ടിവിഎസ് യൂറോഗ്രിപ്പ്: ടിവിഎസ് ശ്രീചക്രയിൽ നിന്നും ഒരു പുതിയ ടയർ ബ്രാൻഡ്!
August 22, 2019
Porsche opens factory for the all-electric Taycan
September 13, 2019

സിനിമയിൽ നിന്നും റേസിങ് ട്രാക്കിലേക്ക്: മനീഷയുടെ കഥ

ഗുരുതരമായ ഒരു റോഡപകടത്തിൽ മൂന്നുമാസക്കാലം കിടപ്പിലായിരുന്ന ഫോർമുല 4 റേസ് ഡ്രൈവറും മറാത്തി നടിയുമായ മനീഷ രാം ഖേൽക്കർ പൂർവാധികം ശക്തിയോടെ റേസിങ് ട്രാക്കിൽ തിരിച്ചെത്തിയിരിക്കുന്നു.

എഴുത്ത്: ജെ ബിന്ദുരാജ്, ഫോട്ടോകൾ: അഖിൽ അപ്പു

ഖൽനായക്, രാം ലഖൻ തുടങ്ങി എൺപതുകളിലേയും തൊണ്ണൂറുകളിലേയും പല ബോളിവുഡ് ഹിറ്റ് സിനിമകളുടേയും തിരക്കഥാക്കൃത്തായിരുന്നു രാം ഖേൽക്കർ. രാം ഖേൽക്കർക്ക് തിരക്കഥയെഴുത്തിനു പുറമേ, സിനിമാലോകത്തിനു പുറത്ത് അധികമാർക്കും അറിഞ്ഞുകൂടാത്ത മറ്റൊരു താൽപര്യമുണ്ടായിരുന്നു- വാഹനപ്രേമം. അച്ഛന്റെ ഈ വാഹനപ്രേമം മുഴുവനും കിട്ടിയത് മകൾ മനീഷ രാം ഖേൽക്കർക്കാണ്. അതിനു കാരണവുമുണ്ട്. കുഞ്ഞുന്നാളിൽ മനീഷയെ മടിയിലിരുത്തിക്കൊണ്ടാണ് രാം ഖേൽക്കർ അക്കാലത്ത് തന്റെ കാറുകൾ ഓടിച്ചിരുന്നത്. രസം കയറുമ്പോൾ മനീഷയും സ്റ്റിയറിങ്ങിൽ അച്ഛനൊപ്പം തിരിച്ചുകൊണ്ട് താനാണ് കാറോടിക്കുന്നതെന്ന മട്ടിൽ ആനന്ദിക്കും. പിൽക്കാലത്ത് മറാത്തി സിനിമകളിൽ പേരെടുത്ത നായികയായെങ്കിലും മനീഷയ്ക്ക് എന്നെങ്കിലും റേസിങ് ട്രാക്കിലെത്തണമെന്ന മോഹം ഉള്ളിലുണ്ടായിരുന്നു. തിരക്കേറിയ ചലച്ചിത്ര ജീവിതത്തിനിടയിൽ പക്ഷേ മനീഷ തന്റെ മോഹം പൂവണിയുന്നതിനായി യത്‌നിച്ചു. ട്രാക്കിൽ നിരന്തര പരിശീലനം നടത്തിയതിനൊടുവിൽ രണ്ടു മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. അതിനുശേഷം ദേശീയ ചാമ്പ്യന്മാർ പങ്കെടുക്കുന്ന ഫോർമുല 4 ജെ കെ ടയേഴ്‌സ് നോവെസ് കപ്പിൽ അരക്കൈ നോക്കാൻ തീരുമാനിച്ചു മനീഷ.

പക്ഷേ കോയമ്പത്തൂരിലെ കരിസ്പീഡ്‌വേയിൽ പിറ്റേന്ന് നടക്കാനിരുന്ന ജെ കെ ടയേഴ്‌സ് നോവൈസ് കപ്പിനുള്ള പരിശീലനത്തിനുശേഷം കോയമ്പത്തൂരിലെ ഹോട്ടലിലേക്ക് മടങ്ങവേ, മനീഷയുടെ കാർ ഒരു അപകടത്തിൽപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മനീഷ മൂന്നു മാസക്കാലത്തോളം പൂർണമായും കിടപ്പിലായിരുന്നു. സിനിമാ ജീവിതം പോലും കുഴപ്പത്തിലാക്കി മാറ്റി ഈ ഇടവേള.

പക്ഷേ താൻ എന്തിനു വേണ്ടിയാണോ ആഗ്രഹിച്ചത് അത് നേടിയെടുക്കണമെന്ന കാര്യത്തിൽ മനീഷയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ഇനി ട്രാക്കിലേക്ക് മടങ്ങരുതെന്ന ഡോക്ടർമാരുടെ ഉപദേശമൊക്കെ മറന്ന് മനീഷ ഫോർമുല 4 റേസിങ്ങിലേക്ക് തന്നെ മടങ്ങി. റേസിങ് വാഹനത്തിനുള്ളിൽ കയറിയിരിക്കുമ്പോൾ ചെറുകുടലിനുണ്ടായ പരിക്ക് ഇപ്പോഴും വേദനിപ്പിക്കുന്നുണ്ടെങ്കിലും അതൊന്നും ആ 33-കാരിക്ക് പ്രശ്‌നമേയായില്ല.

