Mercedes Benz India Unveils its first electric SUV for India EQC 1886; Launches electric car brand EQ in India
January 16, 2020
Test drive: MG ZS EV
January 29, 2020

സ്വാതന്ത്ര്യത്തിന്റെ ‘ജാവാ’കാശങ്ങൾ: ജാവ 42-ൽ മൂന്നു പെണ്ണുങ്ങൾ

ബിന്ദുവും ട്രീസാ സുനിതയും ജാവ 42വിൽ ഒരു യാത്രയിൽ

ജാവ 42-വിലുള്ള സഞ്ചാരം ഈ വനിതാ റൈഡർമാർക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള പുതിയ ആകാശമാണ് തുറന്നിട്ടുകൊടുത്തിരിക്കുന്നത്. കൊച്ചിയിലെ ജാവ ഡീലർഷിപ്പായ ക്ലാസിക് മോട്ടോഴ്‌സിൽ നിന്നും ജാവ 42 സ്വന്തമാക്കിയ ട്രീസാ സുനിതയും ഷീനാ റോയിയും ബിന്ദുവും അവരുടെ അനുഭവകഥകൾ പറയുന്നു.

എഴുത്ത്: ജെ ബിന്ദുരാജ് ചിത്രങ്ങൾ: അഖിൽ അപ്പു

മൂന്നു മക്കളായിരുന്നു കണ്ണമാലിക്കാരനായ ജോസഫിനും ആനിക്കും. രണ്ടാണും ഒരു പെണ്ണും. അതുകൊണ്ട് രണ്ട് ആങ്ങളമാർക്കൊപ്പം ഏതാണ്ടൊരു ആൺകുട്ടിയായിത്തന്നെയാണ് ട്രീസാ സുനിത വളർന്നത്. എറണാകുളത്ത് തോപ്പുംപടിയിലെ ബസ് സ്റ്റാൻഡിനടുത്ത് അക്കാലത്ത് ഒരു ബൈക്ക് വർക്ക്‌ഷോപ്പുണ്ടായിരുന്നു. ജാവയാണ് പ്രധാനമായും അവിടെ സർവീസ് ചെയ്തിരുന്നത്. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കൂട്ടുകാരികളുടെ വീട്ടിൽ പോകുംവഴി ഈ ബസ്സ് സ്റ്റോപ്പിലാണ് ട്രീസാ സുനിത കാത്തുനിന്നിരുന്നത്. ജാവയുടെ മുഴക്കം നിറഞ്ഞ ശബ്ദം അന്നേ നെഞ്ചോടു ചേർത്തതാണ് ആ പെൺകുട്ടി. ട്രീസാ സുനിത പത്താം ക്ലാസു കഴിഞ്ഞ സമയത്താണ് മൂത്ത ചേട്ടൻ ഒരു യെസ്ഡി വാങ്ങുന്നത്. പിന്നെ ആ യെസ്ഡിയിൽ സഹോദരന്മാർക്കൊപ്പമായി ട്രീസയുടെ യാത്ര. അക്കാലത്തു തന്നെ യെസ്ഡി ഓടിക്കാനും പഠിച്ചു. മുപ്പതാം വയസ്സിൽ സ്വന്തമായി ഒരു ടുവീലർ വേണമെന്ന് ആഗ്രഹിച്ചപ്പോൾ ആദ്യമായി വാങ്ങിയത് ഹീറോ ഹോണ്ട സ്‌പ്ലെൻഡർ ആയിരുന്നു. പിന്നെ ഹോണ്ട യൂണികോൺ. പക്ഷേ ജാവയോടുള്ള പഴയ പ്രണയം മനസ്സിൽ തന്നെ കിടന്നു. ജാവ തിരിച്ചുവരുമെന്നോ താൻ അത് സ്വന്തമാക്കുമെന്നോ അന്നൊന്നും ട്രീസ ചിന്തിച്ചിരുന്നതേയില്ല. ഭർത്താവ് ജൂഡ് ആന്റണിക്കും 21കാരനായ മകൻ അലനും പതിനഞ്ചുകാരിയായ മകൾ അന്നയ്ക്കുമൊപ്പം കണ്ണമാലിയിൽ താമസിക്കുമ്പോഴാണ് 2018 നവംബറിൽ അവിചാരിതമായി ട്രീസാ സുനിതയുടെ ‘പഴയ കാമുകൻ’ തിരിച്ചുവരുന്നുവെന്ന് ക്ലാസിക് ലെജണ്ട്‌സ് ജാവയും മഹീന്ദ്രയും ചേർന്ന് പ്രഖ്യാപനം നടത്തിയത്. അതെ. ജാവയുടെ തിരിച്ചുവരവ് അറിഞ്ഞ ട്രീസയുടെ ഉറക്കം അതോടെ നഷ്ടപ്പെട്ടു.

