A Friendly Upgrade: MGF Hyundai rebrands as Mithram Hyundai
October 16, 2019
Dancing Drops: Travel to Chirappunjee in VW Ameo
October 16, 2019

സ്വച്ഛഭാരതം!

Baiju N Nair in Sikkim

സിക്കിം നൽകിയ നല്ല അനുഭവങ്ങൾക്കപ്പുറം മുഴച്ചു നിൽക്കുന്ന, വിനോദസഞ്ചാരികളെന്ന നിലയിൽ ഞങ്ങൾ നേരിട്ട ദുരനുഭവങ്ങൾ

ബൈജു എൻ നായർ

ഫോക്‌സ്‌വാഗൺ വെന്റോയിൽ ഒരു യാത്രയിലായിരുന്നു, കഴിഞ്ഞ പത്തുദിവസങ്ങൾ. കൊൽക്കത്തയിൽ നിന്ന് 600ലേറെ കിലോമീറ്ററുകൾ താണ്ടി, ആദ്യം പശ്ചിമബംഗാളിലെ ഹിൽസ്റ്റേഷനായ ഡാർജിലിങ്ങിലെത്തി. വടക്കേ ഇന്ത്യയുടെ സർവവൃത്തിഹീനതയും പേറുന്ന ഡാർജിലിങ്ങിൽ നിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ സിക്കിമിലേക്ക്. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിൽ വെന്റോ എത്തിയപ്പോൾ സന്ധ്യയായി. നഗരത്തിലേക്കുള്ള പാതയി ൽ ഗതാഗതക്കുരുക്ക് അനുഭവ പ്പെട്ടു തുടങ്ങി. ഗാങ്‌ടോക്കിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാത്തതുകൊണ്ട് രാത്രി താമസത്തിനായി മുറിയൊന്നും ബുക്ക് ചെയ്തിട്ടില്ല. അപ്പോഴാണ് ‘കിസോംല’ എന്നൊരു ഹോട്ടൽ കണ്ടത്. ഓയോ റൂമാണ്. വെന്റോ നിർത്തി മുറി ഉണ്ടോ എന്നന്വേഷിച്ചു. 1500 രൂപയും ടാക്‌സും. മുറി മോശമല്ല. ഒരു ഇടത്തരം ഹോട്ടൽ. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന മാനേജർ (അതോ ഉടമയോ?).

അടുത്ത നാലഞ്ച് ദിവസങ്ങൾ സിക്കിമിൽ കറങ്ങാനാണ് പരിപാടി. ചൈനയുടെ അതിർത്തിയോടു ചേർന്നുള്ള നാഥുല പാസ്, സീറോപോയിന്റ് സ്ഥിതി ചെയ്യുന്ന ലച്ചൂങ് എന്നിവയൊക്കെയാണ് പ്രധാന ലക്ഷ്യം. എന്നാൽ ഈ രണ്ട് പ്രദേശത്തേക്കും സിക്കിം രജിസ്‌ട്രേഷനുള്ള വാഹനങ്ങൾക്കു മാത്രമേ പ്രവേശനമുള്ളു. യാത്രികരുടെ ഐഡി കാർഡും ഫോട്ടോയും നൽകി സന്ദർശന പെർമിറ്റ് എടുക്കുകയും വേണം.

Hotel Kizomla

ഇതേക്കുറിച്ച് സഞ്ജീവ് സിസോദിയ എന്ന ഹോട്ടൽ മാനേജരോട് അന്വേഷിച്ചപ്പോൾ എല്ലാം അയാൾ ചെയ്തുതരാമെന്നായിരുന്നു മറുപടി. എനിക്കും സുഹൃത്ത് അനൂപിനും കൂടി ഇന്നോവയിൽ നാഥുല പാസിൽ പോയി വരുന്നതിന് പെർമിഷനുകൾ അടക്കം 7000 രൂപ. ആകെ 60 കി.മീ ദൂരമേ ഉള്ളു വെങ്കിലും ആ യാത്ര സിക്കിമിലെ ടാക്‌സിക്കാരും ട്രാവൽ ഏജൻസികളും ചേർന്ന് കുത്തകയാക്കി വച്ചിരിക്കുകയാണ്. കൂടുതലൊന്നും ചോദിക്കാതെ സമ്മതിച്ചു. രണ്ടാംദിവസം ലച്ചൂങ് എന്ന സ്ഥലത്തേക്കാണ് യാത്ര. അതും സഞ്ജീവ് വഴി തന്നെ ബുക്ക് ചെയ്തു. ഷെയർ ടാക്‌സിയിലാണ് 110 കി.മീ ദൂരെയുള്ള ലച്ചൂങ്ങിലേക്ക് യാത്ര. ഒരു രാത്രി താമസം അടക്കം 7000 രൂപ. അതും സമ്മതിച്ച് പണം നൽകി.