അങ്ങനെയാണ് ജൂലൈ 27-ാം തീയതി വീണ്ടും ജെ കെ ടയേഴ്‌സ് എഫ് 4 എൽജിബി റേസിങ്ങിൽ പങ്കെടുക്കുന്നതിനായി വീണ്ടും മനീഷ രാം ഖേൽക്കർ എത്തുന്നത്. അവലാഞ്ച് ടീമിന്റെ ഭാഗമായി അവസാനവട്ട പരിശീലനത്തിനൊരുങ്ങവേയാണ് സ്മാർട്ട് ഡ്രൈവിന്റെ കണ്ണിൽ മനീഷ പെടുന്നത്. ”റേസിങ് ട്രാക്കിനോട് ഒരു അപകടത്തിന്റെ പേരിൽ വിട പറയാനൊന്നും ഞാൻ തയാറല്ല.

സിനിമയിലെ പൊരുതുന്ന നായികമാരെപ്പോലെ തന്നെ റേസ് ട്രാക്കിൽ പൊരുതി ഒരുനാൾ ഞാൻ വിജയകിരീടം ചൂടുമെന്ന് എനിക്കുറപ്പാണ്. പ്രതിസന്ധികൾ തരണം ചെയ്യുന്നതിലാണല്ലോ എപ്പോഴും നമുക്ക് ആനന്ദം,’ മനീഷ പറയുന്നു. മനീഷയുടെ അമ്മയും നടിയുമായ ജീവൻ കല ഖേൽക്കറും മകളുടെ ഏതാഗ്രഹത്തിനും ഒപ്പം നിൽക്കുന്നയാളാണ്. ‘എനിക്ക് അഡ്വഞ്ചർ സ്‌പോർട്‌സിനോടും സ്പീഡിനോടും കാറുകളോടും ഹരമാണെന്ന് അമ്മയ്ക്ക് അറിയാം. അച്ഛന്റെ ജനിതകമാണ് എന്റേതെന്നതിനാൽ എനിക്കതിന്റെ വിളി ഒരിക്കലും തടുക്കാനാവില്ല,” മനീഷ തുറന്നുപറയുന്നു. മൈക്രോബയോളജിയിൽ ബി എസ് സി ബിരുദവും ഫിലിം മേക്കിങ്ങിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദവുമുള്ള ഈ 33-കാരി തന്റെ ജീവിതം സിനിമയ്ക്കും റേസിങ് ട്രാക്കുകൾക്കുമായി പങ്കുവയ്ക്കാൻ ഉറച്ചിരിക്കുകയാണെന്നു വ്യക്തം.

2007-ൽ മറാത്തി ചിത്രമായ ഹയഞ്ചാ കഹി നേം നഹി എന്ന സിനിമയിലൂടെയാണ് മനീഷ സിനിമയിലെത്തുന്നത്. മറാത്തിച്ചിത്രങ്ങൾക്കൊപ്പം ലോട്ടറി, ബന്ദൂക്ക് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും ഫ്രണ്ട് റിക്വസ്റ്റ് എന്ന തെലുങ്ക് ചിത്രത്തിലും ഐസിസ് 2 എന്ന ഇംഗ്ലീഷ് സിനിമയിലും അവർ വേഷമിട്ടിരുന്നു. പക്ഷേ റേസിങ്ങിനാണ് മനീഷയുടെ മനസ്സിൽ ഇന്ന് പ്രഥമ സ്ഥാനം.

Manisha Ram Kelkar

”കൂടുതൽ കൂടുതൽ സ്ത്രീകളെ ഈ രംഗത്തേക്ക് എത്തിക്കാനാണ് ഇന്ന് എന്റെ ശ്രമം. പുരുഷന്മാരുടെ മേഖലയായിരുന്നു ഒരു കാലത്ത് റേസിങ്ങ് എങ്കിൽ ഇന്ന് നിരവധി സ്ത്രീകൾ ഈ രംഗത്തേക്ക് എത്തിച്ചേരുന്നുണ്ട്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് മത്സരിക്കുന്ന ഒരേയൊരു സ്‌പോർട്‌സ് ഇനമാണ് മോട്ടോർ സ്‌പോർട്‌സ്. ഞാനതിനെയാണ് സമത്വം എന്നു പറയുന്നത്,” അവലാഞ്ച് ടീമിനായി തന്റെ 61-ാം നമ്പർ റേസ് കാർ സ്റ്റാർട്ട് ചെയ്ത് ട്രാക്കിലേക്ക് നീങ്ങവേ മനീഷ പറഞ്ഞവസാനിപ്പിച്ചു.

@Copyright: Smartdrive- August 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>