ഷീനാ റോയിയ്ക്ക് രാത്രി റൈഡുകളോടാണ് ഏറെ താൽപര്യം

രാത്രി യാത്രകളിൽ ജാവ 42 ആണ് ഷീനയുടെ പങ്കാളികുമ്പളങ്ങിയിൽ അഞ്ചു വർഷം മുന്നേ തുടങ്ങിയ സുനിത സെർവിങ് യൂണിറ്റ് എന്ന കാറ്ററിങ് സ്ഥാപനത്തിന്റെ ഉടമയായ നാൽപത്തിയഞ്ചുകാരി അതോടെ പൂർവകാല സ്മരണകളിലേക്ക് വീണു. ഊണിലും ഉറക്കത്തിലുമൊക്കെ ജാവ തന്നെ. ഭാര്യയുടെ മനസ്സു നിറയെ ജാവയാണെന്നറിഞ്ഞ ജൂഡ് ആന്റണി എന്തായാലും ആ ആഗ്രഹം സഫലീകരിക്കാൻ തീരുമാനിച്ചു. ജാവയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ച് 11 ദിവസങ്ങളുടെ ഉറക്കം നഷ്ടപ്പെട്ട രാവുകൾക്കുശേഷം, 2018 നവംബർ 25ന് ജാവയുടെ വില പ്രഖ്യാപിക്കുന്നതിനു മുമ്പ്, ട്രീസ സുനിത ഓൺലൈനിലൂടെ ജാവ 42 ബുക്ക് ചെയ്തു. മാസങ്ങൾ കണ്ണിലെണ്ണയൊഴിച്ച് ജാവയെ കാത്തിരുന്ന സുനിതയ്ക്ക,് അവരുടെ ജന്മദിനമായ 2019 ജൂലൈ 29ന് ജൂഡ് ആന്റണി എന്ന സ്‌നേഹധനനായ ഭർത്താവ് സമ്മാനമായി ജാവ 42 കൈമാറി. കൊച്ചി ഇടപ്പള്ളിയിലെ ക്ലാസിക് മോട്ടോഴ്‌സിൽ നടന്ന ചടങ്ങ് വികാരഭരിതമായിരുന്നുവെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

ജാവ തങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചുവെന്ന് ബിന്ദുവും ട്രീസയും പറയുന്നു