Nair at Natu La

പിറ്റേന്നു രാവിലെ നാഥുല പാസ് യാത്രയ്ക്കുള്ള ഇന്നോവ വന്നു. ഞങ്ങൾ യാത്ര തുടങ്ങി. നാഥുല എത്തുന്നതിന് 10 കി.മീ മുമ്പ് ഇന്നോവ നിർത്തി ഡ്രൈവർ പറഞ്ഞു. ”ഇനി ഈ ഇന്നോവ പോകില്ല. മറ്റൊരു ഇന്നോവയിൽ കയറണം.” അതെന്തിനാണെന്ന് ചോദിച്ചിട്ട് അയാൾക്കൊന്നുമറിയില്ല. അങ്ങനെയാണ് പതിവെന്നു പറഞ്ഞിട്ട് അയാൾ അടുത്ത ഇന്നോവ ചൂണ്ടിക്കാട്ടി. അതിൽ ഇപ്പോൾത്തന്നെ ആറുപേരുണ്ട്. അതിൽ ‘അഡ്ജസ്റ്റ് ചെയ്തിരിക്കാ’നാണ് ഡ്രൈവറുടെ ഉപദേശം. ഞങ്ങൾ ക്രുദ്ധരായി സഞ്ജീവ് സിസോദിയയെ വിളിച്ചു. അവിടം മുതൽ നാഥുല വരെ ഷെയർ ചെയ്‌തേ പോകാൻ പറ്റൂ എന്നായി അയാൾ. മൂന്നാം നിര സീറ്റിൽ മറ്റുള്ളവരുടെ മടിയിൽ ഇരുന്ന് യാത്ര ചെയ്യാൻ താൽപര്യമില്ലെന്നും നാഥുലയ്ക്ക് ഞങ്ങൾ പോകുന്നില്ലെന്നും പണം തിരിച്ചു തരണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു. പണം തിരിച്ചു തരാമെന്ന് അയാൾ പറഞ്ഞു. (നാഥുലയ്ക്ക് പോകുന്നില്ലെന്ന് പറഞ്ഞെങ്കിലും ഞങ്ങൾ ഞങ്ങളുടെ ടാക്‌സിക്കാരന് കൈക്കൂലി കൊടുത്ത് നാഥുല സന്ദർശിച്ചു എന്നത് വേറെ കാര്യം.)

വൈകീട്ട് ഹോട്ടലിൽ എത്തി കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ചെക്ക്ഔട്ട് ചെയ്യുമ്പോൾ പണം തിരിച്ചു തരാമെന്നായി അയാൾ. പിറ്റേന്ന് ഞങ്ങൾ ലച്ചുങ്ങിലേക്ക് പോകേണ്ടതുകൊണ്ട് ലഗേജ് ഹോട്ടലിൽ വെച്ച്, അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രമെടുത്ത് ലച്ചുങ്ങിലേക്ക് യാത്രയായി. ടാറ്റാ സുമോയിൽ ഇടിച്ചിരുന്ന് 110 കിലോമീറ്റർ യാത്ര ചെയ്യേണ്ടി വന്നെങ്കിലും പരാതിയൊന്നും തോന്നിയില്ല. ഷെയർടാക്‌സി ആണെന്ന് നേരത്തെ പറഞ്ഞിരുന്നതാണല്ലോ. എന്നാൽ രാത്രി ലച്ചുങ്ങിൽ താമസിക്കാൻ നൽകിയ ഹോട്ടൽ കണ്ട് ഞങ്ങൾ ഞെട്ടി- വൃത്തിഹീനമായ ഒരു കുടുസ്സുമുറി. രണ്ടു ദിവസമായി ആ പ്രദേശത്ത് വൈദ്യുതിയുമില്ല. ചൂടുവെള്ളം പോലുമില്ലാതെ കൊടുംതണുപ്പിൽ കഴിച്ചുകൂട്ടേണ്ടി വന്നു. പ്രഭാതഭക്ഷണം അടക്കം പാക്കേജിൽ പറഞ്ഞിരുന്നതാണെങ്കിലും ഒന്നും കിട്ടിയില്ല!

