുത്ത്: ജെ ബിന്ദുരാജ്, ചിത്രങ്ങൾ: അഖിൽ അപ്പു

ആലപ്പുഴ സെന്റ് മൈക്കിൾസ് സ്‌കൂളിനു മുന്നിലേക്ക് ഹ്യുണ്ടായ് ക്രെറ്റ പെട്രോൾ ഓട്ടോമാറ്റിക് വന്നുനിന്ന പ്പോൾ തന്നെ കുട്ടികൾ അതിലേക്ക് കണ്ണുപതിപ്പിച്ചതാണ്. കോഡ്രൈവർ സീറ്റിൽ നിന്നും പുറത്തിറങ്ങിയ ആളെക്കണ്ടപ്പോൾ ആരവമായി. ”ദേ, മാവേലിയങ്കിൾ. പാതാളത്തിൽ വെള്ളം കയറിയതിനാൽ ഓണത്തിനു മുന്നേ വന്നു,” ഒരു കുസൃതിക്കുടുക്കയുടെ കമന്റ്. മഹാബലിക്കും കമന്റ് നന്നേ രസിച്ചു. കുസൃതിയെ അടുത്ത് ചേർത്തുനിർത്തി ഹ്യുണ്ടായ്‌യുടെ ഓണസമ്മാനം നൽകിക്കൊണ്ട് കുസൃതിയോട് ഒരു ചോദ്യം.
”ഇന്ത്യയിൽ ഹ്യുണ്ടായ് രംഗപ്രവേശം ചെയ്തത് ഏതു വാഹനത്തിലൂടെയാണെന്നറിയാമോ?”
മാവേലിയെ ഞെട്ടിച്ചുകൊണ്ട് ഏഴാം ക്ലാസുകാരിയുടെ മറുപടി: ”സാൻട്രോ. ആർക്കാണത് അറിയാത്തത്?”
ഇരുപതു വർഷങ്ങൾക്കു മുമ്പ് ഹ്യുണ്ടായ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചപ്പോൾ ജനിക്കുക പോലും ചെയ്തിട്ടില്ലാത്ത കുട്ടിയാണ് മറുപടി നൽകിയതെന്നതാണ് അത്ഭുതം. പക്ഷേ സാൻട്രോയെപ്പറ്റി കേൾക്കാത്തവർ ആരുമുണ്ടാകില്ലെന്നതാണ് വാസ്തവം. ഹ്യുണ്ടായ് എന്ന ബ്രാൻഡിന് ഇന്ത്യയിൽ വേരോട്ടമുണ്ടാക്കി നൽകിയ കാറിന്റെ മോഡൽ ഇന്ന് ഒരു പൊതുവിജ്ഞാന ചോദ്യം തന്നെയാണല്ലോ.

മാരാരിക്കുളം മഹാദേവക്ഷേത്രത്തിനു മുന്നിൽ

ഓണത്തെ വരവേൽക്കാൻ ഹ്യുണ്ടായ് ക്രെറ്റയിൽ മഹാബലിക്കൊപ്പം കേരളത്തിലെ കാർഷികസമൃദ്ധിയുടെ അടയാളമായ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലേക്ക് ഒരു യാത്ര പുറപ്പെട്ടതായിരുന്നു സ്മാർട്ട് ഡ്രൈവ്. 6400 ആർ പി എമ്മിൽ 122 ബി എച്ച് പി ശേഷിയും 4850 ആർ പി എമ്മിൽ 151 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള ഹ്യുണ്ടായ് ക്രെറ്റ പെട്രോൾ ഓട്ടോമാറ്റിക്കിൽ അഞ്ചുപേർക്ക് സുഖമായി സഞ്ചരിക്കാനാകുമെന്നതിനു പുറമേ, 400 ലിറ്റർ ബൂട്ട് സ്‌പേസുള്ളതിനാൽ മാവേലിയുടെ കുടയും കിരീടവുമടക്കം എല്ലാ സാമഗ്രികളും അതിലൊതുങ്ങും.