ജാവ 42 എന്ന സ്‌റ്റൈലൻ ബൈക്ക് വനിതാ റൈഡർമാരുടെ ഹൃദയമിടിപ്പായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ, സമൂഹത്തിൽ തങ്ങളുടെ സ്റ്റാറ്റസും ഡിഗ്‌നിറ്റിയും ആവോളം വളർത്തുന്ന, ഏത് അർദ്ധരാത്രിയിലും ധൈര്യമായി ഓടിച്ചുപോകാവുന്ന ഒരു വാഹനം. പൂവാലന്മാരെ നിശ്ശബ്ദരാക്കാനും പുരുഷാധിപത്യത്തിന്റെ നടുവൊടിക്കാനുമൊക്കെ ജാവ 42വിന്റെ ആ ശബ്ദം തന്നെ ധാരാളം. 26.9 ബിഎച്ച്പി ശേഷിയും 28 ന്യൂട്ടൺമീറ്റർ ടോർക്കുമുള്ള 293 സിസിയുടെ ജാവ നിരത്തിലൂടെ തകർത്തുപായുമ്പോൾ ധീരവീരപരാക്രമികളായി നടിച്ചിരുന്ന ആണുങ്ങൾ പലരും പഞ്ചപുച്ഛമടക്കി റോഡിൽ നിൽക്കുന്നത് കാണാറുണ്ടെന്ന് ട്രീസ പറയുന്നു. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ജനുവരി ആറിന് രാഷ്ട്രപതി രാം കോവിന്ദ് കൊച്ചി സന്ദർശിച്ചപ്പോൾ നിരത്ത് ബ്ലോക്ക് ചെയ്യാൻ വിസിലൂതിയ പൊലീസുകാരൻ ജാവ കണ്ടതോടെ തന്നോട് കടന്നുപൊയ്‌ക്കോളാൻ നിർദ്ദേശം നൽകിയതുപോലും ട്രീസ വലിയ അഭിമാനത്തോടെയാണ് പറയുന്നത്.

”കണ്ണമാലിയിൽ ആദ്യമായി ജാവ കൊണ്ടുവന്നത് ഞാനാണ്. ട്രീസ പോകുന്നതു കാണാൻ ഇപ്പോഴാണ് ഭംഗി കൂടിയതെന്ന് ജാവപ്പുറത്തുള്ള എന്റെ യാത്ര കാണുമ്പോൾ സുഹൃത്തുക്കൾ പറയാറുണ്ട്. ഫോർട്ടുകൊച്ചിയിൽ നിന്നും റോ-റോ ജങ്കാറിൽ വൈപ്പിനിലേക്ക് പോകുമ്പോൾ ജാവയാണ് വാഹനമെങ്കിൽ എല്ലാവരും കുറെ നേരത്തേക്ക് നിശ്ശബ്ദരാകും. പിന്നെ അവർ പതുക്കെ അടുത്തെത്തി ജാവയുടെ വിശേഷങ്ങൾ തിരക്കും. പുതിയ ജാവയെപ്പറ്റി അറിയാൻ എല്ലാവർക്കും വലിയ കൗതുകമാണ്. എനിക്ക് വലിയ അഭിമാനം തോന്നുന്ന നിമിഷങ്ങളാണ് അവ,” ട്രീസാ സുനിത പറയുന്നു. 

ജാവ 42 കൈയിലെത്തിയശേഷം നിരവധി ഓഫ്‌റോഡിങ് യാത്രകളടക്കം പോയിട്ടുണ്ട് ട്രീസ. ”മൂവാറ്റുപുഴയ്ക്കടുത്ത കൊട്ടപ്പാറയിലേക്കായിരുന്നു അതിലൊന്ന്. ജാവ 42-വിന്റെ കരുത്തും കഴിവുകളും ശരിക്കും ഞാൻ അനുഭവിച്ചറിഞ്ഞത് അവിടെ വച്ചാണ്. ഡിഗ്രി ഫൈനൽ ഇയറിനു പഠിക്കുന്ന മകൻ അലനൊപ്പവും ചില യാത്രകളൊക്കെ പോയിട്ടുണ്ട്. ജാവയിലെ റൈഡ് വളരെ കംഫർട്ടബിൾ ആണ്. ഒറ്റ സ്‌ട്രെച്ചിന് 50 കിലോമീറ്ററിലധികം ഞാൻ ഓടിക്കാ റുണ്ട്,” ട്രീസാ സുനിത പറയുന്നു. ജാവയുടെ ഡീലർഷിപ്പായ ക്ലാസിക് മോട്ടോഴ്‌സിനെപ്പറ്റിയും അവരുടെ പ്രൊഫഷണലുകളായ എക്‌സിക്യൂട്ടീവുകളെപ്പറ്റി യും സർവീസിനെപ്പറ്റിയുമൊക്ക നല്ല അഭിപ്രായമാണ് സുനിതയ്ക്ക്. ”എന്നെപ്പോലെയുള്ളവർക്ക് ജാവ ഒരു വികാരമാണ്. ആ വികാരം അറിഞ്ഞു പ്രവർത്തിക്കുന്നവരാ ണ് എല്ലാവരും തന്നെ. മികവിന്റെ പര്യായമാണ് ജാവയെപ്പോലെ ക്ലാസിക് മോട്ടോഴ്‌സിന്റെ ഡീലർ ഷിപ്പും,” സുനിത തുറന്നുപറയുന്നു.