Zero point – North Sikkim (15,748 feet above the sea level)

പിറ്റേന്ന് ഹോട്ടലിലെത്തി ഇതെല്ലാം ചൂണ്ടിക്കാട്ടി വഴക്കുണ്ടാക്കിയപ്പോൾ സഞ്ജീവ് സിസോദിയയിലെ ഗുണ്ട പുറത്തുവന്നു. ”ഇത്രയുമൊക്കെ സൗകര്യങ്ങളേ ചെയ്തു തരാൻ പറ്റൂ. ഒരു പൈസ പോലും കുറച്ചു തരാനാവില്ല” എന്നായി അയാൾ. ടൂറിസം അധികൃതരോടും പോലീസിനോടും പരാതിപ്പെടും എന്നു പറഞ്ഞപ്പോൾ എന്നാലും തനിക്കൊരു ചുക്കും സംഭവിക്കില്ല എന്നായിരുന്നു അയാളുടെ ആക്രോശം.

ഞാനും അനൂപും കൂടി ടൂറിസം ഓഫിസിൽ പോയി. രാവിലെ 11.30നു പോലും ജീവനക്കാർ എത്തിത്തുടങ്ങിയിട്ടില്ലാത്ത അസ്സലൊരു സർക്കാർ ഓഫീസ്. ആദ്യമെത്തിയ ഡെപ്യൂട്ടി ഡയറക്ടറോട് വിവരങ്ങൾ പറഞ്ഞപ്പോൾ ”നാഥുലയ്ക്ക് പോയില്ലെങ്കിലും പോയ സ്ഥലം വരെയുള്ള ടാക്‌സിക്കൂലി കൊടുക്കാൻ നിങ്ങൾ ബാദ്ധ്യസ്ഥരാണെന്ന്” മറുപടി. അതോടെ ഒരു കാര്യം മനസ്സിലായി; സഞ്ജീവ് ആക്രോശിച്ചതുപോലെ, ഒരു ചുക്കും സംഭവിക്കാനില്ല!
ഞങ്ങൾ ഹതാശരായി മടങ്ങി.

Nair near Indo-China border in Sikkim

ഇന്ത്യയിലെ ടൂറിസം രംഗത്തെ ചൂഷണവും പ്രൊഫഷണലിസവുമില്ലായ്മയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരെ ‘തിണ്ണമിടുക്ക്’ കാണിച്ച് ഭീഷണിപ്പെടുത്തി പണം പിടുങ്ങുകയാണ് സഞ്ജീവിനെപ്പോലുള്ളവർ ചെയ്യുന്നത്. പറയുന്ന കാര്യങ്ങൾ ചെയ്യാതെ, വിനോദസഞ്ചാ രികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്.

ലോകമെമ്പാടും സഞ്ചരിക്കുന്ന എനിക്ക് ഇന്ത്യയിൽ മാത്രമേ ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളു.

ഫലം: സിക്കിം എന്ന സംസ്ഥാനത്തോടു തന്നെ സഞ്ചാരികളായ ഞങ്ങൾക്ക് തോന്നിയ അവജ്ഞ. സിക്കിം നൽകിയ നല്ല അനുഭവങ്ങൾക്കപ്പുറം മുഴച്ചു നിൽക്കുന്ന, വിനോദസഞ്ചാരികളെന്ന നിലയിൽ നേരിട്ട ദുരനുഭവങ്ങൾ…
സ്വച്ഛഭാരതം! $

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>