പോരാത്തതിന് രാജാക്കന്മാർക്ക് സുരക്ഷിതമായി സഞ്ചരിക്കാനാകുന്ന എല്ലാ സന്നാഹങ്ങളും അതിലുണ്ടു താനും. രണ്ട് എയർബാഗുകൾക്കു പുറമേ, എബിഎസും ഇബിഡിയും ട്രാക്ഷൻ കൺട്രോളും പാർക്കിങ്ങിനു സഹായിക്കുന്ന റിയർ സെൻസറുകളും റിവേഴ്‌സ് ക്യാമറയും മാർഗനിർദ്ദേശങ്ങളോടു കൂടിയ പാർക്ക് അസിസ്റ്റുമൊക്കെയുള്ള തകർപ്പൻ വാഹനത്തിലല്ലാതെ മാവേലിയെ കൊണ്ടു നടക്കാൻ പറ്റിയ മറ്റൊരു കാർ ഏതാണ്? പോരാത്തതിന് കഴിഞ്ഞ ഇരുപതു വർഷമായി കേരളത്തിനകത്തും പുറത്തും തരംഗവുമാണ് ഹ്യുണ്ടായ് യുടെ എല്ലാ മോഡലുകളും.

ആലപ്പുഴ ബീച്ചിൽ പൊലീസുകാർക്ക് ആശംസ നേരുന്ന മാവേലി

കൊച്ചിയിൽ നിന്നും രാവിലെ പുറപ്പെട്ട് മാരാരിക്കുളം മഹാദേവക്ഷേത്രം സന്ദർശിച്ചിട്ടാകാം യാത്രയെന്ന് മാവേലി പറഞ്ഞതിനാൽ ഹ്യുണ്ടായ് ക്രെറ്റ വൈറ്റിലയിൽ നിന്നും ആലപ്പുഴയ്ക്കുള്ള പാതയിൽ അതിവേഗം കുതിച്ചുപാഞ്ഞു. ”നല്ല അടിപൊളി വാഹനം. സ്റ്റെബിലിറ്റിയും കരുത്തുമുണ്ട്. അകത്ത് ഒട്ടും തന്നെ ഉലച്ചിൽ അനുഭവപ്പെടുന്നതേയില്ല,” യാത്രയ്ക്കിടെ മാവേലിയുടെ കമന്റ്. കയറിയ ഉടനെ തന്നെ ഹ്യുണ്ടായ് ക്രെറ്റ ഓട്ടോമാറ്റിക്കിലെ സംവിധാനങ്ങളിലേക്കായിരുന്നു മാവേലിയുടെ കണ്ണ്. ജി പി എസ് നാവിഗേഷൻ സിസ്റ്റവും ടച്ച് സ്‌കീൻ ഡിസ്‌പ്ലേയും യു എസ് ബി ആക്‌സിലറി ബ്ലൂടൂത്ത് കണക്ടിവിറ്റിയും എം പി 3, റേഡിയോ, ഐപോഡ് കണക്ടിവിറ്റിയും സ്റ്റീയറിങ് മൗണ്ടഡ് കൺട്രോളുകളുമൊക്കെയുള്ള പുതിയ ക്രെറ്റ മാവേലിക്ക് നന്നേ ഇഷ്ടപ്പെട്ടു. എയർ കണ്ടീഷനിങ്ങിന്റെ മികവിനെപ്പറ്റിയും മാവേലി പ്രശംസ ചൊരിഞ്ഞു.

കൈനകരിയിലെ നെൽപ്പാടത്തിലൂടെ

മാരാരിക്കുളം മഹാദേവക്ഷേത്രത്തിനു മുന്നിൽ രാവിലെ സർവാഭരണവിഭൂഷിതനായി നിൽക്കുന്ന മാവേലിയെ കണ്ടപ്പോൾ ക്ഷേത്രദർശനത്തിനെത്തിയ നാരായണിയമ്മ ഓടിയെത്തി കാൽക്കൽ വീണു നമസ്‌കരിച്ചു. നാരായണിയമ്മയുടെ പിന്നാലെ മറ്റു ഭക്തജനങ്ങളുമെത്തിയതോടെ ക്ഷേത്രമുറ്റത്ത് തിരക്കായി. ”മാവേലി ഇപ്പോൾ കാറിലൊക്കെയാണല്ലേ വരവ്. ഹ്യുണ്ടായ് ക്രെറ്റയിൽ വന്നത് നന്നായി. അല്ലെങ്കിൽ ഗട്ടറിലൊക്കെ ചാടി നടുവൊടിഞ്ഞേനെ,” ദിവാകരൻ പിള്ളയുടെ കമന്റ്. മുന്നിൽ കോയിൽ സ്പ്രിങ്ങോടു കൂടിയ മക്‌ഫേഴ്‌സൺ സ്ട്രറ്റ് സസ്‌പെൻഷനും പിന്നിൽ കോയിൽ സ്പ്രിങ്ങോടു കൂടിയ കപ്പിൾഡ് ടോർഷൻ ബീം ആക്‌സിലുമുള്ള ഹ്യുണ്ടായ് ക്രെറ്റയ്ക്ക് സാമാന്യം
വലിയ ഗട്ടറുകളിൽ പോലും ഉള്ളിൽ അധികം ഉലച്ചിലുകളുണ്ടാകാതെ നീങ്ങാനാകും. മുന്നിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബേക്കുമാണ് ക്രെറ്റയ്ക്ക് ഹ്യുണ്ടായ് നൽകിയിട്ടുള്ളത്.