ബിന്ദു കൊച്ചിയിൽ നിന്നും കണ്ണൂരിലേക്കും കൊല്ലത്തേക്കുമൊക്കെ ജാവ പായിച്ചുകഴിഞ്ഞു

ഫോർട്ട് കൊച്ചിയിൽ മാസ്റ്റേഴ്‌സ് ആർട്ട് കഫേ നടത്തുന്ന മുപ്പത്താറുകാരിയായ ഷീനാ റോയിക്കും ജാവ 42-വിനെപ്പറ്റി പറയുമ്പോൾ നൂറു നാവാണ്. ഇക്കഴിഞ്ഞ ഡിസംബർ 27-നാണ് ഷീന കൊച്ചിയിലെ ക്ലാസിക് മോട്ടോഴ്‌സിൽ നിന്നും ജാവ 42 എടുക്കുന്നത്. വിദേശത്ത് ഒരു കമ്പനിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ഭർത്താവ് തോമസ് റോയ് പഴയകാല ബൈക്കുകളുടെ ആരാധകനായതിനാൽ വീട്ടിൽ നേരത്തെ തന്നെ റോഡ്കിങ്ങും യമഹ ആർഎക്‌സ് 100-മൊക്കെ ഉണ്ടായിരുന്നു. പ്ലസ്ടുവിന് പഠിക്കുന്ന മകൻ അഡിൻ റോയിക്കും വിേേന്റജ് ബൈക്കുകളോട് പ്രത്യേക താൽപര്യം തന്നെയുണ്ട്. ”സ്‌കൂളിൽ പഠിക്കുന്ന കാലത്ത് സൈക്കിളും പിന്നീട് സ്‌കൂട്ടറുമൊക്കെ ഓടിക്കാൻ പഠിച്ച എന്നെ യമഹ ആർഎക്‌സ് 100 ഓടിക്കാൻ പഠിപ്പിച്ചത് ഭർത്താവാണ്. ഭർത്താവ് തന്നെയാണ് റൈഡർമാരുടെ ക്ലബിലേക്ക് എന്നെ ചേർത്തതും. ജാവ എന്ന ബൈക്ക് ഞങ്ങളുടെ കുട്ടിക്കാലത്ത് കണ്ടിട്ടുള്ളതായതിനാൽ അതിനോട് കൂടുതൽ ഒരിഷ്ടം എനിക്കും തോമസിനുമൊക്കെ ഉണ്ടായിരുന്നു. പോരാത്തതിന് രാത്രികാലങ്ങളിൽ ബൈക്കിൽ സഞ്ചരിക്കുക ഞങ്ങളുടെ ഒരു ഹരമായതിനാൽ അതിനു പറ്റിയ ഒരു ബൈക്ക് കൂടി വാങ്ങാനും പദ്ധതിയുണ്ടായിരുന്നു. ജാവ ഇന്ത്യയിൽ എത്തിയപ്പോൾ മുതൽ അത് വാങ്ങാൻ പദ്ധതിയിട്ടിരുന്നു. പിന്നീട് ക്ലാസിക് മോട്ടോഴ്‌സിലെത്തി ജാവ 42 ടെസ്റ്റ് റൈഡ് ചെയ്തു. നെബുല ബ്ലൂ നിറമുള്ള ജാവ 42 ആണ് വാങ്ങിയത്. വാങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ആലപ്പുഴയ്ക്ക് ഞാനും അഡിനും ഒരു റൈഡ് പോയി. ജാവയിൽ സഞ്ചരി ക്കുമ്പോൾ വലിയ അംഗീകാരം കിട്ടിയപോലുള്ള ഒരു ഫീലാണുള്ളത്. ഒരു പ്രീമിയം കാറിൽ സഞ്ചരിച്ചാൽ ലഭിക്കുംപോലൊരു ആദരവ് മറ്റുള്ളവർ നമുക്ക് തരുന്നതുപോലെ തോന്നും,” ഷീനാ റോയി പറയുന്നു.