മാരാരിക്കുളം റെയിൽവേ സ്റ്റേഷനിൽ കുഞ്ഞുങ്ങൾക്ക് ഓണസമ്മാനം നൽകുന്ന മഹാബലി

തിരക്ക് ഏറിയതോടെ പരമാവധി പേർക്ക് അനുഗ്രഹം ചൊരിഞ്ഞശേഷം മാവേലി മാരാരിക്കുളം റെയിൽവേ സ്റ്റേഷനും സന്ദർശിച്ചു. മാവേലിയെക്കണ്ട് അദ്ദേഹ ത്തിന്റെ കിരീടം വേണമെന്നു പറഞ്ഞ് അടുത്തുകൂടിയ അഞ്ചു വയസ്സുകാരിക്ക് കിരീടം നൽകിയില്ലെങ്കിലും സമ്മാനം നൽകി മാവേലി ആലപ്പുഴയ്ക്ക് തിരിക്കാനിരി ക്കേ, സ്റ്റേഷൻ ജീവനക്കാരിയും പച്ചയും ചുവപ്പുമുള്ള കൊടികളുമായി മാവേലിയെ കാണാനെത്തി. കർക്കിടകത്തിൽ മാവേലിയിറങ്ങിയപ്പോൾ മഴയില്ലാത്ത പ്രഭാതമായിരുന്നുവെന്ന് മാവേലിയേയും ഞങ്ങളേയും ഒരുപോലെ സന്തോഷിപ്പിച്ചു.
കുട്ടനാട്ടിലെ പുഞ്ചവയൽപ്പാടങ്ങൾ കാണണമെന്ന് മഹാബലിക്ക് ആഗ്രഹമുള്ളതിനാൽ അങ്ങോട്ടേക്കായിരുന്നു ക്രെറ്റയുടെ പിന്നീടുള്ള യാത്ര. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ നിന്നും കുട്ടനാട് കരകയറിയെങ്കിലും ഇപ്രാവശ്യത്തെ തോരാമഴ കുറച്ചൊക്കെ ആശങ്ക കർഷകർക്ക് ഉണർത്തിയിരുന്നു. കൈനകരിയിലെ കൃഷിപ്പാടങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് കർഷകനായ കുറുപ്പശ്ശേരി പി സി മാത്യുവിനെ കണ്ടത്.

കർഷകനായ കുറുപ്പശ്ശേരി പി സി മാത്യുവിന്റെ കൈനകരിയിലെ വീട്ടിൽ

മഹാബലിയോട് വീട്ടിലേക്ക് വരാമോയെന്ന് മാത്യുവിന്റെ ചോദ്യം. തൊണ്ണൂറു വർഷത്തോളം പഴക്കമുള്ള മാത്യുവിന്റെ തറവാടു വീടിലേക്ക് പാടത്തിന്റെ നടുവിലൂടെയുള്ള ചെറുവഴിയിലൂടെ ഹ്യുണ്ടായ് ക്രെറ്റ നീങ്ങി. മാത്യു ഉപയോഗിക്കുന്നതും ഹ്യുണ്ടായ്‌യുടെ കാർ തന്നെയാണ്-സാൻട്രോ. ക്രെറ്റയുടെ സവിശേഷതകളോരോന്നും ചോദിച്ചറിഞ്ഞ മാത്യുവിനും ഭാര്യ മേരിക്കുട്ടിക്കും മാവേലി സമ്മാനവും നൽകിയാണ് മടങ്ങിയത്. പാടശേഖരത്തിലെ ചെളിയിൽ ടയറുകൾ പുതഞ്ഞുപോകുമെന്ന് തോന്നിയെങ്കിലും അനായാസമാണ് ക്രെറ്റ ആ ചെളിച്ചാലുകളിലൂടെ മുകളിലുള്ള നിരത്തിലേക്ക് കയറിയത്. ക്രെറ്റ ഒപ്പമുണ്ടെങ്കിൽ ദുർഘടങ്ങളെല്ലാം വഴിമാറുമല്ലോ. 190 എം എം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട് ക്രെറ്റയ്ക്ക്.

55 ലിറ്ററിന്റെ ഇന്ധനടാങ്കിൽ ഫുൾ ടാങ്ക് പെട്രോൾ ഒഴിച്ചിരുന്നതിനാൽ അതേപ്പറ്റി ഞങ്ങൾ മറന്നുകളഞ്ഞു. ലിറ്ററിന് 15.29 കിലോമീറ്ററാണ് ഹ്യുണ്ടായ് ക്രെറ്റ വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഓട്ടോമാറ്റിക് 6 സ്പീഡ് ട്രാൻസ്മിഷനുള്ള വാഹനമാണ് യാത്രയ്ക്കായി ഞങ്ങൾ ഉപയോഗിക്കുന്നതെന്നതിനാൽ ഹൈവേയിലും ഗ്രാമീണ പാതകളിലുമൊക്കെയുള്ള സഞ്ചാരം അനായാസകരമാണ്. കുട്ടനാട്ടിലെ പച്ചപ്പുൽപ്പാടങ്ങൾ കണ്ടപ്പോൾ മഹാബലിക്ക് അതിലൂടെ ഒന്നിറങ്ങി നടന്നാൽ കൊള്ളാമെന്നായി.

പാടത്ത് പണിക്കിറങ്ങിയ തൊഴിലാളി സ്ത്രീകൾ മാവേലിയെ കണ്ടപ്പോൾ പാട്ടു തുടങ്ങി. ”മാവേലി നാടു വാണീടുംകാലം…” പിന്നെ മാവേലിയോട് ഒരു പരാതി പറച്ചിൽ. ”ഇപ്പോ ഒരാൾ ഭരിക്കുന്നുണ്ട്. അങ്ങേരുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം.” ഞാറുനടലിലേർപ്പെട്ട നേരത്ത് മാവേലിയുടെ വരവ് അവരുടെ മനസ്സു കുളിർപ്പിച്ചുവെന്നതാണ് സത്യം. എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് ഭരണത്തിലേറിയ ചിലരൊക്കെ നാട്ടുകാരെ അപ്പാടെ ശരിയാക്കിക്കൊണ്ടിരിക്കുകയാണെന്ന പ്രതിഷേധം യാത്രയിലുടനീളം മാവേലി കേൾക്കേണ്ടി വന്നുവെന്നത് വേറെ കാര്യം.

ആലപ്പുഴ ബീച്ചിൽ ഗുജറാത്തികൾക്കൊപ്പം

കൈനകരി ബോട്ടുജെട്ടിയിലേക്കായിരുന്നു അടുത്ത സഞ്ചാരം. ഹ്യുണ്ടായ് ക്രെറ്റയിൽ മാവേലിയെത്തിയ വിവരം കേട്ട് നാട്ടുകാർ പലഭാഗത്തും ഓടിയെത്തി. കൈനകരിയിലെ കടത്തുകാരനായ ബിനുവിന് മാവേലി എന്തുകൊണ്ടാണ് യാത്രയ്ക്ക് ക്രെറ്റ തെരഞ്ഞെടുത്തതെന്നായിരുന്നു അറിയേണ്ടത്. ”റോഡെല്ലാം ഗട്ടറല്ലേ, ക്രെറ്റയിലാണെങ്കിൽ ഓണത്തിനെങ്കിലും കേരളത്തിൽ എല്ലായിടത്തുമെത്താം,” മാവേലിയുടെ മറുപടി. ഇടയ്ക്ക് തന്നെ കാണാനെത്തിയ കുരുന്നുകൾക്കെല്ലാം ഹ്യുണ്ടായ്‌യുടെ സമ്മാനങ്ങൾ നൽകിക്കൊണ്ട് മാവേലിയുടെ കമന്റ്: ”നന്നായി പഠിക്കണോട്ടോ. അല്ലെങ്കിൽ പാതാളത്തിൽ പോലും ജോലി കിട്ടില്ല.”