ട്രീസാ സുനിതയുടെ സ്വപ്‌നമായിരുന്നു ജാവ സ്വന്തമാക്കുകയെന്നത്. ജാവയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ച് 11 ദിവസങ്ങൾക്കുള്ളിൽ ട്രീസ ബൈക്ക് ബുക്ക് ചെയ്തു.

വൈകാതെ ജാവ 42-വിൽ ഒരു ലോങ് റൈഡ് പോകാനൊരുങ്ങുകയാണ് ഷീന. ”വയനാട്, വാഗമൺ എന്നിവിടങ്ങളിലേക്ക് റൈഡേഴ്‌സ് ക്ലബ് യാത്രകൾ പദ്ധതിയിടുന്നുണ്ട്. ജാവ 42-ൽ അവിടേയ്ക്ക് യാത്ര പോകുന്നത് ശരിക്കുമൊരു ഹരം തന്നെയായിരിക്കും,” ഷീന പറയുന്നു. ഷീനയേയും സുനിതയേയും പോലെ, ജാവപ്രേമി തന്നെയാണ് കൊല്ലം സ്വദേശിനിയായ ബിന്ദു സിയും. കൊച്ചിയിൽ ഏയ്ഞ്ചൽ ബ്രോക്കിങ്ങിൽ ഡെപ്യൂട്ടി മാനേജറായ ബിന്ദു തന്റെ യാത്രകളെല്ലാം തന്നെ ഇപ്പോൾ ജാവ 42-വിലാക്കി മാറ്റിയിരിക്കുന്നു. കൊച്ചിയിൽ നിന്നും കൊല്ലത്തേക്കും കണ്ണൂരിലേക്കു മൊക്കെ ബിന്ദു ഇന്ന് ജാവയിലാണ് സഞ്ചരിക്കുന്നത്. ”എതിർപ്പുകളെ അതിജീവിച്ചാണ് ഞാൻ ജാവ 42 എടുത്തത്. വീട്ടിലാർക്കും തന്നെ ഞാൻ ബൈക്ക് എടുക്കുന്നതിനോട് താൽപര്യമില്ലായിരുന്നുവെങ്കിലും ഇരുചക്രവാഹനം എടുക്കുന്നുണ്ടെങ്കിൽ അത് ബൈക്ക് തന്നെയായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ബൈക്ക് ഒരു സ്ത്രീയ്ക്ക് കൂടുതൽ സുരക്ഷിതത്വവും ആദരവും നൽകുമെന്ന് കരുതുന്നയാളാണ് ഞാൻ. ബൈക്കിൽ സഞ്ചരിക്കുന്ന ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറാൻ പൊതുവേ ഒരു പുരുഷനും തയാറാകാറില്ല. ജാവ സ്വന്തമായതോടെ ജീവിതം കൂടുതൽ ശക്തിമത്തായതുപോലെയാണ് എനിക്ക് തോന്നുന്നത്,” ബിന്ദു തുറന്നു പറയുന്നു.