ഹൗസ് ബോട്ടുകളുടെ കേന്ദ്രമായ പള്ളാത്തുരുത്തിയിലേക്കായിരുന്നു അടുത്ത യാത്ര. കേരളത്തിലെ മഴ ആസ്വദിക്കാനെത്തിയ സഞ്ചാരികളുടെ തിരക്കായിരുന്നു അവിടെ. അമേരിക്കയിൽ ജനിച്ചു വളർന്ന മലയാളി ഡോക്ടർ ദമ്പതിമാരുടെ മകളായ നാലാം ക്ലാസ്സുകാരി എമ്മ മാവേലിയെക്കണ്ട് ഓടിയെത്തി. ”അങ്കിൾ, വൈ ഡോണ്ട് യു കം ആന്റ് സെറ്റിൽ ഇൻ യു എസ്?” ”കുഞ്ഞേ, കേരളം പോലെ സുന്ദരമായ ദേശം വിട്ട് ഞാനെന്തിനാണ് അവിടേയ്ക്ക് വരുന്നത്?” മാവേലിയുടെ മറുചോദ്യം. മറുപടി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ ”അങ്കിൾ, യു ആർ റൈറ്റ്” എന്ന് എമ്മയുടെ മറുപടി. എമ്മയ്ക്കും നൽകി മാവേലി ഹ്യുണ്ടായ്‌യുടെ സമ്മാനം. ഹൗസ് ബോട്ടുകളുടെ പശ്ചാത്തലത്തിൽ ചിത്രങ്ങളെടുത്തും സഞ്ചാരികൾക്കും ബോട്ട് ജീവനക്കാർക്കും ഓണാശംസകൾ നേർന്നുമായിരുന്നു മാവേലിയുടെ പള്ളാത്തുരുത്തിയിലെ യാത്ര.

നാലാം ക്ലാസ്സുകാരി എമ്മ മാവേലിയെക്കണ്ട് ഓടിയെത്തി

ആലപ്പുഴ ബീച്ചിലെത്തിയപ്പോൾ വിനോദസഞ്ചാരികളുടെ പട മാവേലിയേയും ഹ്യുണ്ടായ് ക്രെറ്റയേയും വളഞ്ഞു. എല്ലാവർക്കും മാവേലിയ്ക്കും ക്രെറ്റയ്ക്കുമൊപ്പം ചിത്രമെടുക്കണം. ഗുജറാത്തിൽ നിന്നെത്തിയ സംഘത്തിന് ഓണത്തിന്റെ ഐതിഹ്യമൊന്നും അറിയില്ലെങ്കിലും മഹാബലിക്ക് ഓണവുമായി എന്തോ ബന്ധമുണ്ടെന്ന് മാത്രമറിയാം.

മാവേലി അവർക്ക് ”ഹാപ്പി ഓണം” ആശംസിച്ചപ്പോൾ കേരളത്തിലെ പഴയ രാജാവാണ് നിൽക്കുന്നതെന്ന് ബൈജു എൻ നായർ. രാജാവിന്റെ പഴങ്കഥയൊന്നും അറിയാത്ത ഗുജറാത്തികൾ ഒറിജിനൽ രാജാവാണെന്നു കരുതി പിന്നെ ഫോട്ടോയെടുപ്പിന്റെ പൊടിപൂരം! ഈച്ച പൊതിയുന്ന പോലെ വളയപ്പെട്ട മഹാബലിയും ക്രെറ്റയും എല്ലാവർക്കുമൊപ്പം ഫോട്ടോകൾക്ക് പോസ് ചെയ്തു.

സ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പം

ഓണമാകുംമുമ്പേ തന്നെ നാടുകാണാനെത്തിയ മഹാബലിയ്ക്കും ഹ്യുണ്ടായ് ക്രെറ്റയ്ക്കും ഗംഭീരമായ വരവേൽപാണ് കുട്ടനാടും ആലപ്പുഴയും നൽകിയത്. സമൃദ്ധിയുടേയും സമാധാനത്തിന്റേതുമായ ഒരു ഓണക്കാലം സ്മാർട്ട് ഡ്രൈവും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും വായനക്കാർക്ക് ആശംസിക്കുന്നു…$

Smartdrive- August 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>