ഏഴു മാസങ്ങൾക്കു മുമ്പാണ് ബിന്ദു ക്ലാസിക് മോട്ടോഴ്‌സിൽ നിന്നും ജാവ ബുക്ക് ചെയ്യുന്നത്. കഴിഞ്ഞ ഒക്‌ടോബർ 23-നാണ് വാഹനം ബിന്ദുവിന് ഡെലിവർ ചെയ്തത്. ”എന്റെ ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിലേക്കും രാത്രി പകലെന്നില്ലാതെ ഞാൻ യാത്ര പോകാറുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലു മൊക്കെ എനിക്ക് യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. ഇക്കാലമത്രയും എനിക്കൊരു ദുരനുഭവവും ഇത്തരം യാത്രകളിലൊന്നും നേരിടേണ്ടി വന്നിട്ടില്ല. ജാവ സ്വന്തമായതോടെ ഒറ്റയ്ക്കുള്ള യാത്രകൾ കൂടുതൽ ധൈര്യത്തോടെയായി മാറിയിരിക്കുന്നു,” ബിന്ദു തുറന്നു പറയുന്നു.

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് ജാവ 42-നുള്ളത്. ഡ്യുവൽ ചാനൽ എബിസും 6 സ്പീഡ് ട്രാൻസ്മിഷനുമുള്ള ബൈക്ക് ലിറ്ററിന് 37 കിലോമീറ്റർ മൈലേജ് നൽകുകയും ചെയ്യുന്നുണ്ട്. 14 ലിറ്ററിന്റെ ഇന്ധന ടാങ്ക് ഉള്ളതിനാൽ വഴിയിൽ നിർത്തി ഇന്ധനം വീണ്ടും നിറയ്‌ക്കേണ്ട ആവശ്യം വരുന്നുമില്ല. മുന്നിൽ ടെലസ്‌കോപ്പിക് ഹൈഡ്രോളിക് ഫോർക്ക് സസ്‌പെൻഷനും പിന്നിൽ ഗ്യാസ് കാനിസ്റ്റർ ട്വിൻ ഷോക്ക് ഹൈഡ്രോളിക് സസ്‌പെൻഷനുമാണ് ജാവ 42-വിനുള്ളത്. ദീർഘദൂര യാത്രകളിൽ ശരീരത്തിന് അലോസരയുണ്ടാകാതിരിക്കാൻ ഈ സസ്‌പെൻഷൻ സഹായിക്കുന്നുമുണ്ട്.

ഷീനയുടെ ഭർത്താവ് റോയി ആണ് അവരെ റൈഡിങ് പഠിപ്പിച്ചത്‌

റൈഡേഴ്‌സ് ഗ്രൂപ്പുകൾക്കൊപ്പം ബിന്ദു സമീപകാലത്ത് അതിരപ്പിള്ളിയിലേക്ക് ഒരു റൈഡ് പോയി രുന്നു. ഗ്രൂപ്പിലെ ഏക വനിതാ ജാവ റൈഡറായിരുന്നു ബിന്ദുവെന്നതിനാൽ എല്ലാവരുടേയും ശ്രദ്ധ നേടുകയും ചെയ്തു അവർ. ”ഇനി ജാവ 42-വിൽ ഒരു ഓൾ ഇന്ത്യാ ടൂറാണ് ഞാൻ ലക്ഷ്യമിടുന്നത്. ഹിമാലയമൊക്കെ ചുറ്റിക്കറങ്ങിയുള്ള ഒരു വരവ്. ജാവയ്ക്ക് ഇന്ന് ഇന്ത്യയൊട്ടുക്ക് നല്ലൊരു സർവീസ് നെറ്റ്‌വർക്ക് ഉള്ളതിനാൽ യാത്രയിൽ ബൈക്കിന് എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിട്ടാലും സർവീസ് ചെയ്യാനാകും. അവിവാഹിതയായ എന്നെ സംബന്ധിച്ചിടത്തോളം ജാവ വല്ലാത്തൊരു സ്വാതന്ത്ര്യബോധമാണ് എനിക്ക് നൽകിയിട്ടുള്ളത്,” ബിന്ദു തുറന്നു പറയുന്നു.

2018 നവംബർ 15-ന് മുംബൈയിൽ നടന്ന ചടങ്ങിൽ മഹീന്ദ്രഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്രയും ക്ലാസിക് ലെജണ്ട്‌സ് തലവൻ അനുപം തരേജയും ഐഡിയൽ ജാവയുടെ ഉടമകളായിരുന്ന ഇറാനി കുടുംബത്തിലെ ഇളമുറക്കാരനായ ബോമൻ ആർ ഇറാനിയും ചേർന്ന് ജാവയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചപ്പോൾ അവർ പോലും നാളെ ജാവ വനിതാ റൈഡർമാരുടെ ഇഷ്ട വാഹനമായി മാറുമെന്ന് കരുതിയിരുന്നതല്ല. ജാവ, ജാവ 42, ജാവ പെരക് എന്നീ മൂന്നു മോഡലുകളും ഇന്ത്യയിൽ വലിയ തോതിൽ അംഗീകരിക്കപ്പെട്ടുവെന്ന് വിപണനത്തിലെ എണ്ണം തെളിയിക്കുന്നുണ്ട്. ഇതിൽ ജാവ 42 ആണ് ഇന്ന് ഏറ്റവുമധികം വനിതാ റൈഡർമാരുടെ പ്രിയപ്പെട്ട ബൈക്കായി മാറിയിരിക്കുന്നത്.

ട്രീസ സുനിതയും ബിന്ദുവും ഷീനാ റോയുമെല്ലാം കൊച്ചിയിലെ ക്ലാസ്സിക് മോട്ടോഴ്‌സിൽ നിന്നുമാണ് ജാവ 42 എടുത്തിരിക്കുന്നത്. ക്ലാസിക് മോട്ടോഴ്‌സ് ജാവ റൈഡർമാർക്കായി സംഘടിപ്പിക്കുന്ന റൈഡുകളിലെല്ലാം ഇനി തങ്ങളുടെ സാന്നിധ്യമുണ്ടാകുമെന്ന് അവർ പറയുന്നു. ബൈക്ക് ആണുങ്ങളുടേത് മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്. പക്ഷേ ഇന്ന് സ്വാതന്ത്ര്യ ബോധമുള്ള ഏതൊരു സ്ത്രീയുടേയും വ്യക്തിത്വ അടയാളമായി ജാവ മാറിക്കൊണ്ടിരിക്കുകയാണ്. ”ജാവയിലെ ഓരോ റൈഡും ഞങ്ങളെ ശാക്തീകരിക്കുന്നുണ്ടെന്ന് എനിക്കുറപ്പാണ്. പുരുഷനോടൊപ്പം ഏതൊരു മേഖലയിലും തൊഴിലെടുക്കാനും വിജയിക്കാനും ഇന്ന് സ്ത്രീയ്ക്കുമാകുന്നുണ്ട്. പുരുഷ വാഹനമായിരുന്ന ബൈക്ക് കൂടി സ്ത്രീകളുടെ കൈകളിലെത്തിയതോടെ സമത്വത്തിന് പുതിയ മാനങ്ങൾ കൈവന്നിരിക്കുന്നു വെന്നു പറയാം. സ്വാതന്ത്ര്യത്തിലേക്കും സമത്വത്തി ലേക്കുമായുള്ള ആ യാത്രയ്ക്ക് ജാവയും ക്ലാസിക് മോട്ടോഴ്‌സും ചെറുതല്ലാത്ത പങ്കാണ് വഹിക്കുന്നത്,” ബിന്ദു പറഞ്ഞുനിർത്തുന്നു. അതാണ് ജാവ നൽകുന്ന ആത്മവിശ്വാസം$

Vehicle Sold By:

Classic motors
Kochi, Ph: 9544844411

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>